‘സഹിച്ചുനിന്നിട്ടുള്ളവർ സന്തുഷ്ടരാകുന്നു’
1. ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലുമുതൽ ഭൂമിയിലെ ഏതു സാഹചര്യം മത്തായി 24:3-8 നിവർത്തിച്ചിരിക്കുന്നു, ഐക്യരാഷ്ട്രങ്ങളെയും സർവരാജ്യസഖ്യത്തെയും സംബന്ധിച്ച ഏതു അവകാശവാദങ്ങൾ പരാജയപ്പെട്ടിരിക്കുന്നു?
റോബർട്ട് നിസ്ബററ് ഏതൽക്കാല യുഗം എന്ന തന്റെ പുസ്തകത്തിൽ “1914 മുതൽ അപൂർവമായി വിരാമമുണ്ടായിട്ടുള്ള എഴുപത്തഞ്ചുവർഷയുദ്ധത്തെ”ക്കുറിച്ച് പറയുന്നു. അതെ, ലോകയുദ്ധങ്ങൾ ഉൾപ്പെടെയുള്ള “യുദ്ധങ്ങളും യുദ്ധശ്രുതികളും” ഈ അന്ത്യകാലത്തേക്ക് യേശുക്രിസ്തു മുൻകൂട്ടിപ്പറഞ്ഞതാണ്. (മത്തായി 24:3-8) “എന്നേക്കുമായി യുദ്ധത്തെ തടയാൻ” സർവരാജ്യസഖ്യം 1920-ൽ ഉളവാക്കപ്പെട്ടു. അത് എത്ര ദയനീയമായി പരാജയപ്പെട്ടു! 1945-ൽ “തുടർന്നുവരുന്ന തലമുറകളെ യുദ്ധത്തിന്റെ ബാധയിൽനിന്ന് രക്ഷിക്കാൻ” ഐക്യരാഷ്ട്രങ്ങൾ സംഘടിപ്പിക്കപ്പെട്ടു. എന്നാൽ ചക്രവാളത്തിനു ചുററുമെല്ലാം തീ എന്ന മാക്സ് ഹാരൽസെന്റെ പുസ്തകം ഇങ്ങനെ പ്രതിപാദിക്കുന്നു: “രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം മുതൽ എവിടെയെങ്കിലും പോരാട്ടം നടക്കാത്ത ഒരു ദിവസം അപൂർവമായിരിക്കുന്നു.”
2. ലോകാവസ്ഥകൾ സംബന്ധിച്ച് ചിലയാളുകൾ എന്തു ചോദിക്കുന്നു, നാം എന്തു ചോദ്യങ്ങൾ ചോദിക്കണം?
2 ഭീകരപ്രവർത്തനവും അക്രമവും, അഴിമതിയും ദാരിദ്ര്യവും, മയക്കുമരുന്നുകളും പകർച്ചവ്യാധിയും—ഇതെല്ലാം സങ്കടകരമായ ചിത്രത്തിനു ആക്കം കൂട്ടുന്നു. ‘മനുഷ്യരാശിക്ക് അത്തരം അസഹ്യപ്പെടുത്തുന്ന അവസ്ഥകൾ സഹിച്ചുനിൽക്കാൻ എങ്ങനെ കഴിയും?’ എന്ന് ചിലർ ചോദിച്ചേക്കാം. എന്നാൽ അതിലും പ്രധാനമായി നാം ഇങ്ങനെ ചോദിക്കേണ്ടിയിരിക്കുന്നു: ‘ദൈവം തന്റെ ഭൗമികസൃഷ്ടിയുടെ പാഴാക്കൽ എങ്ങനെ സഹിക്കുന്നു? ഭൂമിയെ നശിപ്പിക്കുന്നതിനും അവന്റെ വിലപ്പെട്ട നാമത്തിൻമേൽ നിന്ദ കുന്നിക്കുന്നതിനും അവൻ ദുഷ്ടമനുഷ്യരെ എത്രനാൾ കൂടെ അനുവദിക്കും?’
3. (എ) പ്രവാചകനായ യെശയ്യാവ് ഏതു ചോദ്യങ്ങൾ ചോദിച്ചു, എന്തുകൊണ്ട്? (ബി) യഹോവ എന്തു ഉത്തരം കൊടുത്തു, ഇത് നമ്മുടെ നാളിലേക്ക് എന്തു സൂചിപ്പിക്കുന്നു?
3 പ്രവാചകനായ യെശയ്യാവ് സമാനമായ ഒരു ചോദ്യം ഉന്നയിച്ചു. അവൻ യഹോവയിൽനിന്നുള്ള ഒരു സന്ദേശം തന്റെ സഹ ദേശവാസികളോടു ഘോഷിക്കാൻ നിയമിക്കപ്പെട്ടു. എന്നാൽ അവർ അവനെയോ അവനെ അയച്ച ദൈവത്തെയോ ശ്രദ്ധിക്കുകയില്ലെന്ന് അവന് മുന്നറിയിപ്പു കൊടുക്കപ്പെട്ടു. അതുകൊണ്ട് യെശയ്യാവ് “യഹോവേ, എത്രത്തോളം?” എന്നു ചോദിച്ചു. അതെ, ഈ ശാഠ്യമുള്ള ജനത്തോട് യെശയ്യാവ് എത്രത്തോളം പ്രസംഗിക്കണം, അവന്റെ സന്ദേശം ശ്രദ്ധിക്കുന്നതിനുള്ള അവരുടെ നിന്ദാപൂർണ്ണമായ വിസമ്മതത്തെ യഹോവ എത്രത്തോളം പൊറുക്കും? യഹോവ ഇങ്ങനെ മറുപടി പറഞ്ഞു: “നഗരങ്ങൾ ഒരു നിവാസിയുമില്ലാതെ യഥാർത്ഥമായി തകർന്നുശൂന്യമാകുകയും വീടുകളിൽ ഭൗമികമനുഷ്യൻ ഇല്ലാതെയാകുകയും നിലംതന്നെ ശൂന്യമായി നശിക്കുകയുംചെയ്യുന്നതുവരെ.” (യെശയ്യാവ് 6:8-11) അതുപോലെ ഇന്നും മുഖ്യകുററവാളി അവിശ്വസ്ത ക്രൈസ്തവലോകമായിരിക്കുന്ന ഒരു ലോകത്തിൽ ന്യായവിധി നടത്താനുള്ള തന്റെ നിയമിതസമയംവരെ ദൈവം അത്തരം നിന്ദകൾ സഹിക്കുന്നു.
4. ഇയ്യോബിന്റെ സഹിഷ്ണുതയുടെ പരിണതഫലമെന്തായിരുന്നു, ഇത് ഇന്ന് നമുക്ക് എന്ത് ഉറപ്പുനൽകുന്നു?
4 യഹോവ ദീർഘനാൾ സാത്താന്റെ പരിഹാസങ്ങൾ സഹിച്ചിരിക്കുന്നു. ഏതാണ്ട് 3,600 വർഷം മുമ്പ് വിശ്വസ്തനായ ഇയ്യോബും സഹിച്ചുനിൽക്കുകയും പരിശോധനയിൻകീഴിൽ അവന് നിർമ്മലതപാലിക്കാൻ കഴികയില്ലെന്നുള്ള സാത്താന്റെ വെല്ലുവിളിയെ ഖണ്ഡിക്കുകയുംചെയ്തു. ഇത് യഹോവയുടെ ഹൃദയത്തെ എത്ര സന്തോഷിപ്പിച്ചു! (ഇയ്യോബ് 2:6-10; 27:5; സദൃശവാക്യങ്ങൾ 27:11) യേശുവിന്റെ അർദ്ധസഹോദരനായിരുന്ന യാക്കോബ് പിന്നീട് പ്രസ്താവിച്ചതുപോലെ: “നോക്കൂ! സഹിച്ചുനിന്നിട്ടുള്ളവരെ നാം സന്തുഷ്ടരെന്നു പ്രഖ്യാപിക്കുന്നു. നിങ്ങൾ ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു കേട്ടും യഹോവ നൽകിയ പരിണതഫലം കണ്ടുമിരിക്കുന്നു, യഹോവ പ്രീതിയിലും കരുണയിലും വളരെ ദയാലു എന്നുതന്നെ.” അതുപോലെതന്നെ, ഇന്ന് യഹോവയോടുകൂടെ സഹിച്ചുനിൽക്കുന്നവർക്ക് ഒരു സന്തുഷ്ടഭാവിക്ക് ഉറപ്പുനൽകപ്പെട്ടിരിക്കുന്നു.—യാക്കോബ് 5:11.
5. ഇന്ന് ദൈവജനത്തിന് സഹിഷ്ണുത ആവശ്യമായിവരുമെന്ന് യേശു പ്രകടമാക്കിയതെങ്ങനെ, ഏതു വേല ചെയ്യുമ്പോൾ അവർ സഹിച്ചുനിൽക്കേണ്ടയാവശ്യമുണ്ട്?
5 നമ്മുടെ നാളിൽ ദൈവജനത്തിൽനിന്ന് സഹിഷ്ണുത ആവശ്യപ്പെടുമെന്ന് യേശു വ്യക്തമായി പ്രകടമാക്കി. “വ്യവസ്ഥിതിയുടെ സമാപനത്തിന്റെ” അടയാളം മുൻകൂട്ടിപ്പറഞ്ഞപ്പോൾ അവൻ ഇങ്ങനെ പറയുകയുണ്ടായി: “അവസാനത്തോളം സഹിച്ചുനിന്നിട്ടുള്ളവനാണ് രക്ഷിക്കപ്പെടുന്നവൻ.” എന്തു ചെയ്യുമ്പോൾ സഹിച്ചുനിൽക്കുന്നവൻ? യേശുവിന്റെ അടുത്ത വാക്കുകൾതന്നെ ഉത്തരംനൽകുന്നു: “രാജ്യത്തിന്റെ ഈ സുവാർത്ത സകല ജനതകൾക്കും സാക്ഷ്യമായി നിവസിതഭൂമിയിലെല്ലാം പ്രസംഗിക്കപ്പെടും.” (മത്തായി 24:3, 13, 14) അപ്പോൾ മാത്രമാണ് ‘അവസാനം വരിക.’—മർക്കോസ് 13:10, 13; ലൂക്കോസ് 21:17-19 കൂടെ കാണുക.
യഹോവ സഹിച്ചുനിൽക്കുന്നതിന്റെ കാരണം
6. യഹോവ സഹിഷ്ണുതയുടെ ഒരു മുന്തിയ ദൃഷ്ടാന്തമായിരിക്കുന്നതെന്തുകൊണ്ട്, അവൻ അങ്ങനെ സഹിച്ചുനിന്നിട്ടുള്ളതിന്റെ ഒരു കാരണമെന്ത്?
6 “തന്റെ ക്രോധം പ്രകടിപ്പിക്കാനും തന്റെ ശക്തി അറിയിക്കാനുമുള്ള ഇച്ഛാശക്തി ഉണ്ടായിരുന്നിട്ടും നാശത്തിനു യോഗ്യമായി ഉണ്ടാക്കപ്പെട്ട ക്രോധപാത്രങ്ങളെ ദൈവം പൊറുത്തു”വെന്ന് അപ്പോസ്തലനായ പൗലോസ് വിശദീകരിച്ചു. (റോമർ 9:22) ദുഷ്ടൻമാരുടെ തുടർന്നുള്ള അസ്തിത്വത്തെ, ഈ ക്രോധപാത്രങ്ങളെ, യഹോവ സഹിച്ചിരിക്കുന്നതെന്തുകൊണ്ട്? ഒരു കാരണം ഇതാണ്: മമനുഷ്യന്റെ സ്രഷ്ടാവിൽനിന്ന് സ്വതന്ത്രമായുള്ള മനുഷ്യഭരണം പരാജയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്ന് പ്രകടമാക്കാൻ. (യിരെമ്യാവ് 10:23) താമസിയാതെ, തനിക്കുമാത്രമേ യേശുവിന്റെ രാജ്യഭരണംമുഖേന മനുഷ്യകുടുംബത്തിന് സമാധാനവും യോജിപ്പും സന്തുഷ്ടിയും കൈവരുത്താൻകഴിയുകയുള്ളുവെന്ന് ദൈവം തെളിയിക്കുമ്പോൾ അവന്റെ പരമാധികാരം സംസ്ഥാപിക്കപ്പെടും.—സങ്കീർത്തനം 37:9-11; 45:1, 6, 7.
7. വേറെ ഏതു കാരണത്താൽ യഹോവ സഹിച്ചുനിന്നിരിക്കുന്നു, 1930കൾക്കുശേഷം ഇത് ദശലക്ഷങ്ങൾക്ക് എന്തു പ്രയോജനം കൈവരുത്തിയിരിക്കുന്നു?
7 കൂടാതെ, “കരുണാപാത്രങ്ങളുടെമേൽ തന്റെ മഹത്വത്തിന്റെ ധനം അറിയിക്കേണ്ടതിനും” യഹോവ സഹിച്ചുനിന്നിരിക്കുന്നു. (റോമർ 9:23) കരുണാപാത്രങ്ങൾ യേശുക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയരാജ്യത്തിൽ വാഴാൻ “മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്ന് വിലക്കുവാങ്ങപ്പെട്ടിരിക്കുന്ന” നിർമ്മലതാപാലകരായ അഭിഷിക്തരാണ്. 1,44,000 പേരുടെ മുദ്രയിടീൽ അപ്പോസ്തലികകാലങ്ങൾമുതൽ തുടർന്നിരിക്കുന്നു. ഇപ്പോൾ അത് അവസാനത്തോടടുക്കുകയാണ്. (വെളിപ്പാട് 7:3; 14:1, 4) നോക്കൂ! 1930കൾ മുതലുള്ള യഹോവയുടെ തുടർന്നുള്ള സഹിച്ചുനിൽപ്പ് “സകല ജനതകളിൽനിന്നും . . . ഉള്ള ഒരു മഹാപുരുഷാര”മായ മററു ദശലക്ഷങ്ങളുടെ കൂട്ടിച്ചേർപ്പിന് അനുവദിച്ചിരിക്കുന്നു. അവർ ഒരു പറുദീസാഭൂമിയിലെ നിത്യജീവൻ അവകാശപ്പെടുത്തുന്നതിന് അന്തിമഉപദ്രവത്തെ അതിജീവിക്കുന്നതിനുള്ള പ്രതീക്ഷയിൽ സന്തോഷിക്കുകയാണ്. (വെളിപ്പാട് 7:4, 9, 10, 13-17) നിങ്ങൾ ആ മഹാപുരുഷാരത്തിൽപെട്ട ഒരാളാണോ? ആണെങ്കിൽ, യഹോവ ഇന്നുവരെ ക്രോധപാത്രങ്ങളുടെ സാന്നിദ്ധ്യത്തെ സഹിച്ചുനിന്നതിൽ നിങ്ങൾ സന്തുഷ്ടനല്ലേ? എന്നിരുന്നാലും, യഹോവ സഹിച്ചുനിന്നിരിക്കുന്നതുപോലെ നിങ്ങൾ തുടർന്നു സഹിച്ചുനിൽക്കേണ്ടതുണ്ട്.
സഹിച്ചുനിൽപ്പിനു പ്രതിഫലംകിട്ടുന്നു
8. നമുക്കെല്ലാം സഹിഷ്ണുത ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്, സഹിഷ്ണുതയുടെ ഏതു ദൃഷ്ടാന്തം നാം ഏകാഗ്രമായി പരിചിന്തിക്കണം?
8 വാഗ്ദത്തങ്ങൾ പ്രാപിക്കണമെങ്കിൽ നമുക്കെല്ലാം സഹിഷ്ണുതയുടെ ആവശ്യമുണ്ട്. എബ്രായർ 10:36-ൽ ഈ അടിസ്ഥാനസത്യം പ്രസ്താവിച്ചശേഷം അപ്പോസ്തലനായ പൗലോസ് പുരാതനകാലങ്ങളിലെ “സാക്ഷികളുടെ ഒരു വലിയമേഘ”ത്തിന്റെ തിളക്കമാർന്ന വിശ്വാസത്തെയും സഹിഷ്ണുതയെയും സവിസ്തരം വർണ്ണിക്കുന്നു. അനന്തരം “നാം മുഖ്യകാര്യസ്ഥനും നമ്മുടെ വിശ്വാസത്തെ പൂർത്തീകരിക്കുന്നവനുമായ യേശുവിനെ ഏകാഗ്രമായി നോക്കവെ നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടാ”ൻ അവൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. “എന്തുകൊണ്ടെന്നാൽ തന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷത്തിനുവേണ്ടി” യേശു പ്രതിഫലത്തിന്റെ കാഴ്ചപ്പാട് ഒരിക്കലും നഷ്ടപ്പെടുത്താതെ മുഴുഹൃദയത്തോടുകൂടിയ സേവനത്തിൽ സഹിച്ചുനിന്നു. അവന്റെ ദൃഷ്ടാന്തം സഹിച്ചുനിൽക്കാൻ നമ്മെയും എത്ര ശക്തീകരിക്കുന്നു!—എബ്രായർ 12:1, 2.
9. സഹിഷ്ണുതയുടെ ആധുനികകാല ദൃഷ്ടാന്തങ്ങളിൽനിന്ന് എന്തു ഫലമുണ്ടായിരിക്കുന്നു?
9 ആധുനികനാളിലെ സഹിഷ്ണുതയുടെ ദൃഷ്ടാന്തങ്ങളും ധാരാളമുണ്ട്. തങ്ങളുടെ സഹിഷ്ണുതയിൽ മുന്തിനിന്നിട്ടുള്ള സഹോദരീസഹോദരൻമാരെ നിങ്ങൾക്കറിയാമായിരിക്കും, അല്ലെങ്കിൽ മുമ്പ് അറിഞ്ഞിട്ടുണ്ടായിരിക്കും. അവരുടെ വിശ്വസ്തത നമ്മെ എത്ര ഉത്തേജിപ്പിച്ചിരിക്കുന്നു! ഓരോ വർഷവും യഹോവയുടെ സാക്ഷികൾ തങ്ങളുടെ ലോകവ്യാപകപ്രവർത്തനം വാച്ച്ററവർ സൊസൈററിക്ക് റിപ്പോർട്ടുചെയ്യുമ്പോൾ സഹിഷ്ണുതയുടെയും നിർമ്മലതാപാലനത്തിന്റെയും പുളകപ്രദങ്ങളായ കൂടുതലായ വിവരണങ്ങൾ ലഭിക്കുന്നു. 1990 ജനുവരി 1ലെ ഇംഗ്ലീഷ് വാച്ച്ററവറിന്റെ 20-23വരെ പേജുകളിലെ ചാർട്ട് ഈ സാക്ഷികൾ ‘തങ്ങളുടെ വിശ്വാസത്തോടു സഹിഷ്ണുത കൂട്ടവേ’ 1989ൽ നിർവഹിക്കപ്പെട്ട മഹത്തായ വേലയെ സംഗ്രഹിക്കുന്നു.—2 പത്രോസ് 1:5, 6.
നമ്മുടെ അതിമഹത്തായ വർഷം
10. (എ) 1989-ൽ എത്ര രാജ്യങ്ങളും ദ്വീപസമൂഹങ്ങളും രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കെടുത്തു, ഈ വേലയിൽ എത്രപേർ പങ്കെടുത്തു? (ബി) അത്യുച്ചമാസത്തിൽ എത്ര പയനിയർമാർ റിപ്പോർട്ടുചെയ്തു, വയൽസേവനത്തിൽ ചെലവഴിച്ച മൊത്തം മണിക്കൂർസംഖ്യ എത്രയാണ്?
10 ചാർട്ട് പ്രകടമാക്കുന്നതുപോലെ, യഹോവയുടെ വരാനിരിക്കുന്ന രാജ്യത്തെ പ്രസംഗിക്കുന്നതിൽ 212 രാജ്യങ്ങളും ദ്വീപസമൂഹങ്ങളും പങ്കെടുത്തു. പ്രിയപ്പെട്ട വീക്ഷാഗോപുര വായനക്കാരാ, നിങ്ങൾ ഈ മഹത്തായ വേലയിൽ പങ്കെടുത്ത 37,87,188 പേരിൽ ഒരാളായിരിക്കാനുള്ള പദവി അനുഭവിച്ചിരുന്നോ? പയനിയർസേവനത്തിന്റെ അത്യുച്ചമാസത്തിൽ പയനിയറായി റിപ്പോർട്ടുചെയ്ത 8,08,184ൽ പേരിൽ ഒരാളായിരുന്നോ നിങ്ങൾ? 1989-ലെ ആഗോള മൊത്ത മണിക്കൂറായ 83,54,26,538ന് നിങ്ങൾ എന്തു സംഭാവനചെയ്താലും നിങ്ങൾക്ക് സന്തോഷിക്കാൻ ന്യായമുണ്ട്.—സങ്കീർത്തനം 104:33, 34; ഫിലിപ്പിയർ 4:4
11. (എ) ആയിരത്തിത്തൊള്ളായിരത്തി എൺപത്തൊൻപതു മാർച്ച് 22-ലെ ഏതു സ്മാരകഹാജർ സന്തോഷത്തിനുള്ള ഒരു കാരണമാണ്, എന്തുകൊണ്ട്? (ബി) എത്ര പേർ സ്നാപനമേററു, ഈ കാര്യത്തിൽ ചാർട്ടിലെ ഏതു രാജ്യങ്ങൾ മുന്തിനിന്നു?
11 യേശുവിന്റെ മരണത്തിന്റെ ലോകവ്യാപക സ്മാരകാഘോഷത്തിന് മാർച്ച് 22-ാം തീയതി ഹാജരായവരുടെ 94,79,064 എന്ന വിശിഷ്ടമായ മൊത്തത്തിലും സന്തോഷിക്കുക! ഇത് കൂടുതലായ 56,91,876 രാജ്യപ്രഘോഷകരുടെ സാദ്ധ്യതയെ സൂചിപ്പിക്കുന്നു, ഈ താല്പര്യക്കാരായ ചെമ്മരിയാടുതുല്യരെ യഹോവയെ സേവിക്കുന്നതിൽ ഒരു നിരന്തരപങ്കുണ്ടായിരിക്കാൻ സ്നേഹപൂർവം ആട്ടിൻതൊഴുത്തിലേക്ക് മേയിച്ചുകൊണ്ടുവരാൻ കഴിഞ്ഞാൽമാത്രം. ഇതിൽ നമുക്കവരെ സഹായിക്കാൻ കഴിയുമോ? (യോഹന്നാൻ 10:16; വെളിപ്പാട് 7:9, 15) 1989-ലെ സേവനവർഷത്തിൽ സ്നാപനമേററ 2,63,855 പേർ എന്ന മഹത്തായ മൊത്തത്താൽ സൂചിപ്പിക്കപ്പെടുന്നതുപോലെ, അനേകർ ഇപ്പോൾത്തന്നെ ചെവികൊടുക്കുന്നുണ്ട്.
12. ചാർട്ട് വെളിപ്പെടുത്താത്ത ചില സവിശേഷതകളേവ, (എ) വാച്ച്ററവർ സൊസൈററിയുടെ ഫാക്റററികൾ സംബന്ധിച്ച്? (ബി) മാസികാസമർപ്പണങ്ങളും വരിസംഖ്യകളും സംബന്ധിച്ച്?
12 ചാർട്ട് വെളിപ്പെടുത്താത്ത ചില സവിശേഷതകളുണ്ട്. ബൈബിളുകൾ, പുസ്തകങ്ങൾ, ലഘുപത്രികകൾ, മാസികകൾ എന്നിങ്ങനെയുള്ള പ്രസിദ്ധീകരണങ്ങൾക്കുവേണ്ടിയുള്ള ദാഹം തൃപ്തിപ്പെടുത്താൻ സാദ്ധ്യമല്ലാത്തതാണ്. തത്ഫലമായി, ന്യൂയോർക്കിലെ വാച്ച്ററവർ ഫാക്റററികൾ 3,58,11,000 ബൈബിളുകളും പുസ്തകങ്ങളും ലഘുപത്രികകളും അച്ചടിക്കുന്നതിന് 25,999 ടൺ കടലാസ് ഉപയോഗിച്ചു, ഇത് 1988-നെ അപേക്ഷിച്ച് 101 ശതമാനം വർദ്ധനവാണ്. വാച്ച്ററവർ സൊസൈററിയുടെ മററു ഫാക്റററികൾ, ഗണ്യമായി ജർമ്മനിയിലെയും ഇററലിയിലെയും ജപ്പാനിലെയും ഫാക്റററികൾ, കൂടുതൽ ഷിഫ്ററുകളിൽ ജോലിചെയ്യുകയും ‘തക്കസമയത്തെ ആത്മീയാഹാരം’ വിതരണംചെയ്യുന്നതിൽ “വിശ്വസ്തനും വിവേകിയുമായ അടിമയെ” പിന്താങ്ങുകയുംചെയ്തു. (മത്തായി 24:45) ഏപ്രിലിലും മെയ്യിലും അനേകം രാജ്യങ്ങളിൽ “മഹാബാബിലോനെ” സംബന്ധിച്ച വീക്ഷാഗോപുര ലക്കങ്ങളുടെ വിതരണത്തിന് പ്രത്യേക ഊന്നൽ കൊടുത്തുകൊണ്ട് മാസികകളുടെയും വരിസംഖ്യകളുടെയും അതിവിശിഷ്ട സമർപ്പണങ്ങൾ റിപ്പോർട്ടുചെയ്യപ്പെട്ടു. (വെളിപ്പാട് 17:5) ഈ കഴിഞ്ഞ ഏപ്രിലിൽ സഹായ പയനിയർമാരും മററു സാക്ഷികളും നമ്മുടെ 1990 എന്ന സേവനവർഷത്തിലെ അതിവിശിഷ്ട സാക്ഷീകരണപ്രസ്ഥാനമെന്നു തെളിയാനിരുന്നതിൽ ലോകവയലിലേക്ക് കൂട്ടമായി ഇറങ്ങിയെന്നുള്ളതിനു സംശയമില്ല.—യെശയ്യാവ് 40:31; റോമർ 12:11, 12 താരതമ്യപ്പെടുത്തുക.
13. കഴിഞ്ഞ വർഷം ലിസ്ററ്ചെയ്യാഞ്ഞ ഏതു രാജ്യങ്ങൾ ചാർട്ടിൽ ലിസ്ററ് ചെയ്തിട്ടുണ്ട്? വിശദീകരിക്കുക.
13 വീണ്ടും ചാർട്ട് നോക്കുക. കഴിഞ്ഞവർഷം പേർ ഉൾപ്പെടുത്തിയിട്ടില്ലാഞ്ഞ ചില രാജ്യങ്ങൾ നിങ്ങൾ കണ്ടോ? എന്തിന്, ഉവ്വ്! നമ്മുടെ വേല അടുത്തകാലത്ത് നിയമപരമാക്കപ്പെട്ടിടമായ ഹംഗറിയും പോളണ്ടും. ഈ രാജ്യങ്ങളിലെ അധികാരികൾ ഇപ്പോൾ യഹോവയുടെ സാക്ഷികളോട് ഇങ്ങനെയുള്ള പരിഗണന കാണിക്കുന്നതിൽ നാം അവരോടു നന്ദിയുള്ളവരാണ്. ഈ കാര്യത്തിൽ ലോകവ്യാപകസഹോദരവർഗ്ഗത്തിന്റെ പ്രാർത്ഥനകൾക്ക് ഉത്തരംകിട്ടിയിരിക്കുന്നു, “നാം പൂർണ്ണ ദൈവികഭക്തിയോടും ഗൗരവത്തോടുംകൂടെ ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം നയിക്കേണ്ടതിനു”തന്നെ.—1 തിമൊഥെയോസ് 2:1, 2.
14. പോളണ്ടിലെ “ദൈവികഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷന്റെ ചില സവിശേഷതകൾ നൽകുക.
14 “ദൈവികഭക്തി”! എന്തിന്, പോളണ്ടിൽപോലും ഓഗസ്ററിൽ മൂന്നു സ്ഥലങ്ങളിൽ “ദൈവികഭക്തി” ഡിസ്ട്രിക്ററ് കൺവെൻഷനുകൾ നടത്താൻകഴിഞ്ഞു! നമ്മുടെ 91,024 പോളീഷ് സഹോദരൻമാർ എത്ര വിശിഷ്ട ആതിഥേയരെന്നു തെളിയിച്ചു! (എബ്രായർ 13:1, 2, 16) ഒരു അത്ഭുതത്താലെന്നപോലെ, പതിനായിരക്കണക്കിനു സഹോദരങ്ങൾ—ചെക്കോസ്ലൊവേക്യക്കാരും ജർമ്മൻകാരും റഷ്യാക്കാരും മററുള്ളവരും—ബസ്സിലും, തീവണ്ടിയിലും, കാൽനടയായി പോലും, വന്നെത്താൻ വിസാകൾ നേടി. മററ് ആയിരങ്ങൾ അമേരിക്കാകളിൽനിന്നും പശ്ചിമയൂറോപ്പിൽനിന്നും പസഫിക്ക്ദ്വീപുകളും ജപ്പാനുംപോലുള്ള വിദൂരസ്ഥലങ്ങളിൽനിന്നും പറന്നുവന്നു. നമ്മുടെ സഹോദരൻമാർ പൂർണ്ണമായും വൃത്തിയാക്കിയ വലിയ സ്റേറഡിയങ്ങൾ കൊർസോവിലെ 65,710 പേരെയും പൊസ്നാനിലെ 40,442 പേരെയും വാഴ്സോയിലെ 60,366 പേരെയും ഇരുത്താൻ തീർത്തും പര്യാപ്തമല്ലായിരുന്നു—1,66,518 പേരുടെ മൊത്തം ഹാജർ! ഓരോ കേന്ദ്രത്തിലും സ്നാപനത്തിന്റെ കാഴ്ച സന്തുഷ്ടവികാരത്തിന്റെ കണ്ണുനീർ ഒഴുക്കി. പൊസ്നാനിൽ 9 വയസ്സുള്ള ഒരാളും 90 വയസ്സുള്ള ഒരാളും സ്നാപനമേററു. മൂന്നു കൺവെൻഷനുകളിൽ സ്നാപനമേററ മൊത്തം 6,093 പേരിൽ നിരവധി യുവപ്രായക്കാർ ഉൾപ്പെട്ടിരുന്നു. ഇവരിൽ അനേകരും മതം വയസ്സൻമാരോടുകൂടെ അസ്തമിക്കും എന്നു പറയപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവരായിരുന്നു. ദൈവവചനത്തിലധിഷ്ഠിതമായ സത്യമതത്തെ സംബന്ധിച്ച് അങ്ങനെയല്ല! (സങ്കീർത്തനം 148:12, 13; പ്രവൃത്തികൾ 2:41; 4:4) പൂർവയൂറോപ്പിലെ നമ്മുടെ സഹോദരങ്ങളുടെ സഹിച്ചുനിൽപ്പിന് എത്ര അത്ഭുതകരമായി പ്രതിഫലം കിട്ടിയിരിക്കുന്നു!
പീഡാനുഭവത്തിൽ തുടർന്നുള്ള വിശ്വസ്തത
15. ലബനോനിലെ സാക്ഷികൾ സഹിഷ്ണുതയും സ്ഥിരതയും പ്രകടമാക്കിയിരിക്കുന്നതെങ്ങനെ, എന്തു നല്ല ഫലങ്ങളോടെ?
15 അപ്പോസ്തലനായ പൗലോസിനെപ്പോലെ, യഹോവയുടെ സാക്ഷികൾ അനേകവും വിവിധങ്ങളുമായ സാഹചര്യങ്ങളിൽ സഹിഷ്ണുത പ്രകടമാക്കാൻ ആഹ്വാനംചെയ്യപ്പെടുന്നു. (2 കൊരിന്ത്യർ 11:24-27) ലബനോനിൽ ആഭ്യന്തരയുദ്ധം കൊടുമ്പിരിക്കൊള്ളുകയാണ്. നമ്മുടെ സഹോദരൻമാർ എങ്ങനെ പ്രതിവർത്തിക്കുന്നു? സ്ഥിരതയോടും ദൃഢനിശ്ചയത്തോടുംകൂടെത്തന്നെ. 1989-ൽ വളരെ കനത്ത ഷെൽവർഷവും ബോംബിംഗും നടന്നു, എന്നാൽ ഇവ അതികഠിനമായിരുന്നിടത്തുപോലും സഹോദരൻമാർ മന്ദീഭവിക്കാതിരിക്കാൻ ദൃഢനിശ്ചയംചെയ്തിരുന്നു. ബേറൂട്ടിലെ ഒരു സഭ ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “വാരത്തിന്റെ എല്ലാ സായാഹ്നങ്ങളിലും വയൽസേവനത്തിന് ക്രമമായ കൂട്ടങ്ങൾക്ക് ഏർപ്പാടുചെയ്തു. പ്രയാസമേറിയ സുരക്ഷാവസ്ഥകൾ ഉണ്ടായിരുന്നിട്ടും സഹോദരൻമാർ നിരുത്സാഹപ്പെട്ടില്ല. ഞങ്ങൾ എന്നെത്തേതിലും കൂടുതൽ പ്രദേശങ്ങൾ പ്രവർത്തിച്ചുതീർത്തു. ഏപ്രിലിൽ ഞങ്ങൾക്ക് പയനിയർമാരുടെ എണ്ണത്തിൽ ഒരു അത്യുച്ചം ഉണ്ടായിരുന്നു. പുതിയ ബൈബിളദ്ധ്യയനങ്ങൾ ആരംഭിച്ചു, കൂടുതൽ മാസികകളും പുസ്തകങ്ങളും സമർപ്പിക്കപ്പെട്ടു.”
16. കൊളംബിയായിലെ നമ്മുടെ സഹോദരങ്ങൾ സാക്ഷികളില്ലാത്ത പട്ടണങ്ങളിലേക്ക് സുവാർത്ത എത്തിച്ചുകൊണ്ട് സഹിഷ്ണുത പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?
16 മയക്കുമരുന്നുകള്ളക്കടത്തും അക്രമവും നിമിത്തം കൊളംബിയാ വാർത്ത സൃഷ്ടിച്ചിരുന്നു. എന്നാൽ അവിടത്തെ ക്രിസ്ത്യാനികളുടെ വിശ്വസ്തമായ സഹിഷ്ണുതയും വാർത്തകൾ സൃഷ്ടിക്കുന്നു. അടുത്തകാലത്ത്, സാക്ഷികളില്ലാതെ പതിനായിരമോ അതിൽകൂടുതലോ നിവാസികളുള്ള 31 പട്ടണങ്ങളിലേക്ക് താൽക്കാലിക പ്രത്യേകപയനിയർമാർ അയക്കപ്പെട്ടു. ഒരു പട്ടണത്തിൽ പയനിയർമാർ അവിടെ ചുരുക്കം ചില മാസങ്ങളിലേ ഉണ്ടായിരിക്കയുള്ളുവെന്ന് പുതിയ താല്പര്യക്കാർ മനസ്സിലാക്കിയപ്പോൾ അവർ കൂടുതൽകാലം താമസിക്കാൻ അഭ്യർത്ഥിച്ചു. മറെറാരു പട്ടണത്തിൽ 18 താല്പര്യക്കാർ പയനിയർമാർ താമസിച്ച മൂന്നു മാസക്കാലത്ത് നൽകപ്പെട്ട ആത്മീയ സഹായത്തിനുവേണ്ടി ഒരു വിലമതിപ്പിൻകത്ത് എഴുതി ഒപ്പിടുകയും കൂടുതലായ സഹായം അഭ്യർത്ഥിക്കുകയുംചെയ്തു. “ഇത് ഗൗരവമുള്ള കാര്യമാണ്,” അവർ പറഞ്ഞു. രണ്ടു കേസുകളിലും താല്പര്യം നട്ടുവളർത്തുന്നതിൽ തുടരുന്നതിന് ക്രമീകരണങ്ങൾ ചെയ്യപ്പെട്ടുവെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെയുള്ള വിദൂരപ്രദേശങ്ങൾ വികസിപ്പിച്ചെടുക്കുന്നതിന് സഹിഷ്ണുത ആവശ്യമാണ്, എന്നാൽ അങ്ങനെ ചെയ്യുന്ന പയനിയർമാരുടെ കഠിനവേലക്ക് സമൃദ്ധമായ അനുഗ്രഹം ലഭിക്കുന്നു.
17, 18. (എ) ഏതു സാഹചര്യങ്ങളിൽ യഹോവയുടെ സാക്ഷികൾ ഇററലിയിൽ സഹിച്ചുനിന്നിരിക്കുന്നു? (ബി) സാക്ഷികളെക്കുറിച്ച് വ്യാജം പരത്തിയിട്ടും അവർ എങ്ങനെ വിജയിച്ചിരിക്കുന്നു?
17 ഇററലിയിൽ, യഹോവയുടെ സാക്ഷികൾ വൈദികരുടെ ശക്തമായ എതിർപ്പിനെയാണ് അഭിമുഖീകരിക്കുന്നത്, എന്നാൽ യഹോവയുടെ ശക്തിയാൽ അവർ സഹിച്ചുനിന്നിരിക്കുന്നു. പല ഇടവകകളിൽ, യഹോവയുടെ സാക്ഷികൾ ഡോർബെൽ അടിക്കരുതെന്ന് അറിയിക്കുന്ന സ്ററിക്കറുകൾ ഇടവകാംഗങ്ങളുടെ വീടുകളുടെ കതകുകളിൽ ഒട്ടിച്ചുവെക്കാൻ വൈദികർ അവ വിതരണംചെയ്തു. ഒരു പ്രത്യേകപ്രദേശത്ത് എല്ലാ വാതിലുകളിലും ഈ സ്ററിക്കറുകൾ വെക്കുന്നതിന് അനേകം പുരോഹിതൻമാർ ചെറുബാലൻമാരെ നിയമിച്ചു—സാക്ഷിക്കുടുംബങ്ങളുടെ വീടുകളിൽപോലും! എന്നിരുന്നാലും, സാക്ഷികൾ അനായാസം ഭീഷണിപ്പെടുത്തപ്പെടുന്നില്ല. മിക്കപ്പോഴും ഒരു സംഭാഷണം തുടങ്ങുന്നതിന് അവർ സ്ററിക്കറുകളെ ഉപയോഗിക്കുന്നു. കൂടാതെ, പ്രസ്സും നാഷനൽ റെറലിവിഷനും ഈ സംഗതിക്ക് വിപുലമായ പ്രസിദ്ധി കൊടുക്കുകയും, കാണിക്കപ്പെടുന്ന മതപരമായ അസഹിഷ്ണുതയെ കുററം വിധിക്കുകയും ഇതുപോലെയുള്ള നയങ്ങൾ യഥാർത്ഥത്തിൽ സഭയുടെ ഭാഗത്തെ ദൗർബല്യത്തിന്റെ ലക്ഷണമാണെന്ന് ഊന്നിപ്പറയുകയുംചെയ്തു. വിവാദപരമായ സാക്ഷിവിരുദ്ധ സ്ററിക്കറുകളാൽ വളരെ മുഷിഞ്ഞ ഒരു യൂണിവേഴ്സിററി പ്രൊഫസ്സർ വീക്ഷാഗോപുരത്തിനും ഉണരുക!ക്കും വരിസംഖ്യ നൽകി.
18 ഇററലിയിലെ കത്തോലിക്കാസഭ യഹോവയുടെ സാക്ഷികളെക്കുറിച്ച് വ്യാജങ്ങൾ പരത്തുന്നതിന് വിശ്വാസത്യാഗികളെപ്പോലും ഉപയോഗിക്കുന്നുണ്ട്, എന്നാൽ ഇതും പ്രാവർത്തികമാകുന്നില്ല, എന്തുകൊണ്ടെന്നാൽ 1,72,382 പ്രസാധകർ നന്നായി അറിയപ്പെടുന്നവരും ആദരിക്കപ്പെടുന്നവരുമാണ്. ഒരു കാലത്ത് സാക്ഷികളായിരുന്നവർ എഴുതിയ സാഹിത്യത്തിൽ നമ്മളെക്കുറിച്ച് മോശമായ കാര്യങ്ങൾ താൻ വായിച്ചുവെന്ന് ഒരു മനുഷ്യൻ സന്ദർശനം നടത്തിയ സാക്ഷികളോടു പറഞ്ഞു. അതുകൊണ്ട് അയാളുടെ സഹോദരൻ സാക്ഷികളിലൊരാളായിത്തീർന്നപ്പോൾ അയാൾ വളരെ എതിർത്തു. എന്നിരുന്നാലും കുറേക്കാലം കഴിഞ്ഞ്, തന്റെ സഹോദരന്റെ മതംമാററത്തിന് അയാളുടെമേൽ എന്തു നല്ല ഫലമാണുണ്ടായതെന്ന് അയാൾ കണ്ടു. ‘ഇത്ര മോശമായ ഒന്നിന് ഇത്ര നല്ല ഫലങ്ങൾ ഉളവാക്കാൻ എങ്ങനെ സാധിക്കും?’ എന്ന് അയാൾ അതിശയിച്ചു. തന്നിമിത്തം, സന്ദർശനം നടത്തിയ സാക്ഷികളോട് ഒരു ബൈബിളദ്ധ്യയനം തുടങ്ങാൻ അയാൾ ആവശ്യപ്പെട്ടു.—കൊലോസ്യർ 3:8-10 താരതമ്യപ്പെടുത്തുക.
ഉദാസീനതയെ നേരിടൽ
19, 20. (എ) ഏതു സാഹചര്യം ഫിൻലണ്ടിലെ സാക്ഷികളുടെ ഭാഗത്ത് സഹിഷ്ണുത ആവശ്യമാക്കിത്തീർത്തിരിക്കുന്നു, സഭാപരമായ വോട്ടെടുപ്പുസംബന്ധിച്ച് യഥാർത്ഥത്തിൽ പ്രാധാന്യമുള്ളതെന്താണ്? (ബി) ഏതനുഭവം സുവാർത്ത പ്രസംഗിക്കുന്നതിലെ സഹിഷ്ണുതയുടെ പ്രാധാന്യത്തെ ചിത്രീകരിക്കുന്നു?
19 സാക്ഷികൾ തുടർച്ചയായി സന്ദർശനം നടത്തുന്ന രാജ്യങ്ങളിൽ മിക്കപ്പോഴും സുവാർത്തയോട് വിപുലമായ ഉദാസീനതയുണ്ട്. തീർച്ചയായും ഫിൻലണ്ടിൽ ഇതാണവസ്ഥ. ആ രാജ്യത്തെ സഭ ഒരു അഭിപ്രായവോട്ടെടുപ്പു നടത്തുകയും ജനസംഖ്യയുടെ 70 ശതമാനം സാക്ഷികൾ തങ്ങളുടെ വീടുകൾ സന്ദർശിക്കുന്നത് ഇഷ്ടപ്പെടുന്നില്ലെന്ന് കണ്ടെത്തുകയുംചെയ്തു. എന്നിരുന്നാലും, 30 ശതമാനം ശക്തമായി എതിർക്കുന്നില്ല. ഇവരിൽ 4 ശതമാനം തങ്ങൾ യഥാർത്ഥത്തിൽ സാക്ഷികളെ ഇഷ്ടപ്പെടുന്നുവെന്ന് പറയുകയുണ്ടായി. ഇത് ഗണ്യമായ ഒരു സംഖ്യയാണ്. ഫിൻലണ്ടിലെ ജനസംഖ്യയുടെ 4 ശതമാനം 2,00,000 പേരെ പ്രതിനിധാനം ചെയ്യുന്നു. അതിനെ ഇപ്പോഴത്തെ പ്രസാധകസംഖ്യയായ 17,303-നോട് താരതമ്യപ്പെടുത്തുക!
20 സേവനത്തിലേർപ്പെട്ടിരുന്ന ഒരു പ്രസാധകന്റെ ശ്രദ്ധ ഈ വോട്ടെടുപ്പിലേക്ക് ആകർഷിക്കപ്പെടുകയും ഇങ്ങനെ ചോദിക്കപ്പെടുകയുംചെയ്തു: “ഞങ്ങളിൽ 70 ശതമാനം പേർ നിങ്ങളെ അനഭിലഷണീയരായി കരുതുന്നുവെന്ന് നിങ്ങൾക്ക് അറിയാൻ പാടില്ലേ? നിങ്ങൾ ഞങ്ങളുടെ വാതിൽക്കലേക്ക് തുടരെ വരുന്നതെന്തിന്?” പ്രസാധകൻ ഇങ്ങനെ മറുപടി പറഞ്ഞു: “ഉവ്വ്, എന്നാൽ അതേ പഠനം നിങ്ങളിൽ 4 ശതമാനം ഞങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് പ്രകടമാക്കി. ആ ആളുകളെ കാണാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അവർ 1 ശതമാനം മാത്രമാണെങ്കിൽ പോലും അവരെ കണ്ടെത്താൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ വീടുതോറും പോകും.” വീട്ടുകാരൻ ഒരു നിമിഷം ചിന്തിച്ചിട്ട് ചോദിച്ചു: “നിങ്ങളുടെ സന്ദേശം അവർക്ക് അത്ര പ്രധാനമാണോ?” “നിങ്ങൾ അതു കേൾക്കാൻ ഇഷ്ടപ്പെടുന്നുവോ”യെന്ന് ചോദിച്ചുകൊണ്ട് പ്രസാധകൻ മറുപടി പറഞ്ഞു. പെട്ടെന്നുതന്നെ ഈ വീട്ടുകാരൻ സുവാർത്തയിൽ താത്പര്യം പ്രകടമാക്കി.
ഭാവി കൈവരുത്താനിരിക്കുന്നത്
21. (എ) നാം ഈ വ്യവസ്ഥിതിയിൽ ഏതു തരം പോരാട്ടം പൊറുക്കണം, എന്തുകൊണ്ട്? (ബി) നാം എന്തു സഹിക്കേണ്ടതുണ്ടായിരിക്കാം, ഹബക്കൂക്കിന്റെ പ്രവചനം എന്തു സംബന്ധിച്ചു നമുക്ക് ഉറപ്പുനൽകുന്നു?
21 ഇന്ന് നമ്മെയെല്ലാം സംബന്ധിച്ചെന്ത്? യഹോവയോടും യേശുക്രിസ്തുവിനോടുംകൂടെ അവസാനത്തോളം സഹിച്ചുനിൽക്കാൻ നാം ദൃഢനിശ്ചയംചെയ്തിട്ടുണ്ടോ? ഇനി ദീർഘനാൾ വേണ്ടായിരിക്കാം. എന്നാൽ നാം സഹിച്ചുനിൽക്കണം! സാത്താന്റെ വ്യവസ്ഥിതിയിൽ ലോകത്തിലെ ദുർമ്മാർഗ്ഗവും അഴിമതിയും വിദ്വേഷങ്ങളും എല്ലാ വശത്തും നമ്മെ ചുററുമ്പോൾ നാം വിശ്വാസത്തിനുവേണ്ടി ഒരു കഠിനപോരാട്ടം നടത്തേണ്ടതുണ്ട്. (യൂദാ 3, 20, 21) നാം ഏതെങ്കിലും തരത്തിലുള്ള പീഡനം സഹിച്ചുനിൽക്കേണ്ടതുണ്ടായിരിക്കാം. ഇപ്പോൾപ്പോലും നമ്മുടെ സഹോദരൻമാരിൽ ആയിരക്കണക്കിനാളുകൾ തുറുങ്കുകളിൽ കഷ്ടപ്പെടുന്നുണ്ട്. ചിലർ ക്രൂരമായി മർദ്ദിക്കപ്പെടുന്നു. ഇവർ നമ്മുടെ പ്രാർത്ഥനകൾക്കുവേണ്ടി നന്ദിയുള്ളവരാണ്. (2 തെസ്സലോനീക്യർ 3:1, 2) വളരെ പെട്ടെന്നുതന്നെ ഇപ്പോഴത്തെ വ്യവസ്ഥിതി നീങ്ങിപ്പോകും! ഹബക്കൂക്ക് പ്രസ്താവിക്കുന്നതുപോലെ, “ദർശനം നിയമിതകാലത്തേക്കുള്ളതാണ്, അത് അന്ത്യത്തിലേക്ക് ബദ്ധപ്പെടുന്നു, അത് ഒരു വ്യാജം പറയുകയില്ല. അത് താമസിക്കണമെങ്കിൽത്തന്നെ, അതിനെ പ്രതീക്ഷിച്ചിരിക്കുക; എന്തെന്നാൽ അത് കണിശമായും നിവർത്തിക്കും. അതു വൈകുകയില്ല.”—ഹബക്കൂക്ക് 2:3.
22. നാം പ്രവാചകൻമാരുടെ ക്ഷമയും ഇയ്യോബിന്റെ സഹിഷ്ണുതയും പ്രകടമാക്കുന്നുവെങ്കിൽ നമുക്ക് ഏത് പരിണതഫലം ഉറപ്പോടെ പ്രതീക്ഷിക്കാവുന്നതാണ്?
22 ശിഷ്യനായ യാക്കോബ് സ്നേഹപൂർവം നമ്മോടു പറയുന്നു: “സഹോദരൻമാരെ, തിൻമ സഹിക്കുന്നതിന്റെയും ക്ഷമ പ്രകടമാക്കുന്നതിന്റെയും ഒരു മാതൃകയെന്ന നിലയിൽ യഹോവയുടെ നാമത്തിൽ പ്രവചിച്ച പ്രവാചകൻമാരെ എടുക്കുക.” യഹോവയുടെ നാമത്തിൽ സംസാരിക്കുന്ന നമുക്കിന്ന് യിരെമ്യാവിനെയും ദാനിയേലിനെയും മററുള്ളവരെയുംപോലെ കഠിനപരിശോധനകളിൽ നിർമ്മലതാപാലകരായിരിക്കാൻ കഴിയും. ഇയ്യോബിനെപ്പോലെ നമുക്ക് സഹിച്ചുനിൽക്കാൻ കഴിയും. അവന്റെ സഹിഷ്ണുതക്ക് അവന് എത്ര അത്ഭുതകരമായ പ്രതിഫലം കിട്ടി! നാം അവസാനത്തോളം സഹിച്ചുനിൽക്കുന്നുവെങ്കിൽ യഹോവയുടെ കരുണയും സ്നേഹദയയും നമുക്ക് സമാനമായ പ്രതിഫലങ്ങൾ കൈവരുത്തും. യാക്കോബിന്റെ വാക്കുകൾ നമ്മിലോരോരുത്തർക്കും നിവർത്തിക്കട്ടെ: “നോക്കൂ! സഹിച്ചുനിന്നിട്ടുള്ളവരെ നാം സന്തുഷ്ടരെന്നു പ്രഖ്യാപിക്കുന്നു.”—യാക്കോബ് 5:10, 11; ഇയ്യോബ് 42:10-13. (w90 1⁄1)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ സഹിഷ്ണുതയുടെ എന്താവശ്യം യേശു ഊന്നിപ്പറഞ്ഞു?
◻ ഏതു കാരണങ്ങളാൽ യഹോവ സഹിച്ചുനിന്നിരിക്കുന്നു?
◻ 1989-ൽ നിർവഹിക്കപ്പെട്ട മഹത്തായ വേലയുടെ ചില സവിശേഷതകൾ ഏവ?
◻ പോളണ്ടിലെ നമ്മുടെ സഹോദരൻമാരുടെ സഹിച്ചുനിൽപ്പിന് പ്രതിഫലം കിട്ടിയിരിക്കുന്നതെങ്ങനെ?
◻ ലബനോനിലെയും കൊളംബിയായിലെയും ഇററലിയിലെയും സാക്ഷികൾ പീഡാനുഭവങ്ങളിൽ വിശ്വസ്തത പ്രകടമാക്കിയിരിക്കുന്നതെങ്ങനെ?