“എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുക”
ഒന്നു കൊരിന്ത്യരിൽ നിന്നുള്ള സവിശേഷാശയങ്ങൾ
യഹോവയാം ദൈവത്തിന്റെ മഹത്വം അവനെ “ആത്മാവോടും സത്യത്തോടും കൂടെ” ആരാധിക്കുന്ന എല്ലാവർക്കും ജീവൽപ്രധാനമായ താത്പര്യമുള്ള കാര്യമാണ്. (യോഹന്നാൻ 4:23, 24) അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് പുരാതന കൊരിന്തിലെ സഹക്രിസ്ത്യാനികളോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ തിന്നാലും കുടിച്ചാലും മറെറന്തു ചെയ്താലും എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുക.” (1 കൊരിന്ത്യർ 10:31) ഇതു ചെയ്യുന്നതിന് വ്യാജമതത്തിൽ ആണ്ടിരിക്കുന്ന ഈ ഭൗതികാധിഷ്ഠിത അധാർമ്മിക ലോകത്തിലെ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യഹോവയുടെ വിധം നാം അംഗീകരിക്കേണ്ടയാവശ്യമുണ്ട്.
കൊരിന്ത്യക്രിസ്ത്യാനികൾക്ക് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദിവ്യസഹായം ആവശ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ വ്യാജമതം നിറഞ്ഞിരുന്ന സമ്പൽസമൃദ്ധവും അധാർമ്മികവുമായ ഒരു നഗരത്തിലാണ് അവർ ജീവിച്ചിരുന്നത്. യൂറോപ്യൻ ഭൂഖണ്ഡത്തിൽപെട്ട ഗ്രീസിനും പെലോപോണിസോസിനും ഇടയിൽ സ്ഥിതിചെയ്യുന്ന ഒരു കരയിടുക്കിൽ പെട്ട കൊരിന്ത് അഖായ എന്ന റോമൻ പ്രവിശ്യയുടെ തലസ്ഥാനമായിരുന്നു. കണക്കാക്കപ്പെട്ടപ്രകാരം അതിലെ ജനസംഖ്യ 4,00,000 ആയിരുന്നു. പൗലോസ് അവിടത്തെ സഭ സ്ഥാപിച്ചത് ക്രി. വ. 50-നോടടുത്തായിരുന്നു.—പ്രവൃത്തികൾ 18:1-11.
കൊരിന്ത്യർ വിവാഹത്തെ സംബന്ധിച്ചും വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട മാംസം തിന്നുന്നതിനെ സംബന്ധിച്ചും ചോദിച്ചുകൊണ്ട് പൗലോസിന് എഴുത്തയച്ചിരുന്നു. (7:1) അവരുടെ ഇടയിൽ ഭിന്നതകളും ഗുരുതരമായ ദുർമ്മാർഗ്ഗത്തിന്റെ ഒരു കേസും ഉണ്ടായിരുന്നതിൽ അവൻ ദു:ഖിതനായിരുന്നു. അവർക്ക് കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതു സംബന്ധിച്ച് ബുദ്ധിയുപദേശമാവശ്യമായിരുന്നു. അവരുടെ വിശ്വാസത്യാഗത്തിന്റെ ഭീഷണിപോലുമുണ്ടായിരുന്നു. സ്നേഹം സംബന്ധിച്ച ബുദ്ധിയുപദേശവും സഭക്കാവശ്യമുണ്ടായിരുന്നു. അങ്ങനെയുള്ള കാരണങ്ങളാൽ പൗലോസ് ക്രി.വ. ഏതാണ്ട് 55-ൽ എഫേസൂസിൽനിന്ന് കൊരിന്ത്യർക്കുള്ള തന്റെ ഒന്നാമത്തെ നിശ്വസ്തലേഖനമെഴുതി. എന്നാൽ നമുക്കും അതിൽനിന്ന് പ്രയോജനമനുഭവിക്കാൻ കഴിയും.
ഐക്യവും ധാർമ്മികശുദ്ധിയും ജീവൽപ്രധാനം
നാം “എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യു”ന്നുവെങ്കിൽ സഭയിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും നാം അനുവദിക്കുകയില്ല—കൊരിന്ത്യക്കാർ അനുഭവിച്ചിരുന്ന പ്രശ്നങ്ങളിലൊന്നിതായിരുന്നു. (1:1–4:21) പൗലോസ് ‘യോജിപ്പിൽ സംസാരിക്കാനും ഒരേ മനസ്സിലും ഒരേ ചിന്താഗതിയിലും ഐക്യപ്പെട്ടിരിക്കാനും’ അവരെ ഉദ്ബോധിപ്പിച്ചു. നാം ഈ ബുദ്ധിയുപദേശം അനുസരിക്കുകയും ആത്മീയ ഗുണങ്ങൾ നട്ടുവളർത്തുകയുമാണെങ്കിൽ ഐക്യം സ്ഥിതിചെയ്യും. ഏതെങ്കിലും പാപിയായ മനുഷ്യനിൽ പ്രശംസിക്കുന്നതിനു പകരം ‘നടുകയും നനക്കുകയും ചെയ്യുന്നത് നാമാണെങ്കിലും ആത്മീയമായി വളർത്തുന്നത് ദൈവമാണ്’ എന്ന് നാം ഓർത്തിരിക്കണം. കൊരിന്തിൽ വീമ്പിളക്കിയിരുന്നവർക്ക് തങ്ങൾക്ക് ലഭിച്ചതല്ലാതെ യാതൊന്നുമില്ലായിരുന്നു; അതുകൊണ്ട് നാം നമ്മുടെ സഹവിശ്വാസികളെക്കാൾ മെച്ചമാണെന്ന് ഒരിക്കലും പരിഗണിക്കാതിരിക്കാം. അങ്ങനെയുള്ള ഒരു വിനീതമായ ആത്മാവ് ഐക്യത്തിനു പ്രോത്സാഹിപ്പിക്കാൻ നമ്മെ സഹായിക്കും.
ഐക്യം പ്രബലപ്പെടണമെങ്കിൽ നിയമിത മൂപ്പൻമാർ സഭയെ ആത്മീയമായി സൂക്ഷിക്കാൻ പ്രവർത്തിക്കണം. (5:1–6:20) “അല്പ്പം പുളിമാവ് മുഴുപിണ്ഡത്തെയും പുളിപ്പിക്കുന്ന”തുകൊണ്ട് അനുതാപമില്ലാത്ത ദുർവൃത്തരെയും അത്യാഗ്രഹികളെയും വിഗ്രഹാരാധികളെയും വാവിഷ്ഠാണക്കാരെയും മദ്യപാനികളെയും അല്ലെങ്കിൽ പിടിച്ചുപറിക്കാരെയും സഭയിൽനിന്ന് പുറത്താക്കേണ്ടതാണ്. ദൈവത്തിന്റെ ആലയത്തെ അശുദ്ധമാക്കുന്ന ധാർമ്മികാശുദ്ധി യഹോവയുടെ ജനത്തിന്റെയിടയിൽ അനുവദിക്കപ്പെടാവുന്നതല്ല. പകരം അവർ ദൈവത്തെ മഹത്വപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യേണ്ടതാണ്.
മററുള്ളവരോടു പരിഗണനയുള്ളവരായിരിക്കുക
“എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുന്ന”തിന് നാം വിവാഹവും ഏകാകിത്വവും സംബന്ധിച്ച പൗലോസിന്റെ ബുദ്ധിയുപദേശം ബാധകമാക്കേണ്ടതുണ്ട്. (7:1-40) ദാമ്പത്യബന്ധത്തിൽ ഏകീഭവിച്ചിരിക്കുന്നവർ പരിഗണനയോടെ ലൈംഗികവിഹിതം കൊടുക്കേണ്ടതാണ്. ഒരു വിവാഹിത ക്രിസ്ത്യാനി ഒരു അവിശ്വാസിയായ ഇണയിൽ നിന്ന് വേർപിരിയരുത്, എന്തെന്നാൽ ഒരുമിച്ചുള്ള വാസം രക്ഷനേടാൻ ആ ഇണയെ സഹായിച്ചേക്കാം. വിവാഹം വർദ്ധിച്ച ഉത്ക്കണ്ഠ കൈവരുത്തുന്നുവെന്നിരിക്കെ, ശല്യം കൂടാതെ കർത്താവിനെ സേവിച്ചുകൊണ്ട് മററുള്ളവരെ ആത്മീയമായി സഹായിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഏകാകിത്വം സഹായകമായിരിക്കാൻ കഴിയും.
മററുള്ളവരുടെ ആത്മീയക്ഷേമത്തോട് പരിഗണന കാണിക്കുകയെന്നത് ഏകാകികളൊ വിവാഹിതരൊ ആയ സകല ക്രിസ്ത്യാനികളുടെയും കർത്തവ്യമാണ്. (8:1–10:33) അതുകൊണ്ട് വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷ്യങ്ങൾ തിന്നുന്നതിനാൽ മററുള്ളവർക്ക് ഇടർച്ച വരുത്താതിരിക്കാൻ കൊരിന്ത്യർ ബുദ്ധിയുപദേശിക്കപ്പെട്ടു. സുവാർത്ത സ്വീകരിക്കുന്നതിൽ ആർക്കും പ്രതിബന്ധം ഉണ്ടാക്കാതിരിക്കാൻ പൗലോസ് സാമ്പത്തികസഹായം സ്വീകരിക്കുന്നതിനുള്ള തന്റെ അവകാശം വിനിയോഗിച്ചുപോലുമില്ല. അവൻ ‘മററുള്ളവരോടു പ്രസംഗിച്ചശേഷം അംഗീകാരമില്ലാത്തവനായിത്തീരാതിരിക്കേണ്ടതിന് തന്റെ ശരീരത്തെ ദണ്ഡിപ്പിക്കുകയും ചെയ്തു.’ പാപപൂർണ്ണരായിരുന്ന ഇസ്രായേലിന്റെ മരുഭൂമിയിലെ അനുഭവങ്ങൾ ഗൗരവമായി എടുക്കുന്നത് വിഗ്രഹാരാധനയും ദുഷ്പ്രവർത്തിയുമൊഴിവാക്കാൻ നമ്മെ സഹായിക്കും. തന്നെയുമല്ല ‘ദൈവമഹത്വത്തിനായി സകലവും ചെയ്യുന്നത്’ ആരെയെങ്കിലും ഇടറിക്കുന്നതൊഴിവാക്കാൻ നമ്മെ സഹായിക്കും.
ആദരവു പ്രകടമാക്കുകയും ക്രമം പാലിക്കുകയും ചെയ്യുക
‘എല്ലാകാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുന്നത്’ നാം ഉചിതമായ ആദരവു പ്രകടമാക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (11:1-34) ഒന്നാം നൂററാണ്ടിലെ ഒരു ക്രിസ്തീയ സ്ത്രീ സഭയിൽ പ്രാർത്ഥിക്കുകയൊ പ്രവചിക്കുകയൊ ചെയ്യുമ്പോൾ ശിരോവസ്ത്രം ധരിച്ചുകൊണ്ട് ശിരഃസ്ഥാനത്തോട് ആദരവ് പ്രകടിപ്പിച്ചിരുന്നു. ദൈവഭക്തിയുള്ള സ്ത്രീകൾ ഇന്ന് ശിരഃസ്ഥാനത്തോട് സമാനമായ ആദരവ് പ്രകടമാക്കുന്നു. കൂടാതെ തിരുത്തലാവശ്യമായിരുന്ന കൊരിന്ത്യരേപ്പോലെയാകുന്നത് ഒഴിവാക്കാൻ നമ്മളെല്ലാം കർത്താവിന്റെ സന്ധ്യാഭക്ഷണത്തോട് ആദരവ് പ്രകടമാക്കണം.
“എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യാൻ” നാം യോഗങ്ങൾ ഒരു ക്രമീകൃതരീതിയിൽ നടത്തണം. (12:1–14:40) ആദിമ ക്രിസ്ത്യാനികൾ കൂടിവന്നപ്പോൾ അന്യഭാഷകളുടെ സംസാരം പോലെയുള്ള ആത്മാവിന്റെ വരങ്ങൾ അവയുടെ ഉറവിനോടും ഉദ്ദേശ്യത്തോടുമുള്ള ആദരവിലും വിലമതിപ്പിലും ഉപയോഗിക്കപ്പെടണമായിരുന്നു. ഇപ്പോൾ നമുക്ക് ഈ വരങ്ങൾ ഇല്ലെങ്കിലും അവയെക്കാൾ ശ്രേഷ്ഠമായ സ്നേഹം പ്രകടമാക്കിക്കൊണ്ട് നാം ദൈവത്തിനു മഹത്വം കൈവരുത്തുന്നു. നമ്മുടെ യോഗങ്ങൾ സുസംഘടിതമായിരിക്കുന്നതുകൊണ്ടും നാം യഹോവയെ മഹത്വപ്പെടുത്തുന്നു. “സകലവും യോഗ്യമായും ക്രമീകരണത്താലും നടക്കട്ടെ” എന്ന പൗലോസിന്റെ ബുദ്ധിയുപദേശം നാം ആദരവോടെ ബാധകമാക്കുന്നു.
‘സകലവും ദൈവമഹത്വത്തിനായി ചെയ്യുന്നത്’ നാം ബൈബിളുപദേശത്തെ ആദരിക്കണമെന്നും ആത്മീയമായി ഉറച്ചുനിൽക്കണമെന്നും നമ്മോടാവശ്യപ്പെടുന്നു. (15:1–16:24) സാധ്യതയനുസരിച്ച് ഗ്രീക്കുതത്വശാസ്ത്രത്താൽ സ്വാധീനിക്കപ്പെട്ട് കൊരിന്ത്യസഭയിലെ ചിലർ “മരിച്ചവരുടെ പുനരുത്ഥാനമില്ല” എന്നു പറഞ്ഞു. (പ്രവൃത്തികൾ 17:18, 32 താരതമ്യപ്പെടുത്തുക.) ജീവിച്ചിരിക്കുന്ന ക്രിസ്ത്യാനികൾക്ക് അനുഭവപ്പെട്ട പ്രതീകാത്മകവും ആത്മീയവുമായ പുനരുത്ഥാനത്തിനു പുറമെ ഭാവി പുനരുത്ഥാനമില്ലെന്നുള്ള വിശ്വാസത്യാഗപരമായ വീക്ഷണമായിരിക്കാം അവർ പുലർത്തിയിരുന്നത്. (2 തിമൊഥെയോസ് 2:16-18) പൗലോസ് യേശുവിന്റെ പുനരുത്ഥാനം എടുത്തു പറഞ്ഞുകൊണ്ട് യഥാർത്ഥ പ്രത്യാശയെ പിന്താങ്ങുകയും അഭിഷിക്ത ക്രിസ്ത്യാനികൾ അമർത്യ സ്വർഗ്ഗീയ ജീവനിലേക്ക് പുനരുത്ഥാനപ്പെടുന്നതിന് മരിക്കേണ്ടതാണെന്ന് പ്രകടമാക്കുകയും ചെയ്തു. അവന്റെ വാക്കുകൾ വിശ്വാസത്യാഗമൊഴിവാക്കാനും “വിശ്വാസത്തിൽ ഉറച്ചുനിൽക്കാനും” മററു പ്രകാരങ്ങളിലും നമ്മെ സഹായിക്കുന്നു.
എല്ലായപ്പോഴും ദൈവമഹത്വത്തിനായി കാര്യങ്ങൾ ചെയ്യുക
ഒന്നു കൊരിന്ത്യരിലെ പൗലോസിന്റെ ബുദ്ധിയുപദേശം ക്രി.വ. ഒന്നാം നൂററാണ്ടിലേതുപോലെ ഇന്നും പ്രയോജനകരമാണ്. അത് ഒരു ശുദ്ധിയുള്ള ജനമെന്ന നിലയിൽ യഹോവയുടെ ഇക്കാലത്തെ സാക്ഷികളെ ദൈവത്തെ ഐക്യത്തിൽ സേവിക്കുന്നതിനു പ്രേരിപ്പിക്കുന്നു. അപ്പോസ്തലന്റെ വാക്കുകൾ മററുള്ളവരോട് പരിഗണന കാണിക്കാനും ഉചിതമായ ആദരവു കാട്ടാനും നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. പൗലോസ് പറഞ്ഞതിന് വിശ്വാസത്യാഗത്തെ ചെറുത്തു നിൽക്കാനും സത്യവിശ്വാസത്തിനുവേണ്ടി ഉറച്ചു നിൽക്കാനും നമ്മെ ബലപ്പെടുത്തുന്നതിനും കഴിയും.
തീർച്ചയായും യഹോവയെ വാഴ്ത്തുകയും അവന്റെ രാജ്യത്തെ പ്രസിദ്ധമാക്കുകയും അവന്റെ വിശുദ്ധ നാമത്തെ മഹത്വീകരിക്കുകയും ചെയ്യുകയെന്നത് യഹോവയുടെ ഓരോ വിശ്വസ്തദാസന്റെയും ഹൃദയംഗമമായ ആഗ്രഹമാണ്. (സങ്കീർത്തനം 145:1, 2; സങ്കീർത്തനം 145 10-13) യഥാർത്ഥത്തിൽ കൊരിന്ത്യർക്കുള്ള പൗലോസിന്റെ ഒന്നാമത്തെ ലേഖനം “എല്ലാ കാര്യങ്ങളും ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യാൻ” നമ്മെ സഹായിക്കുന്നു. (w90 9⁄15)
[28, 29 പേജുകളിലെ ചതുരം/ചിത്രം]
മരിക്കുമെന്നു തീർച്ച: കൊരിന്ത്യർക്കുള്ള തന്റെ ലേഖനങ്ങളിൽ പൗലോസ് പോർക്കളത്തിലെ മരണത്തെ ഒന്നിലധികം പ്രാവശ്യം പരാമർശിച്ചു. ഉദാഹരണത്തിന് അവൻ ഇങ്ങനെ എഴുതി: “ദൈവം അപ്പോസ്തലൻമാരായ ഞങ്ങളെ മരണത്തിനു നിയമിക്കപ്പെട്ട മനുഷ്യരെന്ന നിലയിൽ പ്രദർശനത്തിൽ അവസാനത്തവരായി നിർത്തിയെന്നു എനിക്കു തോന്നുന്നു, എന്തുകൊണ്ടെന്നാൽ ഞങ്ങൾ ലോകത്തിനും ദൂതൻമാർക്കും മനുഷ്യർക്കും ഒരു നാടകകാഴ്ചയായിത്തീർന്നിരിക്കുന്നു.” (1 കൊരിന്ത്യർ 4:9) പൗലോസ് ബെസററിയാറൈ പ്രദർശനങ്ങളെക്കുറിച്ചും (മൃഗങ്ങളോടു പൊരുതിയ മനുഷ്യർ) ദ്വന്ദ്വയുദ്ധക്കാരെക്കുറിച്ചും (മനുഷ്യരോടു പൊരുതിയ മനുഷ്യർ) ചിന്തിക്കയായിരുന്നിരിക്കാം. ചിലർ കൂലിക്കുവേണ്ടി പൊരുതി, എന്നാൽ കുററപ്പുള്ളികൾ പൊരുതാൻ നിർബന്ധിക്കപ്പെട്ടു. ആദ്യം ആയുധങ്ങൾ ഉപയോഗിക്കാൻ അനുവദിക്കപ്പെട്ടിരുന്നെങ്കിലും പിൽക്കാലത്ത് ഈ തടവുപുള്ളികൾ വസ്ത്രഹീനരായും സംരക്ഷണരഹിതരായും തീർച്ചയായും മരിക്കാൻ കൊണ്ടുവരപ്പെട്ടു.
“ദൂതൻമാരും” “മനുഷ്യരും” (മനുഷ്യവർഗ്ഗ “ലോകം” മാത്രമല്ല) കാണികളായി ഉണ്ടായിരുന്നതുകൊണ്ട് അപ്പോസ്തലൻമാർ അങ്ങനെയുള്ള ഒരു രക്തരൂഷിതമായ അന്തിമ പ്രദർശനത്തിൽ മരിക്കാനിരുന്നവരെപ്പോലെയായിരുന്നു. താൻ “എഫേസോസിലെ കാട്ടുമൃഗങ്ങളോട് പൊരുതി” എന്ന് പൗലോസ് പറഞ്ഞു, എന്നാൽ ഒരു റോമൻ പൗരൻ ഇതിനു വിധേയമാക്കപ്പെടുമെന്നുള്ളതിനെ ചിലർ സംശയിക്കുകയും അവൻ മൃഗതുല്യരായ എതിരാളികളെ പരാമർശിക്കയായിരുന്നു എന്ന് പറയുകയും ചെയ്യുന്നു. (1 കൊരിന്ത്യർ 15:32) എന്നിരുന്നാലും ദൈവം അവനെ (എഫേസോസ് സ്ഥിതിചെയ്തിരുന്ന) ആസ്യജില്ലയിൽവെച്ച് “മരണംപോലെയുള്ള ഒരു വലിയ സംഗതിയിൽനിന്ന്” വിടുവിച്ചുവെന്നുള്ള പൗലോസിന്റെ പ്രസ്താവന മനുഷ്യ എതിർപ്പിനെക്കാൾ മെച്ചമായി യഥാർത്ഥകാട്ടുമൃഗങ്ങളുമായി ഒരു പോർക്കളത്തിൽ ഉണ്ടായ അനുഭവത്തിന് യോജിക്കുന്നു.—2 കൊരിന്ത്യർ 1:8-10; 11:23; പ്രവൃത്തികൾ 19:23-41)
[29-ാം പേജിലെ ചതുരം/ചിത്രം]
സമ്മാനം ദൃഷ്ടിപഥത്തിൽ നിർത്തുക: പൗലോസ് മർമ്മപ്രധാനമായ ആശയങ്ങൾ വിശദീകരിക്കാൻ പുരാതനഗ്രീക്ക് കായികവിനോദങ്ങളുടെ സവിശേഷതകളെ ഉപയോഗിച്ചു. (1 കൊരിന്ത്യർ 9:24-27) കൊരിന്തിനടുത്ത് ഓരോ രണ്ടു വർഷത്തിലുമൊരിക്കൽ നടത്തപ്പെട്ട ഇസ്ത്മിയൻ ഗയിംസ് പോലെയുള്ള മൽസരപരിപാടികളിൽ ഓട്ടവും ബോക്സിംഗും മററിനങ്ങളും ഉൾപ്പെട്ടിരുന്നു. ഈ മത്സരങ്ങൾക്കായി ഒരുങ്ങുമ്പോൾ ഓട്ടക്കാരും ബോക്സർമാരും ആത്മസംയമം പാലിക്കുകയും ആരോഗ്യാവഹമായ ലഘുഭക്ഷണം കഴിച്ചു ജീവിക്കുകയും പത്തു മാസക്കാലം വീഞ്ഞുകുടിക്കാതിരിക്കുകയും ചെയ്യണമായിരുന്നു. എന്നിരുന്നാലും ഇസ്ത്മിയൻ ജേതാക്കൾക്ക് കൊടുക്കപ്പെട്ട നശിച്ചുപോകുന്ന പൈൻ റീത്തിന് അല്ലെങ്കിൽ തരുരോഹിണി റീത്തിനു പകരം ഒരു അഭിഷിക്തക്രിസ്ത്യാനി അമർത്യജീവനായ അക്ഷയകിരീടത്തിനുവേണ്ടി കഠിനശ്രമം ചെയ്യുന്നു. ആ സമ്മാനം നേടുന്നതിന് അയാൾ തന്റെ ദൃഷ്ടി അതിൻമേൽ പതിപ്പിക്കുകയും ആത്മനിയന്ത്രണം പാലിക്കുകയും വേണം. നിത്യഭൗമികജീവൻ മുന്നിൽ കാണുന്ന യഹോവയുടെ സാക്ഷികൾക്കും ഇതേ തത്വം ബാധകമാകുന്നു.