സഹോദരസ്നേഹം പ്രവർത്തനനിരതമാകുന്നു
ഫിലേമോനിൽനിന്നുള്ള സവിശേഷാശയങ്ങൾ
യേശുക്രിസ്തു തന്റെ അനുഗാമികളെ സ്നേഹിച്ചതുപോലെ, അവർ അന്യോന്യം സ്നേഹിക്കണമെന്നുള്ള “പുതിയ കല്പന” അവൻ അവർക്കു കൊടുത്തു. (യോഹന്നാൻ 13:34, 35) ആ സ്നേഹം നിമിത്തം അവർ ഓരോരുത്തനും അപരനുവേണ്ടി മരിക്കുകപോലും ചെയ്യുമായിരുന്നു. അതെ, സഹോദരസ്നേഹം അത്ര ശക്തവും പ്രവർത്തനനിരതവുമാണ്.
സഹോദരസ്നേഹം ഏഷ്യാമൈനറിലെ ഒരു നഗരമായിരുന്ന കൊലോസ്സിയിലെ സഭയിൽ സഹവസിച്ചിരുന്ന ഒരു ക്രിസ്ത്യാനിയായിരുന്ന ഫിലേമോനെ പ്രചോദിപ്പിക്കുമെന്ന് അപ്പോസ്തലനായ പൗലോസിന് ഉറപ്പുണ്ടായിരുന്നു. തന്റെ ഭവനം ഒരു ക്രിസ്തീയ യോഗസ്ഥലമായി ഉപയോഗിക്കുന്നതിന് തുറന്നുകൊടുക്കാൻ സ്നേഹം അപ്പോൾത്തന്നെ ഫിലേമോനെ പ്രേരിപ്പിച്ചിരുന്നു. ഫിലേമോന്റെ അടിമയായിരുന്ന ഒനേസിമൂസ് ഒളിച്ചോടിയിരുന്നു, ഒരുപക്ഷേ റോമിലേക്കുള്ള കപ്പൽയാത്രക്കുള്ള പണം മോഷ്ടിച്ചുകൊണ്ടായിരിക്കാം. അവൻ പിന്നീട് റോമിൽവെച്ച് പൗലോസിനെ കണ്ടുമുട്ടുകയും ക്രിസ്ത്യാനിത്വം സ്വീകരിക്കുകയും ചെയ്തു.
ക്രി.വ. ഏതാണ്ട് 60-61ൽ റോമിൽ തടവിൽ കിടക്കുമ്പോൾ പൗലോസ് മുഖ്യമായി ഫിലേമോനെ സംബോധനചെയ്തുകൊണ്ട് ഒരു ലേഖനമെഴുതി. മടങ്ങിച്ചെല്ലുന്ന ഒനേസിമൂസിനെ സഹോദരസ്നേഹത്തിന്റെ ആത്മാവിൽ സ്വീകരിക്കാൻ അത് ഫിലേമോനോട് അഭ്യർത്ഥിച്ചു. ഈ ലേഖനം വായിക്കുക. അപ്പോൾ അത് പ്രിയത്തിന്റെയും നയത്തിന്റെയും ഒരു വിശിഷ്ടദൃഷ്ടാന്തമാണെന്ന് നിങ്ങൾ കാണും—അത് യഹോവയുടെ ജനത്തിന് നന്നായി അനുകരിക്കാവുന്ന ഒന്നാണ്.
സ്നേഹത്തിനും വിശ്വാസത്തിനും അഭിനന്ദനം
ഫിലേമോനെയും മററുള്ളവരെയും സംബോധനചെയ്തുകൊണ്ട് പൗലോസ് ആദ്യം അഭിനന്ദനം കൊടുത്തു. (ഫിലേമോൻ വാക്യങ്ങൾ 1-7) ഫിലേമോന് ക്രിസ്തുവിനോടും സകല വിശുദ്ധൻമാരോടുമുണ്ടായിരുന്ന സ്നേഹത്തെക്കുറിച്ചും അവന്റെ വിശ്വാസത്തെക്കുറിച്ചും അപ്പോസ്തലൻ തുടർച്ചയായി കേൾക്കുന്നുണ്ടായിരുന്നു. ഇത് യഹോവക്കു നന്ദികൊടുക്കുന്നതിന് പൗലോസിനെ പ്രേരിപ്പിക്കുകയും അവനു വളരെയധികം സന്തോഷവും ആശ്വാസവും കൈവരുത്തുകയുംചെയ്തു. നാം സ്നേഹത്തിലും വിശ്വാസത്തിലും മാതൃകായോഗ്യരായ സഹവിശ്വാസികളെ വ്യക്തിപരമായി അഭിനന്ദിക്കുന്നുണ്ടോ? നാം അങ്ങനെ ചെയ്യണം.
പൗലോസിന്റെ വാക്കുകൾ പ്രകടമാക്കുന്നതുപോലെ, സ്നേഹത്തിന്റെ അടിസ്ഥാനത്തിലുള്ള ഉദ്ബോധനം സഹക്രിസ്ത്യാനികളോട് ഇടപെടുന്നതിൽ എല്ലായ്പ്പോഴും അഭികാമ്യമാണ്. (വാക്യങ്ങൾ 8-14) അപ്പോസ്തലന്റെ നയപുരസ്സരമായ സമീപനത്തിനുശേഷം, ഉചിതമായതു ചെയ്യാൻ തനിക്ക് ഫിലേമോനോട് ആജ്ഞാപിക്കാൻ കഴിയുമെങ്കിലും പകരം ഉദ്ബോധിപ്പിക്കാനാണ് താൻ ഇഷ്ടപ്പെടുന്നതെന്ന് അവൻ പറയുകയുണ്ടായി. എന്തു ചെയ്യാൻ? എന്തിന്, അടിമയായ ഒനേസിമൂസിനെ ദയാപൂർവകമായ ഒരു വിധത്തിൽ തിരികെ സ്വീകരിക്കാൻ! പൗലോസ് ഒനേസിമൂസിന്റെ ഉപയോഗക്ഷമമായ സേവനത്തെ നിലനിർത്താൻ ആഗ്രഹിക്കുമായിരുന്നുവെങ്കിലും ഫിലേമോന്റെ അനുവാദം കൂടാതെ അങ്ങനെ ചെയ്യുകയില്ലായിരുന്നു.
പ്രതികൂലമെന്നു തോന്നുന്ന വികാസങ്ങൾ മിക്കപ്പോഴും പ്രയോജനകരമെന്നു തെളിയുന്നു. പൗലോസ് അടുത്തതായി അതാണല്ലോ സുചിപ്പിക്കുന്നത്. (വാക്യങ്ങൾ 15-21) യഥാർത്ഥത്തിൽ, ഒനേസിമൂസ് ഒളിച്ചോടിയതിൽനിന്ന് നല്ല ഫലമുണ്ടായി. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഫിലേമോന് ഇപ്പോൾ അവനെ മനസ്സൊരുക്കവും ഒരുപക്ഷേ സത്യസന്ധതയുമില്ലാത്ത ഒരു അടിമയായിട്ടല്ല, പിന്നെയോ മനസ്സൊരുക്കവും പരമാർത്ഥതയുമുള്ള ഒരു ക്രിസ്തീയസഹോദരനായി തിരികെ കിട്ടുമായിരുന്നു. പൗലോസിനെ സ്വാഗതംചെയ്യുന്നതുപോലെ, ഒനേസിമൂസിനെ സ്വാഗതംചെയ്യാൻ പൗലോസ് ഫിലേമോനോട് അപേക്ഷിച്ചു. ഒനേസിമൂസ് ഫിലേമോനോട് എന്തെങ്കിലും വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കിൽ അപ്പോസ്തലൻ അതു തിരികെ കൊടുക്കും. അനുസരിക്കാൻ ഫിലേമോനെ കൂടുതൽ മനസ്സൊരുക്കമുള്ളവനാക്കുന്നതിന് ഒരു ക്രിസ്ത്യാനിയായിത്തീർന്നതിന് അവൻതന്നെ അപ്പോസ്തലനോടു കടപ്പെട്ടിരിക്കുന്നതായി അവൻ അവനെ ഓർമ്മിപ്പിച്ചു. അതുകൊണ്ട് ആവശ്യപ്പെടുന്നതിലുമധികം ഫിലേമോൻ ചെയ്യുമെന്ന് പൗലോസിന് ഉറപ്പുണ്ടായിരുന്നു. എത്ര നയപൂർവകവും സ്നേഹപുരസ്സരവുമായ അഭ്യർത്ഥന! തീർച്ചയായും, നാം സഹക്രിസ്ത്യാനികളോട് ഇടപെടേണ്ട വിധം ഇതാണ്.
ഒരു പ്രത്യാശയോടും അഭിവാദനങ്ങളോടും ശുഭാശംസകളോടുംകൂടെ പൗലോസ് തന്റെ ലേഖനം ഉപസംഹരിച്ചു. (വാക്യങ്ങൾ 22-25) തന്റെപേർക്കുള്ള മററുള്ളവരുടെ പ്രാർത്ഥനയാൽ താൻ പെട്ടെന്നുതന്നെ വിമോചിതനാകുമെന്ന് അവൻ ആശിച്ചു. (തിമൊഥെയോസിനുള്ള പൗലോസിന്റെ രണ്ടാമത്തെ ലേഖനം പ്രകടമാക്കുന്നതുപോലെ, ആ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിച്ചു.) പൗലോസ് തന്റെ ലേഖനം ഉപസംഹരിച്ചുകൊണ്ട് അഭിവാദനങ്ങളയയ്ക്കുകയും യേശുക്രിസ്തുവിന്റെ അനർഹദയ ഫിലേമോനും അവന്റെ സഹ യഹോവാരാധകരും പ്രകടമാക്കുന്ന ആത്മാവോടുകൂടെയിരിക്കാനുള്ള തന്റെ അഭിവാഞ്ഛ പ്രകടമാക്കുകയും ചെയ്തു. (w91 2⁄15)
[11-ാം പേജിലെ ചതുരം/ചിത്രം]
ഒരു അടിമയിലുപരി: ഫിലേമോന്റെ ഒളിച്ചോടിയ അടിമയായിരുന്ന ഒനേസിമൂസിന്റെ തിരിച്ചുവരവിനെസംബന്ധിച്ച് പൗലോസ് ഇങ്ങനെ പറഞ്ഞു: “ഒരുപക്ഷേ . . . അവൻ ഒരു നാഴികനേരത്തേക്ക് പിരിഞ്ഞുപോയി, നിങ്ങൾക്ക് അവനെ എന്നേക്കും കിട്ടേണ്ടതിനുതന്നെ, മേലാൽ ഒരു അടിമയായിട്ടല്ല, പിന്നെയോ ഒരു അടിമയെക്കാളുപരി ഒരു പ്രിയ സഹോദരനായിത്തന്നെ; വിശേഷിച്ച് എനിക്ക് അങ്ങനെതന്നെ, എന്നിരുന്നാലും നിങ്ങൾക്ക് ജഡികബന്ധത്തിലും കർത്താവിലും അങ്ങനെ എത്രയധികം.” (ഫിലേമോൻ 15, 16) റോമാ സാമ്രാജ്യത്തിൽ സാമ്രാജ്യത്വഗവൺമെൻറ് അടിമത്വം പ്രാബല്യത്തിലാക്കിയിരുന്നു. അങ്ങനെയുള്ള ശ്രേഷ്ഠാധികാരങ്ങളെ പൗലോസ് അംഗീകരിച്ചിരുന്നു. (റോമർ 13:1-7) ഒരു അടിമയുടെ മത്സരത്തിനുവേണ്ടി അവൻ വാദിച്ചില്ല, എന്നാൽ ക്രിസ്തീയസഹോദരൻമാരെന്ന നിലയിൽ ആത്മീയസ്വാതന്ത്ര്യം നേടാൻ അവൻ വ്യക്തികളെ സഹായിച്ചു. അടിമകൾ അവരുടെ യജമാനൻമാർക്ക് കീഴ്പെട്ടിരിക്കണമെന്നുള്ള തന്റെ സ്വന്തം ബുദ്ധിയുപദേശത്തിനു ചേർച്ചയായി പൗലോസ് ഒനേസിമൂസിനെ ഫിലേമോന്റെ അടുക്കലേക്കു തിരിച്ചയച്ചു. (കൊലോസ്യർ 3:22-24; തീത്തോസ് 2:9, 10) ഒനേസിമൂസ് ഇപ്പോൾ ഒരു ലൗകിക അടിമയേക്കാളുപരിയായിരുന്നു. അവൻ ഒരു മെച്ചപ്പെട്ട അടിമയെന്ന നിലയിൽ ഫിലേമോന് ആപേക്ഷികമായി കീഴ്പെട്ടിരിക്കുന്ന ഒരു പ്രിയപ്പെട്ട സഹവിശ്വാസിയായിരുന്നു, ദൈവികതത്വങ്ങളാൽ ഭരിക്കപ്പെടുന്നവനും സഹോദരസ്നേഹം പ്രകടമാക്കുന്നവനുംതന്നെ.