വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിലനിൽക്കുക!
ഒന്നു പത്രോസിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസത്തിന്റെ വിവിധ പരീക്ഷകളെ അല്ലെങ്കിൽ പരിശോധനകളെ അഭിമുഖീകരിക്കുന്നു. ചില രാജ്യങ്ങളിൽ അവരുടെ രാജ്യപ്രസംഗവേല വലിയ പീഡനത്തിൻകീഴിൽ നിർവഹിക്കപ്പെടുന്നു. ദൈവത്തോടുള്ള അവരുടെ ബന്ധം തകർക്കുന്നതിനുവേണ്ടിയുള്ള ഈ ശ്രമങ്ങളുടെയും മററുള്ളവയുടെയും പിന്നിൽ പിശാചായ സാത്താനാണുള്ളത്. എന്നാൽ അവൻ വിജയിക്കുകയില്ല, എന്തുകൊണ്ടെന്നാൽ യഹോവ തന്റെ ദാസൻമാരെ ബലിഷ്ഠരാക്കുന്നു—അതെ, വിശ്വാസത്തിൽ ഉറപ്പുള്ളവരാക്കുന്നു.
അപ്പോസ്തലനായ പത്രോസിന്, “വിവിധ പരിശോധനകളാൽ ദുഃഖമനുഭവിച്ചിരുന്ന” ‘തന്റെ സഹോദരൻമാരെ ബലപ്പെടുത്തുന്നതിനുള്ള’ പദവി ലഭിച്ചിരുന്നു. (ലൂക്കോസ് 22:32; 1 പത്രോസ് 1:6, 7) അവൻ ബാബിലോണിൽനിന്ന് പൊ.യു. ഉദ്ദേശം 62-64-ൽ എഴുതിയ തന്റെ ഒന്നാമത്തെ ലേഖനത്തിൽ അപ്രകാരം ചെയ്തു. അതിൽ പത്രോസ് യഹൂദ, പുറജാതി ക്രിസ്ത്യാനികൾ സാത്താന്റെ ആക്രമണത്തിനെതിരെ ചെറുത്തുനിൽക്കുന്നതിനും “വിശ്വാസത്തിൽ ഉറച്ചു” നിൽക്കുന്നതിനും സഹായിച്ചുകൊണ്ട് അവരെ ബുദ്ധിയുപദേശിക്കുകയും ആശ്വസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. (1 പത്രോസ് 1:1, 2; 5:8, 9) ഇപ്പോൾ പിശാചിന്റെ സമയം ചുരുങ്ങിയിരിക്കയും അവന്റെ ആക്രമണങ്ങൾ വളരെ ദുഷ്ടമായിരിക്കുകയും ചെയ്യുന്നതിനാൽ നിശ്ചയമായും യഹോവയുടെ ജനത്തിന് പത്രോസിന്റെ വാക്കുകളിൽനിന്ന് പ്രയോജനം അനുഭവിക്കാൻ കഴിയും.
ദൈവികതത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നടത്ത
നമ്മുടെ പ്രത്യാശ സ്വർഗ്ഗീയമൊ ഭൗമികമൊ ആയാലും ഇത് പരിശോധനകളെ സഹിച്ചുനിൽക്കുന്നതിനും ദൈവികവിധത്തിൽ പ്രവർത്തിക്കുന്നതിനും നമ്മെ സഹായിക്കണം. (1:1–2:12) അഭിഷിക്തരുടെ സ്വർഗ്ഗീയ അവകാശത്തിനായുള്ള പ്രത്യാശ അവർ പരിശോധനകളെ ഗണ്യമാക്കാതെ സന്തോഷിക്കാൻ ഇടയാക്കുന്നു, അത് യഥാർത്ഥത്തിൽ അവരുടെ വിശ്വാസത്തെ സ്ഫുടംചെയ്യുന്നു. ക്രിസ്തുവിന്റെ അടിസ്ഥാനത്തിൻമേൽ പണിയപ്പെട്ട ഒരു ആത്മീയ ഭവനമെന്ന നിലയിൽ അവർ ദൈവത്തിനു സ്വീകാര്യമായ ആത്മീയയാഗങ്ങൾ അർപ്പിക്കുകയും അവനു മഹത്വം കൈവരുത്തുന്ന ഒരു നല്ല രീതിയിൽ നടക്കുകയും ചെയ്യുന്നു.
നമ്മുടെ എല്ലാ സഹമനുഷ്യരോടുമുള്ള നമ്മുടെ ഇടപെടലുകൾ ദൈവികതത്വങ്ങളാൽ ഭരിക്കപ്പെടണം. (2:13–3:12) നാം മാനുഷഭരണാധികാരികൾക്ക് കീഴ്പ്പെട്ടിരിക്കണമെന്ന് പത്രോസ് പ്രകടമാക്കി. വീട്ടുജോലിക്കാർ തങ്ങളുടെ യജമാനൻമാർക്കും ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർക്കും കീഴ്പ്പെട്ടിരിക്കണമായിരുന്നു. ഒരു ക്രിസ്തീയ ഭാര്യയുടെ ദൈവികനടത്ത അവളുടെ അവിശ്വാസിയായ ഭർത്താവിനെ സത്യവിശ്വാസത്തിലേക്ക് നേടിയേക്കാം. ഒരു വിശ്വാസിയായ ഭർത്താവ് തന്റെ ‘ഭാര്യക്ക് ഒരു ബലഹീനപാത്രത്തിനെന്നപോലെ ബഹുമാനം കൊടുക്കുക’യും വേണം. എല്ലാ ക്രിസ്ത്യാനികളും അനുകമ്പ പ്രകടമാക്കുകയും സഹോദരപ്രീതിയുള്ളവരായിരിക്കുകയും നൻമചെയ്യുകയും സമാധാനത്തെ പിന്തുടരുകയും ചെയ്യണം.
സഹിഷണുത അനുഗ്രഹങ്ങൾ കൈവരുത്തുന്നു
സത്യക്രിസ്ത്യാനിയുടെ വിശ്വസ്തമായ കഷ്ടതയുടെ സഹനം അനുഗ്രഹങ്ങളിൽ കലാശിക്കും. (3:13—4:19) നാം നീതിക്കുവേണ്ടി കഷ്ടമനുഭവിക്കുമ്പോൾ നാം സന്തുഷ്ടരായിരിക്കണം. കൂടാതെ, ക്രിസ്തു നമ്മെ ദൈവത്തിങ്കലേക്കു നയിക്കുന്നതിനുവേണ്ടി ജഡത്തിൽ കഷ്ടമനുഭവിച്ചതിനാൽ നാം മേലാൽ ജഡത്തിന്റെ അഭിലാഷങ്ങൾക്കനുസരണമായി നടക്കരുത്. നാം വിശ്വസ്തമായി പരിശോധനകളെ സഹിക്കുന്നുവെങ്കിൽ, നാം യേശുവിന്റെ വെളിപ്പാടിൽ വലിയ സന്തോഷത്തിൽ പങ്കുപററും. ക്രിസ്തുവിന്റെ നാമത്തിനുവേണ്ടി, അഥവാ അവന്റെ ശിഷ്യൻമാർ എന്ന നിലയിൽ നിന്ദ വഹിക്കുന്നത് നമ്മെ സന്തുഷ്ടരാക്കണം, എന്തുകൊണ്ടെന്നാൽ അത് നമുക്ക് യഹോവയുടെ ആത്മാവുണ്ടെന്നതിന് തെളിവു നൽകുന്നു. അതുകൊണ്ട് നാം ദൈവേഷ്ടപ്രകാരം കഷ്ടമനുഭവിക്കുന്നുവെങ്കിൽ നമുക്ക് നമ്മേത്തന്നെ അവന് ശുപാർശചെയ്യുകയും നൻമചെയ്യുന്നതിൽ തുടരുകയും ചെയ്യാം.
ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം നമ്മുടെ ഉത്തരവാദിത്വങ്ങൾ വിശ്വസ്തമായി നിർവഹിക്കുകയും ദൈവത്തിന്റെ ബലിഷ്ഠമായ കരങ്ങളിൻകീഴിൽ നമ്മേത്തന്നെ താഴ്ത്തുകയും ചെയ്യേണ്ട ആവശ്യമുണ്ട്. (5:1-14) മൂപ്പൻമാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മനസ്സോടെ മേയിക്കുകയും, യഹോവ യഥാർത്ഥമായി നമുക്കുവേണ്ടി കരുതുന്നുവെന്നു തിരിച്ചറിഞ്ഞുകൊണ്ട് നാമെല്ലാം നമ്മുടെ ഉത്ക്കണ്ഠകൾ അവന്റെമേൽ ഇടുകയും വേണം. നാം പിശാചിനെതിരെ നമ്മുടെ നിലപാട് എടുക്കുകയും ഒരിക്കലും ധൈര്യമില്ലാത്തവരായിത്തീരാതിരിക്കുകയും ചെയ്യേണ്ടയാവശ്യമുണ്ട്, എന്തുകൊണ്ടെന്നാൽ നമ്മുടെ സഹോദരൻമാർ നാം അനുഭവിക്കുന്ന അതേ കഷ്ടതകൾ അനുഭവിച്ചിട്ടുണ്ട്. യഹോവയാം ദൈവം നമ്മെ ബലിഷ്ഠരാക്കുകയും നാം വിശ്വാസത്തിൽ ഉറപ്പുള്ളവരായി നിലനിൽക്കുക സാധ്യമാക്കിത്തീർക്കുകയും ചെയ്യും. (w91 3⁄15)
[30-ാം പേജിലെ ചതുരം/ചിത്രം]
സ്ത്രീയുടെ അലങ്കാരം: ക്രിസ്തീയ സ്ത്രീകൾക്കുള്ള ബുദ്ധിയുപദേശമായി പത്രോസ് പറഞ്ഞു: “നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമെയുള്ളതായിരിക്കരുത്, എന്നാൽ ദൈവത്തിന്റെ ദൃഷ്ടികളിൽ വളരെ വിലയുള്ളതായ സൗമ്യവും ശാന്തവുമായ ആത്മാവിന്റെ കറപററാത്ത വസ്ത്രത്തിനുള്ളിലെ ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ ആയിരിക്കണം.” (1 പത്രോസ് 3:3, 4) പൊ.യു. ഒന്നാം നൂററാണ്ടിൽ പുറജാതി സ്ത്രീകൾ മിക്കപ്പോഴും അവരുടെ നീണ്ട തലമുടി ആർഭാടപൂർവകമായ രൂപസംവിധാനങ്ങളോടെ പിന്നിയിട്ടുകൊണ്ടും പിണികളിൽ സ്വർണ്ണാഭരണങ്ങൾ തിരുകിവെച്ചുകൊണ്ടും വിപുലമായ കേശാലങ്കാരം നടത്തിയിരുന്നു. സമാനമായി, അനേകർ ബാഹ്യപ്രകടനത്തിനായി അപ്രകാരം ചെയ്തു—ക്രിസ്ത്യാനികൾക്ക് അനുയോജ്യമല്ലാത്തത്. (1 തിമൊഥെയോസ് 2:9, 10) എന്നിരുന്നാലും എല്ലാ അലങ്കാരവും തെററല്ല, എന്തുകൊണ്ടെന്നാൽ പത്രോസ് “വസ്ത്രം ധരിക്കുന്നതും” ഉൾപ്പെടുത്തുന്നു—വ്യക്തമായും ഒരു അവശ്യസംഗതിതന്നെ. സ്വർണ്ണാഭരണങ്ങളും പുരാതന കാലത്തെ ദൈവദാസൻമാർ ഉപയോഗിച്ചിരുന്നു. (ഉൽപ്പത്തി 24:53; പുറപ്പാട് 3:22; 2 ശമൂവേൽ 1:24; യിരെമ്യാവ് 2:32; ലൂക്കോസ് 15:22) എന്നിരുന്നാലും, ഒരു ക്രിസ്തീയവനിത ജ്ഞാനപൂർവം ആർഭാടപൂർവകമായ ആഭരണങ്ങളും വികാരംജനിപ്പിക്കുന്ന വസ്ത്രങ്ങളും ഒഴിവാക്കുകയും അഭിരുചിയുള്ള ഏതു സൗന്ദര്യവർദ്ധക വസ്തുക്കളുടെയും ഉപയോഗത്തിൽ ജാഗ്രതപാലിക്കുകയും ചെയ്യും. അപ്പോസ്തലിക ബുദ്ധിയുപദേശത്തിന്റെ ആശയം അവൾ ബാഹ്യമായ അലങ്കാരത്തിനല്ല, ആന്തരികമായ അലങ്കാരത്തിനാണ് ഊന്നൽ കൊടുക്കേണ്ടത് എന്നാണ്. യഥാർത്ഥത്തിൽ ആകർഷണമുണ്ടായിരിക്കുന്നതിന് അവൾ എളിമയുള്ള വസ്ത്രം ധരിക്കുകയും ദൈവികഭയമുള്ള ഒരുവളുടെ സ്വഭാവം പ്രകടമാക്കുകയുംവേണം.—സദൃശവാക്യങ്ങൾ 31:30; മീഖാ 6:8.
[കടപ്പാട്]
Israel Department of Antiquities and Museums; Israel Museum/David Harris