ദൈവത്തിന്റെ പ്രാവചനിക വചനത്തിന് ശ്രദ്ധകൊടുക്കുക!
രണ്ടു പത്രോസിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ പ്രാവചനിക വചനങ്ങൾ, അല്ലെങ്കിൽ സന്ദേശം, ഒരു ഇരുണ്ടസ്ഥലത്ത് പ്രകാശിക്കുന്ന ഒരു വിളക്കുപോലെയാണ്, സത്യക്രിസ്ത്യാനികൾ അതിന് സൂക്ഷ്മമായ ശ്രദ്ധ കൊടുക്കുകയും വേണം. വ്യാജോപദേഷ്ടാക്കൻമാർ വിശ്വാസത്യാഗം പുരോഗമിപ്പിക്കാൻ ശ്രമിക്കുമ്പോൾ അത് എളുപ്പമല്ല. എന്നാൽ അത് ദിവ്യസഹായത്തോടെ ചെയ്യാൻ കഴിയും. നാം സത്വരം സമീപിച്ചുകൊണ്ടിരിക്കുന്ന യഹോവയുടെ ദിവസത്തെ അതിജീവിക്കണമെങ്കിൽ ദൈവത്തിന്റെ വചനത്തോട് അടുത്തു പററിനിൽക്കയുംവേണം.
അപ്പോസ്തലനായ പത്രോസിന്റെ രണ്ടാമത്തെ നിശ്വസ്തലേഖനത്തിന് ദൈവത്തിന്റെ പ്രാവചനികവചനത്തിന് ശ്രദ്ധകൊടുക്കാൻ നമ്മെ സഹായിക്കാൻ കഴിയും. പത്രോസ് ഈ ലേഖനം ഒരുപക്ഷേ ബാബിലോണിൽനിന്ന് പൊ.യു. ഉദ്ദേശം 64-ൽ എഴുതിയിരിക്കണം. തന്റെ ലേഖനത്തിൽ അവൻ ദൈവത്തിന്റെ സത്യത്തിനുവേണ്ടി വാദിക്കുന്നു, സഹവിശ്വാസികൾക്ക് യഹോവയുടെ ദിവസത്തിന്റെ കള്ളനേപ്പോലെയുള്ള വരവിനെക്കുറിച്ച് മുന്നറിയിപ്പുകൊടുക്കുന്നു, അവന്റെ വായനക്കാരെ നിയമനിഷേധികളായ ആളുകളുടെ തെററിനാൽ നയിക്കപ്പെടാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. യഹോവയുടെ ദിവസം നമ്മോടടുത്ത് എത്തിയിരിക്കുന്നതിനാൽ നമുക്ക് പത്രോസിന്റെ നിശ്വസ്ത വാക്കുകളിൽ നിന്ന് വളരെ പ്രയോജനം അനുഭവിക്കാൻ കഴിയും.
പ്രാവചനിക വചനത്തിൽ ആശ്രയിക്കുക
ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ദൈവികഗുണങ്ങൾ പ്രകടമാക്കുന്നതിന് കഠിനശ്രമം ചെയ്യേണ്ട ആവശ്യമുണ്ട്, പ്രാവചനിക വചനത്തിന് ശ്രദ്ധ കൊടുക്കുകയും വേണം. (2 പത്രോസ് 1:1-21) നിഷ്ക്രിയനൊ അവിശ്വസ്തനൊ ആയിത്തീരുന്നതിനെ ഒഴിവാക്കുന്നതിന് നാം ‘നമ്മുടെ വിശ്വാസത്തോട് വീര്യവും അറിവും ആത്മനിയന്ത്രണവും സഹിഷ്ണുതയും ദൈവികഭക്തിയും സഹോദരപ്രീതിയും സ്നേഹവും’ കൂട്ടേണ്ടയാവശ്യമുണ്ട്. പത്രോസ്, യേശു മറുരൂപപ്പെട്ടത് കാണുകയും ആ സന്ദർഭത്തിൽ ദൈവം ക്രിസ്തുവിനെ സംബന്ധിച്ച് സംസാരിക്കുന്നത് കേൾക്കുകയും ചെയ്തപ്പോൾ പ്രാവചനിക വചനം അധികം സുനിശ്ചിതമാക്കപ്പെട്ടു. (മർക്കോസ് 9:1-8) ആ ദിവ്യനിശ്വസ്തവചനത്തിന് നാം ശ്രദ്ധകൊടുക്കേണ്ടയാവശ്യമുണ്ട്.
വിശ്വാസത്യാഗികൾക്കെതിരെ സൂക്ഷിക്കുക
ദൈവത്തിന്റെ പ്രാവചനിക വചനത്തിന് നിഷ്കൃഷ്ടമായ ശ്രദ്ധ കൊടുക്കുന്നതിനാൽ നമുക്ക് വിശ്വാസത്യാഗികൾക്കും മററു ദുഷിച്ച വ്യക്തികൾക്കുമെതിരേ ജാഗ്രതപാലിക്കാൻ കഴിയും. (2:1-22) വ്യാജ ഉപദേഷ്ടാക്കൻമാർ സഭയെ ദുഷിപ്പിക്കുമെന്ന് പത്രോസ് മുന്നറിയിപ്പു നൽകി. എന്നിരുന്നാലും യഹോവ അനുസരണംകെട്ട ദൂതൻമാരെയും നോഹയുടെ നാളിലെ ഭക്തികെട്ട ലോകത്തെയും സോദോം, ഗോമോറ എന്നീ നഗരങ്ങളെയും ന്യായം വിധിച്ചതുപോലെതന്നെ അവൻ ഈ വിശ്വാസത്യാഗികൾക്കെതിരെ ന്യായവിധി നടപ്പിലാക്കും. വ്യാജ ഉപാദേഷ്ടാക്കൾ ദൈവദത്തമായ അധികാരത്തെ തിരസ്കരിക്കുകയും ബലഹീനരെ ദുഷ്പ്രവൃത്തിക്ക് തങ്ങളോടൊത്തുചേരുന്നതിന് വശീകരിക്കുകയും ചെയ്യും. അത്തരം വിശ്വാസത്യാഗികൾക്ക്, “നീതിയുടെ വഴി” അറിയാതിരിക്കുന്നതായിരുന്നു “അത് സൂക്ഷ്മമായി അറിഞ്ഞശേഷം അവർക്ക് നൽകപ്പെട്ട വിശുദ്ധ കൽപ്പനയിൽ നിന്ന് തിരിഞ്ഞുപോകുന്നതിനേക്കാൾ” മെച്ചമായിരുന്നത്.
യഹോവയുടെ ദിവസം വരുന്നു!
ഈ അന്ത്യനാളുകളിൽ പ്രാവചനിക വചനത്തിന് ശ്രദ്ധകൊടുക്കുന്നവർ എന്ന നിലയിൽ നാം യേശുവിന്റെ സാന്നിദ്ധ്യത്തെ സംബന്ധിച്ച സന്ദേശത്തെ അധിക്ഷേപിക്കുന്നവരാൽ സ്വാധീനിക്കപ്പെടാൻ നമ്മെത്തന്നേ അനുവദിക്കരുത്. (3:1-18) ഈ വ്യവസ്ഥിതിയെ നശിപ്പിക്കാൻ ഉദ്ദേശിച്ചിരിക്കുന്ന ദൈവം ജലപ്രളയത്തിന് മുമ്പുണ്ടായിരുന്ന ലോകത്തെ നശിപ്പിച്ചു എന്ന കാര്യം അവർ വിസ്മരിക്കുന്നു. യഹോവയുടെ ക്ഷമയെ വിളംബമായി വീക്ഷിക്കരുത്, എന്തുകൊണ്ടെന്നാൽ അവൻ ആളുകൾ മാനസാന്തരപ്പെടാൻ ആഗ്രഹിക്കുന്നു. ഈ വ്യവസ്ഥിതി “യഹോവയുടെ ദിവസത്തിൽ” നശിപ്പിക്കപ്പെടുകയും ‘നീതി വസിക്കാനിരിക്കുന്ന പുതിയ ആകാശങ്ങളാലും പുതിയ ഭൂമിയാലും’ മാററിസ്ഥാപിക്കപ്പെടുകയും ചെയ്യും. അതുകൊണ്ട് നാം “കളങ്കമില്ലാത്തവരും കുററമില്ലാത്തവരുമായി സമാധാനത്തിൽ” ആയിരിക്കാൻ നമ്മുടെ പരമാവധി പ്രവർത്തിക്കണം. വ്യാജ ഉപദേഷ്ടാക്കൻമാരാൽ വഴിതെററിക്കപ്പെടുന്നതിനു പകരം നമുക്ക് യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിൽ വളർന്നുവരാം.
നമുക്ക് പത്രോസിന്റെ വാക്കുകൾ ബാധകമാക്കാം. വ്യാജ ഉപദേഷ്ടാക്കൻമാർക്കെതിരേ ജാഗ്രതപാലിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടരുത്. യഹോവയുടെ ദിവസം പെട്ടെന്നു വരുന്നു എന്ന ഒരു ബോധ്യത്തോടെ ജീവിക്കുക. എപ്പോഴും ദൈവത്തിന്റെ പ്രാവചനിക വചനത്തിന് ശ്രദ്ധ കൊടുക്കുകയും ചെയ്യുക. (w91 3⁄15)
[31-ാം പേജിലെ ചതുരം/ചിത്രം]
ടാർട്ടറസ്സിൽ എറിയപ്പെട്ടു: യഹോവ, “പാപംചെയ്ത ദൂതൻമാരെ ശിക്ഷിക്കുന്നതിൽനിന്ന് പിൻമാറിനിന്നില്ല, പകരം അവരെ ന്യായവിധിക്കായി കരുതി ടാർട്ടറസ്സിൽ എറിഞ്ഞുകൊണ്ട്, കൂരിരുട്ടിന്റെ കുഴികളിൽ ഇട്ടിരിക്കുന്നു.” (2 പത്രോസ് 2:4) ഇത്, താണ വ്യാജദൈവങ്ങളായ ക്രോണസ്സിനെയും മററു ടൈററാൻ ആത്മാക്കളെയും തടവിലിട്ടിരിക്കുന്നതായി ഹോമറിന്റെ ഇലിയഡിൽ പറഞ്ഞിരിക്കുന്ന സാങ്കൽപ്പിക ടാർട്ടറസ്സ് അല്ല. ബൈബിളിലെ ടാർട്ടറസ്സ് ദൈവം നോഹയുടെ നാളിൽ അനുസരണംകെട്ട ദൂതൻമാരെ എറിഞ്ഞ നിന്ദ്യമായ തടവുസമാനമായ അവസ്ഥയാണ്. (ഉൽപ്പത്തി 6:1-8; 1 പത്രോസ് 3:19, 20; യൂദാ 6) “കൂരിരുട്ട്,” അവർ ദൈവത്തിന്റെ കുടുംബത്തിൽനിന്ന് പുറംതള്ളപ്പെട്ടവർ എന്ന നിലയിൽ അവന്റെ പ്രകാശത്തിൽനിന്ന് ഛേദിക്കപ്പെട്ടതിന്റെ ഫലമാണ്. അവന്റെ പ്രതികൂലന്യായവിധിക്ക് കാക്കപ്പെട്ടവർ എന്ന നിലയിൽ അവർക്ക് ഒരു ഇരുണ്ട കാഴ്ചപ്പാടുമാത്രമേ ഉള്ളു. ടാർട്ടറസ്സ് സാത്താനെയും അവന്റെ ഭൂതങ്ങളെയും ക്രിസ്തുവിന്റെ ആയിരവർഷ വാഴ്ച തുടങ്ങുന്നതിനു മുമ്പ് അഗാധത്തിലടക്കാൻ പോകുന്നതിന്റെ ഒരു മുന്നോടിയാണ്. അവരുടെ നാശം യേശുവിന്റെ സഹസ്രാബ്ദ വാഴ്ചക്കുശേഷം സംഭവിക്കും.—മത്തായി 25:41; വെളിപ്പാട് 20:1-3, 7-10, 14.
[ചിത്രം]
സ്യൂസ് താണ ദൈവങ്ങളെ ഒരു സാങ്കൽപ്പിക ടാർട്ടറസ്സിൽ എറിഞ്ഞു
[കടപ്പാട്]
National Archaeological Museum, Athens, Greece