രാജ്യപ്രത്യാശയിൽ സന്തോഷിക്കുക!
“പ്രത്യാശയിൽ സന്തോഷിക്കുക. കഷ്ടതയിൽ സഹിച്ചുനിൽക്കുക.”—റോമർ 12:12, NW.
1. യഹോവയുമായുള്ള സഹവാസത്തിൽ നമുക്ക് സന്തോഷം കണ്ടെത്താൻകഴിയുന്നതെന്തുകൊണ്ട്, എന്തു ചെയ്യാൻ അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു?
“സന്തുഷ്ടനായ ദൈവം.” (1തിമൊഥെയോസ് 1:11, NW) ഇത് എത്ര നന്നായി യഹോവയാം ദൈവത്തെ വർണ്ണിക്കുന്നു! എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവന്റെ ക്രിയകളെല്ലാം അവന് വലിയ സന്തുഷ്ടി കൈവരുത്തുന്നു. നല്ലതും സന്തോഷകരവുമായ സകലത്തിന്റെയും ഉറവ് യഹോവയാകയാൽ ബുദ്ധിശക്തിയുള്ള അവന്റെ സകല സൃഷ്ടികൾക്കും അവനുമായുള്ള സഹവാസത്തിൽ സന്തോഷം കണ്ടെത്താൻ കഴിയും. ഉചിതമായി, യഹോവയാം ദൈവത്തെ അറിയുന്നതിലുള്ള തങ്ങളുടെ സന്തോഷകരമായ പദവിയെ വിലമതിക്കാനും സൃഷ്ടിയാകുന്ന അവന്റെ അത്ഭുതകരമായ സകല സമ്മാനങ്ങൾക്കുംവേണ്ടി നന്ദിയുള്ളവരായിരിക്കാനും അവൻ തങ്ങളോടു കാണിക്കുന്ന സകല സ്നേഹദയയിലും സന്തോഷിക്കാനും അപ്പോസ്തലനായ പൗലോസ് ക്രിസ്ത്യാനികളെ പ്രോൽസാഹിപ്പിച്ചു. പൗലോസ് എഴുതി: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ. സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു.”—ഫിലിപ്പിയർ 4:4; സങ്കീർത്തനം 104:31.
2. ഏതു പ്രത്യാശ വലിയ സന്തോഷം കൈവരുത്തുന്നു, ഈ പ്രത്യാശ സംബന്ധിച്ച് എന്തു ചെയ്യാൻ ക്രിസ്ത്യാനികൾ പ്രോൽസാഹിപ്പിക്കപ്പെടുന്നു?
2 പൗലോസ് നൽകിയ ഈ പ്രബോധനം ക്രിസ്ത്യാനികൾ അനുസരിക്കുന്നുണ്ടോ? തീർച്ചയായുമുണ്ട്! യേശുക്രിസ്തുവിന്റെ ആത്മീയ സഹോദരൻമാർ തങ്ങൾക്കു ദൈവം ലഭ്യമാക്കിയ മഹത്തായ പ്രത്യാശയിൽ സന്തോഷിക്കുന്നു. (റോമർ 8:19-21; ഫിലിപ്പിയർ 3:20, 21) അതെ, ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയ രാജ്യഗവൺമെൻറിൽ പങ്കെടുത്തുകൊണ്ട്, അവർ മനുഷ്യവർഗ്ഗത്തിന്റെ, ജീവിച്ചിരിക്കുന്നവരുടെയും മരിച്ചവരുടെയും, മഹത്തായ ഭാവി പ്രത്യാശ നിവർത്തിക്കുന്നതിൽ പങ്കുപററുമെന്ന് അവർക്കറിയാം. രാജാക്കൻമാരും പുരോഹിതൻമാരുമെന്ന നിലയിൽ സേവിച്ചുകൊണ്ട് കൂട്ടവകാശികളെന്ന തങ്ങളുടെ പദവിയിൽ അവർ എത്ര സന്തോഷിക്കുമെന്ന് സങ്കൽപ്പിക്കുക! (വെളിപ്പാട് 20:6) അവർ വിശ്വസ്ത മനുഷ്യവർഗ്ഗത്തെ പൂർണ്ണതയിലെത്താൻ സഹായിക്കുമ്പോഴും നമ്മുടെ ഭൂമിയിൽ പറുദീസായുടെ പുനഃസ്ഥാപനത്തിന് സഹായിക്കുമ്പോഴും അവരുടേത് എന്തോരു സന്തോഷമായിരിക്കും! സത്യമായി, ദൈവത്തിന്റെ സകല ദാസൻമാർക്കും “ഭോഷ്കുപറയാൻ കഴിയാത്ത ദൈവം നീണ്ടുനിൽക്കുന്ന കാലങ്ങൾക്കുമുമ്പ് വാഗ്ദത്തംചെയ്ത നിത്യജീവന്റെ പ്രത്യാശയുടെ അടിസ്ഥാനം” ഉണ്ട്. (തീത്തോസ് 1:2, NW) ഈ മഹത്തായ പ്രത്യാശയുടെ വീക്ഷണത്തിൽ അപ്പോസ്തലനായ പൗലോസ് സകല ക്രിസ്ത്യാനികളെയും “പ്രത്യാശയിൽ സന്തോഷിക്കാ”ൻ പ്രോൽസാഹിപ്പിച്ചു.—റോമർ 12:12.a
യഥാർത്ഥ സന്തോഷം—ഹൃദയത്തിന്റെ ഒരു ഗുണം
3, 4. (എ) “സന്തോഷിക്കുക” എന്ന പദത്തിന്റെ അർത്ഥമെന്ത്, ക്രിസ്ത്യാനികൾ എത്ര കൂടെക്കൂടെ സന്തോഷിക്കണം? (ബി) യഥാർത്ഥ സന്തോഷമെന്താണ്, അത് എന്തിൽ ആശ്രയിച്ചിരിക്കുന്നു?
3 “സന്തോഷിക്കുക” എന്നതിന്റെ അർത്ഥം ആനന്ദം അനുഭവിക്കുകയും പ്രകടിപ്പിക്കുകയും ചെയ്യുക എന്നാണ്; അതിന് നിരന്തരം ഒരു സുഖക്ഷേമാനുഭൂതിയിലും ആഹ്ലാദത്തിമർപ്പിലുമിരിക്കുക എന്ന് അർത്ഥമില്ല. “സന്തോഷം” “ആഹ്ലാദം” “ആനന്ദിക്കൽ” എന്നിവക്ക് ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങളോടു ഒത്തുവരുന്ന ക്രിയകൾ സന്തോഷത്തിന്റെ ആന്തരികവികാരത്തെയും ബാഹ്യമായ പ്രകടനത്തേയും പ്രകാശിപ്പിക്കുന്നു. “സന്തോഷിക്കുന്നതിൽ തുടരാൻ”, “എപ്പോഴും സന്തോഷിപ്പാൻ” ക്രിസ്ത്യാനികൾ പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നു.—2 കൊരിന്ത്യർ 13:11; 1 തെസ്സലോനീക്യർ 5:16.
4 എന്നാൽ ഒരുവന് എങ്ങനെ എപ്പോഴും സന്തോഷിക്കാൻ കഴിയും? യഥാർത്ഥ സന്തോഷം ഹൃദയത്തിന്റെ ഒരു ഗുണം, അഗാധമായ ഒരു ആന്തരികഗുണം, ആത്മീയമായ ഒരു ഗുണം, ആയതുകൊണ്ട് ഇതു സാദ്ധ്യമാണ്. (ആവർത്തനം 28:47; സദൃശവാക്യങ്ങൾ 15:13; 17:22) അത് ദൈവാത്മാവിന്റെ ഒരു ഫലമാണ്, സ്നേഹത്തിനുശേഷം ഉടനെ അതാണ് പൗലോസ് പട്ടികപ്പെടുത്തിയിരിക്കുന്നത്. (ഗലാത്യർ 5:22) ഒരു ആന്തരികഗുണമെന്ന നിലയിൽ അത് ബാഹ്യവസ്തുക്കളിൽ, നമ്മുടെ സഹോദരൻമാരെപ്പോലും, ആശ്രയിച്ചിരിക്കുന്നില്ല. എന്നാൽ അത് ദൈവത്തിന്റെ പരിശുദ്ധാത്മാവിൽ ആശ്രയിച്ചിരിക്കുകതന്നെ ചെയ്യുന്നു. അത് നിങ്ങൾക്ക് സത്യം, രാജ്യപ്രത്യാശ, ഉണ്ടെന്നും നിങ്ങൾ യഹോവക്ക് പ്രസാദകരമായത് ചെയ്യുന്നുവെന്നും അറിയുന്നതിലുള്ള അഗാധമായ സംതൃപ്തിയിൽനിന്ന് സംജാതമാകുന്നതാണ്. അതുകൊണ്ട്, സന്തോഷം നമുക്ക് കേവലം ജൻമനാ കിട്ടിയിട്ടുള്ള ഒരു വ്യക്തിത്വസ്വഭാവമല്ല, അത് “പുതിയ വ്യക്തിത്വ”ത്തിന്റെ, യേശുക്രിസ്തുവിന്റെ പ്രത്യേകതയായിരുന്ന ഗുണങ്ങളുടെ ഒരു മിളനത്തിന്റെ ഭാഗമാണ്.—എഫേസ്യർ 4:24; കൊലൊസ്സ്യർ 3:10.
5. സന്തോഷത്തിന്റെ ബാഹ്യപ്രകടനങ്ങൾ എപ്പോൾ, എങ്ങനെ ഉണ്ടായിരിക്കാവുന്നതാണ്?
5 സന്തോഷം ഒരു ഹൃദയഗുണമാണെങ്കിലും, അത് ചിലപ്പോഴൊക്കെ ബാഹ്യമായി പ്രകടിപ്പിക്കാവുന്നതാണ്. സന്തോഷത്തിന്റെ ചിലപ്പോഴൊക്കെയുള്ള ഈ ബാഹ്യപ്രത്യക്ഷതകൾ എന്തൊക്കെയാണ്? അത് ഒരു മുഖപ്രശാന്തത മുതൽ സന്തോഷംകൊണ്ടുള്ള യഥാർത്ഥ തുള്ളിച്ചാട്ടം വരെ എന്തുമാകാം. (1 രാജാക്കൻമാർ 1:40; ലൂക്കോസ് 1:44; പ്രവൃത്തികൾ 3:8; 6:15) അപ്പോൾ, സംസാരപ്രിയരല്ലാത്തവർക്കോ എല്ലായ്പ്പോഴും പുഞ്ചിരിക്കാത്തവർക്കോ സന്തോഷമില്ല എന്നർത്ഥമുണ്ടോ? ഇല്ല! യഥാർത്ഥ സന്തോഷം നിരന്തരമായ ചിലപ്പിലോ ചിരിയിലോ പുഞ്ചിരിയിലോ വികൃതചിരിയിലോ പ്രകടിതമാകുന്നില്ല. വിവിധ വിധങ്ങളിൽ സന്തോഷം പ്രകടമാകാൻ സാഹചര്യങ്ങൾ ഇടയാക്കുന്നു. നമ്മെ രാജ്യഹാളിൽ അനുയോജ്യരാക്കുന്നത് സന്തോഷം മാത്രമല്ല, പിന്നെയോ നമ്മുടെ സഹോദരപ്രീതിയും സ്നേഹവുമാണ്.
6. ക്രിസ്ത്യാനികൾ അസുഖകരമായ അവസ്ഥകളെ അഭിമുഖീകരിക്കുമ്പോൾപോലും അവർക്ക് എപ്പോഴും സന്തോഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 സന്തോഷത്തിന്റെ നിരന്തരമായ വശം ഒരു ക്രിസ്ത്യാനിയുടെ പുതിയ വ്യക്തിത്വത്തിന്റെ ഹൃദയംഗമമായ സവിശേഷതയായ ആന്തരികസ്ഥിരതയാണ്. ഇതാണ് എല്ലായ്പ്പോഴും സന്തോഷിക്കൽ സാദ്ധ്യമാക്കുന്നത്. തീർച്ചയായും, ചിലപ്പോൾ നാം എന്തെങ്കിലും സംബന്ധിച്ച് അസ്വസ്ഥരായേക്കാം, അല്ലെങ്കിൽ നാം അസുഖകരമായ അവസ്ഥകളെ അഭിമുഖീകരിച്ചേക്കാം. എന്നാൽ അപ്പോഴും നമുക്ക് നമ്മുടെ ഹൃദയത്തിൽ സന്തോഷമുണ്ടായിരിക്കാൻ കഴിയും. ചില ആദിമ ക്രിസ്ത്യാനികൾ പ്രസാദിപ്പിക്കാൻ പ്രയാസമുണ്ടായിരുന്ന യജമാനൻമാരുണ്ടായിരുന്ന അടിമകളായിരുന്നു. അങ്ങനെയുള്ള ക്രിസ്ത്യാനികൾക്ക് എപ്പോഴും സന്തോഷിക്കാൻ കഴിയുമായിരുന്നോ? ഉവ്വ്, അവരുടെ രാജ്യപ്രത്യാശയും അവരുടെ ഹൃദയത്തിലെ സന്തോഷവും നിമിത്തം.—യോഹന്നാൻ 15:11; 16:24; 17:13.
7. (എ) കഷ്ടതയിൻകീഴിലെ സന്തോഷത്തെക്കുറിച്ച് യേശു എന്തു പറഞ്ഞു? (ബി) കഷ്ടതയിൽകീഴിൽ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നതെന്ത്, ഈ കാര്യത്തിൽ ഏററവും നല്ല മാതൃകവെച്ചതാർ?
7 അപ്പോസ്തലനായ പൗലോസ് “പ്രത്യാശയിൽ സന്തോഷിക്കുക” എന്നു പറഞ്ഞുകഴിഞ്ഞയുടനെ “കഷ്ടതയിൻകീഴിൽ സഹിച്ചുനിൽക്കുക” എന്ന് കൂട്ടിച്ചേർത്തു. (റോമർ 12:12, NW) മത്തായി 5:11, 12ൽ (NW) യേശു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ കഷ്ടതയിൻകീഴിലെ സന്തോഷത്തെക്കുറിച്ച് അവനും പ്രസ്താവിക്കുകയുണ്ടായി: “ആളുകൾ നിങ്ങളെ നിന്ദിക്കുകയും നിങ്ങളെ പീഡിപ്പിക്കുകയും . . . ചെയ്യുമ്പോൾ നിങ്ങൾ സന്തുഷ്ടരാകുന്നു. സ്വർഗ്ഗങ്ങളിൽ നിങ്ങളുടെ പ്രതിഫലം വലുതാകയാൽ ആനന്ദിക്കുകയും സന്തോഷത്താൽ തുള്ളിച്ചാടുകയുംചെയ്യുക.” ആനന്ദിക്കുകയും സന്തോഷിച്ചു തുള്ളിച്ചാടുകയും ചെയ്യുകയെന്നത് അക്ഷരീയമായ ഒരു ബാഹ്യപ്രകടനമായിരിക്കണമെന്നില്ല; അത് മുഖ്യമായി പീഡാനുഭവങ്ങളിൻകീഴിൽ ഉറച്ചുനിൽക്കുമ്പോൾ യഹോവയെയും യേശുക്രിസ്തുവിനെയും പ്രസാദിപ്പിക്കുന്നതിൽ ഒരുവനുള്ള അഗാധമായ ആന്തരികസംതൃപ്തിയാണ്. (പ്രവൃത്തികൾ 5:41) യഥാർത്ഥത്തിൽ, കഷ്ടതയിൻകീഴിൽ സഹിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്നത് സന്തോഷമാണ്. (1 തെസ്സലോനീക്യർ 1:6) ഇതിൽ ഏററവും നല്ല മാതൃകവെച്ചത് യേശുവായിരുന്നു. “അവന്റെ മുമ്പാകെ വെക്കപ്പെട്ടിരുന്ന സന്തോഷം നിമിത്തം അവൻ ഒരു ദണ്ഡനസ്തംഭം സഹിച്ചു”വെന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു.—എബ്രായർ 12:2, NW.
പ്രശ്നങ്ങൾ ഗണ്യമാക്കാതെ പ്രത്യാശയിൽ സന്തോഷിക്കൽ
8. ക്രിസ്ത്യാനികൾ ഏതു പ്രശ്നങ്ങളെ അഭിമുഖീകരിച്ചേക്കാം, പ്രശ്നങ്ങൾ ഒരു ക്രിസ്ത്യാനിയുടെ സന്തോഷത്തെ കവർന്നുകളയുന്നില്ലാത്തതെന്തുകൊണ്ട്?
8 യഹോവയുടെ ഒരു ദാസനായിരിക്കുന്നത് ഒരുവനെ പ്രശ്നങ്ങളിൽനിന്ന് വിമുക്തനാക്കുന്നില്ല. കുടുംബപ്രശ്നങ്ങളോ സാമ്പത്തികപ്രയാസങ്ങളോ ആരോഗ്യത്തകർച്ചയോ പ്രിയപ്പെട്ടവരുടെ മരണമോ ഉണ്ടാകാം. അങ്ങനെയുള്ള കാര്യങ്ങൾ ദുഃഖം കൈവരുത്തിയേക്കാമെന്നിരിക്കെ, രാജ്യപ്രത്യാശയിൽ സന്തോഷിക്കുന്നതിനുള്ള നമ്മുടെ അടിസ്ഥാനത്തെ, നമ്മുടെ ഹൃദയങ്ങളിൽ നമുക്കുള്ള ആന്തരികസന്തോഷത്തെ, അവ കവർന്നുകളയുന്നില്ല.—1 തെസ്സലോനീക്യർ 4:13.
9. അബ്രാഹാമിന് ഏതു പ്രശ്നങ്ങൾ ഉണ്ടായിരുന്നു, അവന് ഹൃദയത്തിൽ സന്തോഷമുണ്ടായിരുന്നുവെന്ന് നാം എങ്ങനെ അറിയുന്നു?
9 ദൃഷ്ടാന്തത്തിന് അബ്രാഹാമിന്റെ കാര്യം പരിചിന്തിക്കുക. അവന് ജീവിതം എല്ലായ്പ്പോഴും ഉല്ലാസപ്രദമല്ലായിരുന്നു. അവന് കുടുംബപ്രശ്നങ്ങളുണ്ടായിരുന്നു. അവന്റെ വെപ്പാട്ടിയായിരുന്ന ഹാഗാറും അവന്റെ ഭാര്യയായിരുന്ന സാറായും രമ്യതയിലായിരുന്നില്ല. കലമ്പൽ ഉണ്ടായിരുന്നു. (ഉല്പത്തി 15:4, 5) ഇസ്മായേൽ ഇസ്ഹാക്കിനെ പീഡിപ്പിച്ചുകൊണ്ട് കളിയാക്കി. (ഉല്പത്തി 21:8, 9; ഗലാത്യർ 4:29) ഒടുവിൽ, അബ്രാഹാമിന്റെ പ്രിയപത്നി ആയിരുന്ന സാറാ മരിച്ചു. (ഉല്പത്തി 23:2) ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും അബ്രാഹാമിന്റെ സന്തതിയായ രാജ്യസന്തതിയുടെ പ്രത്യാശയിൽ അവൻ സന്തോഷിച്ചു, അവൻ മുഖാന്തരമാണല്ലോ ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളേത്തന്നെ അനുഗ്രഹിക്കുന്നത്. (ഉല്പത്തി 22:15-18) അവൻ ഊർ എന്ന സ്വന്ത നഗരം വിട്ടുപോന്നശേഷം ഒരു നൂറുവർഷം തന്റെ ഹൃദയത്തിൽ സന്തോഷത്തോടെ യഹോവയുടെ സേവനത്തിൽ സഹിച്ചുനിന്നു. തന്നിമിത്തം അവനെക്കുറിച്ച് ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: “അവൻ ദൈവം ശില്പിയും നിർമ്മാതാവുമായിരിക്കുന്ന യഥാർത്ഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി കാത്തിരിക്കുകയായിരുന്നു.” വരാനിരുന്ന മശിഹൈകരാജ്യത്തിലുള്ള അബ്രാഹാമിന്റെ വിശ്വാസം നിമിത്തം രാജാവായിരിക്കാൻ ദൈവത്താൽ നിയമിക്കപ്പെട്ടുകഴിഞ്ഞ കർത്താവായ യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “അബ്രാഹാം . . . എന്റെ ദിവസം കാണുന്നതിന്റെ പ്രതീക്ഷയിൽ അതിയായി സന്തോഷിച്ചു, അവൻ അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.”—എബ്രായർ 11:10; യോഹന്നാൻ 8:56, NW.
10, 11. (എ) ക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്ക് ഏതു പോരാട്ടമുണ്ട്, നാം എങ്ങനെ വിടുവിക്കപ്പെടുന്നു? (ബി) നമ്മുടെ പാപപൂർണ്ണമായ ജഡത്തിനെതിരായി പൂർണ്ണമായി പോരാടുന്നതിലുള്ള നമ്മുടെ അപ്രാപ്തിക്ക് എന്ത് പരിഹാരം വരുത്തുന്നു?
10 അപൂർണ്ണമനുഷ്യരെന്ന നിലയിൽ, നമുക്ക് നമ്മുടെ പാപപൂർണ്ണമായ ജഡത്തോടും പോരാടേണ്ടതുണ്ട്, ശരിചെയ്യുന്നതിനുള്ള ഈ പോരാട്ടം വളരെ ക്ലേശകരമായിരിക്കാൻ കഴിയും. നമ്മുടെ ദൗർബല്യങ്ങൾക്കെതിരായ നമ്മുടെ പോരാട്ടത്തിന് നമുക്ക് പ്രത്യാശയില്ലെന്ന് അർഥമില്ല. ഈ പോരാട്ടം സംബന്ധിച്ച് പൗലോസിന് അരിഷ്ടത തോന്നി, അവൻ പറഞ്ഞു: “ഈ മരണത്തിനു വിധേയമാകുന്ന ശരീരത്തിൽനിന്ന് ആർ എന്നെ വിടുവിക്കും? നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു നന്ദി!” (റോമർ 7:24, 25, NW) യേശുക്രിസ്തുവും അവൻ പ്രദാനംചെയ്ത മറുവിലയും മുഖാന്തരം നാം വിടുവിക്കപ്പെടുന്നു.—റോമർ 5:19-21.
11 ക്രിസ്തുവിന്റെ മറുവിലയാഗം പൂർണ്ണമായി പോരാടാനുള്ള നമ്മുടെ അപ്രാപ്തിക്ക് പരിഹാരംവരുത്തുന്നു. ഈ മറുവില ശുദ്ധീകരിക്കപ്പെട്ട ഒരു മനഃസാക്ഷിയും നമ്മുടെ പാപങ്ങളുടെ മോചനവും സാദ്ധ്യമാക്കുന്നതുകൊണ്ട് നമുക്ക് അതിൽ സന്തോഷിക്കാൻ കഴിയും. എബ്രായർ 9:14ൽ പൗലോസ് “നമ്മുടെ മനഃസാക്ഷിയെ നിർജ്ജീവപ്രവൃത്തികളിൽനിന്ന് ശുദ്ധീകരിക്കുന്ന”തിനു ശക്തിയുള്ള “ക്രിസ്തുവിന്റെ രക്ത”ത്തെക്കുറിച്ച് പ്രസ്താവിക്കുന്നു. അങ്ങനെ, ക്രിസ്ത്യാനികളുടെ മനഃസാക്ഷികൾ കുററവിധിയാലും കുററവിചാരങ്ങളാലും ഭാരപ്പെടേണ്ടതില്ല. ഇതും ഇതോടൊപ്പം നമുക്കുള്ള പ്രത്യാശയും സന്തോഷ ഹർഷത്തിനുള്ള ശക്തമായ ഒരു സ്വാധീനമായിരിക്കുന്നു. (സങ്കീർത്തനം 103:8-14; റോമർ 8:1, 2, 32) നമ്മുടെ പ്രത്യാശയെക്കുറിച്ചുള്ള നമ്മുടെ ധ്യാനത്തിലൂടെ നമ്മളെല്ലാം വിജയപ്രദമായ പോരാട്ടം നടത്തുന്നതിന് പ്രോൽസാഹിപ്പിക്കപ്പെടും.
നമ്മുടെ പ്രത്യാശയെ മനസ്സിൽ അടുപ്പിച്ചുനിർത്തൽ
12. അഭിഷിക്ത ക്രിസ്ത്യാനികൾക്ക് ഏതു പ്രത്യാശയെക്കുറിച്ച് ധ്യാനിക്കാൻ കഴിയും?
12 ആത്മാഭിഷിക്തരായ ശേഷിപ്പും വേറെ ആടുകളും “രക്ഷയുടെ പ്രത്യാശ”യെ ഒരു സംരക്ഷക ശിരസ്ത്രമെന്നപോലെ ധരിച്ചുകൊണ്ട് മനസ്സിൽ സൂക്ഷിക്കുന്നത് പ്രധാനമാണ്. (1 തെസ്സലോനീക്യർ 5:8) അഭിഷിക്തക്രിസ്ത്യാനികൾക്ക് സ്വർഗ്ഗത്തിൽ അമർത്ത്യത സമ്പാദിക്കുന്നതിന്റെയും യഹോവയാം ദൈവത്തിങ്കൽ പ്രവേശനം ലഭിക്കുന്നതിന്റെയും മഹത്വീകരിക്കപ്പെട്ട യേശുക്രിസ്തുവിനോടും അപ്പോസ്തലൻമാരോടും നൂററാണ്ടുകളിലെല്ലാം നിർമ്മലത പാലിച്ച 1,44,000ത്തിലെ മറെറല്ലാവരോടും വ്യക്തിപരമായ സഹവാസമനുഭവിക്കുന്നതിന്റെയും അത്ഭുതകരമായ പദവിയെക്കുറിച്ച് ധ്യാനിക്കാൻ കഴിയും. സഹവാസത്തിന്റെ എന്തൊരവർണ്ണനീയമായ സമൃദ്ധി!
13. ഇപ്പോഴും ഭൂമിയിലുള്ള അഭിഷിക്തർ തങ്ങളുടെ പ്രത്യാശയെക്കുറിച്ച് എങ്ങനെ വിചാരിക്കുന്നു?
13 ഇപ്പോഴും ഭൂമിയിലുള്ള ചുരുക്കംചില അഭിഷിക്തർ തങ്ങളുടെ രാജ്യപ്രത്യാശയെക്കുറിച്ച് എങ്ങനെയാണ് വിചാരിക്കുന്നത്? ഇത് 1913ൽ സ്നാപനമേററ ഒരാളുടെ വാക്കുകളിൽ സംഗ്രഹിക്കാൻകഴിയും. “നമ്മുടെ പ്രത്യാശ ഉറപ്പുള്ള ഒന്നാണ്, അത് നമ്മൾ ഊഹിച്ചിട്ടുള്ളതിനതീതമായ ഒരു തോതിൽപോലും ചെറിയ ആട്ടിൻകൂട്ടത്തിലെ 1,44,000 അംഗങ്ങളിൽ ഓരോ അവസാനത്തെയാളിലും പൂർണ്ണമായി നിവർത്തിക്കപ്പെടും. ഞങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ പോകാൻ പ്രതീക്ഷിച്ച 1914ൽ ഉണ്ടായിരുന്ന ശേഷിപ്പിൽ പെട്ട ഞങ്ങൾക്ക് ആ പ്രത്യാശയുടെ മൂല്യബോധം നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ ഞങ്ങൾ എന്നത്തേതുംപോലെ ശക്തരാണ്, എന്നാൽ ഞങ്ങൾ എത്ര ദീർഘമായി അതിനായി കാത്തിരിക്കണമോ അത്രക്ക് അതിനെ പൂർവാധികം വിലമതിക്കുകയാണ്. അത് ഒരു ദശലക്ഷം വർഷം വേണമെങ്കിലും കാത്തിരിക്കാൻ തക്ക മൂല്യമുള്ള ഒന്നാണ്. ഞാൻ നമ്മുടെ പ്രത്യാശയെ മുമ്പെന്നത്തേതിലുമധികമായി കൂടുതൽ ശ്രേഷ്ഠമായി വിലയിരുത്തുന്നു, അതിനോടുള്ള വിലമതിപ്പു നഷ്ടപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ചെറിയ ആട്ടിൻകൂട്ടത്തിന്റെ പ്രത്യാശ, വേറെ ആടുകളുടെ മഹാപുരുഷാരത്തിന്റെ പ്രതീക്ഷയും നമ്മുടെ അതിശോഭനമായ സങ്കല്പത്തിനതീതമായി യാതൊരു പരാജയസാദ്ധ്യതയും കൂടാതെ നിവർത്തിക്കപ്പെടുമെന്നുള്ള ഉറപ്പു നൽകുന്നു. അതുകൊണ്ടാണ് ഞങ്ങൾ ഈ അവസാനത്തെ നാഴികവരെയും മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നത്, ദൈവം തന്റെ ‘വിലയേറിയതും വളരെ മഹത്തുമായ വാഗ്ദത്തങ്ങളോട്’ വിശ്വസ്തനാണെന്ന് യഥാർഥമായി തെളിയിക്കുന്നതുവരെ ഞങ്ങൾ മുറുകെപ്പിടിക്കാൻപോകുകയുമാണ്.”—2 പത്രോസ് 1:4; സംഖ്യാപുസ്തകം 23:19; റോമർ 5:5.
ഇപ്പോൾ പറുദീസാപ്രത്യാശയിൽ സന്തോഷിക്കുന്നു
14. മഹാപുരുഷാരം ഏതു പ്രത്യാശ മനസ്സിൽ സൂക്ഷിക്കേണ്ടതുണ്ട്?
14 ആഹ്ലാദകരമായ വിശ്വാസത്തിന്റെ അത്തരം പ്രകടനം വേറെ ആടുകളിലെ മഹാപുരുഷാരത്തിൽ സന്തോഷിക്കുന്നതിനുള്ള മഹത്തായ കാരണങ്ങൾ നിറക്കുന്നു. (വെളിപ്പാട് 7:15, 16) അങ്ങനെയുള്ളവർ അർമ്മഗെദ്ദോനെ അതിജീവിക്കുന്നതിനുള്ള പ്രത്യാശ മനസ്സിൽ പിടിക്കേണ്ടതുണ്ട്. അതെ, ദൈവരാജ്യം യഹോവയാം ദൈവത്തിന്റെ സാർവത്രിക പരമാധികാരത്തെ സംസ്ഥാപിക്കുകയും മഹോപദ്രവം വരുത്തിക്കൊണ്ട് അവന്റെ മഹത്തായ നാമത്തെ വിശുദ്ധീകരിക്കുകയും ചെയ്യുന്നതു കാണാൻ നോക്കിപ്പാർത്തിരിക്കുക. മഹോപദ്രവം പിശാച് ആരുടെ ദൈവമായിരിക്കുന്നുവോ ആ ദുഷ്ടൻമാരിൽനിന്ന് ഭൂമിയെ ശുദ്ധീകരിക്കും. ആ മഹോപദ്രവത്തെ അതിജീവിക്കുന്നത് എന്തൊരു സന്തോഷമായിരിക്കും!—ദാനിയേൽ 2:44; വെളിപ്പാട് 7:14.
15. (എ) യേശു ഭൂമിയിലായിരുന്നപ്പോൾ ഏതു സൗഖ്യമാക്കൽ വേല ചെയ്തു, എന്തുകൊണ്ട്? (ബി) അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെ ആരോഗ്യാവശ്യങ്ങൾ എന്തൊക്കെയായിരിക്കും, അവർ പുനരുത്ഥാനംപ്രാപിക്കുന്നവരിൽനിന്ന് വ്യത്യസ്തരായിരിക്കുന്നതെന്തുകൊണ്ട്?
15 മഹാപുരുഷാരത്തെക്കുറിച്ച് വെളിപ്പാട് 7:17 ഇങ്ങനെ പറയുന്നു: “കുഞ്ഞാട് അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താൻ അവരുടെ കണ്ണിൽനിന്ന് കണ്ണുനീർ എല്ലാം തുടെച്ചുകളയുകയും ചെയ്യും.” ഈ പ്രവചനത്തിന് ഇപ്പോൾ ഒരു ആത്മീയ നിവൃത്തി ഉണ്ടെങ്കിലും അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ അതു അക്ഷരീയമായി നിവർത്തിക്കപ്പെടുന്നതു കാണും. എങ്ങനെ? ശരി, യേശു ഭൂമിയിലായിരുന്നപ്പോൾ എന്തു ചെയ്തു? അവൻ അംഗഭംഗം ഭവിച്ചവരെ സൗഖ്യമാക്കുകയും മുടന്തരെ നടക്കുമാറാക്കുകയും ബധിരരുടെ ചെവികളും അന്ധരുടെ കണ്ണുകളും തുറക്കുകയും ചെയ്തു; അവൻ കുഷ്ഠവും തളർവാതവും “സകല തരം രോഗവും സകല തരം ദൗർബല്യവും” സൗഖ്യമാക്കുകയും ചെയ്തു. (മത്തായി 9:35; 15:30, 31) അതല്ലേ ക്രിസ്ത്യാനികൾക്ക് ഇന്ന് ആവശ്യമായിരിക്കുന്നത്? മഹാപുരുഷാരം പഴയലോക വൈകല്യങ്ങളും ദൗർബല്യങ്ങളും പുതിയ ലോകത്തിലേക്കു കൊണ്ടുപോകും. അതുസംബന്ധിച്ച് കുഞ്ഞാട് എന്തു ചെയ്യാൻ നാം പ്രതീക്ഷിക്കുന്നു? അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെ ആവശ്യങ്ങൾ പുനരുത്ഥാനം പ്രാപിക്കുന്നവരുടെ ആവശ്യങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായിരിക്കും. പുനരുത്ഥാനം പ്രാപിക്കുന്നവർ മാനുഷപൂർണ്ണത അപ്പോഴും ഇല്ലെങ്കിലും തികഞ്ഞ, അവികലമായ, ആരോഗ്യമുള്ള ശരീരങ്ങളോടെ പുനഃസൃഷ്ടിക്കപ്പെടാനിടയുണ്ട്. പുനരുത്ഥാനത്തിന്റെ അത്ഭുതം നിമിത്തം അവർക്ക് അതിനുശേഷം സൗഖ്യമാക്കലിന്റെ അത്ഭുതത്താൽ എന്തെങ്കിലും മുൻവൈകല്യങ്ങളുടെ കേടുപോക്കൽ ആവശ്യമായിരിക്കുകയില്ല. മറിച്ച്, അർമ്മഗെദ്ദോനെ അതിജീവിക്കുന്ന അനുപമമായ അനുഭവം നിമിത്തം അത്ഭുതകരമായ കേടുപോക്കലായിരിക്കും മഹാപുരുഷാരത്തിൽ പെട്ട അനേകർക്ക് ആവശ്യമായിരിക്കുന്നതും ലഭ്യമാകുന്നതും. പ്രത്യക്ഷത്തിൽ, യേശുവിന്റെ സൗഖ്യമാക്കലുകളുടെ ഒരു മുഖ്യ ഉദ്ദേശ്യം മഹാപുരുഷാരം അതിജീവിക്കുന്നതിന്റെ മാത്രമല്ല, തദനന്തരം സൗഖ്യമാക്കപ്പെടുന്നതിന്റെയും മഹത്തായ പ്രത്യാശ അവരുടെ പ്രയോജനത്തിനുവേണ്ടി വരച്ചുകാട്ടുകയെന്നതായിരുന്നു.
16. (എ) അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെ അത്ഭുതകരമായ സൗഖ്യമാക്കൽ എപ്പോൾ നടന്നേക്കാം, എന്തു ഫലത്തോടെ? (ബി) നാം സഹസ്രാബ്ദത്തിൽ ഏതു പ്രത്യാശയിൽ തുടർന്നു സന്തോഷിക്കും?
16 അങ്ങനെയുള്ള അത്ഭുതകരമായ സൗഖ്യമാക്കൽ ന്യായാനുസൃതം അർമ്മഗെദ്ദോനുശേഷം ആപേക്ഷികമായി പെട്ടെന്നും പുനരുത്ഥാനം തുടങ്ങുന്നതിന് വളരെ മുമ്പും അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെ ഇടയിൽ നടക്കും. (യെശയ്യാവ് 33:24; 35:5, 6; വെളിപ്പാട് 21:4; മർക്കോസ് 5:25-29) അപ്പോൾ ആളുകൾ കണ്ണടകളും വടികളും ഊന്നുവടികളും ചക്രക്കസേരകളും കൃത്രിമദന്തങ്ങളും ശ്രവണസഹായികളും മററും എറിഞ്ഞുകളയും. സന്തോഷത്തിന് എന്തൊരു കാരണം! യേശുവിനാലുള്ള അത്തരം നേരത്തെയുള്ള പുനഃസ്ഥാപന നടപടികൾ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർക്ക് പുതിയഭൂമിയുടെ അടിസ്ഥാനമെന്ന നിലയിലുള്ള ധർമ്മത്തോട് എത്ര നന്നായി യോജിക്കുന്നു! വികലമാക്കുന്ന വ്യാധികൾ വഴിയിൽനിന്ന് നീക്കംചെയ്യപ്പെടും, തന്നിമിത്തം ഈ അതിജീവകർക്ക് അവരുടെ മുമ്പാകെ നീണ്ടുകിടക്കുന്ന സഹസ്രാബ്ദത്തിലെ അത്ഭുതകരമായ പ്രവർത്തനത്തിലേക്ക് ആകാംക്ഷാപൂർവം നോക്കിക്കൊണ്ട് അതീവ താത്പര്യത്തോടെ മുന്നേറാൻ കഴിയും, പഴയലോകം അവരെ ക്ലേശിപ്പിച്ചിരിക്കാവുന്ന കാര്യങ്ങളാൽ മന്ദീഭവിക്കാതെ തന്നെ. അതെ, അർമ്മഗെദ്ദോനുശേഷം പോലും മഹാപുരുഷാരം ആയിരം വർഷത്തിന്റെ അവസാനത്തിൽ പൂർണ്ണ മനുഷ്യജീവൻ പ്രാപിക്കുന്നതിന്റെ അത്ഭുതകരമായ പ്രത്യാശയിൽ സന്തോഷിക്കുന്നതിൽ തുടരും. സഹസ്രാബ്ദത്തിലെല്ലാം അവർ ആ സന്തുഷ്ട ലാക്കിലെത്തുന്നതിന്റെ പ്രത്യാശയിൽ സന്തോഷിക്കുന്നതായിരിക്കും.
17. പറുദീസ പുനഃസ്ഥാപിക്കുന്ന വേല തുടരുമ്പോൾ എന്തു സന്തോഷങ്ങൾ ഉണ്ടായിരിക്കും?
17 നിങ്ങളുടെ പ്രത്യാശ അതാണെങ്കിൽ, ഭൂമിയിൽ പറുദീസാ പുനഃസ്ഥാപിക്കുന്നതിൽ പങ്കെടുക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ചും ധ്യാനിക്കുക. (ലൂക്കോസ് 23:42, 43) അർമ്മഗെദ്ദോനെ അതിജീവിക്കുന്നവർ ഭൂമിയെ വെടിപ്പാക്കുന്നതിലും മരിച്ചവർക്ക് പുനരുത്ഥാനംപ്രാപിക്കുന്നതിന് ഉല്ലാസപ്രദമായ സ്ഥാനങ്ങൾ ഒരുക്കിക്കൊടുക്കുന്നതിനും സഹായിക്കുമെന്നുള്ളതിന് സംശയമില്ല. ശവസംസ്കാരങ്ങൾക്കുപകരം മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർ ഉൾപ്പെടെ പുനരുത്ഥാനത്തിലേക്കു വരുത്തപ്പെടുന്നവർക്കുവേണ്ടിയുള്ള സ്വാഗതയോഗങ്ങൾ ക്രമീകരിക്കപ്പെട്ടേക്കാം. കഴിഞ്ഞ നൂററാണ്ടുകളിൽനിന്നുള്ള വിശ്വസ്ത സ്ത്രീപുരുഷൻമാരുമായുള്ള സമ്പന്നമാക്കുന്ന കൂട്ടായ്മയെക്കുറിച്ച് ചിന്തിക്കുക. നിങ്ങൾ വിശേഷാൽ ആരോടു സംസാരിക്കാനാണ് ആഗ്രഹിക്കുന്നത്? ഹാബേലിനോടോ, ഹാനോക്കിനോടോ, നോഹയോടോ, ഇയ്യോബിനോടോ, അബ്രാഹാമിനോടോ, സാറായോടോ, ഇസ്ഹാക്കിനോടോ, യാക്കോബിനോടോ, യോസേഫിനോടോ, മോശയോടോ, യോശുവയോടോ, രാഹാബിനോടോ, ദെബോരായോടോ, ശിംശോനോടോ, ദാവീദിനോടോ, ഏലിയാവിനോടോ, എലീശായോടോ, യിരെമ്യാവിനോടോ, യെഹെസ്ക്കേലിനോടോ, ദാനിയേലിനോടോ, യോഹന്നാൻ സ്നാപകനോടോ? ശരി, അപ്പോൾ ഈ ഉല്ലാസപ്രദമായ പ്രതീക്ഷയും നിങ്ങളുടെ പ്രത്യാശയുടെ ഭാഗമാണ്. നിങ്ങൾക്ക് അവരുമായി സംഭാഷിക്കാനും അവരിൽനിന്ന് പഠിക്കാനും മുഴു ഭൂമിയെയും ഒരു പറുദീസായാക്കുന്നതിൽ അവരോടൊത്തു പ്രവർത്തിക്കാനും കഴിയും.
18. കൂടുതലായ എന്തു സന്തോഷങ്ങളെക്കുറിച്ച് നമുക്ക് വിചിന്തനംചെയ്യാൻ കഴിയും?
18 യഹോവ എങ്ങനെയായിരിക്കാൻ ഭൂമിയെ സൃഷ്ടിച്ചുവോ ആ പൂർണ്ണമായ പരിതസ്ഥിതീയ സന്തുലനത്തിൽ അത് പുനഃസ്ഥാപിക്കപ്പെടുമ്പോഴുള്ള ആരോഗ്യാവഹമായ ആഹാരത്തെയും ശുദ്ധജലത്തെയും ശുദ്ധവായുവിനെയും കുറിച്ച് ചിന്തിക്കുക. അന്ന് ജീവിതം പൂർണ്ണതയുടെ നിഷ്ക്രിയമായ ആസ്വാദനം മാത്രമായിരിക്കയില്ല, പിന്നെയോ സന്തോഷകരമായ പ്രവർത്തനങ്ങളിലെ ക്രിയാത്മകവും അർത്ഥവത്തുമായ പങ്കുപററലായിരിക്കും. കുററകൃത്യത്തിൽനിന്നും അഹന്തയിൽനിന്നും അസൂയയിൽനിന്നും ശണ്ഠയിൽനിന്നും വിമുക്തമായ ഒരു ലോകവ്യാപക ജനസമുദായത്തെക്കുറിച്ച്—എല്ലാവരും ആത്മാവിന്റെ ഫലം നട്ടുവളർത്തുന്നതും ഉല്പാദിപ്പിക്കുന്നതുമായ ഒരു സഹോദരവർഗ്ഗത്തെക്കുറിച്ച്— വിചിന്തനംചെയ്യുക. എത്ര രോമാഞ്ചജനകം!—ഗലാത്യർ 5:22, 23.
ജീവിതത്തെ ജീവിക്കാൻ വിലയുള്ളതാക്കുന്ന പ്രത്യാശ
19. (എ) റോമർ 12:12ൽ പറയപ്പെട്ടിരിക്കുന്ന സന്തോഷം എപ്പോൾ അനുഭവപ്പെടേണ്ടതാണ്? (ബി) ജീവിതഭാരങ്ങൾ നമ്മുടെ പ്രത്യാശയെ പുറന്തള്ളാൻ അനുവദിക്കാതിരിക്കാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കേണ്ടതെന്തുകൊണ്ട്?
19 സാക്ഷാത്ക്കരിക്കപ്പെട്ട പ്രത്യാശ മേലാൽ പ്രത്യാശയായിരിക്കുന്നില്ല, അതുകൊണ്ട് റോമർ 12:12-ൽ പൗലോസ് പ്രോൽസാഹിപ്പിക്കുന്ന സന്തോഷിക്കൽ ഇപ്പോൾ അനുഭവപ്പെടേണ്ടതാണ്. (റോമർ 8:24) ദൈവരാജ്യം കൈവരുത്തുന്ന ഭാവിയനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുന്നതുതന്നെ ആ പ്രത്യാശയെക്കുറിച്ച് ഇപ്പോൾ സന്തോഷിക്കുന്നതിന് നമുക്കുള്ള കാരണമാണ്. അതുകൊണ്ട് ഒരു ദുഷിച്ച ലോകത്തിലെ ജീവിതഭാരങ്ങൾ നിങ്ങളുടെ പ്രത്യാശയെ പുറന്തള്ളാൻ അനുവദിക്കാതിരിക്കുന്നതിന് ദൃഢനിശ്ചയമുണ്ടായിരിക്കുക. ഭാവി പ്രത്യാശയുടെ കാഴ്ചപ്പാട് നഷ്ടപ്പെട്ടുകൊണ്ട് ക്ഷീണിച്ചു വിരമിക്കരുത്. (എബ്രായർ 12:3) ക്രിസ്തീയഗതി ഉപേക്ഷിച്ചുകളയുന്നത് നിങ്ങളുടെ പ്രശ്നങ്ങളെ പരിഹരിക്കുകയില്ല. ഇപ്പോഴത്തെ സകല ജീവിതഭാരങ്ങളും നിമിത്തം ഒരുവൻ ദൈവത്തെ സേവിക്കുന്നതു നിർത്തിക്കളയുന്നുവെങ്കിൽ, അയാൾ പിന്നെയും ആ ഭാരങ്ങളോടു പററിനിൽക്കുകയാണെന്ന് ഓർക്കുക. എന്നാൽ അയാൾക്ക് പ്രത്യാശ നഷ്ടപ്പെടുന്നു, തന്നിമിത്തം അത്ഭുതകരമായ ഭാവി പ്രതീക്ഷകളിൽ സന്തോഷിക്കുന്നതിന്റെ സാദ്ധ്യതയും നഷ്ടപ്പെടുന്നു.
20. രാജ്യപ്രത്യാശയെ സ്വീകരിക്കുന്നവരുടെമേൽ അതിന് എന്തു ഫലമുണ്ട്, എന്തുകൊണ്ട്?
20 യഹോവയുടെ ജനത്തിന് സന്തുഷ്ടജീവിതം നയിക്കാൻ സകല കാരണവുമുണ്ട്. ശോഭനവും പ്രചോദനാത്മകവുമായ അവരുടെ പ്രത്യാശ ജീവിതത്തെ ജീവിക്കാൻ വിലയുള്ളതാക്കിത്തീർക്കുന്നു. അവർ ഈ സന്തോഷകരമായ പ്രത്യാശ തങ്ങളിൽത്തന്നെ ഒതുക്കിനിർത്തുന്നില്ല. ഇല്ല, അവർ മററുള്ളവർക്ക് അത് പങ്കുവെക്കാൻ ആകാംക്ഷയുള്ളവരാണ്. (2 കൊരിന്ത്യർ 3:12) അതുകൊണ്ടാണ് രാജ്യപ്രത്യാശ സ്വീകരിക്കുന്നവർ ദൃഢവിശ്വാസമുള്ള ഒരു ജനമായിരിക്കുന്നത്, ദൈവത്തിൽനിന്നുള്ള സുവാർത്ത മററുള്ളവരോടു പറഞ്ഞുകൊണ്ട് അവരെ പ്രോൽസാഹിപ്പിക്കാൻ അവർ ശ്രമിക്കുന്നത്. ഇത് സന്ദേശം സ്വീകരിക്കുന്നവരുടെ ജീവിതത്തെ പൊതുമനുഷ്യവർഗ്ഗത്തിന് കൊടുക്കപ്പെട്ടിട്ടുള്ളതിലേക്കും അത്യന്തം അത്ഭുതകരമായ പ്രത്യാശകൊണ്ടു നിറക്കുന്നു—ഭൂമിയിൽ പറുദീസാ പുനഃസ്ഥാപിക്കുന്ന രാജ്യത്തിന്റെ പ്രത്യാശതന്നെ. ആളുകൾ അതു സ്വീകരിക്കുന്നില്ലെങ്കിൽ, നമുക്കു പ്രത്യാശ ഉള്ളതിനാൽ നാം തുടർന്നു സന്തോഷിക്കും. കേൾക്കാൻ വിസമ്മതിക്കുന്നവർക്കാണ് നഷ്ടം ഭവിക്കുന്നത്, നമുക്കല്ല.—2 കൊരിന്ത്യർ 4:3, 4.
21. എന്ത് സമീപിച്ചിരിക്കുന്നു, നാം നമ്മുടെ പ്രത്യാശയെ എങ്ങനെ വിലയിരുത്തണം?
21 ദൈവത്തിന്റെ വാഗ്ദത്തം ഇതാണ്: “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാട് 21:5) വശ്യസുന്ദരവും അനന്തവുമായ അനുഗ്രഹങ്ങളോടുകൂടിയ പുതിയ ലോകം സമീപിച്ചിരിക്കുന്നു. സ്വർഗ്ഗത്തിലെയോ ഒരു പറുദീസാഭൂമിയിലെയോ ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ പ്രത്യാശ വിലയേറിയതാണ്; അതിനോട് പററിനിൽക്കുക. ഈ ദുർഘടമായ അവസാന നാളുകളിൽ അതിനെ, പൂർവാധികം “നിശ്ചയവും ഉറപ്പുമുള്ള, ദേഹിയുടെ നങ്കൂരമെന്ന നിലയിൽ” വീക്ഷിക്കുക. നമ്മുടെ പ്രത്യാശ, “നിത്യപാറ—യുഗങ്ങളായുള്ള പാറ” ആയ യഹോവയിൽ നങ്കൂരമുറപ്പിച്ചതാകയാൽ, നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്ന “പ്രത്യാശയിൽ സന്തോഷിക്കു”ന്നതിന് നമുക്ക് തീർച്ചയായും ശക്തവും ആഹ്ലാദദായകവുമായ കാരണം ഇപ്പോൾത്തന്നെയുണ്ട്.—എബ്രായർ 6:19; യെശയ്യാവ് 26:4, ദി ആംപ്ലിഫൈഡ് ബൈബിൾ. (w91 12/15)
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി 1992ൽ ഒരു വാർഷികവാക്യമായി ഉപയോഗിക്കുന്നത് ഇതായിരിക്കും: “പ്രത്യാശയിൽ സന്തോഷിക്കുക. . . . പ്രാർത്ഥനയിൽ ഉററിരിക്കുക.”—റോമർ 12:12, NW.
പുനരവലോകന ചോദ്യങ്ങൾ
◻ മനുഷ്യവർഗ്ഗത്തിന്റെ വലിയ പ്രത്യാശ എന്താണ്?
◻ യഥാർത്ഥ സന്തോഷമെന്താണ്?
◻ അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരുടെ അത്ഭുതകരമായ സൗഖ്യമാക്കൽ എപ്പോൾ നടക്കാൻ ഇടയുണ്ട്?
◻ ജീവിതഭാരങ്ങൾ നമ്മുടെ പ്രത്യാശയെ പുറന്തള്ളാൻ നാം അനുവദിക്കരുതാത്തതെന്തുകൊണ്ട്?
◻ പുതിയ ലോകത്തിൽ നിങ്ങൾ എന്തു സന്തോഷങ്ങൾക്കായി നോക്കിപ്പാർത്തിരിക്കുന്നു?
[9-ാം പേജിലെ ചിത്രം]
യേശു നിർവഹിച്ച തരം സൗഖ്യമാക്കലുകൾക്ക് സാക്ഷ്യം വഹിക്കുന്നത് നമ്മുടെ ഹൃദയത്തെ സന്തോഷംകൊണ്ടു നിറക്കുകയില്ലേ?
[10-ാം പേജിലെ ചിത്രം]
രാജ്യത്തിൽ സന്തോഷിക്കുന്നവർ തങ്ങളുടെ പ്രത്യാശ പങ്കുവെച്ചുകൊണ്ട് മററുള്ളവരെ പ്രോൽസാഹിപ്പിക്കുന്നു