യഹോവയുടെ മാർഗ്ഗമാണ് ഏററവും നല്ല ജീവിത മാർഗ്ഗം
എർക്കി കാങ്കാങ്പാ പറഞ്ഞപ്രകാരം
ഒരു കൊച്ചു കുട്ടിയായിരുന്നപ്പോൾ മുതൽ എന്റെ ജീവിതലക്ഷ്യം യഹോവയുടെ സാക്ഷികളുടെ ഫിൻലൻഡിലെ ബ്രാഞ്ചാഫീസിൽ അഥവാ ബെഥേലിൽ സേവിക്കുക എന്നതായിരുന്നു. അതുകൊണ്ട്, “ഭാവിയിലേക്ക് നിനക്ക് എന്ത് ആസൂത്രണങ്ങളാണുള്ളത്?” എന്ന് 1941-ലെ വേനൽക്കാലത്ത് ഒരു സഞ്ചാരമേൽവിചാരകൻ എന്നോട് ചോദിച്ചപ്പോൾ “ബെഥേലിൽ പോകാനാണ് ഞാൻ എന്നും ആഗ്രഹിച്ചിട്ടുള്ളത്” എന്ന് ഞാൻ മറുപടി പറഞ്ഞു.
“നീ ആ സ്വപ്നങ്ങളൊക്കെ ഉപേക്ഷിച്ചുകളഞ്ഞേക്കുകയാണ് നല്ലത്; നീ ഒരിക്കലും അവിടേക്ക് ക്ഷണിക്കപ്പെടുകയില്ല,” അദ്ദേഹം പറഞ്ഞു. ആദ്യം എനിക്ക് വല്ലാത്ത നിരാശ തോന്നി, എന്നാൽ പിന്നീട് കാര്യങ്ങൾ യഹോവയുടെ കൈകളിൽ ഭരമേൽപ്പിക്കാൻ ഞാൻ തീരുമാനിച്ചു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ബെഥേലിൽ സേവിക്കാൻ എനിക്ക് ഒരു ക്ഷണം കിട്ടി.
ആയിരത്തിത്തൊള്ളായിരത്തിനാൽപത്തിയൊന്ന് നവംബറിലെ തണുപ്പുള്ളതും തെളിഞ്ഞതുമായ ഒരു പ്രഭാതത്തിൽ ഹെൽസിങ്കി ബ്രാഞ്ചാഫീസിന്റെ വാതിൽക്കലെ ബല്ലടിച്ചപ്പോൾ ഞാൻ 17 വയസ്സുള്ള നാണംകുണുങ്ങിയായ ഒരു നാട്ടിൻപുറത്തുകാരൻ പയ്യനായിരുന്നു. പെട്ടെന്നു തന്നെ ഞാൻ ബ്രാഞ്ച് ഓവർസീയറായ കാർലോ ഹാർട്ടേവാ സഹോദരനാൽ സ്വാഗതം ചെയ്യപ്പെട്ടു. അക്കാലത്ത് ഫിൻലൻഡിലെ 1,135 സാക്ഷികളുടെ മേൽനോട്ടമാണ് ബ്രാഞ്ചിനുണ്ടായിരുന്നത്.
ഒരു ക്രിസ്തീയ പൈതൃകം
ആയിരത്തിത്തൊള്ളായിരത്തിപതിനാലിൽ എന്റെ പിതാവിന് യുഗങ്ങളുടെ ദൈവികനിർണ്ണയം എന്ന വാച്ച്ടവർ പ്രസിദ്ധീകരണം ലഭിച്ചിരുന്നു. എന്നിരുന്നാലും, താമസിയാതെ തന്നെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനാൽ അത് വായിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല.
ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഫിൻലൻഡിന്റെ സമരം പ്രശ്നങ്ങൾ സൃഷ്ടിച്ചു. വെളുത്തവരെന്നും ചുവന്നവരെന്നും രണ്ടു പ്രബല കക്ഷികൾ രൂപംകൊണ്ടു. വെളുത്തവർ മുതലാളിമാരെയും ഇടത്തരക്കാരെയും പ്രതിനിധാനം ചെയ്തു. ചുവന്നവരാകട്ടെ തൊഴിലാളിവർഗ്ഗത്തിന്റെ പ്രതിനിധികളായിരുന്നു. എന്റെ പിതാവ് ഇരുകക്ഷികളിൽ നിന്നും പൂർണ്ണമായി അകന്ന് നിഷ്പക്ഷത പാലിക്കാൻ ശ്രമിച്ചു. എന്നിരുന്നാലും ഇരുകൂട്ടരും അദ്ദേഹത്തെ സംശയത്തോടെയാണ് വീക്ഷിച്ചത്.
പിതാവ് രണ്ടു പ്രാവശ്യം വധശിക്ഷക്ക് വിധിക്കപ്പെട്ടു, ആദ്യം വെളുത്തവരാലും പിന്നീട് ചുവന്നവരാലും. ഒരിക്കൽ, ഒരു മനുഷ്യൻ കൊലചെയ്യപ്പെടുകയും കൊലയാളിയെ പിടികൂടാൻ കഴിയാതെ വരികയും ചെയ്തപ്പോൾ എന്റെ പിതാവ് ഉൾപ്പെടെ പത്ത് ചെറുപ്പക്കാർ മരണശിക്ഷക്ക് വിധിക്കപ്പെട്ടു. ന്യായാധിപസംഘത്തിലുണ്ടായിരുന്ന, എന്റെ പിതാവിന്റെ അദ്ധ്യാപകരിൽ ഒരാൾ അദ്ദേഹത്തെ ഒഴിവാക്കാൻ ശുപാർശ ചെയ്യുകയും ആ ശുപാർശ അംഗീകരിക്കപ്പെടുകയും ചെയ്തു. മററ് ഒൻപതു ചെറുപ്പക്കാർക്കും വധശിക്ഷ നൽകപ്പെട്ടു.
മറെറാരു സന്ദർഭത്തിലും പിതാവിന് വധശിക്ഷയിൽ നിന്ന് ഒഴിവ് ലഭിച്ചു. അതേതുടർന്ന് അക്ഷരാർത്ഥത്തിൽ ഭൂമിക്കടിയിൽ ഒളിച്ചിരിക്കാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ സഹോദരനും ചേർന്ന് അത്തരം ഒരു ഒളിപ്പിടം നിർമ്മിച്ചു. യുദ്ധം കഴിയുന്നതുവരെ അവർ അതിനുള്ളിൽ പാർത്തു. അവർ ജീവനോടിരിക്കേണ്ടതിന് അവരുടെ ഇളയ സഹോദരൻ അവർക്ക് ഭക്ഷണവും പാനീയവും എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിപതിനെട്ടിൽ യുദ്ധം അവസാനിച്ചശേഷം പിതാവ് വിവാഹം കഴിക്കുകയും ആ ഒളിസ്ഥലത്തിനടുത്തു തന്നെ ഒരു വീടു പണിയുകയും ചെയ്തു. പിന്നീട് ആ ഒളിപ്പിടം എനിക്ക് ഒരു കളിസ്ഥലമായി ഉതകിയതിനാൽ എനിക്ക് അത് നല്ല പരിചയമായി. ഭൂമിക്കടിയിൽ ഒളിച്ചിരുന്നപ്പോൾ താൻ ധാരാളമായി പ്രാർത്ഥിക്കാറുണ്ടായിരുന്നു എന്ന് പിതാവ് എന്നോടു പറഞ്ഞു. ദൈവത്തെ സേവിക്കേണ്ടതെങ്ങനെയെന്ന് എന്നെങ്കിലും മനസ്സിലാക്കാനിടയായാൽ അപ്രകാരം ചെയ്യുമെന്ന് അദ്ദേഹം ദൈവത്തോട് വാഗ്ദാനം ചെയ്തിരുന്നു.
വിവാഹം കഴിഞ്ഞ് ഏറെ താമസിയാതെ ഒരു ബിസിനസ്സ് യാത്രയിൽ വായിക്കാൻ എന്തെങ്കിലും കൊണ്ടുപോകാൻ പിതാവ് തീരുമാനിച്ചു. തട്ടിൻ പുറത്തെ മുറിയിൽ വർഷങ്ങൾക്കു മുമ്പ് താൻ വാങ്ങിയ യുഗങ്ങളുടെ ദൈവികനിർണ്ണയം അദ്ദേഹം കണ്ടുപിടിച്ചു. അദ്ദേഹം “യഹോവയുടെ ദിവസം” എന്ന അദ്ധ്യായം തുറന്നു വായിച്ചു. ‘ഇതാണ് സത്യം, ഇതാണ് സത്യം’ എന്ന് അദ്ദേഹം സ്വയം പറഞ്ഞുകൊണ്ടിരുന്നു. തട്ടിൻപുറത്തുനിന്ന് ഇറങ്ങിവന്നപ്പോൾ അദ്ദേഹം എന്റെ അമ്മയോട് പറഞ്ഞു: “ഞാൻ സത്യമതം കണ്ടെത്തിയിരിക്കുന്നു.”
പെട്ടെന്നു തന്നെ താൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങളെപ്പററി പിതാവ് മററുള്ളവരോട് പ്രസംഗിക്കാൻ തുടങ്ങി, ആദ്യം ബന്ധുക്കളോട് പിന്നെ അയൽക്കാരോട്. തുടർന്ന് അദ്ദേഹം പരസ്യപ്രസംഗങ്ങൾ നടത്തിത്തുടങ്ങി. താമസിയാതെ ആ പ്രദേശത്തെ മററുള്ളവർ അദ്ദേഹത്തോടു ചേർന്നു. ബൈബിൾ വിദ്യാർത്ഥികളുമായി—യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയായിരുന്നു—ബന്ധപ്പെട്ടതിനു ശേഷം 1923-ൽ പിതാവ് സ്നാപനമേററു. കുട്ടികൾ ജനിച്ചപ്പോൾ—കാലക്രമത്തിൽ ഞങ്ങൾ നാലുപേരായി—ഞങ്ങളെ പഠിപ്പിക്കുന്ന കാര്യം പിതാവ് അവഗണിച്ചില്ല. വാസ്തവത്തിൽ ഒരു സഭ സ്ഥാപിക്കപ്പെട്ടശേഷം എല്ലാ മീററിംഗുകളിലും ഞങ്ങൾ സംബന്ധിക്കാൻ പിതാവ് നിഷ്ക്കർഷിച്ചിരുന്നു.
ബാല്യകാല സ്മരണകൾ
എനിക്ക് അഞ്ചു വയസ്സുണ്ടായിരുന്നപ്പോൾ 1929-ൽ ഞങ്ങളുടെ സ്വന്തം സഭയിൽ വച്ച് നടത്തപ്പെട്ട ഒരു സമ്മേളനം സംബന്ധിച്ചുള്ളതാണ് എന്റെ ആദ്യ സ്മരണ. അടുത്തുള്ള സഭകളിൽ നിന്ന് ധാരാളം പേർ വന്നിരുന്നു, ബ്രാഞ്ചാഫീസിൽ നിന്നുള്ള ഒരു പ്രതിനിധിയും സന്നിഹിതനായിരുന്നു. അന്നൊക്കെ, ഫിൻലൻഡിലെങ്കിലും, സമ്മേളന സ്ഥലത്തു വച്ച് കുട്ടികളെ അനുഗ്രഹിക്കുന്ന ഒരു രീതിയുണ്ടായിരുന്നു. അതുകൊണ്ട് യേശു തന്റെ ശുശ്രൂഷക്കാലത്ത് ചെയ്തതുപോലെ ബെഥേലിൽ നിന്നുള്ള സഹോദരൻ കുട്ടികളെ അനുഗ്രഹിച്ചു. ഞാൻ അത് ഒരിക്കലും മറന്നിട്ടില്ല.—മർക്കോസ് 10:16.
ആദ്യകാലങ്ങളിലേതായി ഞാൻ ഓർമ്മിക്കുന്ന മറെറാരു സംഗതി 1931-ൽ യഹോവയുടെ സാക്ഷികൾ എന്ന പേര് സ്വീകരിച്ചതായിരുന്നു. ആ സന്ദർഭത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് നമ്മുടെ പുതിയ നാമധേയം സംബന്ധിച്ച പ്രഖ്യാപനം എന്റെ പിതാവ് തികഞ്ഞ ഗൗരവത്തോടെ സഭയെ വായിച്ചുകേൾപ്പിച്ചു.
എനിക്ക് ഓർമ്മിക്കാൻ കഴിയുന്ന കാലത്തെല്ലാം ഞാൻ പിതാവിനോടൊപ്പം പ്രസംഗവേലയിൽ പങ്കുപററാറുണ്ടായിരുന്നു. തുടക്കത്തിലൊക്കെ ഞാൻ അദ്ദേഹം പറയുന്നത് ശ്രദ്ധിക്കുമായിരുന്നു, എന്നാൽ കാലക്രമത്തിൽ ഞാൻ സ്വന്ത നിലയിൽ പ്രവർത്തിക്കാൻ തുടങ്ങി. 1935-ൽ ഒരു സഞ്ചാരമേൽവിചാരകൻ ഞങ്ങളെ സന്ദർശിച്ചപ്പോൾ ഞാൻ പോയി ഞങ്ങളുടെ അയൽക്കാരെയെല്ലാം മീററിംഗിന് ക്ഷണിച്ചു. ഞാൻ അവർക്ക് ചെറുപുസ്തകങ്ങളും സമർപ്പിച്ചു, ചിലർ അവ സ്വീകരിച്ചു.
സ്കൂളും ഒരു സുപ്രധാന തീരുമാനവും
സാക്ഷികളായ മാതാപിതാക്കളുള്ള ഞങ്ങൾ നാലു കുട്ടികൾ മാത്രമേ ഞങ്ങളുടെ സ്കൂളിൽ ഉണ്ടായിരുന്നുള്ളു. മററു യുവാക്കളോടൊപ്പം ഞങ്ങൾ ക്രിസ്തീയ വിരുദ്ധ നടപടികളിൽ ഏർപ്പെടാഞ്ഞതിനാൽ ഞങ്ങൾ മിക്കപ്പോഴും പരിഹസിക്കപ്പെട്ടു. പുകവലിക്കുന്നതിന് സഹപാഠികൾ എന്നെ നിർബ്ബന്ധിച്ചുവെങ്കിലും ഞാൻ ഒരിക്കലും വഴങ്ങിയില്ല. ഞങ്ങളെ നിന്ദാസൂചകമായി റസ്സലുകാർ (റസ്സൽ വാച്ച്ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായിരുന്നു) എന്നും ഹാർട്ടേവാക്കാരെന്നും (ഹാർട്ടേവ അന്നു ഫിൻലൻഡിലെ ബ്രാഞ്ച് ഓവർസീയറായിരുന്നു) വിളിച്ചിരുന്നു. ഒരിക്കൽ ഞങ്ങളെ പരിഹസിച്ചിരുന്ന ചില ചെറുപ്പക്കാർ പിന്നീട് സാക്ഷികളായിത്തീർന്നു എന്നു പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
തുടർന്ന് പഠിക്കാൻ എന്റെ അദ്ധ്യാപകൻ എന്നെ പ്രോൽസാഹിപ്പിച്ചു. ഒരു എൻജീനിയറായിത്തീരണമെന്നുള്ള ചിന്ത ഒരു കാലത്ത് എനിക്കുണ്ടായിരുന്നു. എന്നാൽ പിന്നീട് 1939-ലെ വസന്തകാലത്ത് പോറിയിൽ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ നടന്നു, അത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ കൺവെൻഷനിൽ വച്ച് 1939 മേയ് 28-ന് ഞാനും എന്റെ ഇളയ സഹോദരൻ ററുവോമോയും യഹോവക്ക് ഞങ്ങളെത്തന്നെ സമർപ്പിക്കുകയും ജലസ്നാപനത്താൽ അത് ലക്ഷ്യപ്പെടുത്തുകയും ചെയ്തു. തുടർന്ന് സെപ്ററംബർ ആരംഭത്തിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു.
യൂറോപ്പിലെ സാഹചര്യങ്ങൾക്ക് നാടകീയമായ മാററം സംഭവിച്ചു. ഫിൻലൻഡും സോവിയററ് യൂണിയനും തമ്മിലുള്ള ബന്ധങ്ങൾ വളരെ വഷളായി. അർമ്മഗെദ്ദോൻ അടുത്തുവരികയാണ് എന്ന് എന്റെ പിതാവ് ഊന്നിപ്പറയുകയും പയനിയറിംഗ് നടത്താൻ ഞങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് 1940 ഡിസംബറിൽ ഞാനും എന്റെ സഹോദരനും വടക്കൻ ഫിൻലൻഡിൽ പയനിയറിംഗ് ആരംഭിച്ചു.
പയനിയറിംഗും ബെഥേൽ സേവനവും
പയനിയറിംഗ് നടത്തിയപ്പോൾ ഞങ്ങൾ ഭൂരിഭാഗം സമയവും ഏറിയേ കാലിയോയുടെകൂടെയാണ് താമസിച്ചിരുന്നത്. അദ്ദേഹം ഏതാണ്ട് 30 വർഷങ്ങൾക്കു മുമ്പ് യു.എസ്സ്.എ.യിലെ പെൻസിൽവേനിയായിൽ വച്ച് ഒരു ബൈബിൾ വിദ്യാർത്ഥിയായിത്തീർന്ന സഹോദരനായിരുന്നു. ഏറിയേ വളരെ ഊഷ്മള ഹൃദയമുള്ള ഒരാളായിരുന്നു, ഞങ്ങൾക്ക് ഉല്ലാസകരമായ ചുററുപാടുകൾ പ്രദാനം ചെയ്യാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ ജഡിക സഹോദരനായ ക്വിയസ്ററി കാലിയോ 1937 മുതൽ 1940 വരെ ഫിൻലൻഡിന്റെ പ്രസിഡൻറായിരുന്നു. നല്ല ഭരണത്തിനും ലോകവ്യാപക സമാധാനത്തിനുമുള്ള ഏക പ്രത്യാശ ദൈവരാജ്യമാണെന്ന് വിശദീകരിച്ചുകൊണ്ട് ഏറിയേ തന്റെ സഹോദരന് നല്ല സാക്ഷ്യം കൊടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു.
കാലം കടന്നു പോയപ്പോൾ, ബെഥേൽ കുടുംബത്തിലെ ഒരു അംഗമാകാനുള്ള എന്റെ ആഗ്രഹവും വളർന്നു വന്നു. ഞാൻ പ്രതീക്ഷ വച്ചുപുലർത്തുന്നതിനെതിരെ സർക്കിട്ട് മേൽവിചാരകൻ മുന്നറിയിപ്പ് തന്നിരുന്നെങ്കിലും ബെഥേലിൽ സേവിക്കാനുള്ള എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ടു. അവിടെ എന്റെ ആദ്യ ജോലി ഒരു സന്ദേശവാഹകനായിട്ടായിരുന്നു. എന്നാൽ താമസിയാതെ ഫാക്റററിയിൽ ജോലി ചെയ്യുന്നതിനുള്ള പദവി എനിക്കു ലഭിച്ചു. അവിടെ ഞങ്ങളുടെ ചെറിയ പ്രസ്സ് മുറിയും ഷിപ്പിംഗ് ഡിപ്പാർട്ടുമെൻറും ഉൾപ്പെടെ പല ഡിപ്പാർട്ടുമെൻറുകളിലും ഞാൻ ജോലി ചെയ്തു.
നിഷ്പക്ഷത പാലിക്കൽ
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിരണ്ടിൽ 18-ാമത്തെ വയസ്സിൽ ഞാൻ സൈനിക സേവനത്തിന് വിളിക്കപ്പെട്ടു. ഞാൻ നിർബന്ധിത സേവനത്തിന് വിസമ്മതിച്ചതിനാൽ സുദീർഘമായ ചോദ്യം ചെയ്യലിന് ഞാൻ വിധേയനാക്കപ്പെട്ടു, രണ്ടു പ്രാവശ്യം തോക്കു ചൂണ്ടികൊണ്ട്. മററു ചില സന്ദർഭങ്ങളിൽ മർദ്ദനവും ഏൽക്കേണ്ടി വന്നു. കൂടാതെ ചോദ്യം ചെയ്യലിനിടയിൽ അസ്ഥി മരവിപ്പിക്കും വിധം ശൈത്യമുള്ള ജയിലറയിലാണ് ഞാൻ സൂക്ഷിക്കപ്പെട്ടിരുന്നത്.
ഒടുവിൽ, 1943 ജനുവരിയിൽ, എന്റെയും മററു സാക്ഷികളുടെയും കേസ്സിൽ വിധി പറയുന്നതിനുള്ള സമയം വന്നു. ഞങ്ങളുടെ ജയിൽ ശിക്ഷ പത്തു വർഷത്തിൽ കുറയരുതെന്ന് ഞങ്ങളെ ചോദ്യം ചെയ്ത പട്ടാള ഉദ്യോഗസ്ഥൻ വാദിച്ചു. ഞങ്ങൾക്ക് അതിലും കടുത്ത ശിക്ഷ തരണമെന്നാണ് പട്ടാള ചാപ്ളിൻ ആവശ്യപ്പെട്ടത്. അയാൾ ഒരു കത്തിലൂടെ ഞങ്ങൾക്ക് മരണശിക്ഷയോ അതല്ലെങ്കിൽ ഞങ്ങളെ രംഗനിരീക്ഷണത്തിനായി റഷ്യയിലേക്ക് പാരചൂട്ടിൽ ചാടിക്കുന്നതോ [മരണം ഏതാണ്ട് ഉറപ്പായിരിക്കും] ആയിരിക്കും ഉചിതമായ ശിക്ഷ എന്നു വാദിച്ചു.
കേസ്സ് വിചാരണയുടെ ഒരു പ്രഹസനം നടത്തപ്പെട്ടു. എന്നെ കോടതിയുടെ മുമ്പാകെ ഹാജരാക്കി എനിക്ക് മരണശിക്ഷ വിധിച്ചു. ഇതു പേടിപ്പിക്കാനുള്ള മറെറാരു ശ്രമമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. കാരണം അന്നുതന്നെ എന്നെ വീണ്ടും കോടതി മുമ്പാകെ ഹാജരാക്കി എനിക്ക് ഒരു ദുർഗ്ഗുണ പരിഹാരപാഠശാലയിൽ മൂന്നര വർഷത്തെ തടവു ശിക്ഷ വിധിച്ചു. ഞാൻ അപ്പീൽ കൊടുത്തതിനെ തുടർന്ന് അത് രണ്ടു വർഷമായി കുറവു ചെയ്തു.
ജയിലിൽ വേണ്ടത്ര ഭക്ഷണം ലഭിച്ചില്ല, ഞങ്ങൾ മററു ജയിൽ പുള്ളികളിൽ നിന്നുള്ള ദുഷ്ടമായ ഭീഷണികളെയും നേരിടേണ്ടിവന്നു. രണ്ടു പ്രാവശ്യം ഞാൻ സ്വവർഗ്ഗസംഭോഗികളാൽ ആക്രമിക്കപ്പെട്ടു. എന്നാൽ ഭാഗ്യം കൊണ്ട് എനിക്ക് അവരിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. അവരിൽ ഒരുത്തൻ ഞാൻ അയാളുടെ ആവശ്യത്തിന് വഴങ്ങിയില്ലെങ്കിൽ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നാൽ എല്ലാ പരിശോധനകളിലും ചെയ്തതുപോലെ ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുകയും അവൻ എന്നെ സഹായിക്കുകയും ചെയ്തു. വാസ്തവത്തിൽ, ആ ജയിൽ പുള്ളിയുടെ ഭീഷണി ഒരു നിസ്സാര സംഗതിയായിരുന്നില്ല, കാരണം അയാൾ അതിനു മുമ്പ് കൊലപാതകം നടത്തിയിട്ടുള്ള ആളായിരുന്നു. ജയിൽ വിമുക്തനായ ശേഷം മറെറാരു കൊലപാതകം നടത്തിയതിന്റെ പേരിൽ അയാൾ ജയിലിൽ തിരികെ കൊണ്ടുവരപ്പെട്ടു.
തീർച്ചയായും യഹോവയുടെ സാക്ഷികൾ ആശ്രയയോഗ്യരായി അറിയപ്പെടുന്നതുകൊണ്ടാണ് പെട്ടെന്നുതന്നെ ഞാൻ ഒരു ട്രസ്ററിയായി നിയമിക്കപ്പെട്ടത്. മററു ജയിൽ പുള്ളികൾക്ക് ഭക്ഷണം വിതരണം ചെയ്യുക എന്നതായിരുന്നു എന്റെ ജോലി, ജയിലിന്റെ ചുററുപാടും സ്വതന്ത്രമായി നടക്കാനും എനിക്ക് അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് വേണ്ടത്ര ഭക്ഷണം ലഭിച്ചു എന്നു മാത്രമല്ല എന്റെ ക്രിസ്തീയ സഹോദരങ്ങൾക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താനും എനിക്കു കഴിഞ്ഞു. ഒരു സഹോദരനാകട്ടെ ജയിലിലായിരിക്കെ ഏതാനും കിലോഗ്രാം തൂക്കം കൂടുക പോലും ചെയ്തു. ഭക്ഷണത്തിന്റെ ദൗർലഭ്യം പരിഗണിക്കുമ്പോൾ അത് അസാധാരണമായ ഒരു സംഗതിയായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിനാല് സെപ്ററംബറിൽ ഹാർട്ടേവ സഹോദരൻ ജയിൽ മോചിതനായ അന്നേ ദിവസം തന്നെ ഞാനും മോചിതനായി. എന്റെ മോചനം ബെഥേൽ സേവനത്തിലേക്കുള്ള മടങ്ങിവരവിനെ അർത്ഥമാക്കി. ദിവസവും ബെഥേലിൽ 16 മണിക്കൂർ കഠിനാദ്ധ്വാനം ചെയ്യുന്നത് ജയിലിൽ കഴിയുന്നതിനേക്കാൾ മെച്ചമാണെന്ന് ഞാൻ ചിന്തിച്ചു. അന്നുമുതൽ ഞാൻ ഒരിക്കലും ജോലിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടില്ല!
വിവിധ സേവന പദവികൾ
കുറേനാൾ കഴിഞ്ഞ് 1944-ൽ തന്നെ ഞാൻ സുന്ദരിയായ ഒരു യുവപയനിയറായിരുന്ന മാർഗിററിനെ കണ്ടുമുട്ടി. അവളിലുള്ള എന്റെ താൽപ്പര്യത്തിന് അവൾ പ്രതികരണം കാട്ടുകയും 1946 ഫെബ്രുവരി 9-ന് ഞങ്ങൾ വിവാഹിതരാവുകയും ചെയ്തു. വിവാഹിത ദമ്പതികൾ എന്ന നിലയിലുള്ള ഞങ്ങളുടെ ആദ്യവർഷം ഞാൻ ബെഥേലിൽ സേവിക്കുകയും മാർഗിററ് ഹെൽസിങ്കിയിൽ ഒരു പയനിയറായി പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് 1947-ൽ ഞങ്ങൾ സർക്കിട്ട് വേലയിൽ നിയമിക്കപ്പെട്ടു.
സഞ്ചാര വേലയിൽ ഞങ്ങൾ മിക്കപ്പോഴും കുടുംബങ്ങളോടുകൂടെ പാർക്കുകയും അവരോടൊപ്പം ഒരേ മുറിയിൽ കഴിഞ്ഞു കൂടുകയും ചെയ്തു. അവർ തങ്ങൾക്കുള്ള ഏററം നല്ല സൗകര്യങ്ങളാണ് ഞങ്ങൾക്കു തരുന്നത് എന്ന് ഞങ്ങൾക്കറിയാമായിരുന്നു, ഞങ്ങൾ ഒരിക്കലും പരാതി പറഞ്ഞില്ല. അന്നത്തെ സർക്കിട്ടുകൾ ചെറുതായിരുന്നു. ചില സഭാകൂട്ടങ്ങളിൽ സ്നാപനമേററ സാക്ഷികളേ ഇല്ലായിരുന്നു.
ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിയെട്ടിൽ ഞങ്ങൾ ബെഥേൽ സേവനത്തിലേക്ക് തിരികെ വിളിക്കപ്പെട്ടു. രണ്ടു വർഷങ്ങൾക്കുശേഷം വാലസ് എൻഡ്രെസ് ഐക്യനാടുകളിൽ നിന്ന് ഫിൻലൻഡിൽ എത്തുകയും പിന്നീട് അദ്ദേഹം ബ്രാഞ്ച് ഓവർസീയറായി നിയമിതനാവുകയും ചെയ്തു. ഇംഗ്ലീഷ് പഠനം തുടരാൻ അദ്ദേഹം ഞങ്ങളെ ഊഷ്മളമായി പ്രോൽസാഹിപ്പിക്കുകയും ഞങ്ങൾ അതു ചെയ്യുകയും ചെയ്തു. 1952 ഫെബ്രുവരിയിൽ ന്യൂയോർക്കിലെ സൗത്ത് ലാൻസിങ്ങിൽ ആരംഭിച്ച വാച്ച്ടവർ ഗിലെയാദ് സ്കൂളിന്റെ 19-ാമത്തെ മിഷനറി ക്ലാസ്സിൽ സംബന്ധിക്കാൻ ഞങ്ങൾ ക്ഷണിക്കപ്പെട്ടു.
ബിരുദം നേടിയശേഷം ഞങ്ങൾ വീണ്ടും ഫിൻലൻഡിൽ തന്നെ നിയോഗിക്കപ്പെട്ടു. എന്നിരുന്നാലും ഐക്യനാടുകൾ വിടുന്നതിനു മുമ്പ് ന്യൂയോർക്കിലെ ബ്രൂക്ലിനിൽ യഹോവയുടെ സാക്ഷികളുടെ അന്താരാഷ്ട്ര കേന്ദ്ര ഓഫീസിനോടനുബന്ധിച്ചുള്ള അച്ചടിശാലയിൽ എനിക്ക് പരിശീലനം ലഭിച്ചു.
ഫിൻലൻഡിൽ തിരിച്ചെത്തിയപ്പോൾ ഞങ്ങൾ വീണ്ടും സഞ്ചാര വേലക്കായി നിയമിക്കപ്പെട്ടു; എന്നാൽ പിന്നീട് 1955-ൽ ഞങ്ങൾ വീണ്ടും ഫിൻലൻഡ് ബ്രാഞ്ചിലേക്ക് തിരികെ വിളിക്കപ്പെട്ടു. ആ വർഷം ഞാൻ ഫാക്റററി ഓവർസീയറായി. രണ്ടു വർഷങ്ങൾക്കുശേഷം 1957-ൽ ഞാൻ ബ്രാഞ്ച് ഓവർസീയറായി നിയമിതനായി. 1976 മുതൽ ഞാൻ ഫിൻലൻഡ് ബ്രാഞ്ച് കമ്മിററിയുടെ കോഓർഡിനേറററായി സേവിക്കുകയാണ്.
സന്തോഷകരമെന്നു പറയട്ടെ, എന്റെ പിതാവും മാതാവും അവരുടെ മരണം വരെ യഹോവയോട് വിശ്വസ്തരായി നിലനിന്നു, കാലക്രമത്തിൽ പിതാവിന്റെ ബന്ധത്തിൽപ്പെട്ട നൂറിലധികം പേർ സാക്ഷികളായിത്തീർന്നു. ഇന്നോളം എന്റെ സഹോദരനും സഹോദരിമാരും അവരുടെ കുടുംബങ്ങളും യഹോവയെ സേവിച്ചുകൊണ്ടിരിക്കുന്നു, എന്റെ സഹോദരിമാരിൽ ഒരാൾ ഒരു പയനിയറാണ്.
ധന്യവും പ്രതിഫലദായകവുമായ ഒരു ജീവിതം
ഈ വർഷങ്ങളിലെല്ലാം ജോലി, കൂടുതൽ ജോലി ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ആ ജോലി ദൈവത്തിന്റെ വേലയായിരുന്നതിനാൽ അതു തീർച്ചയായും ധന്യവും പ്രതിഫലദായകവുമായിരുന്നു. (1 കൊരിന്ത്യർ 3:6-9) എന്റെ ജീവിതം ഒരു തരത്തിലും അത്ര എളുപ്പമോ സുഖപ്രദമോ ആയിരുന്നില്ല. ബുദ്ധിമുട്ടുകളും പ്രയാസങ്ങളുമുണ്ടായിരുന്നു. ജീവിതത്തിൽ വളരെ നേരത്തെതന്നെ, ഒരുവൻ സ്വയം ശിക്ഷണം നൽകേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. എല്ലായ്പ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതുപോലെയെല്ലാം ചെയ്യാൻ കഴിയുകയില്ല. എനിക്ക് മിക്കപ്പോഴും തിരുത്തലുകൾ ലഭിച്ചു. ക്രമേണ ശരിയായ ജീവിതമാർഗ്ഗം ഞാൻ അഭ്യസിച്ചു.
ഉദാഹരണത്തിന്, യുദ്ധകാലത്തെ പരിശോധനകളും ദൗർലഭ്യവും ആഡംബര വസ്തുക്കളൊന്നും കൂടാതെ ജീവിക്കാൻ എന്നെ പരിശീലിപ്പിച്ചു. ഏതെങ്കിലും ഒരു വസ്തു യഥാർത്ഥത്തിൽ ആവശ്യമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ ഞാൻ പഠിച്ചു. അതോ ഇതോ എനിക്ക് ആവശ്യമാണോ എന്ന് എന്നോടു തന്നെ ചോദിക്കുന്ന ഒരു സ്വഭാവം എനിക്ക് ഇപ്പോഴുമുണ്ട്. ഏതെങ്കിലും ഒരു വസ്തു ഏതായാലും അത്ര പ്രധാനമല്ല എന്ന് ബോദ്ധ്യമാകുന്നുവെങ്കിൽ ഞാൻ അത് വാങ്ങാറില്ല.
യഹോവ തന്റെ സ്ഥാപനത്തിലൂടെ നൽകിയിട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമായിരുന്നിട്ടുണ്ട്. ഞാൻ ഫിൻലൻഡിലെ ബ്രാഞ്ചിലായിരുന്ന കാലത്ത് യഹോവയുടെ സാക്ഷികളുടെ എണ്ണം 1,135-ൽ നിന്ന് 18,000 ആയി വർദ്ധിക്കുന്നത് കാണാനുള്ള സന്തോഷം ഞാൻ അനുഭവിച്ചിരിക്കുന്നു. വാസ്തവത്തിൽ ഞാൻ ചെയ്ത വേല അനുഗ്രഹിക്കപ്പെട്ടു എന്നു കാണാൻ എനിക്കു കഴിയുന്നു. എന്നാൽ അത് അനുഗ്രഹിക്കപ്പെട്ടത് വേല ഞങ്ങളുടേതല്ല യഹോവയുടേതായിരുന്നതുകൊണ്ടാണ്. (1 കൊരിന്ത്യർ 3:6, 7) ചെറുപ്പത്തിൽ തന്നെ ഞാൻ യഹോവയുടെ മാർഗ്ഗം തെരഞ്ഞെടുത്തു, അത് ഏററം നല്ല ജീവിതമാർഗ്ഗമെന്ന് തെളിഞ്ഞിരിക്കുന്നു.
[23-ാം പേജിലെ ചിത്രം]
എർക്കി കാങ്കാങ്പാ ഇന്ന്, അദ്ദേഹത്തിന്റെ ഭാര്യ മാർഗിററിനോടൊപ്പം