“കൊടും വിപത്തിന്റെ സമയത്ത്” ആർ രക്ഷപ്പെടും?
“യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.”—യോവേൽ 2:32.
1. ദാനിയേലും മലാഖിയും പറയുന്നതനുസരിച്ച് വരാനിരിക്കുന്ന “കൊടുംവിപത്തിന്റെ സമയത്ത്” രക്ഷക്കുള്ള നിരയിലായിരിക്കുന്നവർക്ക് എന്തു സവിശേഷതയാണുള്ളത്?
നമ്മുടെ നാളിലേക്ക് മുമ്പോട്ട് നോക്കിക്കൊണ്ട് പ്രവാചകനായ ദാനിയേൽ ഇപ്രകാരം എഴുതി: “ഒരു ജാതി ഉണ്ടായതു മുതൽ ഈ കാലം വരെ സംഭവിച്ചിട്ടില്ലാത്ത കഷ്ടകാലം ഉണ്ടാകും. അന്നു നിന്റെ ജനം, പുസ്തകത്തിൽ എഴുതിക്കാണുന്ന ഏവനും തന്നെ, രക്ഷപ്രാപിക്കും.” (ദാനിയേൽ 12:1) തീർച്ചയായും ആശ്വാസദായകമായ വാക്കുകൾ! മലാഖി 3:16 പറയുന്ന പ്രകാരം യഹോവയുടെ അംഗീകാരമുള്ള ജനത്തെ അവൻ ഓർമ്മിക്കും: “യഹോവഭക്തൻമാർ അന്നു തമ്മിൽ തമ്മിൽ സംസാരിച്ചു; യഹോവ ശ്രദ്ധവെച്ചു കേട്ടു; യഹോവ ഭക്തൻമാർക്കും അവന്റെ നാമത്തെ സ്മരിക്കുന്നവർക്കും വേണ്ടി അവന്റെ സന്നിധിയിൽ ഒരു സ്മരണപുസ്തകം എഴുതി വച്ചിരിക്കുന്നു.”
2. യഹോവയുടെ നാമത്തെ സ്മരിക്കുന്നതിനാൽ എന്തു ഫലം ഉളവാകുന്നു?
2 യഹോവയുടെ നാമത്തെ സ്മരിക്കുന്നത് അവനെയും അവന്റെ ക്രിസ്തുവിനെയും അവന്റെ മഹത്തായ രാജ്യഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സൂക്ഷ്മപരിജ്ഞാനത്തിലേക്ക് നയിക്കുന്നു. അപ്രകാരം അവന്റെ ജനം അവനെ ബഹുമാനിക്കുന്നതിനും അവനുമായി ഒരു അടുത്ത സമർപ്പിത ബന്ധത്തിലേക്ക് വരുന്നതിനും ‘മുഴുഹൃദയത്തോടും മുഴുഗ്രാഹ്യത്തോടും മുഴുശക്തിയോടും കൂടെ’ അവനെ സ്നേഹിക്കുന്നതിനും പഠിക്കുന്നു. (മർക്കോസ് 12:33; വെളിപ്പാട് 4:11) യഹോവയാം ദൈവം യേശുക്രിസ്തുവിന്റെ ബലിയിലൂടെ ഭൂമിയിലെ സൗമ്യർ നിത്യജീവൻ കണ്ടെത്തുന്നതിന് കരുണാപൂർവ്വകമായ കരുതൽ ചെയ്തിരിക്കുന്നു. അതുകൊണ്ട് യേശുവിന്റെ ജനനത്തിങ്കൽ “അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി ഭൂമിയിൽ സൻമനസ്സുള്ളവർക്ക് സമാധാനം” എന്നു പറഞ്ഞുകൊണ്ട് ദൈവത്തെ സ്തുതിച്ച സ്വർഗ്ഗീയ സൈന്യത്തിന്റെ വാക്കുകൾ അവർക്ക് ആത്മധൈര്യത്തോടെ ഏററുപറയാൻ കഴിയും.—ലൂക്കോസ് 2:14.
3. ഭൂമിയിൽ സമാധാനം സ്ഥാപിതമാകുന്നതിനു മുമ്പ് യഹോവയുടെ ഭാഗത്തെ എന്തു പ്രവർത്തനം നടക്കണം?
3 ആ സമാധാനം മിക്കയാളുകളും വിചാരിക്കുന്നതിനേക്കാൾ അരികത്താണ്. എന്നാൽ ആദ്യം നടക്കേണ്ടത് ഈ ദുഷിച്ച ലോകത്തിൻമേലുള്ള യഹോവയുടെ ന്യായവിധിയാണ്. അവന്റെ പ്രവാചകനായ സെഫന്യാവ് ഇപ്രകാരം പ്രഖ്യാപിക്കുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അത് അടുത്ത് അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” അത് എങ്ങനെയുള്ള ഒരു ദിവസമാണ്? പ്രവചനം തുടരുന്നു: “കേട്ടോ, യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം, ഉറപ്പുള്ള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ. മനുഷ്യർ കുരുടൻമാരെപ്പോലെ നടക്കത്തക്കവണ്ണം ഞാൻ അവർക്കു കഷ്ടത വരുത്തും; അവർ യഹോവയോട് പാപം ചെയ്തുവല്ലോ.”—സെഫന്യാവ് 1:14-17; ഹബക്കൂക്ക് 2:3; 3:1-6, 16-19 കൂടെ കാണുക.
4. ദൈവത്തെ അറിയാനും സേവിക്കാനുമുള്ള ക്ഷണത്തോട് ഇന്ന് ആരാണ് പ്രതികരിക്കുന്നത്?
4 സന്തോഷകരമെന്ന് പറയട്ടെ, ഇന്ന് ദൈവത്തെ അറിയാനും സേവിക്കാനുമുള്ള ക്ഷണത്തോട് ദശലക്ഷക്കണക്കിനാളുകൾ പ്രതികരണം കാട്ടുന്നുണ്ട്. പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെട്ടിരിക്കുന്ന അഭിഷിക്ത ക്രിസ്ത്യാനികളെക്കറിച്ച് ഇപ്രകാരം പ്രവചിക്കപ്പെട്ടിരുന്നു: “‘അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും’ എന്നാണ് യഹോവയുടെ അരുളപ്പാട്.” (യിരെമ്യാവ് 31:34) ഇവർ ആധുനികകാല സാക്ഷീകരണവേലക്ക് നേതൃത്വം കൊടുത്തിരിക്കുന്നു. ഇന്ന് അഭിഷിക്ത ശേഷിപ്പിൽപ്പെട്ട കൂടുതൽ കൂടുതൽ ആളുകൾ തങ്ങളുടെ ഭൗമിക ഗതി പൂർത്തിയാക്കുമ്പോൾ ദൈവത്തിന്റെ ആലയസമാന ക്രമീകരണത്തിൽ അവന് ‘രാവും പകലും വിശുദ്ധസേവനം അർപ്പിക്കാൻ’ “വേറെ ആടുകളുടെ” “മഹാപുരുഷാരം” മുമ്പോട്ടു വന്നിരിക്കുന്നു. (വെളിപ്പാട് 7:9, 15; യോഹന്നാൻ 10:16) ഈ വിലമതിക്കാനാവാത്ത പദവി ആസ്വദിക്കുന്ന ഒരാളാണോ നിങ്ങൾ?
“മനോഹര വസ്തുക്കൾ” വരുന്ന വിധം
5, 6. സകല രാഷ്ട്രങ്ങളും ഇളകിമറിഞ്ഞ് നശിക്കുന്നതിന് മുമ്പായി രക്ഷാകരമായ എന്തു വേല നടക്കുന്നു?
5 ഇപ്പോൾ നമുക്ക് തന്റെ ആത്മീയ ആരാധനാലയത്തെക്കുറിച്ച് യഹോവ പ്രവചിക്കുന്ന ഹഗ്ഗായി 2:7-ലേക്ക് തിരിയാം. അവൻ പറയുന്നു: “ഞാൻ സകല രാഷ്ട്രങ്ങളെയും [ജാതികളെയും, NW] ഇളക്കും; സകല രാഷ്ട്രങ്ങളുടെയും [ജാതികളുടെയും, NW] മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്വപൂർണ്ണമാക്കും.” ‘രാഷ്ട്രങ്ങളുടെ ഇളക്കൽ’ രാഷ്ട്രങ്ങളുടെ മേലുള്ള യഹോവയുടെ ന്യായവിധി നിർവ്വഹണത്തെ പരാമർശിക്കുന്നുവെന്ന് ബൈബിൾ പ്രവചനങ്ങൾ പ്രകടമാക്കുന്നു. (നഹൂം 1:5, 6; വെളിപ്പാട് 6:12-17) അതുകൊണ്ട് ഹഗ്ഗായി 2:7-ൽ പ്രവചിക്കപ്പെട്ടിരിക്കുന്ന യഹോവയുടെ നടപടി രാഷ്ട്രങ്ങൾ ഇളകിമറിഞ്ഞ് ഇല്ലാതെയാകുമ്പോൾ—ശൂന്യമാക്കപ്പെടുമ്പോൾ—അതിന്റെ പരകോടിയിലെത്തും. എന്നാൽ “സകല ജാതികളുടെയും മനോഹര വസ്തു”ക്കളെ സംബന്ധിച്ചെന്ത്? അവരെ കൊണ്ടുവരാൻ അവർ നാശം കൈവരുത്തുന്ന അന്തിമ ഇളക്കൽ വരെ കാത്തിരിക്കേണ്ടതുണ്ടോ? ഇല്ല.
6 “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും.” യഹോവ അവരെ ആകർഷിക്കുന്നു, അവർ മഹോപദ്രവത്തിലെ അന്തിമ ഇളക്കലിനു മുമ്പായി യേശുവിന്റെ ബലിയിലുള്ള വിശ്വാസത്തോടെ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നു. (യോഹന്നാൻ 6:44; പ്രവൃത്തികൾ 2:38, 39 താരതമ്യം ചെയ്യുക.) ഇപ്പോൾ 40 ലക്ഷത്തിലധികം വരുന്ന വിലപ്പെട്ട മഹാപുരുഷാരം അർമ്മഗെദ്ദോനിലെ ‘സകല രാഷ്ട്രങ്ങളുടെയും ഇളക്കൽ’ മുന്നിൽ കണ്ടുകൊണ്ട് യഹോവയുടെ ആരാധനാലയത്തിലേക്ക് ‘വരുന്നു’ എന്നത് സന്തോഷകരമാണ്.—വെളിപ്പാട് 7:9, 10, 14.
7. ‘യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നതിൽ’ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
7 ഈ അതിജീവകർ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിക്കുന്നത് എങ്ങനെയാണ്? ഇപ്രകാരം പറഞ്ഞുകൊണ്ട് യാക്കോബ് 4:8 നമുക്ക് ഒരു സൂചന നൽകുന്നു: “ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തു വരും. പാപികളേ കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ.” വഴിനയിച്ച അഭിഷിക്ത ശേഷിപ്പിനെപ്പോലെ അർമ്മഗെദ്ദോനെ അതിജീവിക്കുന്ന മഹാപുരുഷാരത്തിന്റെ ഭാഗമായിരിക്കാൻ പ്രതീക്ഷിക്കുന്നവരും നിർണ്ണായകമായ നടപടി സ്വീകരിക്കണം. നിങ്ങൾ അതിജീവിക്കാൻ പ്രതീക്ഷിക്കുന്നുവെങ്കിൽ നിങ്ങൾ യഹോവയുടെ നിർമ്മലീകരിക്കുന്ന വചനത്തിൽ നിന്ന് ആഴമായി കുടിക്കുകയും അവന്റെ നീതിയുള്ള നിലവാരങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ബാധകമാക്കുകയും ചെയ്യണം. യഹോവക്ക് നിങ്ങളുടെ ജീവിതത്തെ സമർപ്പിക്കുന്നതിനും ജലസ്നാപനത്താൽ അതിനെ ലക്ഷ്യപ്പെടുത്തുന്നതിനും നിങ്ങൾ തീരുമാനം ചെയ്യേണ്ടിയിരിക്കുന്നു. വിശ്വാസത്തോടെ യഹോവയെ വിളിച്ചപേക്ഷിക്കുന്നതിൽ അവനുവേണ്ടി സാക്ഷ്യം വഹിക്കുന്നതും ഉൾപ്പെടുന്നു. അങ്ങനെ, റോമർ 10-ാം അദ്ധ്യായം 9ഉം 10ഉം വാക്യങ്ങളിൽ പൗലോസ് ഇപ്രകാരം എഴുതുന്നു: “യേശുവിനെ കർത്താവ് എന്ന് വായ്കൊണ്ട് ഏററുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേൽപ്പിച്ചു എന്ന് ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും; ഹൃദയംകൊണ്ട് നീതിക്കായി വിശ്വസിക്കുകയും വായികൊണ്ട് രക്ഷക്കായി ഏററു പറയുകയും ചെയ്യുന്നു.” തുടർന്ന് “കർത്താവിന്റെ [യഹോവയുടെ, NW] നാമം വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടുമെന്ന്” ഊന്നിപ്പറഞ്ഞുകൊണ്ട് അപ്പോസ്തലൻ 13-ാം വാക്യത്തിൽ യോവേൽ പ്രവചനം ഉദ്ധരിക്കുന്നു.
‘അന്വേഷിക്കുക, അന്വേഷിക്കുക, അന്വേഷിക്കുക’
8. (എ) സെഫന്യാവ് പ്രവാചകൻ പറയുന്നതനുസരിച്ച് രക്ഷക്കുവേണ്ടിയുള്ള യഹോവയുടെ നിബന്ധനയെന്താണ്? (ബി) സെഫന്യാവ് 2:3-ലെ “പക്ഷേ” എന്ന വാക്ക് എന്തു മുന്നറിയിപ്പാണ് നമുക്ക് നൽകുന്നത്?
8 സെഫന്യാവിന്റെ പുസ്തകം രണ്ടാം അദ്ധ്യായം 2, 3 വാക്യങ്ങളിലേക്ക് തിരിയുമ്പോൾ രക്ഷക്കുള്ള യഹോവയുടെ നിബന്ധന എന്തെന്ന് നാം വായിക്കുന്നു: “യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേൽ വരുന്നതിനു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനു മുമ്പെ, കൂടി വരുവിൻ; അതെ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യൻമാരുമായുള്ളോരെ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.” “പക്ഷേ” എന്ന വാക്ക് കുറിക്കൊള്ളുക. അത് ഒരിക്കൽ രക്ഷിക്കപ്പെട്ടാൽ എന്നേക്കും രക്ഷിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതുപോലെയുള്ള ഒരു സംഗതിയല്ല. ആ ദിവസം നാം മറക്കപ്പെടുന്നത് നാം ആ മൂന്നുകാര്യങ്ങൾ തുടർന്നു ചെയ്തുകൊണ്ടിരിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. നാം യഹോവയെ അന്വേഷിക്കണം, നീതി അന്വേഷിക്കണം, സൗമ്യത അന്വേഷിക്കണം.
9. സൗമ്യത അന്വേഷിക്കുന്നവർക്ക് എങ്ങനെയാണ് പ്രതിഫലം ലഭിക്കുന്നത്?
9 സൗമ്യത അന്വേഷിക്കുന്നതിന്റെ പ്രതിഫലം വാസ്തവത്തിൽ അത്ഭുതകരം തന്നെയാണ്! സങ്കീർത്തനം 37-ന്റെ 9 മുതൽ 11 വരെയുള്ള വാക്യങ്ങളിൽ നാം ഇപ്രകാരം വായിക്കുന്നു: “യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ട് ദുഷ്ടൻ ഇല്ല . . . എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” നീതി അന്വേഷിക്കുന്നതു സംബന്ധിച്ചെന്ത്? ഇരുപത്തിയൊൻപതാം വാക്യം ഇപ്രകാരം പ്രസ്താവിക്കുന്നു: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” യഹോവയെ അന്വേഷിക്കുന്നതു സംബന്ധിച്ചാണെങ്കിൽ 39, 40 വാക്യങ്ങൾ നമ്മോടു പറയുന്നു: “നീതിമാൻമാരുടെ രക്ഷ യഹോവയിങ്കൽ നിന്ന് വരുന്നു; കഷ്ടകാലത്ത് അവൻ അവരുടെ ദുർഗ്ഗം ആകുന്നു. യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ട് അവൻ അവരെ ദുഷ്ടൻമാരുടെ കൈയ്യിൽ നിന്ന് വിടുവിച്ചു രക്ഷിക്കുന്നു.”
10. യഹോവയെ അന്വേഷിക്കുന്നതിലും സൗമ്യത അന്വേഷിക്കുന്നതിലുമുള്ള വിസമ്മതത്തിൽ ആരാണ് ശ്രദ്ധേയരായിരുന്നിട്ടുള്ളത്?
10 ക്രൈസ്തവ മണ്ഡലത്തിലെ മതവിഭാഗങ്ങൾ യഹോവയെ അന്വേഷിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ധിക്കാരപൂർവ്വം തങ്ങളുടെ ബൈബിൾ ഭാഷാന്തരങ്ങളിൽ നിന്ന് യഹോവയുടെ നാമം നീക്കം ചെയ്തുകൊണ്ട് അവയുടെ പുരോഹിതൻമാർ അവന്റെ അമൂല്യമായ നാമത്തെ നിരാകരിക്കുകപോലും ചെയ്തിരിക്കുന്നു. പേരില്ലാത്ത ഒരു കർത്താവിനെയോ ദൈവത്തെയോ ആരാധിക്കാനും ഒരു പുറജാതി ത്രിത്വത്തെ ആദരിക്കാനും അവർ കൂടുതൽ ഇഷ്ടപ്പെടുന്നു. മാത്രവുമല്ല, ക്രൈസ്തവമണ്ഡലം നീതി അന്വേഷിക്കുന്നില്ല. അവളുടെ അനുയായികളിൽ അനേകരും അനുവദനീയ ജീവിതരീതികൾ സ്വീകരിക്കുകയോ അവക്ക് അംഗീകാരം നൽകുകയോ ചെയ്തിരിക്കുന്നു. യേശു ചെയ്തതുപോലെ സൗമ്യത അന്വേഷിക്കുന്നതിനു പകരം അവർ ആഡംബരജീവിതത്തിന്റെ, മിക്കപ്പോഴും അധാർമ്മിക ജീവിതത്തിന്റെ പ്രകടനം തന്നെ കാഴ്ചവയ്ക്കുന്നു, ടെലിവിഷൻ തന്നെ ഒരു ഉദാഹരണം; ആടുകളുടെ ചെലവിൽ പുരോഹിതൻമാർ തങ്ങളെത്തന്നെ കൊഴുപ്പിക്കുന്നു. യാക്കോബ് 5:5 പറയുന്നപ്രകാരം അവർ “ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ചു പുളെച്ചി”രിക്കുന്നു. യഹോവയുടെ ദിവസം സമീപിക്കുമ്പോൾ ഈ നിശ്വസ്ത വചനങ്ങൾ അവർക്കു ബാധകമാണെന്ന് അവർ തീർച്ചയായും കണ്ടെത്തും: “ക്രോധദിവസത്തിൽ സമ്പത്ത് ഉപകരിക്കുന്നില്ല.”—സദൃശവാക്യങ്ങൾ 11:4.
11. അധർമ്മ മനുഷ്യൻ ആരാണ്, അവൻ വലിയ രക്തപാതകകുററം കുന്നിച്ചിരിക്കുന്നത് എങ്ങനെയാണ്?
11 പൊ. യു. ഒന്നാം നൂററാണ്ടിൽ തെസ്സലൊനീക്യർക്കുള്ള തന്റെ രണ്ടാം ലേഖനത്തിൽ അപ്പോസ്തലനായ പൗലോസ് വിവരിക്കുന്നപ്രകാരം യഹോവയുടെ ദിവസം അപ്പോൾതന്നെ വന്നെത്തിയിരിക്കുന്നതായി വിചാരിച്ചുകൊണ്ട് ചില ക്രിസ്ത്യാനികൾ ആവേശഭരിതരായി. എന്നാൽ ആദ്യം, വലിയ വിശ്വാസത്യാഗം സംഭവിക്കണമന്നും “അധർമ്മമനുഷ്യൻ” വെളിപ്പെട്ടുവരേണ്ടതാണെന്നും പൗലോസ് മുന്നറിയിപ്പ് നൽകി. (2 തെസ്സലൊനീക്യർ 2:1-3) ഇപ്പോൾ ഈ 20-ാം നൂററാണ്ടിൽ ആ വിശ്വാസത്യാഗം എത്രവിപുലമാണെന്നും ദൈവദൃഷ്ടിയിൽ ക്രൈസ്തവമണ്ഡലത്തിലെ പുരോഹിതൻമാർ എത്ര വലിയ അധർമ്മികളാണെന്നും നമുക്ക് വിലമതിക്കാൻകഴിയും. ആയിരത്തിത്തൊള്ളായിരത്തിപതിനാലു മുതലുള്ള ഈ അന്ത്യകാലത്ത് ‘കൊഴുക്കളെ വാളുകളായി അടിച്ചുതീർക്കു’ന്നതിന് പിന്തുണ നൽകിക്കൊണ്ട് പുരോഹിതവർഗ്ഗം ഭയങ്കരമായ രക്തപാതകം കുന്നിച്ചിരിക്കുന്നു. (യോവേൽ 3:10) മാനുഷ ദേഹിയുടെ സഹജഅമർത്ത്യത, ശുദ്ധീകരണസ്ഥലം, നരകാഗ്നിയിലെ പീഡനം, ശിശുസ്നാപനം, ത്രിത്വം മുതലായ വ്യാജോപദേശങ്ങൾ അവർ തുടർന്നും പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. യഹോവ തന്റെ ന്യായവിധി നിർവ്വഹിക്കുമ്പോൾ അവർ എവിടെ നിൽക്കും? സദൃശവാക്യങ്ങൾ 19:5 പ്രസ്താവിക്കുന്നു: “കള്ളസാക്ഷിക്ക് ശിക്ഷവരാതിരിക്കുകയില്ല.”
12. (എ) പെട്ടെന്നു തന്നെ ഇല്ലായ്മ ചെയ്യപ്പെടുന്ന മാനുഷ “ആകാശങ്ങളും” “ഭൂമിയും” എന്താണ്? (ബി) ഈ ദുഷ്ടലോകത്തിന്റെ ആസന്നമായിരിക്കുന്ന നാശത്തിൽ നിന്ന് നാം എന്താണ് പഠിക്കുന്നത്?
12 രണ്ട് പത്രോസ് 3:10-ൽ നാം ഇപ്രകാരം വായിക്കുന്നു: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും, അന്ന് ആകാശം കൊടുംമുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” മനുഷ്യവർഗ്ഗത്തെ ഒരു കൂടാരം പോലെ മൂടിയിരുന്ന ദുഷിച്ച ഭരണാധിപത്യങ്ങൾ ഇന്നത്തെ അധഃപതിച്ച മനുഷ്യസമുദായത്തിന്റെ എല്ലാ ഘടകങ്ങളും സഹിതം ദൈവത്തിന്റെ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെടും. സർവ്വനാശദിനത്തിലേക്കുള്ള ആയുധങ്ങളുടെ നിർമ്മാതാക്കളും വ്യാപാരികളും കബളിപ്പീരുകരും കപടഭക്തിക്കാരായ മതാനുയായികളും അവരുടെ പുരോഹിതവർഗ്ഗവും വഷളത്തത്തിന്റെയും അക്രമപ്രവർത്തനങ്ങളുടെയും കുററകൃത്യങ്ങളുടെയും പുരസ്ക്കർത്താക്കളുമെല്ലാം അപ്രത്യക്ഷരാകും. അവരെല്ലാം യഹോവയുടെ ഉഗ്രകോപത്തിൽ ഉരുകിഒലിച്ചുപോകും. എന്നാൽ 11, 12 വാക്യങ്ങളിൽ പത്രോസ് ക്രിസ്ത്യാനികൾക്കായി ഈ മുന്നറിയിപ്പ് നൽകുന്നു: “ഇങ്ങനെ ഇവ ഒക്കെയും അഴിവാനുള്ളതായിരിക്കയാൽ . . . ദൈവദിവസത്തിന്റെ വരവ് കാത്തിരുന്നും ബദ്ധപ്പെടുത്തിയും കൊണ്ട് നിങ്ങൾ എത്ര വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം.”
മീഖായേൽ നടപടി സ്വീകരിക്കുന്നു!
13, 14. യഹോവയുടെ ഭരണാധിപത്യത്തിന്റെ വലിയ സംസ്ഥാപകൻ ആരാണ്, അവൻ 1914 മുതൽ പ്രവർത്തനനിരതനായിരുന്നിട്ടുള്ളത് എങ്ങനെയാണ്?
13 യഹോവയുടെ “കൊടുംവിപത്തിന്റെ സമയത്ത്” ആരെങ്കിലും രക്ഷപ്പെടുന്നത് എങ്ങനെയാണ്? രക്ഷ നൽകുന്നതിനുള്ള ദൈവത്തിന്റെ കാര്യനിർവ്വാഹകൻ മീഖായേൽ എന്ന മുഖ്യദൂതനാണ്, അവന്റെ പേരിന്റെ അർത്ഥം “ദൈവത്തെപ്പോലെ ആരുണ്ട്?” എന്നാണ്. അപ്പോൾ, ഏകസത്യദൈവമെന്ന നിലയിലും മുഴുഅഖിലാണ്ഡത്തിന്റെയും യോഗ്യനായ പരമാധികാരകർത്താവെന്ന നിലയിലും യഹോവയുടെ ഭരണാധിപത്യത്തെ സംസ്ഥാപിക്കുന്നത് ഉചിതമായും അവനാണ്.
14 ആയിരത്തിത്തൊള്ളായിരത്തിപതിനാലു മുതലുള്ള “കർത്താവിന്റെ ദിവസത്തെ സംബന്ധിച്ച് വെളിപ്പാട് 12-ാം അദ്ധ്യായം 7 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ എന്തു ശ്രദ്ധേയമായ സംഭവങ്ങളാണ് വർണ്ണിച്ചിരിക്കുന്നത്! (വെളിപ്പാട് 1:10) മുഖ്യദൂതനായ മീഖായേൽ വിശ്വാസഘാതകനായ സാത്താനെ സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വലിച്ചെറിയുന്നു. പിന്നീട് വെളിപ്പാട് 19-ാം അദ്ധ്യായം 11 മുതൽ 16വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന പ്രകാരം “വിശ്വസ്തനും സത്യവാനും” എന്ന് വിളിക്കപ്പെടുന്നവൻ ‘സർവ്വശക്തനായ ദൈവത്തിന്റെ കോപവും ക്രോധവുമായ മുന്തിരിച്ചക്കു ചവിട്ടുന്നു’. (NW) ശക്തനായ ഈ സ്വർഗ്ഗീയ യോദ്ധാവിന്റെ നാമം “രാജാധിരാജാവും കർത്താധികർത്താവും” എന്നാണ്. ഒടുവിൽ, സാത്താനെ അഗാധത്തിൽ തള്ളിയിട്ട് ആയിരമാണ്ടേക്ക് ബന്ധിക്കുന്ന ഒരു മഹാദൂതനെക്കുറിച്ച് വെളിപ്പാട് 20:1, 2 വാക്യങ്ങൾ പറയുന്നു. പ്രകടമായും, ഈ തിരുവെഴുത്തുകളെല്ലാം യഹോവയുടെ പരമാധികാരത്തിന്റെ ഏക സംസ്ഥാപകനിലേക്ക്, 1914-ൽ യഹോവ സ്വർഗ്ഗീയ സിംഹാസനത്തിൽ അവരോധിച്ച യേശുക്രിസ്തുവിലേക്ക് വിരൽചൂണ്ടുന്നു.
15. ഏതു പ്രത്യേക വിധത്തിലാണ് മീഖായേൽ “എഴുന്നേൽക്കുന്നത്”?
15 ദാനിയേൽ 12:1 പ്രസ്താവിക്കുന്നപ്രകാരം 1914-ൽ രാജാവായി വാഴിക്കപ്പെട്ടതു മുതൽ മീഖായേൽ യഹോവയുടെ ജനത്തിനു വേണ്ടി “നിലകൊള്ളുകയാണ്.” എന്നാൽ പെട്ടെന്നുതന്നെ—ഭൂമിയിൽ നിന്ന് സകല ദുഷ്ടതയും തുടച്ചു നീക്കാനുള്ള മുഖ്യകാര്യനിർവ്വാഹകനെന്ന നിലയിലും ദൈവജനങ്ങളുടെ ആഗോളസമൂഹത്തിന്റെ രക്ഷകനെന്ന നിലയിലും—ഒരു പ്രത്യേക അർത്ഥത്തിൽ മീഖായേൽ “എഴുന്നേൽക്കും.” ആ “കൊടും വിപത്തിന്റെ സമയം” എത്ര വലുതായിരിക്കും എന്നത് മത്തായി 24:21, 22-ലെ യേശുവിന്റെ വാക്കുകളാൽ സൂചിപ്പിക്കപ്പെടുന്നു. “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം അന്നുണ്ടാകും. ആ നാളുകൾ ചുരുങ്ങാതിരുന്നാൽ ഒരു ജഡവും രക്ഷിക്കപ്പെടുകയില്ല; വൃതൻമാർനിമിത്തമോ ആ നാളുകൾ ചുരുങ്ങും.”
16. മഹോപദ്രവത്തിൽ എന്തു ജഡമാണ് രക്ഷിക്കപ്പെടുന്നത്?
16 ആ സമയത്ത് കുറെ ജഡം രക്ഷിക്കപ്പെടും എന്നുള്ളതിൽ നമുക്ക് എത്ര സന്തുഷ്ടരായിരിക്കാൻ കഴിയും! അല്ല, പൊ. യു. 70-ൽ യെരൂശലേമിൽ കുരുങ്ങിപ്പോയ മൽസരികളായ യഹൂദൻമാരിൽ ചിലർ റോമിലേക്ക് അടിമകളായി പിടിച്ചുകൊണ്ടു പോകപ്പെട്ടതുപോലെയല്ല. മറിച്ച് “അന്ത്യകാലത്ത്” രക്ഷപ്പെടുന്നവർ യെരൂശലേമിന്റെ അന്തിമ ഉപരോധം ആംഭിക്കുന്നതിനു മുമ്പേ പുറത്തു കടന്ന ക്രിസ്തീയ സഭയെപ്പോലെയായിരിക്കും. മഹാപുരുഷാരത്തിലെ ദശലക്ഷങ്ങളും ഭൂമിയിൽ അപ്പോഴും ശേഷിച്ചിരുന്നേക്കാവുന്ന അഭിഷിക്തരും ചേർന്ന് അവർ ദൈവത്തിന്റെ സ്വന്തം ജനമായിരിക്കും. (ദാനിയേൽ 12:4) മഹാപുരുഷാരം “മഹോപദ്രവത്തിൽ നിന്ന് പുറത്തു വരുന്നു.” എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവർ “കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.” യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ തങ്ങളെ വീണ്ടെടുക്കാനുള്ള ശക്തിയിൽ അവർ വിശ്വസിക്കുകയും വിശ്വസ്തയോടെ ദൈവത്തെ സേവിച്ചുകൊണ്ട് ആ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നു. ഇപ്പോൾപോലും “സിംഹാസനത്തിലിരിക്കുന്ന” യഹോവ അവർക്കു മീതെ തന്റെ സംരക്ഷക കൂടാരം വിരിക്കുന്നു, അതേസമയം കുഞ്ഞാടായ യേശുക്രിസ്തു അവരെ മേയിക്കുകയും ജീവജലത്തിന്റെ ഉറവുകളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.—വെളിപ്പാട് 7:14, 15.
17. വരാനിരിക്കുന്ന കൊടുംവിപത്തിന്റെ നാളിൽ മറക്കപ്പെടാൻ തക്കവണ്ണം പ്രവർത്തിക്കാൻ മഹാപുരുഷാരം പ്രോൽസാഹിപ്പിക്കപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
17 യഹോവയെ അന്വേഷിക്കുന്നതിൽ, നീതിയും സൗമ്യതയും അന്വേഷിക്കുന്നതിൽ, മഹാപുരുഷാരത്തിൽപ്പെട്ട ദശലക്ഷങ്ങൾ സത്യത്തോടുള്ള തങ്ങളുടെ ആദ്യസ്നേഹം തണുത്തുപോകാൻ ഒരിക്കലും അനുവദിക്കരുത്! നിങ്ങൾ ഈ ചെമ്മരിയാടു തുല്യരായ ആളുകളിൽ ഒരാളാണെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? കൊലൊസ്സ്യർ 3-ാം അദ്ധ്യായം 5 മുതൽ 14 വരെയുള്ള വാക്യങ്ങളിൽ പറഞ്ഞിരിക്കുന്നപ്രകാരം നിങ്ങൾ “പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ പൂർണ്ണമായി ഉരിഞ്ഞു കളയണം.” ദിവ്യസഹായം തേടിക്കൊണ്ട് ‘സൂക്ഷ്മപരിജ്ഞാനത്തിൽ അധിഷ്ഠിതമായ പുതിയ വ്യക്തിത്വം ധരിക്കാൻ’ കഠിനശ്രമം ചെയ്യുക. സൗമ്യതയിൽ, യഹോവയെ സ്തുതിക്കുന്നതിനും അവന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ മററുള്ളവരെ അറിയിക്കുന്നതിനും ഉൽസാഹം കെട്ടുപണി ചെയ്യുകയും നിലനിർത്തുകയും ചെയ്യുക. അങ്ങനെ “കൊടും വിപത്തിന്റെ സമയത്ത്” “യഹോവയുടെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ,” നിങ്ങൾ മറക്കപ്പെട്ടേക്കാം.
18, 19. രക്ഷക്ക് സഹിഷ്ണുത ജീവൽപ്രധാനമായിത്തീർന്നിരിക്കുന്നത് എങ്ങനെയാണ്?
18 ആ ദിവസം ആസന്നമാണ്! അത് നമുക്കു നേരെ പാഞ്ഞു വരികയാണ്. മഹാപുരുഷാരത്തിൽപ്പെട്ട വ്യക്തികളുടെ കൂട്ടിച്ചേർപ്പ് കഴിഞ്ഞ 57 വർഷമായി നടന്നുകൊണ്ടിരിക്കുകയാണ്. ഇവരിൽ കുറേപ്പേർ മരിച്ചിട്ട് പുനരുത്ഥാനം കാത്തു കഴിയുന്നു. എന്നാൽ ഒരു സംഘമെന്ന നിലയിൽ മഹാപുരുഷാരം “പുതിയ ഭൂമി” സമൂഹത്തിന്റെ കേന്ദ്രബിന്ദുവെന്ന നിലയിൽ മഹോപദ്രവത്തിലൂടെ പുറത്തുവരുമെന്ന് വെളിപ്പാടിലെ പ്രവചനത്താൽ നമുക്ക് ഉറപ്പ് നൽകപ്പെട്ടിരിക്കുന്നു. (വെളിപ്പാട് 21:1) നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? അത് സാദ്ധ്യമാണ്, എന്തുകൊണ്ടെന്നാൽ മത്തായി 24:13-ൽ യേശു പറയുന്നു: “അവസാനത്തോളം സഹിച്ചു നിന്നിട്ടുള്ളവനാണ് രക്ഷിക്കപ്പെടുന്നത്.” (NW).
19 ഈ പഴയ വ്യവസ്ഥിതിയിൽ യഹോവയുടെ ജനം അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ വർദ്ധിച്ചു വന്നേക്കാം. കൊടുംവിപത്ത് കൈവരുത്തുന്ന മഹോപദ്രവം ആഞ്ഞടിക്കുമ്പോൾ നിങ്ങൾ കഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്നേക്കാം. എന്നാൽ യഹോവയോടും അവന്റെ സ്ഥാപനത്തോടും അടുത്തു പററിനിൽക്കുക. ഉണർന്നിരിക്കുക! “‘അതുകൊണ്ട് ഞാൻ സാക്ഷിയായി എഴുന്നേൽക്കുന്ന ദിവസംവരെ എനിക്കായി കാത്തിരിപ്പിൻ’ എന്ന് യഹോവയുടെ അരുളപ്പാട്, ‘എന്റെ ക്രോധവും എന്റെ ഉഗ്രകോപവും പകരേണ്ടതിന് ജാതികളെ ചേർക്കുവാനും രാജ്യങ്ങളെ കൂട്ടുവാനും ഞാൻ നിർണ്ണയിച്ചിരിക്കുന്നു; സർവ്വഭൂമിയും എന്റെ തീക്ഷ്ണതാഗ്നിക്ക് ഇരയായിത്തീരും.’”—സെഫന്യാവ് 3:8.
20. “കൊടും വിപത്ത്” അതിന്റെ പരമകാഷ്ഠയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുമ്പോൾ നാം എന്തു ചെയ്യണം?
20 നമ്മുടെ സംരക്ഷണത്തിനും പ്രോൽസാഹനത്തിനുമായി യഹോവ ദയാപൂർവ്വം തന്റെ ജനത്തിന് “ഒരു നിർമ്മലഭാഷ” പ്രദാനം ചെയ്തിരിക്കുന്നു. അതിൽ വരാനിരിക്കുന്ന രാജ്യത്തെ സംബന്ധിച്ചുള്ള മഹത്തായ ദൂത് ഉൾപ്പെടുന്നു. “അവർ എല്ലാവരും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കേണ്ടതിനും തോളോടുതോൾ ചേർന്ന് അവനെ സേവിക്കേണ്ടതിനും തന്നെ.” (സെഫന്യാവ് 3:9, NW) “കൊടും വിപത്തിന്റെ സമയം” വേഗത്തിൽ അടുത്തടുത്തു വരുമ്പോൾ രക്ഷക്കുവേണ്ടി സൗമ്യരായ മററുള്ളവരും ‘യഹോവയുടെ നാമം വിളിച്ചപേക്ഷിക്കാൻ’ സഹായിക്കുന്നതിന് നാം ഉൽസാഹപൂർവ്വം സേവനം ചെയ്യാൻ ഇടയാകട്ടെ.
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?
◻ ഭൂമിയിൽ സമാധാനം കൊണ്ടുവരുന്നതിനു മുമ്പായി യഹോവയുടെ എന്തു പ്രവർത്തനം നടക്കും?
◻ യോവേൽ പറയുന്നതനുസരിച്ച് രക്ഷിക്കപ്പെടുന്നതിന് ഒരുവൻ എന്തു ചെയ്യണം?
◻ സെഫന്യാവ് പറയുന്നതനുസരിച്ച് സൗമ്യതയുള്ളവർ യഹോവയുടെ ഉഗ്രകോപത്തിൽ നിന്ന് എങ്ങനെ സംരക്ഷണം കണ്ടെത്തിയേക്കാം?
◻ “അധർമ്മ മനുഷ്യൻ” ആരാണ്, അവൻ രക്തപാതകകുററം കുന്നിച്ചിരിക്കുന്നതെങ്ങനെ?
◻ രക്ഷയുടെ സംഗതിയിൽ സഹിഷ്ണുത എത്ര പ്രധാനമാണ്?