സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുക
“ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത?”—2 കൊരിന്ത്യർ 6:16.
1. ഇസ്രയേലിന്റെ സമാഗമനകൂടാരവും ആലയങ്ങളും എന്തിന്റെ മാതൃകയായിരുന്നു?
യഹോവക്കു വിഗ്രഹങ്ങളെ പാർപ്പിക്കാത്ത ഒരു ആലയമുണ്ട്. മോശ പണികഴിപ്പിച്ച ഇസ്രയേലിന്റെ സമാഗമനകൂടാരവും പിൽക്കാലത്തു യെരൂശലേമിൽ പണിത ആലയങ്ങളും അതിനെ മുൻനിഴലാക്കി. ആ സൗധങ്ങൾ യഹോവയുടെ വലിയ ആത്മീയാലയമായ “സത്യകൂടാര”ത്തെ പ്രതിനിധാനംചെയ്തു. (എബ്രായർ 8:1-5) ആ ആലയമാണു യേശുക്രിസ്തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ആരാധനയിൽ ദൈവത്തെ സമീപിക്കാനുള്ള ക്രമീകരണം.—എബ്രായർ 9:2-10, 23.
2. ദൈവത്തിന്റെ വലിയ ആത്മീയാലയത്തിൽ ആർ തൂണുകളായിത്തീർന്നു, മഹാപുരുഷാരം ഏതു സ്ഥാനം ആസ്വദിക്കുന്നു?
2 ഓരോ അഭിഷിക്തക്രിസ്ത്യാനിയും “ദൈവത്തിന്റെ ആലയത്തിൽ ഒരു തൂൺ” ആയിത്തീർന്നുകൊണ്ടു സ്വർഗ്ഗത്തിൽ ഒരു സ്ഥാനം ഏൽക്കുന്നു. യഹോവയുടെ മററാരാധകരുടെ ഒരു “മഹാപുരുഷാരം” ഹെരോദാവു പുതുക്കിപ്പണിത ആലയത്തിലെ ജാതികളുടെ പ്രാകാരം പ്രതിനിധാനംചെയ്തതിൽ “[ദൈവത്തെ] ആരാധിക്കുന്നു.” യേശുവിന്റെ ബലിയിലുള്ള വിശ്വാസം നിമിത്തം അവർക്ക് ഒരു നീതിയുള്ള നിലയുണ്ട്, അതു “മഹാകഷ്ട”ത്തിലെ സംരക്ഷണത്തിൽ കലാശിക്കുന്നു.—വെളിപ്പാടു 3:12; 7:9-15.
3, 4. ഭൂമിയിലെ അഭിഷിക്തക്രിസ്ത്യാനികളുടെ സഭയെ എന്തിനോട് ഉപമിച്ചിരിക്കുന്നു, ഏതു മാലിന്യത്തിൽനിന്ന് അവർ വിമുക്തരായിരിക്കണം?
3 ഭൂമിയിലെ അഭിഷിക്തക്രിസ്ത്യാനികളുടെ സഭയെയും വിഗ്രഹാരാധനയിൽനിന്നു വിമുക്തമായ മറെറാരു ആലയത്തോട് ഉപമിച്ചിരിക്കുന്നു. ‘പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ട’ അങ്ങനെയുള്ളവരോട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലൻമാരും പ്രവാചകൻമാരും എന്ന അടിസ്ഥാനത്തിൻമേൽ പണിതിരിക്കുന്നു. അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു. അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.” (എഫെസ്യർ 1:13; 2:20-22) മുദ്രയിടപ്പെടുന്ന ഈ 1,44,000 പേർ “ആത്മികഗൃഹമായി . . . വിശുദ്ധപുരോഹിതവർഗ്ഗമാകേണ്ടതിന്നു പണിയപ്പെടുന്ന” “ജീവനുള്ള കല്ലുകൾ” ആണ്.—1 പത്രൊസ് 2:5; വെളിപ്പാടു 7:4; 14:1.
4 ഈ ഉപപുരോഹിതൻമാർ “ദൈവത്തിന്റെ ഗൃഹനിർമ്മാണം” ആയിരിക്കുന്നതിനാൽ അവൻ തന്റെ ഈ ആലയം മലിനമാക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. (1 കൊരിന്ത്യർ 3:9, 16, 17) “അവിശ്വാസികളോടു ഇണയില്ലാപ്പിണ കൂടരുതു” എന്നു പൗലോസ് മുന്നറിയിപ്പുനൽകി. “നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ? ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി? ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത?” “സർവശക്തനായ കർത്താവിനു [യഹോവ NW]”ള്ളവരായ അഭിഷിക്ത ക്രിസ്ത്യാനികൾ വിഗ്രഹാരാധനയിൽനിന്നു വിമുക്തരായിരിക്കണം. (2 കൊരിന്ത്യർ 6:14-18) മഹാപുരുഷാരത്തിൽ പെട്ടവരും സകലതരം വിഗ്രഹാരാധനയെയും ഒഴിവാക്കണം.
5. യഹോവ സമ്പൂർണ്ണഭക്തി അർഹിക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് സത്യക്രിസ്ത്യാനികൾ എന്തു ചെയ്യുന്നു?
5 വിഗ്രഹാരാധനയുടെ നേരിട്ടുള്ളതും തന്ത്രപരവുമായ രൂപങ്ങളുണ്ട്. ഇല്ല, വിഗ്രഹാരാധന വ്യാജദൈവങ്ങളുടെയും ദേവികളുടെയും ആരാധനയിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. അതു യഹോവയല്ലാതുള്ള എന്തിന്റെയും അല്ലെങ്കിൽ ആരുടെയും ആരാധനയാണ്. സാർവ്വത്രിക പരമാധികാരിയെന്ന നിലയിൽ അവൻ ഉചിതമായി സമ്പൂർണ്ണമായ ഭക്തി ആവശ്യപ്പെടുകയും അർഹിക്കുകയും ചെയ്യുന്നു. (ആവർത്തനം 4:24) ഇതിനെക്കുറിച്ചുള്ള അറിവോടെ സത്യക്രിസ്ത്യനികൾ സകല വിഗ്രഹാരാധനക്കുമെതിരായ തിരുവെഴുത്തുമുന്നറിയിപ്പുകൾ അനുസരിക്കുന്നു. (1 കൊരിന്ത്യർ 10:7) യഹോവയുടെ ദാസൻമാർ ഒഴിവാക്കേണ്ട ചില രൂപങ്ങളിലുള്ള വിഗ്രഹാരാധനകളെക്കുറിച്ചു നമുക്കു പരിചിന്തിക്കാം.
ക്രൈസ്തവലോകത്തിന്റെ വിഗ്രഹാരാധന മുൻനിഴലാക്കപ്പെട്ടു
6. യെഹെസ്ക്കേൽ ദർശനത്തിൽ ഏതു മ്ലേച്ഛതകൾ കണ്ടു?
6 പൊ.യു.മു. (പൊതുയുഗത്തിനു മുമ്പു) 612-ൽ ബാബിലോന്യ പ്രവാസത്തിലായിരുന്നപ്പോൾ വിശ്വാസത്യാഗികൾ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ നടത്തിയിരുന്ന മ്ലേച്ഛകാര്യങ്ങളുടെ ഒരു ദർശനം പ്രവാചകനായ യെഹെസ്ക്കേലിനുണ്ടായി. യെഹെസ്ക്കേൽ ഒരു “തീക്ഷ്ണതാബിംബം” കണ്ടു. എഴുപതു മൂപ്പൻമാർ ആലയത്തിൽ ധൂപം കാട്ടുന്നതായി കാണപ്പെട്ടു. സ്ത്രീകൾ ഒരു വ്യാജദൈവത്തെക്കുറിച്ചു കരയുന്നതു കണ്ടു. ഇരുപത്തഞ്ചു പുരുഷൻമാർ സൂര്യനെ ആരാധിക്കുകയായിരുന്നു. ഈ വിശ്വാസത്യാഗപരമായ നടപടികളുടെ സാർത്ഥകത എന്തായിരുന്നു?
7, 8. “തീക്ഷ്ണതാബിംബം” എന്തായിരുന്നിരിക്കാം, അതു യഹോവയെ തീക്ഷ്ണതക്കു പ്രചോദിപ്പിച്ചത് എന്തുകൊണ്ട്?
7 യെഹെസ്ക്കേൽ ദർശനത്തിൽ കണ്ട മ്ലേച്ഛകാര്യങ്ങൾ ക്രൈസ്തവലോകത്തിലെ വിഗ്രഹാരാധനയെ മുൻനിഴലാക്കി. ഉദാഹരണത്തിന്, അവൻ പറഞ്ഞു: “യാഗപീഠത്തിന്റെ വാതിലിന്നു വടക്കോട്ടു, പ്രവേശനത്തിങ്കൽ തന്നേ, ആ തീക്ഷ്ണതാബിംബത്തെ കണ്ടു. [യഹോവയാം ദൈവം] എന്നോടു: മനുഷ്യപുത്രാ, അവർ ചെയ്യുന്നതു, ഞാൻ എന്റെ വിശുദ്ധമന്ദിരം വിട്ടു പോകേണ്ടതിന്നു യിസ്രായേൽ ഗൃഹം ഇവിടെ ചെയ്യുന്ന മഹാമേച്ഛതകൾ തന്നേ നീ കാണുന്നുവോ?”—യെഹെസ്ക്കേൽ 8:1-6.
8 വിഗ്രഹാരാധനാപരമായ തീക്ഷ്ണതാബിംബം കനാന്യർ തങ്ങളുടെ ബാൽദൈവത്തിന്റെ ഭാര്യയായി വീക്ഷിച്ച വ്യാജദേവിയെ പ്രതിനിധാനംചെയ്യുന്ന ഒരു വിശുദ്ധസ്തംഭം ആയിരുന്നിരിക്കാം. ആ ബിംബം എന്തായിരുന്നാലും, അതു യഹോവക്കു തീക്ഷ്ണത ജനിപ്പിച്ചു, എന്തുകൊണ്ടെന്നാൽ അതു പിൻവരുന്ന അവന്റെ കല്പനകളുടെ ലംഘനമായി തന്നോടുള്ള ഇസ്രയേലിന്റെ സമ്പൂർണ്ണ ഭക്തിയെ വിഭജിച്ചു: “യഹോവയായ ഞാൻ നിന്റെ ദൈവം ആകുന്നു. ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.”—പുറപ്പാടു 20:2-5.
9. ക്രൈസ്തവലോകം ദൈവത്തെ തീക്ഷ്ണതക്കു പ്രചോദിപ്പിച്ചിരിക്കുന്നതെങ്ങനെ?
9 ദൈവാലയത്തിൽ തീക്ഷ്ണതാബിംബത്തെ ആരാധിക്കുന്നതു വിശ്വാസത്യാഗികളായ ഇസ്രയേല്യർ ചെയ്തുകൊണ്ടിരുന്ന മഹാമ്ലേച്ഛതകളിൽ ഒന്നായിരുന്നു. സമാനമായി, ക്രൈസ്തവലോകത്തിലെ പള്ളികൾ അവർ സേവിക്കുന്നതായി ഭാവിക്കുന്നവനു അവർ കൊടുക്കുന്നതായി അവകാശപ്പെടുന്ന സമ്പൂർണ്ണഭക്തിയെ വിഭജിക്കുന്ന, ദൈവത്തെ അപമാനിക്കുന്ന ബിംബങ്ങളാലും പ്രതിമകളാലും മലിനപ്പെട്ടിരിക്കുകയാണ്. വൈദികർ മനുഷ്യവർഗ്ഗത്തിന്റെ ഏകപ്രത്യാശയെന്ന നിലയിൽനിന്ന് അവന്റെ രാജ്യത്തെ തള്ളിക്കളയുന്നതുകൊണ്ടും നിൽക്കരുതാത്ത “വിശുദ്ധസ്ഥലത്തിൽ നിൽക്കുന്ന” “ശൂന്യമാക്കുന്ന മ്ലേച്ഛത”യായ ഐക്യരാഷ്ട്രങ്ങളെ വിഗ്രഹമാക്കുന്നതുകൊണ്ടുംകൂടെയാണു ദൈവം തീക്ഷ്ണതക്കു പ്രചോദിപ്പിക്കപ്പെടുന്നത്.—മത്തായി 24:15, 16; മർക്കൊസ് 13:14.
10. യെഹെസ്ക്കേൽ ആലയത്തിനുള്ളിൽ എന്തു കണ്ടു, ഇതു ക്രൈസ്തവലോകത്തിൽ കാണപ്പെടുന്നതിനോട് എങ്ങനെ ഒത്തുവരുന്നു?
10 ആലയത്തിൽ പ്രവേശിച്ചുകൊണ്ടു യെഹെസ്ക്കേൽ റിപ്പോർട്ടുചെയ്യുന്നു: “വെറുപ്പായുള്ള ഓരോ തരം ഇഴജാതികളെയും മൃഗങ്ങളെയും യിസ്രായേൽഗൃഹത്തിന്റെ സകലവിഗ്രഹങ്ങളെയും ചുററും ചുവരിൻമേൽ വരെച്ചിരിക്കുന്നതു കണ്ടു. അവയുടെ മുമ്പിൽ യിസ്രായേൽ ഗൃഹത്തിന്റെ മൂപ്പൻമാരിൽ എഴുപതുപേരും . . . ഓരോരുത്തൻ കയ്യിൽ ധൂപകലശം പിടിച്ചുകൊണ്ടു നിന്നു; ധൂപമേഘത്തിന്റെ വാസന പൊങ്ങിക്കൊണ്ടിരുന്നു.” ചിന്തിക്കുക! യഹോവയുടെ ആലയത്തിലെ ഇസ്രയേല്യമൂപ്പൻമാർ വെറുക്കത്തക്ക ചുവർകൊത്തുപണികളാൽ പ്രതിനിധാനംചെയ്യപ്പെട്ട വ്യാജ ദൈവങ്ങൾക്കു ധൂപം കാട്ടുന്നു. (യെഹെസ്ക്കേൽ 8:10-12) സമാനമായി, ക്രൈസ്തവലോകത്തിലെ രാജ്യങ്ങളെ പ്രതീകപ്പെടുത്താൻ പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിക്കുന്നു, അവയ്ക്കു ജനങ്ങൾ ഭക്തിയർപ്പിക്കുന്നു. തന്നെയുമല്ല, യഹോവയാം ദൈവത്താലുള്ള സൃഷ്ടിപ്പിന്റെ യഥാർത്ഥ വിവരണത്തെ ഉയർത്തിപ്പിടിക്കുന്നതിനു പകരം, മനുഷ്യനെക്കാൾ താഴ്ന്ന മൃഗജീവികളിൽനിന്നുള്ള മമനുഷ്യന്റെ പരിണാമത്തിന്റെ തെററായ സിദ്ധാന്തത്തിന്റെ വക്താക്കളായിരുന്നുകൊണ്ടു ജനസമൂഹങ്ങളെ വഴിതെററിക്കാൻ സഹായിച്ചതിൽ വൈദികരിലനേകരും കുററക്കാരാണ്.—പ്രവൃത്തികൾ 17:24-28.
11. വിശ്വാസത്യാഗികളായ ഇസ്രയേല്യസ്ത്രീകൾ തമ്മൂസിനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നതെന്തുകൊണ്ട്?
11 യഹോവയുടെ ആലയത്തിന്റെ പടിവാതിലിന്റെ പ്രവേശനത്തിങ്കൽ വിശ്വാസത്യാഗികളായ സ്ത്രീകൾ തമ്മൂസിനെപ്രതി കരഞ്ഞുകൊണ്ടിരിക്കുന്നതു യെഹെസ്ക്കേൽ കണ്ടു. (യെഹെസ്ക്കേൽ 8:13, 14) ബാബിലോന്യരും സുറിയക്കാരും, മഴക്കാലത്തു വളരുന്നതും വരൾച്ചയുടെ കാലത്ത് മരിക്കുന്നതുമായ ഒരു സസ്യത്തിന്റെ ദേവനായിട്ടാണു തമ്മൂസിനെ വീക്ഷിച്ചത്. ആ സസ്യത്തിന്റെ മരണം തമ്മൂസിന്റെ മരണത്തെ ചിത്രീകരിച്ചു, ഈ മരണത്തെ പ്രതി ഏററവും കൂടിയ ചൂടുള്ള കാലത്തു അവന്റെ ആരാധകർ വിലാപം നടത്തി. മഴക്കാലത്ത് ഈ സസ്യം വീണ്ടും പ്രത്യക്ഷപ്പെടുമ്പോൾ തമ്മൂസ് അധോലോകത്തിൽനിന്നു മടങ്ങിവന്നതായി സങ്കല്പിക്കപ്പെട്ടു. അവൻ തന്റെ നാമത്തിന്റെ ആദ്യക്ഷരമായ പുരാതന തൗവിനാൽ പ്രതിനിധാനംചെയ്യപ്പെട്ടു, അതു കുരിശിന്റെ ഒരു രൂപമായിരുന്നു. ഇതു നമ്മെ ക്രൈസ്തവലോകത്തിന്റെ വിഗ്രഹാരാധനാപരമായ കുരിശാരാധനയെ ഉചിതമായി അനുസ്മരിപ്പിച്ചേക്കാം.
12. വിശ്വാസത്യാഗികളായ 25 ഇസ്രയേല്യപുരുഷൻമാർ എന്തു ചെയ്യുന്നതു യെഹെസ്ക്കേൽ കണ്ടു, ക്രൈസ്തവലോകത്തിൽ ഏതു സമാനമായ പ്രവർത്തനം നടക്കുന്നു?
12 ആലയത്തിന്റെ അകത്തെ പ്രാകാരത്തിൽ, യെഹെസ്ക്കേൽ അടുത്തതായി വിശ്വാസത്യാഗികളായ 25 പുരുഷൻമാർ സൂര്യനെ ആരാധിക്കുന്നതു കണ്ടു—അത്തരം വിഗ്രഹാരാധനക്കെതിരായ യഹോവയുടെ കല്പനയുടെ ലംഘനംതന്നെ. (ആവർത്തനം 4:15-19) ആ വിഗ്രഹാരാധികൾ ദൈവത്തിന്റെ മൂക്കിനുനേരെ ഒരുപക്ഷേ പുരുഷലിംഗത്തെ പ്രതിനിധാനംചെയ്യുന്ന ഒരു അസഭ്യചുള്ളി നീട്ടിപ്പിടിച്ചു. ദൈവം അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം കൊടുക്കാത്തത് അതിശയമല്ല, ക്രൈസ്തവലോകം “മഹോപദ്രവ”കാലത്ത് അവന്റെ സഹായം വ്യർത്ഥമായി തേടുന്നതുപോലെതന്നെ. (മത്തായി 24:21, NW) വിശ്വാസത്യാഗികളായ ആ ഇസ്രയേല്യർ യഹോവയുടെ ആലയത്തിനു പുറംതിരിഞ്ഞുനിന്ന്, പ്രകാശം നൽകുന്ന സൂര്യനെ ആരാധിച്ചതുപോലെ, ക്രൈസ്തവലോകം ദൈവത്തിൽനിന്നുള്ള പ്രകാശത്തിനു പുറംതിരിഞ്ഞുകളയുകയും വ്യാജോപദേശങ്ങൾ പഠിപ്പിക്കുകയും ലോകജ്ഞാനത്തെ വിഗ്രഹമാക്കുകയും ദുർമ്മാർഗ്ഗത്തിനുനേരെ കണ്ണടക്കുകയും ചെയ്യുന്നു.—യെഹെസ്ക്കേൽ 8:15-18.
13. യഹോവയുടെ സാക്ഷികൾ യെഹെസ്ക്കേലിന്റെ ദർശനത്തിൽ കണ്ട വിഗ്രഹാരാധനാരൂപങ്ങളെ ഏതു വിധങ്ങളിൽ ഒഴിവാക്കുന്നു?
13 യഹോവയുടെ സാക്ഷികൾ യെഹെസ്ക്കേൽ മുൻകൂട്ടിക്കണ്ടതുപോലെ ക്രൈസ്തവലോകത്തിൽ അഥവാ പ്രതിമാതൃകയിലെ യെരൂശലേമിൽ ആചരിക്കുന്ന വിഗ്രഹാരാധനാരൂപങ്ങളെ ഒഴിവാക്കുന്നു. നാം ദൈവത്തെ അപമാനിക്കുന്ന പ്രതീകങ്ങളെ വിഗ്രഹമാക്കുന്നില്ല. നാം ഭരണപരമായ “ശ്രേഷ്ഠാധികാരങ്ങ”ളോട് ആദരവുകാട്ടുന്നുവെങ്കിലും അവരോടുള്ള നമ്മുടെ കീഴ്പ്പെടൽ ആപേക്ഷികമാണ്. (റോമർ 13:1-7; മർക്കൊസ് 12:17; പ്രവൃത്തികൾ 5:29) നമ്മുടെ ഹൃദയഭക്തി നാം ദൈവത്തിനും അവന്റെ രാജ്യത്തിനും കൊടുക്കുന്നു. നാം സ്രഷ്ടാവിനും അവന്റെ സൃഷ്ടിക്കും പകരം പരിണാമസിദ്ധാന്തം സ്വീകരിക്കുന്നില്ല. (വെളിപ്പാടു 4:11) നാം ഒരിക്കലും കുരിശിനെ പൂജിക്കുകയോ ബുദ്ധിപരതയെയോ തത്ത്വചിന്തയെയോ മററുതരം ലൗകികജ്ഞാനത്തെയോ വിഗ്രഹമാക്കുകയോ ചെയ്യുന്നില്ല. (1 തിമൊഥെയൊസ് 6:20, 21) നാം മററു സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുന്നു. ഇവയിൽ ചിലത് ഏതാണ്?
മററുതരം വിഗ്രഹാരാധനകൾ
14. യഹോവയുടെ ദാസൻമാർ വെളിപ്പാടു 13:1-ലെ “മൃഗ”ത്തെ സംബന്ധിച്ച് എന്തു നില സ്വീകരിക്കുന്നു?
14 ഒരു പ്രതീകാത്മക “കാട്ടുമൃഗ”ത്തെ വിഗ്രഹമാക്കുന്നതിൽ ക്രിസ്ത്യാനികൾ മനുഷ്യവർഗ്ഗവുമായി പങ്കുചേരുന്നില്ല. അപ്പോസ്തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജമുടിയും . . . ഉള്ളോരു മൃഗം സമുദ്രത്തിൽനിന്നു കയറുന്നതു ഞാൻ കണ്ടു . . . ഭൂവാസികൾ ഒക്കെയും അതിനെ നമസ്കരിക്കും.” (വെളിപ്പാടു 13:1, 8) മൃഗങ്ങൾക്കു “രാജാക്കൻമാരെ” അല്ലെങ്കിൽ രാഷ്ട്രീയശക്തികളെ പ്രതീകപ്പെടുത്താൻ കഴിയും. (ദാനീയേൽ 7:17; 8:3-8, 20-25) അതുകൊണ്ടു പ്രതീകാത്മക കാട്ടുമൃഗത്തിന്റെ ഏഴു തല ഈജിപ്ററ്, അസ്സീറിയാ, ബാബിലോൻ, മെദോപേർഷ്യ, ഗ്രീസ്, റോം, ബ്രിട്ടന്റെയും അമേരിക്കൻ ഐക്യനാടുകളുടെയും ആംഗ്ലോ-അമേരിക്കൻ കൂട്ടുകെട്ട് എന്നിങ്ങനെയുള്ള ലോകശക്തികളെ പ്രതിനിധാനംചെയ്യുന്നു. ക്രൈസ്തവലോകത്തിലെ വൈദികർ “ഈ ലോകത്തിന്റെ ഭരണാധിപൻ” ആയ സാത്താന്റെ രാഷ്ട്രീയവ്യവസ്ഥിതിയെ വിഗ്രഹമാക്കുന്നതിൽ മനുഷ്യവർഗ്ഗത്തിനു നേതൃത്വം കൊടുക്കുന്നതിൽ ദൈവത്തോടും ക്രിസ്തുവിനോടും വലിയ അനാദരവു കാട്ടുന്നു. (യോഹന്നാൻ 12:31, NW) എന്നിരുന്നാലും ക്രിസ്തീയനിഷ്പക്ഷവാദികളും രാജ്യപിന്തുണക്കാരുമെന്ന നിലയിൽ യഹോവയുടെ ദാസൻമാർ അങ്ങനെയുള്ള വിഗ്രഹാരാധനയെ ത്യജിക്കുന്നു.—യാക്കോബ് 1:27.
15. യഹോവയുടെ ജനം ലോകതാരങ്ങളെ എങ്ങനെ വീക്ഷിക്കുന്നു, ഒരു സാക്ഷി ഈ കാര്യത്തിൽ എന്തു പറഞ്ഞു?
15 ദൈവത്തിന്റെ ജനം ലോകത്തിലെ വിനോദ, സ്പോർട്ട്സ് താരങ്ങളെയും വിഗ്രഹമാക്കുന്നതിൽനിന്നു ഒഴിഞ്ഞുനിൽക്കുന്നു. യഹോവയുടെ ഒരു സാക്ഷിയായിത്തീർന്നശേഷം ഒരു സംഗീതജ്ഞൻ ഇങ്ങനെ പറഞ്ഞു: “വിനോദത്തിനും നൃത്തത്തിനുംവേണ്ടി നിർമ്മിക്കപ്പെടുന്ന സംഗീതത്തിനു ദുർമ്മോഹങ്ങൾ ഉണർത്താൻ കഴിയും . . . കലാകാരൻ സന്തുഷ്ടിയെയും സ്നേഹത്തെയും കുറിച്ചു പാടുന്നു, തങ്ങളുടെ വിവാഹപങ്കാളിയിൽ അതില്ലെന്ന് അനേകം ശ്രോതാക്കൾക്കു തോന്നിയേക്കാം. കലാകാരൻ മിക്കപ്പോഴും താൻ എന്തിനെക്കുറിച്ചു പാടുന്നുവോ അതായി അംഗീകരിക്കപ്പെടാനിടയാകുന്നു. എനിക്കറിയാവുന്ന ചില വിദഗ്ദ്ധകലാകാരൻമാർ ഈ കാരണത്താൽ ചില സ്ത്രീകളുടെ യഥാർത്ഥ ഇഷ്ടരാണ്. ഒരുവൻ ഈ വിചിത്രസങ്കല്പലോകത്തിൽ മുങ്ങിപ്പോകുമ്പോൾ, അതിന് അയാൾ കലാകാരനെ വിഗ്രഹമാക്കുന്നതിലേക്കു നയിക്കാൻ കഴിയും. ഒരു വ്യക്തി ഒരു സ്മാരകമെന്നോണം ഒരു ഓട്ടോഗ്രാഫ് ചോദിക്കുന്നതുപോലെ തികച്ചും നിരുപദ്രവകരമായി അതിനു തുടക്കമിട്ടേക്കാം. എന്നാൽ ചിലർ കലാകാരനെ തങ്ങളുടെ ആദർശപുരുഷനായി വീക്ഷിക്കാനിടയാകുന്നു, അയാൾക്ക് അനുചിതമായ വില കല്പിക്കുന്നതിൽ അവർ അയാളെ ഒരു വിഗ്രഹമാക്കുന്നു. അവർ അയാളുടെ ചിത്രം ചുവരിൽ തൂക്കുകയും അയാളെപ്പോലെ വസ്ത്രധാരണം നടത്തുകയും ചമയുകയും ചെയ്തേക്കാം. ആരാധന ദൈവത്തിനു മാത്രമുള്ളതാണെന്നു ക്രിസ്ത്യാനികൾ ഓർത്തിരിക്കേണ്ടതുണ്ട്.”
16. നീതിയുള്ള ദൂതൻമാർ വിഗ്രഹാരാധനയെ ത്യജിക്കുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
16 അതേ, ദൈവം മാത്രമേ പൂജ അല്ലെങ്കിൽ ആരാധന അർഹിക്കുന്നുള്ളു. യോഹന്നാൻ തന്നെ വിസ്മയാവഹമായ കാര്യങ്ങൾ കാണിച്ച “ദൂതന്റെ കാല്ക്കൽ . . . വീണു നമസ്കരി”ച്ചപ്പോൾ [ആരാധിക്കാൻ, NW] ഏതു പ്രകാരത്തിലും വിഗ്രഹമാക്കപ്പെടുന്നതിന് ആ ആത്മജീവി വിസമ്മതിച്ചുകൊണ്ട്: “അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരൻമാരായ പ്രവാചകൻമാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ. ദൈവത്തെ നമസ്കരിക്ക” [ആരാധിക്ക, NW] എന്നു പറഞ്ഞു. (വെളിപ്പാടു 22:8, 9) യഹോവയോടുള്ള ഭയം അഥവാ അവനോടുള്ള ആഴമായ ആദരവു നാം അവനെമാത്രം ആരാധിക്കാനിടയാക്കുന്നു. (വെളിപ്പാടു 14:7) അങ്ങനെ, യഥാർത്ഥ ദൈവികഭക്തി നമ്മെ വിഗ്രഹാരാധനയിൽനിന്നു കാത്തുസൂക്ഷിക്കുന്നു.—1 തിമൊഥെയൊസ് 4:8.
17. വിഗ്രഹാരാധനാപരമായ ലൈംഗികദുർമ്മാർഗ്ഗത്തിനെതിരെ നമുക്ക് എങ്ങനെ സൂക്ഷിക്കാൻ കഴിയും?
17 ലൈംഗികദുർമ്മാർഗ്ഗം യഹോവയുടെ ദാസൻമാർ തള്ളിക്കളയുന്ന മറെറാരു വിഗ്രഹാരാധനാരൂപമാണ്. “ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല” എന്ന് അവർക്കറിയാം. (എഫെസ്യർ 5:5) അവിഹിതമായ ഉല്ലാസത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ ഭക്തിയുടെ ഒരു ലക്ഷ്യമായിത്തീരുന്നു. അനുചിതമായ ലൈംഗിക ആഗ്രഹങ്ങളാൽ ദൈവികഗുണങ്ങൾ അപകടത്തിലാകുന്നു. തന്റെ കണ്ണുകളും കാതുകളും അശ്ലീലത്തിലേക്കു ചായിക്കുന്നതിനാൽ ഒരു വ്യക്തി തനിക്കു വിശുദ്ധദൈവമായ യഹോവയോടുണ്ടായിരിക്കാവുന്ന ഏതു ബന്ധത്തെയും അപകടത്തിലാക്കുന്നു. (യെശയ്യാവു 6:3) അപ്പോൾ അത്തരം വിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നതിന്, ദൈവദാസൻമാർ അശ്ലീലത്തെയും ദുഷിപ്പിക്കുന്ന സംഗീതത്തെയും ഒഴിവാക്കണം. അവർ തിരുവെഴുത്തുകളിൽ അധിഷ്ഠിതമായ ശക്തമായ ആത്മീയ മൂല്യങ്ങളോടു പററിനിൽക്കേണ്ടതുണ്ട്. അവർ “നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊള്ളു”ന്നതിൽ തുടരണം.—എഫെസ്യർ 4:22-24.
അത്യാഗ്രഹവും ദുരാഗ്രഹവും ഒഴിവാക്കുക
18, 19. (എ) അത്യാഗ്രഹവും ദുരാഗ്രഹവും എന്താണ്? (ബി) നമുക്കു വിഗ്രഹാരാധനാപരമായ അത്യാഗ്രഹത്തിനും ദുരാഗ്രഹത്തിനുമെതിരെ എങ്ങനെ സൂക്ഷിക്കാം?
18 ക്രിസ്ത്യാനികൾ വിഗ്രഹാരാധനയുടെ രൂപങ്ങളോട് അടുത്തു ബന്ധമുള്ള അത്യാഗ്രഹത്തിനും ദുരാഗ്രഹത്തിനുമെതിരെയും സൂക്ഷിക്കുന്നു. അത്യാഗ്രഹം അതിർകടന്നതോ അത്യാർത്തിയോടുകൂടിയതോ ആയ ആഗ്രഹമാണ്. ദുരാഗ്രഹം മറെറാരാളുടെ എന്തിനോടെങ്കിലുമുള്ള അത്യാഗ്രഹമാണ്. യേശു ദുരാഗ്രഹത്തിനെതിരെ മുന്നറിയിപ്പു കൊടുക്കുകയും തന്റെ മരണത്തിൽ തന്റെ സമ്പത്തുകൊണ്ടു പ്രയോജനംകിട്ടാഞ്ഞവനും “ദൈവവിഷയമായി സമ്പന്ന”നാകാഞ്ഞ സങ്കടാവസ്ഥയിലായിരുന്നവനുമായ ഒരു ദുരാഗ്രഹിയായ ധനവാനെക്കുറിച്ചു പറയുകയും ചെയ്തു. (ലൂക്കൊസ് 12:15-21) പൗലോസ് ഉചിതമായി സഹക്രിസ്ത്യാനികളെ “വിഗ്രഹാരാധനയായ ദുരാഗ്രഹം എന്നിവസംബന്ധിച്ചു ഭൂമിയിലുള്ള നിങ്ങളുടെ ശരീരാവയവങ്ങളെ മരിപ്പി”ക്കാൻ ഉപദേശിച്ചു.—കൊലൊസ്സ്യർ 3:5, NW.
19 പണസ്നേഹമോ ഭക്ഷ്യപാനീയങ്ങളോടുള്ള ആർത്തിയോ അധികാരമോഹമോ ബാധിച്ചവർ അത്തരം ആഗ്രഹങ്ങളെ തങ്ങളുടെ വിഗ്രഹങ്ങളാക്കുന്നു. പൗലോസ് ചൂണ്ടിക്കാണിച്ച പ്രകാരം, അത്യാഗ്രഹി ഒരു വിഗ്രഹാരാധിയാണ്, ദൈവരാജ്യം അവകാശമാക്കുകയുമില്ല. (1 കൊരിന്ത്യർ 6:9, 10; എഫെസ്യർ 5:5) അതുകൊണ്ട്, അത്യാഗ്രഹികളെന്ന നിലയിൽ വിഗ്രഹാരാധന നടത്തുന്ന സ്നാപനമേററ വ്യക്തികൾ ക്രിസ്തീയ സഭയിൽനിന്നു പുറത്താക്കപ്പെട്ടേക്കാം. എന്നിരുന്നാലും, തിരുവെഴുത്തുകൾ ബാധകമാക്കുന്നതിനാലും ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിനാലും നമുക്ക് അത്യാഗ്രഹം ഒഴിവാക്കാൻ കഴിയും. സദൃശവാക്യങ്ങൾ 30:7-9 ഇങ്ങനെ പറയുന്നു: “രണ്ടുകാര്യം ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ; വ്യാജവും ഭോഷ്കും എന്നോടു അകറേറണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ. ഞാൻ തൃപ്തനായിത്തീർന്നിട്ടു: യഹോവ ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.” അത്തരമൊരു മനോഭാവത്തിനു വിഗ്രഹാരാധനാപരമായ അത്യാഗ്രഹത്തിനും ദുരാഗ്രഹത്തിനുമെതിരെ സൂക്ഷിക്കാൻ നമ്മെ സഹായിക്കുന്നതിനു കഴിയും.
ആത്മവിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുക
20, 21. യഹോവയുടെ ജനം ആത്മവിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കുന്നതെങ്ങനെ?
20 യഹോവയുടെ ജനം ആത്മവിഗ്രഹാരാധനക്കെതിരെയും സൂക്ഷിക്കുന്നു. ഈ ലോകത്തിൽ തന്നേത്തന്നെയും സ്വന്തഇഷ്ടത്തെയും വിഗ്രഹമാക്കുക സാധാരണമാണ്. കീർത്തിക്കും മഹത്ത്വത്തിനും വേണ്ടിയുള്ള ആഗ്രഹം അനേകർ വഞ്ചകമായ രീതികളിൽ പ്രവർത്തിക്കാനിടയാക്കുന്നു. അവർ തങ്ങളുടെ ഇഷ്ടം നടപ്പിലാകാനാഗ്രഹിക്കുന്നു, ദൈവത്തിന്റേതല്ല. എന്നാൽ നമ്മുടെ സ്വന്തം ഇഷ്ടം നടപ്പിലാക്കാനും മററുള്ളവരുടെമേൽ കർതൃത്വം നടത്താനും വഞ്ചകമായി ശ്രമിച്ചുകൊണ്ട് ആത്മവിഗ്രഹാരാധനക്കു വഴങ്ങിയാൽ നമുക്കു ദൈവവുമായി ബന്ധമുണ്ടായിരിക്കാൻ കഴികയില്ല. (സദൃശവാക്യങ്ങൾ 3:32; മത്തായി 20:20-28; 1 പത്രൊസ് 5:2, 3) യേശുവിന്റെ അനുഗാമികളെന്ന നിലയിൽ, നാം ലോകത്തിന്റെ നിഗൂഢകാര്യങ്ങളെ ത്യജിച്ചിരിക്കുന്നു.—2 കൊരിന്ത്യർ 4:1, 2.
21 കീർത്തി അന്വേഷിക്കുന്നതിനു പകരം, ദൈവജനം പൗലോസിന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നു: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.” (1 കൊരിന്ത്യർ 10:31) യഹോവയുടെ ദാസരാകയാൽ നാം വിഗ്രഹാരാധനാപരമായി നമ്മുടെ സ്വന്തം ഇഷ്ടത്തിനു നിർബന്ധം പിടിക്കാതെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിൽനിന്നുള്ള മാർഗ്ഗനിർദ്ദേശം സ്വീകരിച്ചുകൊണ്ടും യഹോവയുടെ സ്ഥാപനത്തോടു പൂർണ്ണമായി സഹകരിച്ചുകൊണ്ടും സസന്തോഷം ദിവ്യേഷ്ടംചെയ്യുന്നു.—മത്തായി 24:45-47.
സൂക്ഷിക്കുന്നതിൽ തുടരുക!
22, 23. നമുക്ക് ഏതു വിധത്തിൽ സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുന്നതിൽ തുടരാം?
22 യഹോവയുടെ ജനമെന്ന നിലയിൽ നാം ഭൗതികവിഗ്രഹങ്ങളുടെ മുമ്പാകെ കുമ്പിടുന്നില്ല. നാം വിഗ്രഹാരാധനയുടെ തന്ത്രപരമായ രൂപങ്ങൾക്കെതിരെയും സൂക്ഷിക്കുന്നു. യഥാർത്ഥത്തിൽ, നാം സകലതരം വിഗ്രഹാരാധനയും ഒഴിവാക്കുന്നതിൽ തുടരണം. തന്നിമിത്തം നാം “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്ന യോഹന്നാന്റെ ബുദ്ധ്യുപദേശം അനുസരിക്കുന്നു.—1 യോഹന്നാൻ 5:21.
23 നിങ്ങൾ യഹോവയുടെ ദാസൻമാരിൽ ഒരാളാണെങ്കിൽ, എല്ലായ്പ്പോഴും നിങ്ങളുടെ ബൈബിൾപരിശീലിത മനഃസാക്ഷിയും ഗ്രഹണശക്തികളും വിനിയോഗിക്കുക. (എബ്രായർ 5:14) അങ്ങനെയെങ്കിൽ നിങ്ങൾ ലോകത്തിന്റെ വിഗ്രഹാരാധനാപരമായ ആത്മാവിനാൽ മലിനപ്പെടാതെ വിശ്വസ്തരായ മൂന്ന് എബ്രായരെയും ഭക്തിയുണ്ടായിരുന്ന ആദിമക്രിസ്ത്യാനികളെയുംപോലെയായിരിക്കും. നിങ്ങൾ യഹോവക്കു സമ്പൂർണ്ണഭക്തി കൊടുക്കും, അവൻ സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കാൻ നിങ്ങളെ സഹായിക്കും.
നിങ്ങളുടെ ചിന്തകൾ എന്താണ്?
◻ യഹോവയുടെ ജനം യെഹെസ്ക്കേലിന്റെ ദർശനത്തിൽ കണ്ട വിഗ്രഹാരാധാനാരൂപങ്ങളെ ഒഴിവാക്കുന്നതെങ്ങനെ?
◻ വെളിപ്പാടു 13:1-ലെ “മൃഗം” എന്താണ്, യഹോവയുടെ ജനം അതിനെ സംബന്ധിച്ച് എന്തു നില സ്വീകരിക്കുന്നു?
◻ വിനോദ, സ്പോർട്ട്സ് താരങ്ങളെ വിഗ്രഹമാക്കുന്നതിനെതിരെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്?
◻ നമുക്ക് എങ്ങനെ ആത്മവിഗ്രഹാരാധനക്കെതിരെ സൂക്ഷിക്കാൻ കഴിയും?
◻ സകലതരം വിഗ്രഹാരാധനക്കുമെതിരെ സൂക്ഷിക്കുന്നതിൽ തുടരേണ്ടതെന്തുകൊണ്ട്?
[26-ാം പേജിലെ ചിത്രം]
യെഹെസ്ക്കേലിന്റെ ദർശനത്തിൽ കണ്ട മ്ലേച്ഛതകൾ ക്രൈസ്തവലോകത്തിന്റെ വിഗ്രഹാരാധനയെ മുൻനിഴലാക്കിയതെങ്ങനെയെന്നു നിങ്ങൾക്കറിയാമോ?
[കടപ്പാട്]
Artwork (upper left) based on photo by Ralph Crane/Bardo Museum