ഒരു ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കൽ
“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു [ദണ്ഡനസ്തംഭം, NW] എടുത്തു എന്നെ അനുഗമിക്കട്ടെ.”—മത്തായി 16:24
1. യേശു തന്റെ ആസന്നമായിരുന്ന മരണത്തെ സംബന്ധിച്ചു ശിഷ്യൻമാരെ അറിയിച്ചത് എങ്ങനെ?
മഞ്ഞുമൂടിയ ഹെർമോൻ മലയുടെ താഴ്വരയിൽ, യേശുക്രിസ്തു തന്റെ ജീവിതത്തിലെ ഒരു നാഴികക്കല്ലിൽ എത്തുന്നു. ജീവിച്ചിരിക്കാൻ അവിടുത്തേക്ക് ഇനി ഒരു വർഷം പോലുമില്ല. അവിടുന്ന് അത് അറിയുന്നു; യേശുവിന്റെ ശിഷ്യൻമാർക്ക് അതിനെക്കുറിച്ച് അറിയില്ല. അവർ അത് അറിയുവാനുള്ള സമയം ഇപ്പോൾ ആഗതമായിരിക്കുന്നു. തന്റെ ആസന്നമായിരിക്കുന്ന മരണത്തെക്കുറിച്ചു യേശു മുമ്പു സൂചിപ്പിച്ചിരുന്നു എന്നതു ശരിതന്നെ, എന്നാൽ അതിനെക്കുറിച്ചു വ്യക്തമായി സംസാരിക്കുന്നത് ഇതാദ്യമായാണ്. (മത്തായി 9:15; 12:40) മത്തായിയുടെ വിവരണം ഇങ്ങനെ വായിക്കുന്നു: “അന്നുമുതൽ യേശു താൻ യെരുശലേമിൽ ചെന്നിട്ടു, മൂപ്പൻമാർ, മഹാപുരോഹിതൻമാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്ക്കയും വേണ്ടതു എന്നു ശിഷ്യൻമാരോടു പ്രസ്താവിച്ചുതുടങ്ങി.”—മത്തായി 16:21; മർക്കൊസ് 8:31, 32.
2. യേശുവിന്റെ ഭാവിയിലെ യാതനകളെ സംബന്ധിച്ചുള്ള വാക്കുകളോടു പത്രോസിന്റെ പ്രതികരണം എന്തായിരുന്നു, യേശു എങ്ങനെ പ്രതിവചിച്ചു?
2 യേശുവിന്റെ നാളുകൾ എണ്ണപ്പെട്ടിരിക്കുന്നു. പത്രോസ് പ്രത്യക്ഷത്തിൽ ഭയാനകമായ അത്തരമൊരു ചിന്തയിൽ കോപത്തോടെ പ്രതികരിക്കുന്നു. മിശിഹാ യഥാർഥത്തിൽ വധിക്കപ്പെടുമെന്നു സമ്മതിക്കുവാൻ പത്രോസിനു കഴിയുന്നില്ല. അതുകൊണ്ടു തന്റെ യജമാനനെ താക്കീതു ചെയ്യാൻ പത്രോസ് ധൈര്യം കാണിക്കുന്നു. ഏററവും നല്ല ഉദ്ദേശ്യശുദ്ധിയോടെ അദ്ദേഹം ആവേശപൂർവം “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നു ശക്തിയോടെ ഉപദേശിക്കുന്നു. എന്നാൽ ഒരാൾ ദൃഢനിശ്ചയത്തോടെ ഒരു വിഷപ്പാമ്പിന്റെ തല തകർക്കുന്നതുപോലെ യേശു ഉടൻതന്നെ പത്രോസിന്റെ അസ്ഥാനത്തുള്ള ദയാവായ്പിനെ നിരാകരിക്കുന്നു. “സാത്താനേ, എന്നെ വിട്ടു പോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നതു എന്നു പറഞ്ഞു.”—മത്തായി 16:22, 23.
3. (എ) പത്രോസ് അറിയാതെ സ്വയം സാത്താന്റെ ഒരു ഏജൻറാക്കിത്തീർത്തത് എങ്ങനെ? (ബി) ആത്മത്യാഗപരമായ ഒരു ജീവിതഗതിക്കു പത്രോസ് ഒരു ഇടർച്ചയായത് എങ്ങനെ?
3 പത്രോസ് അറിയാതെ തന്നെത്തന്നെ സാത്താന്റെ ഒരു ഏജൻറാക്കി. യേശുവിന്റെ തിരിച്ചടി മരുഭൂമിയിൽ സാത്താനോടു മറുപടി പറഞ്ഞപ്പോഴത്തെപോലെ ഖണ്ഡിതമായിരുന്നു. അവിടെ പിശാച് ഒരു ആയാസരഹിതമായ ജീവിതം, കഷ്ടപ്പാടില്ലാത്ത ഒരു രാജത്വം വാഗ്ദാനം ചെയ്തുകൊണ്ട്, യേശുവിനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു. (മത്തായി 4:1-10) ഇപ്പോൾ തന്നോടുതന്നെ മയത്തിൽ ഇടപെടാനാണു പത്രോസ് യേശുവിനെ പ്രോത്സാഹിപ്പിക്കുന്നത്. ഇതു തന്റെ പിതാവിന്റെ ഇഷ്ടമല്ലെന്നു യേശുവിനറിയാം. അവിടുത്തെ ജീവിതം ആത്മസംതൃപ്തിയുടേതായ ഒന്നായിരിക്കാതെ ആത്മത്യാഗത്തിന്റേതായ ഒന്നായിരിക്കണമായിരുന്നു. (മത്തായി 20:28) അത്തരമൊരു ജീവിതഗതിക്കു പത്രോസ് ഒരു ഇടർച്ചയായിത്തീരുന്നു; അദ്ദേഹത്തിന്റെ സദുദ്ദേശ്യമുള്ള സഹതാപം ഒരു കെണിയായിത്തീരുന്നു.a യേശു ത്യാഗവിമുക്തമായ ഒരു ജീവിതം നയിക്കുന്നതിനെക്കുറിച്ചുള്ള ഏതെങ്കിലും ആശയം താലോലിച്ചാൽ സാത്താന്യമായ മരണക്കെണിയിൽ അമർന്നു ദൈവപ്രീതി നഷ്ടപ്പെടുത്തുമെന്നു വ്യക്തമായി മനസ്സിലാക്കുന്നു.
4. സ്വസുഖാനുഭൂതികളിൽ മുഴുകിയ ഒരു ജീവിതരീതി യേശുവിനും അവിടുത്തെ അനുഗാമികൾക്കും വേണ്ടിയുള്ളതല്ലായിരുന്നത് എന്തുകൊണ്ട്?
4 അതിനാൽ പത്രോസിന്റെ ചിന്തയ്ക്കു പൊരുത്തപ്പെടുത്തൽ ആവശ്യമായിരുന്നു. യേശുവിനോടുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ദൈവത്തിന്റെയല്ല, മമനുഷ്യന്റെ ആശയത്തെ സൂചിപ്പിച്ചു. സുഖാനുഭൂതികളിൽ മുഴുകിയ, ദുരിതവിമുക്തമായ, അനായാസമായ ഒരു ജീവിതം യേശുവിനുവേണ്ടിയുള്ളതല്ലായിരുന്നു; അത്തരമൊരു ജീവിതം തന്റെ അനുഗാമികൾക്കുവേണ്ടിയുള്ളതുമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ യേശു അടുത്തതായി പത്രോസിനോടും ശേഷം ശിഷ്യൻമാരോടും പറയുന്നു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു [ദണ്ഡനസ്തംഭം, NW] എടുത്തു എന്നെ [തുടർച്ചയായി, NW] അനുഗമിക്കട്ടെ.”—മത്തായി 16:24.
5. (എ) ക്രിസ്തീയജീവിതം നയിക്കുന്നതിന്റെ വെല്ലുവിളി എന്താണ്? (ബി) ഒരു ക്രിസ്ത്യാനി ഏതു മൂന്ന് അവശ്യ കാര്യങ്ങൾക്ക് ഒരുങ്ങിയിരിക്കണം?
5 വീണ്ടും വീണ്ടും യേശു ക്രിസ്തീയജീവിതം നയിക്കുന്നതിന്റെ വെല്ലുവിളിയെന്ന ഈ മർമപ്രധാനമായ വിഷയത്തിലേക്കു മടങ്ങിവരുന്നു. യേശുവിന്റെ അനുഗാമികളായിരിക്കാൻ ക്രിസ്ത്യാനികൾ, അവരുടെ നേതാവിനെപ്പോലെ, ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കണം. (മത്തായി 10:37-39) അങ്ങനെ ഒരു ക്രിസ്ത്യാനി ചെയ്യാൻ ഒരുങ്ങിയിരിക്കേണ്ട മൂന്ന് അവശ്യ കാര്യങ്ങൾ അവിടുന്നു പട്ടികപ്പെടുത്തുന്നു: (1) തന്നെത്തന്നെ ത്യജിക്കുക, (2) തന്റെ ദണ്ഡനസ്തംഭം എടുക്കുക, (3) തുടർച്ചയായി അവിടുത്തെ അനുഗമിക്കുക.
“ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ”
6. (എ) ഒരു വ്യക്തി തന്നെത്തന്നെ ത്യജിക്കുന്നതെങ്ങനെ? (ബി) നമ്മെത്തന്നെ പ്രസാദിപ്പിക്കുന്നതിലുപരി നാം ആരെ പ്രസാദിപ്പിക്കണം?
6 തന്നെത്തന്നെ ത്യജിക്കുക എന്നാൽ എന്താണ് അർഥം? ഒരു വ്യക്തി തന്നെത്തന്നെ പരിപൂർണമായി നിരാകരിക്കണമെന്നാണ് അതിന്റെ അർഥം, സ്വയം വരുത്തിക്കൂട്ടുന്ന ഒരു തരം മരണം എന്നു തന്നെ. “ത്യജിക്കുക” എന്നു തർജമ ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അടിസ്ഥാന അർഥം “വേണ്ട എന്നു പറയുക” എന്നാണ്; അതു “സമ്പൂർണമായി നിഷേധിക്കുക” എന്ന് അർഥമാക്കുന്നു. അതുകൊണ്ടു ക്രിസ്തീയ ജീവിതത്തിന്റെ വെല്ലുവിളി നിങ്ങൾ സ്വീകരിക്കുന്നെങ്കിൽ നിങ്ങൾ സ്വമനസ്സാലെ നിങ്ങളുടെ ജീവിതാഭിലാഷങ്ങളും സുഖങ്ങളും ആഗ്രഹങ്ങളും സന്തോഷവും ഉല്ലാസവും ത്യജിക്കുന്നു. ചുരുക്കത്തിൽ, നിങ്ങൾ നിങ്ങളുടെ മുഴു ജീവിതവും അതുൾക്കൊള്ളുന്ന സകലവും എല്ലാക്കാലത്തേക്കുമായി യഹോവയാം ദൈവത്തിനു നൽകുന്നു. തന്നെത്തന്നെ ത്യജിക്കുന്നത് ഇടയ്ക്കിടെ ചില ഉല്ലാസങ്ങൾ വേണ്ടന്നു വെക്കുന്നതിലുമധികം അർഥമാക്കുന്നു. അതിലുപരി, ഒരു വ്യക്തി തന്റെ ഉടമസ്ഥാവകാശം യഹോവക്കു വിട്ടുകൊടുക്കണം എന്നതിനെ അത് അർഥമാക്കുന്നു. (1 കൊരിന്ത്യർ 6:19, 20) തന്നെത്താൻ ത്യജിച്ചിട്ടുള്ള ഒരു വ്യക്തി ജീവിക്കുന്നതു തന്നെത്തന്നെ പ്രസാദിപ്പിക്കാനല്ല, മറിച്ചു ദൈവത്തെ പ്രസാദിപ്പിക്കാനാണ്. (റോമർ 14:8; 15:3) ജീവിതത്തിന്റെ ഓരോ നിമിഷത്തിലും അയാൾ സ്വാർഥമോഹങ്ങളോട് ഇല്ല എന്നും യഹോവയോട് ഉവ്വ് എന്നും പറയുന്നു എന്നാണ് അതിന്റെ അർഥം.
7. ക്രിസ്ത്യാനിയുടെ ദണ്ഡനസ്തംഭം എന്താണ്, അയാൾ അത് എങ്ങനെ വഹിക്കുന്നു?
7 അതിനാൽ, നിങ്ങളുടെ ദണ്ഡനസ്തംഭം എടുക്കുക എന്നതിനു ഗൗരവമായ വിവക്ഷകളുണ്ട്. ഒരു ദണ്ഡനസ്തംഭം വഹിക്കുന്നത് ഒരു ഭാരവും മരണത്തിന്റെ ഒരു പ്രതീകവുമാണ്. ആവശ്യമെങ്കിൽ, ക്രിസ്ത്യാനി യേശുക്രിസ്തുവിന്റെ ഒരു അനുഗാമിയായിരിക്കുകനിമിത്തം കഷ്ടപ്പെടുവാനോ അപമാനവിധേയനാകാനോ ദണ്ഡിപ്പിക്കപ്പെടാനോ വധിക്കപ്പെടാൻപോലുമോ മനസ്സൊരുക്കം പ്രകടിപ്പിക്കുന്നു. “തന്റെ ക്രൂശു [ദണ്ഡനസ്തംഭം, NW] എടുത്തു എന്നെ അനുഗമിക്കാത്തവനും എനിക്കു യോഗ്യനല്ല” എന്നു യേശു പറഞ്ഞു. (മത്തായി 10:38) കഷ്ടപ്പെടുന്നവർ എല്ലാവരും ദണ്ഡനസ്തംഭം എടുക്കുന്നില്ല. ദുഷ്ടൻമാർക്കു വളരെ “വേദനകൾ” ഉണ്ട്, എന്നാൽ അവർക്കു ദണ്ഡനസ്തംഭമില്ല. (സങ്കീർത്തനം 32:10) എന്നിരുന്നാലും, ക്രിസ്ത്യാനിയുടെ ജീവിതം യഹോവക്കുള്ള ത്യാഗപൂർണമായ സേവനത്തിന്റെ ദണ്ഡനസ്തംഭം വഹിക്കുന്ന ഒരു ജീവിതമാണ്.
8. യേശു തന്റെ അനുഗാമികൾക്കുവേണ്ടി എന്തു ജീവിതമാതൃക വെച്ചു?
8 യേശു പറഞ്ഞ അവസാന വ്യവസ്ഥ നാം അവിടുത്തെ തുടർച്ചയായി അനുഗമിക്കണം എന്നതാണ്. നമ്മൾ അവിടുന്നു പഠിപ്പിച്ച സംഗതികൾ സ്വീകരിക്കുകയും വിശ്വസിക്കുകയും മാത്രമല്ല, നമ്മുടെ മുഴുജീവിതത്തിനുംവേണ്ടി അവിടുന്നു വെച്ചിരിക്കുന്ന മാതൃക തുടർച്ചയായി പിൻപററുകയുംവേണം എന്നാണു യേശു ആവശ്യപ്പെടുന്നത്. അവിടുത്തെ ജീവിതമാതൃകയിൽ കാണുന്ന പ്രമുഖ സവിശേഷതകളിൽ ചിലത് എന്തെല്ലാമാണ്? തന്റെ ശിഷ്യൻമാർക്ക് അവസാനമായി അവരുടെ നിയോഗം കൊടുത്തപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻതക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) യേശു രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്തു. അവിടുത്തെ അടുത്ത ശിഷ്യൻമാരും, നിശ്ചയമായും ആദിമ ക്രിസ്തീയസഭ മുഴുവനും അങ്ങനെതന്നെ ചെയ്തു. ലോകത്തിന്റെ ഭാഗമാകാതിരുന്നതിനു പുറമേ ഈ തീക്ഷ്ണമായ പ്രവർത്തനം ലോകത്തിന്റെ വെറുപ്പും എതിർപ്പും വരുത്തിവെച്ചു. അതു ദണ്ഡനസ്തംഭം വഹിക്കുന്നതു കൂടുതൽ ഭാരമുള്ളതായിത്തീരുന്നതിൽ കലാശിച്ചു.—യോഹന്നാൻ 15:19, 20; പ്രവൃത്തികൾ 8:4.
9. മററുള്ളവരോടു യേശു എങ്ങനെ പെരുമാറി?
9 യേശുവിന്റെ ജീവിതത്തിൽ കണ്ട മറെറാരു പ്രധാന മാതൃക അവിടുന്നു മററുള്ള ആളുകളോട് ഇടപെട്ട വിധമായിരുന്നു. അവിടുന്നു ദയയുള്ളവനും “സൌമ്യതയും താഴ്മ”യുള്ളവനുമായിരുന്നു. അങ്ങനെ, അവിടുത്തെ ശ്രോതാക്കൾ ആത്മാവിൽ പുതുക്കം പ്രാപിക്കുകയും അവിടുത്തെ സാന്നിദ്ധ്യത്താൽ പ്രോത്സാഹിതരാകുകയും ചെയ്തു. (മത്തായി 11:29) അവിടുന്നു തന്നെ അനുഗമിക്കാൻ അവരുടെമേൽ ഭീഷണി പ്രയോഗിക്കുകയോ അത് എങ്ങനെ ചെയ്യാം എന്നതു സംബന്ധിച്ച് ഒന്നിനു പുറകെ ഒന്നായി നിയമങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തില്ല; തന്റെ ശിഷ്യൻമാരാകാൻ അവരെ നിർബന്ധിതരാക്കുന്നതിന് അവിടുന്നു കുററബോധങ്ങൾ ജനിപ്പിക്കുകയും ചെയ്തില്ല. അവരുടെ ആത്മത്യാഗപരമായ ജീവിതം ഗണ്യമാക്കാതെ അവർ യഥാർഥ സന്തോഷം പ്രസരിപ്പിച്ചു. “അന്ത്യനാളുകളെ” അടയാളപ്പെടുത്തുന്ന, ആത്മസുഖാസക്തിയുടെ ലൗകികാത്മാവുള്ളവരുമായി എന്തൊരു വ്യക്തമായ അന്തരം.—2 തിമൊഥെയോസ് 3:1-4, NW.
യേശുവിന്റെ ആത്മത്യാഗപരമായ ആത്മാവിനെ വികസിപ്പിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുക
10. (എ) ഫിലിപ്പിയർ 2:5-8 പറയുന്നതനുസരിച്ച്, യേശു എങ്ങനെയാണു തന്നെത്തന്നെ ത്യജിച്ചത്? (ബി) നാം ക്രിസ്തുവിന്റെ അനുഗാമികളാണെങ്കിൽ ഏതു മാനസികഭാവം പ്രകടിപ്പിക്കണം?
10 യേശു സ്വയം ത്യജിക്കുന്നതിന്റെ മാതൃക വെച്ചു. അവിടുന്നു തന്റെ ദണ്ഡനസ്തംഭം എടുക്കുകയും പിതാവിന്റെ ഇഷ്ടം ചെയ്തുകൊണ്ട് അതു തുടർച്ചയായി വഹിക്കുകയും ചെയ്തു. പൗലോസ് ഫിലിപ്പിയയിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതി: “ക്രിസ്തുയേശുവിലുള്ള ഭാവം തന്നേ നിങ്ങളിലും ഉണ്ടായിരിക്കട്ടെ. അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചുകൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ [ദണ്ഡനസ്തംഭത്തിലെ, NW] മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.” (ഫിലിപ്പിയർ 2:5-8) അതിനെക്കാൾ കൂടുതൽ പരിപൂർണമായി സ്വയം പരിത്യജിക്കാൻ ആർക്കാണു കഴിയുക? നിങ്ങൾ ക്രിസ്തുയേശുവിനുള്ളവനും അവിടുത്തെ അനുഗാമികളിൽ ഒരാളുമാണെങ്കിൽ, നിങ്ങൾ അതേ മാനസികഭാവം പുലർത്തേണ്ടതാണ്.
11. ആത്മത്യാഗപരമായ ഒരു ജീവിതം നയിക്കൽ അർഥമാക്കുന്നത് ആരുടെ ഇഷ്ടത്തിനുവേണ്ടി ജീവിക്കുന്നുവെന്നാണ്?
11 യേശു നമുക്കുവേണ്ടി കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തതിനാൽ, ക്രിസ്തുവിനുണ്ടായിരുന്ന അതേ ആത്മാവിനാൽ ക്രിസ്ത്യാനികൾ, സുസജ്ജരായ പട്ടാളക്കാരെപ്പോലെ, ആയുധസജ്ജരാകേണ്ടതുണ്ടെന്നു മറെറാരു അപ്പോസ്തലനായ പത്രോസ് നമ്മോടു പറയുന്നു. അദ്ദേഹം ഇങ്ങനെ എഴുതുന്നു: “ക്രിസ്തു ജഡത്തിൽ കഷ്ടമനുഭവിച്ചതുകൊണ്ടു നിങ്ങളും ആ ഭാവം തന്നേ ആയുധമായി ധരിപ്പിൻ. ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.” (1 പത്രൊസ് 3:18; 4:1, 2) യേശുവിന്റെ ആത്മത്യാഗപരമായ ജീവിതഗതി അതിനെ സംബന്ധിച്ച് അവിടുത്തേക്ക് എങ്ങനെ തോന്നിയിരുന്നുവെന്നു വ്യക്തമായും പ്രകടമാക്കി. എല്ലായ്പോഴും പിതാവിന്റെ ഇഷ്ടം തന്റെ ഇഷ്ടത്തിനു മീതെ പ്രതിഷ്ഠിച്ചുകൊണ്ടു ലജ്ജാകരമായ ഒരു മരണംവരെപോലും ഭക്തിയിൽ അവിടുന്ന് അർപ്പിതനായിരുന്നു.—മത്തായി 6:10; ലൂക്കൊസ് 22:42.
12. ആത്മത്യാഗപരമായ ഒരു ജീവിതം യേശുവിന് അരോചകമായിരുന്നുവോ? വിശദീകരിക്കുക.
12 യേശുവിന്റെ ആത്മത്യാഗപരമായ ജീവിതം പ്രയാസകരവും വെല്ലുവിളിപരവുമായ ഒരു പാത ആയിരുന്നു. എന്നിട്ടും അവിടുത്തേക്ക് അത് അരോചകമായി തോന്നിയില്ല. മറിച്ചു ദിവ്യേഷ്ടത്തിനു തന്നെത്തന്നെ കീഴ്പ്പെടുത്തുന്നതിൽ യേശു സന്തോഷം കണ്ടെത്തി. പിതാവിന്റെ വേല ചെയ്യുന്നതു യേശുവിനു ഭക്ഷണത്തെപ്പോലെയായിരുന്നു. ഒരാൾക്ക് ഒരു നല്ല ഭക്ഷണത്തിൽനിന്നു സംതൃപ്തി ലഭിക്കുന്നതുപോലെ അവിടുത്തേക്ക് അതിൽനിന്നു യഥാർഥ സംതൃപ്തി ലഭിച്ചു. (മത്തായി 4:4; യോഹന്നാൻ 4:34) അങ്ങനെ ജീവിതത്തിൽ യഥാർഥ ചാരിതാർഥ്യം തോന്നാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യേശുവിന്റെ മാനസികഭാവം നട്ടുവളർത്തിക്കൊണ്ട് അവിടുത്തെ മാതൃക പിന്തുടരുന്നതിനെക്കാൾ മെച്ചമായ വേറെ ഒന്നും നിങ്ങൾക്കു ചെയ്യാൻ കഴിയുകയില്ല.
13. ആത്മത്യാഗത്തിന്റെ ആത്മാവിനു പിന്നിലെ പ്രേരകശക്തി സ്നേഹമായിരിക്കുന്നത് എങ്ങനെ?
13 വാസ്തവത്തിൽ ആത്മത്യാഗത്തിന്റെ ആത്മാവിനു പിന്നിലുള്ള പ്രേരകഘടകം എന്താണ്? ഒററവാക്കിൽ പറഞ്ഞാൽ, സ്നേഹം. യേശു ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [യഹോവയെ, NW] നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്നേഹിക്കേണം. ഇതാകുന്നു വലിയതും ഒന്നാമത്തേതുമായ കല്പന. രണ്ടാമത്തേതു അതിനോടു സമം: കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം.” (മത്തായി 22:37-39) ഒരു ക്രിസ്ത്യാനിക്കു സ്വന്തം ഇഷ്ടം അന്വേഷിക്കുവാനും അതേസമയം ആ വാക്കുകൾ അനുസരിക്കുവാനും കഴിയില്ല. പ്രഥമവും പ്രധാനവുമായി ഒരുവനു യഹോവയോടുള്ള സ്നേഹവും പിന്നെ അയൽക്കാരനോടുള്ള സ്നേഹവുമാണ് അയാളുടെ സ്വന്തം സന്തോഷത്തെയും താത്പര്യത്തെയും ഭരിക്കേണ്ടത്. അങ്ങനെയാണു യേശു തന്റെ ജീവിതം നയിച്ചത്, അതുതന്നെയാണു തന്റെ അനുഗാമികളിൽനിന്ന് അവിടുന്നു പ്രതീക്ഷിക്കുന്നത്.
14. (എ) എബ്രായർ 13:15, 16-ൽ ഏത് ഉത്തരവാദിത്വങ്ങളെയാണു വിശദീകരിച്ചിരിക്കുന്നത്? (ബി) തീക്ഷ്ണതയോടെ സുവാർത്ത ഘോഷിക്കുവാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എന്ത്?
14 അപ്പോസ്തലനായ പൗലോസ് സ്നേഹത്തിന്റെ ഈ നിയമം മനസ്സിലാക്കി. അദ്ദേഹം എഴുതി: “അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏററുപറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. നൻമ ചെയ്വാനും കൂട്ടായ്മ കാണിപ്പാനും മറക്കരുതു. ഈവക യാഗത്തിലല്ലോ ദൈവം പ്രസാദിക്കുന്നതു.” (എബ്രായർ 13:15, 16) ക്രിസ്ത്യാനികൾ യഹോവക്കു മൃഗബലികളോ അതുപോലെയുള്ള മറെറന്തെങ്കിലുമോ അർപ്പിക്കുന്നില്ല; അതിനാൽ, ഒരു ഭൗതിക ആലയത്തിൽ തങ്ങളുടെ ആരാധനയിൽ കാർമികത്വം വഹിക്കാൻ അവർക്കു മാനുഷ പുരോഹിതൻമാരുടെ ആവശ്യമില്ല. ക്രിസ്തുയേശുവിലൂടെയാണു നമ്മുടെ സ്തോത്രയാഗം അർപ്പിക്കപ്പെടുന്നത്. മുഖ്യമായും അവന്റെ നാമത്തിന്റെ പരസ്യപ്രഖ്യാപനമാകുന്ന ആ സ്തുതിയാഗത്തിലൂടെയാണു ദൈവത്തോടുള്ള നമ്മുടെ സ്നേഹം നാം പ്രകടിപ്പിക്കുന്നത്. പ്രത്യേകിച്ചു സ്നേഹത്തിൽ വേരൂന്നിയ നമ്മുടെ നിസ്സ്വാർഥമായ ആത്മാവു തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നു, ദൈവത്തിനു നമ്മുടെ അധരഫലം അർപ്പിക്കാൻ സദാ ആകാംക്ഷയുള്ളവരായിരുന്നുകൊണ്ടുതന്നെ. ഈ രീതിയിൽ നമ്മൾ അയൽക്കാരനോടും സ്നേഹം പ്രകടിപ്പിക്കുന്നു.
ആത്മത്യാഗം സമൃദ്ധമായ അനുഗ്രഹങ്ങൾ കൈവരുത്തുന്നു
15. ആത്മത്യാഗത്തെ സംബന്ധിച്ചു നമ്മോടുതന്നെ ചോദിക്കാവുന്ന അന്വേഷണചോദ്യങ്ങൾ ഏവ?
15 ഒരു നിമിഷം നിന്നു പിൻവരുന്ന ചോദ്യങ്ങൾ പരിചിന്തിക്കുക: എന്റെ ഇപ്പോഴത്തെ ജീവിതമാതൃക ആത്മത്യാഗപരമായ ഒരു ഗതി പ്രകടമാക്കുന്നുണ്ടോ? എന്റെ ലക്ഷ്യങ്ങൾ അത്തരമൊരു ജീവിതത്തിലേക്കു വിരൽ ചൂണ്ടുന്നുവോ? എന്റെ മാതൃകയിൽനിന്നു കുടുംബാംഗങ്ങൾ ആത്മീയ പ്രയോജനങ്ങൾ കൊയ്യുന്നുവോ? (1 തിമൊഥെയൊസ് 5:8 താരതമ്യപ്പെടുത്തുക.) അനാഥരെയും വിധവമാരെയും സംബന്ധിച്ചെന്ത്? എന്റെ ആത്മത്യാഗത്തിന്റെ ആത്മാവിൽനിന്ന് അവരും പ്രയോജനം അനുഭവിക്കുന്നുവോ? (യാക്കോബ് 1:27) ഞാൻ പരസ്യസ്തുതിയാഗത്തിൽ ചെലവഴിക്കുന്ന സമയം വർധിപ്പിക്കാൻ എനിക്കു കഴിയുമോ? പയനിയർസേവനത്തിന്റെയോ ബഥേൽസേവനത്തിന്റെയോ മിഷനറിസേവനത്തിന്റെയോ പദവി എത്തിപ്പിടിക്കാൻ എനിക്കാകുമോ, അല്ലെങ്കിൽ രാജ്യപ്രഘോഷകരുടെ ആവശ്യം കൂടുതലുള്ള ഒരു പ്രദേശത്തേക്കു മാറിത്താമസിക്കാൻ എനിക്കാകുമോ?
16. ആത്മത്യാഗത്തിന്റേതായ ഒരു ജീവിതം നയിക്കുന്നതിനു നമ്മെ സഹായിക്കാൻ സാമർഥ്യത്തിനു കഴിയുന്നതെങ്ങനെ?
16 ചിലപ്പോൾ ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കുന്നതിൽ മുഴു കഴിവും പ്രയോഗിക്കുന്നതിന് അല്പം സാമർഥ്യം മാത്രമാണ് ആവശ്യമായിരിക്കുന്നത്. ഉദാഹരണത്തിന്, ഇക്കഡോറിൽ ഒരു നിരന്തരപയനിയറായ ജാനററ് മുഴുസമയവും ലൗകിക ജോലി ചെയ്തിരുന്നു. താമസിയാതെ അവളുടെ പട്ടിക ഉൻമേഷത്തിന്റേതായ ഒരു ആത്മാവോടെ നിരന്തരപയനിയറിംഗിന്റെ മണിക്കൂർ വ്യവസ്ഥയിൽ എത്തുന്നത് ദുഷ്ക്കരമാക്കി. ജാനററ് തന്റെ തൊഴിലുടമയോടു പ്രശ്നം വിശദീകരിക്കാൻ തീരുമാനിക്കുകയും ജോലി സമയത്തിൽ അല്പം ഇളവിനായി അപേക്ഷിക്കുകയും ചെയ്തു. അയാൾ ജോലി സമയം കുറക്കാൻ വിസമ്മതിച്ചതിനാൽ, അവൾ പയനിയറിംഗ് ചെയ്യാൻ കഴിയേണ്ടതിനായി അംശകാല ജോലി അന്വേഷിച്ചുകൊണ്ടിരുന്ന മറിയയെ കൂടെ കൊണ്ടുപോയി. അവർ ഓരോരുത്തരും ഒരു മുഴുദിവസവേല പങ്കുവെച്ചുകൊണ്ടു പകുതി ദിവസം വേല ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ആ നിർദ്ദേശം തൊഴിലുടമ സമ്മതിച്ചു. ഇപ്പോൾ രണ്ടു സഹോദരിമാരും നിരന്തരപയനിയർമാരാണ്. ഈ അത്ഭുതകരമായ ഫലം കണ്ടപ്പോൾ, ഇതേ കമ്പനിക്കുവേണ്ടി മുഴുസമയ ജോലി ചെയ്തു ക്ഷീണിക്കുകയും പയനിയറിംഗിന്റെ സമയം തികക്കാൻ കഷ്പ്പെടുകയും ചെയ്തിരുന്ന കാഫ സഹോദരി മാഗാലിയെ കൂടെ കൊണ്ടുപോയി അതേ വാഗ്ദാനം നടത്തി. അതും അംഗീകരിക്കപ്പെട്ടു. അങ്ങനെ മുഴുസമയ പ്രവർത്തനം വിട്ടുകളയാറായ രണ്ടു പേർക്കു പകരം ഇപ്പോൾ നാലു സഹോദരിമാർക്കു പയനിയറിംഗു നടത്താൻ കഴിയുന്നു. സാമർഥ്യവും മുൻകൈ എടുക്കലും ഫലമുളവാക്കി.
17-21. ഒരു വിവാഹിത ഇണകൾ ജീവിതത്തിലെ അവരുടെ ലക്ഷ്യം സംബന്ധിച്ചു പുനർവിചിന്തനം ചെയ്തത് എങ്ങനെ, എന്തു ഫലത്തോടെ?
17 കൂടാതെ, ഈവോൺ കഴിഞ്ഞ പത്തു വർഷക്കാലത്തു പിന്തുടർന്നുപോരുന്ന ആത്മത്യാഗത്തിന്റെ വഴി പരിചിന്തിക്കുക. അവൾ 1991 മെയ്യിൽ വാച്ച് ടവർ സൊസൈററിക്കു പിൻവരുന്ന പ്രകാരം എഴുതി:
18 “ഞാനും എന്റെ കുടുംബവും 1982 ഒക്ടോബറിൽ ബ്രുക്ക്ളിൻ ബെഥേൽ സന്ദർശിച്ചിരുന്നു. അതു കണ്ടതു ഞാൻ അവിടെ സ്വമേധയാ വേല ചെയ്യണമെന്നാഗ്രഹിക്കാൻ കാരണമായി. ഞാൻ ഒരു അപേക്ഷ വായിച്ചു, അതിൽ ശ്രദ്ധേയമായ ഒരു ചോദ്യമുണ്ടായിരുന്നു, ‘കഴിഞ്ഞ ആറു മാസത്തെ നിങ്ങളുടെ ശരാശരി വയൽസേവന മണിക്കൂർ എത്രയാണ്? ശരാശരി മണിക്കൂർ പത്തിൽ താഴെയാണെങ്കിൽ എന്തുകൊണ്ടെന്നു വിശദീകരിക്കുക.’ എന്റെ കുറഞ്ഞ മണിക്കൂറിനു ന്യായമായ കാരണം കണ്ടുപിടിക്കുവാൻ എനിക്കു കഴിഞ്ഞില്ല, അതുകൊണ്ടു ഞാൻ ഒരു ലാക്കു വെക്കുകയും അഞ്ചു മാസം അതിൽ എത്തിച്ചേരുകയും ചെയ്തു.
19 “പയനിയറിംഗ് ചെയ്യാതിരിക്കുന്നതിന് ഏതാനും കാരണങ്ങൾ കണ്ടുപിടിക്കാൻ എനിക്കു കഴിഞ്ഞുവെങ്കിലും, ഞാൻ 1983-ലെ യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം [ഇംഗ്ലീഷ്] വായിച്ചപ്പോൾ മററു പലരും പയനിയറിംഗ് നടത്തുന്നതിനുവേണ്ടി എന്റേതിനെക്കാൾ വലിയ തടസ്സങ്ങൾ മറികടന്നിട്ടുണ്ടെന്ന് എനിക്കു ബോധ്യമായി. അങ്ങനെ 1983 ഏപ്രിൽ 1-നു ഞാൻ എന്റെ ആദായകരമായ മുഴുസമയ ജോലി വിട്ടുകളഞ്ഞ് ഒരു സഹായപയനിയറാകുകയും 1983 സെപ്ററംബർ 1-നു നിരന്തരപയനിയറിംഗ് അണികളിൽ പ്രവേശിക്കുകയും ചെയ്തു.
20 “പിന്നീട്, സന്തോഷകരമെന്നുപറയട്ടെ, 1985 ഏപ്രിലിൽ ഒരു പക്വതയുള്ള ശുശ്രൂഷാദാസനുമായുള്ള എന്റെ വിവാഹം നടന്നു. മൂന്നു വർഷം കഴിഞ്ഞ്, ഡിസ്ട്രിക്ററ് കൺവെൻഷനിൽവെച്ചു പയനിയറിംഗിനെക്കുറിച്ചുള്ള ഒരു പ്രസംഗം കേട്ടപ്പോൾ ഭർത്താവ്: ‘സെപ്ററംബർ 1മുതൽ ഞാൻ പയനിയറിംഗ് തുടങ്ങാതിരിക്കാൻ വല്ല കാരണവും നീ കാണുന്നുണ്ടോ?, എന്ന് എന്നോടു മന്ത്രിക്കാൻ പ്രേരിതനായി. അദ്ദേഹം അടുത്ത രണ്ടു വർഷത്തേക്ക് ഈ വേലയിൽ എന്നോടൊപ്പം ചേർന്നു.
21 “എന്റെ ഭർത്താവു രണ്ടാഴ്ചത്തേക്കു ബ്രുക്ക്ളിൻ ബെഥേലിൽ നിർമാണവേല ചെയ്യുവാൻ സ്വമേധയാ ചേരുകയും അന്തർദേശീയ നിർമാണ പരിപാടിയിൽ ചേരാൻ അപേക്ഷിക്കുകയും ചെയ്തു. അങ്ങനെ ഞങ്ങൾ ഒരു മാസത്തേക്ക് 1989 മെയ്യിൽ ബ്രാഞ്ച് നിർമാണത്തിൽ സഹായിക്കുവാൻ നൈജീരിയയിലേക്കു പോയി. നാളെ ഞങ്ങൾ ജർമനിയിലേക്കു യാത്രയാകുകയാണ്. അവിടെ ഞങ്ങൾക്കു പോളണ്ടിലേക്കു കടക്കാനുള്ള വിസ ക്രമീകരിക്കും. ഇത്ര പ്രാധാന്യമേറിയ ഒരു കെട്ടിട നിർമാണത്തിൽ ഉൾപ്പെടാനും ഈ രീതിയിലുള്ള പുതിയൊരു മുഴുസമയ സേവനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ഞങ്ങൾ പുളകിതരാണ്.”
22. (എ) പത്രോസിനെപ്പോലെ നമ്മളും അറിയാതെ ഒരു ഇടർച്ചയായിത്തീർന്നേക്കാവുന്നത് എങ്ങനെ? (ബി) യഹോവയെ ആത്മത്യാഗത്തിന്റേതായ ഒരു ആത്മാവോടെ സേവിക്കുന്നത് എന്തിൽ ആശ്രയിച്ചിരിക്കുന്നില്ല?
22 നിങ്ങൾക്കു പയനിയറിംഗു നടത്താൻ കഴിയുന്നില്ലെങ്കിൽ മുഴുസമയ സേവനത്തിലുള്ളവരെ അവരുടെ പദവിയിൽ ഉറച്ചുനില്ക്കാൻ പ്രോത്സാഹിപ്പിക്കാനും ഒരുപക്ഷേ അപ്രകാരം ചെയ്യാൻ അവരെ സഹായിക്കാനുംകൂടി നിങ്ങൾക്കു കഴിയുമോ? അല്ലെങ്കിൽ പത്രോസിനെപ്പോലെ, ഒരു ഇടർച്ചയായേക്കാമെന്നു തിരിച്ചറിയാതെ ഒരു മുഴുസമയ പ്രവർത്തകനോടു വിശ്രമിച്ചു സുഖജീവിതം നയിക്കൂ, തന്നോടുതന്നെ ദയാലുവായിരിക്കൂ എന്നൊക്കെ ശുദ്ധഗതിയോടെ പറഞ്ഞേക്കാവുന്ന ചില കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ പോലെയായിരിക്കുമോ? ഒരു പയനിയറുടെ ആരോഗ്യം ഗൗരവമായി അപകടത്തിലാണെങ്കിൽ അല്ലെങ്കിൽ അയാൾ ക്രിസ്തീയ ഉത്തരവാദിത്വങ്ങൾ അവഗണിക്കുകയാണെങ്കിൽ കുറെ സമയത്തേക്ക് അയാൾ മുഴുസമയസേവനം നിർത്തേണ്ടിവന്നേക്കാമെന്നതു ശരിതന്നെ. ആത്മത്യാഗത്തിന്റെ ആത്മാവോടെ യഹോവയെ സേവിക്കുന്നതു പയനിയറോ ബെഥേലംഗമോ മററാരെങ്കിലുമോ പോലുള്ള ഒരു സ്ഥാനപ്പേരിൽ അല്ല ആശ്രയിച്ചിരിക്കുന്നത്. പ്രത്യുത, അതു നമ്മൾ വ്യക്തികളെന്നനിലയിൽ എങ്ങനെ ചിന്തിക്കുന്നു, നമ്മൾ എന്തു ചെയ്യുന്നു, നമ്മൾ മററുള്ളവരോട് എങ്ങനെ ഇടപെടുന്നു, നമ്മൾ നമ്മുടെ ജീവിതം എങ്ങനെ നയിക്കുന്നു എന്നതിലാണ് ആശ്രയിച്ചിരിക്കുന്നത്.
23. (എ) ദൈവത്തിന്റെ ഒരു കൂട്ടുവേലക്കാരനായിരിക്കുന്നതിന്റെ സന്തോഷം തുടർന്നുമുണ്ടായിരിക്കാൻ നമുക്ക് എങ്ങനെ സാധിക്കും? (ബി) എബ്രായർ 6:10-12-ൽ നമ്മൾ എന്ത് ഉറപ്പു കാണുന്നു?
23 നമുക്കു യഥാർഥത്തിൽ ആത്മത്യാഗത്തിന്റെ ആത്മാവുണ്ടെങ്കിൽ ദൈവത്തിന്റെ കൂട്ടുവേലക്കാരായിരിക്കുന്നതിന്റെ സന്തോഷം നമുക്കുണ്ടാകും. (1 കൊരിന്ത്യർ 3:9) നമ്മൾ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുകയാകുന്നു എന്നറിയുന്നതിന്റെ സംതൃപ്തി നമുക്കുണ്ടാകും. (സദൃശവാക്യങ്ങൾ 27:11) കൂടാതെ യഹോവ നമ്മെ ഒരിക്കലും മറക്കുകയില്ലെന്നും അല്ലെങ്കിൽ അവിടുത്തോടു വിശ്വസ്തരായി നിൽക്കുന്നിടത്തോളംകാലം അവിടുന്നു നമ്മെ ഉപേക്ഷിക്കുകയില്ലെന്നുമുള്ള ഉറപ്പും നമുക്കുണ്ട്.—എബ്രായർ 6:10-12.
[അടിക്കുറിപ്പ്]
a ഗ്രീക്കിൽ “ഇടർച്ച” (σκάνδαλον സ്കാൻഡലോൺ) “ഇര കെട്ടുന്ന കെണിയുടെ ഭാഗത്തിന്റെ പേർ, അതുകൊണ്ടു കുരുക്ക് അഥവാ കെണി തന്നെ ആയിരുന്നു.”—വൈൻസ് എക്സ്പോസിറററി ഡിക്ഷനറി ഓഫ് ഓൾഡ് ആൻറ് ന്യൂ ടെസ്ററമെൻറ് വേഡ്സ്.
നിങ്ങളുടെ ചിന്തകൾ എന്തെല്ലാമാണ്?
▫ ആത്മത്യാഗപരമായ ഒരു ജീവിതഗതിക്കു പത്രോസ് അറിയാതെ ഒരു ഇടർച്ചയായത് എങ്ങനെ?
▫ തന്നെത്തന്നെ ത്യജിക്കുക എന്നതിന്റെ അർഥം എന്ത്?
▫ ഒരു ക്രിസ്ത്യാനി തന്റെ ദണ്ഡനസ്തംഭം വഹിക്കുന്നത് എങ്ങനെ?
▫ നമ്മൾ ആത്മത്യാഗത്തിന്റെ ഒരു ആത്മാവിനെ വികസിപ്പിച്ചെടുക്കുകയും നിലനിർത്തുകയും ചെയ്യുന്നത് എങ്ങനെ?
▫ ആത്മത്യാഗത്തിന്റെ ആത്മാവിനു പിന്നിലെ പ്രേരകശക്തി എന്ത്?
[10-ാം പേജിലെ ചിത്രം]
നിങ്ങൾ നിങ്ങളെത്തന്നെ ത്യജിക്കാനും നിങ്ങളുടെ ദണ്ഡനസ്തംഭം എടുക്കാനും യേശുവിനെ തുടർച്ചയായി അനുഗമിക്കാനും സന്നദ്ധരാണോ?