നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തി പ്രദാനം ചെയ്യുക
“നിങ്ങളുടെ വിശ്വാസത്തിനു . . . സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും . . . പ്രദാനം ചെയ്യുക.”—2 പത്രോസ് 1:5, 6, NW.
1, 2. (എ) നാസികളുടെ അധികാരത്തിലിരുന്ന രാജ്യങ്ങളിൽ യഹോവയുടെ സാക്ഷികൾക്ക് 1930-കളിൽ തുടങ്ങി എന്തു സംഭവിച്ചു, എന്തുകൊണ്ട്? (ബി) ഈ ക്രൂരമായ പെരുമാററത്തിൻ കീഴിൽ യഹോവയുടെ ജനം എങ്ങനെ കഴിഞ്ഞു?
അത് 20-ാം നൂററാണ്ടിലെ ഇരുളടഞ്ഞ ഒരു കാലഘട്ടമായിരുന്നു. ആയിരത്തിത്തൊള്ളായിരത്തിമുപ്പതുകളിൽ തുടങ്ങി, നാസികളുടെ അധികാരത്തിലിരുന്ന രാജ്യങ്ങളിൽ ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ അന്യായമായി അറസ്ററുചെയ്യപ്പെടുകയും തടങ്കൽപ്പാളയങ്ങളിൽ തള്ളപ്പെടുകയും ചെയ്തു. എന്തുകൊണ്ട്? കാരണം അവർ നിഷ്പക്ഷരായി നിൽക്കാൻ ധൈര്യപ്പെടുകയും ഹിററ്ലറെ വന്ദിക്കാൻ വിസമ്മതിക്കുകയും ചെയ്തു. അവരോട് എങ്ങനെ പെരുമാറി? “ബൈബിൾ വിദ്യാർഥികളെപ്പോലെ [യഹോവയുടെ സാക്ഷികൾ] തടവുപുള്ളികളുടെ മറെറാരു കൂട്ടവും എസ്.എസ്. [SS]പട്ടാളക്കാരുടെ അത്യധികമായ ക്രൂരതയ്ക്കു വിധേയമായിട്ടില്ല. ലോകത്തിലെ ഒരു ഭാഷയ്ക്കും വർണിക്കാൻ കഴിയില്ലാത്ത, ശാരീരികവും മാനസികവും ആയ പീഡനങ്ങളുടെ അന്തമില്ലാത്ത പരമ്പരയാൽ തിരിച്ചറിയിക്കപ്പെട്ട ഒരുതരം ക്രൂരതയായിരുന്നു അത്.”—ജർമൻ ഗവൺമെൻറിലെ ഒരു മുൻ ഉദ്യോഗസ്ഥനായ കാൾ വിററിഗ്.
2 സാക്ഷികളുടെ അവസ്ഥ എന്തായിരുന്നു? നാസി രാഷ്ട്രവും പുതിയ മതങ്ങളും: വിയോജിപ്പു സംബന്ധിച്ച അഞ്ചു പഠനങ്ങൾ (The Nazi State and the New Religions: Five Case Studies in Non-Conformity) എന്ന തന്റെ പുസ്തകത്തിൽ ഡോ. ക്രിസ്ററീൻ ഇ. കിങ് ഇങ്ങനെ കുറിക്കൊണ്ടു: “[മററു മതവിഭാഗങ്ങളോടുള്ള താരതമ്യത്തിൽ] സാക്ഷികളോടു മാത്രമേ ഗവൺമെൻറ് പരാജയപ്പെട്ടുള്ളു.” അതേ, തങ്ങളിൽ നൂറുകണക്കിനുപേർ മരണത്തോളം സഹിച്ചുനിൽക്കുന്നതിനെ ഇത് അർഥമാക്കിയെങ്കിലും യഹോവയുടെ സാക്ഷികൾ പൊതുവെ ഉറച്ചുനിന്നു.
3. കഠിനമായ പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കിയിരിക്കുന്നത് എന്താണ്?
3 നാസി ജർമനിയിൽ മാത്രമല്ല, ലോകമെമ്പാടും ഇത്തരം പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ യഹോവയുടെ സാക്ഷികളെ പ്രാപ്തരാക്കിയിരിക്കുന്നത് എന്താണ്? അവരുടെ ദൈവഭക്തി നിമിത്തം അവരുടെ സ്വർഗീയ പിതാവു സഹിച്ചുനിൽക്കാൻ അവരെ സഹായിച്ചിരിക്കുന്നു. “കർത്താവു [യഹോവ] ഭക്തൻമാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ . . . അറിയുന്നുവല്ലോ” എന്ന് അപ്പോസ്തലനായ പത്രോസ് വിശദീകരിക്കുന്നു. (2 പത്രൊസ് 2:9, 10) ക്രിസ്ത്യാനികളോടു പത്രോസ് അതേ ലേഖനത്തിൽ നേരത്തെ ഇങ്ങനെ ഉപദേശിച്ചിരുന്നു: “നിങ്ങളുടെ വിശ്വാസത്തിനു . . . സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും . . . പ്രദാനം ചെയ്യുക.” (2 പത്രോസ് 1:5, 6, NW) അതുകൊണ്ട്, സഹിഷ്ണുത ദൈവഭക്തിയോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ, അവസാനത്തോളം സഹിച്ചുനിൽക്കാൻ നാം ‘ദൈവഭക്തി പിന്തുടരുകയും’ അതു പ്രകടമാക്കുകയും വേണം. (1 തിമൊഥെയൊസ് 6:11) എന്നാൽ ദൈവഭക്തി കൃത്യമായി എന്താണ്?
ദൈവഭക്തി ആയിരിക്കുന്നത്
4, 5. ദൈവഭക്തി എന്താണ്?
4 “ദൈവഭക്തി”യുടെ ഗ്രീക്ക് നാമം (യൂസീബിയ) അക്ഷരീയമായി “ഉചിതമായ ആദരിക്കൽ” എന്നു വിവർത്തനം ചെയ്യാവുന്നതാണ്.a (2 പത്രോസ് 1:6, കിങ്ഡം ഇൻറർലീനിയർ) അതു ദൈവത്തോടുള്ള ഊഷ്മളവും ഹൃദയംഗമവുമായ ഒരു വികാരത്തെ കുറിക്കുന്നു. ഡബ്ലിയു. ഇ. വൈൻ പറയുന്നതനുസരിച്ച് “ഉചിതമായ ആദരവുള്ള” എന്നു വാച്യാർഥമുള്ള നാമവിശേഷണമായ യൂസീബെസ് “ദൈവത്തോടുള്ള പരിശുദ്ധമായ ഭക്ത്യാദരവിനാൽ നയിക്കപ്പെട്ട് അർപ്പിതമായ പ്രവർത്തനത്തിൽ പ്രകടമാകുന്ന കർമശേഷിയെ അർഥമാക്കുന്നു.”—2 പത്രോസ് 2:9, ഇൻറർ.
5 അതുകൊണ്ട്, ദൈവഭക്തി എന്ന പദം യഹോവയ്ക്കു പ്രസാദകരമായതുചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്ന അവിടുത്തോടുള്ള ഭക്ത്യാദരവിനെ അഥവാ ഭക്തിയെ പരാമർശിക്കുന്നു. ഇതു ക്ലേശകരമായ പീഡാനുഭവത്തിന്റെ ഭീഷണിയിൻ കീഴിൽപ്പോലും ചെയ്യപ്പെടുന്നു, കാരണം നാം ദൈവത്തെ ഹൃദയത്തിൽനിന്നു സ്നേഹിക്കുന്നു. അതു നമ്മുടെ ജീവിതരീതിയിൽ പ്രകടിതമാകുന്ന, യഹോവയുമായുള്ള വിശ്വസ്തമായ, വ്യക്തിപരമായ ഒരു ബന്ധമാണ്. തങ്ങൾ “പൂർണ ദൈവഭക്തിയോടെ ശാന്തവും സ്വസ്ഥവുമായ ഒരു ജീവിതം” നയിക്കാൻ ഇടയാക്കണമേ എന്നു പ്രാർഥിക്കാൻ സത്യക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (1 തിമോഥെയോസ് 2:1, 2, NW) നിഘണ്ടു രചയിതാക്കളായ ജെ. പി. ലോയും ഇ. ഐ. നൈഡയും പറയുന്നപ്രകാരം, “1 തിമോ. 2:2-ലെ [യൂസീബിയ] നിരവധി ഭാഷകളിൽ ‘നാം ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതുപോലെ ജീവിക്കുക’ എന്നോ ‘നാം ജീവിക്കണമെന്നു ദൈവം പറഞ്ഞിരിക്കുന്നതുപോലെ ജീവിക്കുക’ എന്നോ ഉചിതമായി വിവർത്തനം ചെയ്യാവുന്നതാണ്.”
6. സഹിഷ്ണുതയും ദൈവഭക്തിയും തമ്മിലുള്ള ബന്ധമെന്താണ്?
6 ഇപ്പോൾ നമുക്കു സഹിഷ്ണുതയും ദൈവഭക്തിയും തമ്മിലുള്ള ബന്ധം മെച്ചമായി വിലമതിക്കാൻ കഴിയുന്നു. ദൈവം ആഗ്രഹിക്കുന്നതുപോലെ—ദൈവഭക്തിയോടെ—ജീവിക്കുന്നതിനാൽ നാം ലോകത്തിന്റെ വിദ്വേഷം വരുത്തിക്കൂട്ടുന്നു, അതു സ്ഥിരമായി വിശ്വാസത്തിന്റെ പരിശോധനകൾ കൊണ്ടുവരുന്നു. (2 തിമൊഥെയൊസ് 3:12) എന്നാൽ നമ്മുടെ സ്വർഗീയ പിതാവിനോടുള്ള വ്യക്തിപരമായ ബന്ധമില്ലായിരുന്നെങ്കിൽ ഇത്തരം പരിശോധനകൾ സഹിച്ചുനിൽക്കാൻ നാം ഒരുവിധത്തിലും പ്രചോദനം ഉൾക്കൊള്ളുമായിരുന്നില്ല. കൂടാതെ, ഹൃദയംഗമമായ അത്തരം ദൈവഭക്തിയോടു ദൈവം പ്രതികരിക്കുന്നു. എല്ലാത്തരം എതിർപ്പുമുണ്ടായാലും, അവിടുത്തോടുള്ള ഭക്തി നിമിത്തം അവിടുത്തെ പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നവരെ സ്വർഗത്തിൽനിന്നു താഴേക്കു നോക്കി നിരീക്ഷിക്കുന്നതു യഹോവയ്ക്ക് എങ്ങനെയുള്ള വികാരമുളവാക്കേണ്ടതാണെന്ന് ഒന്നു വിഭാവനം ചെയ്യുക. അവിടുന്നു “ഭക്തൻമാരെ പരീക്ഷയിൽനിന്നു വിടുവിപ്പാൻ” ആഗ്രഹമുള്ളവനായിരിക്കുന്നത് അതിശയമല്ല!
7. ദൈവഭക്തി നട്ടുവളർത്തേണ്ടത് എന്തുകൊണ്ട്?
7 എന്നിരുന്നാലും നാം ദൈവഭക്തിയോടെയല്ല ജനിച്ചിരിക്കുന്നത്, ദൈവഭക്തിയുള്ള മാതാപിതാക്കളിൽനിന്നു നാം അതു സ്വാഭാവികമായി സമ്പാദിക്കുന്നുമില്ല. (ഉല്പത്തി 8:21) മറിച്ച്, അതു നട്ടുവളർത്തേണ്ടതുണ്ട്. (1 തിമൊഥെയൊസ് 4:7, 10) നമ്മുടെ സഹിഷ്ണുതക്കും വിശ്വാസത്തിനും ദൈവഭക്തി പ്രദാനം ചെയ്യാൻ നാം പ്രവർത്തിക്കേണ്ടതുണ്ട്. ഇതിന് “ആത്മാർഥമായ ശ്രമം” ആവശ്യമാണെന്നു പത്രോസ് പറയുന്നു. (2 പത്രോസ് 1:5, NW) അങ്ങനെയെങ്കിൽ നമുക്കു ദൈവഭക്തി എങ്ങനെ ആർജിക്കാൻ കഴിയും?
നാം ദൈവഭക്തി എങ്ങനെ ആർജിക്കുന്നു?
8. അപ്പോസ്തലനായ പത്രോസ് പറയുന്നതനുസരിച്ച്, ദൈവഭക്തി ആർജിക്കാനുള്ള താക്കോൽ എന്താണ്?
8 ദൈവഭക്തി ആർജിക്കാനുള്ള താക്കോൽ അപ്പോസ്തലനായ പത്രോസ് വിശദീകരിച്ചു. “ദൈവത്തിന്റെയും നമ്മുടെ കർത്താവായ യേശുവിന്റെയും പരിജ്ഞാനത്തിൽ നിങ്ങൾക്കു കൃപയും സമാധാനവും വർദ്ധിക്കുമാറാകട്ടെ. തന്റെ മഹത്വത്താലും വീര്യത്താലും നമ്മെ വിളിച്ചവന്റെ പരിജ്ഞാനത്താൽ അവന്റെ ദിവ്യശക്തി ജീവന്നും ഭക്ഷിക്കും വേണ്ടിയതു ഒക്കെയും നമുക്കു ദാനം ചെയ്തിരിക്കുന്നുവല്ലോ.” (2 പത്രൊസ് 1:2, 3) അതുകൊണ്ടു നമ്മുടെ വിശ്വാസത്തിനും സഹിഷ്ണുതക്കും ദൈവഭക്തി പ്രദാനം ചെയ്യാൻ നാം യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ, എന്നുവെച്ചാൽ, മുഴുവനായ അഥവാ പൂർണമായ അറിവിൽ വളരേണ്ടതുണ്ട്.
9. ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവ് ഉണ്ടായിരിക്കുന്നതിൽ കേവലം അവർ ആരാണെന്ന് അറിയുന്നതിനെക്കാളധികം ഉൾപ്പെട്ടിരിക്കുന്നു എന്ന് എങ്ങനെ ചിത്രീകരിക്കാം?
9 ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവ് ഉണ്ടായിരിക്കുക എന്നാൽ എന്താണ് അർഥം? അവർ ആരാണെന്നറിയുന്നതിനെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു എന്നതു വ്യക്തമാണ്. ദൃഷ്ടാന്തത്തിന്: നിങ്ങളുടെ അയലത്തു താമസിക്കുന്നത് ആരാണെന്നു നിങ്ങൾക്കറിയാമായിരിക്കാം, അയാളെ പേരു വിളിച്ച് അഭിവാദനം ചെയ്യുകപോലും ചെയ്തേക്കാം. എന്നാൽ നിങ്ങൾ അയാൾക്ക് വലിയ ഒരു തുക കടംകൊടുക്കുമോ? അയാൾ എങ്ങനെയുള്ള വ്യക്തിയാണെന്നു യഥാർഥമായി അറിയാതെ നിങ്ങൾ അങ്ങനെ ചെയ്യില്ല. (സദൃശവാക്യങ്ങൾ 11:15 താരതമ്യം ചെയ്യുക.) സമാനമായി, യഹോവയെയും യേശുവിനെയും സൂക്ഷ്മമായി, അഥവാ പൂർണമായി അറിയുന്നത് അവർ സ്ഥിതിചെയ്യുന്നുണ്ടെന്നു വിശ്വസിക്കുകയും അവരുടെ പേരുകൾ അറിയുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ അർഥമാക്കുന്നു. അവർക്കുവേണ്ടി മരണത്തോളംപോലും പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ മനസ്സൊരുക്കം ഉണ്ടായിരിക്കുന്നതിനു നാം അവരെ യഥാർഥത്തിൽ അടുത്തറിയേണ്ടതുണ്ട്. (യോഹന്നാൻ 17:3) ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്താണ്?
10. യഹോവയെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവുണ്ടായിരിക്കുന്നതിൽ ഏതു രണ്ടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു, എന്തുകൊണ്ട്?
10 യഹോവയെയും യേശുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അഥവാ പൂർണമായ അറിവ് ഉണ്ടായിരിക്കുന്നതിൽ രണ്ടു കാര്യങ്ങൾ അടങ്ങിയിരിക്കുന്നു: (1) വ്യക്തികൾ എന്നനിലയിൽ—അവരുടെ ഗുണങ്ങളും വികാരങ്ങളും വഴികളും—അറിയുന്നതും (2) അവരുടെ ദൃഷ്ടാന്തം അനുകരിക്കുന്നതും. ദൈവഭക്തിയിൽ യഹോവയോടുള്ള ഹൃദയംഗമമായ, വ്യക്തിപരമായ ബന്ധം അന്തർഭവിച്ചിരിക്കുന്നു, നാം ജീവിക്കുന്ന വിധത്താൽ അതു തെളിയുകയും ചെയ്യുന്നു. അതുകൊണ്ട്, അത് ആർജിക്കുന്നതിന്, നാം യഹോവയെ വ്യക്തിപരമായി അറിയുകയും അവിടുത്തെ ഇഷ്ടവും വഴികളും മാനുഷിക വിധത്തിൽ സാധ്യമാകുന്നടത്തോളം പൂർണമായി അറിയുകയും വേണം. നാം ആരുടെ പ്രതിഛായയിൽ സൃഷ്ടിക്കപ്പെട്ടുവോ ആ യഹോവയെ യഥാർഥത്തിൽ അറിയുന്നതിനു നാം അത്തരം അറിവ് ഉപയോഗിക്കുകയും അവിടുത്തെപ്പോലെ ആയിരിക്കാൻ ശ്രമിക്കുകയും വേണം. (ഉല്പത്തി 1:26-28; കൊലൊസ്സ്യർ 3:10) യേശു, താൻ പറഞ്ഞതിലും പ്രവർത്തിച്ചതിലും യഹോവയെ പൂർണമായി അനുകരിച്ചതിനാൽ യേശുവിനെ സൂക്ഷ്മമായി അറിയുന്നതു ദൈവഭക്തി വികസിപ്പിച്ചെടുക്കുന്നതിൽ ഒരു വിലപ്പെട്ട സഹായമാണ്.—എബ്രായർ 1:3.
11. (എ) ദൈവത്തെയും ക്രിസ്തുവിനെയും കുറിച്ചുള്ള സൂക്ഷ്മമായ അറിവു നമുക്കെങ്ങനെ നേടാൻ കഴിയും? (ബി) നാം വായിക്കുന്നവയെക്കുറിച്ചു ധ്യാനിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 എന്നുവരികിലും, ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അത്തരം സൂക്ഷ്മമായ അറിവു നമുക്കെങ്ങനെ നേടാൻ കഴിയും? ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും ഉത്സാഹപൂർവം പഠിക്കുന്നതിനാൽ.b എന്നിരുന്നാലും, നമ്മുടെ വ്യക്തിപരമായ ബൈബിളധ്യയനം നാം ദൈവഭക്തി ആർജിക്കുന്നതിൽ കലാശിക്കണമെങ്കിൽ, നാം വായിക്കുന്നതിനെക്കുറിച്ചു ധ്യാനിക്കാൻ, എന്നുവെച്ചാൽ വിചിന്തനംചെയ്യാൻ അഥവാ ചിന്തിക്കാൻ സമയം എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. (യോശുവ 1:8 താരതമ്യം ചെയ്യുക.) ഇതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ദൈവഭക്തി ദൈവത്തോടുള്ള ഊഷ്മളവും ഹൃദയംഗമവും ആയ വികാരമാണെന്നത് ഓർക്കുക. തിരുവെഴുത്തുകളിൽ, ധ്യാനത്തെ ആലങ്കാരിക ഹൃദയവുമായി—ആന്തരിക വ്യക്തിയുമായി—ആവർത്തിച്ചു ബന്ധപ്പെടുത്തിയിരിക്കുന്നു. (സങ്കീർത്തനം 19:14; 49:3; സദൃശവാക്യങ്ങൾ 15:28) നാം വായിക്കുന്നവയെക്കുറിച്ചു വിലമതിപ്പോടെ ചിന്തിക്കുമ്പോൾ അത് ഉള്ളിലെ വ്യക്തിയിലേക്ക് അരിച്ചിറങ്ങുന്നു, അങ്ങനെ അതു നമ്മുടെ അനുഭൂതികളെ ഇളക്കിമറിക്കുകയും വികാരങ്ങളെ സ്പർശിക്കുകയും നമ്മുടെ ചിന്തയെ സ്വാധീനിക്കുകയും ചെയ്യുന്നു. അപ്പോൾ മാത്രമേ പഠനത്തിനു യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെ ശക്തിപ്പെടുത്താനും വെല്ലുവിളിപരമായ സാഹചര്യങ്ങളിലോ കഠിനമായ പരിശോധനകളിലോ പോലും ദൈവത്തെ പ്രസാദിപ്പിക്കുംവിധം ജീവിക്കാൻ നമ്മെ പ്രേരിപ്പിക്കാനും കഴിയൂ.
ഭവനത്തിൽ ദൈവഭക്തി ആചരിക്കൽ
12. (എ) പൗലോസ് പറയുന്നതനുസരിച്ച്, ഒരു ക്രിസ്ത്യാനിക്ക് ഭവനത്തിൽ എങ്ങനെ ദൈവഭക്തി ആചരിക്കാം? (ബി) സത്യക്രിസ്ത്യാനികൾ പ്രായമാകുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നത് എന്തുകൊണ്ട്?
12 ദൈവഭക്തി ആദ്യം ഭവനത്തിൽ ആചരിക്കേണ്ടതുണ്ട്. “വല്ല വിധവെക്കും പുത്രപൌത്രൻമാർ ഉണ്ടെങ്കിൽ അവർ മുമ്പെ സ്വന്ത കുടുംബത്തിൽ ഭക്തി കാണിച്ചു അമ്മയപ്പൻമാർക്കു പ്രത്യുപകാരം ചെയ്വാൻ പഠിക്കട്ടെ; ഇതു ദൈവസന്നിധിയിൽ പ്രസാദകരമാകുന്നു” എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു. (1 തിമൊഥെയൊസ് 5:4) പ്രായമാകുന്ന മാതാപിതാക്കളെ സംരക്ഷിക്കുന്നത്, പൗലോസ് കുറിക്കൊള്ളുന്നതുപോലെ, ദൈവഭക്തിയുടെ ഒരു പ്രകടനമാണ്. സത്യക്രിസ്ത്യാനികൾ ഇങ്ങനെ സംരക്ഷിക്കുന്നത് കേവലം ഒരു ചുമതലാബോധത്താലല്ല, മറിച്ച്, തങ്ങളുടെ മാതാപിതാക്കളോടുള്ള സ്നേഹം നിമിത്തമാണ്. എന്നാൽ അതിൽപ്പരമായി, ഒരുവന്റെ കുടുംബത്തിനുവേണ്ടി കരുതുന്നതിനു യഹോവ നൽകുന്ന പ്രാധാന്യം അവർ തിരിച്ചറിയുന്നു. ആവശ്യമുള്ളസമയത്തു തങ്ങളുടെ മാതാപിതാക്കളെ സഹായിക്കാൻ വിസമ്മതിക്കുന്നതു ‘ക്രിസ്തീയ വിശ്വാസത്തെ തള്ളിപ്പറയുന്നതിനു’ സമമാണെന്ന് അവർക്കു നന്നായറിയാം.—1 തിമൊഥെയൊസ് 5:8.
13. ഭവനത്തിൽ ദൈവഭക്തി ആചരിക്കുന്നത് ഒരു യഥാർഥ വെല്ലുവിളി ആയിരിക്കാവുന്നത് എന്തുകൊണ്ട്, എന്നാൽ ഒരുവന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നതിൽനിന്ന് എന്തു സംതൃപ്തി ഉളവാകുന്നു?
13 ഭവനത്തിൽ ദൈവഭക്തി ആചരിക്കുക എപ്പോഴും എളുപ്പമല്ലെന്നു സമ്മതിക്കുന്നു. കുടുംബാംഗങ്ങൾ ഗണ്യമായ അകലത്തിൽ മാറിപാർക്കുകയായിരിക്കാം. പ്രായമായ മക്കൾ തങ്ങളുടെ സ്വന്തം കുടുംബങ്ങളെ പുലർത്തുകയും സാമ്പത്തികമായി ക്ലേശിക്കുകയും ആയിരിക്കാം. മാതാപിതാക്കൾക്ക് ആവശ്യമായിരിക്കുന്ന സംരക്ഷണസ്വഭാവത്തിന് അല്ലെങ്കിൽ അളവിന് സംരക്ഷിക്കുന്നവരുടെ ശാരീരികവും മാനസികവും വൈകാരികവും ആയ ആരോഗ്യത്തെ ആയാസപ്പെടുത്താൻ കഴിയും. എന്നിരുന്നാലും, ഒരുവന്റെ മാതാപിതാക്കളെ സംരക്ഷിക്കുന്നത് “അർഹമായ പ്രതിഫല”മായിത്തീരുന്നുവെന്നു മാത്രമല്ല, “സ്വർഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും പേർ വരുവാൻ കാരണമായ”വനെ പ്രസാദിപ്പിക്കുകയും ചെയ്യുന്നുവെന്ന് അറിയുന്നതിൽ യഥാർഥ സംതൃപ്തി ഉണ്ടായിരിക്കാൻ കഴിയും.—എഫെസ്യർ 3:14, 15.
14, 15. കുട്ടികളുടെ ഭാഗത്തെ ഭക്തിപൂർവകമായ, മാതാപിതാക്കളുടെ പരിപാലനത്തിന്റെ ഒരു ദൃഷ്ടാന്തം പറയുക.
14 ശരിക്കും മനസ്സിൽ തട്ടുന്ന ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. എല്ലിസും തന്റെ അഞ്ചു സഹോദരീസഹോദരൻമാരും വീട്ടിൽ തങ്ങളുടെ പിതാവിനെ സംരക്ഷിക്കുന്നതിൽ ഒരു യഥാർഥ വെല്ലുവിളിയെ നേരിടുകയാണ്. “എന്റെ പിതാവിന് 1986-ൽ ഒരു ആഘാതമുണ്ടായിട്ടു പൂർണമായും തളർന്നുപോയി” എന്ന് എല്ലിസ് വിശദീകരിക്കുന്നു. കുളിപ്പിക്കുന്നതു തുടങ്ങി ശരീരത്തു വ്രണങ്ങൾ ഉണ്ടാകുന്നതൊഴിവാക്കാൻ തിരിച്ചു കിടത്തിയെന്നുറപ്പു വരുത്തുന്നതുവരെയുള്ള തങ്ങളുടെ പിതാവിന്റെ ആവശ്യങ്ങൾ നിറവേററുന്നതിൽ ആ ആറു മക്കളും പങ്കുപററുന്നു. “ഞങ്ങൾ പിതാവിനെ വായിച്ചുകേൾപ്പിക്കുന്നു, പിതാവിനോടു സംസാരിക്കുന്നു, സംഗീതം കേൾപ്പിക്കുന്നു. തനിക്കു ചുററും എന്താണു നടക്കുന്നതെന്നു പിതാവിനറിയാമോ എന്നു ഞങ്ങൾക്കറിയില്ല, എങ്കിലും എല്ലാം പൂർണമായി അറിയുന്നുണ്ടെന്നതുപോലെയാണു ഞങ്ങൾ പെരുമാറുന്നത്.”
15 ആ മക്കൾ തങ്ങളുടെ പിതാവിനുവേണ്ടി അങ്ങനെ ചെയ്യുന്നത് എന്തിനാണ്? എല്ലിസ് തുടർന്നു പറയുന്നു: “1964-ൽ ഞങ്ങളുടെ അമ്മ മരിച്ചതിനുശേഷം ഡാഡി ഒററയ്ക്കാണു ഞങ്ങളെ വളർത്തിക്കൊണ്ടുവന്നത്. അപ്പോൾ ഞങ്ങൾ 5 വയസ്സുമുതൽ 14 വയസ്സുവരെ പ്രായമുള്ളവരായിരുന്നു. അന്നു ഡാഡി ഞങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നു; ഇപ്പോൾ ഞങ്ങൾ ഡാഡിയെ സഹായിക്കുന്നു.” ഇങ്ങനെ പരിപാലിക്കുക എളുപ്പമല്ലെന്നതു വ്യക്തമാണ്, കാരണം മക്കൾ ചിലപ്പോഴൊക്കെ നിരുത്സാഹിതരാകുകതന്നെ ചെയ്യുന്നു. “എന്നാൽ ഞങ്ങളുടെ പിതാവിന്റെ അവസ്ഥ താത്കാലികമായ ഒരു പ്രശ്നമാണെന്നു ഞങ്ങൾ തിരിച്ചറിയുന്നു” എന്ന് എല്ലിസ് പറയുന്നു. “ഞങ്ങളുടെ ഡാഡിക്കു നല്ല ആരോഗ്യം തിരികെ കിട്ടുകയും ഞങ്ങളുടെ അമ്മയോടു വീണ്ടും ചേരാൻ സാധിക്കുകയും ചെയ്യുന്ന സമയത്തിനുവേണ്ടി ഞങ്ങൾ നോക്കിപ്പാർത്തിരിക്കുന്നു.” (യെശയ്യാവു 33:24; യോഹന്നാൻ 5:28, 29) തീർച്ചയായും, മാതാവിന്റെയോ പിതാവിന്റെയോ ഇത്തരം അർപ്പണബോധത്തോടുകൂടിയ പരിപാലനം മാതാപിതാക്കളെ ബഹുമാനിക്കണമെന്നു മക്കളോടു കൽപ്പിക്കുന്ന ഒരുവന്റെ ഹൃദയത്തിന് ഊഷ്മളത പകരേണ്ടതാണ്!c—എഫെസ്യർ 6:1, 2.
ദൈവഭക്തിയും ശുശ്രൂഷയും
16. നാം ശുശ്രൂഷയിൽ എന്തു ചെയ്യുന്നുവെന്നതിന്റെ മുഖ്യ കാരണം എന്തായിരിക്കണം?
16 യേശുവിനെ ‘നിരന്തരം അനുഗമിക്കാനുള്ള’ ക്ഷണം നാം സ്വീകരിക്കുമ്പോൾ നാം രാജ്യസുവാർത്ത പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനും ഉള്ള ഒരു ദിവ്യനിയോഗത്തിൻ കീഴിൽ വരുന്നു. (മത്തായി 16:24; 24:14; 28:19, 20) വ്യക്തമായും, ശുശ്രൂഷയിൽ ഒരു പങ്കുണ്ടായിരിക്കുന്നത് ഈ “അന്ത്യ നാളുകളിൽ” ഒരു ക്രിസ്തീയ കടപ്പാടാണ്. (2 തിമോഥെയോസ് 3:1, NW) എന്നിരുന്നാലും, പ്രസംഗിക്കുന്നതിനും പഠിപ്പിക്കുന്നതിനും ഉള്ള നമ്മുടെ പ്രചോദനം കേവലം കർത്തവ്യത്തിന്റെയോ കടപ്പാടിന്റെയോ ഒരു ബോധത്തെക്കാൾ അധികമായിരിക്കേണ്ടതാണ്. നാം ശുശ്രൂഷയിൽ എന്തു ചെയ്യുന്നുവെന്നതിന്റെയും എന്തുമാത്രം ചെയ്യുന്നുവെന്നതിന്റെയും മുഖ്യ കാരണം യഹോവയോടുള്ള ആഴമായ സ്നേഹമായിരിക്കണം. “ഹൃദയം നിറഞ്ഞു കവിയുന്നതിൽനിന്നല്ലോ വായ് സംസാരിക്കുന്നതു” എന്നു യേശു പറഞ്ഞു. (മത്തായി 12:34) അതേ, നമ്മുടെ ഹൃദയങ്ങൾ യഹോവയോടുള്ള സ്നേഹംകൊണ്ടു നിറഞ്ഞുകവിയുമ്പോൾ അവിടുത്തെക്കുറിച്ചു മററുള്ളവരോടു സാക്ഷ്യം പറയാൻ നമുക്കു നിർബന്ധം തോന്നുന്നു. നമ്മുടെ പ്രചോദനം ദൈവത്തോടുള്ള സ്നേഹമായിരിക്കുമ്പോൾ നമ്മുടെ ശുശ്രൂഷ നമ്മുടെ ദൈവഭക്തിയുടെ ഒരു അർഥവത്തായ പ്രകടനമായിരിക്കും.
17. ശുശ്രൂഷയ്ക്കായുള്ള ശരിയായ പ്രചോദനം നമുക്കു നട്ടുവളർത്താൻ കഴിയുന്നതെങ്ങനെ?
17 ശുശ്രൂഷയ്ക്കായുള്ള ശരിയായ പ്രചോദനം നമുക്ക് എങ്ങനെ നട്ടുവളർത്താൻ കഴിയും? യഹോവയെ സ്നേഹിക്കാൻ അവിടുന്നു നമുക്കു നൽകിയിരിക്കുന്ന മൂന്നു കാരണങ്ങളെക്കുറിച്ചു വിലമതിപ്പോടെ വിചിന്തനം നടത്തുക. (1) യഹോവ ഇതിനോടകം നമുക്കുവേണ്ടി ചെയ്തിട്ടുള്ളവ നിമിത്തം നാം അവിടുത്തെ സ്നേഹിക്കുന്നു. മറുവില നൽകുന്നതിനെക്കാൾ വലിയ സ്നേഹം പ്രകടമാക്കാൻ യഹോവയ്ക്കു കഴിയുമായിരുന്നില്ല. (മത്തായി 20:28; യോഹന്നാൻ 15:13) (2) യഹോവ നമുക്കുവേണ്ടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നവ നിമിത്തം നാം അവിടുത്തെ സ്നേഹിക്കുന്നു. നമ്മുടെ പ്രാർഥനകൾക്കുത്തരം നൽകുന്ന യഹോവയുമായി നമുക്കു സംസാരസ്വാതന്ത്ര്യമുണ്ട്. (സങ്കീർത്തനം 65:2; എബ്രായർ 4:14-16) രാജ്യതാത്പര്യങ്ങൾക്കു മുൻഗണന നൽകുമ്പോൾ നാം ജീവിതത്തിലെ അവശ്യവസ്തുക്കൾ ആസ്വദിക്കുന്നു. (മത്തായി 6:25-33) നമ്മെ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ സഹായിക്കുന്ന ആത്മീയ ആഹാരത്തിന്റെ നിരന്തരമായ ശേഖരം നമുക്കു ലഭിക്കുന്നു. (മത്തായി 24:45) ലോകത്തിലെ മററുള്ളവരിൽനിന്നു നമ്മെ യഥാർഥത്തിൽ മാററിനിർത്തുന്ന ലോകവ്യാപക ക്രിസ്തീയ സഹോദരവർഗത്തിന്റെ ഭാഗമായിരിക്കുന്നതിന്റെ അനുഗ്രഹം നമുക്കുണ്ട്. (1 പത്രൊസ് 2:17) (3) യഹോവ ഇനിയും നമുക്കുവേണ്ടി ചെയ്യാനിരിക്കുന്നതു നിമിത്തവും നാം അവിടുത്തെ സ്നേഹിക്കുന്നു. അവിടുത്തെ സ്നേഹം നിമിത്തം നമുക്കു “യഥാർഥ ജീവന്റെമേൽ”—ഭാവിയിലെ നിത്യജീവന്റെമേൽ—ഒരു “ദൃഢമായ പിടി” ഉണ്ട്. (1 തിമോഥെയോസ് 6:12, 19, NW) നമുക്കുവേണ്ടിയുള്ള യഹോവയുടെ സ്നേഹം നാം പരിഗണിക്കുമ്പോൾ, അവിടുത്തെക്കുറിച്ചും അവിടുത്തെ അമൂല്യമായ ഉദ്ദേശ്യങ്ങളെക്കുറിച്ചും മററുള്ളവരോടു പറയുന്നതിൽ ഒരു അർപ്പണബോധത്തോടുകൂടിയ പങ്കുണ്ടായിരിക്കാൻ നമ്മുടെ ഹൃദയം തീർച്ചയായും നമ്മെ പ്രേരിപ്പിക്കും! ശുശ്രൂഷയിൽ നാം എന്തു ചെയ്യണമെന്നോ എന്തു മാത്രം ചെയ്യണമെന്നോ മററുള്ളവർ നമ്മോടു പറയേണ്ടിവരില്ല. നമുക്കാകുന്നതു ചെയ്യാൻ ഹൃദയം നമ്മെ പ്രേരിപ്പിക്കും.
18, 19. ശുശ്രൂഷയിൽ പങ്കെടുക്കുന്നതിന് ഒരു സഹോദരി ഏതു തടസ്സത്തെ തരണംചെയ്തു?
18 വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളുടെ ഭീഷണിയെ നേരിടുമ്പോൾപ്പോലും, ദൈവഭക്തിയാൽ പ്രേരിതമാകുന്ന ഒരു ഹൃദയം സംസാരിക്കാൻ നിർബന്ധിക്കപ്പെടും. (യിരെമ്യാവു 20:9 താരതമ്യം ചെയ്യുക.) അത്യന്തം ലജ്ജാവതിയായ ഒരു ക്രിസ്തീയ സ്ത്രീയായ സ്റെറല്ലയുടെ കാര്യം ഇതു പ്രകടമാക്കുന്നു. അവർ ബൈബിൾ പഠിക്കാൻ ആദ്യമായി തുടങ്ങിയപ്പോൾ ‘എനിക്കൊരിക്കലും വീടുതോറും പോകാൻ കഴിയില്ല!’ എന്ന് അവർ വിചാരിച്ചു. “ഞാൻ എപ്പോഴും വളരെ ശാന്തയായിരുന്നു. സംഭാഷണം തുടങ്ങാൻ എനിക്കൊരിക്കലും മററുള്ളവരെ സമീപിക്കാൻ കഴിഞ്ഞിരുന്നില്ല” അവർ വിശദീകരിക്കുന്നു. അവർ തുടർന്നു പഠിച്ചപ്പോൾ യഹോവയോടുള്ള അവരുടെ സ്നേഹം വളർന്നു, അവിടുത്തെക്കുറിച്ചു മററുള്ളവരോടു സംസാരിക്കുന്നതിനുള്ള ഒരു തീവ്രമായ ആഗ്രഹം അവർ വികസിപ്പിച്ചെടുത്തു. “‘ഞാൻ സംസാരിക്കാൻ വളരെയധികം ആഗ്രഹിക്കുന്നു, എന്നാൽ എനിക്കതു കഴിയുന്നില്ല, അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു’ എന്ന് എന്നെ ബൈബിൾ പഠിപ്പിച്ചയാളിനോടു ഞാൻ പറഞ്ഞതായി ഓർക്കുന്നു. അപ്പോൾ, ‘സ്റെറല്ലാ, നീ സംസാരിക്കാൻ ആഗ്രഹിക്കുന്നതിൽ നന്ദിയുള്ളവളായിരിക്കുക’ എന്ന് ആ സഹോദരി എന്നോടു പറഞ്ഞതു ഞാൻ ഒരിക്കലും മറക്കില്ല.”
19 അധികം താമസിയാതെ, സ്റെറല്ല തന്റെ അയൽക്കാരിയോടു സംസാരിച്ചുതുടങ്ങി. പിന്നീട് അവർ തന്നെ സംബന്ധിച്ചടത്തോളം സ്മരണീയമായ ഒരു പടി സ്വീകരിച്ചു—അവർ വീടുതോറുമുള്ള വേലയിൽ ആദ്യമായി പങ്കെടുത്തു. (പ്രവൃത്തികൾ 20:20, 21) അവർ അനുസ്മരിക്കുന്നു: “എന്റെ പ്രസംഗം ഞാൻ എഴുതിയിരുന്നു. എന്നാൽ കുറിപ്പുകൾ എന്റെ മുമ്പിൽത്തന്നെ ഉണ്ടായിരുന്നിട്ടും അതിൽ കുനിഞ്ഞു നോക്കാൻ ധൈര്യം തോന്നാതെ ഞാൻ വളരെ ഭയന്നുപോയിരുന്നു!” ഇപ്പോൾ, ഏതാണ്ടു 35 വർഷങ്ങൾക്കുശേഷവും സ്റെറല്ല പ്രകൃത്യാ ലജ്ജാവതിയാണ്. എങ്കിലും അവർ വയൽശുശ്രൂഷ ഇഷ്ടപ്പെടുകയും അതിൽ ഒരു അർഥവത്തായ പങ്കുണ്ടായിരിക്കുന്നതിൽ തുടരുകയും ചെയ്യുന്നു.
20. പീഡനത്തിനോ തടവിനോ പോലും യഹോവയുടെ അർപ്പണബോധമുള്ള സാക്ഷികളുടെ വായടയ്ക്കാൻ കഴിയില്ലെന്ന് ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
20 പീഡനത്തിനോ തടവിനോ പോലും അർപ്പണബോധമുള്ള യഹോവയുടെ സമർപ്പിത സാക്ഷികളുടെ വായടയ്ക്കാൻ കഴിയില്ല. ജർമനിയിലെ ഏൺസ്ററിന്റെയും ഹിൽഡാഗാർട്ട് സെലീഗറിന്റെയും ദൃഷ്ടാന്തം പരിചിന്തിക്കുക. അവരുടെ വിശ്വാസം നിമിത്തം അവർ രണ്ടുപേരുംകൂടെ നാസി തടങ്കൽ പാളയങ്ങളിലും കമ്മ്യൂണിസ്ററ് തടവറകളിലുമായി 40-ലധികം വർഷം ചെലവഴിച്ചു. തടവറയിൽപ്പോലും, അവർ മററുള്ള തടവുപുള്ളികളോടു സാക്ഷീകരിക്കുന്നതിൽ നിർബന്ധം പിടിച്ചു. “ജയിലധികാരികൾ എന്നെ വളരെ അപകടകാരികളായവരിൽപ്പെടുത്തി, കാരണം ഒരു വനിതാ ഗാർഡ് പറഞ്ഞപ്രകാരം, ഞാൻ മുഴുദിവസവും ബൈബിളിനെക്കുറിച്ചു പറഞ്ഞുകൊണ്ടിരുന്നു. അതുകൊണ്ട്, എന്നെ ഒരു നിലവറയിലിട്ടു” എന്നു ഹിൽഡാഗാർട്ട് അനുസ്മരിച്ചു. അവസാനം സ്വതന്ത്രരാക്കിയപ്പോൾ സെലീഗർ സഹോദരനും സഹോദരിയും മുഴുസമയവും ക്രിസ്തീയ ശുശ്രൂഷയ്ക്കായി അർപ്പിച്ചു. ഇരുവരും മരണംവരെ വിശ്വസ്തതയോടെ സേവിച്ചു, സെലീഗർ സഹോദരൻ 1985-ലും ഭാര്യ 1992-ലും മരിച്ചു.
21. നമ്മുടെ സഹിഷ്ണുതക്കു ദൈവഭക്തി പ്രദാനം ചെയ്യാൻ നാം എന്തു ചെയ്യണം?
21 നാം ദൈവവചനം ഉത്സാഹപൂർവം പഠിക്കുകയും പഠിക്കുന്നതിനെക്കുറിച്ചു വിലമതിപ്പോടെ വിചിന്തനം ചെയ്യുന്നതിനു സമയമെടുക്കുകയുംവഴി യഹോവയാം ദൈവത്തെയും യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവിൽ നാം വളരും. ക്രമത്തിൽ, ഇത് ആ വിലയേറിയ ഗുണം—ദൈവഭക്തി—തികവേറിയ അളവിൽ ആർജിക്കുന്നതിൽ കലാശിക്കും. ദൈവഭക്തി കൂടാതെ, ക്രിസ്ത്യാനികളെന്നനിലയിൽ നമ്മുടെമേൽ വരുന്ന വിവിധ പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കാൻ മററു മാർഗമില്ല. അതുകൊണ്ട്, ‘നിങ്ങളുടെ വിശ്വാസത്തിനു സഹിഷ്ണുതയും നിങ്ങളുടെ സഹിഷ്ണുതക്കു ദൈവഭക്തിയും പ്രദാനം ചെയ്യുക’ എന്ന അപ്പോസ്തലനായ പത്രോസിന്റെ ബുദ്ധ്യുപദേശം നമുക്കു പിൻപററാം.—2 പത്രോസ് 1:5, 6, NW.
[അടിക്കുറിപ്പുകൾ]
a യൂസീബിയയെ സംബന്ധിച്ചു വില്യം ബാർക്ലേ ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഈ വാക്കിന്റെ സീബ് (ധാതു)ഭാഗമാണു ഭക്ത്യാദരവിനെ അഥവാ ആരാധനയെ അർഥമാക്കുന്നത്. യൂ എന്നത് ഉചിതമായ എന്നതിന്റെ ഗ്രീക്ക് പദമാണ്; അതുകൊണ്ട്, യൂസീബിയ ഉചിതമായും ശരിയായും നൽകപ്പെടുന്ന ആരാധന, ഭക്ത്യാദരവ് ആണ്.”—പുതിയ നിയമ പദങ്ങൾ (New Testament Words).
b ദൈവവചനത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് ആഴമുള്ളതാക്കാൻ എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു ചർച്ചയ്ക്കുവേണ്ടി 1993 ആഗസ്ററ് 15-ലെ വീക്ഷാഗോപുരം പേജുകൾ 12-17 കാണുക.
c പ്രായമായ മാതാപിതാക്കളോടു ദൈവഭക്തി ആചരിക്കേണ്ടത് എങ്ങനെയെന്നുള്ളതിന്റെ ഒരു പൂർണ ചർച്ചയ്ക്കുവേണ്ടി 1987 ഡിസംബർ 1-ലെ വാച്ച്ടവർ കാണുക.
നിങ്ങളുടെ ഉത്തരം എന്താണ്?
◻ ദൈവഭക്തി എന്താണ്?
◻ സഹിഷ്ണുതയും ദൈവഭക്തിയും തമ്മിലുള്ള ബന്ധം എന്താണ്?
◻ ദൈവഭക്തി ആർജിക്കാനുള്ള താക്കോൽ എന്താണ്?
◻ ഒരു ക്രിസ്ത്യാനിക്ക് ഭവനത്തിൽ ദൈവഭക്തി എങ്ങനെ ആചരിക്കാം?
◻ നാം ശുശ്രൂഷയിൽ എന്തു ചെയ്യുന്നുവെന്നതിന്റെ മുഖ്യകാരണം എന്തായിരിക്കണം?
[18-ാം പേജിലെ ചിത്രം]
റാവെൻസ്ബ്രക്കിലെ നാസി തടങ്കൽപ്പാളയത്തിൽ തടവിലാക്കപ്പെട്ട യഹോവയുടെ സാക്ഷികൾ സഹിഷ്ണുതയും ദൈവഭക്തിയും പ്രകടമാക്കി