അവിടുത്തെ ഉദ്ദേശ്യം നിവർത്തിക്കാൻ യഹോവയിൽ ആശ്രയിക്കുക
“നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
1. മനുഷ്യരെയും ഭൂമിയെയും പ്രതിയുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്?
നമ്മുടെ ആദ്യ മാതാപിതാക്കളായ ആദാമിനെയും ഹവ്വായെയും യഹോവ സൃഷ്ടിച്ചപ്പോൾ പൂർണരായിട്ടാണ് അവിടുന്ന് അവരെ ഉണ്ടാക്കിയത്. അവർ അവിടുത്തെ നിയമങ്ങൾ അനുസരിച്ചാൽ ഈ ഭൂമിയിൽ എന്നേക്കും ജീവിക്കാൻ കഴിയത്തക്കവണ്ണമാണ് അവിടുന്ന് അവരെ സൃഷ്ടിച്ചത്. (ഉല്പത്തി 1:26, 27; 2:17) മാത്രമല്ല, ദൈവം അവരെ പറുദീസാതുല്യമായ അവസ്ഥകളിൽ ആക്കിവെച്ചു. (ഉല്പത്തി 2:8, 9) യഹോവ അവരോട് ഇങ്ങനെ പറഞ്ഞു: “സന്താനപുഷ്ടിയുള്ളവരായി പെരുകി അനേകരായിത്തീർന്നു ഭൂമിയെ നിറയ്ക്കുകയും അതിനെ കീഴടക്കുകയും ചെയ്യുക.” (ഉൽപ്പത്തി 1:28, NW) അങ്ങനെ ക്രമേണ അവരുടെ സന്തതികൾ ഭൂമിയൊട്ടുക്കും വ്യാപിക്കുമായിരുന്നു, പൂർണരും സന്തുഷ്ടരുമായ മനുഷ്യജാതിയെക്കൊണ്ട് ഈ ഭൂമി നിറയുമായിരുന്നു. മനുഷ്യകുടുംബത്തിന് അത് എത്ര നല്ല ഒരു തുടക്കമായിരുന്നു! “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”—ഉല്പത്തി 1:31.
2. മാനുഷ പരിതസ്ഥിതി ഏതു ചോദ്യങ്ങൾ ഉയർത്തുന്നു?
2 എന്നിട്ടും ആയിരക്കണക്കിനു വർഷങ്ങളായി നിലനിന്നുപോന്നിരിക്കുന്ന മാനുഷ പരിതസ്ഥിതി ദൈവത്തിന്റെ ആദിമോദ്ദേശ്യത്തോട് ഒരു ചേർച്ചയും പുലർത്തുന്നില്ല. മനുഷ്യവർഗം പൂർണതയിൽനിന്നു വളരെയധികം അകന്നുപോയിരിക്കുന്നു, അവരുടെ സന്തോഷവും നിശ്ശേഷം കെട്ടുപോയിരിക്കുന്നു. ലോകാവസ്ഥകൾ യാതനാനിർഭരമായി തുടർന്നുപോന്നിരിക്കുന്നു, നമ്മുടെ കാലത്താണെങ്കിൽ അവ പ്രവചിക്കപ്പെട്ടതുപോലെ നാടകീയമാംവിധം വഷളായിത്തീർന്നുമിരിക്കുന്നു. (2 തിമൊഥെയൊസ് 3:1-5, 13) ആ സ്ഥിതിക്ക്, സമീപ ഭാവിയിൽ മനുഷ്യരെ സംബന്ധിച്ച ദൈവോദ്ദേശ്യം യാഥാർഥ്യമായിത്തീരുമെന്നു നമുക്ക് എങ്ങനെ ഉറപ്പുള്ളവരായിരിക്കാൻ കഴിയും? അസ്വസ്ഥമാക്കുന്ന അവസ്ഥകളോടെ സുദീർഘമായ കാലഘട്ടങ്ങൾ ഇനിയും കടന്നുപോകേണ്ടതുണ്ടോ?
എവിടെയാണു പാളിച്ച പററിയത്?
3. മനുഷ്യവർഗത്തിന്റെ മത്സരത്തിന് യഹോവ ഉടൻ അറുതി വരുത്താഞ്ഞത് എന്തുകൊണ്ടാണ്?
3 ഭൂമിയിൽ എന്തുകൊണ്ടു മോശമായ ഈ അവസ്ഥകൾ യഹോവ അനുവദിച്ചിരിക്കുന്നുവെന്ന് ദൈവത്തിന്റെ നിശ്വസ്ത വചനത്തെക്കുറിച്ചു സൂക്ഷ്മ പരിജ്ഞാനമുള്ളവർക്ക് അറിയാം. അവ സംബന്ധിച്ച് അവിടുന്ന് എന്തു ചെയ്യുമെന്നും അവർക്കറിയാം. സ്വതന്ത്രമായ തിരഞ്ഞെടുപ്പു നടത്താൻ ദൈവം മനുഷ്യർക്കു നൽകിയിരുന്ന അത്ഭുതകരമായ വരത്തെ നമ്മുടെ ആദ്യ മാതാപിതാക്കൾ ദുരുപയോഗപ്പെടുത്തിയെന്നു ബൈബിൾ രേഖയിൽനിന്ന് അവർ പഠിച്ചിരിക്കുന്നു. (1 പത്രൊസ് 2:16 താരതമ്യപ്പെടുത്തുക.) ദൈവത്തെ വിട്ടു സ്വതന്ത്രമായ ഒരു ഗതി അവർ തെററായി തിരഞ്ഞെടുത്തു. (ഉല്പത്തി 2-ഉം 3-ഉം അധ്യായങ്ങൾ) അവരുടെ മത്സരം പിൻവരുന്നതുപോലെയുള്ള പരമപ്രധാനമായ ചോദ്യങ്ങൾ ഉയർത്തി: അഖിലാണ്ഡ പരമാധികാരിക്കു മനുഷ്യരുടെമേൽ ഭരണം നടത്താനുള്ള അവകാശമുണ്ടോ? അവിടുത്തെ ഭരണമാണോ അവരെ സംബന്ധിച്ചിടത്തോളം അത്യുത്തമം? ദൈവത്തിന്റെ മേൽനോട്ടമില്ലാതെ മാനുഷഭരണത്തിനു വിജയിക്കാൻ കഴിയുമോ? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താനുള്ള സുനിശ്ചിതമായ മാർഗം നൂററാണ്ടുകളോളം മനുഷ്യഭരണത്തെ അനുവദിക്കുക എന്നതായിരുന്നു. തങ്ങളെ നിർമിച്ചവനെക്കൂടാതെ മനുഷ്യർക്കു വിജയം വരിക്കാൻ കഴിയുമോയെന്നു സംശയാതീതമാംവിധം ഫലങ്ങൾ തെളിയിക്കുമായിരുന്നു.
4, 5. (എ) മനുഷ്യർ ദൈവഭരണത്തെ തള്ളിക്കളഞ്ഞതിന്റെ ഫലമെന്താണ്? (ബി) കാലം കടന്നുപോയപ്പോൾ സംശയാതീതമായി എന്തു തെളിഞ്ഞിരിക്കുന്നു?
4 ആദാമും ഹവ്വായും ദൈവത്തെ ഉപേക്ഷിച്ചപ്പോൾ അവിടുന്ന് മേലാൽ അവരെ പൂർണതയിൽ നിലനിറുത്തിയില്ല. അവിടുത്തെ പിന്തുണ ലഭിക്കാതെ വന്നപ്പോൾ അവർ ക്ഷയിച്ചു. അപൂർണതയും വാർധക്യവും ഒടുവിൽ മരണവുമായിരുന്നു അനന്തരഫലം. പാരമ്പര്യ നിയമങ്ങളിലൂടെ നമ്മുടെ ആദ്യ മാതാപിതാക്കൾ ഹാനികരമായ സ്വഭാവവിശേഷതകൾ നാം ഉൾപ്പെടെയുള്ള അവരുടെ പിൻഗാമികളിലേക്കു കൈമാറി. (റോമർ 5:12) ആയിരക്കണക്കിനു വർഷങ്ങളിലെ മാനുഷഭരണം സംബന്ധിച്ചെന്ത്? അതു വിപത്കരമായിരുന്നിരിക്കുന്നു, സഭാപ്രസംഗി 8:9 [NW] സത്യമായി പ്രസ്താവിക്കുന്നതുപോലെ “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ ആധിപത്യം നടത്തിയിരിക്കുന്നു.”
5 തങ്ങളുടെ സ്രഷ്ടാവിനെക്കൂടാതെ സ്വന്തം കാര്യങ്ങൾ വിജയപ്രദമായി നയിക്കാൻ മനുഷ്യർക്കു സാധ്യമല്ലെന്നു കാലം കടന്നുപോയപ്പോൾ സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. നിശ്വസ്ത ബൈബിളെഴുത്തുകാരനായ യിരെമ്യാ ഇപ്രകാരം പ്രഖ്യാപിച്ചു. “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.”—യിരെമ്യാവു 10:23; ആവർത്തനപുസ്തകം 32:4, 5; സഭാപ്രസംഗി 7:29.
ദൈവോദ്ദേശ്യത്തിനു മാററം വന്നിട്ടില്ല
6, 7. (എ) ആയിരക്കണക്കിനു വർഷങ്ങൾ നീണ്ട ചരിത്രം യഹോവയുടെ ഉദ്ദേശ്യത്തിനു മാററം വരുത്തിയിട്ടുണ്ടോ? (ബി) യഹോവയുടെ ഉദ്ദേശ്യത്തിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു?
6 ദുഷ്ടതയും ദുരിതവും നിറഞ്ഞ മാനുഷ ചരിത്രത്തിന്റെ ആയിരക്കണക്കിനു വർഷങ്ങൾ ദൈവോദ്ദേശ്യത്തിനു മാററം വരുത്തിയിട്ടുണ്ടോ? അവിടുത്തെ വചനം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു.” (യെശയ്യാവു 45:18) അതുകൊണ്ട് മനുഷ്യർ വസിക്കുന്നതിനു വേണ്ടി ദൈവം ഭൂമിയെ രൂപപ്പെടുത്തി, അതുതന്നെയാണ് ഇപ്പോഴും അവിടുത്തെ ഉദ്ദേശ്യം.
7 ഭൂമി നിവസിക്കപ്പെടാൻ മാത്രമല്ല യഹോവ അതിനെ സൃഷ്ടിച്ചത്, പിന്നെയോ അതു പൂർണരും സന്തുഷ്ടരുമായ ആളുകൾ ആസ്വദിക്കുന്ന ഒരു പറുദീസ ആയിത്തീരണമെന്നും അവിടുന്ന് ഉദ്ദേശിച്ചു. അതുകൊണ്ടാണ് “നീതി വസിക്കുന്ന . . . ഒരു പുതിയ ഭൂമി,” ഒരു പുതിയ മാനുഷ സമുദായം, രൂപം കൊള്ളും എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞത്. (2 പത്രൊസ് 3:13) ഈ പുതിയ ലോകത്തിൽ “അവൻ [മനുഷ്യവർഗത്തിന്റെ] കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല” എന്നു വെളിപ്പാടു 21:4, 5-ൽ ദൈവത്തിന്റെ വചനം നമ്മോടു പറയുന്നു. ഈ കാരണങ്ങൾക്കൊണ്ടാണു ഭൂമിയിൽ വരാൻ പോകുന്ന ആ പുതിയ ലോകം ഒരു “പറുദീസ” എന്നു വർണിക്കുന്നതിന് യേശുവിനു കഴിഞ്ഞത്.—ലൂക്കോസ് 23:43, NW.
8. യഹോവ തന്റെ ഉദ്ദേശ്യം നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
8 യഹോവ സർവശക്തനും സർവജ്ഞാനിയുമായ പ്രപഞ്ചസ്രഷ്ടാവ് ആയിരിക്കുന്നതിനാൽ അവിടുത്തെ ഉദ്ദേശ്യത്തെ വിഫലമാക്കാൻ ആർക്കും കഴിയില്ല. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശയ്യാവു 14:24) അതുകൊണ്ട് ഈ ഭൂമിയെ പൂർണതയുള്ള ആളുകൾ അധിവസിക്കുന്ന ഒരു പറുദീസയാക്കുമെന്നു ദൈവം പറയുമ്പോൾ അതുതന്നെയായിരിക്കും സംഭവിക്കാൻ പോകുന്നതും. യേശു ഇപ്രകാരം പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാൻമാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5; സങ്കീർത്തനം 37:29 താരതമ്യപ്പെടുത്തുക.) ആ വാഗ്ദത്തനിവൃത്തി സംബന്ധിച്ച് ഉറപ്പുള്ളവരായി അതിനു ചേർച്ചയിൽ പ്രവർത്തിക്കാൻ നമുക്കു കഴിയും. വാസ്തവത്തിൽ അതിനുവേണ്ടി നമുക്കു നമ്മുടെ ജീവനെ പൂർണമായി വിട്ടുകൊടുക്കാൻ കഴിയും.
അവർ യഹോവയെ ആശ്രയിച്ചു
9. യഹോവയിലുള്ള തന്റെ ആശ്രയത്തെ പ്രകടമാക്കിയ എന്താണ് അബ്രഹാം ചെയ്തത്?
9 ചരിത്രത്തിലുടനീളം ദൈവഭയമുള്ള അനേകമാളുകൾ ഭൂമിയെ സംബന്ധിച്ച ദൈവോദ്ദേശ്യത്തിനുവേണ്ടി തങ്ങളുടെ ജീവിതത്തെ പൂർണമായി വിട്ടുകൊടുത്തു. കാരണം ദൈവം അതു നിവർത്തിക്കുമെന്ന് അവർക്കു ബോധ്യമുണ്ടായിരുന്നു. അവർക്കുണ്ടായിരുന്ന അറിവു പരിമിതമായിരിക്കാമെങ്കിലും അവർ ദൈവത്തെ ആശ്രയിക്കുകയും അവിടുത്തെ ഇഷ്ടം ചെയ്യുന്നത് അടിസ്ഥാനമാക്കി തങ്ങളുടെ ജീവിതത്തെ കെട്ടിപ്പെടുക്കുകയും ചെയ്തു. ദൃഷ്ടാന്തത്തിന്, യേശു ഭൂമിയിൽ വരുന്നതിനും ഏതാണ്ടു രണ്ടായിരം വർഷങ്ങൾക്കു മുമ്പ്—ബൈബിൾ എഴുതാൻ തുടങ്ങിയതിനും ദീർഘകാലം മുമ്പ്—ജീവിച്ചിരുന്ന അബ്രഹാമിന്റെ കാര്യമെടുക്കുക. അവിടുത്തെ വാഗ്ദത്തങ്ങൾ നിവർത്തിക്കുന്നതിന് അദ്ദേഹം യഹോവയിൽ ആശ്രയിച്ചു. സാധ്യതയനുസരിച്ച്, നോഹയിൽനിന്നു പഠിച്ച തന്റെ വിശ്വസ്ത പൂർവികനായ ശേമിൽനിന്നു സ്രഷ്ടാവിനെക്കുറിച്ച് അബ്രഹാം മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് കൽദയരുടെ സമ്പൽസമൃദ്ധമായ ഊർ ദേശത്തുനിന്ന് അപരിചിതവും അപകടകരവുമായ നാടായ കനാനിലേക്കു പോകാൻ ദൈവം അബ്രഹാമിനോടു പറഞ്ഞപ്പോൾ തനിക്കു യഹോവയിൽ ആശ്രയിക്കാൻ കഴിയുമെന്ന് ആ ഗോത്രപിതാവു വിശ്വസിച്ചു, അതുകൊണ്ടുതന്നെ അദ്ദേഹം പോകുകയും ചെയ്തു. (എബ്രായർ 11:8) കുറെക്കാലത്തിനുശേഷം യഹോവ അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “ഞാൻ നിന്നെ വലിയോരു ജാതിയാക്കും.”—ഉല്പത്തി 12:2.
10, 11. തന്റെ ഏകജാതപുത്രനായ ഇസ്ഹാക്കിനെ ബലിയർപ്പിക്കാൻ അബ്രഹാം ഒരുക്കമുള്ളവനായിരുന്നത് എന്തുകൊണ്ട്?
10 അബ്രഹാമിന് ഇസ്ഹാക്ക് ജനിച്ചശേഷം എന്തു സംഭവിച്ചു? അബ്രഹാമിന്റെ പിൻഗാമികൾ ഒരു വലിയ ജനതയായിത്തീരുന്നത് ഇസ്ഹാക്കിലൂടെ ആയിരിക്കുമെന്നു യഹോവ അദ്ദേഹത്തോടു സൂചിപ്പിച്ചു. (ഉല്പത്തി 21:12) അതുകൊണ്ട്, അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഒരു പരിശോധനയായി തന്റെ പുത്രനായ ഇസ്ഹാക്കിനെ യാഗം കഴിക്കാൻ യഹോവ അബ്രഹാമിനോടു പറഞ്ഞപ്പോൾ അതു തികച്ചും പരസ്പരവിരുദ്ധമെന്നു തോന്നിയിരിക്കണം. (ഉല്പത്തി 22:2) എന്നിട്ടുപോലും യഹോവയിലുള്ള സമ്പൂർണ വിശ്വാസത്തോടെ അനുസരണപൂർവം പ്രവർത്തിക്കാൻ അബ്രഹാം പടികൾ സ്വീകരിച്ചു, യഥാർഥത്തിൽ ഇസ്ഹാക്കിനെ അറുക്കാൻ അദ്ദേഹം കത്തി എടുക്കുകതന്നെ ചെയ്തു. അവസാനനിമിഷത്തിൽ അബ്രഹാമിനെ തടുക്കാൻ ദൈവം ഒരു ദൂതനെ അയച്ചു.—ഉല്പത്തി 22:9-14.
11 അബ്രഹാം ഇത്രയധികം അനുസരണമുള്ളവനായിരുന്നത് എന്തുകൊണ്ടാണ്? എബ്രായർ 11:17-19 അതിന്റെ കാരണത്തെ വെളിപ്പെടുത്തുന്നു: “വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേററവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.” അതുപോലെതന്നെ റോമർ 4:20, 21 ഇപ്രകാരം പ്രസ്താവിക്കുന്നു: “[അബ്രഹാം] ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ വിശ്വാസത്തിൽ ശക്തിപ്പെട്ടു . . . അവൻ വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.”
12. തന്റെ വിശ്വാസം നിമിത്തം അബ്രഹാമിന് എങ്ങനെ പ്രതിഫലം ലഭിച്ചു?
12 തന്റെ വിശ്വാസം നിമിത്തം അബ്രഹാമിനു പ്രതിഫലം നൽകപ്പെട്ടത് ഇസ്ഹാക്കിനെ ജീവനോടെ രക്ഷിച്ചുകൊണ്ടും അദ്ദേഹത്തിലൂടെ ഒരു “വലിയ ജാതി”യെ ഉളവാക്കിക്കൊണ്ടും മാത്രമല്ല, മറെറാരു വിധത്തിലും അദ്ദേഹം അനുഗ്രഹിക്കപ്പെട്ടു. “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രഹാമിനോടു പറഞ്ഞു. (ഉല്പത്തി 22:18) എങ്ങനെ? ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ രാജാവ് അബ്രഹാമിന്റെ വംശത്തിലൂടെ വരുമായിരുന്നു. ആ രാജ്യം സാത്താന്റെ കീഴിലുള്ള ദുഷ്ടലോകത്തിന്റെ അസ്തിത്വത്തെ തകർത്തു നശിപ്പിക്കും. (ദാനീയേൽ 2:44; റോമർ 16:20; വെളിപ്പാടു 19:11-21) അപ്പോൾ രാജ്യഭരണത്തിൻ കീഴിലുള്ള ശുദ്ധീകരിക്കപ്പെട്ട ഒരു ഭൂമിയിൽ ആഗോളമായി പറുദീസ വ്യാപിക്കും. “സകലജാതി”കളിൽനിന്നും വന്നിരിക്കുന്ന ദൈവേഷ്ടം ചെയ്യുന്ന ആളുകൾ പൂർണാരോഗ്യവും ജീവനും എന്നേക്കും ആസ്വദിക്കും. (1 യോഹന്നാൻ 2:15-17) ആ രാജ്യത്തെക്കുറിച്ച് അബ്രഹാമിനുണ്ടായിരുന്ന അറിവു വളരെ പരിമിതമായിരുന്നെങ്കിലും അദ്ദേഹം ദൈവത്തിൽ ആശ്രയിച്ചുകൊണ്ട് അതിന്റെ സ്ഥാപനത്തിനുവേണ്ടി നോക്കിപ്പാർത്തിരുന്നു.—എബ്രായർ 11:10.
13, 14. ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചത് എന്തുകൊണ്ട്?
13 അനവധി നൂററാണ്ടുകൾക്കുശേഷമുണ്ടായിരുന്ന ഒരു മനുഷ്യനാണ് ഇയ്യോബ്. പൊ.യു.മു. 17-ാം നൂററാണ്ടിനും 16-ാം നൂററാണ്ടിനും ഇടയിൽ ഇപ്പോൾ അറേബ്യ എന്നറിയപ്പെടുന്ന സ്ഥലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്. ബൈബിളിന്റെ എഴുത്തു തുടങ്ങുന്നതിനു മുമ്പാണ് അദ്ദേഹവും ജീവിച്ചിരുന്നത്. ഇയ്യോബ് “നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.” (ഇയ്യോബ് 1:1) അറപ്പുളവാക്കുന്നതും വേദനാജനകവുമായ ഒരു രോഗം സാത്താൻ ഇയ്യോബിന്റെമേൽ വരുത്തിയ തന്റെ കഠിന പരിശോധനയുടെ നാളുകളിലെല്ലാം ആ വിശ്വസ്ത മനുഷ്യൻ “പാപകരമായ ഒരു വാക്കും ഉച്ചരിച്ചില്ല.” (ഇയ്യോബ് 2:10, ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ) ഇയ്യോബ് ദൈവത്തിൽ ആശ്രയിച്ചു. താൻ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്നതിന്റെ വിശദാംശങ്ങൾ അദ്ദേഹത്തിന് അറിയില്ലായിരുന്നെങ്കിലും ദൈവത്തിനും അവിടുത്തെ വാഗ്ദത്തങ്ങൾക്കും വേണ്ടി അദ്ദേഹം തന്റെ ജീവനെ പൂർണമായി വിട്ടുകൊടുത്തു.
14 താൻ മരിച്ചാൽപ്പോലും ഒരു നാൾ പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു തന്നെ പുനഃസ്ഥിതീകരിക്കാൻ ദൈവത്തിനു കഴിയുമെന്ന് ഇയ്യോബിന് അറിയാമായിരുന്നു. “നീ എന്നെ പാതാളത്തിൽ മറെച്ചുവെക്കയും . . . എനിക്കു ഒരവധി നിശ്ചയിച്ചു എന്നെ ഓർക്കുകയും ചെയ്തുവെങ്കിൽ കൊള്ളായിരുന്നു. മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? . . . നീ വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും” എന്ന് യഹോവയാം ദൈവത്തോടു പറഞ്ഞുകൊണ്ട് അദ്ദേഹം ഈ പ്രത്യാശയുടെ സൂചന നൽകി. (ഇയ്യോബ് 14:13-15) കഠോര വേദനയിലായിരുന്നിട്ടുപോലും “മരിക്കുവോളം [ഞാൻ] എന്റെ നിഷ്കളങ്കത്വം ഉപേക്ഷിക്കയുമില്ല” എന്നു പ്രസ്താവിച്ചുകൊണ്ട് ഇയ്യോബ് യഹോവയുടെ പരമാധികാരത്തിലുള്ള വിശ്വാസം പ്രകടമാക്കി.—ഇയ്യോബ് 27:5.
15. യഹോവയുടെ ഉദ്ദേശ്യത്തിലുള്ള തന്റെ വിശ്വാസം ദാവീദ് എങ്ങനെ പ്രകടമാക്കി?
15 ഇയ്യോബിന്റെ കാലത്തിന് ഏതാണ്ട് ആറു നൂററാണ്ടുകൾ കഴിഞ്ഞും യേശു ഭൂമിയിൽ വരുന്നതിന് ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുമ്പും ജീവിച്ചിരുന്ന ദാവീദ് ഒരു പുതിയ ലോകത്തിലുള്ള തന്റെ വിശ്വാസം പ്രകടമാക്കി. സങ്കീർത്തനങ്ങളിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു: “യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” തനിക്കുള്ള അചഞ്ചലമായ പ്രത്യാശ നിമിത്തം ദാവീദ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘യഹോവയിൽ ആശ്രയിക്കുക . . . യഹോവയിൽ തന്നേ രസിച്ചുകൊൾക; അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.’—സങ്കീർത്തനം 37:3, 4, 9-11, 29.
16. ‘സാക്ഷികളുടെ വലിയോരു സമൂഹ’ത്തിന് എന്തു പ്രത്യാശയുണ്ടായിരുന്നു?
16 നൂററാണ്ടുകളിലുടനീളം വിശ്വസ്തരായ സ്ത്രീപുരുഷൻമാർക്കു ഭൂമിയിലെ നിത്യജീവന്റെ ഇതേ പ്രത്യാശതന്നെ ഉണ്ടായിരുന്നു. വാസ്തവത്തിൽ, യഹോവയുടെ വാഗ്ദത്തങ്ങൾക്കുവേണ്ടി തങ്ങളുടെ ജീവനെ അക്ഷരാർഥത്തിൽ പൂർണമായും വിട്ടുകൊടുത്ത ‘സാക്ഷികളുടെ വലിയോരു സമൂഹ’മാണ് അവർ. യഹോവയുടെ ആ പുരാതന സാക്ഷികളിൽ പലരും “ഏററവും നല്ലൊരു ഉയിർത്തെഴുന്നേല്പു ലഭിക്കേണ്ടതിന്നു” തങ്ങളുടെ വിശ്വാസം നിമിത്തം പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു ഉയിർത്തെഴുന്നേല്പ് എങ്ങനെയാണ് കിട്ടാൻ പോകുന്നത്? പുതിയ ലോകത്തിൽ ഏറെ നല്ല ഒരു പുനരുത്ഥാനത്താലും അനന്തജീവന്റെ ഒരു പ്രതീക്ഷയാലും ദൈവം അവർക്കു പ്രതിഫലം നൽകും.—യോഹന്നാൻ 5:28, 29; എബ്രായർ 11:35; 12:1.
ക്രിസ്തീയ സാക്ഷികൾ ദൈവത്തിൽ ആശ്രയിക്കുന്നു
17. ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ എത്ര ദൃഢമായി യഹോവയെ ആശ്രയിച്ചു?
17 പൊ.യു. ഒന്നാം നൂററാണ്ടിൽ രാജ്യത്തെക്കുറിച്ചും ഭൂമിമേലുള്ള അതിന്റെ ഭരണത്തെക്കുറിച്ചുമുള്ള വിശദാംശങ്ങൾ പുതുതായി സ്ഥാപിതമായ ക്രിസ്തീയ സഭയ്ക്കു യഹോവ വെളിപ്പെടുത്തിക്കൊടുത്തു. ദൃഷ്ടാന്തത്തിന്, സ്വർഗരാജ്യത്തിൽ യേശുക്രിസ്തുവിനോടു ചേരുന്നവരുടെ സംഖ്യ 1,44,000 ആയിരിക്കുമെന്ന് എഴുതാൻ അവിടുത്തെ ആത്മാവ് അപ്പോസ്തലനായ യോഹന്നാനെ നിശ്വസ്തനാക്കി. മനുഷ്യരുടെ ഇടയിൽനിന്നും “വിലയ്ക്കു വാങ്ങപ്പെട്ട” വിശ്വസ്ത ദൈവദാസൻമാരായിരിക്കും ഇവർ. (വെളിപാട് 7:4; 14:1-4, NW) അവർ സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ ‘രാജാക്കൻമാ’രായി ഭരണം നടത്തും. (വെളിപാട് 20:4-6, NW) സ്വർഗീയ രാജ്യത്തെയും അതിന്റെ ഭൗമിക ഭരണത്തെയും സംബന്ധിച്ചുള്ള അവിടുത്തെ ഉദ്ദേശ്യം നിവർത്തിക്കാൻ ഒന്നാം നൂററാണ്ടിലെ ക്രിസ്ത്യാനികൾ യഹോവയിൽ വളരെ ദൃഢമായി വിശ്വസിച്ചു, ആ വിശ്വാസത്തിനുവേണ്ടി തങ്ങളുടെ സ്വന്തജീവൻപോലും കൊടുക്കാൻ അവർ മനസ്സുള്ളവരുമായിരുന്നു. അവരിൽ പലരും തങ്ങളുടെ വിശ്വാസത്തിനുവേണ്ടി മരിക്കുകതന്നെ ചെയ്തു.
18. ദീർഘകാലം മുമ്പുള്ള തങ്ങളുടെ പ്രതിപുരുഷൻമാരെ ഇന്നു യഹോവയുടെ സാക്ഷികൾ എങ്ങനെ അനുകരിക്കുന്നു?
18 ഇന്ന് 50 ലക്ഷത്തോളം വരുന്ന യഹോവയുടെ സാക്ഷികൾക്ക് നൂററാണ്ടുകൾക്കു മുമ്പു ജീവിച്ച അവരുടെ പ്രതിപുരുഷൻമാരുടെ അതേ വിശ്വാസം ദൈവത്തിലുണ്ട്. ആധുനികകാല സാക്ഷികളും ദൈവത്തിന്റെ വാഗ്ദത്തങ്ങൾക്കുവേണ്ടി തങ്ങളുടെ ജീവനെ പൂർണമായി വിട്ടുകൊടുത്തിരിക്കുന്നു. ജീവിതത്തെ അവിടുത്തേക്കു സമർപ്പിച്ചിരിക്കുന്ന അവർക്കു തങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്താനായി സമ്പൂർണ ബൈബിളുണ്ട്. (2 തിമൊഥെയൊസ് 3:14-17) യഹോവയുടെ ഈ ആധുനികകാല സാക്ഷികൾ, തങ്ങൾ “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പ്രഖ്യാപിച്ച ക്രിസ്തുവിന്റെ ഒന്നാം നൂററാണ്ടിലെ അനുഗാമികളെ അനുകരിക്കുന്നു. (പ്രവൃത്തികൾ 5:29) ഈ ക്രിസ്തീയ സാക്ഷികളിൽ പലരും ഈ നൂററാണ്ടിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ചിലർ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി വധിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. മററു ചിലർ രോഗമോ അപകടമോ വാർധക്യമോ നിമിത്തം മൃതിയടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ കാലത്തെ വിശ്വസ്ത സാക്ഷികളെപ്പോലെ അവർ ദൈവത്തിൽ ആശ്രയിച്ചിരിക്കുന്നു, എന്തുകൊണ്ടെന്നാൽ പുനരുത്ഥാനം മുഖാന്തരം അവിടുന്ന് അവരെ തന്റെ പുതിയ ലോകത്തിലെ ജീവനിലേക്കു പുനഃസ്ഥിതീകരിക്കുമെന്ന് അവർക്കറിയാമായിരുന്നു.—യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15; വെളിപ്പാടു 20:12, 13.
19, 20. നമ്മുടെ നാളിലേക്കുള്ള ബൈബിൾ പ്രവചനം സംബന്ധിച്ചു നാം എന്തു തിരിച്ചറിയുന്നു?
19 സകല ജനതകളിൽനിന്നും തങ്ങൾ ഒരു ആഗോള സാഹോദര്യത്തിലേക്കു കൂട്ടിച്ചേർക്കപ്പെടുമെന്നു ദീർഘകാലം മുമ്പുതന്നെ ബൈബിൾ പ്രവചനത്തിൽ മുൻകൂട്ടിപ്പറയപ്പെട്ടിരുന്നു എന്നതു യഹോവയുടെ സാക്ഷികൾ വിലമതിക്കുന്നു. (യെശയ്യാവു 2:2-4; വെളിപ്പാടു 7:4, 9-17) ഇനിയും ശേഷിക്കുന്ന ആത്മാർഥഹൃദയരെ കൂട്ടിച്ചേർക്കുന്നതിനു ലോകവ്യാപകമായ ഒരു പ്രസംഗവേല യഹോവ അവരെക്കൊണ്ടു ചെയ്യിക്കുകയാണ്. (സദൃശവാക്യങ്ങൾ 18:10; മത്തായി 24:14; റോമർ 10:13) അവിടുന്ന് പെട്ടെന്നുതന്നെ അത്ഭുതകരമായ തന്റെ പുതിയ ലോകം ആനയിക്കുമെന്ന് അറിഞ്ഞുകൊണ്ട് ഇവരെല്ലാവരും തങ്ങളുടെ സമ്പൂർണ വിശ്വാസം യഹോവയിൽ വയ്ക്കുന്നു.—1 കൊരിന്ത്യർ 15:58; എബ്രായർ 6:10 താരതമ്യപ്പെടുത്തുക.
20 1914 എന്ന ആധാരവർഷം മുതൽ ഇപ്പോൾ ഏതാണ്ട് 80 വർഷത്തോളമായി സാത്താന്റെ ലോകം അതിന്റെ അന്ത്യനാളുകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നു ബൈബിൾ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഈ ലോകം അതിന്റെ അന്ത്യത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. (റോമർ 16:20; 2 കൊരിന്ത്യർ 4:4; 2 തിമൊഥെയൊസ് 3:1-5) അതുകൊണ്ട് യഹോവയുടെ സാക്ഷികൾ നിശ്ചയദാർഢ്യമുള്ളവരാണ്, കാരണം പെട്ടെന്നുതന്നെ ദൈവരാജ്യം ഭൂമിയിലുള്ള കാര്യാദികളുടെമേൽ സമ്പൂർണ നിയന്ത്രണം ഏറെറടുക്കുമെന്ന് അവർ തിരിച്ചറിയുന്നു. ഇപ്പോഴത്തെ ഈ ദുഷ്ട ലോകത്തിന് അന്ത്യം കുറിച്ചുകൊണ്ടും നീതിയുള്ള തന്റെ പുതിയ ലോകത്തെ ആനയിച്ചുകൊണ്ടും, അനവധി നൂററാണ്ടുകൾ ഭൂമിയിൽ നിലവിലിരുന്നിട്ടുള്ള വഷളായ അവസ്ഥയെ ദൈവം പൂർണമായും തുടച്ചുനീക്കും.—സദൃശവാക്യങ്ങൾ 2:21, 22.
21. ഇപ്പോഴത്തെ കുഴപ്പങ്ങളെല്ലാമുണ്ടെങ്കിലും നമുക്കു സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
21 അതിനുശേഷം, കഴിഞ്ഞ കാലത്തു നമുക്കു നേരിട്ടിട്ടുള്ള ഏതു ദോഷത്തെയും പരിഹരിക്കുന്നതിനെക്കാളധികം ഫലം ചെയ്യുന്ന അനുഗ്രഹങ്ങൾ ചൊരിഞ്ഞ് നിത്യതയിലുടനീളം ദൈവം നമ്മോടുള്ള തന്റെ വലിയ കരുതൽ പ്രകടമാക്കും. മുൻ കുഴപ്പങ്ങൾ ഓർമയിൽനിന്ന് മങ്ങിമറയുമാറ് പുതിയ ലോകത്തിൽ നമുക്ക് ഒട്ടനവധി നല്ല കാര്യങ്ങൾ സംഭവിക്കും. അപ്പോൾ യഹോവ ‘തന്റെ കൈ തുറന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹത്തെ തൃപ്തിപ്പെടുത്തും’ എന്നറിയുന്നത് എത്ര ആശ്വാസപ്രദമാണ്.—സങ്കീർത്തനം 145:16, NW; യെശയ്യാവു 65:17, 18.
22. നാം നമ്മുടെ ആശ്രയം യഹോവയിൽ വയ്ക്കേണ്ടത് എന്തുകൊണ്ട്?
22 പുതിയ ലോകത്തിൽ വിശ്വസ്ത മനുഷ്യവർഗം റോമർ 8:21-ന്റെ നിവൃത്തി കാണും: “സൃഷ്ടി ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യൻമാരെ പഠിപ്പിച്ച പ്രാർഥന നിവൃത്തിയേറുന്നത് അവർ കാണും. (മത്തായി 6:10) അതുകൊണ്ട് നിങ്ങളുടെ സമ്പൂർണ ആശ്രയം യഹോവയിൽ വച്ചുകൊൾക, എന്തെന്നാൽ വീഴ്ച ഭവിക്കുകയില്ലാത്ത അവിടുത്തെ വാഗ്ദത്തം ഇതാണ്: “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.”—സങ്കീർത്തനം 37:29.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ മനുഷ്യരെയും ഭൂമിയെയും പ്രതിയുള്ള യഹോവയുടെ ഉദ്ദേശ്യം എന്താണ്?
◻ ദൈവം എന്തുകൊണ്ടാണു ഭൂമിയിൽ വഷളായ അവസ്ഥകൾ അനുവദിച്ചിരിക്കുന്നത്?
◻ പുരാതന കാലത്തെ വിശ്വസ്തരായ ആളുകൾ യഹോവയിലുള്ള തങ്ങളുടെ ആശ്രയം പ്രകടമാക്കിയത് എങ്ങനെ?
◻ ഇന്നു ദൈവദാസൻമാർ യഹോവയിൽ ആശ്രയിക്കുന്നത് എന്തുകൊണ്ട്?
[16-ാം പേജിലെ ചിത്രം]
ഒരു പറുദീസാഭൂമിയിൽ സന്തുഷ്ടിയോടെ എന്നേക്കും ജീവിക്കാൻ ദൈവം മനുഷ്യരെ സൃഷ്ടിച്ചു
[18-ാം പേജിലെ ചിത്രം]
മരിച്ചവരെ ഉയിർപ്പിക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ അബ്രഹാം തന്റെ വിശ്വാസം വെച്ചു