ഒളിമിന്നലുകൾ—വലുതും ചെറുതും (ഭാഗം ഒന്ന്)
“നീതിമാൻമാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചുവരുന്നു.”—സദൃശവാക്യങ്ങൾ 4:18.
1. സത്യം ക്രമാനുഗതമായി വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്തുകൊണ്ട്?
സദൃശവാക്യങ്ങൾ 4:18-നോടുള്ള ചേർച്ചയിൽ, ഒളിമിന്നലുകൾ മുഖേനയുള്ള ആത്മീയ സത്യങ്ങളുടെ വെളിപ്പെടൽ ക്രമാനുഗതമായി സംഭവിച്ചിരിക്കുന്നുവെന്നത് ദിവ്യജ്ഞാനത്തിന്റെ തെളിവാണ്. ഈ വാക്യം അപ്പോസ്തലിക കാലഘട്ടത്തിൽ എങ്ങനെ നിവൃത്തിയേറി എന്നു നാം മുൻലേഖനത്തിൽ കണ്ടു. തിരുവെഴുത്തു സത്യങ്ങൾ മുഴുവനും ഒററയടിക്കു വെളിപ്പെടുത്തിയിരുന്നെങ്കിൽ, അതു കണ്ണഞ്ചിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുമായിരുന്നു—ഒരു തരത്തിൽപ്പറഞ്ഞാൽ, ഇരുണ്ട ഗുഹയിൽനിന്നു വെട്ടിത്തിളങ്ങുന്ന വെയിലത്തേക്കു കടന്നുവരുമ്പോഴുള്ള പ്രതീതിപോലെയാവും അത്. മാത്രമല്ല, ക്രമാനുഗതമായി വെളിപ്പെടുന്ന സത്യം ക്രിസ്ത്യാനികളുടെ വിശ്വാസത്തെ ഇടവിടാതെ ശക്തിപ്പെടുത്തും. അതു തങ്ങളുടെ പ്രത്യാശയെ കൂടുതൽ ശോഭയുള്ളതാക്കുകയും തങ്ങൾ സഞ്ചരിക്കേണ്ടുന്ന പാതയെ കൂടുതൽക്കൂടുതൽ വ്യക്തമാക്കുകയും ചെയ്യും.
“വിശ്വസ്തനും വിവേകിയുമായ അടിമ”
2. തന്റെ അനുഗാമികൾക്ക് ആത്മീയ ഭക്ഷണം പ്രദാനം ചെയ്യാൻ താൻ ആരെ ഉപയോഗിക്കുമെന്നാണു യേശു സൂചിപ്പിച്ചത്, ആ ഉപാധിയിൽ ആരൊക്കെ ഉൾക്കൊണ്ടിരിക്കുന്നു?
2 അപ്പോസ്തലിക കാലഘട്ടത്ത് തന്റെ അനുഗാമികൾക്ക് ഏററവും ആദ്യത്തെ ഒളിമിന്നലുകൾ പ്രകൃത്യാതീത മാർഗങ്ങൾ ഉപയോഗിച്ചു നൽകാനായിരുന്നു യേശുക്രിസ്തു തീരുമാനിച്ചത്. ഇതിനു നമുക്കു രണ്ട് ഉദാഹരണങ്ങളുണ്ട്: പൊ.യു. 33-ലെ പെന്തക്കോസ്തും പൊ.യു. (പൊതുയുഗം) 36-ലെ കൊർന്നേലിയസിന്റെ പരിവർത്തനവും. അതിനുശേഷം, യേശു തിരഞ്ഞെടുത്തത് ഒരു മാനുഷിക പ്രവർത്തകസംഘത്തെ ആയിരുന്നു. അതാകട്ടെ അവൻ മുൻകൂട്ടി പറയുകയും ചെയ്തിരുന്നു: “തന്റെ ഭവനത്തിലുള്ളവർക്ക് കൃത്യസമയത്തു ഭക്ഷണം കൊടുക്കാൻ യജമാനൻ നിയോഗിച്ച വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ [“അടിമ,” NW] ആരാണ്? യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നതായി കാണപ്പെടുന്ന ഭൃത്യൻ ഭാഗ്യവാൻ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, യജമാനൻ അവനെ തന്റെ വസ്തുക്കളുടെയെല്ലാം മേൽനോട്ടക്കാരനായി നിയമിക്കും.” (മത്തായി 24:45-47, പി.ഒ.സി. ബൈ.) ഈ അടിമ ഒരു വ്യക്തിയായിരിക്കാൻ നിർവാഹമില്ല, കാരണം പെന്തക്കോസ്തിൽ ക്രിസ്തീയ സഭ സ്ഥാപിതമായതു മുതൽ യേശുക്രിസ്തു എന്ന യജമാനൻ കണക്കുതീർപ്പിനായി വന്നെത്തുന്നതുവരെ ആത്മീയ ഭക്ഷണം കൊടുക്കേണ്ടിയിരുന്നു. ഒരു കൂട്ടം എന്നനിലയിൽ ഒരു നിശ്ചിത സമയത്തു ഭൂമിയിലുള്ള സകല അഭിഷിക്ത ക്രിസ്ത്യാനികളും ചേർന്നതാണു വിശ്വസ്തനും വിവേകിയുമായ ഈ അടിമവർഗം എന്നു വസ്തുത പ്രകടമാക്കുന്നു.
3. അടിമവർഗത്തിലെ ആദ്യകാല അംഗങ്ങളിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നു?
3 വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലെ ആദ്യത്തെ അംഗങ്ങളിൽ ആരെല്ലാം ഉൾപ്പെട്ടിരുന്നു? “എന്റെ ആടുകളെ മേയ്ക്ക” എന്ന യേശുവിന്റെ കൽപ്പന കേട്ടനുസരിച്ച പത്രോസ് അപ്പോസ്തലനായിരുന്നു ഒരാൾ. (യോഹന്നാൻ 21:17) തന്റെ പേരു വെച്ചു സുവിശേഷം എഴുതിയ മത്തായി, നിശ്വസ്ത ലേഖനങ്ങൾ എഴുതിയ പൗലോസ്, യാക്കോബ്, യൂദാ എന്നിവരാണ് അടിമവർഗത്തിലെ മററ് ആദ്യകാല അംഗങ്ങൾ. വെളിപ്പാടു പുസ്തകവും സുവിശേഷവും ലേഖനങ്ങളും എഴുതിയ അപ്പോസ്തലനായ യോഹന്നാനും വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിലെ ഒരംഗമായിരുന്നു. യേശുവിന്റെ നിയോഗമനുസരിച്ചായിരുന്നു ഈ മനുഷ്യർ അവ എഴുതിയത്.
4. “ഭവനത്തിലുള്ളവർ” ആരാണ്?
4 ഭൂമിയിൽ എവിടെ ജീവിച്ചാലും, ഒരു കൂട്ടമെന്നനിലയിൽ സകല അഭിഷിക്തരും അടിമവർഗത്തിന്റെ അംഗങ്ങളാണെങ്കിൽ, “ഭവനത്തിലുള്ളവർ” ആരാണ്? അവരും അതേ അഭിഷിക്തർതന്നെയാണ്, എന്നാൽ വ്യത്യസ്ത നിലയിൽ—വ്യക്തികൾ എന്നനിലയിൽ—ആണെന്നുമാത്രം. അതേ, വ്യക്തികൾ എന്നനിലയിൽ അവർ “അടിമ”യുടെ ഭാഗമാണ്, അഥവാ അവർ “ഭവനത്തിലുള്ള”വരാണ്. ഇത് അവർ ആത്മീയ ഭക്ഷണം പ്രദാനം ചെയ്യുന്നുവോ അതു സ്വീകരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദൃഷ്ടാന്തമായി, 2 പത്രൊസ് 3:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം, അപ്പോസ്തലനായ പൗലോസിന്റെ ലേഖനങ്ങളെക്കുറിച്ചു പത്രോസ് പരാമർശിക്കുന്നു. അവ വായിക്കുമ്പോൾ, അടിമവർഗത്തിന്റെ പ്രതിനിധി എന്നനിലയിൽ പൗലോസ് പ്രദാനം ചെയ്യുന്ന ആത്മീയ ഭക്ഷണം പങ്കുപററുന്ന ഭവനത്തിലുള്ളവരിൽ ഒരുവനായിരിക്കും പത്രോസ്.
5. (എ) അപ്പോസ്തലൻമാർക്കുശേഷമുള്ള നൂററാണ്ടുകളിൽ ആ അടിമക്ക് എന്തു സംഭവിച്ചു? (ബി) 19-ാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ എന്തു സംഭവവികാസങ്ങളുണ്ടായി?
5 ഒരു ആയിരംവർഷത്തെ ദൈവരാജ്യം സമീപിച്ചിരിക്കുന്നു എന്ന പുസ്തകത്തിൽ ഈ വിഷയം സംബന്ധിച്ച് ഇങ്ങനെ പ്രസ്താവിച്ചു: “യജമാനനായ യേശുക്രിസ്തുവിന്റെ അപ്പോസ്തലൻമാരുടെ മരണത്തിനുശേഷമുള്ള നൂററാണ്ടുകളിലുടനീളം ‘വിശ്വസ്തനും വിവേകിയുമായ അടിമ’വർഗം എങ്ങനെ നിലനിന്നു സേവിച്ചുപോന്നു എന്നതു സംബന്ധിച്ചു നമുക്കു വ്യക്തമായ ഒരു ചരിത്രരേഖയില്ല. ഒരു തലമുറയിലെ ‘അടിമ’വർഗം തുടർന്നുവന്ന അടുത്ത തലമുറയെ ആത്മീയമായി പോഷിപ്പിച്ചുവന്ന കാര്യം വ്യക്തമാണ്. (2 തിമൊഥെയൊസ് 2:2) എന്നാൽ പത്തൊമ്പതാം നൂററാണ്ടിന്റെ രണ്ടാം പകുതിയിൽ ദൈവഭയമുള്ള വ്യക്തികളുണ്ടായിരുന്നു. വിശുദ്ധ ബൈബിളിലെ ആത്മീയ ഭക്ഷണം ഇഷ്ടപ്പെട്ട അവർ അതിൽനിന്നു ഭക്ഷിക്കാൻ ആഗ്രഹിച്ചു . . . ബൈബിളധ്യയന ക്ലാസ്സുകൾ . . . രൂപംകൊള്ളുകയും വിശുദ്ധ തിരുവെഴുത്തുകളിലെ അടിസ്ഥാന സത്യങ്ങൾ സംബന്ധിച്ചുള്ള ഗ്രാഹ്യത്തിൽ പുരോഗതി നേടുകയും ചെയ്തു. ഈ ബൈബിൾ വിദ്യാർഥികളിൽ ആത്മാർഥരും നിസ്വാർഥരുമായവർ ആത്മീയ ഭക്ഷണത്തിന്റെ ഈ മർമപ്രധാന ഭാഗങ്ങൾ മററുള്ളവരുമായി പങ്കുവെക്കാൻ ഉത്സുകരായിത്തീർന്നു. ‘ഭവനത്തിലുള്ളവർ’ക്കു ‘കൃത്യസമയത്ത്’ ആവശ്യമായിരിക്കുന്ന ആത്മീയ ‘ഭക്ഷണം’ കൊടുക്കാൻ നിയമിതനായിരുന്ന ‘അടിമ’യുടെ വിശ്വസ്ത ആത്മാവ് അവർക്കുണ്ടായിരുന്നു. ശരിയും ഉചിതവുമായ സമയം അപ്പോഴായിരുന്നു എന്നും ഭക്ഷണവിതരണത്തിന് ഏററവും നല്ല മാർഗമെന്തെല്ലാമായിരുന്നു എന്നും വിവേചിക്കുന്നതിൽ അവർ ‘വിവേക’മതികളായിരുന്നു. അതു വിതരണം ചെയ്യാൻ അവർ പ്രയത്നിച്ചു.”—344-5 പേജുകൾ.a
ആധുനികനാളിലെ ആദ്യകാല ഒളിമിന്നലുകൾ
6. സത്യത്തിന്റെ ക്രമാനുഗതമായ വെളിപ്പെടലിനോടുള്ള ബന്ധത്തിൽ ഏതു വസ്തുത മികച്ചു നിൽക്കുന്നു?
6 ആത്മീയ വെളിച്ചത്തിന്റെ ഈ ക്രമാനുഗതമായ വർധനവു സാധ്യമാക്കാൻ യഹോവ ഉപയോഗിച്ചവരോടുള്ള ബന്ധത്തിൽ പ്രമുഖമായി മികച്ചു നിൽക്കുന്ന ഒരു വസ്തുത അവരാരും സ്വമഹിമ തേടിയില്ല എന്നതാണ്. തങ്ങളുടെ സാധാരണ പ്രാപ്തികളെ ഉപയോഗിക്കാനായിരുന്നു കർത്താവിനു പ്രസാദംതോന്നിയത് എന്നായിരുന്നു വാച്ച് ടവർ സൊസൈററിയുടെ ആദ്യത്തെ പ്രസിഡൻറായിരുന്ന സി.ററി. റസ്സലിന്റെ മനോഭാവം. ശത്രുക്കൾ തനിക്കെതിരെ ഉപയോഗിക്കാൻ പ്രവണത കാട്ടിയ സ്ഥാനപ്പേരുകളെ സംബന്ധിച്ചുപറഞ്ഞാൽ ഒരു “റസ്സലുകാരനെ” താൻ ഒരിക്കലും കണ്ടിട്ടില്ലെന്നും “റസ്സൽചിന്താഗതി” എന്നൊരു സംഗതിയില്ലെന്നും റസ്സൽ സഹോദരൻ വ്യക്തമാക്കി. സർവ മഹത്ത്വവും ദൈവത്തിലേക്കു തിരിച്ചുവിട്ടു.
7. തങ്ങൾ വാസ്തവത്തിൽ വിശ്വസ്തനും വിവേകിയുമായ അടിമയുടെ ഭാഗമാണെന്നുള്ളതിനു റസ്സൽ സഹോദരനും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും എന്തു തെളിവു നൽകി?
7 ഫലങ്ങൾവെച്ചു നോക്കുമ്പോൾ, യഹോവയുടെ ആത്മാവു റസ്സൽ സഹോദരന്റെയും അദ്ദേഹത്തിന്റെ സഹകാരികളുടെയും ശ്രമങ്ങളെ നയിക്കുന്നുണ്ടായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമുണ്ടായിരിക്കാവുന്നതല്ല. അവർ വിശ്വസ്തനും വിവേകിയുമായ അടിമയെന്നു തിരിച്ചറിയപ്പെടുന്നതിനുള്ള തെളിവു നൽകി. ബൈബിൾ ദൈവത്തിന്റെ നിശ്വസ്തവചനമാണെന്നും യേശുക്രിസ്തു ദൈവത്തിന്റെ പുത്രനാണെന്നും വിശ്വസിക്കുന്നതായി അന്നാളിലെ അനേകം പുരോഹിതരും പറഞ്ഞിരുന്നു. പക്ഷേ അപ്പോഴും അവർ ത്രിത്വം, മനുഷ്യദേഹിയുടെ അമർത്ത്യത, നിത്യദണ്ഡനം എന്നിവപോലുള്ള ബാബിലോന്യ പഠിപ്പിക്കലുകളെ പിന്തുണക്കുകതന്നെ ചെയ്തു. റസ്സൽ സഹോദരന്റെയും അദ്ദേഹത്തിന്റെ സഹകാരികളുടെയും എളിയ ശ്രമങ്ങൾ മുമ്പൊരിക്കലുമുണ്ടാകാത്തവിധം ഇപ്പോൾ സത്യം പ്രകാശിക്കാൻ കാരണമായെങ്കിൽ, യേശു വാഗ്ദത്തം ചെയ്തതുപോലെ, അതു പരിശുദ്ധാത്മാവു നിമിത്തമാണ്. (യോഹന്നാൻ 16:13) യജമാനന്റെ ഭവനക്കാർക്ക് ആത്മീയ ഭക്ഷണം പ്രദാനം ചെയ്യാൻ നിയോഗമുള്ള, വിശ്വസ്തനും വിവേകിയുമായ അടിമവർഗത്തിന്റെ ഭാഗമാണു തങ്ങളെന്ന് ആ അഭിഷിക്ത ബൈബിൾ വിദ്യാർഥികൾ തീർച്ചയായും തെളിവു നൽകി. അഭിഷിക്തരെ കൂട്ടിവരുത്തുന്നതിൽ അവരുടെ ശ്രമങ്ങൾ വലിയൊരു സഹായമായി.
8. യഹോവയെയും ബൈബിളിനെയും യേശുക്രിസ്തുവിനെയും പരിശുദ്ധാത്മാവിനെയും കുറിച്ചുള്ള ഏത് അടിസ്ഥാന വസ്തുതകൾ ബൈബിൾ വിദ്യാർഥികൾ വ്യക്തമായി മനസ്സിലാക്കി?
8 യഹോവയുടെ പരിശുദ്ധാത്മാവ് മുഖാന്തരം ഈ ആദിമ ബൈബിൾ വിദ്യാർഥികളെ എത്ര മഹത്തായി പിന്തുണച്ചു എന്നു കാണുന്നതു ശ്രദ്ധേയമാണ്. ആദ്യമായി, സ്രഷ്ടാവു സ്ഥിതിചെയ്യുന്നുവെന്നും അവനു യഹോവ എന്ന അനുപമമായ ഒരു നാമമുണ്ടെന്നും അവർ ഉറപ്പായി സ്ഥാപിച്ചു. (സങ്കീർത്തനം 83:18; റോമർ 1:20) യഹോവയ്ക്കു നാലു മുഖ്യഗുണങ്ങൾ—ശക്തി, നീതി, ജ്ഞാനം, സ്നേഹം—ഉണ്ടെന്ന് അവർ മനസ്സിലാക്കി. (ഉല്പത്തി 17:1; ആവർത്തനപുസ്തകം 32:4; റോമർ 11:33; 1 യോഹന്നാൻ 4:8) ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്നും സത്യമാണെന്നും ഈ അഭിഷിക്ത ബൈബിൾ വിദ്യാർഥികൾ വ്യക്തമായി സ്ഥാപിച്ചു. (യോഹന്നാൻ 17:17; 2 തിമൊഥെയൊസ് 3:16, 17) കൂടാതെ, ദൈവപുത്രനായ യേശുക്രിസ്തു സൃഷ്ടിക്കപ്പെട്ടവനാണെന്നും തന്റെ ജീവൻ അവൻ സകല മനുഷ്യർക്കുംവേണ്ടി മറുവിലയായി കൊടുത്തുവെന്നും അവർ ഗ്രഹിച്ചു. (മത്തായി 20:28; കൊലൊസ്സ്യർ 1:15) പരിശുദ്ധാത്മാവു ദൈവത്തിന്റെ കർമനിരതമായ ശക്തിയാണെന്നു മനസ്സിലാക്കി, അല്ലാതെ ഒരു ത്രിത്വത്തിലെ മൂന്നാമത്തെ ആളായിട്ടല്ലായിരുന്നു.—പ്രവൃത്തികൾ 2:17.
9. (എ) പാപം ചെയ്തശേഷമുള്ള മമനുഷ്യന്റെ പ്രകൃതവും ബൈബിളിൽ പറഞ്ഞിരിക്കുന്ന ഭാവിപ്രത്യാശകളും സംബന്ധിച്ചു ബൈബിൾ വിദ്യാർഥികൾ ഏതു സത്യങ്ങൾ മനസ്സിലാക്കി? (ബി) യഹോവയുടെ ദാസൻമാർക്കു വേറെ ഏതു സത്യങ്ങൾ വ്യക്തമായി മനസ്സിലായി?
9 മനുഷ്യന് ഒരു അമർത്ത്യ ദേഹിയില്ല, എന്നാൽ മനുഷ്യൻ ഒരു മർത്ത്യ ദേഹിയാണെന്നു ബൈബിൾ വിദ്യാർഥികൾ വ്യക്തമായി മനസ്സിലാക്കി. “പാപത്തിന്റെ ശമ്പളം മരണ”മാണ്, നിത്യദണ്ഡനമല്ല എന്നും കത്തുന്ന നരകം എന്നൊരു സ്ഥലമില്ല എന്നും അവർ തിരിച്ചറിഞ്ഞു. (റോമർ 5:12; 6:23; ഉല്പത്തി 2:7; യെഹെസ്കേൽ 18:4) കൂടാതെ, പരിണാമ സിദ്ധാന്തം തിരുവെഴുത്തുവിരുദ്ധമെന്നു മാത്രമല്ല, തികച്ചും അടിസ്ഥാനരഹിതവുമാണെന്ന് അവർ വ്യക്തമായി മനസ്സിലാക്കി. (ഉല്പത്തി 1, 2 അധ്യായങ്ങൾ) ബൈബിൾ രണ്ടു ഭാവിപ്രത്യാശകൾ വെച്ചുനീട്ടുന്നതായും അവർ വിവേചിച്ചറിഞ്ഞു—ക്രിസ്തുവിന്റെ കാലടികൾ പിൻപററുന്ന 1,44,000 അഭിഷിക്തർക്കു സ്വർഗീയ ഭാവിയും “വേറെ ആടുകളു”ടെ എണ്ണമററ ഒരു “മഹാപുരുഷാര”ത്തിനു പറുദീസാ ഭൂമിയും. (വെളിപ്പാടു 7:9; 14:1; യോഹന്നാൻ 10:16) ഭൂമി എന്നേക്കും നിലനിൽക്കും, അല്ലാതെ പല മതങ്ങളും പഠിപ്പിക്കുന്നതുപോലെ, അതു കത്തി നശിക്കുകയില്ലെന്നും ആ ആദ്യകാല ബൈബിൾ വിദ്യാർഥികൾ തിരിച്ചറിഞ്ഞു. (സഭാപ്രസംഗി 1:4; ലൂക്കൊസ് 23:43) ക്രിസ്തുവിന്റെ സാന്നിധ്യം അദൃശ്യമായിരിക്കുമെന്നും പിന്നെ അവൻ ജനതകളുടെമേൽ ന്യായവിധി നടത്തി ഒരു ഭൗമിക പറുദീസ ആനയിക്കുമെന്നും അവർ ഗ്രഹിച്ചു.—പ്രവൃത്തികൾ 10:42; റോമർ 8:19-21; 1 പത്രൊസ് 3:18.
10. സ്നാപനം, പുരോഹിത-അൽമേനി വ്യത്യാസം, ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം എന്നിവയെക്കുറിച്ച് എന്തെല്ലാം സത്യങ്ങൾ ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കി?
10 ശിശുക്കളുടെമേൽ വെള്ളംതളിക്കലല്ല തിരുവെഴുത്തുപരമായ സ്നാപനം, എന്നാൽ മത്തായി 28:19, 20-ലെ യേശുവിന്റെ കല്പനയോടുള്ള ചേർച്ചയിൽ, അതു പഠിപ്പിക്കപ്പെട്ട വിശ്വാസികളുടെ ജലനിമജ്ജനമാണെന്നു ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കി. പുരോഹിത-അൽമേനി വ്യത്യാസത്തിനും തിരുവെഴുത്ത് അടിസ്ഥാനമില്ലെന്ന് അവർ മനസ്സിലാക്കാനിടയായി. (മത്തായി 23:8-10) നേരേമറിച്ച്, സകല ക്രിസ്ത്യാനികളും സുവാർത്തയുടെ പ്രസംഗകരായിരിക്കേണ്ടതാണ്. (പ്രവൃത്തികൾ 1:8) ക്രിസ്തുവിന്റെ മരണത്തിന്റെ സ്മാരകം കൊണ്ടാടേണ്ടതു വർഷത്തിൽ ഒരിക്കൽ, നീസാൻ 14-നുമാത്രമായിരിക്കണമെന്നു ബൈബിൾ വിദ്യാർഥികൾ മനസ്സിലാക്കി. കൂടാതെ, ഈസ്ററർ ഒരു പുറജാതീയ തിരുനാളാണെന്ന് അവർ കണ്ടു. അതിലുപരി, തങ്ങളുടെ വേലയെ ദൈവം പിന്തുണയ്ക്കുന്നുവെന്ന അങ്ങേയററത്തെ ഉറപ്പുണ്ടായിരുന്ന അഭിഷിക്തർ ഒരിക്കലും പണപ്പിരിവു നടത്തിയില്ല. (മത്തായി 10:8) ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ നട്ടുവളർത്തുന്നത് ഉൾപ്പെടെയുള്ള ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലാണു ക്രിസ്ത്യാനികൾ ജീവിക്കേണ്ടതെന്ന് ആദ്യംമുതലേ അവർ മനസ്സിലാക്കി.—ഗലാത്യർ 5:22, 23.
വർധിച്ചുവരുന്ന ഒളിമിന്നലുകൾ
11. ക്രിസ്ത്യാനികളുടെ നിയോഗത്തിൻമേലും ചെമ്മരിയാടുകളെയും കോലാടുകളെയും കുറിച്ചുള്ള യേശുവിന്റെ ഉപമയുടെമേലും എന്തു പ്രകാശം ചൊരിഞ്ഞു?
11 വിശേഷിച്ചും 1919 മുതൽ യഹോവയുടെ ദാസൻമാർക്കു വർധിച്ച ഒളിമിന്നലുകൾ ലഭിക്കുന്നതിനുള്ള അനുഗ്രഹമുണ്ടായി. “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക, പ്രസിദ്ധമാക്കുക” എന്നതാണു യഹോവയുടെ ദാസൻമാരുടെ ഏററവും പ്രധാന കടമയെന്നു വാച്ച് ടവർ സൊസൈററിയുടെ രണ്ടാമത്തെ പ്രസിഡൻറായിരുന്ന ജെ. എഫ്. റതർഫോർഡ് 1922-ൽ സീഡാർ പോയിൻറ് കൺവെൻഷനിൽവെച്ചു ശക്തമായി ഊന്നിപ്പറഞ്ഞപ്പോൾ മിന്നിയത് എന്തൊരു ശോഭയുള്ള പ്രകാശകിരണമായിരുന്നു! തൊട്ടടുത്ത വർഷംതന്നെ, ചെമ്മരിയാടുകളുടെയും കോലാടുകളുടെയും ഉപമയുടെമേൽ തേജോമയമായ പ്രകാശം ചൊരിഞ്ഞു. ഇപ്പോൾ കർത്താവിന്റെ ദിവസത്തിലാണ് ഈ പ്രവചനം നിറവേറേണ്ടത്, അല്ലാതെ മുമ്പു വിചാരിച്ചിരുന്നതുപോലെ ഭാവിയിൽ സഹസ്രാബ്ദവാഴ്ചയിലല്ല എന്നു മനസ്സിലാക്കി. സഹസ്രാബ്ദവാഴ്ചയിൽ, ക്രിസ്തുവിന്റെ സഹോദരൻമാർ രോഗികളാവുകയോ തടവിലാക്കപ്പെടുകയോ ചെയ്യില്ല. തന്നെയുമല്ല, സഹസ്രാബ്ദവാഴ്ചയുടെ അവസാനത്തിൽ, യേശുക്രിസ്തുവല്ല യഹോവയാം ദൈവമാണു ന്യായവിധി നിർവഹിക്കുന്നത്.—മത്തായി 25:31-46.
12. അർമഗെദോനെക്കുറിച്ച് എന്തു പ്രകാശകിരണം ലഭിച്ചു?
12 ബൈബിൾ വിദ്യാർഥികൾ ഒരുകാലത്തു വിചാരിച്ചിരുന്നതുപോലെ, അർമഗെദോൻ യുദ്ധം ഒരു സാമൂഹിക വിപ്ലവമായിരിക്കുകയില്ലെന്ന് 1926-ൽ മറെറാരു ഉജ്ജ്വല ഒളിമിന്നൽ വെളിപ്പെടുത്തി. മറിച്ച്, താൻ ദൈവമാണെന്നു സകലയാളുകൾക്കും ബോധ്യപ്പെടുംവിധം വ്യക്തമായി യഹോവ തന്റെ ശക്തി പ്രകടിപ്പിക്കുന്ന ഒരു യുദ്ധമായിരിക്കും അത്.—വെളിപ്പാടു 16:14-16; 19:17-21.
ക്രിസ്മസ്—ഒരു പുറജാതീയ തിരുനാൾ
13. (എ) ക്രിസ്മസ് ആഘോഷങ്ങൾ സംബന്ധിച്ചു ലഭിച്ച പ്രകാശം എന്തായിരുന്നു? (ബി) ജൻമദിനങ്ങൾ മേലാൽ ആഘോഷിക്കാഞ്ഞത് എന്തുകൊണ്ട്? (അടിക്കുറിപ്പും ഉൾപ്പെടുത്തുക.)
13 അതിനുശേഷം താമസിയാതെ ലഭിച്ച ഒരു പ്രകാശകിരണംഹേതുവായി ബൈബിൾ വിദ്യാർഥികൾ ക്രിസ്മസ് ആഘോഷിക്കുന്നതു നിർത്തി. അതുവരെ ബൈബിൾ വിദ്യാർഥികൾ ലോകവ്യാപകമായി എല്ലായ്പോഴും ക്രിസ്മസ് ആഘോഷിക്കുമായിരുന്നു. ബ്രുക്ലിൻ ആസ്ഥാനത്ത് ആ ആഘോഷത്തിന് ഒരു ഉത്സവപ്രതീതിയായിരുന്നു. എന്നാൽ പിന്നീട് ഡിസംബർ 25-ന്റെ ആഘോഷം വാസ്തവത്തിൽ പുറജാതീയമാണെന്നും പുറജാതീയരെ എളുപ്പം പരിവർത്തനം ചെയ്യാൻ വിശ്വാസത്യാഗികളായ ക്രൈസ്തവലോകമാണ് അതു തിരഞ്ഞെടുത്തതെന്നും തിരിച്ചറിഞ്ഞു. മാത്രമല്ല, യേശുവിന്റെ ജനനസമയത്ത് ഇടയൻമാർ വയലുകളിൽ തങ്ങളുടെ ആടുകളെ മേയിക്കുകയായിരുന്നു. ഡിസംബറിന്റെ അവസാനഭാഗത്തു രാത്രിയിൽ അവരൊന്നും അങ്ങനെ ചെയ്യുമായിരുന്നില്ല. (ലൂക്കൊസ് 2:8) അതുകൊണ്ട്, അവന്റെ ജനനം ശൈത്യകാലത്താകാൻ സാധ്യമല്ല. എന്നാൽ യേശുക്രിസ്തു മിക്കവാറും ഒക്ടോബർ 1-നു ജനിച്ചിരിക്കാമെന്നാണു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്. യേശുവിന്റെ ജനനത്തിനുശേഷം ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞ് അവനെ സന്ദർശിച്ച ജ്ഞാനികൾ എന്നു വിളിക്കപ്പെടുന്ന മനുഷ്യർ പൂർവികവിദ്വാൻമാർ (magi)b ആയിരുന്നുവെന്നും ബൈബിൾ വിദ്യാർഥികൾ തിരിച്ചറിഞ്ഞു.
ഒരു പുതിയ പേർ
14. യഹോവയുടെ ജനത്തിനു ബൈബിൾ വിദ്യാർഥികൾ എന്ന പേർ മതിയാകാതെ വന്നത് എന്തുകൊണ്ട്?
14 ബൈബിൾ വിദ്യാർഥികൾക്ക് ഒരു അനുയോജ്യ തിരുവെഴുത്തു നാമം വെളിപ്പെടുത്തിക്കൊടുക്കുന്നതായിരുന്നു 1931-ലെ ഒരു ശോഭയാർന്ന പ്രകാശകിരണം. റസ്സലുകാർ, മില്ലെനിയൽ ഡോണിസ്ററ്സ്, നരകമില്ലാത്തവർ എന്നിങ്ങനെ അവർക്കു മററുള്ളവരിട്ട പരിഹാസപ്പേരുകളിൽ യാതൊന്നും സ്വീകരിക്കാനാവില്ലെന്നു യഹോവയുടെ ജനം മനസ്സിലാക്കിയിരുന്നു.c എന്നാൽ സാർവദേശീയ ബൈബിൾ വിദ്യാർഥികൾ എന്ന് അവർ സ്വയം ഇട്ട പേർ മതിയാകയില്ലെന്നും അവർ ചിന്തിക്കാൻ തുടങ്ങിയിരുന്നു. അവർ കേവലം ബൈബിൾ വിദ്യാർഥികൾ മാത്രമായിരുന്നില്ല. തന്നെയുമല്ല, ഈ ബൈബിൾ വിദ്യാർഥികളുമായി യാതൊരു സാമ്യവുമില്ലാഞ്ഞ ബൈബിളിന്റെ മററ് അനേകം വിദ്യാർഥികളുണ്ടായിരുന്നു താനും.
15. 1931-ൽ ബൈബിൾ വിദ്യാർഥികൾ ഏതു പേർ സ്വീകരിച്ചു, അത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
15 ബൈബിൾ വിദ്യാർഥികൾക്ക് എങ്ങനെയാണ് ഒരു പുതിയ പേർ ലഭിച്ചത്? വർഷങ്ങളായി ദ വാച്ച് ടവർ യഹോവയുടെ നാമത്തെ ഔന്നത്യമുള്ളതായി അറിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതുകൊണ്ട്, യെശയ്യാവു 43:10-ൽ കാണുന്ന പേർ ബൈബിൾ വിദ്യാർഥികൾ സ്വീകരിക്കണമെന്നത് ഏററവും ഉചിതമായിരുന്നു: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കുമുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.”
സംസ്ഥാപനവും “മഹാപുരുഷാര”വും
16. പുനഃസ്ഥാപന പ്രവചനങ്ങൾ സ്വാഭാവിക ഇസ്രായേലിന്റെ, പാലസ്തീനിലേക്കുള്ള തിരിച്ചുവരവിൽ ബാധകമാകാഞ്ഞത് എന്തുകൊണ്ട്, എന്നാൽ അവ ആരുടെ കാര്യത്തിൽ ബാധകമാകുന്നു?
16 യെശയ്യാവും യിരെമ്യാവും യെഹെസ്കേലും മററു പ്രവാചകൻമാരും രേഖപ്പെടുത്തിയിട്ടുള്ള പുനഃസ്ഥാപന പ്രവചനങ്ങൾ (ഒരിക്കൽ വിചാരിച്ചിരുന്നതുപോലെ) വിശ്വാസമില്ലാത്തവരായി രാഷ്ട്രീയ ലക്ഷ്യത്തിൽ പാലസ്തീനിലേക്കു തിരിച്ചുവന്ന സ്വാഭാവിക യഹൂദൻമാർക്കു ബാധകമായില്ലെന്നു വെളിപ്പെടുത്തുന്ന ഒരു പ്രകാശകിരണം വാച്ച് ടവർ സൊസൈററി 1932-ൽ പ്രസിദ്ധീകരിച്ച സംസ്ഥാപനത്തിന്റെ (ഇംഗ്ലീഷ്) രണ്ടാം വാല്യത്തിലുണ്ടായിരുന്നു. മറിച്ച്, പൊ.യു.മു. 537-ൽ ബാബിലോന്യ അടിമത്തത്തിൽനിന്നു യഹൂദൻമാർ തിരിച്ചുവന്നപ്പോൾ ചെറിയ നിവൃത്തിയുണ്ടായ ഈ പുനഃസ്ഥാപന പ്രവചനങ്ങൾക്ക് ഒരു വലിയ നിവൃത്തി കൂടിയുണ്ടായിരുന്നു. ആത്മീയ ഇസ്രായേലിന് 1919 മുതൽ ലഭിച്ച മോചനത്തിലും അന്ന് ആരംഭിച്ച പുനഃസ്ഥാപനത്തിലും തത്ഫലമായി യഹോവയുടെ സത്യാരാധകർ ആത്മീയ പറുദീസയിൽ ഇന്ന് അനുഭവിക്കുന്ന സമൃദ്ധിയിലുമാണ് ഈ വലിയ നിവൃത്തി.
17, 18. (എ) കാലക്രമത്തിൽ, ഒരു ഒളിമിന്നലിലൂടെ യഹോവയുടെ മുഖ്യോദ്ദേശ്യം എന്താണെന്നു പ്രകടമാക്കപ്പെട്ടു? (ബി) വെളിപ്പാടു 7:9-17-നെ സംബന്ധിച്ച് 1935-ൽ എന്തു പ്രകാശകിരണമുണ്ടായി?
17 കാലക്രമത്തിൽ, യഹോവയുടെ മുഖ്യോദ്ദേശ്യം സൃഷ്ടികളുടെ രക്ഷയല്ല, തന്റെ പരമാധികാരത്തിന്റെ സംസ്ഥാപനമാണെന്ന് ഒളിമിന്നലുകൾ വെളിപ്പെടുത്തി. ബൈബിളിന്റെ പരമപ്രധാന വിഷയം മറുവിലയല്ല, രാജ്യമാണ്. എന്തെന്നാൽ രാജ്യമാണു യഹോവയുടെ പരമാധികാരത്തെ സംസ്ഥാപിക്കുന്നത്. എന്തൊരു പ്രകാശകിരണമായിരുന്നു അത്! സ്വർഗത്തിലേക്കുള്ള തങ്ങളുടെ പ്രവേശനം മേലാൽ സമർപ്പിത ക്രിസ്ത്യാനികളുടെ മുഖ്യ ശ്രദ്ധയല്ലാതായി.
18 വെളിപ്പാടു 7:9-17-ൽ സൂചിപ്പിച്ചിരിക്കുന്ന മഹാപുരുഷാരം ഒരു രണ്ടാംതരം സ്വർഗീയവർഗമല്ലെന്ന് സത്യത്തിന്റെ ഒരു ഉജ്ജ്വല ഒളിമിന്നൽ 1935-ൽ വെളിപ്പെടുത്തി. ആ വാക്യങ്ങളിൽ പരാമർശിച്ചിരിക്കുന്നവർ തികഞ്ഞ വിശ്വസ്തത കാട്ടാഞ്ഞ ചില അഭിഷിക്തരായിരിക്കാമെന്നും, അതുകൊണ്ടുതന്നെ യേശുക്രിസ്തുവിനോടൊപ്പം രാജാക്കൻമാരും പുരോഹിതൻമാരുമായി സിംഹാസനങ്ങളിലിരുന്നു വാഴുന്നതിനുപകരം അവർ സിംഹാസനത്തിനു മുമ്പാകെ നിൽക്കുകയാണെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ ഭാഗികമായി വിശ്വസ്തരായിരിക്കൽ എന്നൊരു സംഗതിയില്ല. ഒരാൾ ഒന്നുകിൽ വിശ്വസ്തൻ, അല്ലെങ്കിൽ അവിശ്വസ്തൻ. അതുകൊണ്ട് ഈ പ്രവചനം പരാമർശിക്കുന്നതു സകല ജനതകളിൽനിന്നുമായി ഇപ്പോൾ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ഭൗമിക പ്രത്യാശയുള്ള, എണ്ണമററ മഹാപുരുഷാരത്തെയാണെന്നു മനസ്സിലാക്കി. മത്തായി 25:31-46-ലെ ‘ചെമ്മരിയാടും’ യോഹന്നാൻ 10:16-ലെ ‘വേറെ ആടുകളും’ അവരാണ്.
കുരിശ്—ഒരു ക്രിസ്തീയ പ്രതീകമല്ല
19, 20. കുരിശിനു സത്യക്രിസ്ത്യാനിത്വത്തിന്റെ ഒരു പ്രതീകമാവാൻ കഴിയാത്തതെന്തുകൊണ്ട്?
19 വർഷങ്ങളോളം കുരിശിനെ ക്രിസ്ത്യാനിത്വത്തിന്റെ ഒരു പ്രതീകമെന്ന നിലയിൽ ബൈബിൾ വിദ്യാർഥികൾ പ്രാധാന്യത്തോടെ വീക്ഷിച്ചു. “കുരിശും കിരീടവും” ചേർന്ന ഒരു പിൻ പോലും അവർക്കുണ്ടായിരുന്നു. ജയിംസ് രാജാവിന്റെ ഭാഷാന്തരം പറയുന്നതനുസരിച്ചോ, യേശു തന്റെ അനുഗാമികളോടു തങ്ങളുടെ “കുരിശ്” എടുത്തുകൊള്ളാൻ ആവശ്യപ്പെട്ടു. മാത്രവുമല്ല, യേശുവിനെ വധിച്ചതു കുരിശിലാണെന്ന് അനേകർ വിശ്വസിക്കാനിടവരികയും ചെയ്തു. (മത്തായി 16:24; 27:32) പതിററാണ്ടുകളോളം ഈ പ്രതീകം വാച്ച് ടവർ മാസികയുടെ പുറംചട്ടയിലും പ്രത്യക്ഷപ്പെട്ടിരുന്നു.
20 യേശു വധിക്കപ്പെട്ടതു കുരിശിലല്ല, നേരെയുള്ള ഒരു ദണ്ഡിൽ, അല്ലെങ്കിൽ സ്തംഭത്തിലായിരുന്നു എന്ന് 1936-ൽ സൊസൈററി പ്രസിദ്ധീകരിച്ച ധനം (ഇംഗ്ലീഷ്) എന്ന പുസ്തകം വ്യക്തമാക്കി. ഒരു ആധികാരിക ഉറവിടം പറയുന്നതനുസരിച്ച്, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ “കുരിശ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം (stau·rosʹ) “മുഖ്യമായും അർഥമാക്കുന്നത് നേരെയുള്ള ഒരു ദണ്ഡിനെയോ സ്തംഭത്തെയോ ആണ്. രണ്ടു ദണ്ഡുകൾ കുറുകെ വെച്ചുകൊണ്ടുള്ള സഭകളുടേതായ രൂപത്തിൽനിന്ന് [ഇതിനെ] വേർതിരിച്ചു കാണേണ്ടതാണ്. . . . രണ്ടാമതു പറഞ്ഞതിന്റെ ആരംഭം പുരാതന കൽദയയിൽനിന്നാണ്, തമ്മൂസ് എന്ന ദേവന്റെ പ്രതീകമായി അതിനെ ഉപയോഗിച്ചിരുന്നു.” പൂജിക്കുന്നതിനുപകരം, യേശുവിനെ വധിക്കാൻ ഉപയോഗിച്ച ഉപകരണത്തെ നിർമമതയോടെയാണു വീക്ഷിക്കേണ്ടത്.
21. അടുത്ത ലേഖനത്തിൽ എന്തു പരിചിന്തിക്കപ്പെടും?
21 വലുതും ചെറുതുമായി വീക്ഷിക്കാവുന്ന ഒളിമിന്നലുകളുടെ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. അവയുടെ ഒരു ചർച്ചയ്ക്കായി ദയവായി അടുത്ത ലേഖനം കാണുക.
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
b കാലക്രമത്തിൽ, നടന്നിട്ടുള്ളതിലേക്കും ഏററവും പ്രധാനപ്പെട്ട ജൻമദിനം ആഘോഷിക്കാവുന്നതല്ലെങ്കിൽപ്പിന്നെ നാം യാതൊരു ജൻമദിനവും ആഘോഷിക്കാൻ പാടില്ലെന്നു മനസ്സിലാക്കി. തന്നെയുമല്ല, ഇസ്രായേല്യരോ ആദിമ ക്രിസ്ത്യാനികളോ ജൻമദിനങ്ങൾ ആഘോഷിച്ചിരുന്നില്ല. ബൈബിൾ രണ്ടു ജൻമദിനങ്ങളയെ സൂചിപ്പിക്കുന്നുള്ളു, ഒന്നു ഫറവോന്റേതും മറേറത് ഹെരോദ് അന്തിപ്പായുടേയും. ഇവ രണ്ടും ഓരോ വധനിർവഹണത്താൽ കളങ്കപ്പെട്ടു. ഈ ആഘോഷത്തിനു പുറജാതീയ ഉത്ഭവമുള്ളതിനാലും ജൻമദിനം ആഘോഷിക്കുന്നവനെ ഉന്നതനാക്കുന്ന പ്രവണതയുള്ളതിനാലും യഹോവയുടെ സാക്ഷികൾ ജൻമദിനങ്ങൾ ആഘോഷിക്കാറില്ല.—ഉല്പത്തി 40:20-22; മർക്കൊസ് 6:21-28.
c ക്രൈസ്തവലോകത്തിലെ അനേകം വിഭാഗങ്ങൾക്കും പിണഞ്ഞിട്ടുള്ള ഒരു അബദ്ധമാണിത്. മാർട്ടിൻ ലൂഥറിന്റെ ശത്രുക്കൾ അദ്ദേഹത്തിന്റെ അനുഗാമികൾക്കിട്ട പരിഹാസപ്പേരായിരുന്നു ലൂഥറൻ എന്നത്. എന്നാൽ പിന്നീട് അവർ ആ പേരുതന്നെ സ്വീകരിച്ചു. അതുപോലെ, പുറമേയുള്ളവർ നൽകിയ പരിഹാസപ്പേരുതന്നെയാണു ബാപ്ററിസ്ററുകാർ സ്വീകരിച്ചത്. ജലനിമജ്ജന സ്നാപനം അവർ പ്രസംഗിച്ചിരുന്നു എന്നതായിരുന്നു കാരണം. ഏതാണ്ട് അതുപോലെതന്നെയാണ് മെഥഡിസ്ററുകാരുടെ കാര്യവും. പുറമേയുള്ള ഒരാളിട്ട പേരുതന്നെ അവരും സ്വീകരിച്ചു. സൊസൈററി ഓഫ് ഫ്രണ്ട്സ് എന്നതു ക്വേക്കേഴ്സ് എന്ന് അറിയപ്പെടാനിടയായതു സംബന്ധിച്ച് ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “ക്വേക്കർ എന്ന പദം ഫോക്സിനെ [സ്ഥാപകൻ] ആക്ഷേപിക്കാനായിരുന്നു ആദ്യമായി ഉപയോഗിച്ചത്. ‘കർത്താവിന്റെ വചനത്തിൽ വിറകൊള്ളാ’ൻ അദ്ദേഹം ഒരു ഇംഗ്ലീഷ് ന്യായാധിപനോടു പറഞ്ഞു. അപ്പോൾ ന്യായാധിപനായിരുന്നു ഫോക്സിനെ ‘ക്വേക്കർ’ എന്നു വിളിച്ചത്.”
നിങ്ങൾ ഓർക്കുന്നുവോ?
◻ “വിശ്വസ്തനും വിവേകിയുമായ അടിമ” ആർ, “ഭവനത്തിലുള്ളവർ” ആർ?
◻ ആധുനികനാളിലെ ചില ആദ്യകാല ഒളിമിന്നലുകൾ എന്തെല്ലാം?
◻ യഹോവയുടെ സാക്ഷികൾ എന്ന പുതിയ പേർ ഉചിതമായിരുന്നതെന്തുകൊണ്ട്?
◻ 1935-ൽ ശ്രദ്ധേയമായ ഏതു സത്യങ്ങൾ വെളിപ്പെട്ടു?
[17-ാം പേജിലെ ചിത്രം]
സി. ററി. റസ്സലും സഹകാരികളും ആത്മീയ പ്രകാശം പ്രചരിപ്പിക്കുന്നു, എന്നാൽ സകല മഹത്ത്വവും യഹോവയിലേക്കു തിരിച്ചുവിട്ടു