“സർവ്വാശ്വാസവും നല്കുന്ന ദൈവ”ത്തിൽനിന്നു സമാശ്വാസം
“മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. . . . ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു.”—2 കൊരിന്ത്യർ 1:3, 4.
1, 2. ദുഃഖിക്കുന്ന ആളുകൾക്ക് ഏതുതരം ആശ്വാസമാണ് ആവശ്യമായിരിക്കുന്നത്?
യഥാർഥ ആശ്വാസമാണ് ദുഃഖിക്കുന്ന ആളുകൾക്ക് ആവശ്യം, അല്ലാതെ മുഷിപ്പൻ ഭാഷണവും പതിവു പല്ലവിയുമല്ല. ‘കാലം മുറിവുണക്കും’ എന്ന പഴമൊഴി നാമെല്ലാം കേട്ടിട്ടുണ്ട്. എന്നാൽ വിയോഗം നേരിട്ടതിന്റെ പ്രാഥമിക ഘട്ടങ്ങളിൽ ആ ചിന്ത ഏതു ദുഃഖാർത്തനെയാണ് ആശ്വസിപ്പിക്കുക? ദൈവം പുനരുത്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു ക്രിസ്ത്യാനികൾക്ക് അറിയാം. എന്നാൽ പെട്ടെന്നുള്ള നഷ്ടത്തിന്റെ ഫലമായുണ്ടാകുന്ന ആഴമായ വേദനയെയും വൈകാരിക സമ്മർദത്തെയും അതു തടയുന്നില്ല. നിങ്ങൾക്ക് ഒരു കുട്ടി നഷ്ടപ്പെട്ടുവെന്നിരിക്കട്ടെ, അതിജീവിക്കുന്ന മറ്റു കുട്ടികൾ വിലയേറിയ ആ കുട്ടിക്കു ബദലായിരിക്കുന്നില്ല.
2 പ്രിയപ്പെട്ട ഒരാൾ നഷ്ടപ്പെടുമ്പോൾ, ദൈവവാഗ്ദത്തത്തിൽ ഉറച്ച അടിസ്ഥാനമുള്ള ആത്മാർഥമായ സാന്ത്വനം നമ്മെ ഏറ്റവും കൂടുതലായി സഹായിക്കുന്നു. നമുക്കു സമാനുഭാവവും ആവശ്യമാണ്. റുവാണ്ടയിലെ ആളുകളുടെ കാര്യത്തിൽ, വിശേഷിച്ചും സാത്താന്യ വർഗീയ കൂട്ടക്കൊലയിൽ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ നഷ്ടമായ അവിടത്തെ യഹോവയുടെ സാക്ഷികളുടെ നൂറുകണക്കിനു കുടുംബങ്ങളുടെ കാര്യത്തിൽ, ഇതു തീർച്ചയായും ശരിയായിരുന്നു. ദുഃഖിക്കുന്ന സകലർക്കും ആരിൽനിന്നാണ് ആശ്വാസം തേടാനാവുക?
യഹോവ—ആശ്വാസത്തിന്റെ ദൈവം
3. ആശ്വാസം നൽകുന്നതിൽ യഹോവ മാതൃക വെച്ചിരിക്കുന്നതെങ്ങനെ?
3 നമുക്ക് ആശ്വാസം നൽകുന്നതിൽ യഹോവ മാതൃക വെച്ചിരിക്കുന്നു. നമുക്കു നിത്യാശ്വാസവും പ്രത്യാശയും നൽകുന്നതിന് അവൻ തന്റെ ഏകജാതനായ പുത്രനെ ഭൂമിയിലേക്ക് അയച്ചു. യേശു ഇങ്ങനെ പഠിപ്പിച്ചു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) “സ്നേഹിതൻമാർക്കു വേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്നേഹം ആർക്കും ഇല്ല” എന്നും അവൻ പറഞ്ഞു. (യോഹന്നാൻ 15:13) “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്ന”തായി മറ്റൊരു സന്ദർഭത്തിൽ അവൻ പറഞ്ഞു. (മത്തായി 20:28) പൗലോസ് ഇങ്ങനെ പ്രസ്താവിച്ചു: “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കു വേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു.” (റോമർ 5:8) ഇവയും മറ്റനേകം വാക്യങ്ങളും വഴിയായി നാം ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സ്നേഹം ഗ്രഹിച്ചറിയുന്നു.
4. അപ്പോസ്തലനായ പൗലോസ് യഹോവയോടു പ്രത്യേകിച്ചും കടപ്പെട്ടിരുന്നത് എന്തുകൊണ്ട്?
4 അപ്പോസ്തലനായ പൗലോസ് യഹോവയുടെ അനർഹദയയെപ്പറ്റി ബോധവാനായിരുന്നു. ആത്മീയമായി മരിച്ച അവസ്ഥയിൽനിന്ന് അവൻ വീണ്ടെടുക്കപ്പെട്ടിരുന്നു, മതഭ്രാന്തുപിടിച്ച് ക്രിസ്തുവിന്റെ അനുഗാമികളെ പീഡിപ്പിക്കുന്നവൻ എന്ന അവസ്ഥയിൽനിന്നും അവൻ പീഡിപ്പിക്കപ്പെടുന്ന ഒരു ക്രിസ്ത്യാനിയായിമാറിയിരുന്നു. (എഫെസ്യർ 2:1-5) അവൻ തന്റെ അനുഭവം വിശദീകരിക്കുന്നു: “ഞാൻ അപ്പൊസ്തലൻമാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല. എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യർത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.”—1 കൊരിന്ത്യർ 15:9, 10.
5. ദൈവത്തിൽനിന്നുള്ള ആശ്വാസത്തെക്കുറിച്ചു പൗലോസ് എന്ത് എഴുതി?
5 അപ്പോൾപ്പിന്നെ പൗലോസ് ഇങ്ങനെ എഴുതിയത് ഉചിതമാണ്: “മനസ്സലിവുള്ള പിതാവും സർവ്വാശ്വാസവും നല്കുന്ന ദൈവവുമായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവം വാഴ്ത്തപ്പെട്ടവൻ. ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസംകൊണ്ടു ഞങ്ങൾ യാതൊരു കഷ്ടത്തിലുമുള്ളവരെ ആശ്വസിപ്പിപ്പാൻ ശക്തരാകേണ്ടതിന്നു ഞങ്ങൾക്കുള്ള കഷ്ടത്തിൽ ഒക്കെയും അവൻ ഞങ്ങളെ ആശ്വസിപ്പിക്കുന്നു. ക്രിസ്തുവിന്റെ കഷ്ടങ്ങൾ ഞങ്ങളിൽ പെരുകുന്നതുപോലെ തന്നേ ക്രിസ്തുവിനാൽ ഞങ്ങളുടെ ആശ്വാസവും പെരുകുന്നു. ഞങ്ങൾ കഷ്ടം അനുഭവിക്കുന്നു എങ്കിൽ അതു നിങ്ങളുടെ ആശ്വാസത്തിന്നും രക്ഷെക്കും ആകുന്നു; ഞങ്ങൾക്കും ആശ്വാസം വരുന്നു എങ്കിൽ അതു ഞങ്ങൾ സഹിക്കുന്ന കഷ്ടങ്ങൾ തന്നേ നിങ്ങളും സഹിക്കുന്നതിൽ നിങ്ങളുടെ ആശ്വാസത്തിന്നായി ഫലിക്കുന്നു. നിങ്ങൾ കഷ്ടങ്ങൾക്കു കൂട്ടാളികൾ ആകുന്നതുപോലെ, ആശ്വാസത്തിന്നും കൂട്ടാളികൾ എന്നറികയാൽ നിങ്ങൾക്കു വേണ്ടി ഞങ്ങളുടെ പ്രത്യാശ ഉറപ്പുള്ളതു തന്നേ.”—2 കൊരിന്ത്യർ 1:3-7.
6. “ആശ്വാസം” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദംകൊണ്ട് എന്താണ് അർഥമാക്കുന്നത്?
6 എത്ര പ്രചോദനാത്മകമായ വാക്കുകൾ! “ആശ്വാസം” എന്നതിന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം “ഒരുവന്റെ സമീപത്തേക്കുള്ളൊരു ക്ഷണ”വുമായി ബന്ധമുള്ളതാണ്. അതുകൊണ്ട്, “അത് ഒരുവൻ കഠിനമായ പരിശോധനയ്ക്കു വിധേയമായിരിക്കുമ്പോൾ അവനെ പ്രോത്സാഹിപ്പിക്കുന്നതിന് അവന്റെ സമീപം നിൽക്കുന്നതിനെ അർഥമാക്കുന്നു.” (എ ലിങ്ക്വിസ്റ്റിക് കീ റ്റു ദ ഗ്രീക്ക് ന്യൂ ടെസ്റ്റമെന്റ്) “ഈ പദം . . . സാന്ത്വനമേകുന്ന സഹതാപത്തെക്കാൾ വളരെയധികം അർഥമാക്കുന്നു. . . . ക്രിസ്തീയ സാന്ത്വനം ധൈര്യം പകരുന്നതും ജീവിതത്തിലെ ബുദ്ധിമുട്ടുകളെയെല്ലാം നേരിടുന്നതിന് ഒരുവനെ പ്രാപ്തനാക്കുന്നതുമായ സാന്ത്വനമാണ്” എന്ന് ഒരു ബൈബിൾ പണ്ഡിതൻ എഴുതി. ശക്തമായ വാഗ്ദത്തത്തിലും പ്രത്യാശയിലും അടിസ്ഥാനപ്പെട്ടിരിക്കുന്ന, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള സാന്ത്വന വാക്കുകളും അതിൽ ഉൾപ്പെട്ടിരിക്കുന്നു.
യേശുവും പൗലോസും—അനുകമ്പയുള്ള ആശ്വാസകർ
7. പൗലോസ് തന്റെ ക്രിസ്തീയ സഹോദരൻമാർക്ക് ആശ്വാസമായിരുന്നത് എങ്ങനെ?
7 ആശ്വാസം കൊടുക്കുന്നതിൽ പൗലോസ് എത്ര വിശിഷ്ടമായ മാതൃകയായിരുന്നു! തെസലോനിക്യയിലെ സഹോദരങ്ങൾക്ക് ഇങ്ങനെ എഴുതാൻ അദ്ദേഹത്തിനു കഴിഞ്ഞു: “ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു. ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു. ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.” സ്നേഹനിധികളായ, പരിപാലനമേകുന്ന മാതാപിതാക്കളെപ്പോലെതന്നെ നമുക്കെല്ലാം മറ്റുള്ളവരുമായി അവർക്കാവശ്യമുള്ളപ്പോഴെല്ലാം ഊഷ്മളതയും സഹാനുഭൂതിയും പങ്കിടാം.—1 തെസ്സലൊനീക്യർ 2:7, 8, 11.
8. യേശുവിന്റെ പഠിപ്പിക്കൽ ദുഃഖാർത്തർക്ക് ആശ്വാസമായിരിക്കുന്നത് എന്തുകൊണ്ട്?
8 അത്തരം പരിപാലനവും ദയയും പ്രകടമാക്കിയപ്പോൾ പൗലോസ് തന്റെ വലിയ മാതൃകാപുരുഷനായ യേശുവിനെ അനുകരിക്കുകമാത്രമായിരുന്നു. മത്തായി 11:28-30-ൽ യേശു നമുക്കു നീട്ടിത്തരുന്ന അനുകമ്പാപുരസ്സരമായ ക്ഷണം ഓർക്കുക: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.” അതെ, യേശുവിന്റെ ഉപദേശം നവോൻമേഷപ്രദമായതിനാൽ അത് ഒരു പ്രത്യാശയും ഒരു വാഗ്ദത്തവും—പുനരുത്ഥാനത്തിന്റെ വാഗ്ദത്തം—വെച്ചുനീട്ടുന്നു. ഈ പ്രത്യാശയും വാഗ്ദത്തവുമാണു നാം ആളുകൾക്കു വെച്ചുനീട്ടുന്നത്, ദൃഷ്ടാന്തത്തിന് നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക നാം അവർക്കു നൽകുമ്പോൾ. നാം ദീർഘകാലമായി ദുഃഖിതരാണെങ്കിൽപ്പോലും ഈ പ്രത്യാശക്കു നമ്മെയെല്ലാം സഹായിക്കാൻ കഴിയും.
ദുഃഖിക്കുന്നവരെ സഹായിക്കുന്ന വിധം
9. ദുഃഖിക്കുന്നവരോടു നാം അക്ഷമരാകരുതാത്തത് എന്തുകൊണ്ട്?
9 പ്രിയപ്പെട്ടയാളുടെ മരണശേഷമുള്ള കുറച്ചു കാലത്തേക്കു മാത്രമല്ല ദുഃഖം. ചിലർ, പ്രത്യേകിച്ചും കുട്ടികൾ നഷ്ടപ്പെട്ടവർ, തങ്ങളുടെ ദുഃഖം ആജീവനാന്തം കൊണ്ടുനടക്കുന്നു. 1963-ൽ സ്പെയിനിലുള്ള ഒരു വിശ്വസ്ത ക്രിസ്തീയ ദമ്പതികൾക്ക് തങ്ങളുടെ 11 വയസ്സുള്ള മകൻ നഷ്ടപ്പെട്ടു. മസ്തിഷ്ക ചർമവീക്കത്തിനിരയായി മരിച്ചുപോയ പകീറ്റോയെക്കുറിച്ചു പറയുമ്പോൾ ഇന്നും അവർ കണ്ണീർ പൊഴിക്കുന്നു. വാർഷികങ്ങളും ഫോട്ടോകളും അല്ലെങ്കിൽ സ്മരണികകളും ദുഃഖസ്മരണകൾ ഉയർത്തിയേക്കാം. അതുകൊണ്ടു നാം ഒരിക്കലും അക്ഷമരാകുകയും ഒരു വ്യക്തി തന്റെ നഷ്ടത്തെ ഇതിനോടകം തരണംചെയ്യേണ്ടതാണ് എന്നു വിചാരിക്കുകയും ചെയ്യരുത്. വൈദ്യശാസ്ത്രരംഗത്തെ ഒരു ആധികാരിക പ്രസിദ്ധീകരണം ഇങ്ങനെ സമ്മതിച്ചുപറയുന്നു: “വിഷാദവും വൈകാരിക വ്യതിയാനങ്ങളും വർഷങ്ങളോളം നീണ്ടുനിന്നേക്കാം.” അതുകൊണ്ട്, ശരീരത്തിലുള്ള പാടുകൾ ജീവകാലം മുഴുവൻ ഉണ്ടായിരിക്കുന്നതുപോലെ അനേക വൈകാരിക പാടുകളും ഉണ്ടായിരിക്കുമെന്ന് ഓർക്കുക.
10. ദുഃഖിക്കുന്നവരെ സഹായിക്കാൻ നാം എന്തു ചെയ്യണം?
10 ക്രിസ്തീയ സഭയിൽ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന പ്രായോഗികമായ ചില കാര്യങ്ങൾ ഏവയാണ്? “എനിക്കു സാധിക്കുന്ന എന്തെങ്കിലും കാര്യമുണ്ടെങ്കിൽ ഒന്നു പറഞ്ഞാൽമാത്രംമതി കേട്ടോ” എന്ന് ആശ്വാസം ആവശ്യമുള്ള ഒരു സഹോദരനോടോ സഹോദരിയോടോ തികഞ്ഞ ആത്മാർഥതയോടുകൂടെ നാം പറഞ്ഞേക്കാം. എന്നാൽ “ഇന്ന കാര്യത്തിൽ നിങ്ങൾക്ക് എന്നെ സഹായിക്കാനാവുമെന്ന് എനിക്കു തോന്നുന്നു” എന്നു വിയോഗം നേരിട്ട ഒരു വ്യക്തി എപ്പോഴെങ്കിലും നമ്മെ വിളിച്ചു പറയാറുണ്ടോ? വിയോഗം നേരിട്ടവരെ ആശ്വസിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നയപൂർവം മുൻകൈ എടുക്കേണ്ടതു നാമാണെന്നു വ്യക്തമാണ്. അതുകൊണ്ട്, പ്രയോജനപ്രദമായ ഒരു വിധത്തിൽ നമുക്ക് എന്തു ചെയ്യാനാവും? ചില പ്രായോഗിക നിർദേശങ്ങളിതാ.
11. നാം ശ്രദ്ധിക്കുന്നതു മറ്റുള്ളവർക്ക് ആശ്വാസമായിരിക്കാവുന്നത് എങ്ങനെ?
11 ശ്രദ്ധിക്കുക: വിയോഗം നേരിട്ടയാൾ പറയുന്നതു ശ്രദ്ധിച്ചുകൊണ്ട് അയാളുടെ വേദനയിൽ പങ്കുകൊള്ളുകയാണു നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റം സഹായകമായ ഒരു സംഗതി. “എന്താണുണ്ടായതെന്നു പറയാമോ?” എന്നു നിങ്ങൾക്കു ചോദിക്കാവുന്നതാണ്. വ്യക്തി തീരുമാനിക്കട്ടെ. തന്റെ പിതാവു മരിച്ച സമയത്തെക്കുറിച്ച് ഒരു ക്രിസ്ത്യാനി അനുസ്മരിക്കുന്നു: “മറ്റുള്ളവർ എന്നോടു സംഭവിച്ചതെന്താണെന്നു ചോദിക്കുകയും അനന്തരം ശ്രദ്ധയോടെ കേൾക്കുകയും ചെയ്തപ്പോൾ എനിക്കു വലിയ ആശ്വാസം തോന്നി.” യാക്കോബ് ബുദ്ധ്യുപദേശിച്ചതുപോലെ കേൾപ്പാൻ വേഗതയുണ്ടായിരിക്കുക. (യാക്കോബ് 1:19) ക്ഷമയോടും സഹതാപത്തോടുംകൂടെ ശ്രദ്ധിക്കുക. ‘കരയുന്നവരോടുകൂടെ കരയുക’ എന്നു ബൈബിൾ റോമർ 12:15-ൽ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. യേശു മാർത്തയോടും മറിയയോടുമൊപ്പം കണ്ണീർവാർത്തുവെന്ന് ഓർമിക്കുക.—യോഹന്നാൻ 11:35.
12. വിലപിക്കുന്നവർക്ക് ഏതു തരത്തിലുള്ള സമാശ്വാസമാണു നമുക്കു നൽകാനാവുക?
12 സമാശ്വസിപ്പിക്കുക: ഓർക്കുക, വിരഹദുഃഖമനുഭവിക്കുന്ന വ്യക്തിക്ക് ആദ്യമൊക്കെ ചിലപ്പോൾ കുറ്റബോധം തോന്നിക്കൂടായ്കയില്ല. താൻ എന്തൊക്കെയോ ചെയ്യേണ്ടതായിരുന്നു എന്നൊക്കെ അയാൾ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാവാം. സാധ്യമായതെല്ലാം ചെയ്തുവെന്ന് (അല്ലെങ്കിൽ യഥാർഥത്തിൽ അവർ ചെയ്ത ക്രിയാത്മകമായ എന്തെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ അവ) പറഞ്ഞ് ആ വ്യക്തിയെ ആശ്വസിപ്പിക്കുക. അയാൾക്ക് അനുഭവപ്പെടുന്നത് ഒട്ടും അസാധാരണമല്ലെന്നു വീണ്ടും ഉറപ്പുകൊടുക്കുക. ഇതുപോലുള്ള നഷ്ടത്തെ വിജയകരമായി തരണം ചെയ്തതായി നിങ്ങൾക്കറിവുള്ള മറ്റുള്ളവരെപ്പറ്റി അയാളോടു പറയുക. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ഉണർവുള്ളവരും അനുകമ്പയുള്ളവരും ആയിരിക്കുക. ദയാപുരസ്സമായ നമ്മുടെ സഹായത്തിന് വളരെയധികം പ്രയോജനങ്ങൾ കൈവരുത്താനാവും! “തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തിൽ പൊൻനാരങ്ങാപോലെ” എന്നു ശലോമോൻ എഴുതി.—സദൃശവാക്യങ്ങൾ 16:24; 25:11; 1 തെസ്സലൊനീക്യർ 5:11, 14.
13. നാം നമ്മെത്തന്നെ ലഭ്യമാക്കിയാൽ അതെങ്ങനെ സഹായിക്കും?
13 ലഭ്യമാക്കുക: നിങ്ങളെത്തന്നെ ലഭ്യമാക്കുക, അനേകം സുഹൃത്തുക്കളും ബന്ധുക്കളും കൂടെയുള്ള ആദ്യത്തെ ഏതാനും ചില ദിവസങ്ങളിൽ മാത്രമല്ല, ആവശ്യമെങ്കിൽ മറ്റുള്ളവർ അവരവരുടെ സാധാരണ ജീവിതചര്യയിലേക്കു തിരിച്ചുപോയിക്കഴിഞ്ഞ പിൽക്കാല മാസങ്ങളിലും. ദുഃഖത്തിന്റെ കാലഘട്ടം പലർക്കും പലതായിരിക്കും. നമ്മുടെ ക്രിസ്തീയ താത്പര്യത്തിനും സഹതാപത്തിനും ആവശ്യത്തിന്റെ ഏതു സമയത്തും വളരെയധികം പ്രയോജനം ചെയ്യാനാവും. “സഹോദരനെക്കാളും പറ്റുള്ള സ്നേഹിതൻമാരും ഉണ്ട്” എന്നു ബൈബിൾ പറയുന്നു. അതുകൊണ്ട്, “അനർഥകാലത്തെ സ്നേഹിതനാണ് യഥാർഥ സ്നേഹിതൻ” എന്ന പഴമൊഴി നാം പ്രവൃത്തിപഥത്തിൽ വരുത്തേണ്ട ഒരു സാർവത്രികസത്യമാണ്.—സദൃശവാക്യങ്ങൾ 18:24; താരതമ്യം ചെയ്യുക: പ്രവൃത്തികൾ 28:15.
14. വിയോഗം നേരിട്ടവരെ ആശ്വസിപ്പിക്കുന്നതിനു നമുക്ക് എന്തു സംസാരിക്കാം?
14 മരിച്ച വ്യക്തിയുടെ നല്ല ഗുണങ്ങളെപ്പറ്റി ഉചിതമായ സമയത്തു സംസാരിക്കുക: തക്കസമയത്തു നൽകുന്നുവെങ്കിൽ അതൊരു വലിയ സഹായമാണ്. ആ വ്യക്തിയെപ്പറ്റി നിങ്ങൾ ഓർക്കുന്ന സംഭവകഥകൾ പങ്കിടുക. വ്യക്തിയുടെ പേര് ഉപയോഗിക്കാൻ മടിക്കരുത്. നഷ്ടപ്പെട്ട വ്യക്തി ഒരുകാലത്തും ജീവിച്ചിരുന്നിട്ടില്ല, നിരാസ്തിക്യമായിരുന്നു എന്നമാതിരി സംസാരിക്കരുത്. ഹാർവാർഡ് മെഡിക്കൽ സ്കൂളിൽനിന്നുള്ള ഒരു പത്രം പറഞ്ഞതെന്തെന്നു പരിചിന്തിക്കുന്നത് ആശ്വാസദായകമാണ്: “ദുഃഖിതനായ വ്യക്തിക്കു മരിച്ച വ്യക്തിയെപ്പറ്റി കുമിഞ്ഞുകൂടുന്ന ദുഃഖം കൂടാതെ ഒടുവിൽ ചിന്തിക്കാൻ കഴിയുന്നു. അതോടെ ഒരു വിധത്തിലുള്ള പൂർവസ്ഥിതി സാധ്യമാകുന്നു. . . . പുതിയ യാഥാർഥ്യം അംഗീകരിക്കുകയും അതുമായി പൊരുത്തപ്പെടുകയും ചെയ്യുമ്പോൾ ദുഃഖം പിന്നെ ധന്യസ്മരണകളാവുകയായി.” “ധന്യസ്മരണകൾ”—പ്രിയപ്പെട്ട ഒരാളോടൊപ്പം ചെലവഴിച്ച ധന്യനിമിഷങ്ങളെപ്പറ്റി അനുസ്മരിക്കുന്നത് എത്ര ആശ്വാസദായകമാണ്! ഏതാനും വർഷങ്ങൾക്കുമുമ്പു പിതാവിനെ നഷ്ടപ്പെട്ട ഒരു സാക്ഷി ഇങ്ങനെ പറഞ്ഞു: “പിതാവു സത്യം പഠിക്കാൻ തുടങ്ങിയശേഷം താമസിയാതെ അദ്ദേഹത്തോടൊപ്പം ബൈബിൾ വായിച്ചിരുന്നതും ആറ്റുകരയിൽ എന്റെ ചില പ്രശ്നങ്ങൾ ചർച്ചചെയ്തുകൊണ്ടു കിടന്നിരുന്നതും എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക സ്മരണയാണ്. മൂന്നോ നാലോ വർഷം കൂടുമ്പോഴായിരുന്നു ഞാൻ അദ്ദേഹത്തെ കണ്ടിരുന്നത്. തൻമൂലം ആ സന്ദർഭങ്ങൾ വളരെ മൂല്യവത്തായിരുന്നു.”
15. സഹായിക്കുന്നതിന് ഒരുവന് എങ്ങനെ മുൻകൈ എടുക്കാം?
15 ഉചിതമായിരിക്കുമ്പോൾ മുൻകൈ എടുക്കുക: ദുഃഖിതരായ ചിലർ മറ്റുള്ളവരെക്കാൾ മെച്ചമായി പ്രശ്നത്തെ നേരിടുന്നു. അതുകൊണ്ടു സാഹചര്യങ്ങൾക്കനുസൃതമായി സഹായിക്കുന്നതിനു പ്രായോഗിക നടപടികൾ സ്വീകരിക്കുക. ദുഃഖാർത്തയായ ഒരു ക്രിസ്തീയ സ്ത്രീ ഇങ്ങനെ അനുസ്മരിച്ചു: “‘ഞാനെന്തെങ്കിലും ചെയ്തു തരണമെങ്കിൽ ഒന്നെന്നെ അറിയിച്ചാൽ മതി’ എന്ന് പലരും പറഞ്ഞു. എന്നാൽ ഒരു ക്രിസ്തീയ സഹോദരി ചോദിക്കാൻ നിന്നില്ല. അവൾ നേരെ കിടപ്പു മുറിയിൽ കടന്ന് കിടക്കവിരിയെല്ലാം മാറ്റി, മുഷിഞ്ഞു കിടന്ന തുണികളെല്ലാം അലക്കി വൃത്തിയാക്കി. മറ്റൊരാൾ ഒരു തൊട്ടിയും വെള്ളവും അലക്കുകാരവും എടുത്ത് എന്റെ ഭർത്താവിന്റെ ഛർദി വീണ കയറ്റുപായ കഴുകി വെടിപ്പാക്കി. അവർ യഥാർഥ സുഹൃത്തുക്കളായിരുന്നു. ഞാനൊരിക്കലും അവരെ മറക്കില്ല.” സഹായം വ്യക്തമായും ആവശ്യമുള്ളപ്പോൾ, ഒരുപക്ഷേ ഭക്ഷണം പാകംചെയ്തുകൊണ്ടോ ശുചീകരണത്തിനു സഹായിച്ചുകൊണ്ടോ എന്തെങ്കിലും കാര്യങ്ങൾ നടത്തിക്കൊടുത്തുകൊണ്ടോ മുൻകൈ എടുക്കുക. എന്നാൽ മരണദുഃഖം അനുഭവിക്കുന്നയാൾ സ്വകാര്യത ആഗ്രഹിക്കുമ്പോൾ നാം തീർച്ചയായും നുഴഞ്ഞുകയറുന്നവരാകാൻ പാടില്ല. അങ്ങനെ നാം പൗലോസിന്റെ പിൻവരുന്ന വാക്കുകൾ ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കണം: ‘അതുകൊണ്ടു ദൈവത്തിന്റെ വൃതൻമാരും വിശുദ്ധൻമാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീർഘക്ഷമ, എന്നിവ ധരിച്ചുകൊൾക.’ ദയയും ക്ഷമയും സ്നേഹവും ഒരുനാളും ഉതിരുകയില്ല.—കൊലൊസ്സ്യർ 3:12; 1 കൊരിന്ത്യർ 13:4-8.
16. ഒരു കത്തോ കാർഡോ എങ്ങനെ സഹായം പ്രദാനം ചെയ്തേക്കാം?
16 ഒരു എഴുത്ത് എഴുതുകയോ ഒരു ആശ്വാസകാർഡ് അയയ്ക്കുകയോ ചെയ്യുക: മിക്കപ്പോഴും അനുശോചനക്കത്തിന്റെയോ മനോഹരമായ അനുകമ്പാകാർഡിന്റെയോ മൂല്യം അവഗണിക്കപ്പെടുന്നു. അതിന്റെ പ്രയോജനമെന്താണ്? അതു വീണ്ടും വീണ്ടും വായിക്കാൻ കഴിയും. അത്തരമൊരു കത്ത് ദീർഘമായിരിക്കേണ്ടതില്ല, എന്നാൽ അതിൽ നിങ്ങളുടെ സഹാനുഭൂതി പ്രകടമായിരിക്കണം. അത് ഒരു ആത്മീയ ധ്വനി പ്രകടമാക്കണം, അതേസമയം പ്രസംഗപ്രതീതി ഉളവാക്കുകയുമരുത്. “നിങ്ങൾക്കു ഞങ്ങളുണ്ടല്ലോ” എന്ന സന്ദേശംപോലും ഒരു അനുശോചനമായിരുന്നേക്കാം.
17. പ്രാർഥനയ്ക്ക് എങ്ങനെ ആശ്വാസം കൈവരുത്താനാവും?
17 അവരോടൊത്തു പ്രാർഥിക്കുക: വിരഹദുഃഖം അനുഭവിക്കുന്ന സഹക്രിസ്ത്യാനികളോടൊപ്പവും അവർക്കുവേണ്ടിയുമുള്ള പ്രാർഥനകളുടെ മൂല്യത്തെ താഴ്ത്തിമതിക്കരുത്. യാക്കോബ് 5:16-ൽ ബൈബിൾ പറയുന്നു: “നീതിമാന്റെ . . . പ്രാർത്ഥന വളരെ ഫലിക്കുന്നു.” ദുഃഖിതർ, അവർക്കുവേണ്ടി നാം പ്രാർഥിക്കുന്നതു കേൾക്കുമ്പോൾ കുറ്റബോധംപോലെയുള്ള നിഷേധാത്മകമായ വികാരങ്ങൾ നീക്കംചെയ്യാൻ അത് അവരെ സഹായിക്കും. നമ്മുടെ ബലഹീന നിമിഷങ്ങളിലോ ധൈര്യക്ഷയത്തിലോ സാത്താൻ അവന്റെ “തന്ത്രങ്ങൾ,” അഥവാ “കൗശല പ്രവൃത്തികൾ” മൂലം നമ്മുടെ അടിത്തറതോണ്ടാൻ ശ്രമിക്കുന്നു. അപ്പോഴാണു നമുക്ക് ആശ്വാസവും പ്രാർഥനയുടെ പിന്തുണയും ആവശ്യമായിരിക്കുന്നത്. “സകലപ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർത്ഥിച്ചും അതിന്നായി ജാഗരിച്ചുംകൊണ്ടു സകല വിശുദ്ധൻമാർക്കും . . . വേണ്ടി പ്രാർത്ഥനയിൽ പൂർണ സ്ഥിരത കാണിപ്പിൻ” എന്നു പൗലോസ് പ്രസ്താവിച്ചപോലെതന്നെ.—എഫെസ്യർ 6:11, 18, രാജ്യവരിമധ്യം; താരതമ്യം ചെയ്യുക: യാക്കോബ് 5:13-15.
ചെയ്യരുതാത്തത്
18, 19. നമ്മുടെ സംഭാഷണത്തിൽ നമുക്ക് എങ്ങനെ നയം പ്രകടമാക്കാം?
18 ഒരു വ്യക്തി ദുഃഖിതനായിരിക്കുമ്പോൾ, ചെയ്യരുതാത്തതും പറയരുതാത്തതുമായ കാര്യങ്ങൾ ഉണ്ട്. സദൃശവാക്യങ്ങൾ 12:18 നമുക്ക് ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വാളുകൊണ്ടു കുത്തുംപോലെ മൂർച്ചയായി സംസാരിക്കുന്നവർ ഉണ്ടു; ജ്ഞാനികളുടെ നാവോ സുഖപ്രദം.” ചിലപ്പോൾ അറിയാതെ നാം നയമില്ലാത്തവരായിപ്പോകുന്നു. ദൃഷ്ടാന്തത്തിന്, “നിങ്ങളുടെ ദുഃഖം എനിക്കു മനസ്സിലാക്കാം” എന്നു നാം പറഞ്ഞേക്കാം. എന്നാൽ വാസ്തവത്തിൽ അതു സത്യമാണോ? നിങ്ങൾക്ക് കൃത്യമായി അതേ നഷ്ടം ഉണ്ടായിട്ടുണ്ടോ? തന്നെയുമല്ല, ആളുകളുടെ പ്രതികരണം വ്യത്യസ്തമാണ്. നിങ്ങളുടെ പ്രതികരണങ്ങൾ ദുഃഖിക്കുന്നയാളിന്റെ അതേ പ്രതികരണങ്ങൾ ആയിരുന്നിരിക്കില്ല. മറിച്ച്, “കുറേ നാളുകൾക്കു മുമ്പ് എന്റെ . . . മരിച്ചപ്പോൾ എനിക്കും ഇതുപോലൊരു നഷ്ടം ഉണ്ടായതുകൊണ്ട് യഥാർഥത്തിൽ നിങ്ങളുടെ സങ്കടത്തിൽ ഞാനും ചേരുന്നു” എന്നു പറയുന്നതാവും കൂടുതൽ ഹൃദയസ്പർശമാവുക.
19 മരിച്ചയാൾ ഉയിർപ്പിക്കപ്പെടുമോ ഇല്ലയോ എന്നതിനെക്കുറിച്ച് അഭിപ്രായം പറയുന്നത് ഒഴിവാക്കുന്നതും വിവേചനയായിരിക്കും. അവിശ്വാസിയായ ഇണ ഉയിർപ്പിക്കപ്പെടാനുള്ള സാധ്യതകളുണ്ടോ എന്നതു സംബന്ധിച്ച അഭിപ്രായങ്ങൾ ചില സഹോദരീസഹോദരൻമാരെ ആഴമായി വേദനിപ്പിച്ചിട്ടുണ്ട്. ആർ ഉയിർപ്പിക്കപ്പെടും ആർ ഉയിർപ്പിക്കപ്പെടുകയില്ല എന്നതു സംബന്ധിച്ചു ന്യായം വിധിക്കുന്ന ന്യായാധിപൻമാരല്ല നമ്മൾ. ഹൃദയത്തെ ശോധനചെയ്യുന്ന യഹോവ നമ്മിൽ മിക്കവരെക്കാളും വളരെയധികം കരുണാമയനായിരിക്കും എന്നതിൽ നമുക്ക് ആശ്വാസംകൊള്ളാം.—സങ്കീർത്തനം 86:15; ലൂക്കൊസ് 6:35-37.
ആശ്വാസം പകരുന്ന തിരുവെഴുത്തുകൾ
20, 21. വിയോഗം നേരിട്ടവരെ ആശ്വസിപ്പിക്കാവുന്ന ഏതാനും ചില തിരുവെഴുത്തുകൾ ഏവ?
20 ദുഃഖിതർക്കു നൽകാവുന്ന ഏറ്റവും വലിയ സഹായങ്ങളിലൊന്ന് മരിച്ചവരെ സംബന്ധിച്ചുള്ള യഹോവയുടെ വാഗ്ദത്തങ്ങളെപ്പറ്റിയുള്ള തക്കസമയത്തെ പരിചിന്തനമാണ്. ഈ ബൈബിൾപരമായ ചിന്തകൾ മരണദുഃഖമനുഭവിക്കുന്നയാൾ ഇപ്പോൾത്തന്നെ ഒരു സാക്ഷിയായാലും ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നയാളായാലും പ്രയോജനപ്രദമായിരിക്കും. ഈ വാക്യങ്ങളിൽ ചിലത് ഏവയാണ്? യഹോവ സർവാശ്വാസത്തിന്റെയും ദൈവമാണെന്നു നമുക്കറിയാം. കാരണം അവൻ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ഞാൻ, ഞാൻ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ.” “അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും” എന്നും അവൻ പറഞ്ഞിരിക്കുന്നു.—യെശയ്യാവു 51:12; 66:13.
21 സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയിൽ എനിക്കു ആശ്വാസമാകുന്നു. യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഓർത്തു ഞാൻ എന്നെതന്നെ ആശ്വസിപ്പിക്കുന്നു. അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.” ഈ വാക്യങ്ങളിൽ “ആശ്വാസം” എന്ന പദം ആവർത്തിച്ച് ഉപയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അതേ, ക്ലേശസമയത്തു യഹോവയുടെ വചനത്തിലേക്കു തിരിയുന്നതിനാൽ നമുക്കുവേണ്ടിയും മറ്റുള്ളവർക്കുവേണ്ടിയും യഥാർഥ ആശ്വാസം കണ്ടെത്താൻ നമുക്കു കഴിയും. ഇതിനോടൊപ്പം സഹോദരൻമാരുടെ സ്നേഹവും അനുകമ്പയും കൂടിയാകുമ്പോൾ നമ്മുടെ നഷ്ടത്തെ തരണംചെയ്യാനും വീണ്ടും ക്രിസ്തീയശുശ്രൂഷയിലെ സന്തോഷകരമായ പ്രവർത്തനംകൊണ്ടു നമ്മുടെ ജീവിതത്തെ നിറയ്ക്കാനും കഴിയും.—സങ്കീർത്തനം 119:50, 52, 76.
22. നമ്മുടെ മുന്നിൽ എന്തു പ്രത്യാശ കുടികൊള്ളുന്നു?
22 മറ്റുള്ളവരെ അവരുടെ ക്ലേശത്തിൽ സഹായിക്കുന്നതിൽ തിരക്കുള്ളവരായിരിക്കുന്നതിനാലും ഒരു പരിധിവരെ നമ്മുടെ ദുഃഖം തരണംചെയ്യാൻ നമുക്കാവും. ആശ്വാസം ആവശ്യമുള്ളവരിലേക്കു നാം നമ്മുടെ ശ്രദ്ധ തിരിക്കുമ്പോൾ നമുക്കും ആത്മീയ അർഥത്തിലുള്ള യഥാർഥ സന്തുഷ്ടി ലഭിക്കുന്നു. (പ്രവൃത്തികൾ 20:35) സകല മുൻ രാഷ്ട്രങ്ങളിലെയും ജനങ്ങൾ തലമുറതലമുറയായി തങ്ങളുടെ മരിച്ച പ്രിയപ്പെട്ടവരെ മരിച്ചവരിൽനിന്നു പുതിയലോകത്തിലേക്കു സ്വാഗതം ചെയ്യുന്ന പുനരുത്ഥാന നാളിനെപ്പറ്റിയുള്ള ദർശനം നമുക്ക് അവരോടൊപ്പം പങ്കുവെക്കാം. എന്തോരു പ്രത്യാശ! യഹോവ വാസ്തവമായും “എളിയവരെ ആശ്വസിപ്പിക്കുന്ന” ദൈവമാണെന്നു നാം അനുസ്മരിക്കുമ്പോൾ എന്തുമാത്രം സന്തോഷാശ്രുക്കളായിരിക്കും നാം പൊഴിക്കുക!—2 കൊരിന്ത്യർ 7:6.
നിങ്ങൾ ഓർക്കുന്നുവോ?
◻ യഹോവ “സർവ്വാശ്വാസവും നല്കുന്ന ദൈവ”മായിരിക്കുന്നത് എങ്ങനെ?
◻ യേശുവും പൗലോസും ദുഃഖിതരെ എങ്ങനെയാണ് ആശ്വസിപ്പിച്ചത്?
◻ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാൻ നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളേവ?
◻ ദുഃഖിതരുമായി ഇടപഴകുമ്പോൾ നാം എന്ത് ഒഴിവാക്കണം?
◻ നഷ്ട സമയങ്ങളിൽ ആശ്വാസം പകരുന്ന, നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട തിരുവെഴുത്തുകൾ ഏവ?
[15-ാം പേജിലെ ചിത്രം]
ദുഃഖിക്കുന്നവരെ സഹായിക്കാൻ നയപൂർവം മുൻകൈ എടുക്കുക