അപൂർണ ലോകത്തിൽ ആശ്രയയോഗ്യത
“ഞാൻ ചെയ്വാൻ ഇച്ഛിക്കുന്ന നന്മ ചെയ്യുന്നില്ലല്ലോ; ഇച്ഛിക്കാത്ത തിന്മയത്രേ പ്രവർത്തിക്കുന്നതു.” നിങ്ങളുടെ ജീവിതത്തിലും ഇതു സത്യമാണെന്നു തോന്നുന്നുണ്ടോ? ഇതേ പ്രശ്നം പൗലൊസ് അപ്പോസ്തലന് ഉണ്ടായിരുന്നുവെന്ന് അറിയുന്നത് ആശ്വാസകരമാണ്. അതേസമയംതന്നെ അവൻ മികച്ച ക്രിസ്തീയ നിർമലത പ്രകടമാക്കിയ വ്യക്തിയുമാണ്. അതൊരു വിരോധാഭാസമല്ലേ? റോമിലെ ക്രിസ്ത്യാനികൾക്കുള്ള ലേഖനത്തിൽ, പൗലൊസ് ആ പ്രശ്നത്തെ അപഗ്രഥിച്ചുകൊണ്ടു പറഞ്ഞു: “ഞാൻ ഇച്ഛിക്കാത്തതിനെ ചെയ്യുന്നു എങ്കിലോ അതിനെ പ്രവർത്തിക്കുന്നതു ഞാനല്ല എന്നിൽ വസിക്കുന്ന പാപമത്രേ.” ഏതു പാപത്തെയാണ് അവൻ പരാമർശിക്കുന്നത്, നിർമലതാപാലകനാകാൻ അവൻ അത് എങ്ങനെയാണു തരണം ചെയ്തത്?—റോമർ 7:19, 20.
ആ ലേഖനത്തിൽ പൗലൊസ് നേരത്തേ ഇങ്ങനെ എഴുതിയിരുന്നു: “ഏകമനുഷ്യനാൽ പാപവും പാപത്താൽ മരണവും ലോകത്തിൽ കടന്നു. ഇങ്ങനെ എല്ലാവരും പാപം ചെയ്കയാൽ മരണം സകലമനുഷ്യരിലും പരന്നിരിക്കുന്നു.” ആ “ഏകമനുഷ്യൻ” ആദാമായിരുന്നു. (റോമർ 5:12, 14) മനുഷ്യവർഗം അവകാശപ്പെടുത്തിയിരിക്കുന്ന അപൂർണതയുടെ കാരണവും നിർമലത പാലിക്കുന്നത് യഥാർഥ വെല്ലുവിളിയായിരിക്കുന്നതിന്റെ അടിസ്ഥാന കാരണവും ആദാമ്യ പാപമാണ്, അതായത് ആദ്യ മനുഷ്യനായ ആദാമിന്റെ പാപം.
സാധാരണമായി “ആദ്യപാപ”മെന്നു വിളിച്ചിരുന്നതിനെക്കുറിച്ചുള്ള പൗലൊസിന്റെ കാഴ്ചപ്പാട് ഇന്ന് വ്യാപകമായി അംഗീകരിക്കപ്പെടുന്നില്ല. കാരണം പരിണാമവാദവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങൾക്കുവേണ്ടി ദൈവശാസ്ത്രജ്ഞന്മാരിൽ അനേകരും സൃഷ്ടിയെക്കുറിച്ചുള്ള ബൈബിൾവിവരണം തള്ളിക്കളഞ്ഞിരിക്കുകയാണ്. “പണ്ഡിതന്മാർ പ്രസ്തുത ഭാഗം മുഴുവനും തള്ളിക്കളഞ്ഞിരിക്കുന്നു” എന്നാണ് റോമർ 5:12-14-നെക്കുറിച്ചുള്ള ഒരു ആധുനിക ഭാഷ്യം പ്രസ്താവിക്കുന്നത്. എങ്കിലും നൂറു വർഷങ്ങൾക്കു മുമ്പ്, ബൈബിൾ ഭാഷ്യങ്ങൾ ഏകാഭിപ്രായത്തോടെ വിശദീകരിച്ചിരുന്നത്, “ആദാം പാപം ചെയ്തപ്പോൾ . . . അവൻ ആ പാപത്താലും അതിന്റെ ഭവിഷ്യത്തുകളാലും തന്റെ എല്ലാ സന്താനങ്ങളെയും കളങ്കിതരാക്കി” എന്നാണ്.a
നിർമലത ആദ്യമായി നഷ്ടപ്പെട്ടത്
ഇന്ന് അനേകരും ആദ്യ മനുഷ്യനായ ആദാമിന്റെ അസ്തിത്വത്തെ നിഷേധിക്കുന്നതുപോലെ, പിശാചായ സാത്താനെയും കേവലമൊരു ഭാവനാസൃഷ്ടിയായി വീക്ഷിക്കുന്നു.b എന്നാൽ അവൻ “സത്യത്തിൽ ഉറച്ചുനിന്നില്ലെന്ന്” അഥവാ ആശ്രയയോഗ്യനായിരുന്നില്ലെന്ന് ആധികാരികതയിൽ പ്രമുഖനായ യേശുക്രിസ്തു പറയുന്നു. (യോഹന്നാൻ 8:44, NW) ആദാമും അവന്റെ ഭാര്യയും യഹോവയ്ക്കെതിരെ മത്സരിക്കുകയും പരിശോധനയിൻ കീഴിൽ നിർമലത വിട്ടുകളയുകയും ചെയ്തത് സാത്താന്റെ പ്രേരണയാലായിരുന്നു.—ഉല്പത്തി 3:1-19.
നാമെല്ലാം ആദാമിന്റെ പിൻഗാമികളായതുകൊണ്ട്, പാപം ചെയ്യാനുള്ള പ്രവണത നമുക്കെല്ലാം അവകാശമായി കിട്ടിയിരിക്കുന്നു. ജ്ഞാനിയായ ശലോമോൻ പ്രസ്താവിച്ചു: “പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.” (സഭാപ്രസംഗി 7:20) എങ്കിലും ഏതൊരു മനുഷ്യനും ആശ്രയയോഗ്യനായിരിക്കാൻ കഴിയും. ഇതെങ്ങനെ സാധിക്കും? എന്തെന്നാൽ നിർമലത പാലിക്കുന്നതിന് ഒരുവൻ പൂർണനായിരിക്കണമെന്നില്ല.
നിർമലതയുടെ അടിസ്ഥാനം
ചരിത്രരേഖയായിത്തീർന്ന ബത്ത്-ശേബയുമായുള്ള തന്റെ വ്യഭിചാരമുൾപ്പെടെ അനേകം തെറ്റുകൾ ഇസ്രായേൽ രാജാവായ ദാവീദ് ചെയ്തു. (2 ശമൂവേൽ 11:1-27) ദാവീദിന്റെ അനേകം തെറ്റുകളും അവൻ പൂർണതയിൽനിന്ന് എത്രയോ അകലെയായിരുന്നുവെന്നു പ്രകടമാക്കുന്നു. എന്നിരുന്നാലും യഹോവ മനുഷ്യനിൽ എന്തു കാണുന്നു? ദാവീദിന്റെ പുത്രനായ ശലോമോനെ അഭിസംബോധന ചെയ്തുകൊണ്ട് യഹോവ പറഞ്ഞു: “എന്റെ മുമ്പാകെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുക.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (1 രാജാക്കന്മാർ 9:4) ദാവീദിന്റെ തെറ്റുകൾ അനേകമായിരുന്നെങ്കിലും അവന്റെ അടിസ്ഥാന ആശ്രയയോഗ്യതയെ യഹോവ അംഗീകരിച്ചു. എന്തുകൊണ്ട്?
ശലോമോനോടുള്ള ദാവീദിന്റെ വാക്കുകളിൽ ഉത്തരമുണ്ട്: “യഹോവ സർവ്വഹൃദയങ്ങളെയും പരിശോധിക്കയും വിചാരങ്ങളും നിരൂപണങ്ങളും എല്ലാം ഗ്രഹിക്കയും ചെയ്യുന്നു.” (1 ദിനവൃത്താന്തം 28:9) ദാവീദ് തെറ്റുകൾ ചെയ്തു, എന്നാൽ അവനു താഴ്മയുണ്ടായിരുന്നു, ശരിയായതു ചെയ്യാനുള്ള ആഗ്രഹമുണ്ടായിരുന്നു. അവൻ ശാസനയും തിരുത്തലും സ്ഥിരമായി സ്വീകരിച്ചു—വാസ്തവത്തിൽ അത് ആവശ്യപ്പെടുകപോലും ചെയ്തു. “യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ” എന്നായിരുന്നു അവന്റെ അഭ്യർഥന. (സങ്കീർത്തനം 26:2) ദാവീദ് തീർച്ചയായും ശുദ്ധീകരിക്കപ്പെട്ടു. ഉദാഹരണത്തിന്, ബത്ത്-ശേബയുമായുള്ള പാപത്തെത്തുടർന്ന് ഏർപ്പെടുത്തപ്പെട്ട നിയന്ത്രണങ്ങൾ അവന്റെ ആയുഷ്കാലം മുഴുവൻ നിലനിന്നു. എന്നിട്ടും, ദാവീദ് ഒരിക്കലും തന്റെ തെറ്റിനെ ന്യായീകരിക്കാൻ ശ്രമിച്ചില്ല. (2 ശമൂവേൽ 12:1-12) അതിലും പ്രധാനമായി, അവൻ ഒരിക്കലും സത്യാരാധനയിൽനിന്നു വ്യതിചലിച്ചില്ല. ഇതിനാലും ദാവീദ് പ്രകടമാക്കിയ യഥാർഥ ഹൃദയദുഃഖവും അനുതാപവും ഹേതുവായും അവന്റെ പാപങ്ങൾ ക്ഷമിച്ച് അവനെ നിർമലതയുള്ളവനായി സ്വീകരിക്കാൻ യഹോവയ്ക്കു മനസ്സായി.—സങ്കീർത്തനം 51 കൂടെ കാണുക.
ആശ്രയയോഗ്യത പരിശോധിക്കപ്പെടുന്നു
നിർമലത തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പിശാചായ സാത്താൻ യേശുവിനെ പരീക്ഷിച്ചു. കേവലം ഒരു ദിവ്യനിയമത്തോടുള്ള അനുസരണത്താൽ പരിശോധിക്കപ്പെട്ട പൂർണ മനുഷ്യനായ ആദാമിൽനിന്നു വ്യത്യസ്തനായി, പ്രയാസങ്ങൾക്കും കഷ്ടപ്പാടുകൾക്കും മധ്യേ ആയിരുന്നു യേശുവിനു നിർമലത കാക്കേണ്ടിവന്നത്. അതിനുപുറമേ, മനുഷ്യകുടുംബത്തിന്റെ വീണ്ടെടുപ്പ് ആശ്രയിച്ചിരിക്കുന്നത് തന്റെ നിർമലതയിലാണെന്ന് അറിഞ്ഞതിന്റെ മാനസിക സമ്മർദവും അവനുണ്ടായിരുന്നു.—എബ്രായർ 5:8, 9.
യേശുവിന്റെ നിർമലത തകർക്കണമെന്ന ദൃഢനിശ്ചയത്തോടെ സാത്താൻ അവനെ അവന്റെ ഏറ്റവും ദുർബല നിമിഷത്തിൽ—ധ്യാനനിരതനായി 40 ദിവസം ഉപവാസത്തിൽ പിന്നിട്ടിരുന്ന സമയത്ത്—സമീപിച്ചു. അവൻ യേശുവിനെ മൂന്നു പ്രാവശ്യം പരീക്ഷിച്ചു—കല്ല് അപ്പമാക്കിമാറ്റാൻ ആവശ്യപ്പെട്ടു; ദൂതന്മാർ ഇടപെട്ട് തന്നെ രക്ഷിക്കുമ്പോൾ അതു തന്റെ മിശിഹാപദവിക്കുള്ള തെളിവാകുമെന്ന ഉറപ്പോടെ ആലയമുകളിൽനിന്നു താഴേക്കു ചാടാൻ അവൻ യേശുവിനോട് ആവശ്യപ്പെട്ടു; തന്നെ “നമസ്കരിച്ചാൽ” ഈ ലോകത്തിലെ സകല രാജ്യങ്ങളുടെയും ഭരണാധിപത്യം തരാമെന്നു സാത്താൻ അവനോടു പറഞ്ഞു. എന്നാൽ യേശു ഓരോ പ്രലോഭനവും ചെറുത്തുകൊണ്ട് യഹോവയോടുള്ള തന്റെ നിർമലത കാത്തു.—മത്തായി 4:1-11; ലൂക്കൊസ് 4:1-13.
ഇയ്യോബിന്റെ നിർമലത
നിർമലത പാലിച്ച ഇയ്യോബിന്റെ നിലപാട് പരക്കെ അറിയപ്പെടുന്ന ഒന്നാണ്. രസകരമെന്നു പറയട്ടെ, തനിക്കു വിപത്തു നേരിടുന്നതെന്തുകൊണ്ടെന്ന് ഇയ്യോബിന് മനസ്സിലായില്ല. ഇയ്യോബ് ദൈവത്തെ ആരാധിച്ചിരുന്നത് സ്വാർഥ കാരണങ്ങളാലാണെന്ന് കുറ്റപ്പെടുത്തുകയും സ്വരക്ഷയുടെ കാര്യം വരുമ്പോൾ ഇയ്യോബ് മനസ്സോടെ നിർമലത വിട്ടുകളയുമെന്ന് അവകാശപ്പെടുകയും ചെയ്തുകൊണ്ട് അവനു വ്യാജ ആന്തരങ്ങളാണുള്ളതെന്ന് സാത്താൻ ആരോപിച്ചു. ഇക്കാര്യം ഇയ്യോബിന് അറിയില്ലായിരുന്നു. സാത്താൻ പറഞ്ഞത് തെറ്റാണെന്നു തെളിയിക്കുന്നതിനുവേണ്ടി, വളരെ പീഡാത്മകമായ അനുഭവങ്ങളിലൂടെ കടന്നുപോകാൻ ദൈവം ഇയ്യോബിനെ അനുവദിച്ചു.—ഇയ്യോബ് 1:6-12; 2:1-8.
ആ സമയത്ത് മൂന്നു വ്യാജ സുഹൃത്തുക്കൾ അവന്റെയടുക്കലെത്തി. ദൈവത്തിന്റെ നിലവാരങ്ങളും ഉദ്ദേശ്യങ്ങളും അവർ മനപ്പൂർവം തെറ്റായി അവതരിപ്പിച്ചു. ഇയ്യോബിന്റെ ഭാര്യപോലും, പ്രശ്നം മനസ്സിലാക്കാനാകാതെ, ഭർത്താവിനു ശരിക്കും സഹായം ആവശ്യമുണ്ടായിരുന്ന സമയത്ത് അവനു പ്രോത്സാഹനമായില്ല. (ഇയ്യോബ് 2:9-13) എന്നാൽ ഇയ്യോബ് അചഞ്ചലനായിത്തന്നെ നിന്നു. “മരിക്കുവോളം എന്റെ നിഷ്കളങ്കത്വം [“നിർമലത,” NW] ഉപേക്ഷിക്കയുമില്ല. എന്റെ നീതി ഞാൻ വിടാതെ മുറുകെ പിടിക്കുന്നു; എന്റെ ഹൃദയം എന്റെ നാളുകളിൽ ഒന്നിനെയും ആക്ഷേപിക്കുന്നില്ല.”—ഇയ്യോബ് 27:5, 6.
ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരമുള്ള ഇയ്യോബിന്റെ മികച്ച മാതൃകയും മറ്റനേകം വിശ്വസ്ത സ്ത്രീപുരുഷന്മാരുടെ നിർമലതയും സാത്താൻ നുണയനാണെന്നു തെളിയിച്ചു.
നിർമലതയും ക്രിസ്തീയ ശുശ്രൂഷയും
യഹോവ സ്വന്തം സംതൃപ്തിക്കാവശ്യമായി കരുതുന്ന ഒരു ഗുണമാണോ നിർമലത? അല്ല. മനുഷ്യരെ സംബന്ധിച്ചിടത്തോളം നിർമലതയ്ക്ക് ഒരു ആന്തരിക മൂല്യമുണ്ട്. ‘നമ്മുടെ ദൈവമായ യഹോവയെ നാം പൂർണ ഹൃദയത്തോടും പൂർണ ദേഹിയോടും പൂർണ മനസ്സോടുംകൂടെ സ്നേഹിക്ക’ണമെന്ന് യേശു നമ്മോടു കൽപ്പിച്ചത് നമ്മുടെ പ്രയോജനത്തിനുവേണ്ടിയായിരുന്നു. സത്യമായിട്ടും ഇത് “വലിയതും ഒന്നാമത്തേതുമായ കല്പന”യാണ്. ഏതൊരു പുരുഷനും സ്ത്രീക്കും കുട്ടിക്കും അതു പാലിക്കുന്നതിനു നിർമലത ആവശ്യമാണ്. (മത്തായി 22:36-38, NW) അതിലെന്താണ് ഉൾപ്പെട്ടിരിക്കുന്നത്, പ്രതിഫലങ്ങൾ എന്തെല്ലാം?
നിർമലതയുള്ള മനുഷ്യൻ സഹമനുഷ്യനു മാത്രമല്ല, അതിലും പ്രധാനമായി ദൈവത്തിനും ആശ്രയയോഗ്യനാണ്. അയാളുടെ ഹൃദയനിർമലത അയാളുടെ പ്രവൃത്തികളിൽ കാണാം; അയാൾക്കു കാപട്യമുണ്ടായിരിക്കുകയില്ല. അയാൾ വഞ്ചകനോ ദുഷിപ്പുള്ളവനോ ആയിരിക്കുകയില്ല. പൗലൊസ് അതിനെ ഇപ്രകാരം വർണിക്കുന്നു: “ലജ്ജാകരമായ രഹസ്യങ്ങളെ ത്യജിച്ചു ഉപായം പ്രയോഗിക്കാതെയും ദൈവവചനത്തിൽ കൂട്ടു ചേർക്കാതെയും സത്യം വെളിപ്പെടുത്തുന്നതിനാൽ ദൈവസന്നിധിയിൽ സകലമനുഷ്യരുടെയും മനസ്സാക്ഷിക്കു ഞങ്ങളെത്തന്നേ ബോദ്ധ്യമാക്കുന്നു.”—2 കൊരിന്ത്യർ 4:2.
പൗലൊസ് ക്രിസ്തീയ ശുശ്രൂഷയുമായി ബന്ധപ്പെട്ട മനോഭാവങ്ങൾ സൂചിപ്പിക്കുന്നുവെന്നതു ശ്രദ്ധിക്കുക. കരങ്ങൾ ശുദ്ധമല്ലെങ്കിൽ, നിർമലതയില്ലെങ്കിൽ, ക്രിസ്തീയ ശുശ്രൂഷകനു മറ്റുള്ളവരെ എങ്ങനെ സേവിക്കാനാകും? ഇതിനു നല്ലൊരു ദൃഷ്ടാന്തമാണ് ഈയിടെ രാജിവെച്ച ഒരു ഐറിഷ് മതവിഭാഗ തലവൻ. ദി ഇൻഡിപെൻഡൻഡ് പത്രം പറയുന്നതനുസരിച്ച്, “കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന ഒരു പുരോഹിതന്റെ സ്വഭാവം ദീർഘകാലമായി പരസ്യമായിരുന്നിട്ടും അദ്ദേഹത്തെ തുടർന്നും കുട്ടികളോടൊപ്പം ജോലി ചെയ്യാൻ അനുവദിച്ചു”വെന്ന് ആ മതവിഭാഗ തലവൻ സമ്മതിക്കുകയുണ്ടായി. 24 വർഷത്തോളം ആ ദുഷ്പെരുമാറ്റം തുടർന്നുവെന്നു വിവരണം വിശദീകരിച്ചു. പുരോഹിതനെ നാലു വർഷത്തേക്കു ജയിലിലടച്ചു. എന്നാൽ ആ പുരോഹിതനെതിരെ നടപടി സ്വീകരിക്കാൻ മേലധികാരിക്കു ധാർമിക ചങ്കൂറ്റമില്ലാതെപോയതുകൊണ്ട് വർഷങ്ങളോളം ആ പുരോഹിതന്റെ ദ്രോഹങ്ങൾക്കിരയായ കുട്ടികൾക്കു നേരിട്ട യാതനകളെക്കുറിച്ചൊന്നു ചിന്തിക്കുക!
നിർമലത—പ്രതിഫലങ്ങൾ
യോഹന്നാൻ അപ്പോസ്തലൻ ധീരനായ ഒരു പുരുഷനായിരുന്നു. അവന്റെയും അവന്റെ സഹോദരനായ യാക്കോബിന്റെയും ഉജ്ജ്വല തീക്ഷ്ണത നിമിത്തം, യേശു അവരെ “ഇടിമക്കൾ” എന്നാണ് വിളിച്ചത്. (മർക്കൊസ് 3:17) മികച്ചരീതിയിൽ നിർമലത പ്രകടമാക്കിയ ഒരുവനായിരുന്നു യോഹന്നാൻ. യേശു ഭൂമിയിലായിരുന്നപ്പോൾ താൻ കാണുകയും കേൾക്കുകയും ചെയ്ത സംഗതികളെക്കുറിച്ചു ‘സംസാരിക്കാതിരിക്കാനാവില്ലെ’ന്ന്, പത്രൊസിനോടൊപ്പം, അവൻ യഹൂദ ഭരണാധിപന്മാരോടു പറഞ്ഞു. “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” എന്നു പറഞ്ഞ അപ്പോസ്തലന്മാരിൽ യോഹന്നാനും ഉണ്ടായിരുന്നു.—പ്രവൃത്തികൾ 4:19, 20; 5:27-32.
“ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം” യോഹന്നാൻ പത്മൊസ് ദ്വീപിലേക്കു നാടുകടത്തപ്പെട്ടത് ഒരുപക്ഷേ അവന്റെ 90-കളുടെ ഒടുവിലായിരിക്കാം. (വെളിപ്പാടു 1:9) ആ പ്രായത്തിൽ തന്റെ ശുശ്രൂഷ അവസാനിച്ചെന്ന് അവനു തോന്നിയിരിക്കാം. എന്നാൽ അവന്റേതുപോലെ നിർമലതയുള്ള ഒരാൾക്കു മാത്രമേ വെളിപ്പാടിലെ പുളകപ്രദമായ ദർശനങ്ങൾ എഴുതിവെക്കുന്നതിനുള്ള നിയമനം ലഭിക്കുമായിരുന്നുള്ളൂ. ഇതിൽ യോഹന്നാൻ വിശ്വസ്തനായിരുന്നു. അവന് അത് എന്തൊരു പദവിയായിരുന്നു! പിന്നെയും പദവികൾ ലഭിക്കാനിരിക്കുകയായിരുന്നു. പിന്നീട്, എഫെസൊസിന്റെ സമീപ പ്രദേശത്തെവിടെയോവെച്ച് അവൻ തന്റെ സുവിശേഷ വിവരണവും മൂന്നു ലേഖനങ്ങളും എഴുതി. അത്തരം മഹത്തായ പദവികൾ 70 വർഷത്തോളം ആശ്രയയോഗ്യമായ വിശ്വസ്ത സേവനത്തിനു മകുടംചാർത്തി!
നിർമലതയുള്ള ഒരു വ്യക്തിയായിരിക്കുന്നത്, പൊതുവേ പറഞ്ഞാൽ, ആഴമായ സംതൃപ്തി കൈവരുത്തുന്നു. ദൈവദൃഷ്ടിയിൽ ആശ്രയയോഗ്യനായിരിക്കുന്നത് നിത്യമായ പ്രതിഫലങ്ങൾ കൈവരുത്തും. നിത്യജീവന്റെ പ്രതീക്ഷയുള്ള, സമാധാനവും ഒരുമയുമുള്ള ഒരു പുതിയ ലോകത്തിലേക്കു പ്രവേശിക്കാൻ സത്യാരാധകരുടെ “ഒരു മഹാപുരുഷാര”ത്തെ ഇപ്പോൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. (വെളിപ്പാടു 7:9) ഈ വ്യവസ്ഥിതിയിൽനിന്നുള്ള പരിശോധനകളും സാത്താൻ കൊണ്ടുവന്നേക്കാവുന്ന അനേകം വെല്ലുവിളികളുമുണ്ടായിരുന്നാലും ധാർമികത, ആരാധന എന്നീ മർമപ്രധാനമായ സംഗതികളിൽ നിർമലത പാലിക്കണം. യഹോവ ശക്തി പ്രദാനം ചെയ്യുന്നതുകൊണ്ട് നിങ്ങൾക്കു വിജയിക്കാനാകുമെന്ന് ഉറപ്പുള്ളവരായിരിക്കുക!—ഫിലിപ്പിയർ 4:13.
യഹോവയോടുള്ള ഒരു കൃതജ്ഞതാ പ്രാർഥനയിൽ സങ്കീർത്തനക്കാരനായ ദാവീദ് ഇക്കാലത്തെയും ഭാവിയെയും കുറിച്ചു സംസാരിക്കവെ നമ്മെയെല്ലാം ആശ്വസിപ്പിക്കുന്നുണ്ട്. അവൻ പറയുന്നു: “നീ എന്റെ നിഷ്കളങ്കത്വം നിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പിൽ എന്നേക്കും എന്നെ നിർത്തിക്കൊള്ളുന്നു. . . . യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. ആമേൻ, ആമേൻ.”—സങ്കീർത്തനം 41:12, 13.
[അടിക്കുറിപ്പുകൾ]
a വ്യത്യസ്ത എഴുത്തുകാരുടെ ഹ്രസ്വ വ്യാഖ്യാനങ്ങളടങ്ങിയ, അധികൃത ഭാഷാന്തരപ്രകാരമുള്ള നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ പുതിയ നിയമത്തിൽനിന്നുള്ള അഭിപ്രായം.
b സാത്താൻ എന്ന പേരിനർഥം “എതിരാളി” എന്നാണ്. “പിശാച്” എന്നതിന്റെ അർഥം “ദൂഷകൻ” എന്നും.
[4-ാം പേജിലെ ചിത്രം]
തെറ്റുകൾ ചെയ്തെങ്കിലും താൻ ആശ്രയയോഗ്യനാണെന്നു ദാവീദ് തെളിയിച്ചു
[5-ാം പേജിലെ ചിത്രം]
യേശു നമുക്കായി ആശ്രയയോഗ്യതയുടെ ഏറ്റവും മികച്ച മാതൃക വെച്ചു
[7-ാം പേജിലെ ചിത്രം]
ആശ്രയയോഗ്യനായിരിക്കുന്നത് വലിയ സംതൃപ്തി കൈവരുത്തുന്നു