മനുഷ്യവർഗത്തിന്റെ അത്ഭുത രോഗശാന്തി സമീപിച്ചിരിക്കുന്നു
“ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല.” യേശു ഒരു തളർവാതരോഗിക്ക് അത്ഭുതകരമായി തത്ക്ഷണ രോഗശാന്തി വരുത്തിയപ്പോൾ ദൃക്സാക്ഷികൾ പ്രതികരിച്ചത് അങ്ങനെയായിരുന്നു. (മർക്കൊസ് 2:12) യേശു അന്ധരെയും ഊമരെയും മുടന്തരെയും സുഖപ്പെടുത്തി. യേശുവിന്റെ അനുഗാമികളും അതുപോലുള്ള കൃത്യങ്ങൾ നിർവഹിച്ചു. ഏതു ശക്തിയാലാണ് യേശു അതു ചെയ്തത്? അതിൽ വിശ്വാസത്തിനുള്ള പങ്കെന്തായിരുന്നു? ഒന്നാം നൂറ്റാണ്ടിലെ ഈ സംഭവങ്ങൾ ഇന്നത്തെ അത്ഭുത രോഗശാന്തിയുടെമേൽ എന്തു വെളിച്ചം വീശുന്നു?—മത്തായി 15:30, 31.
“നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു”
12 വർഷമായി രക്തസ്രാവം ഉണ്ടായിരുന്ന ഒരു സ്ത്രീയെ സുഖപ്പെടുത്തിയതിനുശേഷം യേശു അവളോടു പറഞ്ഞു: “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.” ഈ വാക്യത്തോട് അത്ഭുത രോഗശാന്തി ശുശ്രൂഷകർക്ക് ഒരു പ്രത്യേക മമതയാണ്. (ലൂക്കൊസ് 8:43-48) അവളുടെ വിശ്വാസം നിമിത്തമാണ് രോഗശാന്തി ലഭിച്ചത് എന്നാണോ യേശുവിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്? ഇന്നു നടക്കുന്നതുപോലുള്ള “വിശ്വാസ രോഗശാന്തി”യുടെ ഒരു ദൃഷ്ടാന്തമായിരുന്നോ അത്?
ബൈബിൾ വിവരണം ശ്രദ്ധയോടെ വായിക്കുന്നെങ്കിൽ, രോഗശാന്തി ലഭിക്കുന്നതിനു രോഗികൾ ആദ്യം തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കണമെന്ന് യേശുവും ശിഷ്യന്മാരും മിക്ക സന്ദർഭങ്ങളിലും ആവശ്യപ്പെട്ടിരുന്നില്ലെന്നു നമുക്കു കാണാനാകും. മേൽപ്രസ്താവിച്ച സ്ത്രീ വന്ന്, യേശുവിനോടു യാതൊന്നും സംസാരിക്കാതെ, പിന്നിൽനിന്ന് യേശുവിന്റെ വസ്ത്രം രഹസ്യമായി തൊടുകയായിരുന്നു. “ഉടനെ അവളുടെ രക്തസ്രവം നിന്നുപോയി.” മറ്റൊരു സന്ദർഭത്തിൽ തന്നെ അറസ്റ്റ് ചെയ്യാൻ വന്നവരിൽ ഒരുവനെ യേശു സുഖപ്പെടുത്തി. താൻ ആരെന്ന് അറിയില്ലായിരുന്ന ഒരുവനെയും യേശു സുഖപ്പെടുത്തി.—ലൂക്കൊസ് 22:50, 51; യോഹന്നാൻ 5:5-9, 13; 9:24-34.
അപ്പോൾ, വിശ്വാസം വഹിച്ച പങ്കെന്ത്? യേശുവും അവന്റെ ശിഷ്യന്മാരും സോർ സീദോൻ പ്രവിശ്യയിലായിരുന്നപ്പോൾ, ഒരു ഫൊയ്നീക്യക്കാരി വന്ന് ഉച്ചത്തിൽ അപേക്ഷിച്ചു: “കർത്താവേ, ദാവീദ്പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകൾക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു.” എന്നാൽ “കർത്താവേ, എന്നോടു കരുണ തോന്നേണമേ”! എന്ന് അപേക്ഷിക്കുന്ന അവളുടെ നിരാശ എത്രമാത്രമെന്നു വിഭാവന ചെയ്യുക. കനിവു തോന്നി യേശു മറുപടി പറഞ്ഞു: “സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ.” അവളുടെ പുത്രിക്ക് “ആ നാഴികമുതൽ” സൗഖ്യം വന്നു. (മത്തായി 15:21-28) വ്യക്തമായും, വിശ്വാസം ഉൾപ്പെട്ടിരുന്നു, എന്നാൽ ആരുടെ വിശ്വാസം? രോഗിയായ കുട്ടിയുടെയല്ല, മാതാവിന്റെ വിശ്വാസത്തെയായിരുന്നു യേശു പ്രശംസിച്ചത്. എന്തിലുള്ള വിശ്വാസം? യേശുവിനെ “കർത്താവേ, ദാവീദ്പുത്രാ” എന്ന് അഭിസംബോധന ചെയ്യുകവഴി, യേശു വാഗ്ദത്ത മിശിഹായാണെന്ന് ആ സ്ത്രീ പരസ്യമായി അംഗീകരിക്കുകയായിരുന്നു. ദൈവത്തിലുള്ള വിശ്വാസത്തിന്റെ ലളിതമായ പ്രകടനമോ സൗഖ്യമാക്കുന്നവന്റെ ശക്തിയിലുള്ള വിശ്വാസമോ ആയിരുന്നില്ല അത്. “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്ന് യേശു പറഞ്ഞപ്പോൾ, അവൻ മിശിഹായാണെന്നുള്ള വിശ്വാസമില്ലെങ്കിൽ രോഗശാന്തി ലഭിക്കാനായി രോഗബാധിതർ അവന്റെ അടുത്തേക്കു വരുമായിരുന്നില്ല എന്നാണ് അവൻ അർഥമാക്കിയത്.
ഈ തിരുവെഴുത്തു ദൃഷ്ടാന്തങ്ങളെടുത്താൽ, ഇന്നു സാധാരണമായി കാണുന്നതോ അവകാശപ്പെടുന്നതോ ആയ അത്ഭുത രോഗശാന്തി യേശു പ്രവർത്തിച്ച രോഗശാന്തിയിൽനിന്ന് എത്രയോ വ്യത്യസ്തമാണെന്ന് നമുക്കു കാണാനാകും. ആക്രോശങ്ങളും മന്ത്രോച്ചാരണവും രോദനവും മോഹാലസ്യവും പോലുള്ള ഭയമുളവാക്കുന്ന വികാരപ്രകടനങ്ങളൊന്നും ആളുകൾക്കുണ്ടായിരുന്നില്ല. നാടകീയമായ ഉന്മാദചേഷ്ടകളൊന്നും യേശുവിന്റെ ഭാഗത്തും ഉണ്ടായിരുന്നില്ല. അതിലുപരി, രോഗികൾക്കു വിശ്വാസമില്ലെന്നോ കാണിക്ക പോരെന്നോ പറഞ്ഞ് രോഗശാന്തി വരുത്താതെ യേശു തടിതപ്പിയുമില്ല.
ദൈവശക്തിയാലുള്ള സൗഖ്യമാക്കലുകൾ
യേശുവും ശിഷ്യന്മാരും രോഗശാന്തി വരുത്തിയതെങ്ങനെ? “സൌഖ്യമാക്കുവാൻ കർത്താവിന്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു,” ബൈബിൾ ഉത്തരം പറയുന്നു. (ലൂക്കൊസ് 5:17) ഒരു രോഗശാന്തി നടന്നശേഷം, ലൂക്കൊസ് 9:43 [പി.ഒ.സി. ബൈബിൾ] പറയുന്നു: “ദൈവത്തിന്റെ മഹത്തായ ശക്തിയെക്കുറിച്ച് എല്ലാവരും അത്ഭുതപ്പെട്ടു.” ഉചിതമായും, സൗഖ്യമാക്കുന്നവനെന്ന നിലയിൽ യേശു തന്നിലേക്കുതന്നെ ശ്രദ്ധ തിരിച്ചുവിട്ടില്ല. ഒരു സന്ദർഭത്തിൽ, ഭൂതോപദ്രവത്തിൽനിന്നു സ്വതന്ത്രനാക്കിയ ഒരു മനുഷ്യനോട് അവൻ പറഞ്ഞു: “നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്നു, കർത്താവു [“യഹോവ,” NW] നിനക്കു ചെയ്തതു ഒക്കെയും നിന്നോടു കരുണകാണിച്ചതും പ്രസ്താവിക്ക.”—മർക്കൊസ് 5:19.
യേശുവും അപ്പോസ്തലന്മാരും ദൈവത്തിന്റെ ശക്തിയാലാണു രോഗശാന്തി വരുത്തിയത്. അതുകൊണ്ടുതന്നെ രോഗശാന്തി ലഭിക്കുന്നയാൾക്ക് വിശ്വാസം എല്ലായ്പോഴും ആവശ്യമായിരുന്നില്ലെന്നു മനസ്സിലാക്കാൻ എളുപ്പമാണ്. എന്നിരുന്നാലും, രോഗശാന്തിക്കാരനു ശക്തമായ വിശ്വാസം ആവശ്യമായിരുന്നു. അതുകൊണ്ട്, വളരെ ശക്തിയുള്ള ഒരു ഭൂതത്തെ പുറത്താക്കാൻ യേശുവിന്റെ അനുഗാമികൾക്കു കഴിയാതെവന്നപ്പോൾ, യേശു അവരോട് അതിന്റെ കാരണം പറയുകയുണ്ടായി: “നിങ്ങളുടെ അല്പവിശ്വാസം നിമിത്തമത്രേ.”—മത്തായി 17:20.
അത്ഭുത രോഗശാന്തിയുടെ ഉദ്ദേശ്യം
തന്റെ ഭൗമിക ശുശ്രൂഷയിലുടനീളം യേശു അനേകം രോഗശാന്തികൾ വരുത്തിയെങ്കിലും, അവന്റേത് മുഖ്യമായും ഒരു ‘രോഗശാന്തി ശുശ്രൂഷ’യായിരുന്നില്ല. അവനെ സംബന്ധിച്ചിടത്തോളം “രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കു”ന്നതിനായിരുന്നു ഒന്നാം സ്ഥാനം. അത്ഭുത രോഗശാന്തിക്കു രണ്ടാം സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, അതിനായി അവൻ ആളുകളോട് ഒരിക്കലും കൂലിയോ സംഭാവനയോ ആവശ്യപ്പെട്ടിരുന്നുമില്ല. (മത്തായി 9:35) ഒരവസരത്തിൽ “അവൻ അവരെ കൈക്കൊണ്ടു ദൈവരാജ്യത്തെക്കുറിച്ചു അവരോടു സംസാരിക്കയും രോഗശാന്തി വേണ്ടിയവരെ സൌഖ്യമാക്കുകയും ചെയ്തു” എന്നു വിവരണം പറയുന്നു. (ലൂക്കൊസ് 9:11) സുവിശേഷ വിവരണങ്ങളിൽ, യേശുവിനെ പലപ്പോഴും അഭിസംബോധന ചെയ്തിരിക്കുന്നത് “ഗുരോ” എന്നാണ്, എന്നാൽ ഒരിക്കൽപ്പോലും “രോഗശാന്തിക്കാരാ” എന്നു വിളിച്ചിട്ടില്ല.
അപ്പോൾ, യേശു എന്തിനാണ് അത്ഭുത രോഗശാന്തി വരുത്തിയത്? മുഖ്യമായും താൻ വാഗ്ദത്ത മിശിഹായാണെന്നു സ്ഥാപിക്കാനായിരുന്നു. സ്നാപക യോഹന്നാൻ അന്യായമായി തടവിലാക്കപ്പെട്ടപ്പോൾ, ദൈവം തന്നോട് ആവശ്യപ്പെട്ടിരിക്കുന്നത് താൻ നിവർത്തിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ അവൻ ആഗ്രഹിച്ചു. അവൻ ശിഷ്യന്മാരെ അയച്ച് യേശുവിനോടു ചോദിച്ചു: ‘വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറെറാരുവനെ കാത്തിരിക്കണമോ?’ യോഹന്നാന്റെ ശിഷ്യന്മാരോട് യേശു പറഞ്ഞതു ശ്രദ്ധിക്കുക: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ.”—മത്തായി 11:2-5.
അതേ, യേശു രോഗശാന്തി മാത്രമല്ല, സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന മറ്റ് അത്ഭുതപ്രവൃത്തികളും നിർവഹിച്ചുവെന്ന വസ്തുത വാഗ്ദത്ത മിശിഹായായ “വരുവാനുള്ളവൻ” അവൻതന്നെയെന്ന് ഉറപ്പായി സ്ഥാപിച്ചു. ആരും “മറെറാരുവനെ” പ്രതീക്ഷിക്കേണ്ടതില്ലായിരുന്നു.
ഇന്നത്തെ അത്ഭുത രോഗശാന്തിയോ?
അപ്പോൾ, അത്ഭുത രോഗശാന്തിയിലൂടെ ഇന്നു ദൈവം തന്റെ ശക്തി തെളിയിക്കാൻ നാം പ്രതീക്ഷിക്കണമോ? വേണ്ട. ദൈവത്തിന്റെ ശക്തിയാൽ യേശു പ്രവർത്തിച്ച അത്ഭുതങ്ങളിലൂടെ, ദൈവം അയയ്ക്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന മിശിഹായാണ് താനെന്ന് സംശയാതീതമായി യേശു സ്ഥാപിച്ചിട്ടുണ്ട്. എല്ലാവർക്കും വായിക്കുന്നതിനായി യേശുവിന്റെ അത്ഭുതങ്ങൾ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ആളുകളുടെ ഓരോ തലമുറയിലും അത്തരം പ്രവൃത്തികൾ ആവർത്തിച്ചുകൊണ്ട് തന്റെ ശക്തി തെളിയിക്കേണ്ടയാവശ്യം ദൈവത്തിനില്ല.
രസകരമെന്നുപറയട്ടെ, രോഗശാന്തിയും മറ്റ് അത്ഭുതങ്ങളും എല്ലാവരിലും ബോധ്യം വരുത്തിയില്ല. യേശുവിന്റെ അത്ഭുതങ്ങൾ നേരിട്ടു കണ്ടവരിൽ ചിലർപോലും അവനു സ്വർഗീയ പിതാവിന്റെ പിൻബലമുണ്ടായിരുന്നുവെന്നു വിശ്വസിച്ചില്ല. “അവർ കാൺകെ അവൻ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവർ അവനിൽ വിശ്വസിച്ചില്ല.” (യോഹന്നാൻ 12:37) അതുകൊണ്ടാണ്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭയിലുള്ള പല അംഗങ്ങൾക്കും ദൈവം കൊടുത്തിരുന്ന പ്രവചനവരം, ഭാഷാവരം, രോഗശാന്തിവരം ഇത്യാദി പലവിധ അത്ഭുതവരങ്ങളെക്കുറിച്ചും ചർച്ചചെയ്തശേഷം പൗലൊസ് അപ്പോസ്തലൻ ഇപ്രകാരം എഴുതാൻ നിശ്വസ്തനായത്: “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.”—1 കൊരിന്ത്യർ 12:28-31; 13:8-10.
തീർച്ചയായും, ദൈവത്തിൽ വിശ്വാസമുണ്ടായിരിക്കുന്നത് നമ്മുടെ ക്ഷേമത്തിനു മർമപ്രധാനമാണ്. എന്നിരുന്നാലും, രോഗശാന്തി സംബന്ധിച്ച വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്നവൻ നിരാശനാകേണ്ടിവരും. മാത്രമല്ല, അന്ത്യകാലത്തെക്കുറിച്ച് യേശു ഈ മുന്നറിയിപ്പു നൽകിയിട്ടുണ്ട്: “കള്ളക്രിസ്തുക്കളും കള്ളപ്രവാചകൻമാരും എഴുന്നേററു കഴിയുമെങ്കിൽ വൃതൻമാരെയും തെററിപ്പാനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.” (മത്തായി 24:24) വമ്പുപറച്ചിലിനും തട്ടിപ്പിനുംപുറമേ, ഭൂതശക്തിയുടെ പ്രകടനങ്ങളുമുണ്ടാകാം. അതുകൊണ്ട്, വിശദീകരിക്കാനാകാത്ത സംഭവങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ നമ്മെ അമ്പരപ്പിക്കരുത്. തീർച്ചയായും ഇവ ദൈവത്തിലുള്ള യഥാർഥ വിശ്വാസത്തിനുള്ള അടിസ്ഥാനമല്ലതാനും.
യേശു നിർവഹിച്ചതുപോലുള്ള രോഗശാന്തികൾ ഇന്ന് ആരും നടത്താത്തതുകൊണ്ട്, നാം പ്രതികൂല സാഹചര്യത്തിലാണെന്നാണോ? അല്ലേ അല്ല. വാസ്തവത്തിൽ, യേശു സൗഖ്യമാക്കിയവർ അവസാനം രോഗികളായി. അവരെല്ലാം വൃദ്ധരായി മരിക്കുകയും ചെയ്തു. അവർക്കു ലഭിച്ച രോഗശാന്തി ശാശ്വതമായിരുന്നില്ല. എങ്കിലും, യേശുവിന്റെ അത്ഭുത രോഗശാന്തികൾ ഭാവി അനുഗ്രഹങ്ങളുടെ മുൻനിഴലായതുകൊണ്ട് അവയ്ക്കു ശാശ്വതമായ അർഥമുണ്ട്.
അതുകൊണ്ട്, ദൈവവചനമായ ബൈബിൾ പരിശോധിച്ചതിനുശേഷം, മുമ്പു പരാമർശിച്ച ആലിഷാന്ദ്രേയും ബെനഡിറ്റയും ആധുനിക അത്ഭുത രോഗശാന്തിയിലും ആത്മവിദ്യയിലൂടെയുള്ള രോഗശാന്തിയിലുമുള്ള വിശ്വാസം ഉപേക്ഷിച്ചു. അതേസമയം, അത്ഭുത രോഗശാന്തികൾ കേവലം കഴിഞ്ഞകാല സംഭവങ്ങൾ അല്ല എന്ന് അവർക്കു ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനെ? ലോകവ്യാപകമായുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ, അവർ ദൈവരാജ്യത്തിൻകീഴിലെ രോഗശാന്തിയനുഗ്രഹങ്ങൾക്കായി പ്രതീക്ഷാപൂർവം കാത്തിരിക്കുന്നു.—മത്തായി 6:10.
മേലാൽ രോഗവും മരണവും ഇല്ല
നാം നേരത്തെ കണ്ടതുപോലെ, യേശുവിന്റെ ശുശ്രൂഷയുടെ മുഖ്യോദ്ദേശ്യം രോഗികളെ സുഖപ്പെടുത്തുകയും മറ്റ് അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുകയെന്നതായിരുന്നില്ല. മറിച്ച്, ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്താ ഘോഷണമായിരുന്നു അവന്റെ മുഖ്യവേല. (മത്തായി 9:35; ലൂക്കൊസ് 4:43; 8:1) ദൈവം മനുഷ്യവർഗത്തിന് അത്ഭുത രോഗശാന്തി നൽകുന്നതും പാപവും അപൂർണതയും മാനവകുടുംബത്തിനു വരുത്തിയിരിക്കുന്ന കേടുപാടുകളെല്ലാം നീക്കുന്നതും ആ രാജ്യം മുഖേനയാണ്. ഇത് അവൻ എങ്ങനെ, എപ്പോൾ നിവർത്തിക്കും?
നൂറ്റാണ്ടുകൾക്കപ്പുറം ഭാവിയിലേക്കു നോക്കിക്കൊണ്ട്, ക്രിസ്തുയേശു തന്റെ അപ്പോസ്തലനായ യോഹന്നാന് ഒരു പ്രാവചനിക ദർശനം കൊടുത്തു: ‘ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും അവന്റെ ക്രിസ്തുവിന്റെ ആധിപത്യവും തുടങ്ങിയിരിക്കുന്നു!’ (വെളിപ്പാടു 12:10) 1914-ൽ ദൈവത്തിന്റെ വലിയ എതിരാളിയായ സാത്താൻ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടുവെന്നതിനും രാജ്യം ഒരു യാഥാർഥ്യമെന്ന നിലയിൽ ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നുവെന്നതിനും എല്ലാ തെളിവുകളുമുണ്ട്! മിശിഹൈക രാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു വാഴിക്കപ്പെട്ടിരിക്കുന്നു, ഭൂമിയിൽ വൻമാറ്റങ്ങൾ വരുത്താൻ അവനിപ്പോൾ തയ്യാറായിരിക്കുകയാണ്.
സമീപഭാവിയിൽത്തന്നെ, യേശുവിന്റെ സ്വർഗീയ ഗവൺമെൻറ് നീതിനിഷ്ഠമായ ഒരു പുതിയ മനുഷ്യസമൂഹത്തിനുമേൽ, ഫലത്തിൽ, “പുതിയ ഭൂമി”ക്കുമേൽ ഭരണം നടത്തും. (2 പത്രൊസ് 3:13) അപ്പോഴത്തെ അവസ്ഥകൾ എന്തായിരിക്കും? ഇതാ മഹത്തായൊരു മുൻവീക്ഷണം: “ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു; ഒന്നാമത്തെ ആകാശവും ഒന്നാമത്തെ ഭൂമിയും ഒഴിഞ്ഞുപോയി . . . [ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.”—വെളിപ്പാടു 21:1, 4, 5.
മനുഷ്യവർഗത്തിന്റെ അത്ഭുത രോഗശാന്തി യാഥാർഥ്യമാകുമ്പോൾ ജീവിതം എങ്ങനെയിരിക്കുമെന്നത് നിങ്ങൾക്കു വിഭാവന ചെയ്യാനാകുമോ? “അവിടത്തെ നിവാസികളിലാരും താൻ രോഗിയാണെന്നു പറയുകയില്ല. അവരുടെ അകൃത്യങ്ങൾക്കു മാപ്പു ലഭിക്കും.” അതേ, അത്ഭുത രോഗശാന്തി ശുശ്രൂഷകർക്ക് ഒരിക്കലും സാധിക്കാഞ്ഞത് ദൈവം നിവർത്തിക്കും. “അവിടുന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും.” തീർച്ചയായും, “സകലരുടെയും കണ്ണീർ അവിടുന്ന് തുടച്ചുമാറ്റും.”—യെശയ്യാവു 25:8; 33:24, പി.ഒ.സി. ബൈ.
[7-ാം പേജിലെ ചിത്രം]
ദൈവരാജ്യത്തിൻ കീഴിൽ മനുഷ്യവർഗം അത്ഭുതകരമായി സൗഖ്യമാക്കപ്പെടും