‘നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കുക’—എങ്ങനെ?
“നിങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ടും നിങ്ങളുടെ എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും യഹോവയെ ബഹുമാനിക്കുക.” ഏതാണ്ട് 2,600 വർഷംമുമ്പ് എഴുതപ്പെട്ട ഈ നിശ്വസ്ത ജ്ഞാനമൊഴിയിൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹങ്ങൾ അനുഭവിക്കുന്നതിനുള്ള താക്കോൽ ഉൾക്കൊണ്ടിരിക്കുന്നു. എന്തെന്നാൽ പ്രസ്തുത എഴുത്തുകാരൻ തുടർന്നിങ്ങനെ സൂചിപ്പിക്കുന്നു: “അപ്പോൾ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ പുതുവീഞ്ഞു കവിഞ്ഞൊഴുകും.”—സദൃശവാക്യങ്ങൾ 3:9, 10, NW.
എന്നാൽ ദൈവത്തെ ബഹുമാനിക്കുകയെന്നതിന്റെ അർഥമെന്താണ്? വിലയേറിയ ഏതു വസ്തുക്കൾകൊണ്ടാണു നാം യഹോവയെ ബഹുമാനിക്കേണ്ടത്? നമുക്കിതെങ്ങനെ ചെയ്യാനാകും?
“യഹോവയെ ബഹുമാനിക്കുക”
തിരുവെഴുത്തുകളിൽ, ബഹുമാനം എന്നതിനുള്ള മുഖ്യ എബ്രായ പദമായ കാവോഹ്ധയുടെ അക്ഷരീയ അർഥം “ഘനത്വം” എന്നാണ്. അതുകൊണ്ട് ഒരു വ്യക്തിയെ ബഹുമാനിക്കുക എന്നതിനർഥം അയാളെ പ്രഭാവവും മതിപ്പും വിലയുമുള്ള ഒരുവനായി കരുതുകയെന്നാണ്. ബഹുമാനം എന്നതിനുള്ള മറ്റൊരു എബ്രായ പദം യെക്കാർ ആണ്. “വിലയേറിയ” എന്നും “വിലയേറിയ വസ്തുക്കൾ” എന്നുമാണ് അതിനർഥം. സമാനമായി, ബൈബിളിൽ “ബഹുമാനം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന റ്റീമെ എന്ന ഗ്രീക്കു പദത്തിന് മാന്യത, മൂല്യം, വിലപിടിപ്പ് എന്നൊക്കെയാണ് അർഥം. അങ്ങനെ ആഴമായ ആദരവും മാന്യതയും പ്രകടമാക്കിക്കൊണ്ടാണ് ഒരുവൻ മറ്റൊരുവനെ ബഹുമാനിക്കുന്നത്.
ബഹുമാനം കാണിക്കുന്നതിൽ വേറൊരു സംഗതികൂടി ഉൾപ്പെടുന്നു. വിശ്വസ്ത യഹൂദനായ മൊർദ്ദെഖായിയെക്കുറിച്ചുള്ള വിവരണം പരിചിന്തിക്കുക. ഒരു സന്ദർഭത്തിൽ, അദ്ദേഹം പുരാതന പേർഷ്യൻ രാജാവായിരുന്ന അഹശ്വേരോശിനെ വധിക്കാനുള്ള ഒരു ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവന്നു. പിന്നീട്, ആ പ്രവൃത്തിക്കു മൊർദ്ദെഖായിയെ ബഹുമാനിക്കാൻ യാതൊന്നും ചെയ്തില്ലെന്നു മനസ്സിലാക്കിയ രാജാവ് തന്റെ പ്രധാനമന്ത്രിയായ ഹാമാനോട്, രാജാവിനു പ്രസാദമുള്ള ഒരുവനെ എങ്ങനെയാണ് ഏറ്റവും നന്നായി ബഹുമാനിക്കാൻ സാധിക്കുക എന്നു ചോദിച്ചു. അത് തന്നെ ബഹുമാനിക്കാനായിരിക്കും എന്നാണു ഹാമാൻ വിചാരിച്ചത്, എന്നാൽ അതെത്ര വലിയ അബദ്ധമായിരുന്നു! എന്തായാലും, അത്തരം വ്യക്തിയെ “രാജവസ്ത്രം” ധരിപ്പിച്ച് “രാജാവു കയറുന്ന കുതിര”പ്പുറത്തിരുത്തി പ്രദക്ഷിണം ചെയ്യിക്കണമെന്നു ഹാമാൻ പറഞ്ഞു. അവൻ ഇങ്ങനെ ഉപസംഹരിച്ചു: “[ആ] പുരുഷനെ . . . കുതിരപ്പുറത്തു കയററി പട്ടണവീഥിയിൽ കൂടെ കൊണ്ടുനടന്നു: രാജാവു ബഹുമാനിപ്പാൻ ഇച്ഛിക്കുന്ന പുരുഷന്നു ഇങ്ങനെ ചെയ്യും എന്നു അവന്റെ മുമ്പിൽ വിളിച്ചുപറയേണം.” (എസ്ഥേർ 6:1-9) ഈ ഉദാഹരണത്തിൽ, ഒരു വ്യക്തിക്കു ബഹുമാനം കൊടുക്കുന്നതിൽ അയാളെ എല്ലാവരും അത്യധികം ആദരിക്കുന്നതിനുവേണ്ടി പരസ്യമായി ഉയർത്തുന്നത് ഉൾപ്പെടുന്നു.
സമാനമായി, യഹോവയ്ക്കു ബഹുമാനം കൊടുക്കുന്നതിൽ രണ്ടു സംഗതികൾ ഉൾപ്പെടുന്നുണ്ട്: വ്യക്തിപരമായി അത്യധികം ആദരവു പ്രകടമാക്കലും അവന്റെ നാമത്തിന്റെ പരസ്യഘോഷണ വേലയിൽ പങ്കുപറ്റി പിന്തുണച്ചുകൊണ്ട് അവനെ പരസ്യമായി സ്തുതിക്കലും.
“നിങ്ങളുടെ വിലയേറിയ വസ്തുക്കൾ”—അവ എന്തെല്ലാം?
നമ്മുടെ വിലയേറിയ വസ്തുക്കളിൽ തീർച്ചയായും നമ്മുടെ ജീവനും സമയവും പ്രാപ്തികളും ശക്തിയും ഉൾപ്പെടുന്നുണ്ട്. നമ്മുടെ ഭൗതിക സമ്പത്തോ? ദരിദ്രയായ ഒരു വിധവ തീരെ മൂല്യംകുറഞ്ഞ രണ്ടു നാണയത്തുട്ടുകൾ ആലയഭണ്ഡാരത്തിലിടുന്നതു കണ്ടപ്പോൾ യേശു പറഞ്ഞ വാക്കുകൾ പരിചിന്തിക്കുക. “ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും [സംഭാവനയിട്ട മറ്റെല്ലാവരെക്കാളും] അധികം ഇട്ടിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ സമൃദ്ധിയിൽ നിന്നല്ലോ വഴിപാടു ഇട്ടതു; ഇവളോ തന്റെ ഇല്ലായ്മയിൽനിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു,” അവൻ പറഞ്ഞു. (ലൂക്കൊസ് 21:1-4) യഹോവയുടെ ആരാധനയെ ഉന്നമിപ്പിക്കുന്നതിൽ തന്റെ ഭൗതിക സ്വത്ത് ഉപയോഗിച്ചതിന് യേശു ഈ വിധവയെ പ്രശംസിച്ചു.
അപ്പോൾ വ്യക്തമായും, ശലോമോൻ സൂചിപ്പിക്കുന്ന വിലയേറിയ വസ്തുക്കളിൽ നമുക്കുള്ള ഏതൊരു ഭൗതിക സമ്പത്തും ഉൾപ്പെടുന്നുണ്ട്. “എല്ലാവിളവിന്റെയും ആദ്യഫലം” എന്ന പ്രയോഗത്തിന് നമ്മുടെ ഏറ്റവും വിലയേറിയ വസ്തുക്കൾ യഹോവയ്ക്കു നൽകണമെന്ന ആശയമുണ്ട്.
എന്നിരുന്നാലും, ഭൗതിക വസ്തുക്കൾ കൊടുക്കുമ്പോൾ അത് ദൈവത്തിനു ബഹുമാനം കൈവരുത്തുന്നതെങ്ങനെയാണ്? എല്ലാ വസ്തുക്കളും അവന്റേതല്ലേ? (സങ്കീർത്തനം 50:10; 95:3-5) “സകലവും നിങ്കൽനിന്നല്ലോ വരുന്നതു” എന്ന് യഹോവയോടുള്ള ഹൃദയംഗമമായ ഒരു പ്രാർഥനയിൽ ദാവീദ് അംഗീകരിച്ചുപറഞ്ഞു. ദാവീദും അവന്റെ ജനവും ആലയനിർമാണത്തിനായി നടത്തിയ ഒരു വലിയ സംഭാവനയെക്കുറിച്ച് അവൻ പറഞ്ഞു: “നിന്റെ കയ്യിൽനിന്നു വാങ്ങി ഞങ്ങൾ നിനക്കു തന്നതേയുള്ളു.” (1 ദിനവൃത്താന്തം 29:14) അതുകൊണ്ട്, യഹോവയ്ക്കു ദാനങ്ങൾ നൽകുമ്പോൾ, അവന്റെ ഹൃദയനന്മയെപ്രതി നമുക്കു നൽകിയിരിക്കുന്നവ നാം കേവലം തിരിച്ചുകൊടുക്കുന്നുവെന്നേയുള്ളൂ. (1 കൊരിന്ത്യർ 4:7) എന്നാൽ നേരത്തേ കണ്ടതുപോലെ, യഹോവയെ ബഹുമാനിക്കുന്നതിൽ, മറ്റുള്ളവരുടെ മുമ്പാകെ അവനെ ഉയർത്തുന്നതും ഉൾപ്പെടുന്നുണ്ട്. സത്യാരാധനയുടെ ഉന്നമനത്തിനായി ഉപയോഗിക്കുന്ന ഭൗതിക ദാനങ്ങൾ ദൈവത്തെ ബഹുമാനിക്കുന്നു. ഈ വിധത്തിൽ യഹോവയെ ബഹുമാനിക്കുന്നതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങൾ ബൈബിളിലുണ്ട്.
കഴിഞ്ഞകാല ദൃഷ്ടാന്തങ്ങൾ
ഏതാണ്ട് 3,500 വർഷംമുമ്പ്, ഇസ്രായേല്യർക്കുള്ള ഒരു ആരാധനാസ്ഥലമായി യഹോവ മരുഭൂമിയിൽ സമാഗമന കൂടാരം പ്രദാനം ചെയ്യേണ്ട സമയമായപ്പോൾ, ദിവ്യമായി നൽകപ്പെട്ട രൂപകൽപ്പനയ്ക്ക് വിലപിടിപ്പുള്ള പല സാധനങ്ങളും ആവശ്യമായിവന്നു. ‘നല്ല മനസ്സുള്ളവരെല്ലാം [“മനസ്സൊരുക്കമുള്ളവരെല്ലാം,” NW] യഹോവെക്കു വഴിപാടു കൊണ്ടുവരട്ടെ’യെന്നു യഹോവ മോശയോടു കൽപ്പിച്ചു. (പുറപ്പാടു 35:5) വിവരണം തുടർന്നിങ്ങനെ പറയുന്നു: “ഹൃദയത്തിൽ ഉത്സാഹവും മനസ്സിൽ താല്പര്യവും തോന്നിയവൻ എല്ലാം സമാഗമനകൂടാരത്തിന്റെ പ്രവൃത്തിക്കും അതിന്റെ സകലശുശ്രൂഷക്കും വിശുദ്ധവസ്ത്രങ്ങൾക്കും വേണ്ടി യഹോവെക്കു വഴിപാടു കൊണ്ടുവന്നു.” (പുറപ്പാടു 35:21) വാസ്തവത്തിൽ, അവരുടെ സ്വമേധയാ വഴിപാട് ആവശ്യത്തിലധികമായതിനാൽ അവരെ ‘കൊണ്ടുവരുന്നതിൽനിന്നു തടയേണ്ടിവന്നു.’—പുറപ്പാടു 36:5, 6, NW.
മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. സമാഗമനകൂടാരം അതിന്റെ ഉദ്ദേശ്യം നിവർത്തിക്കുകയും ആലയനിർമാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയും ചെയ്തപ്പോൾ തന്റെ പുത്രനായ ശലോമോൻ നിർമിക്കാനിരുന്ന ആലയത്തിനു ദാവീദ് വ്യക്തിപരമായ ഒരു വലിയ സംഭാവന നൽകി. സംഭാവന ചെയ്യുന്നതിൽ മറ്റുള്ളവരും പങ്കുചേരണമെന്ന് അവൻ ആവശ്യപ്പെട്ടു. ആളുകൾ യഹോവയ്ക്കു വിലയേറിയ വസ്തുക്കൾ നൽകി പ്രതികരിച്ചു. വെള്ളിയുടെയും സ്വർണത്തിന്റെയും മാത്രം വില ഇപ്പോഴത്തെ നിരക്കിൽ ഏതാണ്ട് 5,000 കോടി ഡോളർ വരുമായിരുന്നു. “ജനം മനഃപൂർവ്വമായി [“സ്വമേധയാ,” NW] കൊടുത്തതു കൊണ്ടു അവർ സന്തോഷിച്ചു.”—1 ദിനവൃത്താന്തം 29:3-9; 2 ദിനവൃത്താന്തം 5:1.
നമ്മുടെ നാളിലെ “സ്വമേധയാ ദാനങ്ങൾ”
നമ്മുടെ നാളിൽ സ്വമേധയാ ദാനങ്ങൾ കൊടുക്കുന്നതിലെ സന്തോഷത്തിൽ നമുക്കെങ്ങനെ പങ്കുപറ്റാനാകും? ലോകത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സുപ്രധാന വേല രാജ്യത്തെക്കുറിച്ചുള്ള പ്രസംഗവും ശിഷ്യരാക്കലുമാണ്. (മത്തായി 24:14; 28:19, 20; പ്രവൃത്തികൾ 1:8) രാജ്യത്തിന്റെ ഭൗമിക താത്പര്യങ്ങൾ തന്റെ സാക്ഷികളെ ഏൽപ്പിക്കുന്നത് ഉചിതമെന്ന് യഹോവ കണ്ടിരിക്കുന്നു.—യെശയ്യാവു 43:10.
യഹോവയുടെ സാക്ഷികൾ ഇന്നു നിർവഹിക്കുന്ന വേലയ്ക്കു സാമ്പത്തിക സഹായം ആവശ്യമാണെന്നത് വ്യക്തമാണ്. രാജ്യഹാളുകളും സമ്മേളനഹാളുകളും ബ്രാഞ്ച് ഓഫീസുകളും ഫാക്ടറികളും ബെഥേൽഭവനങ്ങളും നിർമിച്ച് സംരക്ഷിക്കുന്നതിന് പണം ആവശ്യമാണ്. അനേകം ഭാഷകളിൽ ബൈബിളും ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളും അച്ചടിച്ച് വിതരണം ചെയ്യുന്നതും ചെലവുള്ള സംഗതിതന്നെ. സംഘാടനവുമായി ബന്ധപ്പെട്ട അത്തരം ചെലവുകൾക്കുള്ള പണം ലഭിക്കുന്നതെങ്ങനെയാണ്? തികച്ചും സ്വമേധയായുള്ള സംഭാവനകളിലൂടെ!
സംഭാവനകളിൽ ഏറിയപങ്കും വരുന്നത് യേശു നിരീക്ഷിച്ച വിധവയെപ്പോലുള്ള എളിയ വരുമാനമുള്ള വ്യക്തികളിൽനിന്നാണ്. ഈ വിധത്തിൽ യഹോവയെ ബഹുമാനിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കാൻ, അവർ “പ്രാപ്തിപോലെയും” ചിലപ്പോൾ “പ്രാപ്തിക്കു മീതെയും” മിതമായ തുകകൾ സംഭാവന ചെയ്യുന്നു.—2 കൊരിന്ത്യർ 8:3, 4.
“അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുതു; നിർബ്ബന്ധത്താലുമരുതു; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്നു പൗലൊസ് അപ്പോസ്തലൻ കൊരിന്തിലെ ക്രിസ്ത്യാനികളോടു പറഞ്ഞു. (2 കൊരിന്ത്യർ 9:7) സന്തോഷത്തോടെ കൊടുക്കുന്നതിനു നല്ല ആസൂത്രണം ആവശ്യമാണ്. പൗലൊസ് കൊരിന്ത്യരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്ചയിലെ ആദ്യദിവസം അവനവന്റെ വീട്ടിൽ നീക്കിവെക്കണം; അങ്ങനെ ആയാൽ ഞാൻ വരുമ്പോൾ പിരിവൊന്നും നടത്തേണ്ടിവരില്ല.” (1 കൊരിന്ത്യർ 16:2, NW) സമാനമായി, ഇന്ന് രാജ്യവേല ഉന്നമിപ്പിക്കാൻ സ്വകാര്യമായും സ്വമേധയായും സംഭാവനകൾ കൊടുക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനായി തങ്ങളുടെ വരുമാനത്തിന്റെ ഒരംശം മാറ്റിവെക്കാവുന്നതാണ്.
തന്നെ ബഹുമാനിക്കുന്നവരെ യഹോവ അനുഗ്രഹിക്കുന്നു
ഭൗതിക സമൃദ്ധി ആത്മീയ സമൃദ്ധിക്കു നിദാനമല്ല. സമയവും ഊർജവും ഭൗതികവിഭവങ്ങളുംപോലുള്ള നമ്മുടെ വിലയേറിയ വസ്തുക്കൾ യഹോവയെ ബഹുമാനിക്കുന്നതിനായി ഔദാര്യപൂർവം ഉപയോഗിക്കുമ്പോഴാണു സമൃദ്ധമായ അനുഗ്രഹങ്ങളുണ്ടാകുന്നത്. അതിനു കാരണം സകലവും തന്റേതായിരിക്കുന്ന ദൈവം നമുക്ക് ഈ ഉറപ്പുനൽകുന്നുവെന്നതാണ്: “ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.”—സദൃശവാക്യങ്ങൾ 11:25.
ദാവീദ് രാജാവിന്റെ മരണത്തെത്തുടർന്ന്, അവന്റെ പുത്രനായ ശലോമോൻ തന്റെ പിതാവു സമാഹരിച്ച സ്വമേധയാ സംഭാവനകൾ യഹോവയുടെ നിർദേശാനുസരണം മഹനീയ ആലയം നിർമിക്കുന്നതിനായി ഉപയോഗിച്ചു. ദൈവത്തിന്റെ ആരാധനയിൽ ശലോമോൻ വിശ്വസ്തനായിരുന്നിടത്തോളംകാലം, “യെഹൂദയും യിസ്രായേലും ദാൻമുതൽ ബേർ-ശേബവരെയും . . . നിർഭയം വസിച്ചു.” (1 രാജാക്കന്മാർ 4:25) ഇസ്രായേൽ ‘തങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനി’ച്ചിടത്തോളംകാലം കളപ്പുരകൾ നിറയുകയും മുന്തിരിച്ചക്കുകൾ കവിഞ്ഞൊഴുകുകയും ചെയ്തു.
പിൽക്കാലത്ത്, മലാഖി പ്രവാചകനിലൂടെ യഹോവ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” (മലാഖി 3:10) യഹോവയുടെ ദാസന്മാർ ഇന്ന് ആസ്വദിക്കുന്ന ആത്മീയ സമൃദ്ധി ദൈവം തന്റെ വാഗ്ദാനം പാലിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ്.
രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നതിൽ നാം നമ്മുടെ പങ്കു നിർവഹിക്കുമ്പോൾ യഹോവ തീർച്ചയായും പ്രസാദിക്കുന്നു. (എബ്രായർ 13:15, 16) നാം “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷി”ച്ചുകൊണ്ടേയിരിക്കുന്നെങ്കിൽ നമ്മെ താങ്ങിക്കൊള്ളാമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (മത്തായി 6:33) അത്യധികം ഹൃദയാഹ്ലാദത്തോടെ നമുക്കു ‘നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ട് യഹോവയെ ബഹുമാനിക്കാം.’
[28, 29 പേജുകളിലെ ചതുരം]
ലോകവ്യാപകവേലയ്ക്കു ചിലർ സ്വമേധയാ സംഭാവനകൾ കൊടുക്കാൻ തിരഞ്ഞെടുക്കുന്ന വിധങ്ങൾ
“സൊസൈറ്റിയുടെ ലോകവ്യാപകവേലക്കുള്ള സംഭാവനകൾ—മത്തായി 24:14” എന്ന ലേബലുള്ള സംഭാവനപ്പെട്ടികളിൽ ഇടുന്നതിന് അനേകർ ഒരു തുക നീക്കിവെക്കുന്നു അഥവാ ബജറ്റിൽ ഉൾപ്പെടുത്തുന്നു. ഓരോ മാസവും സഭകൾ ഈ തുക ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ലോകാസ്ഥാനത്തേക്കോ പ്രാദേശിക ബ്രാഞ്ച് ഓഫീസിലേക്കോ അയയ്ക്കുന്നു.
സ്വമേധയാദാനമായുള്ള പണം Watch Tower Bible and Tract Society of India, H-58, Old Khandala Road, Lonavla, 410 401, Pune Dist, Mah.,-ലേക്കോ നിങ്ങളുടെ രാജ്യത്തു പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ ഓഫീസിലേക്കോ നേരിട്ട് അയയ്ക്കാവുന്നതാണ്. കൂടാതെ ആഭരണങ്ങളോ വിലയേറിയ മറ്റു വസ്തുക്കളോ സംഭാവന ചെയ്യാവുന്നതാണ്. ഈ സംഭാവനകളോടൊപ്പം അവ നിരുപാധികമായ ഒരു ദാനമാണെന്നു ചുരുക്കമായി പ്രസ്താവിക്കുന്ന ഒരു കത്തും ഉണ്ടായിരിക്കണം.
സോപാധിക സംഭാവനാ ക്രമീകരണം വ്യക്തിപരമായ ആവശ്യം വരുന്നപക്ഷം തിരിച്ചുതരണമെന്നുള്ള വ്യവസ്ഥയിൽ, പണം വാച്ച് ടവർ സൊസൈറ്റിയെ ഏൽപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് മേൽപ്പറഞ്ഞ വിലാസത്തിൽ സൊസൈറ്റിയുമായി ബന്ധപ്പെടുക.
ആസൂത്രിത കൊടുക്കൽ നിരുപാധിക ദാനവും സോപാധിക സംഭാവനയുമായി പണം നൽകുന്നതിനു പുറമേ, ലോകവ്യാപക രാജ്യസേവനത്തിന്റെ പ്രയോജനത്തിനായി കൊടുക്കാവുന്ന വേറെയും രീതികളുണ്ട്. പിൻവരുന്നവ അതിൽ ഉൾപ്പെടുന്നു:
ഇൻഷ്വറൻസ്:ഇൻഷ്വറൻസ് പോളിസിയുടെയോ റിട്ടയർമെൻറ്⁄പെൻഷൻ പദ്ധതിയുടെയോ ഗുണഭോക്താവായി വാച്ച് ടവർ സൊസൈറ്റിയുടെ പേർ വയ്ക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈറ്റിയെ അറിയിച്ചിരിക്കണം.
ബാങ്ക് അക്കൗണ്ടുകൾ: പ്രാദേശിക ബാങ്കുനിയമങ്ങൾക്കു ചേർച്ചയിൽ, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപസർട്ടിഫിക്കറ്റുകൾ, അല്ലെങ്കിൽ വ്യക്തിപരമായ പെൻഷൻ അക്കൗണ്ടുകൾ എന്നിവ വാച്ച് ടവർ സൊസൈറ്റിയിൽ ട്രസ്റ്റായി അല്ലെങ്കിൽ മരണത്തിങ്കൽ ലഭിക്കാവുന്നതായി ഏൽപ്പിക്കാവുന്നതാണ്. അങ്ങനെയുള്ള ഏതു ക്രമീകരണവും സൊസൈറ്റിയെ അറിയിച്ചിരിക്കണം.
സ്റ്റോക്കുകളും ബോണ്ടുകളും: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ വരുമാനം തുടർന്നും ദാതാവിനു ലഭിക്കുന്ന ക്രമീകരണത്തിൻകീഴിലോ സ്റ്റോക്കുകളും ബോണ്ടുകളും വാച്ച് ടവർ സൊസൈറ്റിക്കു ദാനമായി നൽകാവുന്നതാണ്.
സ്ഥാവരവസ്തു: ഒരു നിരുപാധിക ദാനമായിട്ടോ അല്ലെങ്കിൽ ദാതാവിന് ആയുഷ്കാലാവകാശം നിലനിർത്തിക്കൊണ്ടോ, വിൽക്കാവുന്ന സ്ഥാവരവസ്തു വാച്ച് ടവർ സൊസൈറ്റിക്കു ദാനം ചെയ്യാവുന്നതാണ്, ദാതാവിന്റെ ആയുഷ്പര്യന്തം അയാൾക്ക് അവിടെ താമസിക്കാം. ഏതെങ്കിലും സ്ഥാവരവസ്തു സൊസൈറ്റിക്ക് ആധാരം ചെയ്യുന്നതിനുമുമ്പായി സൊസൈറ്റിയുമായി സമ്പർക്കം പുലർത്തണം.
വിൽപ്പത്രങ്ങളും ട്രസ്ററുകളും: നിയമപരമായി തയ്യാറാക്കിയ വിൽപ്പത്രം മുഖാന്തരം വസ്തുവോ പണമോ വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റിക്ക് ഒസ്യത്തായി നൽകാവുന്നതാണ്. അല്ലെങ്കിൽ ഒരു ട്രസ്റ്റ് ക്രമീകരണത്തിന്റെ ഗുണഭോക്താവായി സൊസൈറ്റിയുടെ പേർ കൊടുക്കാവുന്നതാണ്. ഒരു മതസ്ഥാപനത്തിനു പ്രയോജകീഭവിക്കുന്ന ട്രസ്റ്റ് ചില നികുതിയിളവുകൾക്ക് ഇടയാക്കിയേക്കാം. വിൽപ്പത്രത്തിന്റെ അല്ലെങ്കിൽ ട്രസ്റ്റ് കരാറിന്റെ ഒരു പകർപ്പു സൊസൈറ്റിക്ക് അയച്ചുകൊടുക്കേണ്ടതാണ്. ഇങ്ങനെയുള്ള ഏതെങ്കിലുമൊരു ആസൂത്രിത കൊടുക്കലിൽ താത്പര്യമുള്ളവർക്കു മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ നിങ്ങളുടെ രാജ്യത്തുള്ള സൊസൈറ്റിയുടെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഈ ക്രമീകരണങ്ങളിൽ ഏതുമായും ബന്ധപ്പെട്ട പ്രസക്ത രേഖകളുടെ ഒരു പ്രതി സൊസൈറ്റിക്കു ലഭിക്കേണ്ടതാണ്.