അവർ യഹോവയുടെ ഹിതം ചെയ്തു
ആത്മത്യാഗത്തിന്റെയും വിശ്വസ്തതയുടെയും ഒരു ദൃഷ്ടാന്തം
എലീശാ എന്ന യുവകർഷകനെ സംബന്ധിച്ചിടത്തോളം ഒരു പതിവ് ഉഴവുദിനമായി തുടങ്ങിയ ആ ദിനം ജീവിതത്തിലെ ഏറ്റവും പ്രധാന ദിനമായിത്തീർന്നു. എലീശാ വയലിൽ ജോലിചെയ്തുകൊണ്ടിരുന്നപ്പോൾ, ഇസ്രായേലിലെ സമുന്നത പ്രവാചകനായ ഏലീയാവ് അവിചാരിതമായി അവനെ സന്ദർശിച്ചു. ‘അവൻ എന്തിനായിരിക്കും എന്നെ സന്ദർശിക്കുന്നത്?,’ എലീശാ അതിശയിച്ചിരിക്കണം. ഉത്തരത്തിനായി അവനു ദീർഘനേരം കാത്തുനിൽക്കേണ്ടിവന്നില്ല. ഒരിക്കൽ എലീശാ തന്റെ പിൻഗാമിയായിരിക്കുമെന്നു സൂചിപ്പിച്ചുകൊണ്ട് ഏലീയാവ് തന്റെ ഔദ്യോഗിക വസ്ത്രം എലീശായുടെമേൽ ഇട്ടു. എലീശാ ആ ക്ഷണം നിസ്സാരമായെടുത്തില്ല. ഏലീയാവിന്റെ ശുശ്രൂഷകനായിരിക്കേണ്ടതിന് ഉടൻതന്നെ അവൻ തന്റെ വയൽവിട്ടുപോയി.—1 രാജാക്കന്മാർ 19:19-21.
ഏതാണ്ട് ആറുവർഷം കഴിഞ്ഞ്, ഏലീയാവിന് വിട്ടുപോകാനുള്ള സമയമായി. അവന്റെ പുറപ്പെടലിൻ വിവരണം എബ്രായ തിരുവെഴുത്തുകളിലെ “ഏറ്റവും ഗംഭീരമായ വിവരണങ്ങളിലൊന്ന്” എന്ന് വിളിക്കപ്പെട്ടിരിക്കുന്നു.
ഏലീയാവ് വിട്ടുപോകാൻ ഒരുങ്ങുന്നു
ബെഥേലിലും യെരീഹോയിലും യോർദാനിലും ഒരു അവസാന സന്ദർശനം നടത്താൻ ഏലീയാവ് ആഗ്രഹിച്ചു. അതിനായി കിലോമീറ്ററുകളോളം നടക്കണമായിരുന്നു. അതിൽ ദുർഘടംപിടിച്ച കുറെ പർവതപ്രദേശങ്ങളും ഉൾപ്പെടുമായിരുന്നു. യാത്രയുടെ ഓരോ ഘട്ടത്തിലും ആ സ്ഥലത്തുതന്നെ തുടരാൻ ഏലീയാവ് എലീശായെ പ്രോത്സാഹിപ്പിച്ചു. എന്നാൽ അവസാനംവരെ തന്റെ യജമാനനോടൊപ്പം തുടരണമെന്ന് എലീശാ നിർബന്ധംപിടിച്ചു.—2 രാജാക്കന്മാർ 2:1, 2, 4, 6.
ബെഥേലിലും യെരീഹോയിലുമായിരുന്നപ്പോൾ, “പ്രവാചകശിഷ്യന്മാർ” എലീശായുടെ അടുക്കൽവന്നു.a “യഹോവ ഇന്നു നിന്റെ യജമാനനെ നിന്റെ തലെക്കൽനിന്നു എടുത്തുകൊള്ളും എന്നു നീ അറിയുന്നുവോ”യെന്ന് അവർ അവനോടു ചോദിച്ചു. “അതേ, ഞാൻ അറിയുന്നു; നിങ്ങൾ മിണ്ടാതിരിപ്പിൻ” എന്ന് അവൻ മറുപടിപറഞ്ഞു.—2 രാജാക്കന്മാർ 2:3, 5.
ഏലീയാവും എലീശായും അടുത്തതായി യോർദാൻ നദിയിലേക്കു യാത്രയായി. അവർ യോർദാനിൽ എത്തിയപ്പോൾ, ഏതാണ്ട് 50 പ്രവാചകശിഷ്യന്മാർ അകലെനിന്ന് നോക്കിനിൽക്കവേ ഏലീയാവ് ഒരു അത്ഭുതം പ്രവർത്തിച്ചു. “ഏലീയാവു തന്റെ പുതപ്പു എടുത്തു മടക്കി വെള്ളത്തെ അടിച്ചു; അതു അങ്ങോട്ടും ഇങ്ങോട്ടും പിരിഞ്ഞു; അങ്ങനെ അവർ ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെക്കു കടന്നു.”—2 രാജാക്കന്മാർ 2:8.
അവർ അക്കരെ കടന്നുകഴിഞ്ഞപ്പോൾ ഏലീയാവ് എലീശായോടു പറഞ്ഞു: “ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുംമുമ്പെ ഞാൻ നിനക്കു എന്തു ചെയ്തുതരേണം? ചോദിച്ചുകൊൾക.” എലീശാ ഏലീയാവിന്റെ ആത്മാവിൽ ‘ഇരട്ടി പങ്ക്,’ അതായത് സാധാരണമായി ആദ്യജാതപുത്രന്റെ അവകാശമായ രണ്ട് പങ്ക്, ചോദിച്ചു. തീർച്ചയായും, ഒരു ആദ്യജാതപുത്രൻ തന്റെ പിതാവിനെ ആദരിക്കുന്നതുപോലെ എലീശാ ഏലീയാവിനെ ആദരിച്ചിരുന്നു. അതിനുപുറമേ, ഇസ്രായേലിലെ യഹോവയുടെ പ്രവാചകനെന്നനിലയിൽ ഏലീയാവിന്റെ പിൻഗാമിയായിത്തീരാൻ വേണ്ടി അവനെ അഭിഷേകം ചെയ്തിരുന്നു. അതുകൊണ്ട് അവന്റെ അഭ്യർഥന സ്വാർഥപരമോ അനുചിതമോ ആയിരുന്നില്ല. എന്നിരുന്നാലും, യഹോവയ്ക്കു മാത്രമേ അത് നൽകാൻ കഴിയുകയുള്ളുവെന്ന് മനസ്സിലാക്കിക്കൊണ്ട് ഏലീയാവ് വിനീതനായി മറുപടി പറഞ്ഞു: “നീ പ്രയാസമുള്ള കാര്യമാകുന്നു ചോദിച്ചതു.” എന്നിട്ട് അവൻ കൂട്ടിച്ചേർത്തു: “ഞാൻ നിങ്കൽനിന്നു എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുന്നുവെങ്കിൽ നിനക്കു അങ്ങനെ ഉണ്ടാകും; അല്ലെന്നുവരികിൽ ഉണ്ടാകയില്ല.”—2 രാജാക്കന്മാർ 2:9, 10; ആവർത്തനപുസ്തകം 21:17.
തന്റെ യജമാനനോടു പറ്റിനിൽക്കാൻ എലീശാ മുമ്പെന്നത്തെക്കാളുമധികം നിശ്ചയമുള്ളവനായിരുന്നുവെന്നതിൽ ഒരു സംശയവുമില്ല. അപ്പോൾ, “അഗ്നിരഥവും അഗ്ന്യശ്വങ്ങളും” പ്രത്യക്ഷപ്പെട്ടു. എലീശാ അന്ധാളിച്ചുനിൽക്കെ, ഏലീയാവ് ഒരു ചുഴലിക്കാറ്റിൽ എടുക്കപ്പെട്ടു, അതായത് മറ്റൊരു സ്ഥലത്തേക്കു അത്ഭുതകരമായി മാറ്റപ്പെട്ടു.b എലീശാ ഏലീയാവിന്റെ ഔദ്യോഗിക വസ്ത്രവുമെടുത്ത് യോർദാൻ നദിയുടെ തീരത്തേക്കു മടങ്ങിപ്പോയി. “ഏലീയാവിന്റെ ദൈവമായ യഹോവ എവിടെ” എന്ന് ചോദിച്ചുകൊണ്ട് അവൻ വെള്ളത്തെ അടിച്ചു. ഏലീയാവിന്റെ പിൻഗാമിയെന്നനിലയിൽ എലീശായ്ക്ക് ദിവ്യപിന്തുണയുണ്ടെന്നുള്ളതിനു വ്യക്തമായ തെളിവു നൽകിക്കൊണ്ട് വെള്ളം രണ്ടായി പിരിഞ്ഞു.—2 രാജാക്കന്മാർ 2:11-14.
നമുക്കുള്ള പാഠങ്ങൾ
ഏലീയാവിനോടൊപ്പമുള്ള പ്രത്യേക സേവനത്തിനു ക്ഷണം ലഭിച്ചപ്പോൾ, ഇസ്രായേലിന്റെ സമുന്നത പ്രവാചകനു ശുശ്രൂഷചെയ്യാനായി എലീശാ ഉടനടി തന്റെ വയൽവിട്ടുപോയി. വ്യക്തമായും, അവന്റെ ചില കർത്തവ്യങ്ങൾ ഭൃത്യോചിതമായിരുന്നു, എന്തെന്നാൽ “ഏലീയാവിന്റെ കൈക്കു വെള്ളം ഒഴിച്ച”വൻ എന്നനിലയിൽ അവൻ അറിയപ്പെട്ടു.c (2 രാജാക്കന്മാർ 3:11) പക്ഷേ, എലീശാ തന്റെ വേലയെ ഒരു പദവിയായി വീക്ഷിക്കുകയും ഏലീയാവിനോടു വിശ്വസ്തമായി പറ്റിനിൽക്കുകയും ചെയ്തു.
ഇന്ന് ഒട്ടുമിക്ക ദൈവദാസന്മാരും സമാനമായ ആത്മത്യാഗമനോഭാവം പ്രകടമാക്കുന്നു. വിദൂര പ്രദേശങ്ങളിൽ സുവാർത്ത പ്രസംഗിക്കുന്നതിനോ ബെഥേൽ കുടുംബാംഗങ്ങളായി സേവിക്കുന്നതിനോ വേണ്ടി ചിലർ തങ്ങളുടെ “വയലുകൾ,” തങ്ങളുടെ ഉപജീവനമാർഗങ്ങൾ, ഉപേക്ഷിച്ചിരിക്കുന്നു. സൊസൈറ്റിയുടെ നിർമാണ പദ്ധതികളിൽ പങ്കെടുക്കുന്നതിനുവേണ്ടി മറ്റുചിലർ വിദേശരാജ്യങ്ങളിലേക്കു യാത്രചെയ്തിട്ടുണ്ട്. അനേകർ, തരംതാണതെന്നു പരിഗണിക്കപ്പെടാവുന്ന ജോലികൾ സ്വീകരിച്ചിരിക്കുന്നു. എന്നാൽ യഹോവയ്ക്കുവേണ്ടി അടിമവേല ചെയ്യുന്ന ഏതൊരുവനും അപ്രധാനമായ ഒരു സേവനമല്ല നിർവഹിക്കുന്നത്. തന്നെ സ്വമനസ്സാലെ സേവിക്കുന്ന എല്ലാവരെയും യഹോവ വിലമതിക്കുന്നു. അവൻ അവരുടെ ആത്മത്യാഗമനോഭാവത്തെ അനുഗ്രഹിക്കുകയും ചെയ്യും.—മർക്കൊസ് 10:29, 30.
എലീശാ അവസാനംവരെ ഏലീയാവിനോടു പറ്റിനിന്നു. അവസരം ലഭിച്ചപ്പോൾപോലും ആ വൃദ്ധപ്രവാചകനെ ഉപേക്ഷിക്കാൻ അവൻ വിസമ്മതിച്ചു. നിസ്സംശയമായും, ഏലീയാവുമായി അവൻ വളർത്തിയെടുത്ത അടുത്ത ബന്ധം അത്തരം വിശ്വസ്ത സ്നേഹത്തെ ഉല്ലാസപ്രദമാക്കി. ഇന്ന്, ദൈവദാസന്മാർ ദൈവവുമായുള്ള തങ്ങളുടെ ബന്ധം ശക്തിപ്പെടുത്താനും സഹവിശ്വാസികളുമായി കൂടുതൽ അടുക്കാനും കഠിനശ്രമം ചെയ്യുന്നു. ഐക്യത്തിന്റെ ഒരു ദൃഢബന്ധം അനുഗ്രഹിക്കപ്പെടും, കാരണം യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നു: “വിശ്വസ്തനോടു നീ വിശ്വസ്തതയോടെ ഇടപെടും.”—2 ശമൂവേൽ 22:26 NW.
[അടിക്കുറിപ്പുകൾ]
a ചിലയവസരങ്ങളിൽ “പ്രവാചകപുത്രന്മാർ” എന്നും വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള, “പ്രവാചകശിഷ്യന്മാർ” എന്ന പദപ്രയോഗം പ്രവാചകവൃത്തിക്കായി വിളിക്കപ്പെട്ടവർക്കുവേണ്ടിയുള്ള പാഠശാലയെയോ പ്രവാചകന്മാരുടെ ഒരു സഹകരണ സംഘത്തെയോ അർഥമാക്കിയേക്കാം.
b യഹൂദാ രാജാവായ യെഹോരാമിനുള്ള ഏലീയാവിന്റെ സന്ദേശം അതിന് ഏതാനും വർഷങ്ങൾക്കു ശേഷമാണ് എഴുതപ്പെട്ടത്.—2 ദിനവൃത്താന്തം 21:12-15.
c ദാസൻ തന്റെ യജമാനന്റെ കൈക്ക്, പ്രത്യേകിച്ചും ഭക്ഷണത്തിനു ശേഷം, വെള്ളമൊഴിച്ചുകൊടുക്കുന്നത് ഒരു ആചാരമായിരുന്നു. ആതിഥ്യത്തിന്റെയും ആദരവിന്റെയും ചില സന്ദർഭങ്ങളിൽ താഴ്മയുടെയും പ്രകടനമായിരുന്ന കാലുകഴുകലിനോടു സമാനമായ ഒരു ആചാരമായിരുന്നു ഇത്.—ഉല്പത്തി 24:31, 32; യോഹന്നാൻ 13:5.