പീഡാനുഭവങ്ങൾ നേരിട്ടാലും നിങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുക
“എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധ പീഡാനുഭവങ്ങൾ നേരിടുമ്പോൾ, അതെല്ലാം സന്തോഷമായി ഗണിക്കുവിൻ.”—യാക്കോബ് 1:2, NW.
1. ഏതു സാഹചര്യത്തെ നേരിട്ടുകൊണ്ടാണ് യഹോവയുടെ ജനം അവനെ വിശ്വാസത്തോടെയും “ഹൃദയസന്തോഷ”ത്തോടെയും സേവിക്കുന്നത്?
യഹോവയുടെ ജനം അവന്റെ സാക്ഷികളെന്ന നിലയിൽ അവനെ വിശ്വാസത്തോടെയും “ഹൃദയസന്തോഷ”ത്തോടെയും സേവിക്കുന്നു. (ആവർത്തനപുസ്തകം 28:47; യെശയ്യാവു 43:10) അനേകം പീഡാനുഭവങ്ങളിൽപ്പെട്ട് ഉഴലുമ്പോഴും അവർ അതു ചെയ്യുന്നു. പ്രയാസങ്ങൾ നേരിടുമ്പോഴും, അവർ ഈ വാക്കുകളിൽനിന്ന് ആശ്വാസം കണ്ടെത്തുന്നു: “എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധ പീഡാനുഭവങ്ങൾ നേരിടുമ്പോൾ, അതെല്ലാം സന്തോഷമായി ഗണിക്കുവിൻ. അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ ഈ പരിശോധിത ഗുണം സഹിഷ്ണുത ഉളവാക്കുന്നുവെന്നു നിങ്ങൾക്ക് അറിയാമല്ലോ.”—യാക്കോബ് 1:2, 3, NW.
2. യാക്കോബ് എന്ന ലേഖനത്തിന്റെ എഴുത്തുകാരനെക്കുറിച്ച് എന്തെല്ലാം വിവരണങ്ങൾ ലഭ്യമാണ്?
2 യേശുക്രിസ്തുവിന്റെ അർധസഹോദരനും ശിഷ്യനുമായ യാക്കോബ് ഏതാണ്ട് പൊ.യു. 62-ൽ രേഖപ്പെടുത്തിയതാണ് ആ പ്രസ്താവന. (മർക്കൊസ് 6:3) യാക്കോബ് യെരൂശലേം സഭയിലെ ഒരു മൂപ്പനായിരുന്നു. വാസ്തവത്തിൽ, അവനും കേഫാവും (പത്രൊസ്), യോഹന്നാനും സഭയുടെ കരുത്തുറ്റ, അടിയുറച്ച പിന്തുണക്കാരായി, “തൂണുകളായി എണ്ണപ്പെട്ടിരു”ന്നു. (ഗലാത്യർ 2:9) ഏതാണ്ട് പൊ.യു. 49-ൽ പരിച്ഛേദന സംബന്ധിച്ച പ്രശ്നം ‘അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും’മുമ്പാകെ അവതരിപ്പിച്ചപ്പോൾ, യാക്കോബ് പറഞ്ഞ തിരുവെഴുത്തധിഷ്ഠിത നിർദേശം ഒന്നാം നൂറ്റാണ്ടിലെ ഭരണസംഘം സ്വീകരിക്കുകയുണ്ടായി.—പ്രവൃത്തികൾ 15:6-29.
3. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്കു നേരിട്ട ചില പ്രശ്നങ്ങളെന്തെല്ലാം, യാക്കോബിന്റെ ലേഖനത്തിൽനിന്നു നമുക്കെങ്ങനെയാണ് ഏറ്റവും കൂടുതൽ പ്രയോജനം നേടാൻ കഴിയുന്നത്?
3 ആടുകളിൽ തത്പരനായ ഒരു ആത്മീയ ഇടയനെന്ന നിലയിൽ, യാക്കോബിന് ‘അവയുടെ അവസ്ഥ അറിയാമായിരുന്നു.’ (സദൃശവാക്യങ്ങൾ 27:23) ക്രിസ്ത്യാനികൾക്ക് അപ്പോൾ കൊടിയ പീഡാനുഭവങ്ങൾ നേരിടുകയായിരുന്നെന്ന് അവൻ മനസ്സിലാക്കി. ചിലരുടെ ചിന്തയ്ക്കു പൊരുത്തപ്പെടുത്തലുകൾ ആവശ്യമായിരുന്നു, എന്തെന്നാൽ അവർ ധനികരോടു പക്ഷപാതം കാട്ടി. ചിലർക്ക് ആരാധന വെറുമൊരു ചടങ്ങായിരുന്നു. ചിലരുടെ അടക്കമില്ലാത്ത നാവ് ദ്രോഹം ചെയ്യുന്നുണ്ടായിരുന്നു. ലൗകിക മനോഭാവം നാശകരമായ ഫലങ്ങൾ ഉളവാക്കി. ക്ഷമയില്ലാത്തവരും പ്രാർഥിക്കാത്തവരുമായി അനേകരുണ്ടായിരുന്നു. വാസ്തവത്തിൽ, ചില ക്രിസ്ത്യാനികൾ ആത്മീയ അന്ധകാരത്തിലായിരുന്നു. യാക്കോബിന്റെ ലേഖനം അത്തരം സംഗതികൾ ക്രിയാത്മകമായി കൈകാര്യം ചെയ്യുന്നു. അവന്റെ ബുദ്ധ്യുപദേശം പൊ.യു. ഒന്നാം നൂറ്റാണ്ടിലേതുപോലെ ഇന്നും പ്രായോഗികമാണ്. ഈ ലേഖനം നമുക്ക് ഓരോരുത്തർക്കുംവേണ്ടി എഴുതിയതാണെന്നു വിചാരിക്കുന്നതു നമുക്ക് ഏറെ പ്രയോജനം ചെയ്യും.a
നമുക്കു പീഡാനുഭവങ്ങൾ നേരിടുമ്പോൾ
4. നാം പീഡാനുഭവങ്ങളെ എങ്ങനെ വീക്ഷിക്കണം?
4 പീഡാനുഭവങ്ങളെ വീക്ഷിക്കേണ്ടതെങ്ങനെയെന്ന് യാക്കോബ് നമുക്കു കാണിച്ചുതരുന്നു. (യാക്കോബ് 1:1-4) ദൈവപുത്രനുമായുള്ള കുടുംബബന്ധത്തെക്കുറിച്ചു സൂചിപ്പിക്കാതെ, “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസനായി” അവൻ സ്വയം വിശേഷിപ്പിക്കുന്നു. ആത്മീയ ഇസ്രായേലിന്റെ “ചിതറിപ്പാർക്കുന്ന പന്ത്രണ്ടു ഗോത്രങ്ങൾക്കും” യാക്കോബ് എഴുതുന്നതിനുള്ള പ്രാഥമിക കാരണം പീഡനമാണ്. (പ്രവൃത്തികൾ 8:1; 11:19; ഗലാത്യർ 6:16; 1 പത്രൊസ് 1:1) ക്രിസ്ത്യാനികളെന്ന നിലയിൽ, നാമും പീഡിപ്പിക്കപ്പെടുന്നു, നമുക്ക് “വിവിധ പീഡാനുഭവങ്ങൾ നേരിടുന്നു.” പീഡാനുഭവങ്ങളിൽ സഹിച്ചുനിൽക്കുന്നത് നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുന്നുവെന്നു നാമോർക്കുന്നെങ്കിൽ, അതു നേരിടുമ്പോൾ നാം “അതെല്ലാം സന്തോഷമായി ഗണി”ക്കും. പീഡാനുഭവങ്ങളിൽ നാം ദൈവത്തോടു നിർമലത കാക്കുന്നെങ്കിൽ, അതു നമുക്കു നിലനിൽക്കുന്ന സന്തോഷം പ്രദാനം ചെയ്യും.
5. നമ്മുടെ പീഡാനുഭവങ്ങളിൽ എന്ത് ഉൾപ്പെട്ടേക്കാം, നാം വിജയപ്രദമായി അവ സഹിച്ചുനിൽക്കുമ്പോൾ എന്തു സംഭവിക്കുന്നു?
5 നമ്മുടെ പീഡാനുഭവങ്ങളിൽ മനുഷ്യർക്കു പൊതുവേ അനുഭവപ്പെടുന്ന പ്രതികൂലാവസ്ഥകളും ഉൾപ്പെടുന്നു. ഉദാഹരണത്തിന്, മോശമായ ആരോഗ്യം നമ്മെ അലട്ടിയേക്കാം. ദൈവം ഇപ്പോൾ അത്ഭുതരോഗശാന്തി നൽകുന്നില്ല, എന്നാൽ രോഗത്തെ നേരിടുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടിയുള്ള നമ്മുടെ പ്രാർഥനകൾക്ക് അവൻ ഉത്തരം നൽകുന്നു. (സങ്കീർത്തനം 41:1-3) യഹോവയുടെ സാക്ഷികളെന്ന നിലയിൽ പീഡിപ്പിക്കപ്പെടുമ്പോൾ നാം നീതിക്കുവേണ്ടിയും സഹിക്കുന്നു. (2 തിമൊഥെയൊസ് 3:12; 1 പത്രൊസ് 3:14) അത്തരം പീഡാനുഭവങ്ങളിൽ നാം വിജയപ്രദമായി സഹിച്ചുനിൽക്കുമ്പോൾ, നമ്മുടെ വിശ്വാസം തെളിയിക്കപ്പെടുന്നു. അങ്ങനെ അത് “പരിശോധിത ഗുണ”മുള്ളതായിത്തീരുന്നു. നമ്മുടെ വിശ്വാസം വിജയിക്കുമ്പോൾ, ഇത് “സഹിഷ്ണുത ഉളവാക്കുന്നു.” പീഡാനുഭവങ്ങളിലൂടെ കൂടുതൽ ശക്തമാക്കപ്പെട്ട വിശ്വാസം ഭാവി പരിശോധനകളിൽ സഹിച്ചുനിൽക്കുന്നതിനു നമ്മെ സഹായിക്കും.
6. “സഹിഷ്ണുതക്കു തികഞ്ഞ പ്രവൃത്തി”യുണ്ടാകുന്നതെങ്ങനെ, പീഡാനുഭവങ്ങൾ നേരിടുമ്പോൾ എന്തു പ്രായോഗിക നടപടികൾ കൈക്കൊള്ളാനാകും?
6 “എന്നാൽ സഹിഷ്ണുതക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ” എന്നു യാക്കോബ് പറയുന്നു. തിരുവെഴുത്തുപരമല്ലാത്ത മാർഗങ്ങളിലൂടെ ഒരു പീഡാനുഭവം തിടുക്കത്തിൽ അവസാനിപ്പിക്കാൻ ശ്രമിക്കാതെ നാം അതിന്റെ സ്വാഭാവിക സമാപ്തിക്കായി കാത്തിരിക്കുന്നെങ്കിൽ, സഹിഷ്ണുത നമ്മെ തികഞ്ഞ ക്രിസ്ത്യാനികളാക്കുന്ന “പ്രവൃത്തി” ചെയ്യും, നമ്മെ വിശ്വാസത്തിൽ കുറവുള്ളവരാക്കുകയില്ല. തീർച്ചയായും, ഒരു പീഡാനുഭവം നമ്മുടെ ഏതെങ്കിലുമൊരു ബലഹീനവശം വെളിപ്പെടുത്തുന്നെങ്കിൽ, അതു പരിഹരിക്കുന്നതിനു നാം യഹോവയുടെ സഹായം തേടണം. ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നതിനുള്ള പ്രലോഭനമെന്ന പരിശോധനയാണെങ്കിലോ? നമുക്ക് ആ പ്രശ്നത്തെക്കുറിച്ചു പ്രാർഥിക്കുകയും നമ്മുടെ പ്രാർഥനയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യാവുന്നതാണ്. ദൈവത്തോടു നിർമലത കാക്കാൻ ചിലപ്പോൾ മറ്റൊരു ജോലി തിരഞ്ഞെടുക്കുകയോ മറ്റേതെങ്കിലും നടപടികൾ കൈക്കൊള്ളുകയോ ചെയ്യേണ്ടിവന്നേക്കാം.—ഉല്പത്തി 39:7-9; 1 കൊരിന്ത്യർ 10:13.
ജ്ഞാനം തേടൽ
7. പീഡാനുഭവങ്ങളെ നേരിടുന്നതിനു നമുക്കെങ്ങനെ സഹായം ലഭിച്ചേക്കാം?
7 ഒരു പീഡാനുഭവത്തെ നേരിടേണ്ടതെങ്ങനെയെന്നു നമുക്കറിയില്ലെങ്കിൽ എന്തു ചെയ്യണമെന്നു യാക്കോബ് നമുക്കു കാണിച്ചുതരുന്നുണ്ട്. (യാക്കോബ് 1:5-8) ജ്ഞാനം കുറവായിരിക്കുന്നതിന്റെപേരിൽ യഹോവ നമ്മെ കുറ്റപ്പെടുത്തുകയില്ല, അതിനുവേണ്ടി നാം വിശ്വാസത്തോടെ പ്രാർഥിക്കണം. പീഡാനുഭവത്തെ ഉചിതമായി വീക്ഷിച്ച് സഹിഷ്ണുത പ്രകടമാക്കാൻ അവൻ നമ്മെ സഹായിക്കും. സഹവിശ്വാസികളോ ബൈബിൾ പഠനമോ തിരുവെഴുത്തുകളെ നമ്മുടെ ശ്രദ്ധയിൽ വരുത്തിയേക്കാം. ദിവ്യമാർഗനിർദേശാനുസൃതം നിയന്ത്രിക്കപ്പെടുന്ന സംഭവങ്ങൾ നാമെന്തു ചെയ്യണമെന്നു കാണാൻ നമ്മെ പ്രാപ്തരാക്കിയേക്കാം. നാം ദൈവാത്മാവിനാൽ നയിക്കപ്പെട്ടേക്കാം. (ലൂക്കൊസ് 11:13) അത്തരം പ്രയോജനങ്ങൾ ആസ്വദിക്കുന്നതിന്, സ്വാഭാവികമായും നാം ദൈവത്തോടും അവന്റെ ജനത്തോടും അടുത്തു പറ്റിനിൽക്കണം.—സദൃശവാക്യങ്ങൾ 18:1.
8. സംശയാലുവിനു യഹോവയിൽനിന്നു യാതൊന്നും ലഭിക്കുകയില്ലാത്തതെന്തുകൊണ്ട്?
8 നാം “സംശയിക്കാതെ വിശ്വാസത്തോടെ ചോദിച്ചുകൊണ്ടേയിരിക്കുന്നെ”ങ്കിൽ (NW) പീഡാനുഭവങ്ങൾ നേരിടുന്നതിനുള്ള ജ്ഞാനം യഹോവ നമുക്കു നൽകും. സംശയാലു നിനച്ചിരിക്കാത്തനേരത്ത് “കാററടിച്ചു അലയുന്ന കടൽത്തിരെക്കു സമ”നാണ്. ആത്മീയമായി നാം അതുപോലെ അസ്ഥിരരാണെങ്കിൽ, ‘യഹോവയിൽനിന്നു നമുക്കെന്തെങ്കിലും ലഭിക്കുമെന്നു നാം വിചാരിക്കരുത്.’ (NW) പ്രാർഥനയിലോ മറ്റു വിധങ്ങളിലോ നമുക്ക് “ഇരുമനസ്സുള്ള”വരും “അസ്ഥിര”രും ആകാതിരിക്കാം. പകരം, ജ്ഞാനത്തിന്റെ ഉറവിടമായ യഹോവയിൽ നമുക്കു വിശ്വാസം പ്രകടമാക്കാം.—സദൃശവാക്യങ്ങൾ 3:5, 6.
സമ്പന്നർക്കും ദരിദ്രർക്കും ആഹ്ലാദിക്കാം
9. യഹോവയുടെ ആരാധകരെന്ന നിലയിൽ നമുക്ക് ആഹ്ലാദിക്കാൻ കാരണമുള്ളതെന്തുകൊണ്ട്?
9 ദാരിദ്ര്യം ഒരു പീഡാനുഭവമാണ്, എങ്കിലും ഓർക്കുക, സമ്പന്നരും ദരിദ്രരുമായ ക്രിസ്ത്യാനികൾക്ക് ആഹ്ലാദിക്കാം. (യാക്കോബ് 1:9-11) യേശുവിന്റെ അനുഗാമികളായിത്തീരുന്നതിനുമുമ്പ്, മിക്ക അഭിഷിക്തർക്കും കാര്യമായ ഭൗതികസ്വത്തുക്കൾ ഇല്ലായിരുന്നു. ലോകം അവരെ പുച്ഛിച്ചിരുന്നു. (1 കൊരിന്ത്യർ 1:26) എന്നാൽ രാജ്യാവകാശികൾ എന്ന സ്ഥാനത്തേക്കുള്ള തങ്ങളുടെ ‘ഉയർച്ച’യെക്കുറിച്ച് അവർക്ക് ആഹ്ലാദിക്കാൻ സാധിക്കുമായിരുന്നു. (റോമർ 8:16, 17) നേരേമറിച്ച്, മുമ്പ് ബഹുമാനിക്കപ്പെട്ടിരുന്ന ധനികർ, ക്രിസ്തുവിന്റെ അനുഗാമികളെന്ന നിലയിൽ, ലോകത്താൽ വെറുക്കപ്പെടുന്നതുനിമിത്തം “അവമാനം” അനുഭവിക്കുന്നു. (യോഹന്നാൻ 7:47-52; 12:42, 43) എന്നിരുന്നാലും, യഹോവയുടെ ദാസന്മാരെന്ന നിലയിൽ, നാം ആസ്വദിക്കുന്ന ആത്മീയ സമ്പത്തുമായി താരതമ്യം ചെയ്യുമ്പോൾ, ലൗകിക സമ്പത്തിനും ഉന്നതസ്ഥാനമാനങ്ങൾക്കും വിലയില്ലെന്നതിൽ നമുക്കെല്ലാവർക്കും ആഹ്ലാദിക്കാനാകും. നമുക്കിടയിൽ സാമൂഹിക സ്ഥാനങ്ങളെക്കുറിച്ചുള്ള അഹന്തയ്ക്ക് ഇടമില്ലെന്നതിൽ നാമെത്ര നന്ദിയുള്ളവരാണ്.—സദൃശവാക്യങ്ങൾ 10:22; പ്രവൃത്തികൾ 10:34, 35.
10. ഒരു ക്രിസ്ത്യാനി ഭൗതിക സമ്പത്തിനെ വീക്ഷിക്കേണ്ടതെങ്ങനെ?
10 നമ്മുടെ ജീവൻ ആശ്രയിച്ചിരിക്കുന്നത് സമ്പത്തിലോ ലൗകിക നേട്ടത്തിലോ അല്ലെന്നു കാണാൻ യാക്കോബ് നമ്മെ സഹായിക്കുന്നു. സൂര്യന്റെ ‘കൊടുംചൂടി’ൽ (NW) പുഷ്പം വാടിപ്പോകാതിരിക്കാൻ അതിന്റെ സൗന്ദര്യം സഹായിക്കാത്തതുപോലെ, ധനികന്റെ സമ്പത്ത് അവന്റെ ആയുസ്സ് നീട്ടാൻ ഉപകരിക്കുന്നില്ല. (സങ്കീർത്തനം 49:6-9; മത്തായി 6:27) തന്റെ “ജീവിതമാർഗം” തേടിക്കൊണ്ടിരിക്കവേ, ഒരുപക്ഷേ ബിസിനസിൽ മുഴുകിയിരിക്കവേ അയാൾ മരണമടഞ്ഞേക്കാം. അതുകൊണ്ട്, പ്രധാനപ്പെട്ട സംഗതി “ദൈവവിഷയമായി സമ്പന്നനാക”ണമെന്നതും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ ആവുന്നതെല്ലാം ചെയ്യണമെന്നതുമാണ്.—ലൂക്കൊസ് 12:13-21; മത്തായി 6:33; 1 തിമൊഥെയൊസ് 6:17-19.
പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കുന്നവർ സന്തുഷ്ടർ
11. പീഡാനുഭവങ്ങൾക്കു നടുവിലും തങ്ങളുടെ വിശ്വാസം മുറുകെപ്പിടിക്കുന്നവർക്കുള്ള ഭാവിപ്രതീക്ഷകളെന്തെല്ലാം?
11 സമ്പന്നരോ ദരിദ്രരോ ആയാലും, പീഡാനുഭവങ്ങൾ സഹിച്ചുനിൽക്കുന്നെങ്കിലേ നമുക്കു സന്തോഷമുണ്ടാകുകയുള്ളൂ. (യാക്കോബ് 1:12-15) പരിശോധനകളിൽ അചഞ്ചലമായ വിശ്വാസത്തോടെ സഹിച്ചുനിൽക്കുന്നെങ്കിൽ, നാം സന്തുഷ്ടരായി എണ്ണപ്പെടും, എന്തെന്നാൽ ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്യുന്നതിൽ സന്തുഷ്ടിയുണ്ട്. മരണംവരെ വിശ്വാസം മുറുകെപ്പിടിക്കുന്ന ആത്മാഭിഷിക്ത ക്രിസ്ത്യാനികൾക്ക് “ജീവകിരീടം,” അതായത് സ്വർഗത്തിലെ അമർത്യത ലഭിക്കുന്നു. (വെളിപ്പാടു 2:10; 1 കൊരിന്ത്യർ 15:50) നമുക്കു ഭൗമിക പ്രത്യാശയുണ്ടായിരിക്കുകയും ദൈവത്തിലുള്ള നമ്മുടെ വിശ്വാസം നിലനിർത്തുകയും ചെയ്യുന്നെങ്കിൽ, ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനായി നമുക്കു പ്രതീക്ഷാപൂർവം കാത്തിരിക്കാനാകും. (ലൂക്കൊസ് 23:43; റോമർ 6:23) യഹോവയിൽ വിശ്വാസം പ്രകടമാക്കുന്ന എല്ലാവർക്കും അവൻ എത്ര നല്ലവൻ!
12. പ്രതികൂലാവസ്ഥകൾ നേരിടുമ്പോൾ, “ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു”വെന്നു നാം പറയരുതാത്തതെന്തുകൊണ്ട്?
12 യഹോവ നമ്മെ പ്രതികൂലാവസ്ഥകളാൽ പരിശോധിക്കുന്നുണ്ടാകുമോ? ഇല്ല. “ഞാൻ ദൈവത്താൽ പരീക്ഷിക്കപ്പെടുന്നു”വെന്നു നാം പറയരുത്. പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നതിനു യഹോവ ശ്രമിക്കുന്നില്ല, എന്നാൽ നാം വിശ്വാസത്തിൽ അചഞ്ചലരായി നിലകൊള്ളുന്നെങ്കിൽ പീഡാനുഭവങ്ങളിൽ സഹിച്ചുനിൽക്കുന്നതിനാവശ്യമായ ശക്തി നൽകി അവൻ നമ്മെ സഹായിക്കുമെന്നത് ഉറപ്പാണ്. (ഫിലിപ്പിയർ 4:13) ദൈവം പരിശുദ്ധനാണ്, അതുകൊണ്ട് തെറ്റു ചെയ്യുന്നതിനെതിരെയുള്ള നമ്മുടെ ചെറുത്തുനിൽക്കൽ പ്രാപ്തിയെ ദുർബലപ്പെടുത്തുന്ന സാഹചര്യങ്ങളിലേക്ക് അവൻ നമ്മെ കൊണ്ടുപോകയില്ല. ഒരു അവിശുദ്ധ സ്ഥിതിവിശേഷത്തിൽ അകപ്പെട്ട് നാം ഏതെങ്കിലും പാപം ചെയ്യുന്നെങ്കിൽ, അവനെ കുറ്റപ്പെടുത്തരുത്. എന്തെന്നാൽ “ദൈവം ദോഷങ്ങളാൽ പരീക്ഷിക്കപ്പെടാത്തവൻ ആകുന്നു; താൻ ആരെയും പരീക്ഷിക്കുന്നതുമില്ല.” ശിക്ഷണം ലഭിച്ച് നമുക്കു പ്രയോജനമുണ്ടാകാൻ യഹോവ ഒരു പീഡാനുഭവം അനുവദിച്ചേക്കാമെങ്കിലും, ദുഷ്ടലക്ഷ്യത്തോടെ അവൻ നമുക്കു പീഡാനുഭവങ്ങൾ വരുത്തുന്നില്ല. (എബ്രായർ 12:7-11) തെറ്റു ചെയ്യാൻ സാത്താൻ നമ്മെ പ്രലോഭിപ്പിച്ചേക്കാം, എന്നാൽ ആ ദുഷ്ടനിൽനിന്നു നമ്മെ വിടുവിക്കാൻ ദൈവത്തിനു സാധിക്കും.—മത്തായി 6:13.
13. തെറ്റായ ഒരാഗ്രഹത്തെ ദൂരീകരിക്കുന്നില്ലെങ്കിൽ എന്തു സംഭവിക്കാം?
13 ഒരു പ്രത്യേക സ്ഥിതിവിശേഷം നമ്മെ പാപത്തിനു പ്രേരിപ്പിക്കാവുന്ന തെറ്റായ ആഗ്രഹങ്ങളിലേക്കു നയിച്ചേക്കാമെന്നതിനാൽ നാം പ്രാർഥനാനിരതരായിരിക്കേണ്ടതുണ്ട്. യാക്കോബ് പറയുന്നു: “ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു.” നമ്മുടെ ഹൃദയത്തെ പാപപൂർണമായ ആഗ്രഹത്തിന്മേൽ തളച്ച് പാപം ചെയ്താൽ അതിനു നമുക്കു ദൈവത്തെ കുറ്റപ്പെടുത്താനാവില്ല. തെറ്റായ ആഗ്രഹത്തെ ദൂരീകരിക്കുന്നില്ലെങ്കിൽ, ‘അത് ഗർഭം ധരിക്കുന്നു,’ ഹൃദയത്തിൽ താലോലിക്കപ്പെടുന്നു, തുടർന്ന് “പാപത്തെ പ്രസവിക്കുന്നു.” പാപം ചെയ്തുകഴിയുമ്പോൾ അതു “മരണത്തെ പെറുന്നു.” വ്യക്തമായും, നാം നമ്മുടെ ഹൃദയങ്ങളെ ജാഗരിച്ച് പാപപൂർണ പ്രവണതകളെ ചെറുക്കണം. (സദൃശവാക്യങ്ങൾ 4:23) പാപം കയീനെ കീഴടക്കാൻ പോകുകയാണെന്നു മുന്നറിയിപ്പു ലഭിച്ചിട്ടും അവൻ ചെറുത്തുനിന്നില്ല. (ഉല്പത്തി 4:4-8) അതുകൊണ്ട്, നാം തിരുവെഴുത്തുവിരുദ്ധമായ ഒരു ഗതി പിൻപറ്റാൻ തുടങ്ങുന്നെങ്കിലോ? ദൈവത്തിനെതിരെ പാപം ചെയ്യാതിരിക്കാൻ നമ്മെ ക്രിസ്തീയ മൂപ്പന്മാർ യഥാസ്ഥാനപ്പെടുത്താൻ ശ്രമിക്കുന്നെങ്കിൽ നാം തീർച്ചയായും നന്ദിയുള്ളവരായിരിക്കണം.—ഗലാത്യർ 6:1.
ദൈവം—നല്ല സംഗതികളുടെ ഉറവിടം
14. ദൈവത്തിന്റെ ദാനങ്ങൾ ‘തികവു’ള്ളതാണെന്നു പറയാനാകുന്നത് ഏത് അർഥത്തിൽ?
14 പീഡാനുഭവങ്ങളുടേതല്ല, നല്ല സംഗതികളുടെ ഉറവിടമാണ് യഹോവ എന്നു നാം ഓർക്കണം. (യാക്കോബ് 1:16-18) യാക്കോബ് സഹവിശ്വാസികളെ “പ്രിയസഹോദരങ്ങളേ” എന്ന് സംബോധന ചെയ്യുകയും ദൈവം ‘എല്ലാ നല്ല ദാനങ്ങളുടെയും തികഞ്ഞ വരങ്ങളുടെയും’ ദാതാവാണെന്നു പ്രകടമാക്കുകയും ചെയ്യുന്നു. യഹോവയുടെ ആത്മീയവും ഭൗതികവുമായ ദാനങ്ങൾ “തികഞ്ഞ”വയാണ്, അല്ലെങ്കിൽ പൂർണതയുള്ളവയാണ്, കുറവുള്ളവയല്ല. അവ “ഉയരത്തിൽനിന്നു,” ദൈവത്തിന്റെ വാസസ്ഥലമായ സ്വർഗത്തിൽനിന്നു വരുന്നു. (1 രാജാക്കന്മാർ 8:39) സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ ഇത്യാദി “വെളിച്ചങ്ങളുടെ പിതാവാ”ണ് യഹോവ. കൂടാതെ അവൻ നമുക്ക് ആത്മീയ വെളിച്ചവും സത്യവും പ്രദാനം ചെയ്യുന്നു. (സങ്കീർത്തനം 43:3; യിരെമ്യാവു 31:35; 2 കൊരിന്ത്യർ 4:6) നീങ്ങുന്നതനുസരിച്ചു നിഴലിനു മാറ്റംവരുത്തുകയും നട്ടുച്ചയ്ക്കുമാത്രം അത്യുജ്ജ്വല പ്രകാശം പരത്തുകയും ചെയ്യുന്ന സൂര്യനിൽനിന്നു വ്യത്യസ്തമായി, നല്ലതു പ്രദാനം ചെയ്യുന്നതിൽ ദൈവം എല്ലായ്പോഴും അത്യധികം തീക്ഷ്ണമതിയാണ്. അവന്റെ വചനത്തിലൂടെയും “വിശ്വസ്തനും വിവേകിയുമായ ദാസ”നിലൂടെയും പ്രദാനം ചെയ്യപ്പെടുന്ന അവന്റെ ആത്മീയ കരുതലുകൾ നാം പൂർണമായി പ്രയോജനപ്പെടുത്തുന്നെങ്കിൽ, പീഡാനുഭവങ്ങൾ നേരിടാൻ അവൻ നമ്മെ തീർച്ചയായും സജ്ജരാക്കും.—മത്തായി 24:45, NW.
15. യഹോവയുടെ അതിശ്രേഷ്ഠമായ ദാനങ്ങളിലൊന്ന് എന്താണ്?
15 ദൈവത്തിന്റെ അതിശ്രേഷ്ഠമായ ദാനങ്ങളിലൊന്ന് എന്താണ്? സുവാർത്തയ്ക്ക് അഥവാ “സത്യവചന”ത്തിന് അനുസൃതം പ്രവർത്തിച്ചുകൊണ്ട് പരിശുദ്ധാത്മാവിനാൽ ആത്മീയ പുത്രന്മാരെ ഉളവാക്കിയതാണ് അത്. ആത്മീയജനനം പ്രാപിക്കുന്നവർ സ്വർഗീയ “രാജ്യവും പുരോഹിതന്മാരു”മാകേണ്ടതിന് മനുഷ്യവർഗത്തിൽനിന്നു തിരഞ്ഞടുക്കപ്പെട്ട “ഒരുവിധം ആദ്യഫലമാ”ണ്. (വെളിപ്പാടു 5:10; എഫെസ്യർ 1:13, 14) യേശു പുനരുത്ഥാനം പ്രാപിച്ച തീയതിയായ നീസാൻ 16-ന് അർപ്പിച്ച യവത്തിന്റെ ആദ്യഫലങ്ങളെയും പരിശുദ്ധാത്മാവു പകരപ്പെട്ട പെന്തക്കോസ്തു ദിനത്തിൽ മാവുകൊണ്ടുള്ള രണ്ട് അപ്പം അർപ്പിച്ചതിനെയും കുറിച്ച് യാക്കോബ് ചിന്തിച്ചിരുന്നിരിക്കാം. (ലേവ്യപുസ്തകം 23:4-11, 15-17) അക്കാര്യത്തിൽ, യേശു ആദ്യഫലവും അവന്റെ കൂട്ടവകാശികൾ “ഒരുവിധം ആദ്യഫല”വുമായിരിക്കും. നമുക്കു ഭൗമിക പ്രത്യാശയാണുള്ളതെങ്കിലോ? അതു മനസ്സിൽപ്പിടിക്കുന്നത് രാജ്യഭരണത്തിൻകീഴിൽ നിത്യജീവൻ സാധ്യമാക്കിയിരിക്കുന്ന, “എല്ലാ നല്ല ദാനങ്ങളുടെയും” ദാതാവിലുള്ള വിശ്വാസം മുറുകെപ്പിടിക്കാൻ നമ്മെ സഹായിക്കും.
‘വചനം പ്രവർത്തിക്കുന്നവൻ’ ആയിരിക്കുവിൻ
16. ‘കേൾപ്പാൻ വേഗതയും സംസാരിപ്പാനും കോപിക്കാനും താമസമുള്ളവരു’മായിരിക്കേണ്ടതെന്തുകൊണ്ട്?
16 ഇപ്പോൾ നമുക്കു വിശ്വാസത്തിന്റെ പരിശോധനകൾ നേരിടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും നാം “വചനം പ്രവർത്തിക്കുന്നവർ” ആയിരിക്കണം. (യാക്കോബ് 1:19-25, NW) നാം ദൈവവചനം “കേൾപ്പാൻ വേഗതയു”ള്ളവരും അത് അനുസരണപൂർവം പ്രവർത്തിക്കുന്നവരും ആയിരിക്കണം. (യോഹന്നാൻ 8:47) അതേസമയം, നമുക്കു വാക്കുകൾ ശ്രദ്ധാപൂർവം അളന്ന് “പറവാൻ താമസ”മുള്ളവരുമായിരിക്കാം. (സദൃശവാക്യങ്ങൾ 15:28; 16:23) നമ്മുടെ പരിശോധനകൾ ദൈവത്തിൽനിന്നുള്ളതാണെന്നു തിടുക്കത്തിൽ നിഗമനം ചെയ്യരുതെന്ന് യാക്കോബ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. “കോപത്തിന്നു താമസവുമുള്ള”വരായിരിക്കാനും നമ്മെ ബുദ്ധ്യുപദേശിക്കുന്നുണ്ട്; കാരണം “മമനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി പ്രവർത്തിക്കുന്നില്ല.” ആരുടെയെങ്കിലും സംസാരം നമ്മിൽ കോപം ജ്വലിപ്പിക്കുന്നെങ്കിൽ, മുഷിച്ചലോടെയുള്ള മറുപടി ഒഴിവാക്കാനായി ‘താമസമുള്ള’വരായി പ്രതികരിക്കാം. (എഫെസ്യർ 4:26, 27) നമുക്കു പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാവുന്നതും മറ്റുള്ളവർക്കു പരിശോധനയായിത്തീർന്നേക്കാവുന്നതുമായ കോപമനോഭാവം നീതിമാനായ ദൈവത്തിൽ വിശ്വാസമുള്ളവർക്കു ഭൂഷണമല്ല. കൂടാതെ, നാം ‘ധാരാളമായി വിവേകം’ പ്രകടമാക്കുന്നവരാണെങ്കിൽ, ‘കോപത്തിനു താമസമുള്ള’വരായിരിക്കുകയും നമ്മുടെ സഹോദരീസഹോദരന്മാർ നമ്മിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യും.—സദൃശവാക്യങ്ങൾ 14:29, NW.
17. ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും തിന്മ നീക്കിക്കളയുന്നതിലൂടെ എന്തു നേടുന്നു?
17 നാം നിശ്ചയമായും “എല്ലാ അഴുക്കു”കളിൽനിന്നും—ദൈവത്തിനു വെറുപ്പായതും കോപം ജ്വലിപ്പിക്കുന്നതുമായ സകലത്തിൽനിന്നും—മുക്തരായിരിക്കേണ്ടതുണ്ട്. മാത്രവുമല്ല, ‘അനാവശ്യ സംഗതി, തിന്മ ഒഴിവാക്കണം.’ (NW) നാമെല്ലാവരും ജഡത്തിന്റെയോ ആത്മാവിന്റെയോ ഏതൊരു അശുദ്ധിയും ഒഴിവാക്കണം. (2 കൊരിന്ത്യർ 7:1; 1 പത്രൊസ് 1:14-16; 1 യോഹന്നാൻ 1:9) ഹൃദയത്തിൽനിന്നും മനസ്സിൽനിന്നും തിന്മയെ അകറ്റിയത്, ‘ഉൾനട്ട’ സത്യത്തിന്റെ ‘വചനം സൗമ്യതയോടെ കൈക്കൊള്ളാൻ’ നമ്മെ സഹായിച്ചു. (പ്രവൃത്തികൾ 17:11, 12) ക്രിസ്ത്യാനികളായിട്ട് എത്ര നാളായാലും, കൂടുതൽ തിരുവെഴുത്തു സത്യങ്ങൾ നമ്മിൽ ഉൾനടപ്പെടാൻ നാം അനുവദിച്ചുകൊണ്ടിരിക്കണം. എന്തുകൊണ്ട്? എന്തെന്നാൽ, ഉൾനടപ്പെട്ട വചനം ദൈവാത്മാവിനാൽ രക്ഷ കൈവരുത്തുന്ന “പുതിയ വ്യക്തിത്വം” ഉളവാക്കുന്നു.—എഫെസ്യർ 4:20-24, NW.
18. വചനം പ്രവർത്തിക്കുന്നവൻ അതു കേൾക്കുകമാത്രം ചെയ്യുന്നവനിൽനിന്നു വ്യത്യസ്തനായിരിക്കുന്നതെങ്ങനെ?
18 വചനം നമ്മുടെ വഴികാട്ടിയാണെന്നു നാമെങ്ങനെയാണു പ്രകടമാക്കുന്നത്? “വചനം കേൾക്കുന്നവർ മാത്രമല്ല,” അനുസരണയോടെ അതു “പ്രവർത്തിക്കുന്നവരായി”രുന്നുകൊണ്ട് അതു പ്രകടമാക്കാം. (ലൂക്കൊസ് 11:28, NW) അതു ‘പ്രവർത്തിക്കുന്നവർ’ക്ക് ക്രിസ്തീയ ശുശ്രൂഷയിലെ തീക്ഷ്ണതയുള്ള പ്രവർത്തനവും ദൈവജനത്തിന്റെ യോഗങ്ങളിലെ നിരന്തര പങ്കെടുക്കലും പോലുള്ള പ്രവൃത്തികൾ ഉളവാക്കുന്ന വിശ്വാസമുണ്ട്. (റോമർ 10:14, 15; എബ്രായർ 10:24, 25) വചനം കേൾക്കുകമാത്രം ചെയ്യുന്നവൻ “തന്റെ സ്വാഭാവിക മുഖം കണ്ണാടിയിൽ നോക്കുന്ന ആളോടു ഒക്കുന്നു.” അവൻ ഒന്നു നോക്കിയിട്ട് പുറപ്പെട്ടുപോകുകയും മുഖകാന്തി വർധിപ്പിക്കാൻ താൻ എന്തു ചെയ്യേണ്ടിയിരുന്നുവെന്നു മറന്നുപോകുകയും ചെയ്യുന്നു. ‘വചനം പ്രവർത്തിക്കുന്നവർ’ എന്നനിലയിൽ, ദൈവം നമ്മിൽനിന്ന് ആവശ്യപ്പെടുന്ന സകലതും അടങ്ങിയിരിക്കുന്ന അവന്റെ “തികഞ്ഞ പ്രമാണം” നാം ശ്രദ്ധാപൂർവം വായിച്ച് പ്രാവർത്തികമാക്കുന്നു. ഇങ്ങനെ നാം ആസ്വദിക്കുന്ന സ്വാതന്ത്ര്യം പാപത്തിനും മരണത്തിനുമുള്ള അടിമത്തത്തിന്റെ നേർവിപരീതമാണ്, എന്തെന്നാൽ അതു ജീവനിലേക്കു നയിക്കുന്നതാണ്. അതുകൊണ്ട്, നിരന്തരം സൂക്ഷ്മപഠനം നടത്തിക്കൊണ്ടും ബാധകമാക്കിക്കൊണ്ടും നമുക്ക് ‘തികഞ്ഞ പ്രമാണത്തിൽ നിലനിൽക്കാം.’ ഒന്നാലോചിച്ചുനോക്കുക! ‘കേട്ടു മറന്നുപോകാതെ പ്രവൃത്തി ചെയ്യുന്നവ’രെന്ന നിലയിൽ, നമുക്കു ദൈവപ്രീതിയിൽനിന്നുളവാകുന്ന സന്തോഷമുണ്ട്.—സങ്കീർത്തനം 19:7-11.
ഔപചാരിക ആരാധകരെക്കാൾ വളരെയേറെ
19, 20. (എ) യാക്കോബ് 1:26, 27 പറയുന്നതനുസരിച്ച്, ശുദ്ധാരാധന നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? (ബി) കളങ്കരഹിത ആരാധനയുടെ ചില ദൃഷ്ടാന്തങ്ങൾ ഏതെല്ലാം?
19 നമുക്കു ദിവ്യപ്രീതി ലഭിക്കണമെങ്കിൽ, സത്യാരാധന കേവലം ഔപചാരികം മാത്രമല്ലെന്നു നാം അനുസ്മരിക്കേണ്ടതുണ്ട്. (യാക്കോബ് 1:26, 27) നാം യഹോവയുടെ സ്വീകാര്യരായ ‘ഔപചാരിക ആരാധകരാ’ണെന്നു വിചാരിച്ചേക്കാം, എന്നാൽ അവൻ നമ്മെ ഓരോരുത്തരെയും എങ്ങനെ വിലയിരുത്തുന്നുവെന്നതിനാണ് വാസ്തവത്തിൽ പ്രാധാന്യമുള്ളത്. (1 കൊരിന്ത്യർ 4:4) ‘നാവിനു കടിഞ്ഞാണിടാൻ’ പരാജയപ്പെടുന്നതാകാം ഒരു ഗുരുതരമായ പാളിച്ച. നാം മറ്റുള്ളവരെ ദുഷിക്കുകയോ നുണപറയുകയോ മറ്റുവിധത്തിൽ നാവ് ദുരുപയോഗപ്പെടുത്തുകയോ ചെയ്തിട്ട് നമ്മുടെ ആരാധന ദൈവത്തിനു സ്വീകാര്യമാണെന്നു വിചാരിക്കുന്നെങ്കിൽ നാം സ്വയം വഞ്ചിക്കുകയായിരിക്കും. (ലേവ്യപുസ്തകം 19:16; എഫെസ്യർ 4:25) തീർച്ചയായും, എന്തെങ്കിലുമൊരു കാരണത്താൽ നമ്മുടെ “ഭക്തി [“ആരാധനാരീതി,” NW] “വ്യർത്ഥ”വും ദൈവത്തിന് അസ്വീകാര്യവുമായിത്തീരാൻ നാമാഗ്രഹിക്കുന്നില്ല.
20 യാക്കോബ് ശുദ്ധാരാധനയുടെ എല്ലാ വശങ്ങളും പരാമർശിക്കുന്നില്ലെങ്കിലും, അതിൽ ‘അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ കാത്തുകൊള്ളുന്നത്’ ഉൾപ്പെടുന്നുവെന്ന് അവൻ പറയുന്നു. (ഗലാത്യർ 2:10; 6:10; 1 യോഹന്നാൻ 3:18) വിധവമാർക്കുവേണ്ടി കരുതുന്നതിൽ ക്രിസ്തീയ സഭ പ്രത്യേക താത്പര്യം പ്രകടമാക്കുന്നു. (പ്രവൃത്തികൾ 6:1-6; 1 തിമൊഥെയൊസ് 5:8-10) ദൈവം വിധവമാരുടെയും അനാഥരുടെയും സംരക്ഷകനായതുകൊണ്ട്, അവരെ ആത്മീയമായും ഭൗതികമായും സഹായിക്കാൻ നമ്മാലാകുന്നത് ചെയ്തുകൊണ്ട് നമുക്ക് അവനുമായി സഹകരിക്കാം. (ആവർത്തനപുസ്തകം 10:17, 18) സാത്താന്റെ അധികാരത്തിൻകീഴിൽ കിടക്കുന്ന നീതിനിഷ്ഠമല്ലാത്ത മനുഷ്യസമുദായമെന്ന “ലോകത്താലുള്ള കളങ്കം പററാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും” ശുദ്ധാരാധനയിൽ ഉൾപ്പെടുന്നു. (യോഹന്നാൻ 17:16; 1 യോഹന്നാൻ 5:19) അതുകൊണ്ട് നമുക്ക് ലോകത്തിന്റെ അഭക്ത നടത്തയിൽനിന്നു മുക്തരായി നിലകൊള്ളാം, അങ്ങനെയാകുമ്പോൾ നമുക്കു യഹോവയെ മഹത്ത്വപ്പെടുത്താനും അവന്റെ സേവനത്തിൽ ഉപയോഗപ്രദരായിരിക്കാനും സാധിക്കും.—2 തിമൊഥെയൊസ് 2:20-22.
21. യാക്കോബിന്റെ ലേഖനത്തോടുള്ള ബന്ധത്തിൽ, ഏതു കൂടുതലായ ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
21 നാമിതുവരെ പരിചിന്തിച്ച യാക്കോബിന്റെ ബുദ്ധ്യുപദേശം പീഡാനുഭവങ്ങളിൽ സഹിച്ചുനിൽക്കാനും വിശ്വാസം മുറുകെപ്പിടിക്കാനും നമ്മെ സഹായിക്കണം. അതു നല്ല ദാനങ്ങളുടെ സ്നേഹധനനായ ദാതാവിനോടുള്ള നമ്മുടെ വിലമതിപ്പ് വർധിപ്പിക്കണം. യാക്കോബിന്റെ വാക്കുകൾ നമ്മെ ശുദ്ധാരാധനയിലേർപ്പെടാൻ സഹായിക്കുന്നു. അവൻ മറ്റെന്തുകൂടെ നമ്മുടെ ശ്രദ്ധയിൽപ്പെടുത്തുന്നു? യഹോവയിൽ യഥാർഥ വിശ്വാസമുണ്ടെന്നു തെളിയിക്കാൻ കൂടുതലായ എന്തു നടപടികൾ നമുക്കു സ്വീകരിക്കാനാകും?
[അടിക്കുറിപ്പുകൾ]
a വ്യക്തിപരമായോ കുടുംബപരമായോ ഈ ലേഖനവും തുടർന്നുള്ള രണ്ടു ലേഖനങ്ങളും പഠിക്കുമ്പോൾ, വിശ്വാസത്തെ ബലിഷ്ഠമാക്കുന്ന യാക്കോബിന്റെ ലേഖനത്തിൽനിന്നു പരാമർശിച്ചിരിക്കുന്ന ഓരോ ഭാഗവും വായിക്കുന്നത് വിശേഷാൽ പ്രയോജനകരമാണെന്നു നിങ്ങൾ മനസ്സിലാക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ പീഡാനുഭവങ്ങളിൽ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?
□ പീഡാനുഭവങ്ങൾ നേരിടുമ്പോഴും, ക്രിസ്ത്യാനികൾക്ക് ആഹ്ലാദിക്കാനാകുന്നത് എന്തുകൊണ്ട്?
□ നമുക്കെങ്ങനെ വചനം പ്രവർത്തിക്കുന്നവരായിരിക്കാൻ കഴിയും?
□ ശുദ്ധാരാധനയിൽ എന്തുൾപ്പെടുന്നു?
[9-ാം പേജിലെ ചിത്രം]
പീഡാനുഭവങ്ങൾ നേരിടുമ്പോൾ, പ്രാർഥനയ്ക്ക് ഉത്തരം നൽകാനുള്ള യഹോവയുടെ ശക്തിയിൽ വിശ്വാസം പ്രകടമാക്കുക
[10-ാം പേജിലെ ചിത്രങ്ങൾ]
‘വചനം പ്രവർത്തിക്കുന്നവർ’ ലോകവ്യാപകമായി ദൈവരാജ്യം ഘോഷിക്കുന്നു