അവർ അത് ചെയ്യുന്നതെന്തുകൊണ്ട്?
എല്ലാ വർഷവും ലോകമെമ്പാടുമുള്ള ആയിരക്കണക്കിനു യഹോവയുടെ സാക്ഷികൾ കൺവെൻഷനുകളിൽ ഒരുമിച്ചുകൂടുന്നു. അവിടെ അവർ കൂട്ടായ്മ ആസ്വദിക്കുകയും വിശിഷ്ടമായ ബൈബിൾപ്രബോധന പരിപാടി ശ്രവിക്കുകയും ചെയ്യുന്നു. ഏറെ ശ്രമംചെയ്താണ് ചിലർ ഈ കൺവെൻഷനുകളിൽ സംബന്ധിക്കുന്നത്. ഉദാഹരണത്തിന്, മലാവിയിലുള്ള 60-കളുടെ മധ്യത്തിലുള്ള ഒരു ദമ്പതികൾ. അവർ മകനോടും ഭാര്യയോടും കുട്ടിയോടുമൊപ്പം സൈക്കിളിൽ 80 കിലോമീറ്റർ യാത്ര ചെയ്താണ് ഒരു കൺവെൻഷനിൽ സംബന്ധിച്ചത്. രാവിലെ ആറുമണിക്കു തങ്ങളുടെ ഗ്രാമം വിട്ട അവർ 15 മണിക്കൂർ കഴിഞ്ഞാണ് കൺവെൻഷൻ സ്ഥലത്ത് എത്തിച്ചേർന്നത്.
മൊസാമ്പിക്കിൽ, ഒരുകൂട്ടമാളുകൾ മൂന്നു ദിവസം സൈക്കിൾ ചവുട്ടിയാണ് ഒരു കൺവെൻഷനെത്തിയത്. ഒരു തുറസ്സായ സ്ഥലത്ത് രാത്രി തമ്പടിച്ചിരുന്ന അവർ അടുത്തുതന്നെ സിംഹങ്ങൾ അലറുന്നത് കേട്ടു. സിംഹങ്ങളുടെ നേരേ മരക്കഷണങ്ങൾ എറിഞ്ഞുനോക്കിയെങ്കിലും, വെളുക്കുംവരെ അവ അവിടെത്തന്നെയുണ്ടായിരുന്നു. അതേ കൺവെൻഷനു പോകുകയായിരുന്ന മറ്റൊരു സാക്ഷി യാത്രയിൽ ഒരു സിംഹവുമായി നേർക്കുനേരേ വന്നു. സിംഹം പോകുന്നതുവരെ അദ്ദേഹം അനങ്ങാതെ നിശബ്ദനായി നിന്നു. കൺവെൻഷനിൽ ഈ സാക്ഷികൾ, തങ്ങളെങ്ങനെ ‘സിംഹത്തിന്റെ വായിൽനിന്നു രക്ഷിക്കപ്പെട്ടു’വെന്നു സന്തോഷപൂർവം വിവരിച്ചു.—2 തിമൊഥെയൊസ് 4:17.
യഹോവയുടെ സാക്ഷികളിൽ അനേകരും കൺവെൻഷനുകൾക്കോ ആരാധനയ്ക്കുള്ള പ്രതിവാര സഭായോഗങ്ങൾക്കോ സന്നിഹിതരാകുന്നത് വലിയ ശ്രമംചെയ്തിട്ടാണ്. എന്തുകൊണ്ട്? ഒരുമിച്ചുകൂടിവരുന്നത് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു മനസ്സിലാക്കാൻ പിൻവരുന്ന ലേഖനങ്ങൾ നിങ്ങളെ സഹായിക്കും.