രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
ദൈവം അലാസ്കയിൽ വളരുമാറാക്കുന്നു
മഞ്ഞുമൂടിയ പ്രതലത്തിനടിയിൽ മുളച്ച് വലുതാകുന്നതിന് അവസരം കാത്തുകിടക്കുന്ന ഒരു കൊച്ചു വിത്ത്. അലാസ്കയിൽ വേനൽക്കാലത്തിന് മൂന്നുമാസം ദൈർഘ്യമേയുള്ളൂ. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു ഇഞ്ചിന്റെ എട്ടിലൊന്നു വ്യാസമുള്ള ഒരു കാബേജ് വിത്ത് ഏതാണ്ട് 40 കിലോ ആയി വളരുന്നു! ഒരു കാലത്ത് തരിശുഭൂമിയായി, ഹിമ പാഴ്നിലമായി കരുതപ്പെട്ടിരുന്ന ഈ പ്രദേശത്തിന് ഇപ്പോൾ സമൃദ്ധമായ വിളവ് ഉത്പാദിപ്പിക്കാൻ സാധിക്കുന്നു.
അലാസ്കയിലെ ആത്മീയ വയലിന്റെ കാര്യത്തിലും ഇതു വിശേഷാൽ സത്യമാണ്. അവിടെ, ദീർഘമായ ശൈത്യകാലമുള്ള ഈ പ്രദേശത്ത് യഹോവയുടെ സാക്ഷികൾ രാജ്യവിത്തു വിതയ്ക്കുന്നത് തുടരുന്നു. ഭൂമിയിലെ മറ്റു ഭാഗങ്ങളിലേതുപോലെ, ഫലഭൂയിഷ്ഠമായ ഹൃദയങ്ങളിൽ ദൈവം വിത്തിനെ വളരുമാറാക്കുന്നു.—1 കൊരിന്ത്യർ 3:6, 7.
● സ്കൂൾബസ്സിൽവെച്ച്, വനെസ്സ എന്നു പേരായ ഒരു യുവസാക്ഷി എന്നും തനിയെ മാറിയിരിക്കാറുള്ള ആൻ എന്ന സഹപാഠിയെ ശ്രദ്ധിച്ചു. ആൻ ദുഃഖിതയായി കാണപ്പെട്ടു. അതിനാൽ വനെസ്സ അവളെ തന്റെ അടുത്തു വന്നിരിക്കാൻ ക്ഷണിച്ചു. ആൻ ദുഃഖിതയായിരുന്നതിൽ അതിശയിക്കാനില്ലായിരുന്നു! ഹൃദ്രോഗബാധയെത്തുടർന്ന് അവളുടെ മാതാവും കുറച്ചുനാൾ കഴിഞ്ഞപ്പോൾ അർബുദം പിടിപെട്ട് പിതാവും മരിച്ചുപോയിരുന്നു. അതുകൊണ്ട് ആൻ അലാസ്കയിൽ ബന്ധുക്കളോടൊപ്പം താമസിക്കുകയായിരുന്നു.
ഒരു ശനിയാഴ്ച വയൽസേവനത്തിനിടയിൽ വനെസ്സ തന്റെ പുതിയ പരിചയക്കാരിയുടെ വീട്ടിലെത്തി ദൈവം യഥാർഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ? എന്ന ലഘുപത്രിക അവൾക്കു കൊടുത്തു. പിറ്റേ തിങ്കളാഴ്ച സ്കൂളിൽ ആൻ ആ യുവസാക്ഷിയെ തേടിയെത്തി. ആൻ പല ബൈബിൾ ചോദ്യങ്ങളും ചോദിച്ചു. വനെസ്സ അതിനെല്ലാം ഉത്തരം കൊടുത്തു. “നിങ്ങളുടെ ആരാധനാസ്ഥലം എവിടെയാണ്?” അവൾ ചോദിച്ചു. അന്നു വൈകുന്നേരം ആൻ രാജ്യഹാളിൽ വന്ന് ആദ്യമായി യോഗത്തിൽ സംബന്ധിച്ചു.
താമസിയാതെതന്നെ ഈ 17 വയസ്സുള്ള അനാഥയ്ക്ക്, യേശു വാഗ്ദാനം ചെയ്തിരുന്നതുപോലെ, അനേകം ‘അപ്പന്മാ’രെയും ‘അമ്മമാ’രെയും ലഭിച്ചു. (മത്തായി 19:29) “ദൈവസമാധാന സന്ദേശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ച് സന്തോഷവതിയും സുസ്മേരവദനയുമായ ആൻ യഹോവയ്ക്കുള്ള തന്റെ സമർപ്പണം ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുന്നത് കാണുന്നത് എത്ര ആഹ്ലാദകരമായ സന്ദർഭമായിരുന്നു!
● നൂറുകണക്കിനു കിലോമീറ്ററുകൾ വ്യത്യാസത്തിൽ അങ്ങിങ്ങായി സ്ഥിതിചെയ്യുന്ന ഗ്രാമങ്ങളുള്ള ബൃഹത്തായ അലാസ്കൻ ആർട്ടിക് മേഖലയിലെ വിദൂര പ്രദേശങ്ങളിൽ, ആൾത്താമസമുള്ള 150 സ്ഥലങ്ങളിൽ വാച്ച് ടവർ സൊസൈറ്റിയുടെ ഇരട്ട എൻജിനുള്ള വിമാനം ഉപയോഗിച്ച് രാജ്യവിത്തു വിതച്ചു. എന്നാൽ ഒരു ക്രമമായ ബൈബിളധ്യയനത്തിലൂടെയുള്ള ആത്മീയ വളർച്ചയ്ക്കു കത്തിടപാടുകൾ ആവശ്യമാണ്. കത്ത് എഴുതുന്നത് അനേകർക്കും ഒരു വെല്ലുവിളിയായതുകൊണ്ട്, വിദ്യാർഥിയുടെ താത്പര്യം കെടാതെ സൂക്ഷിക്കുന്നതിന് ബൈബിൾ അധ്യാപകനു ക്രിയാത്മകമായ ഭാവനയുണ്ടായിരിക്കണം. ഇതെങ്ങനെ സാധിക്കും?
കാത്തി 600 കിലോമീറ്ററിലധികം അകലെയാണു താമസിച്ചിരുന്നതെങ്കിലും അവൾക്ക് എഡ്നയുമായി ഒരു നല്ല ബൈബിളധ്യയനമുണ്ടായിരുന്നു! അധ്യയനപുസ്തകത്തിൽനിന്ന് ചോദ്യങ്ങൾ അതേപടി ആവർത്തിക്കുന്നതിനുപകരം, കാത്തി വേറൊരു കടലാസിൽ ഉത്തരങ്ങൾ എഴുതാനുള്ള സ്ഥലം സഹിതം ചോദ്യങ്ങൾ എഴുതിയുണ്ടാക്കി. എഡ്ന ഉത്തരങ്ങൾ എഴുതി അയച്ചുകഴിയുമ്പോൾ, കാത്തി മറുപടി കൊടുക്കുകയും ഏതെങ്കിലും ആശയം വ്യക്തമാക്കേണ്ടതുണ്ടെങ്കിൽ ആവശ്യമായ അഭിപ്രായങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തുപോന്നു. കാത്തി പറയുന്നു: “ബുധനാഴ്ച വൈകുന്നേരമായിരുന്നു ഞങ്ങളുടെ ‘അധ്യയനം.’ മറ്റേതൊരു ബൈബിളധ്യയനത്തിന്റെയും കാര്യത്തിലെന്നപോലെ, ഞാൻ ഈ പട്ടികയോടു പറ്റിനിൽക്കാൻ ശ്രമിച്ചു. എന്റെ സ്വന്തം മേൽവിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവറും ഞാൻ അയച്ചുകൊടുക്കുമായിരുന്നു. തപാൽസമയം രണ്ടാഴ്ചയോളമെടുക്കുമെന്നതിനാൽ, കത്തിടപാടിലൂടെയുള്ള പഠനം ഏതാണ്ട് മന്ദഗതിയിലാണെന്നു തോന്നി.”
പത്തു മാസത്തെ തപാൽപഠനത്തിനുശേഷം കാത്തിയും എഡ്നയും ആങ്കറേജിലെ ഒരു ഡിസ്ട്രിക്റ്റ് കൺവെൻഷനിൽവെച്ച് മുഖാമുഖം കണ്ടുമുട്ടിയപ്പോഴത്തെ അത്യാഹ്ലാദം ഒന്നു വിഭാവനചെയ്തുനോക്കുക! അലാസ്കയിലെ ഒറ്റപ്പെട്ട പല ഗ്രാമങ്ങളിൽനിന്നുള്ള ബൈബിൾ വിദ്യാർഥികളും മറ്റു താത്പര്യക്കാരും സന്നിഹിതരായിരുന്നതിൽ സാക്ഷികൾ സന്തോഷിച്ചു.
വളർച്ച മന്ദഗതിയിലാണെന്നു ചിലപ്പോഴൊക്കെ തോന്നാമെങ്കിലും, ‘മുളപൊട്ടിയ ചില വിത്തുകൾ’ സത്യത്തിന്റെ പ്രകാശമേൽക്കുന്നതോടെ വേഗം വളരുന്നു. അലാസ്കയിൽ ശരാശരി നൂറിലധികംപേർ യഹോവയുടെ സ്തുതിപാഠകരായി വർഷംതോറും സ്നാപനമേൽക്കുന്നുണ്ട്! വളരുമാറാക്കുന്നതിനു ഞങ്ങൾ “യഹോവയ്ക്കു നന്ദി” പറയുന്നു!