ക്ഷമാപൂർവം കാത്തിരിക്കുക
“ചെന്നായ് വരുന്നേ, ചെന്നായ് വരുന്നേ” എന്നു വെറുതെ വിളിച്ചു കൂവിയ ഇടയബാലനെ യഥാർഥത്തിൽ ചെന്നായ് വന്നപ്പോൾ സഹായിക്കാൻ ആരുമുണ്ടായിരുന്നില്ല. സമാനമായി ഇന്ന്, യഹോവയുടെ ദിവസം ആസന്നമായെന്ന വസ്തുത അനേകർ അവഗണിക്കുന്നു. വ്യാജമെന്നു തെളിഞ്ഞ ഒട്ടനവധി മുന്നറിയിപ്പുകൾ കേട്ടു തഴമ്പിച്ചതിനാലാണ് അവർ അങ്ങനെ ചെയ്യുന്നത്. യഥാർഥ മുന്നറിയിപ്പ് ഏതാണെന്നു തിരിച്ചറിഞ്ഞ് അത് അനുസരിക്കാൻ പരാജയപ്പെടുന്നവർ ദൈവത്തിന്റെ മുഖ്യ ശത്രുവായ സാത്താന്റെ, ആ വ്യാജ “വെളിച്ചദൂതന്റെ,” കളിപ്പാവകളാകുന്നു എന്നതാണു സത്യം.—2 കൊരിന്ത്യർ 11:14.
ദീർഘകാലമായി യഹോവയെ സേവിക്കുന്നവർ ആയിരുന്നാലും അലംഭാവം അപകടകരമാണ്. എന്തുകൊണ്ട്? ഒന്നാം നൂറ്റാണ്ടിൽ പത്രൊസ് അപ്പോസ്തലൻ നൽകിയ മുന്നറിയിപ്പു പരിചിന്തിക്കുക.
അവധാനപൂർവം ചിന്തിക്കുക
പത്രൊസിന്റെ രണ്ടാമത്തെ നിശ്വസ്ത ലേഖനം ആദിമ ക്രിസ്ത്യാനികൾക്കുള്ള ഒരു ഓർമപ്പെടുത്തൽ ആയിരുന്നു. നമ്മെ സംബന്ധിച്ചിടത്തോളവും അത് അങ്ങനെ തന്നെയാണ്. അവൻ എഴുതി: “പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്കു എഴുതുന്നതു രണ്ടാം ലേഖനമല്ലോ. . . . ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സു ഉണർത്തുന്നു.” (2 പത്രൊസ് 3:1, 2) പത്രൊസിന്റെ ഈ ഉത്കണ്ഠയ്ക്കു കാരണമെന്തായിരുന്നു? പത്രൊസ് പരിഹാസികളുടെ സാന്നിധ്യത്തെക്കുറിച്ച് എടുത്തു പറയുന്നു. അവരുടെ പരിഹാസം, തങ്ങൾ ജീവിക്കുന്ന കാലത്തെക്കുറിച്ചു ദൈവജനത്തിന് ഉണ്ടായിരിക്കേണ്ട അടിയന്തിരതാബോധത്തിനു തുരങ്കം വെക്കുന്നു. പരിഹാസികളാൽ കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കാനുള്ള സമയമാണിത്. അതുകൊണ്ട്, ‘വിശുദ്ധ പ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങൾ ഓർത്തുകൊള്ളാൻ’ പത്രൊസ് തന്റെ വായനക്കാരെ ഉദ്ബോധിപ്പിക്കുന്നു. (2 പത്രൊസ് 3:2; പ്രവൃത്തികൾ 3:22, 23) പ്രവാചകന്മാർ എന്താണു പറഞ്ഞിരുന്നത്?
ദിവ്യ ന്യായവിധികൾ ദുഷ്ടതയ്ക്ക് അറുതി വരുത്തിയത് എങ്ങനെയെന്നു ദൈവത്തിന്റെ വിശ്വസ്ത ദാസന്മാർ പലവട്ടം ആളുകളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. നോഹയുടെ കാലത്തെ ജലപ്രളയത്തെ കുറിച്ചു പത്രൊസ് വായനക്കാരെ ഓർമിപ്പിക്കുന്നു. ഭൂമി തിന്മകൊണ്ടു നിറഞ്ഞിരുന്നപ്പോൾ ജലപ്രളയം മുഖാന്തരമാണു ദൈവം ഇടപെട്ടത്. ആ മഹാ പ്രളയം അന്നത്തെ ലോകത്തിന് അന്ത്യം കുറിച്ചു. എന്നാൽ, ദൈവം നോഹയെയും കുടുംബത്തെയും അവരോടൊപ്പം “സകല ജീവികളിൽനിന്നും” ഈരണ്ടീരണ്ടിനെയും ഒരു പെട്ടകത്തിൽ പരിരക്ഷിച്ചു. ആ ബൈബിൾ വൃത്താന്തത്തിന്റെ വിശ്വാസ്യതയെ വിശ്വ പുരാവൃത്തങ്ങൾ സാധൂകരിക്കുന്നുണ്ട്.a—ഉല്പത്തി 6:19; 2 പത്രൊസ് 3:5, 6.
ആ ദിവ്യ ഇടപെടലിനെ, ചിലർ ‘മനസ്സോടെ മറന്നുകളയുന്ന’ ഒരു വസ്തുതയായി പത്രൊസ് ശ്രദ്ധയിൽപ്പെടുത്തുന്നു. മറ്റു ചിലർ പരിഹാസികൾ നിമിത്തം പിൽക്കാലത്ത് അലംഭാവത്തിലേക്കു വഴുതിവീണു. എന്നുവരികിലും, യഹോവ ഇതിനോടകം ചെയ്തിരിക്കുന്ന സംഗതികൾ നാം ഒരിക്കലും മറന്നുകളയരുത്. പത്രൊസ് നമ്മോട് ഇങ്ങനെ പറയുന്നു: “ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിച്ചും ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കു കാത്തുമിരിക്കുന്നു.” (2 പത്രൊസ് 3:7) അതേ, വീണ്ടും ദിവ്യ ഇടപെടലിനുള്ള സമയമായിരിക്കുകയാണ്.
ദൈവം താമസമുള്ളവനല്ല
സഹസ്രാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു. മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ദൈവം ഇത്രയും കാലം കാത്തിരിക്കാൻ കാരണം എന്താണ്? വീണ്ടും പത്രൊസ് മറ്റൊരു വസ്തുതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “എന്നാൽ പ്രിയമുള്ളവരേ, കർത്താവിന്നു ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുതു,” അവൻ പറയുന്നു. (2 പത്രൊസ് 3:8) സമയത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണം നമ്മുടേതിൽ നിന്നു വ്യത്യസ്തമാണ്. നിത്യനായ ദൈവത്തെ സംബന്ധിച്ചിടത്തോളം ആദാമിന്റെ സൃഷ്ടി മുതൽ ഇന്നോളമുള്ള കാലഘട്ടം ഒരു വാരം പോലുമില്ല. എന്നാൽ സമയത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണം എന്തുതന്നെ ആയാലും, കടന്നുപോകുന്ന ഓരോ സഹസ്രാബ്ദവും ഓരോ നാളും നമ്മെ യഹോവയുടെ ഉദ്ദേശ്യനിവൃത്തിയോടു കൂടുതൽ അടുപ്പിക്കുന്നു.
കാത്തിരുന്നു മുഷിയുന്നതല്ലാതെ കാര്യം നടക്കുന്നില്ലെന്നു സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ചൊല്ലുണ്ട്: “നോക്കിനോക്കി കണ്ണു പൂത്തു.” എന്നാൽ, ‘യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യത്തിനായി കാത്തിരുന്നുകൊണ്ട് അതിനെ മനസ്സിൽ അടുപ്പിച്ചുനിർത്താൻ’ പത്രൊസ് ശുപാർശ ചെയ്യുന്നു. (2 പത്രൊസ് 3:12, NW) ആസന്നമായിരിക്കുന്ന ദിവ്യ ഇടപെടലിനെക്കുറിച്ചു നമ്മെ ജാഗരൂകരാക്കുന്ന മനോഭാവം നമുക്കെങ്ങനെ വളർത്തിയെടുക്കാനാകും?
പ്രവൃത്തികൾ വാക്കുകളെക്കാൾ ഉച്ചത്തിൽ സംസാരിക്കുന്നു
പെരുമാറ്റരീതികളിലും പ്രവൃത്തികളിലും പത്രൊസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “വിശുദ്ധജീവനവും ഭക്തിയും ഉള്ളവർ ആയിരിക്കേണം” എന്ന് അവൻ പറയുന്നു. (2 പത്രൊസ് 3:11) അതിൽ എന്തെല്ലാം ഉൾപ്പെട്ടിരിക്കുന്നു?
ദൈവത്തിന്റെ ഒരു യഥാർഥ ദാസൻ അവനെ പ്രീതിപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിക്കുന്നു. അത്തരമൊരു സത്യാരാധകന്റെ വിശ്വാസം അയാളുടെ നടത്തയിൽ പ്രതിഫലിക്കുന്നതു കാണാം. അത് അയാളെ, ദൈവത്തിലും അവന്റെ വാഗ്ദത്തങ്ങളിലും വിശ്വസിക്കുന്നു എന്ന് പറയുക മാത്രം ചെയ്യുന്ന വ്യക്തികളിൽനിന്നു വ്യത്യസ്തനാക്കുന്നു. യഹോവയുടെ സാക്ഷികളുടെ പരസ്യ ശുശ്രൂഷ അവരെ വ്യതിരിക്തരാക്കുന്നത് ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ വാഗ്ദത്തങ്ങളിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് അവർ നിങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുന്നത്. കൂടാതെ, എവിടെയെല്ലാം ആളുകളെ കാണുന്നുവോ അവിടെയെല്ലാം അവർ തങ്ങളുടെ പ്രത്യാശകളെയും വിശ്വാസങ്ങളെയും കുറിച്ചു സാക്ഷ്യം നൽകുന്നു.
മറ്റുള്ളവരുമായി വിശ്വാസം പങ്കിടുന്നതിൽ വ്യാപൃതനായ സാക്ഷി തന്റെ വിശ്വാസങ്ങൾ അരക്കിട്ടുറപ്പിക്കുകയും ബലിഷ്ഠമാക്കുകയും ആണു ചെയ്യുന്നത്. ആശയപ്രകടനങ്ങൾ വിവരങ്ങളെ ഹൃദയത്തിൽ രൂഢമൂലമാക്കുന്നു. ഒപ്പംതന്നെ അത് ആന്തരിക സന്തുഷ്ടിയും സംതൃപ്തിയുമേകുന്നു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത ഘോഷിക്കുമ്പോൾ നാം യഹോവയെ പ്രീതിപ്പെടുത്തുകയുമാണു ചെയ്യുന്നത്. പത്രൊസിന്റെ സഹ അപ്പോസ്തലനായ പൗലൊസ് പ്രഖ്യാപിച്ചതുപോലെ, അവൻ ‘നമ്മുടെ പ്രവൃത്തിയും അവന്റെ നാമത്തോടു കാണിച്ച സ്നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല’ എന്നു നമുക്കറിയാം.—എബ്രായർ 6:10; റോമർ 10:9, 10.
ഈ ദുഷ്ടവ്യവസ്ഥിതി അന്ത്യശ്വാസം വലിക്കവേ, രാജ്യ സുവാർത്ത വ്യാപിപ്പിക്കുന്നതിൽ വ്യാപൃതരായിരിക്കുന്നതു കൊണ്ടുള്ള ഫലമെന്താണ്? പരമാർഥഹൃദയരായ ലക്ഷക്കണക്കിന് ആളുകൾ, എങ്ങനെ യഹോവയുമായി ഉറ്റബന്ധം ആസ്വദിക്കാമെന്നും അവന്റെ അനർഹദയയിൽനിന്ന് പ്രയോജനം അനുഭവിക്കാമെന്നും യഥാർഥ സന്തുഷ്ടി കണ്ടെത്താമെന്നും മനസ്സിലാക്കിവരുന്നു. മാത്രമല്ല, പറുദീസാ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയും അവർക്കുണ്ട്.
മുൻകൂട്ടിയുള്ള അറിവ്
യഹോവയാം ദൈവം തക്കസമയത്ത് ഇടപെടുമെന്നു ബൈബിളിൽനിന്നു നാം മനസ്സിലാക്കിയിരിക്കുന്നു. എങ്കിലും, നാം പത്രൊസിന്റെ കൂടുതലായ മുന്നറിയിപ്പിനു ചെവികൊടുക്കേണ്ടത് ആവശ്യമാണ്. “നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”—2 പത്രൊസ് 3:17.
ദിവ്യ ഇടപെടൽ താമസിക്കുന്നതായി കാണപ്പെടുന്നതു നിമിത്തം ശക്തമായ വിശ്വാസമില്ലാത്തവർ നിരുത്സാഹിതർ ആയിത്തീരുമെന്ന് യഹോവ തീർച്ചയായും മുന്നമേ അറിഞ്ഞിരുന്നു. കൂടാതെ, ഭക്തികെട്ട മനുഷ്യരുടെ സ്വാധീനം തന്റെ യഥാർഥ ദാസന്മാരെ ദുഷിപ്പിക്കുകയോ കുറഞ്ഞപക്ഷം ദൈവനാമത്തിന്റെ വിശുദ്ധീകരണം സമീപിച്ചിരിക്കുന്നു എന്ന അവരുടെ വിശ്വാസത്തിനു തുരങ്കം വെക്കുകയെങ്കിലുമോ ചെയ്തേക്കാമെന്നും അവന് അറിയാമായിരുന്നു. ഈ അന്ത്യ നാളുകളിൽ ചഞ്ചലചിത്തർ ആയിത്തീരുന്നത് എത്രയോ ദാരുണമായിരിക്കും!
യഹോവ എന്തു ചെയ്യും എന്നതിനെക്കുറിച്ചു സംശയമോ വിശ്വാസരാഹിത്യമോ വെച്ചുപുലർത്താനുള്ള സമയമല്ല ഇത്. (എബ്രായർ 12:1) മറിച്ച്, യഹോവയുടെ ക്ഷമ കൈവരിച്ച നേട്ടങ്ങളിൽ വിലമതിപ്പു വളർത്തി എടുക്കാനുള്ള സമയമാണ്. വരാനിരിക്കുന്ന മഹോപദ്രവത്തെ അതിജീവിക്കാൻ നോക്കിപ്പാർത്തിരിക്കുന്ന സാർവദേശീയ മഹാപുരുഷാരത്തിന്റെ ഭാഗമായിത്തീരുന്ന ലക്ഷക്കണക്കിന് ആളുകളുടെ രക്ഷ അതു സാധ്യമാക്കുന്നു. (വെളിപ്പാടു 7:9, 14) പത്രൊസ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന്നു ഇപ്പോഴും എന്നെന്നേക്കും മഹത്വം.”—2 പത്രൊസ് 3:18.
“ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ”
രാജ്യ പ്രസംഗ വേലയിൽ വ്യാപൃതരായിരിക്കുന്നതും ആരാധനയുടെ ഭാഗമായ ക്രിസ്തീയ യോഗങ്ങൾക്കു ക്രമമായി ഹാജരാകുന്നതും ദൈവവചനം പഠിക്കുന്നതും നമുക്ക് സംരക്ഷണമേകുന്നു. തന്നിമിത്തം, ഇന്നത്തെ ദുഷ്ട വ്യവസ്ഥിതിയിൽ അധഃപതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് അനാവശ്യമായി വേവലാതിപ്പെടാൻ നമുക്കു സമയമുണ്ടാവില്ല. ഭീതിക്കോ ഉത്കണ്ഠയ്ക്കോ സത്യക്രിസ്ത്യാനികളുടെ ജീവിതത്തിൽ തെല്ലും സ്ഥാനമില്ല. (1 കൊരിന്ത്യർ 15:58) യഹോവയെ സേവിക്കുന്നതിൽ നാം എത്രമാത്രം തിരക്കുള്ളവർ ആയിരിക്കുന്നുവോ അത്രയും പെട്ടെന്നു നമ്മുടെ സമയവും കടന്നുപോകും.
പത്രൊസിന്റെ സമകാലികനും യേശുവിന്റെ അർധ സഹോദരനുമായ യൂദാ നമ്മെ അനുശാസിക്കുന്നു: “നിങ്ങളോ, പ്രിയമുള്ളവരേ; നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ.” (യൂദാ 20, 21) പ്രാർഥനയിൽ ഉറ്റിരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ക്രിയാത്മക മനോഭാവത്തിന്റെ പ്രാധാന്യം ശ്രദ്ധിക്കുക. (1 തെസ്സലൊനീക്യർ 5:17) യൂദാ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകെച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.” (യൂദാ 22, 23) ഈ ദുഷ്കര നാളുകളിൽ അന്യോന്യം ബലപ്പെടുത്തുന്നത് എത്രയോ മർമപ്രധാനമാണ്! ധാർമികമായി ദുഷിച്ച ഇന്നത്തെ ലോകത്ത് തഴച്ചുവളരുന്ന “ദുഷ്കാമവൃത്തിക്കു” ഒഴികഴിവായി ഈ ദീർഘിച്ച ‘രക്ഷാദിവസത്തെ’ ഉപയോഗിച്ച് പ്രലോഭനത്തിൽ വഴുതി വീഴാതിരിക്കുന്നതും സുപ്രധാനമാണ്.—യൂദാ 4; 2 കൊരിന്ത്യർ 6:1, 2.
പത്രൊസ്, പൗലൊസ്, യൂദാ എന്നിവരുടെ സ്നേഹപുരസ്സരമായ ബുദ്ധ്യുപദേശം പിൻപറ്റിക്കൊണ്ടും ദൈവസേവനത്തിൽ തിരക്കും ശുഷ്കാന്തിയും ഉള്ളവരായിരുന്നുകൊണ്ടും നിങ്ങൾക്ക് യഹോവയുടെ ഇടപെടലിനായി ക്ഷമാപൂർവം കാത്തിരിക്കാനാകും. എന്നാൽ നിങ്ങളങ്ങനെ ചെയ്യുമോ?
നിത്യജീവനെ കുറിച്ചുള്ള സ്രഷ്ടാവിന്റെ വാഗ്ദത്തത്തിലുള്ള വിശ്വാസം ബലിഷ്ഠമാക്കാൻ സഹായം ലഭിക്കേണ്ടതിനു നിങ്ങളുടെ പ്രദേശത്തുള്ള സാക്ഷികളുമായി സമ്പർക്കപ്പെടാൻ മടിക്കരുത്. ആസന്നമായിരിക്കുന്ന മഹോപദ്രവത്തിൽ പര്യവസാനിക്കുന്ന, വീണ്ടുമൊരിക്കലും ആവർത്തിക്കപ്പെടുകയില്ലാത്ത ആഗോള സാക്ഷ്യവേലയിൽ പങ്കുപറ്റുന്നതിനു യോഗ്യത നേടാൻ എന്താണ് ആവശ്യമായിരിക്കുന്നത് എന്നു മനസ്സിലാക്കുക. (മർക്കൊസ് 13:10) അങ്ങനെയെങ്കിൽ, യഹോവ വാഗ്ദാനം ചെയ്യുന്ന നീതി വസിക്കുന്ന പുതിയ ലോകത്തു ജീവിക്കുന്നതിനുള്ള പ്രത്യാശ നിങ്ങൾക്ക് ഉണ്ടായിരിക്കും. (2 പത്രൊസ് 3:13) അവന്റെ ഓർമിപ്പിക്കലുകൾക്കു ചെവികൊടുക്കുക! ക്ഷമാപൂർവം കാത്തിരിക്കുക! വ്യാപൃതരായിരിക്കുക!
[അടിക്കുറിപ്പുകൾ]
a ദയവായി, വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 116-ാം പേജു കാണുക.
[7-ാം പേജിലെ ചിത്രം]
പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദത്തങ്ങളെക്കുറിച്ച് ഇപ്പോൾ പഠിക്കുക
[5-ാം പേജിലെ ചിത്രത്തിന് കടപ്പാട]
ചെന്നായ്: Animals/Jim Harter/Dover Publications, Inc.; ഇടയബാലൻ: കുട്ടികൾ: A Pictorial Archive from Nineteenth-Century Sources/Grafton/Dover Publications, Inc.