അഹങ്കാരത്തിന്റെ വില—അത് എത്ര വലുതാണ്?
നിങ്ങളെ കൊച്ചാക്കാൻ മനപ്പൂർവം ശ്രമിച്ച ഒരാളുമായി നിങ്ങൾ എന്നെങ്കിലും ഇടപെട്ടിട്ടുണ്ടോ? ഒരുപക്ഷേ ഒരു മാനേജർ, തൊഴിൽ മേധാവി, മേൽവിചാരകൻ അല്ലെങ്കിൽ നിങ്ങളെ താഴ്ത്തിക്കെട്ടുകയും നിങ്ങളോടു തികഞ്ഞ പുച്ഛത്തോടെ പെരുമാറുകയും ചെയ്ത ഒരു ബന്ധു, അങ്ങനെ ആരെങ്കിലും? പ്രസ്തുത വ്യക്തിയെ കുറിച്ചു നിങ്ങൾക്ക് എന്താണു തോന്നിയത്? അയാളുടെ വ്യക്തിത്വം നിങ്ങളെ ആകർഷിച്ചോ? തീർച്ചയായും ഇല്ല! എന്തുകൊണ്ട്? എന്തെന്നാൽ അഹങ്കാരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും ആശയവിനിയമം തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
താൻ ശ്രേഷ്ഠനാണെന്നു കാണിക്കാനായി എല്ലായ്പോഴും മറ്റുള്ളവരെ താഴ്ത്തിക്കെട്ടാൻ അഹങ്കാരം ഒരുവനെ പ്രേരിപ്പിക്കുന്നു. അത്തരം മനോഭാവമുള്ള ഒരു വ്യക്തി സാധാരണമായി മറ്റുള്ളവരെ കുറിച്ച് ഒരു നല്ല വാക്കു പറയാറില്ല. “അതേ, അതു ശരിയായിരിക്കാം, പക്ഷേ, അയാൾക്ക് ആ കുറവുണ്ട് അല്ലെങ്കിൽ ഈ പ്രശ്നമുണ്ട്” എന്നിങ്ങനെയുള്ള ചില നിഷേധാത്മക വിശേഷണങ്ങൾ എപ്പോഴും ഉണ്ടാകും.
സുവർണ ചിന്തകൾ വെള്ളി വാക്കുകളിൽ (ഇംഗ്ലീഷ്) എന്ന പുസ്തകം “എപ്പോഴും പരാജയപ്പെടുത്തുക മാത്രം ചെയ്യുന്ന തിന്മ” എന്ന് അഹങ്കാരത്തെ വിവരിക്കുന്നു. “പ്രശംസാർഹമായ യാതൊന്നും ശേഷിപ്പിക്കാതെ അത് ഒരുവനെ കാർന്നുതിന്നുന്നു” എന്നും അതു പറയുന്നു. അഹങ്കാരിയായ ഒരുവനോട് ഒപ്പം ആയിരിക്കുന്നത് ആർക്കും സുഖകരമായി തോന്നാത്തതിൽ അത്ഭുതപ്പെടാനുണ്ടോ? അഹങ്കാരത്തിനു മിക്കപ്പോഴും ഒടുക്കേണ്ടിവരുന്ന ഒരു വിലയാണ് യഥാർഥ സുഹൃത്തുക്കളുടെ അഭാവം. അതേ പുസ്തകം തുടർന്ന് ഇങ്ങനെ പറയുന്നു: “നേരേമറിച്ച്, താഴ്മയുള്ളവരെ—താഴ്മയുണ്ടെന്ന് അഭിമാനിക്കുന്നവരെ അല്ല മറിച്ച് യഥാർഥ താഴ്മയുള്ളവരെ—ആളുകൾ സ്നേഹിക്കുന്നു.” ബൈബിൾ സമുചിതമായി ഇങ്ങനെ പറയുന്നു: “മമനുഷ്യന്റെ അഹങ്കാരം അയാൾക്കു ലജ്ജ വരുത്തുന്നു, താഴ്മ പ്രകടമാക്കുന്നവനോ ബഹുമതി നേടും.”—സദൃശവാക്യങ്ങൾ 29:23, ദ ജെറുസലേം ബൈബിൾ.
എന്നാൽ അഹങ്കാരം മനുഷ്യരിൽ നിന്നുള്ള സൗഹൃദത്തെയോ ബഹുമാനത്തെയോ ബാധിക്കുന്നതിലുപരി, ദൈവവുമായുള്ള ഒരുവന്റെ ബന്ധത്തെ ബാധിക്കുന്നത് എങ്ങനെ? ദൈവം അഹങ്കാരികളെ, ഗർവിഷ്ഠരെ, ധിക്കാരികളെ എങ്ങനെയാണു വീക്ഷിക്കുന്നത്? ഒരുവൻ അഹങ്കാരിയാണോ അതോ താഴ്മയുള്ളവനാണോ എന്നതിനു ദൈവം പ്രാധാന്യം കൽപ്പിക്കുന്നുവോ?
താഴ്മയുടെ ഒരു പാഠം
സദൃശവാക്യങ്ങളുടെ നിശ്വസ്ത എഴുത്തുകാരൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “നാശത്തിനു മുമ്പെ ഗർവ്വം [“അഹങ്കാരം, NW]; വീഴ്ചക്കു മുമ്പെ ഉന്നതഭാവം. ഗർവ്വികളോടുകൂടെ കവർച്ച പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.” (സദൃശവാക്യങ്ങൾ 16:18, 19) ഈ വാക്കുകളിലെ ജ്ഞാനം, ഇസ്രായേല്യനായ എലീശാ പ്രവാചകന്റെ കാലത്തു ജീവിച്ചിരുന്ന സിറിയൻ ജനറലായ നയമാന്റെ കേസിൽ നന്നായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.
നയമാൻ ഒരു കുഷ്ഠരോഗി ആയിരുന്നു. സൗഖ്യം തേടി അവൻ ശമര്യയിലേക്കു പോയി. എലീശാ തന്നെ നേരിട്ടു കാണാൻ വരുമെന്ന് അവൻ കരുതി. എന്നാൽ പ്രവാചകൻ തന്റെ ദാസനെ അയച്ച് നയമാനോട് യോർദാൻ നദിയിൽ ഏഴു പ്രാവശ്യം കുളിക്കാൻ നിർദേശിച്ചു. തന്നോടുള്ള പെരുമാറ്റത്തിലും ലഭിച്ച ഉപദേശത്തിലും നയമാൻ നീരസംകൊണ്ടു. ദാസനെ അയയ്ക്കുന്നതിനു പകരം പ്രവാചകനു പുറത്തുവന്ന് അവനോടു വ്യക്തിപരമായി സംസാരിക്കാമായിരുന്നില്ലേ? കൂടാതെ, സിറിയയിലെ ഏതൊരു നദിയും തീർച്ചയായും യോർദാനു തുല്യമായിരുന്നു! അഹങ്കാരമായിരുന്നു അവന്റെ പ്രശ്നം. ഫലമോ? സന്തോഷകരമെന്നു പറയട്ടെ, ജ്ഞാനപൂർവകമായ ഉപദേശം അവൻ അനുസരിച്ചു. “അപ്പോൾ അവൻ ചെന്നു ദൈവപുരുഷന്റെ വചനപ്രകാരം യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയി; അവൻ ശുദ്ധനായ്തീർന്നു.”—2 രാജാക്കന്മാർ 5:14.
താഴ്മയുടെ ചെറിയൊരു പ്രകടനം ചിലപ്പോൾ വലിയ പ്രയോജനങ്ങൾ കൈവരുത്തുന്നു.
അഹങ്കാരത്തിന്റെ വില
എന്നാൽ അഹങ്കാരത്തിനു നാം ഒടുക്കേണ്ടിവരുന്ന വില കേവലം ചില പ്രയോജനങ്ങളോ നേട്ടങ്ങളോ നഷ്ടപ്പെടുന്നതിനെക്കാൾ വളരെ വലുത് ആയിരിക്കാവുന്നതാണ്. “മിക്കപ്പോഴും ശിക്ഷാവിധിയിൽ കലാശിക്കുന്ന കടുത്ത അഹങ്കാരമോ അമിത ആത്മവിശ്വാസമോ” എന്നു നിർവചിക്കാവുന്ന മറ്റൊരു അളവിലുള്ള അഹങ്കാരമുണ്ട്. (വെബ്സ്റേറഴ്സ് നയന്ത് ന്യൂ കൊളീജിയററ് ഡിക്ഷ്ണറി) ഗ്രീക്കു പണ്ഡിതനായ വില്യം ബാർക്ലേ പറയുന്നത് അനുസരിച്ച്, അത് “അഹങ്കാരവും ക്രൂരതയും കൂടിച്ചേർന്നതാണ്. . . . സഹമനുഷ്യനെ അവമതിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്ന ധിക്കാരപൂർവമായ പുച്ഛമാണത്.”
ഇത്തരത്തിലുള്ള കടുത്ത അഹങ്കാരത്തിന്റെ വ്യക്തമായ ഒരു ദൃഷ്ടാന്തം ബൈബിളിൽ ഉണ്ട്. അമ്മോന്യ രാജാവായ ഹാനൂന്റേതാണ് അത്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “നാഹാശ് തന്നോടു കാണിച്ച സ്നേഹദയ നിമിത്തം, ഹാനൂനെ അവന്റെ പിതാവിന്റെ മരണത്തിൽ ആശ്വസിപ്പിക്കാൻ ദാവീദ് ദൂതന്മാരെ അയച്ചു. എന്നാൽ, നഗരം ഒറ്റുനോക്കാനുള്ള ദാവീദിന്റെ വെറുമൊരു അടവാണ് ഇതെന്ന തന്റെ പ്രഭുക്കന്മാരുടെ വാക്കു വിശ്വസിച്ച ഹാനൂൻ ദാവീദിന്റെ ഭൃത്യന്മാരുടെ താടി പാതി ചിരപ്പിച്ചു അവരുടെ അങ്കികളെ നടുവിൽ ആസനംവരെ മുറിപ്പിച്ച് പറഞ്ഞയച്ചുകൊണ്ട് അവരെ അവഹേളിച്ചു.”a ഈ സംഭവത്തെ കുറിച്ച് ബാർക്ലേ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആ പെരുമാറ്റം [കടുത്ത അഹങ്കാരം] ആയിരുന്നു. അത് അധിക്ഷേപവും കടുത്ത ദ്രോഹവും പരസ്യമായ അവമതിക്കലും എല്ലാം കൂടിച്ചേർന്നതായിരുന്നു.”—2 ശമൂവേൽ 10:1-5.
അതേ, കടുത്ത അഹങ്കാരവും ധിക്കാരം കാട്ടലും മറ്റുള്ളവരെ അവമതിക്കലും ഒക്കെ അഹങ്കാരിയുടെ സ്വഭാവമാണ്. നിർദയം, മനുഷ്യത്വരഹിതമായി ഒരുവനെ വ്രണപ്പെടുത്തുന്നത് അയാൾ ആസ്വദിക്കുന്നു. എന്നിട്ട് മറ്റേ വ്യക്തിയുടെ ക്ലേശത്തിലും അപമാനത്തിലും അയാൾ വന്യമായി ആഹ്ലാദിക്കുന്നു. പക്ഷേ, ഒരുവന്റെ ആത്മാഭിമാനത്തിനു തുരങ്കം വെക്കുകയോ അതിനെ നശിപ്പിക്കുകയോ ചെയ്യുന്നത് ഇരുവായ്ത്തലയുള്ള വാളുപോലെയാണ്. അത് ഒരു സുഹൃത്തിനെ നഷ്ടമാക്കുകയും മിക്കപ്പോഴും ഒരു ശത്രുവിനെ സൃഷ്ടിക്കുകയും ചെയ്യുന്നു.
‘അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കണം’ എന്നു തന്റെ യജമാനൻ കൽപ്പിച്ചിരിക്കുമ്പോൾ, എങ്ങനെയാണ് ഒരു യഥാർഥ ക്രിസ്ത്യാനിക്ക് അത്തരം ഉപദ്രവകരമായ അഹങ്കാരം പ്രകടിപ്പിക്കാനാവുക? (മത്തായി 7:12; 22:39, NW) ദൈവവും ക്രിസ്തുവും എന്തിനുവേണ്ടിയൊക്കെ നിലകൊള്ളുന്നുവോ അവയ്ക്കെല്ലാം നേരേ എതിരാണത്. ഇതിന്റെ അടിസ്ഥാനത്തിൽ ബാർക്ലേ ഈ ഗൗരവാവഹമായ അഭിപ്രായ പ്രകടനം നടത്തുന്നു: “ദൈവത്തെ വെല്ലുവിളിക്കാൻ ഒരുവനെ പ്രേരിപ്പിക്കുന്ന അഹങ്കാരമാണ്” അത്. “യഹോവ ഇല്ല” എന്നു പറയുന്ന അഹങ്കാരംതന്നെ. (സങ്കീർത്തനം 14:1, NW) അല്ലെങ്കിൽ അതു സങ്കീർത്തനം 10:4 (NW) പ്രസ്താവിച്ചിരിക്കുന്നതു പോലെയാണ്: “ദുഷ്ടൻ തന്റെ കടുത്ത അഹങ്കാരത്താൽ അന്വേഷിക്കുന്നില്ല; അയാളുടെ ആശയം ഒക്കെയും ‘ദൈവം ഇല്ല’ എന്നാണ്.” അത്തരം അഹങ്കാരം അഥവാ ഗർവ് സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും മാത്രമല്ല ദൈവത്തിൽനിന്നും ഒരുവനെ അകറ്റുന്നു. എന്തൊരു വിലയാണ് ഒടുക്കേണ്ടിയിരിക്കുന്നത്!
അഹങ്കാരം നിങ്ങളെ കാർന്നു തിന്നാൻ അനുവദിക്കരുത്
ദേശീയതയിൽനിന്നുള്ളത്, വർഗീയശ്രേഷ്ഠതാ വാദത്തിൽനിന്നുള്ളത്, സാമൂഹിക നിലവാരം, ജാതി വ്യത്യാസം എന്നിവയിൽനിന്നുള്ളത്, വിദ്യാഭ്യാസം, സമ്പത്ത്, പ്രശസ്തി, അധികാരം എന്നിവയിൽനിന്നുള്ളത്, എന്നിങ്ങനെ അഹങ്കാരത്തിന് അനേകം മുഖങ്ങൾ ഉണ്ടായിരിക്കാവുന്നതാണ്. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങളിൽ നുഴഞ്ഞുകയറി നിങ്ങളുടെ വ്യക്തിത്വത്തെ കാർന്നു തിന്നാൻ അഹങ്കാരത്തിനു സാധിക്കും.
മേധാവികളോടോ സമന്മാരോടു പോലുമോ ഇടപെടുമ്പോൾ മിക്കവരും താഴ്മ ഉള്ളവരായി കാണപ്പെടുന്നു. എന്നാൽ, പ്രത്യക്ഷത്തിൽ താഴ്മയുള്ള ഒരു വ്യക്തി ഒരു അധികാര സ്ഥാനത്ത് എത്തുമ്പോൾ എന്തു സംഭവിക്കുന്നു? പെട്ടെന്ന് അയാൾ താഴ്ന്ന പടിയിലുള്ളവരായി പരിഗണിക്കപ്പെടുന്നവരുടെ ജീവിതം ദുസ്സഹമാക്കുന്ന ഒരു സ്വേച്ഛാധിപതിയായി മാറുന്നു! അധികാരത്തെ സൂചിപ്പിക്കുന്ന ഒരു യൂണിഫാറമോ ബാഡ്ജോ ധരിക്കുമ്പോൾ ചിലർക്ക് ഇതു സംഭവിച്ചേക്കാം. പൊതുജനങ്ങൾ തങ്ങളെ സേവിക്കാനുള്ളവരാണ്, അല്ലാതെ തങ്ങൾ അവരെ സേവിക്കാനുള്ളവരല്ല എന്നു ചിന്തിച്ചുകൊണ്ട് ഗവൺമെന്റ് ജോലിക്കാർ പോലും പൊതുജനങ്ങളോട് അഹങ്കാരപൂർവം ഇടപെട്ടേക്കാം. അഹങ്കാരത്തിനു നിങ്ങളെ പരുഷനും നിർദയനും ആക്കാൻ കഴിയും. എന്നാൽ താഴ്മയ്ക്ക് നിങ്ങളെ ദയാലുവാക്കാൻ കഴിയും.
യേശുവിനു തന്റെ ശിഷ്യന്മാരോട് അഹങ്കാരപൂർവമോ പരുഷമായോ ഇടപെടാൻ കഴിയുമായിരുന്നു. ഒരു പൂർണ മനുഷ്യനും ദൈവപുത്രനും ആയിരുന്ന അവൻ, ആലോചന കൂടാതെ എടുത്തുചാടി പ്രവർത്തിച്ചിരുന്ന അപൂർണരായ അനുഗാമികളുമായിട്ടായിരുന്നു ഇടപെട്ടിരുന്നത്. പക്ഷേ, തന്നെ ശ്രദ്ധിച്ചവർക്ക് അവൻ എന്തു ക്ഷണമാണു നീട്ടിക്കൊടുത്തത്? “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
യേശുവിന്റെ മാതൃക പിൻപറ്റാൻ നാം എല്ലായ്പോഴും ശ്രമിക്കുന്നുണ്ടോ? അതോ, നാം പരുഷരും വഴക്കമില്ലാത്തവരും സ്വേച്ഛാധിപതികളും നിർദയരും അഹങ്കാരികളും ആണോ? യേശുവിനെ പോലെ, നവോന്മേഷം പകരാൻ ശ്രമിക്കുക, അടിച്ചമർത്താനല്ല. അഹങ്കാരത്തിന്റെ കാർന്നുതിന്നുന്ന ഫലത്തെ ചെറുത്തു നിൽക്കുക.
മേൽപ്രസ്താവിച്ചതിന്റെ അർഥം ആത്മാഭിമാനം ഉണ്ടായിരിക്കുന്നതു തെറ്റാണെന്നാണോ?
ആത്മാഭിമാനം ദുരഭിമാനത്തിനു വിരുദ്ധം
നിങ്ങളോടുതന്നെ ഒരളവുവരെയുള്ള ആദരവ് ഉണ്ടായിരിക്കുന്നത് ന്യായയുക്തവും നീതീകരിക്കത്തക്കതുമാണ്. മറ്റുള്ളവർ നിങ്ങളെ കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനു നിങ്ങൾ ശ്രദ്ധ കൊടുക്കുന്നു എന്ന് അത് അർഥമാക്കുന്നു. നിങ്ങളുടെ ആകാരത്തിനും ഖ്യാതിക്കും നിങ്ങൾ ശ്രദ്ധ നൽകുന്നു. “നിങ്ങളുടെ സുഹൃത്തുക്കൾ ആരാണെന്നു പറഞ്ഞാൽ നിങ്ങൾ ആരാണെന്നു പറയാം” എന്ന സ്പാനിഷ് പഴമൊഴി സത്യമാണ്. അടുക്കും ചിട്ടയുമില്ലാത്ത, അലസരായ, സംസ്കാരമില്ലാത്ത, അസഭ്യം പുലമ്പുന്ന ആളുകളോടൊപ്പം സഹവസിക്കാനാണു നിങ്ങൾ ഇഷ്ടപ്പെടുന്നത് എങ്കിൽ നിങ്ങളും അവരെപ്പോലെ ആയിത്തീരും. അവരുടെ മനോഭാവങ്ങൾ നിങ്ങളെ ബാധിക്കും. അവരെപ്പോലെ നിങ്ങൾക്കും ആത്മാഭിമാനം നഷ്ടപ്പെടും.
തീർച്ചയായും അഭിമാനത്തിന് അതിരുകടന്ന ഒരു വശമുണ്ട്, അതാണു ദുരഭിമാനത്തിലേക്കു നയിക്കുന്ന അഭിമാനം. യേശുവിന്റെ നാളിലെ ശാസ്ത്രിമാരും പരീശന്മാരും തങ്ങളുടെ പാരമ്പര്യത്തിലും തങ്ങൾക്ക് ഉണ്ടെന്ന് അവർ നടിച്ചിരുന്ന അമിത മതഭക്തിയിലും അഭിമാനം കൊണ്ടിരുന്നു. യേശു അവരെ കുറിച്ച് ഇങ്ങനെ മുന്നറിയിപ്പു നൽകി: “അവർ തങ്ങളുടെ പ്രവൃത്തികൾ എല്ലാം മനുഷ്യർ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; [വളരെ ഭക്തരാണെന്നു കാണിക്കാൻ] തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങൽ വലുതാക്കുന്നു. അത്താഴത്തിൽ പ്രധാനസ്ഥലവും പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും മനുഷ്യർ റബ്ബീ എന്നു വിളിക്കുന്നതും അവർക്കു പ്രിയമാകുന്നു.”—മത്തായി 23:5-7.
അതുകൊണ്ട്, ന്യായമായ ആത്മാഭിമാനം സമനിലയുള്ള ഒരു മനോഭാവമാണ്. യഹോവ കാണുന്നതു ഹൃദയത്തെയാണ്, മറിച്ച് ബാഹ്യമായി കാണപ്പെടുന്നതിനെ അല്ല എന്നും ഓർമിക്കുക. (1 ശമൂവേൽ 16:7; യിരെമ്യാവു 17:10) ആത്മനീതി ദൈവനീതിയല്ല. എന്നാൽ ഇപ്പോൾ ചോദ്യമിതാണ്, നമുക്ക് എങ്ങനെ യഥാർഥ താഴ്മ നട്ടുവളർത്താനും അഹങ്കാരത്തിന്റെ വലിയ വില ഒടുക്കുന്നത് ഒഴിവാക്കാനും കഴിയും?
[അടിക്കുറിപ്പുകൾ]
a വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ചത്.
[4-ാം പേജിലെ ചിത്രം]
താഴ്മയുടെ ചെറിയൊരു പ്രകടനം നയമാന് വലിയ പ്രയോജനങ്ങൾ കൈവരുത്തി