ദൈവവചന സ്നേഹികൾക്ക് ഒരു നാഴികക്കല്ല്
ദൈവവചന സ്നേഹികൾക്കെല്ലാം 1998 എന്ന വർഷം ഒരു സുപ്രധാന നാഴികക്കല്ല് ആയിരുന്നു. ആ വർഷം, “വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തര”ത്തിന്റെ അച്ചടിച്ച പ്രതികളുടെ എണ്ണം പത്തു കോടി ആയി. അങ്ങനെ അത്, ഈ നൂറ്റാണ്ടിൽ പുറത്തിറക്കിയിട്ടുള്ളവയിൽ വെച്ച് ഏറ്റവുമധികം വിതരണം ചെയ്യപ്പെട്ട ബൈബിളുകളിൽ ഒന്നായിത്തീർന്നിരിക്കുന്നു!
ഈനേട്ടം പ്രത്യേകിച്ചും ശ്രദ്ധേയമാണ്, കാരണം, ഈ പരിഭാഷ ആദ്യം പ്രകാശനം ചെയ്യപ്പെട്ടപ്പോൾ അത് കടുത്ത വിമർശനത്തിനു വിധേയമായി. എന്നിട്ടും അത് അതിജീവിക്കുക മാത്രമല്ല ഭൂമിയിലെമ്പാടുമുള്ള കോടിക്കണക്കിന് ഭവനങ്ങളിലേക്കും—ഹൃദയങ്ങളിലേക്കും—കടന്നുചെന്നുകൊണ്ട് തഴച്ചുവളരുകയും ചെയ്തിരിക്കുന്നു! ഈ അതുല്യ പരിഭാഷയുടെ ഉറവ് എന്താണ്? അതിന്റെ പിമ്പിൽ ആരാണ്? അത് ഉപയോഗിക്കുന്നതിൽ നിന്നു നിങ്ങൾക്ക് എങ്ങനെ പ്രയോജനം ലഭിച്ചേക്കാം?
ഒരു പുതിയ പരിഭാഷയുടെ ആവശ്യമെന്ത്?
യഹോവയുടെ സാക്ഷികളെ പ്രതിനിധീകരിക്കുന്ന നിയമാനുസൃത ഏജൻസിയായ വാച്ച്ടവർ സൊസൈറ്റി നൂറിലധികം വർഷമായി ബൈബിളുകൾ വിതരണം ചെയ്തുകൊണ്ടാണിരിക്കുന്നത്. എന്നിട്ടും, എന്തുകൊണ്ടാണ് ദൈവവചനത്തിന്റെ മറ്റൊരു ഭാഷാന്തരം പുറത്തിറക്കേണ്ടതുണ്ടെന്ന് യഹോവയുടെ സാക്ഷികൾക്കു തോന്നിയത്? സാക്കായെ കുബോയും വോൾട്ടർ സ്പെക്റ്റും എഴുതിയ ഇത്രയധികം ഭാഷാന്തരങ്ങളോ? എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “യാതൊരു ബൈബിൾ പരിഭാഷയും അന്തിമമായ ഒന്നായി പരിഗണിക്കാനാവില്ല. ബൈബിൾപരമായ പാണ്ഡിത്യത്തിന്റെ വളർച്ചയ്ക്കും ഭാഷയ്ക്കു വരുന്ന മാറ്റത്തിനും അനുസൃതമായി പരിഭാഷകളിലും മാറ്റങ്ങൾ ആവശ്യമാണ്.”
ബൈബിൾ ആദ്യം എഴുതപ്പെട്ട എബ്രായ, ഗ്രീക്ക്, അരമായ ഭാഷകളെ സംബന്ധിച്ച ഗ്രാഹ്യം ഈ നൂറ്റാണ്ടിൽ ഗണ്യമായി വർധിച്ചു. മാത്രവുമല്ല, ബൈബിൾ പരിഭാഷകരുടെ മുൻതലമുറക്കാർ ഉപയോഗിച്ചതിനെക്കാൾ കൂടുതൽ പഴക്കവും കൃത്യതയും ഉള്ള ബൈബിൾ കൈയെഴുത്തു പ്രതികൾ ഇക്കാലത്തു കണ്ടെത്തിയിട്ടുണ്ട്. തന്മൂലം, മുമ്പെന്നത്തെക്കാളും കൂടുതൽ കൃത്യതയോടെ ദൈവവചനം വിവർത്തനം ചെയ്യാൻ ഇന്നു കഴിയും! അതുകൊണ്ട്, നല്ല കാരണത്തോടെതന്നെയാണ് ആധുനിക ഭാഷകളിലേക്കുള്ള ബൈബിൾ പരിഭാഷയ്ക്കു വേണ്ടി പുതിയ ലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി രൂപീകരിച്ചത്.
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരത്തിന്റെ ഇംഗ്ലീഷിലുള്ള പരിഭാഷ 1950-ൽ പ്രസിദ്ധീകരിച്ചു. ബൈബിൾ “പഴയ”, “പുതിയ” നിയമങ്ങൾ അടങ്ങിയതാണെന്നുള്ള സൂചനയെ നിരാകരിച്ചുകൊണ്ടുള്ള അതിന്റെ ശീർഷകം തന്നെ, അതുവരെ പിന്തുടർന്നുപോന്ന രീതിയിൽ നിന്നുള്ള സുധീരമായ ഒരു ചുവടുമാറ്റമായിരുന്നു. അടുത്ത ദശകത്തിൽ എബ്രായ തിരുവെഴുത്തുകളുടെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിച്ചു. 1961-ൽ മുഴു ബൈബിളും ഒറ്റവാല്യമായി ഇംഗ്ലീഷിൽ പ്രകാശനം ചെയ്തു.
ആരെല്ലാമായിരുന്നു ശ്രദ്ധേയമായ ഈ ബൈബിളിന്റെ പരിഭാഷകർ? 1950 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം ഇങ്ങനെ പറഞ്ഞു: “ഭാഷാന്തര കമ്മിറ്റിയിലുണ്ടായിരുന്ന പുരുഷന്മാർ, തങ്ങളാണ് പരിഭാഷ നിർവഹിച്ചതെന്ന്, ജീവിച്ചിരിക്കുമ്പോഴോ മരിച്ചതിനു ശേഷം പോലുമോ തങ്ങളുടെ പേർ പ്രസിദ്ധീകരിക്കരുതെന്ന് ഉള്ള ആഗ്രഹം . . . പ്രകടിപ്പിച്ചിരിക്കുന്നു. ഈ പരിഭാഷയുടെ ഉദ്ദേശ്യം ജീവനുള്ള സത്യദൈവത്തിന്റെ പേർ മഹത്ത്വപ്പെടുത്തുക എന്നതാണ്.” പ്രത്യേക വൈദഗ്ധ്യമൊന്നും ഇല്ലാത്തവരുടെ ഒരു പരിഭാഷയായി അതിനെ കണ്ണുമടച്ച് തള്ളിക്കളയേണ്ടതാണെന്ന് ചില വിമർശകർ അവകാശപ്പെട്ടു. പക്ഷേ എല്ലാവർക്കും അത്തരം ന്യായരഹിതമായ വീക്ഷണമായിരുന്നില്ല ഉണ്ടായിരുന്നത്. അലൻ എസ്. ഡഥി ഇങ്ങനെ എഴുതുന്നു: “ഒരു പ്രത്യേക ബൈബിൾ ഭാഷാന്തരത്തിന്റെ പരിഭാഷകരോ പ്രസാധകരോ ആരാണെന്ന അറിയുന്നത്, ആ ഭാഷാന്തരം നല്ലതോ മോശമോ എന്നു നിർണയിക്കാൻ നമ്മെ സഹായിക്കുമോ? അവശ്യം ഇല്ല. അത് അറിയാൻ ഓരോ ഭാഷാന്തരത്തിന്റെയും തനതു സവിശേഷതകൾ പരിശോധിച്ചു നോക്കുകതന്നെ വേണം.”a
അതുല്യമായ സവിശേഷതകൾ
അങ്ങനെ ചെയ്ത കോടിക്കണക്കിനാളുകൾ, പുതിയ ലോക ഭാഷാന്തരം വായിക്കാൻ എളുപ്പമുള്ളതു മാത്രമല്ല, അതീവ കൃത്യതയുള്ളതുമാണെന്ന് കണ്ടെത്തിയിരിക്കുന്നു. ലഭ്യമായ ഏറ്റവും നല്ല മൂല എബ്രായ, അരമായ, ഗ്രീക്ക് പാഠങ്ങളിൽ നിന്നാണ് പരിഭാഷകർ അതു വിവർത്തനം ചെയ്തത്.b കൂടാതെ, പുരാതന പാഠത്തെ സാധിക്കുന്നത്ര അക്ഷരീയമായും എന്നാൽ എളുപ്പം മനസ്സിലാക്കാവുന്ന ഭാഷയിലും വിവർത്തനം ചെയ്യാൻ അവർ അങ്ങേയറ്റം ശ്രദ്ധ ചെലുത്തി. തത്ഫലമായി, ഈ പരിഭാഷയുടെ വിശ്വസ്തതയും കൃത്യതയും നിമിത്തം ചില പണ്ഡിതന്മാർ അതിനെ പുകഴ്ത്തി. ഉദാഹരണത്തിന്, 1963 ജനുവരിയിലെ ആൻഡോവർ ന്യൂട്ടൺ ക്വാർട്ടേർളി ഇങ്ങനെ പറഞ്ഞു: “ബൈബിൾ പരിഭാഷയിലെ അനേകം പ്രശ്നങ്ങളെ ധൈഷണികമായി കൈകാര്യം ചെയ്യാൻ പ്രാപ്തരായ പണ്ഡിതർ ഈ പ്രസ്ഥാനത്തിൽ [യഹോവയുടെ സാക്ഷികളുടെ ഇടയിൽ] ഉണ്ടെന്നുള്ളതിന്റെ തെളിവാണ് പുതിയ നിയമത്തിന്റെ പരിഭാഷ.”
ഈ പരിഭാഷകർ ബൈബിൾ ഗ്രാഹ്യത്തിന്റെ ഒരു പുതിയ ലോകത്തേക്കുള്ള കവാടം തുറന്നു. നേരത്തെ അത്ര വ്യക്തമല്ലാതിരുന്ന ബൈബിൾ വാക്യങ്ങൾ ശ്രദ്ധേയമാംവിധം വ്യക്തമായി. ഉദാഹരണമായി, “ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ” എന്ന മത്തായി 5:3-ലെ കുഴപ്പിക്കുന്ന വാക്യത്തെ തങ്ങളുടെ ആത്മീയ ആവശ്യങ്ങൾ സംബന്ധിച്ച് ബോധമുള്ളവർ സന്തുഷ്ടരാകുന്നു എന്ന ആശയം നൽകിക്കൊണ്ട് കൂടുതൽ അർഥവത്തായ വിധത്തിൽ പരിഭാഷപ്പെടുത്തി. മരിച്ചവരുടെ അവസ്ഥ സംബന്ധിച്ച ആശയക്കുഴപ്പം ഒഴിവാക്കത്തക്ക വിധത്തിലാണ് പുതിയ ലോക ഭാഷാന്തരം അതിനോടു ബന്ധപ്പെട്ട മുഖ്യ പദങ്ങളെ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. തത്ഫലമായി, മതോപദേശങ്ങൾക്കു വിപരീതമായി, മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ഭാഗം മനുഷ്യന് ഇല്ലെന്ന് പെട്ടെന്നുതന്നെ വിവേചിക്കാൻ വായനക്കാർക്ക് കഴിയും!
ദൈവനാമം പുനഃസ്ഥാപിക്കൽ
പുതിയ ലോക ഭാഷാന്തരത്തിന്റെ ഒരു മുന്തിയ സവിശേഷത, യഹോവ എന്ന ദൈവനാമത്തിന്റെ പുനഃസ്ഥിതീകരണമാണ്. എബ്രായ ബൈബിളിന്റെ പുരാതന പ്രതികളിൽ ദിവ്യനാമത്തെ പ്രതിനിധീകരിക്കാൻ “യോദ്,” “ഹെ,” “വൗ,” “ഹെ” എന്നിങ്ങനെ ലിപ്യന്തരീകരിക്കാവുന്ന നാല് എബ്രായ വ്യഞ്ജനാക്ഷരങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ നിയമം എന്നു വിളിക്കപ്പെടുന്ന ഭാഗത്തുതന്നെ ഈ വ്യതിരിക്തമായ നാമം ഏതാണ്ട് 7,000 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. (പുറപ്പാടു 3:15; സങ്കീർത്തനം 83:18) യഥാർഥത്തിൽ, തന്റെ ആരാധകർ ആ നാമം അറിയാനും ഉപയോഗിക്കാനും സ്രഷ്ടാവ് ഉദ്ദേശിച്ചു!
എന്നിരുന്നാലും അന്ധവിശ്വാസപരമായ ഭയം നിമിത്തം യഹൂദന്മാർ ദിവ്യനാമം ഉപയോഗിക്കുന്നതു നിറുത്തി. യേശുവിന്റെ അപ്പൊസ്തലന്മാരുടെ കാലശേഷം, ഗ്രീക്കു തിരുവെഴുത്തുകളുടെ പകർപ്പെഴുത്തുകാർ ദൈവത്തിന്റെ വ്യക്തി നാമത്തിനു പകരം കിരിയോസ് (കർത്താവ്) തിയോസ് (ദൈവം) എന്നീ ഗ്രീക്കു പദങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. സങ്കടകരമെന്നു പറയട്ടെ, ആധുനിക പരിഭാഷകർ മിക്ക ബൈബിളുകളിൽ നിന്നും ദൈവനാമം നീക്കം ചെയ്തുകൊണ്ട്, ദൈവത്തിനൊരു നാമമുണ്ടെന്നത് മറച്ചുവെച്ചുകൊണ്ടുപോലും, ആ ദൈവനിന്ദാകരമായ പാരമ്പര്യം നിലനിർത്തിയിരിക്കുന്നു. ഉദാഹരണത്തിന് യോഹന്നാൻ 17:6-ൽ “ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് യേശു പറയുന്നു. എന്നുവരികിലും, റ്റുഡേയ്സ് ഇംഗ്ലീഷ് വേർഷൻ അതിനെ ഇപ്രകാരം വിവർത്തനം ചെയ്യുന്നു: ‘ഞാൻ നിന്നെ വെളിപ്പെടുത്തിയിരിക്കുന്നു.’
ദിവ്യനാമത്തിന്റെ കൃത്യമായ ഉച്ചാരണം അറിയില്ല എന്ന കാരണത്താൽ അതിന്റെ നീക്കം ചെയ്യലിനെ ചില പണ്ഡിതന്മാർ ന്യായീകരിക്കുന്നുണ്ട്. എന്നിരുന്നാലും, യിരെമ്യാവ്, യെശയ്യാവ്, യേശു എന്നിങ്ങനെയുള്ള പരിചിതമായ ബൈബിൾ പേരുകളെ അവയുടെ മൂല എബ്രായ ഉച്ചാരണവുമായി ഒട്ടുംതന്നെ സാമ്യമില്ലാത്ത വിധങ്ങളിലാണ് സാധാരണമായി പരിഭാഷപ്പെടുത്തുന്നത്. യഹോവ എന്ന രൂപം ദിവ്യനാമത്തെ വിവർത്തനം ചെയ്യാനുള്ള ഒരു ഉചിതമായ വിധമായതിനാൽ—അനേകർക്കും പരിചിതമായതും അതുതന്നെയാണ്—അത് ഉപയോഗിക്കുന്നതിനോടുള്ള ഏതൊരു വിയോജിപ്പും ആത്മാർഥതയില്ലാത്തതാണ്.
തിരുവെഴുത്തിന്റെ എബ്രായ ഭാഗത്തും ഗ്രീക്ക് ഭാഗത്തും പുതിയലോക ബൈബിൾ ഭാഷാന്തര കമ്മിറ്റി യഹോവ എന്ന നാമം ഉപയോഗിച്ചത് ഒരു സുധീര നടപടി ആയിരുന്നു. മധ്യ അമേരിക്ക, ദക്ഷിണ പസഫിക്, പൂർവദേശങ്ങൾ എന്നിവിടങ്ങളിലുള്ള ആളുകൾക്കു വേണ്ടി മുൻകാല മിഷനറിമാർ നടത്തിയ പരിഭാഷയും അവർക്ക് ഒരു മുന്നോടി എന്നവണ്ണം ഉണ്ടായിരുന്നു. എന്നാൽ, ദൈവനാമത്തിന്റെ അത്തരം ഉപയോഗം കേവലം സൈദ്ധാന്തിക താത്പര്യം മാത്രമുള്ള വിഷയമല്ല. ഒരു വ്യക്തിയെന്ന നിലയിൽ അവനെ അറിയുന്നതിന് ദൈവനാമം അറിഞ്ഞിരിക്കേണ്ടതു മർമപ്രധാനമാണ്. (പുറപ്പാടു 34:6, 7) അവന്റെ നാമം ഉപയോഗിക്കാൻ ദശലക്ഷക്കണക്കിനു വായനക്കാരെ പുതിയ ലോക ഭാഷാന്തരം പ്രോത്സാഹിപ്പിച്ചിരിക്കുന്നു!
ഇംഗ്ലീഷുകാരല്ലാത്ത വായനക്കാരുടെ അടുത്തേക്ക്
1963-നും 1989-നും ഇടയ്ക്ക് പുതിയ ലോക ഭാഷാന്തരം പൂർണമായോ ഭാഗികമായോ മറ്റു പത്തു ഭാഷകളിൽകൂടി ലഭ്യമായി. എന്നുവരികിലും, പരിഭാഷാവേല വളരെ ദുഷ്കരമായിരുന്നു. ചില ഭാഷകളിൽ അത് പൂർത്തിയാക്കാൻ 20-ഓ അതിലേറെയോ വർഷമെടുത്തു. 1989-ൽ യഹോവയുടെ സാക്ഷികളുടെ ലോക ആസ്ഥാനത്ത് ഒരു ‘ഭാഷാന്തര സേവന വിഭാഗം’ രൂപീകരിച്ചു. ഭരണസംഘത്തിലെ റൈറ്റിങ് കമ്മിറ്റിയുടെ മാർഗനിർദേശത്തിൻ കീഴിൽ ഈ വിഭാഗം ബൈബിൾ പരിഭാഷയെ ത്വരിതപ്പെടുത്താൻ തുടങ്ങി. ബൈബിൾ പദങ്ങളുടെ പഠനത്തെ കമ്പ്യൂട്ടർ സാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിക്കൊണ്ടുള്ള ഒരു പരിഭാഷാ രീതി വികസിപ്പിച്ചെടുത്തു. ഈ പരിഭാഷാ രീതിയുടെ പ്രവർത്തനം ഏതു വിധത്തിലാണ്?
ബൈബിൾ ഒരു പുതിയ ഭാഷയിലേക്കു വിവർത്തനം ചെയ്യാൻ റൈറ്റിങ് കമ്മിറ്റി അനുമതി നൽകിക്കഴിഞ്ഞാൽ, അത് ഒരു പരിഭാഷാ സംഘം എന്ന നിലയിൽ സേവിക്കാൻ ഒരു കൂട്ടം സമർപ്പിത ക്രിസ്ത്യാനികളെ നിയമിക്കുന്നു. ഒരു സംഘത്തിന് ഒരു വ്യക്തിയെ അപേക്ഷിച്ച് കൂടുതൽ സന്തുലിതമായ വിധത്തിൽ പരിഭാഷ നിർവഹിക്കാനാകും. (സദൃശവാക്യങ്ങൾ 11:14, NW താരതമ്യം ചെയ്യുക.) സാധാരണഗതിയിൽ, ആ സംഘത്തിലെ ഓരോ അംഗത്തിനും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളുടെ പരിഭാഷയിൽ അനുഭവപരിചയം ഉണ്ടായിരിക്കും. പിന്നെ സംഘത്തിന് ബൈബിൾ പരിഭാഷാ തത്ത്വങ്ങൾ സംബന്ധിച്ചും പ്രത്യേകമായി വികസിപ്പിച്ചെടുത്ത കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ ഉപയോഗം സംബന്ധിച്ചും സമഗ്രമായ പരിശീലനം നൽകുന്നു. കമ്പ്യൂട്ടർ യഥാർഥ പരിഭാഷാ ജോലി ചെയ്യുന്നില്ല, എന്നാൽ തങ്ങൾക്ക് ആവശ്യമായ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്താനും തങ്ങളുടെ തീരുമാനങ്ങൾ സൂക്ഷിച്ചുവെക്കാനും അതു പരിഭാഷാ സംഘത്തെ സഹായിക്കുന്നു.
ഒരു ബൈബിൾ പരിഭാഷാ പദ്ധതിക്കു രണ്ടു ഘട്ടങ്ങളുണ്ട്. ആദ്യത്തെ ഘട്ടത്തിൽ, ഇംഗ്ലീഷ് ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരത്തിൽ ഉപയോഗിക്കുന്ന പദങ്ങളുടെയും പദപ്രയോഗങ്ങളുടെയും ഒരു ലിസ്റ്റ് പരിഭാഷകർക്കു നൽകുന്നു. അത്ര വ്യക്തമല്ലാതിരുന്നേക്കാവുന്ന അർഥവ്യതിയാനങ്ങൾ സംബന്ധിച്ച് പരിഭാഷകരെ ജാഗരൂകരാക്കാനായി, പരസ്പരം ബന്ധപ്പെട്ട ഇംഗ്ലീഷ് പദങ്ങളെ വർഗീകരിക്കുന്നു. തത്തുല്യമായ നാട്ടുഭാഷാ പദങ്ങളുടെ ഒരു ലിസ്റ്റ് അവർ ഉണ്ടാക്കുന്നു. എങ്കിലും, ചില അവസരങ്ങളിൽ ഒരു വാക്യം പരിഭാഷപ്പെടുത്താൻ പരിഭാഷകനു ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. കമ്പ്യൂട്ടർ റിസെർച്ച് സിസ്റ്റം എബ്രായ, ഗ്രീക്ക് പദങ്ങൾ സംബന്ധിച്ച വിവരങ്ങളും വാച്ച് ടവർ പ്രസിദ്ധീകരണങ്ങളും പരിഭാഷകനു ലഭ്യമാക്കുന്നു.
പദ്ധതി അതിന്റെ രണ്ടാം ഘട്ടത്തിലേക്കു നീങ്ങവെ, തിരഞ്ഞെടുത്ത നാട്ടുഭാഷാ പദങ്ങൾ ബൈബിൾ പാഠഭാഗത്തേക്കു താനേ പകർത്തപ്പെടുന്നു. ഇതു നിമിത്തം പരിഭാഷയ്ക്ക് അങ്ങേയറ്റം കൃത്യതയും പൊരുത്തവും ലഭിക്കുന്നു. എന്നാൽ ഈ “സേർച്ച് ആൻഡ് റീപ്ലേസ്” മാർഗത്തിലൂടെ ലഭിക്കുന്ന പാഠഭാഗം വായിക്കാൻ എളുപ്പമുള്ളതല്ല. സുഗമമായി വായിക്കാൻ തക്കവിധം ബൈബിൾ വാക്യങ്ങളെ എഡിറ്റു ചെയ്യുന്നതിലും വാക്യഘടനയിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിലും ഗണ്യമായ പ്രവർത്തനം ഉൾപ്പെട്ടിരിക്കുന്നു.
ഈ പരിഭാഷാ രീതി വൻ വിജയം എന്നു തെളിഞ്ഞിരിക്കുന്നു. ഒരു സംഘത്തിന് മുഴു എബ്രായ തിരുവെഴുത്തുകളും വെറും രണ്ടു വർഷം കൊണ്ട് പരിഭാഷപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ സമാനമായ മറ്റൊരു ഭാഷയിലേക്ക്, കമ്പ്യൂട്ടർ സഹായമില്ലാതെ അത് പരിഭാഷപ്പെടുത്തിയ ഒരു സംഘവുമായി ഇതിനെ താരതമ്യം ചെയ്യുക—അവർക്ക് അതിനു 16 വർഷം വേണ്ടിവന്നു. 1989 മുതൽ ഇന്നോളം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ മറ്റു 18 ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. പൂർണമായോ ഭാഗികമായോ പുതിയ ലോക ഭാഷാന്തരം ഇപ്പോൾ 34 ഭാഷകളിൽ ലഭ്യമാണ്. അങ്ങനെ 80 ശതമാനത്തിലധികം യഹോവയുടെ സാക്ഷികൾക്ക് കുറഞ്ഞപക്ഷം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളെങ്കിലും തങ്ങളുടെ മാതൃഭാഷയിലുണ്ട്.
ലോകത്തിലെ 6,500 ഭാഷകളിൽ ബൈബിൾ ഭാഗങ്ങൾ 2,212 ഭാഷകളിലേ ഉള്ളൂ എന്നാണ് യുണൈറ്റഡ് ബൈബിൾ സൊസൈറ്റീസ് റിപ്പോർട്ടു ചെയ്യുന്നത്.c ആയതിനാൽ, 100-ഓളം പരിഭാഷകർ എബ്രായ, ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം യഥാക്രമം 11-ഉം 8-ഉം ഭാഷകളിലേക്ക് വിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ആണ് ദൈവം ഇച്ഛിക്കുന്നത്. (1 തിമൊഥെയൊസ് 2:4) ഇതു ചെയ്യുന്നതിൽ പുതിയ ലോക ഭാഷാന്തരം തുടർന്നും സുപ്രധാന പങ്കു വഹിക്കും എന്നതിൽ സംശയമില്ല.
ആയതിനാൽ, ഈ ഭാഷാന്തരം 10 കോടി പ്രതികൾ എന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. ഇനിയും അനവധി കോടി പ്രതികൾ പുറത്തുവരാൻ ഞങ്ങൾ പ്രാർഥിക്കുകയും ചെയ്യുന്നു. ഈ ഭാഷാന്തരം സ്വയം പരിശോധിച്ചു നോക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. വ്യക്തമായ അച്ചടി, പേജിലെ തലവാചകങ്ങൾ, പരിചയമുള്ള വാക്യങ്ങൾ കണ്ടുപിടിക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു സൂചിക, വിശദമായ ഭൂപടങ്ങൾ, രസകരമായ അനുബന്ധം എന്നിങ്ങനെ അനേകം പ്രത്യേക സവിശേഷതകൾ നിങ്ങൾ ഇഷ്ടപ്പെടും. അതിലും പ്രധാനമായി, ദൈവത്തിന്റെ മൊഴികൾ നിങ്ങളുടെ ഭാഷയിൽ കൃത്യമായി പകർന്നു തന്നിരിക്കുന്നു എന്ന ആത്മവിശ്വാസത്തോടെ നിങ്ങൾക്ക് ഇത് വായിക്കാൻ കഴിയും.
[അടിക്കുറിപ്പുകൾ]
a രസകരമെന്നു പറയട്ടെ, ന്യൂ അമേരിക്കൻ സ്റ്റാൻഡേർഡ് ബൈബിളിന്റെ 1971 റഫറൻസ് പതിപ്പിന്റെ പുറംചട്ട സമാനമായി ഇങ്ങനെ പറയുന്നു: “ശുപാർശകൾക്കോ പരാമർശനങ്ങൾക്കോ വേണ്ടി ഞങ്ങൾ യാതൊരു പണ്ഡിതന്റെയും നാമം ഉപയോഗിച്ചിട്ടില്ല. കാരണം, ദൈവവചനം അതിന്റെ തന്നെ മേന്മകളുടെ പിന്തുണയിൽ നിലകൊള്ളണം എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.”
b വെസ്റ്റ്കോട്ടിനാലും ഹോർട്ടിനാലുമുള്ള മൂല ഗ്രീക്കിലുള്ള പുതിയ നിയമം ആണ് അടിസ്ഥാന ഗ്രീക്ക് പാഠമായി ഉതകിയത്. ആർ. കിറ്റലിന്റെ ബിബ്ലിയ ഹെബ്രായിക്ക ആയിരുന്നു എബ്രായ തിരുവെഴുത്തുകൾക്കുള്ള അടിസ്ഥാനം പാഠം.
c അനേകം ആളുകൾക്കും രണ്ട് ഭാഷകൾ അറിയാവുന്നതുകൊണ്ട് ലോക ജനസംഖ്യയിലെ 90 ശതമാനത്തിലധികം ആളുകൾക്കും വായിക്കാൻ മതിയായ ഭാഷകളിൽ ഭാഗികമായോ പൂർണമായോ ബൈബിൾ പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
[29-ാം പേജിലെ ആകർഷകവാക്യം]
“ബൈബിൾ പരിഭാഷയിലെ അനേകം പ്രശ്നങ്ങളെ ധൈഷണികമായി കൈകാര്യം ചെയ്യാൻ പ്രാപ്തരായ പണ്ഡിതർ ഈ പ്രസ്ഥാനത്തിൽ [യഹോവയുടെ സാക്ഷികളുടെ ഇടയിൽ] ഉണ്ടെന്നുള്ളതിനു തെളിവാണ് പുതിയ നിയമത്തിന്റെ പരിഭാഷ.”—ആൻഡോവർ ന്യൂട്ടൺ ക്വാർട്ടേർളി, ജനുവരി 1963
[30-ാം പേജിലെ ആകർഷകവാക്യം]
“ബൈബിൾപരമായ പാണ്ഡിത്യത്തിന്റെ വളർച്ചയ്ക്കും ഭാഷയ്ക്കു വരുന്ന മാറ്റത്തിനും അനുസൃതമായി പരിഭാഷകളിലും മാറ്റങ്ങൾ ആവശ്യമാണ്”
[31-ാം പേജിലെ ചതുരം/ചിത്രം]
പുതിയ ലോക ഭാഷാന്തരത്തിന് പണ്ഡിതരുടെ പ്രശംസ
ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരത്തെ കുറിച്ച്, ഒരു അമേരിക്കൻ ഭാഷാന്തരം എന്ന പരിഭാഷയിലെ ഗ്രീക്ക് “പുതിയ നിയമ”ത്തിന്റെ പരിഭാഷകനായ എഡ്ഗാർ ജെ. ഗുഡ്സ്പീഡ് 1950 ഡിസംബർ 8-ാം തീയതി എഴുതിയ ഒരു കത്തിൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “നിങ്ങളുടെ ആളുകളുടെ മിഷൻ വേല, അതിന്റെ ആഗോള വ്യാപ്തി എന്നിവയിൽ ഞാൻ തത്പരനാണ്. വളച്ചുകെട്ടില്ലാത്ത, തുറന്ന, വ്യക്തമായ നിങ്ങളുടെ പരിഭാഷ ഞാൻ വളരെയേറെ ഇഷ്ടപ്പെടുന്നു. അങ്ങേയറ്റം ആഴവും കാര്യഗൗരവവുമുള്ള പാണ്ഡിത്യം അതു പ്രതിഫലിപ്പിക്കുന്നു എന്ന് എനിക്കു സാക്ഷ്യപ്പെടുത്താനാകും.”
എബ്രായ-ഗ്രീക്ക് പണ്ഡിതനായ അലക്സാണ്ടർ തോംസൺ ഇങ്ങനെ എഴുതി: “ഗ്രീക്ക് പാഠത്തിന്റെ യഥാർഥ അർഥം ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രകടിപ്പിക്കാനാകുന്നത്ര കൃത്യമായി വെളിച്ചത്തുകൊണ്ടുവരാൻ ഉദ്യമിച്ച വിദഗ്ധരും ബുദ്ധിമാന്മാരുമായ പണ്ഡിതരുടെ പ്രയത്ന ഫലമാണ് ഈ പരിഭാഷ എന്നതു വ്യക്തമാണ്.”—ദി ഡിഫെറൻഷിയേറ്റർ, 1952 ഏപ്രിൽ, പേജുകൾ 52-7.
ഇസ്രായേലിലെ ഒരു എബ്രായ പണ്ഡിതനായ പ്രൊഫസർ ബെൻജമിൻ കേഡർ 1989-ൽ ഇങ്ങനെ പറഞ്ഞു: “എബ്രായ ബൈബിളിനോടും ഭാഷാന്തരങ്ങളോടും ബന്ധപ്പെട്ട എന്റെ ഭാഷാപരമായ ഗവേഷണങ്ങളിൽ ഞാൻ മിക്കപ്പോഴും പുതിയ ലോക ഭാഷാന്തരം എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പതിപ്പ് പരിശോധിക്കുന്നു. അങ്ങനെ ചെയ്യുമ്പോൾ, സാധ്യമാകുന്നിടത്തോളം കൃത്യമായ പാഠഗ്രാഹ്യം നേടാനുള്ള ഒരു സത്യസന്ധമായ ശ്രമത്തെ ഈ കൃതി പ്രതിഫലിപ്പിക്കുന്നുവെന്ന് എനിക്ക് ആവർത്തിച്ചു ബോധ്യപ്പെടുന്നു.”