നിങ്ങൾക്ക് ‘ക്രിസ്തുവിന്റെ മനസ്സ്’ ഉണ്ടോ?
“സഹിഷ്ണുതയും ആശ്വാസവും നൽകുന്ന ദൈവം, ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മാനസിക ഭാവം . . . നിങ്ങൾക്കു നൽകുമാറാകട്ടെ.”—റോമർ 15:5, Nw.
1. മിക്ക ക്രൈസ്തവലോക ചിത്രരചനകളിലും യേശുവിനെ വരച്ചുകാട്ടിയിരിക്കുന്നത് എങ്ങനെ, അത് അവനെ കുറിച്ചുള്ള ശരിയായ ഒരു ചിത്രീകരണം അല്ലാത്തത് എന്തുകൊണ്ട്?
“അവൻ ഒരിക്കൽ പോലും ചിരിച്ചു കണ്ടിട്ടില്ല.” ഒരു പുരാതന റോമൻ ഉദ്യോഗസ്ഥൻ എഴുതിയതെന്നു വ്യാജമായി പറയപ്പെടുന്ന ഒരു ലിഖിതം യേശുവിനെ കുറിച്ച് അങ്ങനെ പറയുന്നു. ഇന്നത്തെ രൂപത്തിൽ, 11-ാം നൂറ്റാണ്ടു മുതൽ അറിയപ്പെടുന്ന ഈ ലിഖിതം അനേകം കലാകാരന്മാരെ സ്വാധീനിച്ചിട്ടുള്ളതായി കരുതപ്പെടുന്നു.a ചിരിച്ചിട്ടുണ്ടെങ്കിൽത്തന്നെ വിരളമായി മാത്രം ചിരിച്ചിട്ടുള്ള, ദുഃഖിതനായ ഒരു വ്യക്തിയായിട്ടാണ് നിരവധി ചിത്രരചനകളിൽ യേശു പ്രത്യക്ഷപ്പെടുന്നത്. എന്നാൽ, ഊഷ്മളതയും അനുകമ്പയും ആഴമായ വികാരങ്ങളും ഉള്ളവനായി സുവിശേഷങ്ങളിൽ വിവരിക്കപ്പെട്ടിരിക്കുന്ന യേശുവിനെ കുറിച്ചുള്ള എത്രയോ വികലമായ ഒരു ചിത്രീകരണമാണ് അത്!
2. “ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മാനസിക ഭാവം” നമുക്ക് എങ്ങനെ വളർത്തിയെടുക്കാൻ കഴിയും, അതു നമ്മെ എന്തിനു സജ്ജരാക്കും?
2 യഥാർഥ യേശുവിനെ അറിയുന്നതിന്, ഭൂമിയിൽ ആയിരുന്നപ്പോൾ അവൻ ഏതു തരത്തിലുള്ള വ്യക്തി ആയിരുന്നു എന്നതിനെ കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനംകൊണ്ട് നാം നമ്മുടെ മനസ്സിനെയും ഹൃദയത്തെയും നിറയ്ക്കേണ്ടതുണ്ട്. അതുകൊണ്ട്, ‘യേശുവിന്റെ മനസ്സിനെ’ കുറിച്ച്, അതായത് അവന്റെ ചിന്തകളെയും വികാരങ്ങളെയും ഗ്രാഹ്യത്തെയും ന്യായവാദങ്ങളെയും കുറിച്ച്, ഉൾക്കാഴ്ച നൽകുന്ന ചില സുവിശേഷ വിവരണങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം. (1 കൊരിന്ത്യർ 2:16) ഒപ്പം, “ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മാനസികഭാവം” നമുക്ക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്നതിനെ കുറിച്ചും നമുക്കു ചിന്തിക്കാം. (റോമർ 15:5, NW) അപ്പോൾ, നമ്മുടെ ജീവിതത്തിലും മറ്റുള്ളവരുമായുള്ള ഇടപെടലിലും അവന്റെ മാതൃക പിൻപറ്റാൻ നാം കൂടുതൽ സജ്ജരായിത്തീരും.—യോഹന്നാൻ 13:15.
മറ്റുള്ളവർക്ക് എളുപ്പം സമീപിക്കാവുന്നവൻ
3, 4. (എ) മർക്കൊസ് 10:13-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണത്തിന്റെ പശ്ചാത്തലം എന്തായിരുന്നു? (ബി) കുട്ടികൾ യേശുവിന്റെ അടുത്തു വരുന്നതു തടയാൻ ശിഷ്യന്മാർ ശ്രമിച്ചപ്പോൾ യേശുവിന്റെ പ്രതികരണം എന്തായിരുന്നു?
3 ആളുകൾ യേശുവിലേക്ക് ആകർഷിക്കപ്പെട്ടു. ഒട്ടനവധി അവസരങ്ങളിൽ വ്യത്യസ്ത പ്രായത്തിലും പശ്ചാത്തലങ്ങളിലും പെട്ട ആളുകൾ അവനെ സ്വതന്ത്രമായി സമീപിച്ചു. മർക്കൊസ് 10:13-16-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവം പരിചിന്തിക്കുക. അവന്റെ ശുശ്രൂഷയുടെ അവസാനത്തോട് അടുത്താണ് അതു സംഭവിച്ചത്. യെരൂശലേമിലേക്കുള്ള യേശുവിന്റെ അവസാന യാത്ര ആയിരുന്നു അത്. അവിടെവെച്ച് അവൻ അത്യന്തം വേദനാജനകമായ ഒരു മരണത്തെ അഭിമുഖീകരിക്കുമായിരുന്നു.—മർക്കൊസ് 10:32-34.
4 ആ രംഗമൊന്നു ഭാവനയിൽ കാണുക. യേശുവിൽ നിന്നുള്ള അനുഗ്രഹത്തിനായി ആളുകൾ തങ്ങളുടെ കുട്ടികളെ, ശിശുക്കളെ പോലും അവന്റെ അടുക്കൽ കൊണ്ടുവരാൻ തുടങ്ങുന്നു.b എന്നാൽ യേശുവിന്റെ അടുത്തു വരുന്നതിൽനിന്ന് കുട്ടികളെ തടയാൻ ശിഷ്യന്മാർ ശ്രമിക്കുന്നു. ഈ നിർണായക ആഴ്ചകളിൽ കുട്ടികൾ തന്നെ ശല്യപ്പെടുത്താൻ യേശു തീർച്ചയായും ആഗ്രഹിക്കുന്നില്ലെന്ന് ശിഷ്യന്മാർ കരുതുന്നു. എന്നാൽ അവർക്കു തെറ്റിപ്പോയിരുന്നു. ശിഷ്യന്മാർ ചെയ്യുന്നതു മനസ്സിലാക്കുമ്പോൾ, യേശുവിന് അത് ഇഷ്ടമാകുന്നില്ല. “ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ, അവരെ തടുക്കരുതു” എന്ന് പറഞ്ഞുകൊണ്ട് യേശു കുട്ടികളെ വിളിക്കുന്നു. (മർക്കൊസ് 10:14) തുടർന്ന് അവൻ തികച്ചും ആർദ്രവും സ്നേഹമസൃണവുമായ ഒരു കാര്യം ചെയ്യുന്നു. വിവരണം ഇങ്ങനെ പറയുന്നു: “അവൻ അവരെ അണെച്ചു അവരുടെ മേൽ കൈ വെച്ചു, അവരെ അനുഗ്രഹിച്ചു.” (മർക്കൊസ് 10:16) യേശു കുട്ടികളെ സ്നേഹപൂർവം കൈകളിൽ എടുക്കവെ വ്യക്തമായും അവർ സന്തോഷഭരിതരാണ്.
5. യേശുവിന്റെ വ്യക്തിത്വത്തെ കുറിച്ച് മർക്കൊസ് 10:13-16-ലെ വിവരണം നമ്മോട് എന്തു പറയുന്നു?
5 ആ ഹ്രസ്വ വിവരണം യേശുവിന്റെ വ്യക്തിത്വത്തെ കുറിച്ച് വളരെ കാര്യങ്ങൾ നമ്മോടു പറയുന്നു. അവൻ മറ്റുള്ളവർക്കു സമീപിക്കാവുന്നവൻ ആയിരുന്നു എന്നതു ശ്രദ്ധിക്കുക. സ്വർഗത്തിൽ അവന് ഉന്നത സ്ഥാനം ഉണ്ടായിരുന്നെങ്കിലും അവൻ അപൂർണ മനുഷ്യരെ ഭയപ്പെടുത്തുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്തില്ല. (യോഹന്നാൻ 17:5) കുട്ടികൾക്കു പോലും അവന്റെ അടുത്ത് വളരെ സ്വാതന്ത്ര്യം തോന്നി എന്നതു ശ്രദ്ധേയമല്ലേ? ഒരിക്കലും ചിരിക്കാത്ത നിർവികാരനും അരസികനുമായ ഒരു വ്യക്തിയിലേക്ക് അവർ തീർച്ചയായും ആകർഷിക്കപ്പെടുമായിരുന്നില്ല! യേശു ഊഷ്മളതയും കരുതലും ഉള്ളവൻ ആണെന്നു മനസ്സിലാക്കിക്കൊണ്ട് പ്രായഭേദമന്യേ ആളുകൾ അവനെ സമീപിച്ചു. അവൻ തങ്ങളെ ഒഴിവാക്കില്ലെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
6. തങ്ങളെ സമീപിക്കാൻ മറ്റുള്ളവർക്കു കൂടുതൽ സ്വാതന്ത്ര്യം തോന്നേണ്ടതിന് മൂപ്പന്മാർക്ക് എന്തു ചെയ്യാൻ കഴിയും?
6 ഈ വിവരണം മനസ്സിൽ പിടിച്ചുകൊണ്ട് നമുക്ക് ഇങ്ങനെ ചോദിക്കാവുന്നതാണ്: ‘എനിക്ക് ക്രിസ്തുവിന്റെ മനസ്സുണ്ടോ? ഞാൻ മറ്റുള്ളവർക്കു സമീപിക്കാവുന്നവനാണോ?’ ഈ ദുർഘട നാളുകളിൽ ദൈവത്തിന്റെ ആടുകൾക്ക്, “കാററിന്നു ഒരു മറവു” പോലെയുള്ള, മറ്റുള്ളവർക്കു സമീപിക്കാവുന്നവരായ ഇടയന്മാരെ ആവശ്യമാണ്. (യെശയ്യാവു 32:1, 2; 2 തിമൊഥെയൊസ് 3:1) മൂപ്പന്മാരേ, നിങ്ങൾ സഹോദരങ്ങളിൽ യഥാർഥവും ഹൃദയംഗമവുമായ താത്പര്യം വളർത്തിയെടുക്കുകയും അവർക്കു വേണ്ടി നിങ്ങളെത്തന്നെ വിട്ടുകൊടുക്കാൻ സന്നദ്ധരാകുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്ക് അവരോടുള്ള താത്പര്യത്തെ അവർ തിരിച്ചറിയും. നിങ്ങളുടെ മുഖഭാവത്തിലും സ്വരത്തിലും ദയാപൂർവകമായ പെരുമാറ്റത്തിലും ഒക്കെ അവർ അതു നിരീക്ഷിക്കും. അത്തരം ആത്മാർഥമായ ഊഷ്മളതയും താത്പര്യവും, കുട്ടികൾ ഉൾപ്പെടെ മറ്റുള്ളവർക്ക് നിങ്ങളെ സ്വതന്ത്രമായി സമീപിക്കാൻ കഴിയുന്ന പരസ്പര വിശ്വാസത്തിന്റേതായ ഒരു അന്തരീക്ഷം ഉളവാക്കും. ഒരു മൂപ്പനോട് തനിക്കു തുറന്നു സംസാരിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടെന്ന് ഒരു സഹോദരി വിശദീകരിക്കുന്നു: “ആർദ്രതയോടും അനുകമ്പയോടും കൂടെയാണ് അദ്ദേഹം എന്നോടു സംസാരിച്ചത്. അല്ലായിരുന്നെങ്കിൽ, ഒരുപക്ഷേ ഞാൻ അദ്ദേഹത്തോട് ഒരു വാക്കു പോലും മിണ്ടുമായിരുന്നില്ല. എനിക്കു സുരക്ഷിതത്വം തോന്നാൻ അദ്ദേഹം ഇടയാക്കി.”
മറ്റുള്ളവരോടു പരിഗണന കാണിക്കുന്നവൻ
7. (എ) മറ്റുള്ളവരോടു പരിഗണനയുള്ളവൻ ആണെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ? (ബി) യേശു ഒരു അന്ധന് കാഴ്ച പടിപടിയായി നൽകിയത് എന്തുകൊണ്ടായിരിക്കാം?
7 യേശു പരിഗണന ഉള്ളവനായിരുന്നു. അവൻ മറ്റുള്ളവരുടെ വികാരങ്ങളെ ശരിക്കും മനസ്സിലാക്കി പ്രവർത്തിക്കുന്നവനും ആയിരുന്നു. ദുരിതം അനുഭവിക്കുന്നവരെ കാണുന്നതുതന്നെ അവനെ ആഴത്തിൽ സ്പർശിച്ചിരുന്നതിനാൽ അവരുടെ യാതനകൾ നീക്കം ചെയ്യാൻ അവൻ പ്രേരിതനായി. (മത്തായി 14:14) അവൻ മറ്റുള്ളവരുടെ പരിമിതികളും ആവശ്യങ്ങളും കണക്കിലെടുക്കുകയും ചെയ്തു. (യോഹന്നാൻ 16:12) ഒരിക്കൽ, ആളുകൾ യേശുവിന്റെ അടുത്ത് ഒരു അന്ധനെ കൊണ്ടുവന്ന് അയാളെ സുഖപ്പെടുത്താൻ അവനോടു യാചിച്ചു. യേശു ആ മനുഷ്യന്റെ കാഴ്ച വീണ്ടെടുത്തു. എന്നാൽ അവൻ അത് ചെയ്തത് പടിപടിയായിട്ടാണ്. ആദ്യം ആളുകളെ അവ്യക്തമായി—“മരങ്ങൾപോലെ, എന്നാൽ നടക്കുന്നതായി”—അവനു കാണാൻ കഴിഞ്ഞു. തുടർന്ന് യേശു അവനു കാഴ്ച പൂർണമായും തിരിച്ചു നൽകി. അവൻ ആ മനുഷ്യനെ പടിപടിയായി സുഖപ്പെടുത്തിയത് എന്തുകൊണ്ടായിരുന്നു? അത്, ദീർഘകാലം അന്ധനായിരുന്ന ആ വ്യക്തി അനേകം വസ്തുക്കളും പ്രകാശവുമുള്ള ഒരു ചുറ്റുപാട് പെട്ടെന്നു കാണുമ്പോഴുണ്ടാകുന്ന ഞെട്ടലിനോടു പൊരുത്തപ്പെടാൻ അയാളെ സഹായിക്കുന്നതിന് ആയിരുന്നിരിക്കണം.—മർക്കൊസ് 8:22-26.
8, 9. (എ) യേശുവും ശിഷ്യന്മാരും ദെക്കപ്പൊലിസ് പ്രദേശത്ത് പ്രവേശിച്ച ഉടൻ എന്തു സംഭവിച്ചു? (ബി) യേശു ഒരു ബധിരനെ സൗഖ്യമാക്കിയ വിധം വിവരിക്കുക.
8 പൊ.യു. 32-ലെ പെസഹായ്ക്കു ശേഷം ഉണ്ടായ ഒരു സംഭവം കൂടി പരിചിന്തിക്കുക. യേശുവും ശിഷ്യന്മാരും ഗലീലാക്കടലിനു കിഴക്കുള്ള ദെക്കപ്പൊലിസ് പ്രദേശത്ത് എത്തി. പെട്ടെന്നുതന്നെ ഒരു വലിയ പുരുഷാരം അവരെ കണ്ടെത്തി. രോഗികളും വികലാംഗരുമായ അനേകരെ അവർ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അവരെയെല്ലാം സുഖപ്പെടുത്തി. (മത്തായി 15:29, 30) രസാവഹമായി, യേശു ഒരു മനുഷ്യനോടു പ്രത്യേക പരിഗണന കാണിച്ചു. ഈ സംഭവം രേഖപ്പെടുത്തുന്ന ഏക സുവിശേഷ എഴുത്തുകാരനായ മർക്കൊസ് എന്താണ് സംഭവിച്ചതെന്നു വിവരിക്കുന്നു.—മർക്കൊസ് 7:31-35.
9 അയാൾ ബധിരനായിരുന്നു. സംസാരിക്കാനും വളരെ ബുദ്ധിമുട്ടായിരുന്നു. അയാളുടെ സങ്കോചമോ ജാള്യമോ യേശു മനസ്സിലാക്കിയിരിക്കണം. അവൻ അപ്പോൾ അൽപ്പം അസാധാരണമായ ഒരു സംഗതി ചെയ്തു. അവൻ ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് അകറ്റി ഒരു സ്വകാര്യ സ്ഥലത്തേക്കു കൊണ്ടുപോയി. എന്നിട്ട്, താൻ എന്താണു ചെയ്യാൻ പോകുന്നതെന്ന് അയാളോടു ചില ആംഗ്യങ്ങളിലൂടെ വിശദീകരിച്ചു. യേശു “അവന്റെ ചെവിയിൽ വിരൽ ഇട്ടു, തുപ്പി അവന്റെ നാവിനെ തൊട്ടു.” (മർക്കൊസ് 7:33) അടുത്തതായി, അവൻ സ്വർഗത്തിലേക്കു നോക്കി നെടുവീർപ്പിട്ടു പ്രാർഥിച്ചു. ഈ നടപടികൾ, ‘താൻ അയാൾക്കു വേണ്ടി ചെയ്യാൻ പോകുന്നത് ദൈവത്തിൽനിന്നുള്ള ശക്തി നിമിത്തമാണെന്ന്’ ആ മനുഷ്യനു വ്യക്തമാക്കി കൊടുക്കുമായിരുന്നു. ഒടുവിൽ യേശു പറഞ്ഞു: “തുറന്നുവരിക.” (മർക്കൊസ് 7:34) അപ്പോൾ ആ മനുഷ്യന്റെ കേൾവി തിരിച്ചുകിട്ടി, അയാൾക്കു സാധാരണഗതിയിൽ സംസാരിക്കാനും കഴിഞ്ഞു.
10, 11. സഭയിലും കുടുംബത്തിലും ഉള്ളവരുടെ വികാരങ്ങളോടു നമുക്ക് എങ്ങനെ പരിഗണന കാണിക്കാവുന്നതാണ്?
10 യേശു മറ്റുള്ളവരോട് എത്രയധികം പരിഗണനയാണു കാണിച്ചത്! അവൻ അവരുടെ വികാരങ്ങളോടു സംവേദകത്വം ഉള്ളവനായിരുന്നു. ഈ അനുകമ്പാപൂർവകമായ പരിഗണന അവരുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ അവനെ സഹായിച്ചു. ക്രിസ്ത്യാനികൾ എന്ന നിലയിൽ നാം ഇക്കാര്യത്തിൽ ക്രിസ്തുവിന്റെ മനസ്സു വളർത്തിയെടുക്കുകയും പ്രകടമാക്കുകയും ചെയ്യേണ്ടതാണ്. ബൈബിൾ നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.” (1 പത്രൊസ് 3:8) അതുകൊണ്ട് നാം തീർച്ചയായും മറ്റുള്ളവരുടെ വികാരങ്ങൾ കണക്കിലെടുത്തു വേണം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ.
11 മറ്റുള്ളവർക്കു മാന്യത കൽപ്പിച്ചുകൊണ്ടും നമ്മോട് ആളുകൾ ഇടപെടാൻ നാം ആഗ്രഹിക്കുന്ന വിധത്തിൽ അവരോട് ഇടപെട്ടുകൊണ്ടും സഭയിൽ നമുക്കു മറ്റുള്ളവരുടെ വികാരങ്ങളോടു പരിഗണന കാണിക്കാൻ കഴിയും. (മത്തായി 7:12) നാം എന്തു പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതും സംബന്ധിച്ച് ശ്രദ്ധാലുക്കൾ ആയിരിക്കുന്നത് അതിൽ ഉൾപ്പെടുന്നു. (കൊലൊസ്സ്യർ 4:6) ‘ചിന്താശൂന്യമായ വാക്കുകൾ വാളുകൊണ്ടു കുത്തുംപോലെ’ ആയിരുന്നേക്കാമെന്ന് ഓർമിക്കുക. (സദൃശവാക്യങ്ങൾ 12:18, NW) കുടുംബത്തിലെ കാര്യമോ? അന്യോന്യം സ്നേഹിക്കുന്ന ഭാര്യാഭർത്താക്കന്മാർ വികാരങ്ങൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കുന്നവരാണ്. (എഫെസ്യർ 5:33) അവർ പരുക്കൻ വാക്കുകളും കടുത്ത വിമർശനവും കുത്തിനോവിക്കുന്ന സംസാരവും ഒഴിവാക്കും. കാരണം അവയെല്ലാം പെട്ടെന്നൊന്നും സുഖപ്പെടുകയില്ലാത്ത വൈകാരിക മുറിവുകൾ ഉളവാക്കിയേക്കാം. കുട്ടികൾക്കും വികാരങ്ങൾ ഉണ്ട്. സ്നേഹമുള്ള മാതാപിതാക്കൾ അതു കണക്കിലെടുക്കുന്നു. തിരുത്തൽ നൽകേണ്ടതുള്ളപ്പോൾ, അത്തരം മാതാപിതാക്കൾ കുട്ടികളുടെ മാന്യതയെ ആദരിക്കുന്ന വിധത്തിലും അവരെ അകാരണമായി നാണം കെടുത്താത്ത രീതിയിലും ആയിരിക്കും അതു ചെയ്യുക.c (കൊലൊസ്സ്യർ 3:21) നാം അങ്ങനെ മറ്റുള്ളവരോടു പരിഗണന കാട്ടുമ്പോൾ നമുക്കു ക്രിസ്തുവിന്റെ മനസ്സ് ഉണ്ടെന്നു പ്രകടമാക്കുകയാണു ചെയ്യുന്നത്.
കാര്യങ്ങൾ മറ്റുള്ളവരെ ഭരമേൽപ്പിക്കാനുള്ള മനസ്സൊരുക്കം
12. യേശുവിന് ശിഷ്യന്മാരെ കുറിച്ച് സന്തുലിതവും വസ്തുനിഷ്ഠവുമായ എന്തു വീക്ഷണമാണ് ഉണ്ടായിരുന്നത്?
12 യേശുവിന് തന്റെ ശിഷ്യന്മാരെ കുറിച്ച് സന്തുലിതവും വസ്തുനിഷ്ഠവുമായ ഒരു വീക്ഷണം ഉണ്ടായിരുന്നു. അവർ പൂർണരല്ലെന്ന് അവനു നന്നായി അറിയാമായിരുന്നു. അവനു മനുഷ്യരുടെ ഹൃദയം വായിക്കാൻ കഴിയുമായിരുന്നല്ലോ. (യോഹന്നാൻ 2:24, 25) എന്നിട്ടും അവൻ അവരെ വീക്ഷിച്ചത് അവരുടെ അപൂർണതകളുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. മറിച്ച് അവരുടെ നല്ല ഗുണങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു. യഹോവ ആകർഷിച്ച ഈ പുരുഷന്മാരിൽ ഒളിഞ്ഞിരുന്ന പ്രാപ്തികളും ഗുണങ്ങളും അവൻ തിരിച്ചറിഞ്ഞു. (യോഹന്നാൻ 6:44) ശിഷ്യന്മാരെ കുറിച്ചുള്ള യേശുവിന്റെ ക്രിയാത്മക വീക്ഷണം അവൻ അവരോട് ഇടപെട്ട വിധത്തിൽനിന്നു വ്യക്തമാണ്. കാര്യങ്ങൾ അവരെ ഭരമേൽപ്പിക്കാൻ അവൻ മനസ്സൊരുക്കം കാട്ടി എന്നതാണ് ഒരു സംഗതി.
13. ശിഷ്യന്മാരെ കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള മനസ്സൊരുക്കം യേശു പ്രകടമാക്കിയത് എങ്ങനെ?
13 യേശു ആ മനസ്സൊരുക്കം പ്രകടമാക്കിയത് എങ്ങനെ? അവൻ ഭൂമിയിൽനിന്നു പോയപ്പോൾ തന്റെ അഭിഷിക്ത ശിഷ്യന്മാരെ ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിച്ചു. ലോകവ്യാപകമായി രാജ്യ താത്പര്യങ്ങൾ നിറവേറ്റുകയെന്ന ഉത്തരവാദിത്വം അവൻ അവർക്കു നൽകി. (മത്തായി 25:14, 15; ലൂക്കൊസ് 12:42-44) തന്റെ ശുശ്രൂഷാ കാലത്ത് കാര്യങ്ങൾ അവരെ ഭരമേൽപ്പിക്കാനുള്ള മനസ്സൊരുക്കം അവൻ ചെറുതും പരോക്ഷവുമായ വിധങ്ങളിൽ പ്രകടമാക്കി. പുരുഷാരത്തെ പോറ്റാനായി അവൻ അത്ഭുതകരമായി ആഹാരം വർധിപ്പിച്ചപ്പോൾ, അതു വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം അവൻ ശിഷ്യന്മാരെ ഏൽപ്പിച്ചു.—മത്തായി 14:15-21; 15:32-37.
14. മർക്കൊസ് 4:35-41-ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണം ചുരുക്കിപ്പറയുക.
14 മർക്കൊസ് 4:35-41-ലെ വിവരണവും പരിചിന്തിക്കുക. ആ അവസരത്തിൽ യേശുവും ശിഷ്യന്മാരും ഒരു പടകിൽ കയറി ഗലീലാക്കടലിന് കുറുകെ കിഴക്കോട്ടു യാത്രയായി. അവർ യാത്ര തുടങ്ങി അധികം താമസിയാതെ യേശു പടകിന്റെ പിന്നിൽ കിടന്ന് ഗാഢ നിദ്രയിലായി. എന്നാൽ ഉടൻതന്നെ ഒരു “വലിയ ചുഴലിക്കാററു ഉണ്ടായി.” ഗലീലാക്കടലിൽ അത്തരം കൊടുങ്കാറ്റുകൾ അസാധാരണം ആയിരുന്നില്ല. സമുദ്രനിരപ്പിൽനിന്നു താഴ്ന്നു കിടക്കുന്ന (ഏകദേശം 200 മീറ്റർ) ഇവിടെ ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് വായു ചൂടു കൂടിയതാണ്. അത് അന്തരീക്ഷത്തിൽ പ്രക്ഷുബ്ധതകൾ സൃഷ്ടിക്കുന്നു. അതിനുപുറമേ, വടക്കുള്ള ഹെർമോൻ പർവതത്തിൽനിന്ന് യോർദാൻ താഴ്വരയിലേക്കു ശക്തമായ കാറ്റ് അടിച്ചിരുന്നു. ഒരു നിമിഷം അന്തരീക്ഷം ശാന്തമാണെങ്കിൽ അടുത്ത നിമിഷം ഉഗ്രമായ കൊടുങ്കാറ്റ് ആഞ്ഞടിക്കാമായിരുന്നു. ഇതേക്കുറിച്ചു ചിന്തിക്കുക: ഗലീലയിൽ വളർന്നവനെന്ന നിലയിൽ, ആ പ്രദേശത്ത് സാധാരണമായുള്ള ഈ കൊടുങ്കാറ്റുകളെ കുറിച്ച് യേശുവിന് നിശ്ചയമായും അറിയാമായിരുന്നു. എന്നിട്ടും, ശിഷ്യന്മാരുടെ—അവരിൽ ചിലർ മീൻപിടുത്തക്കാരായിരുന്നു—പ്രാപ്തിയിൽ വിശ്വാസമർപ്പിച്ച് യേശു സമാധാനത്തോടെ കിടന്നുറങ്ങി.—മത്തായി 4:18, 19.
15. ശിഷ്യന്മാരെ കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കത്തെ നമുക്ക് എങ്ങനെ അനുകരിക്കാനാകും?
15 തന്റെ ശിഷ്യന്മാരെ കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കത്തെ നമുക്ക് അനുകരിക്കാൻ കഴിയുമോ? ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിക്കാൻ ചിലർക്കു വളരെ മടിയാണ്. കടിഞ്ഞാൺ എല്ലായ്പോഴും തങ്ങളുടെ കൈയിൽ ആയിരിക്കണമെന്നാണ് അവരുടെ ആഗ്രഹം. ‘കാര്യങ്ങൾ ശരിയാകണമെങ്കിൽ അതു തങ്ങൾ തന്നെ ചെയ്യണം’ എന്നാണ് അവരുടെ വിചാരം. എന്നാൽ എല്ലാ കാര്യങ്ങളും നാം തന്നെ ചെയ്താൽ, നാം ആകെ തളർന്നു പോകാൻ ഇടയുണ്ട്. കുടുംബത്തിൽനിന്ന് അനാവശ്യമായി വളരെയേറെ സമയം അകന്നു നിൽക്കേണ്ടതായും വന്നേക്കാം. മാത്രമല്ല, നാം മറ്റുള്ളവർക്ക് ഉചിതമായ ജോലികളും ഉത്തരവാദിത്വങ്ങളും ഏൽപ്പിച്ചു കൊടുക്കുന്നില്ലെങ്കിൽ, ആവശ്യമായ അനുഭവജ്ഞാനവും പരിശീലനവും നേടാനുള്ള അവസരം നാം അവർക്കു നിഷേധിക്കുക ആയിരിക്കും ചെയ്യുന്നത്. കാര്യങ്ങൾ മറ്റുള്ളവരെ ഭരമേൽപ്പിച്ചുകൊണ്ട് അവരെ വിശ്വസിക്കാൻ പഠിക്കുന്നതു ജ്ഞാനമായിരിക്കും. ‘ഇക്കാര്യത്തിൽ എനിക്കു ക്രിസ്തുവിന്റെ മനസ്സുണ്ടോ? തങ്ങളുടെ പരമാവധി ചെയ്യാൻ മറ്റുള്ളവർ ശ്രമിക്കുമെന്ന ബോധ്യത്തോടെ അവർക്കു ചില ജോലികൾ ഏൽപ്പിച്ചു കൊടുക്കാൻ ഞാൻ മനസ്സൊരുക്കം ഉള്ളവനാണോ?’ എന്നിങ്ങനെ നമ്മോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും.
അവൻ ശിഷ്യന്മാരിൽ വിശ്വാസം പ്രകടമാക്കി
16, 17. തന്റെ ഭൗമിക ജീവിതത്തിലെ അവസാന രാത്രിയിൽ, ശിഷ്യന്മാർ തന്നെ ഉപേക്ഷിക്കുമെന്ന് അറിഞ്ഞിട്ടും യേശു അവർക്ക് എന്ത് ഉറപ്പു നൽകി?
16 മറ്റൊരു പ്രധാന വിധത്തിലും യേശു ശിഷ്യന്മാരെ കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം പ്രകടമാക്കി. തനിക്ക് അവരിൽ വിശ്വാസം ഉണ്ടെന്ന് അവർ അറിയാൻ അവൻ ഇടയാക്കി. തന്റെ ഭൗമിക ജീവിതത്തിലെ അവസാന രാത്രിയിൽ അവൻ അവരോടു പറഞ്ഞ ധൈര്യപ്പെടുത്തുന്ന വാക്കുകളിൽനിന്ന് ഇതു വളരെ വ്യക്തമാണ്. എന്താണ് സംഭവിച്ചതെന്നു നോക്കുക.
17 യേശുവിനെ സംബന്ധിച്ചിടത്തോളം തിരക്കേറിയ ഒരു രാത്രിയായിരുന്നു അത്. അപ്പൊസ്തലന്മാരുടെ പാദങ്ങൾ കഴുകിക്കൊണ്ട് താഴ്മ സംബന്ധിച്ചു പ്രായോഗികമായ ഒരു പാഠം അവൻ അവരെ പഠിപ്പിച്ചു. തുടർന്ന് അവൻ തന്റെ മരണത്തിന്റെ സ്മാരകമായി വർത്തിക്കുമായിരുന്ന സന്ധ്യാഭക്ഷണം ഏർപ്പെടുത്തി. അതിനുശേഷം, തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതു സംബന്ധിച്ച് അപ്പൊസ്തലന്മാരുടെ ഇടയിൽ വീണ്ടും ചൂടുപിടിച്ച ഒരു തർക്കമുണ്ടായി. അത്യധികം ക്ഷമ പ്രകടമാക്കിയ യേശു അവരെ ശകാരിച്ചില്ല, പകരം, അവരുമായി ന്യായവാദം ചെയ്തു. ഉടൻതന്നെ എന്താണു സംഭവിക്കാൻ പോകുന്നതെന്ന് യേശു അവരോടു പറഞ്ഞു: “ഈ രാത്രിയിൽ നിങ്ങൾ എല്ലാവരും എങ്കൽ ഇടറും; ഞാൻ ഇടയനെ വെട്ടും; കൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും എന്നു എഴുതിയിരിക്കുന്നുവല്ലോ.” (മത്തായി 26:31; സെഖര്യാവു 13:7) ആപത്തുകാലത്ത് തന്റെ ഏറ്റവും അടുത്ത സഹകാരികൾ തന്നെ ഉപേക്ഷിക്കുമെന്ന് അവന് അറിയാമായിരുന്നു. എന്നിട്ടും അവൻ അവരെ കുറ്റം വിധിച്ചില്ല. നേരെ മറിച്ച്, അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “എന്നാൽ ഞാൻ ഉയിർത്തെഴുന്നേററശേഷം നിങ്ങൾക്കു മുമ്പായി ഗലീലെക്കു പോകും.” (മത്തായി 26:32) അതേ, ശിഷ്യന്മാർ തന്നെ ഉപേക്ഷിക്കുമെങ്കിലും താൻ അവരെ ഉപേക്ഷിക്കില്ലെന്ന് അവൻ അവർക്ക് ഉറപ്പു നൽകി. ആ കഠോര പരിശോധന കഴിഞ്ഞാൽ അവൻ വീണ്ടും അവരെ സന്ദർശിക്കുമായിരുന്നു.
18. ഗലീലയിൽ വെച്ച് യേശു ശിഷ്യന്മാർക്ക് ഏതു സുപ്രധാന നിയമനം നൽകി, അപ്പൊസ്തലന്മാർ അതു നിർവഹിച്ചത് എങ്ങനെ?
18 യേശു വാക്കു പാലിച്ചു. പിന്നീട്, പുനരുത്ഥാനം പ്രാപിച്ച യേശു ഗലീലയിൽ വെച്ച് 11 വിശ്വസ്ത അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനായി. തെളിവനുസരിച്ച് അവരോടൊപ്പം മറ്റ് അനേകരും ഉണ്ടായിരുന്നു. (മത്തായി 28:16, 17; 1 കൊരിന്ത്യർ 15:6) അവിടെവെച്ച് യേശു ഒരു സുപ്രധാന നിയമനം അവർക്കു നൽകി: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) അപ്പൊസ്തലന്മാർ ആ നിയമനം നിറവേറ്റിയെന്ന് പ്രവൃത്തികളുടെ പുസ്തകം വ്യക്തമാക്കുന്നു. അവർ ഒന്നാം നൂറ്റാണ്ടിൽ സുവാർത്ത പ്രസംഗ വേലയ്ക്ക് വിശ്വസ്തമായ നേതൃത്വം നൽകി.—പ്രവൃത്തികൾ 2:41, 42; 4:33; 5:27-32.
19. പുനരുത്ഥാന ശേഷമുള്ള യേശുവിന്റെ പ്രവൃത്തികൾ ക്രിസ്തുവിന്റെ മനസ്സിനെ കുറിച്ചു നമ്മെ എന്തു പഠിപ്പിക്കുന്നു?
19 ഉൾക്കാഴ്ച പ്രദാനം ചെയ്യുന്ന ഈ വിവരണം ക്രിസ്തുവിന്റെ മനസ്സിനെ കുറിച്ചു നമ്മെ എന്താണു പഠിപ്പിക്കുന്നത്? തന്റെ അപ്പൊസ്തലന്മാരുടെ ഏറ്റവും മോശമായ സ്വഭാവങ്ങൾ പോലും യേശുവിന് അറിയാമായിരുന്നു, എന്നിട്ടും അവൻ “അവസാനത്തോളം അവരെ സ്നേഹിച്ചു.” (യോഹന്നാൻ 13:1) അവർക്കു കുറവുകൾ ഉണ്ടായിരുന്നെങ്കിലും, താൻ അവരെ വിശ്വസിക്കുന്നു എന്ന് അവൻ അവർക്കു വ്യക്തമാക്കിക്കൊടുത്തു. യേശു അവരിൽ അർപ്പിച്ച വിശ്വാസം അസ്ഥാനത്ത് ആയിരുന്നില്ല എന്നതു ശ്രദ്ധിക്കുക. അവൻ തങ്ങളോടു കൽപ്പിച്ച വേല നിർവഹിക്കുന്നതിന് ദൃഢനിശ്ചയമുള്ളവർ ആയിരിക്കാൻ അത് അവരെ ശക്തിപ്പെടുത്തി എന്നതിനു തെല്ലും സംശയമില്ല.
20, 21. നമ്മുടെ സഹവിശ്വാസികളെ കുറിച്ച് നമുക്ക് എങ്ങനെ ഒരു ക്രിയാത്മക വീക്ഷണം പ്രകടമാക്കാനാകും?
20 ഈ സംഗതിയിൽ നമുക്ക് എങ്ങനെയാണു ക്രിസ്തുവിന്റെ മനസ്സ് പ്രകടമാക്കാൻ കഴിയുന്നത്? സഹവിശ്വാസികളെ കുറിച്ചു നാം മോശമായി ചിന്തിക്കരുത്. അവരെ കുറിച്ചു മോശമായ വിധത്തിലാണു നാം ചിന്തിക്കുന്നതെങ്കിൽ അതു നമ്മുടെ വാക്കിലും പ്രവൃത്തിയിലും പ്രകടമായേക്കാം. (ലൂക്കൊസ് 6:45) എന്നാൽ സ്നേഹം “എല്ലാം വിശ്വസിക്കുന്നു” എന്ന് ബൈബിൾ നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 13:7) സ്നേഹം ക്രിയാത്മകമാണ്, നിഷേധാത്മകമല്ല. ഇടിച്ചു കളയുന്നതിനു പകരം അതു കെട്ടുപണി ചെയ്യുന്നു. ഭീഷണിപ്പെടുത്തുമ്പോഴല്ല, മറിച്ച് സ്നേഹവും പ്രോത്സാഹനവും നൽകുമ്പോഴാണ് ആളുകൾ എളുപ്പം പ്രതികരിക്കുന്നത്. മറ്റുള്ളവരിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ടു നമുക്ക് അവരെ കെട്ടുപണി ചെയ്യാനും പ്രോത്സാഹിപ്പിക്കാനും സാധിക്കും. (1 തെസ്സലൊനീക്യർ 5:11) ക്രിസ്തുവിനെ പോലെ നമുക്കു സഹോദരങ്ങളെ കുറിച്ച് ഒരു ക്രിയാത്മക വീക്ഷണം ഉണ്ടെങ്കിൽ, അവരെ കെട്ടുപണി ചെയ്യുകയും അവരുടെ നല്ല ഗുണങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാൻ കഴിയുന്ന വിധത്തിൽ നാം അവരോട് ഇടപെടും.
21 ക്രിസ്തുവിന്റെ മനസ്സ് നട്ടുവളർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിൽ യേശുവിന്റെ ചില പ്രവൃത്തികൾ കേവലം അനുകരിക്കുന്നതിലും അധികം കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, നാം വാസ്തവമായും ക്രിസ്തുവിനെ പോലെ പ്രവർത്തിക്കണമെങ്കിൽ ആദ്യംതന്നെ നാം കാര്യങ്ങളെ അവൻ വീക്ഷിച്ച വിധത്തിൽ വീക്ഷിക്കാൻ പഠിക്കണം. അവന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു വശം, അതായത് തന്റെ നിയമിത വേലയെ കുറിച്ചുള്ള അവന്റെ ചിന്തയും വികാരങ്ങളും, മനസ്സിലാക്കാൻ സുവിശേഷങ്ങൾ നമ്മെ സഹായിക്കുന്നു. അടുത്ത ലേഖനത്തിൽ നാം ആ വശത്തെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്.
[അടിക്കുറിപ്പുകൾ]
a പ്രസ്തുത ലിഖിതത്തിൽ ആ കപട എഴുത്തുകാരൻ, യേശുവിന്റെ തലമുടിയുടെയും ദീക്ഷയുടെയും കണ്ണുകളുടെയും നിറം ഉൾപ്പെടെ, അവന്റെ ആകാരത്തെ വർണിക്കുന്നു. “ഈ കപട ലിഖിതം യേശുവിന്റെ ആകാരത്തെ കുറിച്ചുള്ള ചിത്രകാരന്മാരുടെ ഗൈഡുപുസ്തകത്തിലെ വിവരണത്തിന് പ്രചാരം നൽകാൻ തയ്യാറാക്കിയത്” ആണെന്ന് ബൈബിൾ വിവർത്തകനായ എഡ്ഗാർ ജെ. ഗുഡ്സ്പീഡ് വിശദീകരിക്കുന്നു.
b കുട്ടികൾ വ്യത്യസ്ത പ്രായത്തിലുള്ളവർ ആയിരുന്നെന്നു വ്യക്തമാണ്. ഇവിടെ ‘ശിശുക്കൾ’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന അതേ പദമാണ് യായീറോസിന്റെ 12 വയസ്സുള്ള പുത്രിയെ പരാമർശിക്കാനും ഉപയോഗിച്ചിരിക്കുന്നത്. (മർക്കൊസ് 5:39, 42; 10:13) എന്നാൽ, സമാന്തര വിവരണത്തിൽ ലൂക്കൊസ് ശിശുക്കളെയും സൂചിപ്പിക്കാവുന്ന ഒരു പദമാണ് ഉപയോഗിക്കുന്നത്.—ലൂക്കൊസ് 1:41; 2:12; 18:15.
c 1998 ഏപ്രിൽ 1 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങൾ അവരുടെ മാന്യതയെ ആദരിക്കുന്നുവോ?” എന്ന ലേഖനം കാണുക.
നിങ്ങൾക്കു വിശദീകരിക്കാമോ?
• കുട്ടികൾ യേശുവിന്റെ അടുത്തു വരുന്നതു തടയാൻ ശിഷ്യന്മാർ ശ്രമിച്ചപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു?
• ഏതു വിധത്തിലാണ് യേശു മറ്റുള്ളവരോടു പരിഗണന കാട്ടിയത്?
• ശിഷ്യന്മാരെ കാര്യങ്ങൾ ഭരമേൽപ്പിക്കാനുള്ള യേശുവിന്റെ മനസ്സൊരുക്കത്തെ നമുക്ക് എങ്ങനെ അനുകരിക്കാനാകും?
• അപ്പൊസ്തലന്മാരിലുള്ള യേശുവിന്റെ വിശ്വാസത്തെ നമുക്ക് എങ്ങനെ അനുകരിക്കാം?
[16-ാം പേജിലെ ചിത്രം]
കുട്ടികൾ യേശുവിന്റെ അടുത്ത് സ്വാതന്ത്ര്യത്തോടെ പെരുമാറി
[17-ാം പേജിലെ ചിത്രം]
യേശു മറ്റുള്ളവരോട് അനുകമ്പാപൂർവം ഇടപെട്ടു
[18-ാം പേജിലെ ചിത്രം]
മറ്റുള്ളവർക്കു സമീപിക്കാൻ കഴിയുന്നവരായ മൂപ്പന്മാർ ഒരു അനുഗ്രഹമാണ്