ദൈവരാജ്യം ചെയ്യാൻ പോകുന്ന കാര്യങ്ങൾ
“നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.”—മത്തായി 6:10.
1. ദൈവരാജ്യത്തിന്റെ ആഗമനത്തോടെ എന്തു സംഭവിക്കും?
ദൈവരാജ്യത്തിനായി പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ, ദൈവത്തിൽനിന്ന് അന്യപ്പെട്ട ആയിരക്കണക്കിനു വർഷത്തെ മനുഷ്യഭരണത്തിന് അത് അറുതി വരുത്തുമെന്ന് അവന് അറിയാമായിരുന്നു. ഇക്കാലമെല്ലാം പൊതുവെ ദൈവേഷ്ടം ഭൂമിയിൽ ചെയ്യപ്പെടുന്നില്ലായിരുന്നു. (സങ്കീർത്തനം 147:19, 20) എന്നാൽ സ്വർഗത്തിൽ രാജ്യം സ്ഥാപിതമായ ശേഷം, എല്ലായിടത്തും ദൈവേഷ്ടം ചെയ്യപ്പെടേണ്ടതാണ്. മനുഷ്യഭരണത്തിൽനിന്ന് ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ ഭരണത്തിലേക്കുള്ള വിസ്മയാവഹമായ മാറ്റത്തിനുള്ള സമയം വളരെ അടുത്തുവരികയാണ്.
2. മനുഷ്യഭരണത്തിൽനിന്ന് ദൈവരാജ്യ ഭരണത്തിലേക്കുള്ള മാറ്റത്തിനു തുടക്കം കുറിക്കുന്നത് എന്തായിരിക്കും?
2 “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതും ആയ വലിയ കഷ്ടം” എന്ന് യേശു വിളിച്ച ആ കാലഘട്ടം ആയിരിക്കും പ്രസ്തുത മാറ്റത്തിനു തുടക്കം കുറിക്കുക. (മത്തായി 24:21) ആ കാലഘട്ടം എത്ര ദൈർഘ്യമുള്ളതായിരിക്കും എന്നു ബൈബിൾ പറയുന്നില്ല. എന്നാൽ ആ കാലത്തു സംഭവിക്കാനിരിക്കുന്ന അനർഥങ്ങൾ ലോകത്തിൽ മുമ്പുണ്ടായിട്ടുള്ള ഏതു ദുരന്തത്തെക്കാളും മോശമായിരിക്കും. മഹോപദ്രവത്തിന്റെ തുടക്കത്തിൽ ഭൂമിയിലുള്ള മിക്കവർക്കും ഭയങ്കരമായ ഞെട്ടലുളവാക്കുന്ന ഒന്നു സംഭവിക്കും: സകല വ്യാജ മതങ്ങളുടെയും നാശം. എന്നാൽ അത് യഹോവയുടെ സാക്ഷികൾക്കു യാതൊരു ഞെട്ടലും ഉളവാക്കുകയില്ല. കാരണം, അവർ ദീർഘകാലമായി അതു പ്രതീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. (വെളിപ്പാടു 17:1, 15-17; വെളിപ്പാടു 18:1-24) ദൈവരാജ്യം മുഴു സാത്താന്യ വ്യവസ്ഥിതിയെയും തകർത്തുതരിപ്പണമാക്കുന്ന അർമഗെദോനിൽ മഹോപദ്രവം പര്യവസാനിക്കും.—ദാനീയേൽ 2:44; വെളിപ്പാടു 16:14, 16.
3. അനുസരണം കെട്ടവർക്ക് എന്തു സംഭവിക്കുമെന്നാണ് യിരെമ്യാവ് വിവരിക്കുന്നത്?
3 “ദൈവത്തെ അറിയാത്തവർക്കും” അവൻ ക്രിസ്തുവിന്റെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്ന സ്വർഗീയ രാജ്യത്തിന്റെ “സുവിശേഷം അനുസരിക്കാത്തവർക്കും” ഇത് എന്ത് അർഥമാക്കും? (2 തെസ്സലൊനീക്യർ 1:6-9) ബൈബിൾ പ്രവചനം നമ്മോട് ഇപ്രകാരം പറയുന്നു: “അനർത്ഥം ജാതിയിൽനിന്നു ജാതിയിലേക്കു പുറപ്പെടുന്നു; ഭൂമിയുടെ അററങ്ങളിൽനിന്നു വലിയ കൊടുങ്കാററു ഇളകിവരും. അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരററം മുതൽ മറെറ അററം വരെ വീണുകിടക്കും; അവരെക്കുറിച്ചു ആരും വിലപിക്കയില്ല; അവരെ എടുത്തു കുഴിച്ചിടുകയില്ല; അവർ നിലത്തിന്നു വളമായിത്തീരും.”—യിരെമ്യാവു 25:32, 33.
ദുഷ്ടതയുടെ അവസാനം
4. ഈ ദുഷ്ട വ്യവസ്ഥിതിയെ അവസാനിപ്പിക്കുന്നതിൽ യഹോവ നീതീകരിക്കപ്പെടുന്നത് എന്തുകൊണ്ട്?
4 ആയിരക്കണക്കിനു വർഷങ്ങളായി, മനുഷ്യഭരണം വിപത്കരമാണെന്ന് കാണാൻ ആത്മാർഥഹൃദയരെ സഹായിക്കുന്ന അളവോളം, യഹോവ ദുഷ്ടത സഹിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിൽ മാത്രം 15 കോടിയിലധികം ആളുകൾ യുദ്ധങ്ങളിലും വിപ്ലവങ്ങളിലും ആഭ്യന്തര കലാപങ്ങളിലുമായി കൊല്ലപ്പെട്ടിട്ടുണ്ട് എന്ന് ഒരു ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. 5 കോടി ആളുകൾ കൊല്ലപ്പെട്ട രണ്ടാം ലോകമഹായുദ്ധ കാലത്ത് മനുഷ്യന്റെ കൊടിയ ദുഷ്ടത വ്യക്തമായി പ്രകടമാക്കപ്പെട്ടു. അക്കാലത്ത് നിരവധി ആളുകൾ നാസി തടങ്കൽപ്പാളയങ്ങളിൽ കിടന്ന് അതിദാരുണമായി മരിച്ചു. ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ, നമ്മുടെ കാലത്ത് ‘ദുഷ്ടമനുഷ്യരും മായാവികളും മേല്ക്കുമേൽ ദോഷത്തിൽ മുതിർന്നുവന്നിരിക്കുന്നു.’ (2 തിമൊഥെയൊസ് 3:1-5, 13, 14) ഇക്കാലത്ത് അധാർമികതയും കുറ്റകൃത്യവും അക്രമവും അഴിമതിയും ദൈവിക നിലവാരങ്ങളോടുള്ള പുച്ഛവും സർവത്ര കാണാം. അതിനാൽ, ഈ ദുഷ്ട വ്യവസ്ഥിതിയെ നശിപ്പിക്കുന്നതിൽ യഹോവ പൂർണമായും നീതീകരിക്കപ്പെടുന്നു.
5, 6. പുരാതന കനാനിൽ നിലനിന്നിരുന്ന ദുഷ്ടത വിവരിക്കുക.
5 ഏകദേശം 3,500 വർഷം മുമ്പ് കനാനിൽ നിലവിലിരുന്ന സ്ഥിതിവിശേഷത്തിനു സമാനമാണ് ഇപ്പോഴത്തെ അവസ്ഥ. ബൈബിൾ ഇങ്ങനെ പറയുന്നു: “യഹോവ വെറുക്കുന്ന സകലമ്ലേച്ഛതയും അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവർ തങ്ങളുടെ ദേവന്മാർക്കു അഗ്നിപ്രവേശം ചെയ്യിച്ചു.” (ആവർത്തനപുസ്തകം 12:31) ഇസ്രായേൽ ജനതയോട് യഹോവ ഇങ്ങനെ പറഞ്ഞു: ‘ആ ജാതിയുടെ ദുഷ്ടത നിമിത്തമത്രേ നിന്റെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളയുന്നത്.’ (ആവർത്തനപുസ്തകം 9:5) ബൈബിൾ ചരിത്രകാരനായ ഹെൻട്രി എച്ച്. ഹാലി ഇപ്രകാരം അഭിപ്രായപ്പെട്ടു: “ബാലിന്റെയും അസ്തോരെത്തിന്റെയും മറ്റു കനാന്യ ദൈവങ്ങളുടെയും ആരാധന അങ്ങേയറ്റം നികൃഷ്ടമായ മദിരോത്സവങ്ങൾ ഉൾപ്പെട്ടതായിരുന്നു; അവരുടെ ക്ഷേത്രങ്ങൾ തിന്മയുടെ കേന്ദ്രങ്ങൾ ആയിരുന്നു.”
6 അവരുടെ ദുഷ്ടത എത്ര കടുത്തതായിത്തീർന്നു എന്ന് ഹാലി പ്രകടമാക്കി. കാരണം അത്തരം പല പ്രദേശങ്ങളിലും പുരാവസ്തുശാസ്ത്രജ്ഞർ “ബാലിനു ബലി ചെയ്യപ്പെട്ട കുട്ടികളുടെ ശരീരാവശിഷ്ടങ്ങൾ അടങ്ങിയ നിരവധി ഭരണികൾ കണ്ടെടുക്കുകയുണ്ടായി.” ഹാലി ഇപ്രകാരം പറഞ്ഞു: “ആ മുഴു പ്രദേശവും നവജാത ശിശുക്കളുടെ ശ്മശാനംപോലെ ആയിത്തീർന്നു. . . . മതപരമായ ഒരു ചടങ്ങ് എന്ന നിലയിൽ തങ്ങളുടെ ദേവന്മാരുടെ മുമ്പാകെ അധാർമികതയിൽ ആറാടിക്കൊണ്ടാണ് കനാന്യർ ആരാധന നടത്തിയിരുന്നത്; എന്നിട്ട് അതേ ദേവന്മാർക്കുള്ള യാഗമെന്ന നിലയിൽ തങ്ങളുടെ ആദ്യജാതരായ കുട്ടികളെ അവർ കൊലപ്പെടുത്തിയിരുന്നു. വലിയൊരളവിൽ, സോദോമും ഗൊമോറയും പോലെ കനാൻദേശവും ദേശീയമായി അധഃപതിച്ചുപോയതായി തോന്നുന്നു. . . . മ്ലേച്ഛമായ അത്തരം അശുദ്ധിയും ക്രൂരതയും നടമാടിയിരുന്ന ഒരു സംസ്കാരത്തിന് തുടർന്നു നിലനിൽക്കാൻ എന്തെങ്കിലും അവകാശം ഉണ്ടായിരുന്നോ? . . . ദൈവം നേരത്തേതന്നെ ആ കനാന്യ നഗരങ്ങളെ നശിപ്പിക്കാഞ്ഞത് എന്തുകൊണ്ടെന്ന് അവിടെ കുഴിച്ചെടുക്കലുകൾ നടത്തുന്ന പുരാവസ്തുഗവേഷകർ അമ്പരക്കുന്നു.”
ഭൂമിയെ അവകാശമാക്കൽ
7, 8. ദൈവം എങ്ങനെയാണ് ഭൂമിയെ ശുദ്ധീകരിക്കുന്നത്?
7 കനാൻദേശത്തെ ശുദ്ധീകരിച്ചതുപോലെ, ദൈവം താമസിയാതെ മുഴു ഭൂമിയെയും ശുദ്ധീകരിച്ച് തന്റെ ഹിതം ചെയ്യുന്നവർക്ക് അതു നൽകും. “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:21, 22) മാത്രമല്ല, സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; . . . എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.” (സങ്കീർത്തനം 37:10, 11) കൂടാതെ സാത്താൻ പ്രവർത്തനരഹിതൻ ആക്കപ്പെടും. “ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ” വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. (വെളിപ്പാടു 20:1-3) അതേ, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.
8 ഭൂമിയിൽ എന്നേക്കും ജീവിക്കാൻ ആഗ്രഹിക്കുന്നവരുടെ മഹത്തായ പ്രത്യാശയെ സംക്ഷേപിച്ചുകൊണ്ട് യേശു ഇങ്ങനെ പറഞ്ഞു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:5) സാധ്യതയനുസരിച്ച് സങ്കീർത്തനം 37:29-നെ ആയിരിക്കാം അവൻ പരാമർശിച്ചത്. “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്ന് ആ വാക്യം പറയുന്നു. നീതിഹൃദയരായ ആളുകൾ ഒരു പറുദീസാ ഭൂമിയിൽ എന്നേക്കും ജീവിക്കുക എന്നത് ദൈവത്തിന്റെ ഉദ്ദേശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു. യഹോവ ഇപ്രകാരം പറയുന്നു: ‘ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യനെയും മൃഗങ്ങളെയും എന്റെ മഹാശക്തികൊണ്ട് ഉണ്ടാക്കിയിരിക്കുന്നു; എനിക്കു ബോധിച്ചവനു ഞാൻ അതു കൊടുക്കും.’—യിരെമ്യാവു 27:5.
അതിശയകരമായ ഒരു പുതിയ ലോകം
9. ദൈവരാജ്യം എങ്ങനെയുള്ള ഒരു ലോകമായിരിക്കും ആനയിക്കുക?
9 അർമഗെദോനു ശേഷം ദൈവരാജ്യം “നീതി വസിക്കുന്ന” അതിശയകരമായ “പുതിയ ഭൂമി” ആനയിക്കും. (2 പത്രൊസ് 3:13) ഇപ്പോഴത്തെ മർദക വ്യവസ്ഥിതിയിൽനിന്ന് സ്വതന്ത്രരാക്കപ്പെടുന്നത് അർമഗെദോൻ അതിജീവകർക്ക് എന്തൊരു ആശ്വാസമായിരിക്കും കൈവരുത്തുക! സ്വർഗീയ രാജ്യ ഗവൺമെന്റിൻ കീഴിലെ നീതി വസിക്കുന്ന, അത്ഭുതകരമായ അനുഗ്രഹങ്ങളും നിത്യജീവന്റെ പ്രതീക്ഷയുമുള്ള, പുതിയ ലോകത്തിൽ പ്രവേശിക്കുന്നതിൽ അവർ എത്രയധികം സന്തോഷിക്കും!—വെളിപ്പാടു 7:9-17.
10. ദൈവരാജ്യ ഭരണത്തിൻ കീഴിൽ മോശമായ എന്തെല്ലാം കാര്യങ്ങൾ മേലാൽ ഉണ്ടായിരിക്കുകയില്ല?
10 യുദ്ധവും കുറ്റകൃത്യവും ദാരിദ്ര്യവും, എന്തിന് ആക്രമണകാരികളായ മൃഗങ്ങൾ പോലും, മനുഷ്യനു ഭീഷണി ആയിരിക്കില്ല. ‘ഞാൻ [എന്റെ ജനത്തോട്] ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; വയലിലെ വൃക്ഷം ഫലം കായ്ക്കയും നിലം നന്നായി വിളകയും അവർ തങ്ങളുടെ ദേശത്തു നിർഭയമായി വസിക്കയും ചെയ്യും.’ “അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കുനേരെ വാൾ ഓങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല. അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.”—യെഹെസ്കേൽ 34:25-28; മീഖാ 4:3, 4.
11. ശാരീരിക രോഗങ്ങൾ അവസാനിക്കുമെന്ന ഉറപ്പ് നമുക്ക് ഉണ്ടായിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്?
11 രോഗവും ദുഃഖവും, മരണം പോലും, ഇല്ലാതാക്കപ്പെടും. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.” (യെശയ്യാവു 33:24) “[ദൈവം] അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി; . . . ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.” (വെളിപ്പാടു 21:4, 5) ഭൂമിയിൽ ആയിരുന്നപ്പോൾ യേശു, ദൈവം തനിക്കു നൽകിയ ശക്തി ഉപയോഗിച്ച് അത്തരം കാര്യങ്ങൾ ചെയ്യാനുള്ള തന്റെ കഴിവു പ്രകടമാക്കി. യേശു ദേശമെല്ലാം സഞ്ചരിച്ച് പരിശുദ്ധാത്മാവിന്റെ സഹായത്താൽ മുടന്തരെയും രോഗികളെയും സുഖപ്പെടുത്തി.—മത്തായി 15:30, 31.
12. മരിച്ചവർക്ക് എന്തു പ്രത്യാശയുണ്ട്?
12 യേശു അതിലുമധികം ചെയ്തു. അവൻ മരിച്ചവരെ ഉയിർപ്പിച്ചു. താഴ്മയുള്ള ആളുകൾ അതിനോട് എങ്ങനെയാണു പ്രതികരിച്ചത്? 12 വയസ്സുള്ള ഒരു പെൺകുട്ടിയെ അവൻ ഉയിർപ്പിച്ചപ്പോൾ അവളുടെ മാതാപിതാക്കൾ “അത്യന്തം വിസ്മയിച്ചു.” (മർക്കൊസ് 5:42) ദൈവരാജ്യ ഭരണത്തിൻ കീഴിൽ യേശു ഭൂവ്യാപകമായി ചെയ്യാൻ പോകുന്നതിന്റെ ഒരു ഉദാഹരണമായിരുന്നു അത്. എന്തെന്നാൽ, അപ്പോൾ “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.” (പ്രവൃത്തികൾ 24:15) മരിച്ചവർ ഒന്നൊന്നായി പുനരുത്ഥാനം പ്രാപിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരോടു ചേരുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം ഒന്ന് സങ്കൽപ്പിച്ചു നോക്കൂ! “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണ”മായിരിക്കേണ്ടതിനു രാജ്യത്തിന്റെ മേൽനോട്ടത്തിൽ വലിയൊരു വിദ്യാഭ്യാസ പ്രവർത്തനം നടക്കുമെന്നതിനു സംശയമില്ല.—യെശയ്യാവു 11:9.
യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുന്നു
13. ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശം എങ്ങനെ തെളിയിക്കപ്പെടും?
13 ആയിരം വർഷത്തെ രാജ്യഭരണത്തിന്റെ ഒടുവിൽ മനുഷ്യകുടുംബം ശാരീരികവും മാനസികവുമായി പൂർണത കൈവരിക്കും. ഭൂമി ഒരു ആഗോള ഏദെൻതോട്ടം, ഒരു പറുദീസ, ആയിത്തീരും. സമാധാനവും സന്തുഷ്ടിയും സുരക്ഷിതത്വവും സ്നേഹത്തിൽ വസിക്കുന്ന ഒരു മാനവ സമൂഹവും ഒരു യാഥാർഥ്യമായി മാറിക്കഴിഞ്ഞിരിക്കും. രാജ്യഭരണത്തിനു മുമ്പുള്ള മനുഷ്യ ചരിത്രത്തിൽ ഒരിക്കലും ഇതുപോലുള്ള ഒന്ന് ആരും കണ്ടിട്ടില്ല. പോയ ആയിരക്കണക്കിനു വർഷങ്ങളിലെ ശോചനീയമായ മനുഷ്യഭരണവും ദൈവത്തിന്റെ സ്വർഗീയ രാജ്യത്തിന്റെ മഹത്തായ ആയിരം-വർഷ ഭരണവും തമ്മിലുള്ള എത്ര വലിയ ഒരു വ്യത്യാസമായിരിക്കും അപ്പോൾ പ്രകടമാകുക! തന്റെ രാജ്യം മുഖാന്തരം ദൈവം നടത്തുന്ന ഭരണം എല്ലാ വശങ്ങളിലും ശ്രേഷ്ഠമെന്നു തെളിയും. ഭരിക്കാനുള്ള ദൈവത്തിന്റെ അവകാശം, അവന്റെ പരമാധികാരം, പൂർണമായി സംസ്ഥാപിക്കപ്പെടും.
14. ആയിരംവർഷ വാഴ്ച അവസാനിക്കുമ്പോൾ മത്സരികൾക്ക് എന്തു സംഭവിക്കും?
14 ആയിരം വർഷത്തിന്റെ ഒടുവിൽ, തങ്ങൾ ആരെ സേവിക്കാൻ ആഗ്രഹിക്കുന്നു എന്നതു സംബന്ധിച്ച് സ്വതന്ത്രമായ ഒരു തിരഞ്ഞെടുപ്പു നടത്താൻ പൂർണരായ മനുഷ്യരെ ദൈവം അനുവദിക്കും. “സാത്താനെ തടവിൽനിന്നു അഴിച്ചുവിടു”മെന്ന് ബൈബിൾ പറയുന്നു. മനുഷ്യരെ വഴിതെറ്റിക്കാൻ അവൻ വീണ്ടും ശ്രമിക്കും, ചിലർ ദൈവഭരണത്തെ തള്ളിക്കളഞ്ഞുകൊണ്ട് സാത്താനോടു ചേരും. ‘കഷ്ടത രണ്ടാമതൊരു പ്രാവശ്യം’ കൂടി ഉണ്ടാകാതിരിക്കേണ്ടതിന്, യഹോവ തന്റെ പരമാധികാരത്തിനെതിരെ മത്സരിക്കുന്ന സാത്താനെയും ഭൂതങ്ങളെയും മറ്റു സകലരെയും പൂർണമായി നശിപ്പിക്കും. ശരിയായതു ചെയ്യാനുള്ള ഒരവസരം തങ്ങൾക്കു ലഭിച്ചില്ലെന്നോ തങ്ങളുടെ തെറ്റായ ഗതി അപൂർണത നിമിത്തം ആയിരുന്നുവെന്നോ അന്ന് നിത്യമായി നശിപ്പിക്കപ്പെടുന്ന ഒരുവനും പറയാൻ സാധിക്കുകയില്ല. മറിച്ച്, യഹോവയുടെ നീതിനിഷ്ഠമായ ഭരണത്തോടു മത്സരിക്കാൻ മനഃപൂർവം തീരുമാനിച്ച പൂർണരായ ആദാമിനെയും ഹവ്വായെയും പോലെ ആയിരിക്കും അവർ.—വെളിപ്പാടു 20:7-10; നഹൂം 1:9.
15. വിശ്വസ്തർക്കു യഹോവയുമായി എങ്ങനെയുള്ള ഒരു ബന്ധം ഉണ്ടാകും?
15 നേരെമറിച്ച്, ബഹുഭൂരിപക്ഷം ആളുകളും യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കാൻ ഇടയുണ്ട്. മത്സരികളെല്ലാം ഉന്മൂലനം ചെയ്യപ്പെട്ടു കഴിയുമ്പോൾ, വിശ്വസ്തതയുടെ അന്തിമ പരിശോധനയെ അതിജീവിക്കുന്ന നീതിമാന്മാർ യഹോവയുടെ മുമ്പാകെ നിലകൊള്ളും. ആ വിശ്വസ്തരെ യഹോവ തന്റെ പുത്രീപുത്രന്മാരായി അംഗീകരിക്കും. അങ്ങനെ അവർ, മത്സരിക്കുന്നതിനു മുമ്പ് ആദാമിനും ഹവ്വായ്ക്കും ദൈവവുമായി ഉണ്ടായിരുന്ന തരത്തിലുള്ള ഒരു ബന്ധത്തിലേക്കു വരും. അപ്പോൾ റോമർ 8:20-ന് നിവൃത്തിയുണ്ടാകും: “സൃഷ്ടി [മനുഷ്യവർഗം] ദ്രവത്വത്തിന്റെ ദാസ്യത്തിൽനിന്നു വിടുതലും ദൈവമക്കളുടെ തേജസ്സാകുന്ന സ്വാതന്ത്ര്യവും പ്രാപിക്കും.” പ്രവാചകനായ യെശയ്യാവ് ഇങ്ങനെ മുൻകൂട്ടി പറയുന്നു: ‘[ദൈവം] മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കും.’—യെശയ്യാവു 25:8.
നിത്യജീവന്റെ പ്രത്യാശ
16. നിത്യജീവൻ എന്ന പ്രതിഫലത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
16 ദൈവം നിത്യമായി ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾ ചൊരിയുമെന്ന് അറിയാവുന്ന വിശ്വസ്തർക്ക് എത്ര അത്ഭുതകരമായ ഒരു പ്രതീക്ഷയാണുള്ളത്! സങ്കീർത്തനക്കാരൻ ഉചിതമായി ഇങ്ങനെ പറഞ്ഞു: “നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.” (സങ്കീർത്തനം 145:16) തന്നിലുള്ള വിശ്വാസത്തിന്റെ ഭാഗമായി, പറുദീസാ ജീവന്റെ ഈ പ്രത്യാശ ഉണ്ടായിരിക്കാൻ ഭൗമിക വർഗത്തിൽ പെട്ടവരെ യഹോവ പ്രോത്സാഹിപ്പിക്കുന്നു. യഹോവയുടെ പരമാധികാരമാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയമെങ്കിലും, ഒരു പ്രതിഫലത്തിന്റെ യാതൊരു പ്രത്യാശയുമില്ലാതെ ആളുകൾ തന്നെ സേവിക്കാൻ അവൻ ആവശ്യപ്പെടുന്നില്ല. ബൈബിളിൽ ഉടനീളം, ഒരു ക്രിസ്ത്യാനിക്കു ദൈവത്തിലുള്ള വിശ്വാസത്തിന്റെ അനിവാര്യ ഭാഗങ്ങൾ എന്ന നിലയിൽ ദൈവത്തോടുള്ള വിശ്വസ്തതയും നിത്യജീവന്റെ പ്രതീക്ഷയും വേർപിരിക്കാനാവാത്ത വിധം പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. “ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.”—എബ്രായർ 11:6.
17. പ്രത്യാശ നമ്മെ നിലനിറുത്താൻ അനുവദിക്കുന്നത് ഉചിതമാണെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ?
17 യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) ഇവിടെ അവൻ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള അറിവിനെ അതു കൈവരുത്തുന്ന പ്രതിഫലത്തോടു ബന്ധിപ്പിക്കുന്നു. അതിന്റെ ഒരു ഉദാഹരണം എന്ന നിലയിൽ, രാജ്യാധികാരത്തിൽ വരുമ്പോൾ തന്നെ ഓർക്കേണമേ എന്ന ഒരു ദുഷ്പ്രവൃത്തിക്കാരന്റെ അപേക്ഷയോട് യേശു ഇങ്ങനെ പ്രതികരിച്ചതായി കാണാം: “നീ എന്നോടുകൂടെ പരദീസയിൽ ഇരിക്കും.” (ലൂക്കൊസ് 23:43) പ്രതിഫലം കിട്ടിയില്ലെങ്കിൽ പോലും വിശ്വാസം ഉണ്ടായിരിക്കാൻ യേശു അവനോടു പറഞ്ഞില്ല. ഈ ലോകത്തിൽ നാനാവിധ പീഡാനുഭവങ്ങൾ നേരിടുമ്പോൾ അവയെ അതിജീവിക്കാനുള്ള ഒരു ശക്തിയായി പറുദീസയിലെ അനന്തജീവന്റെ പ്രത്യാശ തന്റെ ദാസന്മാർക്ക് ഉണ്ടായിരിക്കാൻ യഹോവ ആഗ്രഹിക്കുന്നുവെന്ന് അവന് അറിയാമായിരുന്നു. അതിനാൽ, ഒരു ക്രിസ്ത്യാനി എന്ന നിലയിൽ സഹിച്ചുനിൽക്കുന്നതിന് പ്രതിഫലത്തിലേക്ക് ആകാംക്ഷയോടെ നോക്കുന്നത് വളരെ പ്രധാനമാണ്.
രാജ്യത്തിന്റെ ഭാവി
18, 19. സഹസ്രാബ്ദ ഭരണത്തിന്റെ ഒടുവിൽ രാജാവിനും രാജ്യത്തിനും എന്തു സംഭവിക്കും?
18 ദൈവരാജ്യം, ഭൂമിയെയും അതിലെ മനുഷ്യരെയും പൂർണതയിലേക്ക് ഉയർത്താനും അവരെ ദൈവവുമായുള്ള ഒരു സമാധാന ബന്ധത്തിലേക്ക് കൊണ്ടുവരാനുമുള്ള ഒരു ഉപഗവൺമെന്റ് ആയതിനാൽ, രാജാവായ യേശുക്രിസ്തുവിനും രാജ-പുരോഹിതന്മാരായ 1,44,000 പേർക്കും സഹസ്രാബ്ദ ഭരണത്തിനു ശേഷം എന്തു സ്ഥാനമായിരിക്കും ഉണ്ടായിരിക്കുക? “അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും. അവൻ സകലശത്രുക്കളെയും കാല്ക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.”—1 കൊരിന്ത്യർ 15:24, 25.
19 ക്രിസ്തു രാജ്യം ദൈവത്തിനു കൈമാറുന്നുവെങ്കിൽ, അത് എന്നേക്കും നിലനിൽക്കുമെന്നു പറയുന്ന തിരുവെഴുത്തുകൾ നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? ആ രാജ്യത്തിന്റെ നേട്ടങ്ങൾ എക്കാലവും നിലനിൽക്കും. ദൈവത്തിന്റെ പരമാധികാരത്തെ സംസ്ഥാപിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്നതിനാൽ ക്രിസ്തു എന്നേക്കും ബഹുമാനിക്കപ്പെടും. അപ്പോഴേക്കും പാപവും മരണവും എന്നേക്കും നീക്കം ചെയ്യപ്പെടുകയും മനുഷ്യവർഗം പൂർണമായി വീണ്ടെടുക്കപ്പെടുകയും ചെയ്തിരിക്കും എന്നതിനാൽ പിന്നീട് അവൻ ഒരു വീണ്ടെടുപ്പുകാരനായി സേവിക്കേണ്ട ആവശ്യമില്ല. രാജ്യത്തിന്റെ സഹസ്രാബ്ദ ഭരണവും വിജയകരമായി പൂർത്തിയായിരിക്കും; അതിനാൽ യഹോവയ്ക്കും അനുസരണമുള്ള മനുഷ്യവർഗത്തിനും ഇടയിൽ പ്രവർത്തിക്കുന്നതിന് ഒരു ഉപഗവൺമെന്റിന്റെ ആവശ്യം വരുന്നില്ല. അപ്പോൾ “ദൈവം സകലത്തിലും സകലവും” ആയിത്തീരും.—1 കൊരിന്ത്യർ 15:28.
20. ക്രിസ്തുവിനും 1,44,000 പേർക്കുമായി യഹോവ എന്ത് ഉദ്ദേശിച്ചിരിക്കുന്നു എന്ന് നമുക്ക് എങ്ങനെ അറിയാനാകും?
20 സഹസ്രാബ്ദ ഭരണം പൂർത്തിയായ ശേഷം ക്രിസ്തുവിനും അവന്റെ സഹഭരണാധികാരികൾക്കും എന്ത് ചുമതല ആയിരിക്കും ഉണ്ടായിരിക്കുക? ബൈബിൾ അതേക്കുറിച്ച് യാതൊന്നും പറയുന്നില്ല. എന്നാൽ, യഹോവ തന്റെ സൃഷ്ടികളോടുള്ള ബന്ധത്തിൽ അവർക്കു കൂടുതലായ സേവനപദവികൾ നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. നമുക്കെല്ലാം ഇപ്പോൾ യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് നിത്യജീവന് അർഹരായി നിലകൊള്ളാം. അപ്പോൾ രാജാവിനും അവന്റെ സഹഭരണാധികാരികൾക്കും, ഒപ്പം വിസ്മയാവഹമായ മുഴു അഖിലാണ്ഡത്തിനും, വേണ്ടി അവൻ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് നമുക്ക് അറിയാൻ കഴിയും!
പരിചിന്തന ചോദ്യങ്ങൾ
• ഭരണാധിപത്യപരമായ എന്തു പരിവർത്തനമാണ് ആസന്നമായിരിക്കുന്നത്?
• ദുഷ്ടന്മാരെയും നീതിമാന്മാരെയും ദൈവം എങ്ങനെ ന്യായം വിധിക്കും?
• പുതിയ ലോകത്തിൽ എന്തെല്ലാം അവസ്ഥകൾ ആയിരിക്കും ഉണ്ടായിരിക്കുക?
• യഹോവയുടെ പരമാധികാരം പൂർണമായി സംസ്ഥാപിക്കപ്പെടുന്നത്
എങ്ങനെ?
[17-ാം പേജിലെ ചിത്രങ്ങൾ]
“നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും”
[18-ാം പേജിലെ ചിത്രം]
വിശ്വസ്തർ യഹോവയുമായി ശരിയായ ഒരു ബന്ധത്തിലേക്കു വരും