നിങ്ങൾക്കു ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാനാകും
“[ദൈവ] കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം.”—1 യോഹന്നാൻ 5:3.
1. ഇന്ന് ആളുകളുടെ നടത്ത സംബന്ധിച്ച് എന്തു വ്യത്യാസങ്ങൾ കാണാനാകും?
ദൈവ ജനത്തിന്റെ നടത്തയും ദൈവത്തെ സേവിക്കാത്തവരുടെ നടത്തയും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടായിരിക്കുന്ന ഒരു കാലത്തെ കുറിച്ചു ദീർഘകാലം മുമ്പ് ദിവ്യനിശ്വസ്തതയിൽ പ്രവാചകനായ മലാഖി മുൻകൂട്ടി പറയുകയുണ്ടായി. ആ പ്രവാചകൻ ഇങ്ങനെ എഴുതി: “അപ്പോൾ നിങ്ങൾ നീതിമാനും ദുഷ്ടനും തമ്മിലും ദൈവത്തെ സേവിക്കുന്നവനും സേവിക്കാത്തവനും തമ്മിലുള്ള വ്യത്യാസം വീണ്ടും കാണും.” (മലാഖി 3:18) ആ പ്രവചനം ഇന്നു നിറവേറിക്കൊണ്ടിരിക്കുകയാണ്. ധാർമിക ശുദ്ധി നിഷ്കർഷിക്കുന്നത് ഉൾപ്പെടെയുള്ള ദൈവകൽപ്പനകൾ അനുസരിക്കുന്നത് ജ്ഞാനപൂർവകമാണെന്നു മാത്രമല്ല ഉചിതവുമാണ്. അത് എല്ലായ്പോഴും അത്ര എളുപ്പമല്ല എന്നതു ശരിതന്നെ. ആ സ്ഥിതിക്ക്, രക്ഷ പ്രാപിക്കുന്നതിനു ക്രിസ്ത്യാനികൾ കഠിനമായി ശ്രമിക്കണമെന്ന് യേശു പറഞ്ഞതു നല്ല കാരണത്തോടെയാണ്.—ലൂക്കൊസ് 13:23, 24.
2. ചിലരുടെ കാര്യത്തിൽ ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതു ദുഷ്കരമാക്കിത്തീർക്കുന്ന ചില ബാഹ്യ സമ്മർദങ്ങൾ ഏവ?
2 ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതു ദുഷ്കരമായിരിക്കുന്നത് എന്തുകൊണ്ട്? ബാഹ്യ സമ്മർദങ്ങളാണ് അതിനുള്ള ഒരു കാരണം. വിനോദ വ്യവസായ മേഖല അധാർമിക ലൈംഗിക ബന്ധങ്ങളെ ആകർഷകവും ആനന്ദപ്രദവുമായി മാത്രമല്ല പുരുഷത്വത്തിന്റെ അല്ലെങ്കിൽ സ്ത്രീത്വത്തിന്റെ അടയാളമായും ചിത്രീകരിക്കുന്നു. അതേസമയം, അതുകൊണ്ടുള്ള ദുരന്തഫലങ്ങളെ അവർ പാടെ അവഗണിക്കുകയും ചെയ്യുന്നു. (എഫെസ്യർ 4:17-19) പരസ്പരം വിവാഹിതരാകാത്ത ദമ്പതികൾ തമ്മിലുള്ള ലൈംഗിക ബന്ധങ്ങളെയാണ് അത്തരം പരിപാടികൾ കൂടുതൽ അഭിലഷണീയവും ആകർഷകവും ആയി ചിത്രീകരിക്കുന്നത്. മിക്കപ്പോഴും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും ലൈംഗിക ബന്ധങ്ങളെ തെല്ലും പ്രതിബദ്ധതയില്ലാത്തവയായി ചിത്രീകരിക്കുന്നു. അത്തരം ബന്ധങ്ങളിലൊന്നും ഊഷ്മളതയുടെയോ പരസ്പര ആദരവിന്റെയോ നിഴൽപോലും ഇല്ല. ചെറുപ്പം മുതലേ പലരും ഇതൊക്കെ കണ്ടും കേട്ടുമാണു വളരുന്നത്. അതിനെല്ലാം പുറമേ, ഇന്നത്തെ കുത്തഴിഞ്ഞ ധാർമിക ചുറ്റുപാടുകളുമായി ഇണങ്ങിപ്പോകാനുള്ള സമപ്രായക്കാരിൽ നിന്നുള്ള സമ്മർദങ്ങളും ആളുകൾക്കു നേരിടേണ്ടിവരുന്നു. അതിനു വഴങ്ങാത്തവരെ മറ്റുള്ളവർ പരിഹസിക്കുകയോ ദുഷിക്കുകയോ പോലും ചെയ്യുന്നു.—1 പത്രൊസ് 4:4.
3. അനേകരും അധാർമികതയിൽ ഏർപ്പെടുന്നതിന്റെ ചില കാരണങ്ങൾ ഏവ?
3 ആന്തരിക സമ്മർദങ്ങളും ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിനു വെല്ലുവിളി ഉയർത്തുന്നു. ലൈംഗിക അഭിലാഷങ്ങളോടെയാണ് യഹോവ മനുഷ്യരെ സൃഷ്ടിച്ചത്. ആ ആഗ്രഹങ്ങൾ വളരെ ശക്തമായിരുന്നേക്കാം. നമ്മുടെ അഭിലാഷങ്ങൾ നമ്മുടെ ചിന്തകളുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. യഹോവയുടെ ചിന്തകളുമായി ഒട്ടും നിരക്കാത്തവയാണ് അധാർമിക ചിന്തകൾ. (യാക്കോബ് 1:14, 15) ഉദാഹരണത്തിന്, ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ ഈയിടെ പ്രസിദ്ധീകരിച്ച സർവേ അനുസരിച്ച് ലൈംഗികത എന്താണെന്ന് അറിയാനുള്ള ജിജ്ഞാസയാണ് ആദ്യമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട പലരെയും അതിനു പ്രേരിപ്പിച്ചത്. ചിലരാകട്ടെ, തങ്ങളുടെ പ്രായത്തിലുള്ള പലരും ലൈംഗികമായി പ്രവർത്തനക്ഷമർ ആയിരിക്കുന്നതിനാൽ തങ്ങളും അപ്രകാരം ചെയ്യേണ്ടതുണ്ടെന്നു വിചാരിച്ചു. ഇനിയും മറ്റു ചിലർ, തങ്ങൾക്കു വികാരങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്ന് അല്ലെങ്കിൽ “ആ സമയത്ത് അൽപ്പം മദ്യം അകത്താക്കിയിരുന്നു” എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നമുക്ക് അങ്ങനെയൊന്നും ന്യായവാദം ചെയ്യാനാവില്ല. ആ സ്ഥിതിക്ക്, ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാൻ ഏതു തരം ചിന്താഗതികൾ നമ്മെ സഹായിക്കും?
ശക്തമായ ബോധ്യം വളർത്തിയെടുക്കുക
4. ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിന് നാം എന്തു ചെയ്യണം?
4 ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിന്, അത്തരമൊരു ജീവിതരീതി നയിക്കുന്നത് മൂല്യവത്താണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്. പൗലൊസ് അപ്പൊസ്തലൻ റോമിലെ ക്രിസ്ത്യാനികൾക്ക് എഴുതിയ പിൻവരുന്ന ബുദ്ധിയുപദേശത്തോടു യോജിപ്പിലാണത്: ‘നല്ലതും സ്വീകാര്യവും പൂർണവുമായ ദൈവേഷ്ടം എന്തെന്നു സ്വയം ഉറപ്പുവരുത്തുക.’ (റോമർ 12:2) ധാർമിക ശുദ്ധി മൂല്യവത്താണെന്നു തിരിച്ചറിയുന്നതിൽ, ദൈവവചനം അധാർമികതയെ കുറ്റംവിധിക്കുന്നു എന്നു മനസ്സിലാക്കിയാൽ മാത്രം പോര. പകരം, അത് അധാർമികതയെ എന്തുകൊണ്ടു കുറ്റംവിധിക്കുന്നു എന്നും അധാർമിക പ്രവർത്തനങ്ങൾ നിരസിക്കുന്നത് നമുക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നും കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. അവയിൽ ചിലത് കഴിഞ്ഞ ലേഖനത്തിൽ നാം പരിചിന്തിക്കുകയുണ്ടായി.
5. ക്രിസ്ത്യാനികൾ ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളേണ്ടതിന്റെ പ്രധാന കാരണം എന്ത്?
5 വാസ്തവത്തിൽ, ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം അധാർമികത ഒഴിവാക്കാനുള്ള ഏറ്റവും ശക്തമായ കാരണം ദൈവവുമായുള്ള നമ്മുടെ ബന്ധമാണ്. നമുക്ക് ഏറ്റവും ഉത്തമമായിരിക്കുന്നത് എന്താണെന്ന് അവന് അറിയാമെന്നു നാം പഠിച്ചിരിക്കുന്നു. അവനോടുള്ള നമ്മുടെ സ്നേഹം ദോഷത്തെ വെറുക്കാൻ നമ്മെ സഹായിക്കും. (സങ്കീർത്തനം 97:10) “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” ദൈവത്തിൽനിന്നാണു വരുന്നത്. (യാക്കോബ് 1:17) അവൻ നമ്മെ സ്നേഹിക്കുന്നു. അവനോടുള്ള നമ്മുടെ അനുസരണത്തിലൂടെ നാം അവനെ സ്നേഹിക്കുന്നു എന്നും നമുക്കായി അവൻ ചെയ്തിരിക്കുന്ന എല്ലാറ്റിനെയും വിലമതിക്കുന്നു എന്നും പ്രകടമാക്കുന്നു. (1 യോഹന്നാൻ 5:3) യഹോവയുടെ നീതിനിഷ്ഠമായ കൽപ്പനകൾ ലംഘിച്ചുകൊണ്ട് അവനെ നിരാശപ്പെടുത്താനോ വേദനിപ്പിക്കാനോ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല. (സങ്കീർത്തനം 78:41) പരിശുദ്ധവും നീതിനിഷ്ഠവുമായ അവന്റെ ആരാധനാ രീതിയെ മറ്റുള്ളവർ ദുഷിച്ചു സംസാരിക്കാൻ ഇടവരുത്തുന്ന വിധത്തിൽ പ്രവർത്തിക്കാനും നാം ആഗ്രഹിക്കുകയില്ല. (തീത്തൊസ് 2:5; 2 പത്രൊസ് 2:2) ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുകവഴി നാം അത്യുന്നതനെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നു.—സദൃശവാക്യങ്ങൾ 27:11.
6. നമ്മുടെ ധാർമിക നിലവാരങ്ങൾ മറ്റുള്ളവരെ അറിയിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
6 ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാൻ ഒരിക്കൽ ദൃഢതീരുമാനം എടുത്തശേഷം ആ തീരുമാനത്തെക്കുറിച്ചു മറ്റുള്ളവരോടു പറയുന്നത് കൂടുതലായ സംരക്ഷണം പ്രദാനം ചെയ്യും. നിങ്ങൾ യഹോവയാം ദൈവത്തിന്റെ ഒരു ദാസനാണെന്നും അവന്റെ ഉന്നത ധാർമിക നിലവാരങ്ങൾ പാലിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണെന്നും ആളുകളെ അറിയിക്കുക. ജീവിതം നിങ്ങളുടേതാണ്, ശരീരം നിങ്ങളുടേതാണ്, തീരുമാനവും നിങ്ങളുടേതാണ്. പ്രതിസന്ധിയിൽ ആയിരിക്കുന്നതോ? സ്വർഗീയ പിതാവുമായുള്ള നിങ്ങളുടെ അമൂല്യ ബന്ധവും. അതുകൊണ്ട്, നിങ്ങളുടെ ധാർമിക വിശ്വസ്തതയ്ക്കു വിട്ടുവീഴ്ച വരുത്താനാവില്ലെന്നു വ്യക്തമാക്കുക. ദൈവത്തിന്റെ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതിൽ അഭിമാനിക്കുക. (സങ്കീർത്തനം 64:10) നിങ്ങളുടെ ധാർമിക ബോധ്യങ്ങൾ മറ്റുള്ളവരുമായി ചർച്ച ചെയ്യാൻ ഒരിക്കലും ലജ്ജിക്കരുത്. വസ്തുതകൾ തുറന്നു പറയുന്നതു നിങ്ങളെ ശക്തീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതോടൊപ്പംതന്നെ നിങ്ങളുടെ ദൃഷ്ടാന്തം പിൻപറ്റാൻ മറ്റുള്ളവർക്കു പ്രോത്സാഹനമേകുകയും ചെയ്യുന്നു.—1 തിമൊഥെയൊസ് 4:12.
7. ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളാനുള്ള ദൃഢതീരുമാനത്തിൽ നമുക്ക് എങ്ങനെ ഉറച്ചുനിൽക്കാനാകും?
7 ഉന്നത ധാർമിക നിലവാരങ്ങൾ പിൻപറ്റാൻ തീരുമാനിക്കുകയും അതേക്കുറിച്ചു മറ്റുള്ളവരെ അറിയിക്കുകയും ചെയ്തശേഷം നമ്മുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ നാം പടികൾ സ്വീകരിക്കണം. സുഹൃത്തുക്കളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുന്നതാണ് അതിനുള്ള ഒരു മാർഗം. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്നു ബൈബിൾ പറയുന്നു. നിങ്ങളുടെ അതേ ധാർമിക മൂല്യങ്ങൾ പിൻപറ്റുന്നവരുമായി മാത്രം സഹവസിക്കുക. അവർ നിങ്ങൾക്കു കരുത്തേകും. അതേ തിരുവെഴുത്ത് ഇങ്ങനെയും പറയുന്നു: “ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും.” (സദൃശവാക്യങ്ങൾ 13:20) നിങ്ങളുടെ ദൃഢതീരുമാനത്തെ ദുർബലമാക്കാൻ ഇടയുള്ളവരെ ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക.—1 കൊരിന്ത്യർ 15:33.
8. (എ) ആരോഗ്യാവഹമായ കാര്യങ്ങൾകൊണ്ടു നാം മനസ്സു നിറയ്ക്കേണ്ടത് എന്തുകൊണ്ട്? (ബി) നാം എന്ത് ഒഴിവാക്കേണ്ടതുണ്ട്?
8 കൂടാതെ, സത്യമായതും ഘനമായതും നീതിയായതും നിർമലമായതും രമ്യമായതും സൽക്കീർത്തിയായതും സൽഗുണമുള്ളതും പുകഴ്ചായോഗ്യവുമായ കാര്യങ്ങൾകൊണ്ടു നാം നമ്മുടെ മനസ്സു നിറയ്ക്കേണ്ടതും ആവശ്യമാണ്. (ഫിലിപ്പിയർ 4:8) നാം വീക്ഷിക്കുന്ന പരിപാടികളുടെയും ശ്രവിക്കുന്ന സംഗീതത്തിന്റെയും ഒക്കെ കാര്യത്തിൽ തിരഞ്ഞെടുപ്പു മനോഭാവം ഉള്ളവരായിരിക്കുന്നതിലൂടെ നമുക്കതിനു സാധിക്കും. അധാർമിക സാഹിത്യങ്ങൾ നമ്മെ ദുഷിപ്പിക്കില്ലെന്നു പറയുന്നത് ധാർമിക ശുദ്ധിയുള്ള സാഹിത്യങ്ങൾ നമുക്കു പ്രയോജനം ചെയ്യില്ലെന്നു പറയുന്നതിനു തുല്യമാണ്. അപൂർണ മനുഷ്യർ അധാർമികതയിലേക്കു വഴുതിവീഴാൻ വളരെ എളുപ്പമാണ് എന്ന കാര്യം ഓർമിക്കുക. ലൈംഗിക തൃഷ്ണ ഉണർത്തുന്ന പുസ്തകങ്ങൾ, മാസികകൾ, ചലച്ചിത്രങ്ങൾ, സംഗീതങ്ങൾ എന്നിവയെല്ലാം ഒരുവനെ തെറ്റായ ആഗ്രഹങ്ങളിലേക്കും ഒടുവിൽ പാപം ചെയ്യുന്നതിലേക്കും നയിച്ചേക്കാം. ധാർമിക ശുദ്ധി നിലനിറുത്തുന്നതിനു നാം ദൈവിക ജ്ഞാനത്താൽ നമ്മുടെ മനസ്സു നിറയ്ക്കേണ്ടത് അത്യന്താപേക്ഷിതമാണ്.—യാക്കോബ് 3:17.
അധാർമികതയിലേക്കു നയിക്കുന്ന പ്രവർത്തനങ്ങൾ
9-11. ശലോമോന്റെ വിവരണം അനുസരിച്ച്, ഒരു യുവാവിനെ ക്രമാനുഗതമായി അധാർമികതയിലേക്കു നയിച്ച പ്രവർത്തനങ്ങൾ ഏവ?
9 അധാർമികതയിലേക്കു നയിക്കുന്ന പ്രവർത്തനങ്ങൾ മിക്കപ്പോഴും നമുക്കു തിരിച്ചറിയാൻ സാധിക്കും. അത്തരം ഓരോ പ്രവർത്തനത്തിലും ഏർപ്പെടുമ്പോൾ അതിൽനിന്നു പിന്തിരിഞ്ഞു പോരുന്നതു പൂർവാധികം ദുഷ്കരമായിത്തീരുന്നു. സദൃശവാക്യങ്ങൾ 7:6-23-ൽ അതേക്കുറിച്ചു വിവരിക്കുന്നത് എങ്ങനെയെന്നു ശ്രദ്ധിക്കൂ. അവിടെ ശലോമോൻ, ‘ബുദ്ധിഹീനനായ’ അഥവാ നല്ല ആന്തരമില്ലാത്ത ‘ഒരു യുവാവിനെ’ നിരീക്ഷിക്കുന്നതായി നാം വായിക്കുന്നു. ആ യുവാവ് “വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയിൽ, അവളുടെ [ഒരു വേശ്യയുടെ] വീട്ടിന്റെ കോണിന്നരികെ വീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.” അതാണ് അവൻ ചെയ്യുന്ന ആദ്യത്തെ പിശക്. സന്ധ്യമയങ്ങിയപ്പോൾ അവന്റെ ആന്തരം ഏതെങ്കിലുമൊരു തെരുവിലേക്കല്ല, മറിച്ച് ഒരു വേശ്യയെ കണ്ടെത്താൻ ഇടയുള്ള തെരുവിലേക്കുതന്നെ അവനെ നയിക്കുന്നു.
10 തുടർന്ന് നാം ഇങ്ങനെ വായിക്കുന്നു: “ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ.” അവനിപ്പോൾ അവളെ കാണുന്നു! വേണമെങ്കിൽ അവന് ഉടനടി ആ വഴിയിൽനിന്നു തിരിഞ്ഞ് വീട്ടിലേക്കു പോകാവുന്നതേയുള്ളൂ. എന്നാൽ, അത് ഏറെ ദുഷ്കരമാണ്. വിശേഷിച്ചും, അവൻ ധാർമികമായി ബലഹീനൻ ആയിരിക്കുന്നതിനാൽ. അവൾ അവനെ പിടിച്ചു ചുംബിക്കുന്നു. ചുംബനം ഏറ്റുവാങ്ങിയ അവൻ അവളുടെ വശീകരണ വാക്കുകൾക്കു ചെവികൊടുക്കുന്നു: “എനിക്കു സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാൻ എന്റെ നേർച്ചകളെ കഴിച്ചിരിക്കുന്നു,” അവൾ പറയുന്നു. സമാധാനയാഗങ്ങളിൽ മാംസം, മാവ്, എണ്ണ, വീഞ്ഞ് എന്നിവ ഉൾപ്പെട്ടിരുന്നു. (ലേവ്യപുസ്തകം 19:5, 6; 22:21; സംഖ്യാപുസ്തകം 15:8-10) തന്റെ ആത്മീയതയ്ക്കു കുറവില്ല എന്നു സൂചിപ്പിക്കാനാകും അവൾ അതേക്കുറിച്ചു പരാമർശിച്ചത്. കൂടാതെ, തന്റെ വീട്ടിൽ തിന്നാനും കുടിക്കാനും ധാരാളം നല്ല വസ്തുക്കൾ ഉണ്ടെന്ന് അവനെ അറിയിക്കാനും അവൾ ഉദ്ദേശിച്ചിരിക്കണം. തുടർന്ന്, “വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം” എന്നു പറഞ്ഞുകൊണ്ട് അവൾ അവനെ നിർബന്ധിക്കുന്നു.
11 അതിന്റെ പരിണതഫലം എന്തായിരിക്കുമെന്നു പറയാൻ ബുദ്ധിമുട്ടില്ല. “ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു.” ‘അറുക്കുന്നേടത്തേക്കു കാള പോകുന്നതുപോലെയും’ ‘പക്ഷി കണിയിലേക്കു ബദ്ധപ്പെടുന്നതു പോലെയും’ അവൻ അവളുടെ പുറകെ പോകുന്നു. ഗൗരവാവഹമായ ഈ വാക്കുകളോടെ ശലോമോൻ ഉപസംഹരിക്കുന്നു: “കരളിൽ അസ്ത്രം തറെക്കുവോളം അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.” ഇത് അവന്റെ ജീവനെ ബാധിക്കുന്ന സംഗതിയാണ്. കാരണം, “ദുർന്നടപ്പുകാരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.” (എബ്രായർ 13:4) സ്ത്രീപുരുഷഭേദമന്യേ എല്ലാവർക്കും എത്ര ശക്തമായ ഒരു പാഠമാണത്! ദൈവത്തിന്റെ അപ്രീതിക്ക് ഇടയാക്കുന്ന ഒരു പാതയിലേക്കു നാം കാലെടുത്തു വെക്കുകപോലും ചെയ്യരുത്.
12. (എ) ‘ബുദ്ധിഹീനൻ’ എന്ന പ്രയോഗത്തിന്റെ അർഥമെന്ത്? (ബി) നമുക്ക് എങ്ങനെ ധാർമിക ബലം വളർത്തിയെടുക്കാനാകും?
12 ആ വിവരണത്തിലെ യുവാവ് ‘ബുദ്ധിഹീനൻ’ ആയിരുന്നുവെന്നതു ശ്രദ്ധിക്കുക. അവന്റെ വിചാരങ്ങളും അഭിലാഷങ്ങളും പ്രതിപത്തികളും വികാരങ്ങളും ലക്ഷ്യങ്ങളുമൊന്നും ദൈവഹിതത്തിനു ചേർച്ചയിൽ ആയിരുന്നില്ലെന്ന് ആ പദപ്രയോഗം സൂചിപ്പിക്കുന്നു. അവന്റെ ധാർമിക ബലഹീനത അവനു ദാരുണമായ ഭവിഷ്യത്തുകൾ വരുത്തിവെച്ചു. ദുർഘടമായ ഈ “അന്ത്യകാലത്തു” ധാർമിക ബലം വളർത്തിയെടുക്കാൻ കഠിന ശ്രമം ആവശ്യമാണ്. (2 തിമൊഥെയൊസ് 3:1) അക്കാര്യത്തിൽ നമ്മെ സഹായിക്കാൻ യഹോവ പല കരുതലുകളും ചെയ്യുന്നു. നേരായ പാതയിൽ നടക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നതിനും നമ്മുടെ അതേ ലക്ഷ്യങ്ങളുള്ള മറ്റു വ്യക്തികളുമായുള്ള സഹവാസം സാധ്യമാക്കേണ്ടതിനും അവൻ ക്രിസ്തീയ സഭയിൽ യോഗങ്ങൾ ക്രമീകരിക്കുന്നു. (എബ്രായർ 10:24, 25) നമ്മെ മേയ്ക്കുന്നതിനും നീതിയുടെ മാർഗങ്ങൾ പഠിപ്പിക്കുന്നതിനും അവൻ സഭാ മൂപ്പന്മാരെ നിയമിച്ചിരിക്കുന്നു. (എഫെസ്യർ 4:11, 12) നമ്മെ നയിക്കുന്നതിനും വഴികാട്ടുന്നതിനും ദൈവവചനമായ ബൈബിൾ ഇന്നു നമുക്കു ലഭ്യമാണ്. (2 തിമൊഥെയൊസ് 3:16) അതിനെല്ലാം പുറമേ, സഹായത്തിനായി നമുക്ക് എല്ലായ്പോഴും ദൈവാത്മാവിനുവേണ്ടി പ്രാർഥിക്കാനും സാധിക്കും.—മത്തായി 26:41.
ദാവീദിന്റെ പാപത്തിൽനിന്നു പഠിക്കൽ
13, 14. ദാവീദ് രാജാവ് കൊടിയ പാപം ചെയ്തത് എങ്ങനെ?
13 ദുഃഖകരമെന്നു പറയട്ടെ, കറയറ്റ വിശ്വസ്തത പുലർത്തിയിരുന്ന ദൈവദാസരിൽ ചിലർപോലും ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടിട്ടുണ്ട്. നിരവധി ദശാബ്ദങ്ങൾ യഹോവയെ വിശ്വസ്തതയോടെ സേവിച്ച ദാവീദ് രാജാവ് അവരിൽ ഒരാളാണ്. അവൻ ദൈവത്തെ അതിയായി സ്നേഹിച്ചിരുന്നു എന്നതിൽ യാതൊരു സംശയവുമില്ല. എന്നിട്ടും അവൻ പാപത്തിലേക്കു വഴുതിവീണു. ശലോമോൻ വിവരിച്ച ആ യുവാവിന്റെ കാര്യത്തിൽ എന്നതുപോലെ ദാവീദിനെയും പാപത്തിലേക്കു നയിക്കുകയും അതിന്റെ കാഠിന്യം വർധിപ്പിക്കുകയും ചെയ്ത ചില പ്രവർത്തനങ്ങൾ ഉണ്ട്.
14 ദാവീദ് അന്ന് മധ്യവയസ്കൻ, സാധ്യതയനുസരിച്ച് 50-കളുടെ ആരംഭത്തിൽ, ആയിരുന്നു. ഒരിക്കൽ, സുന്ദരിയായ ബത്ത്-ശേബ കുളിക്കുന്നത് അവൻ തന്റെ മാളികപ്പുറത്തുനിന്ന് കണ്ടു. അവൻ ആളയച്ച് അവളെപ്പറ്റി അന്വേഷിച്ചു. അവളുടെ ഭർത്താവ് ഊരീയാവ് അമ്മോന്യ പട്ടണമായ രബ്ബായെ നിരോധിക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് അവൻ മനസ്സിലാക്കി. ദാവീദ് അവളെ തന്റെ വീട്ടിലേക്കു വിളിപ്പിച്ച് അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു. അങ്ങനെ അവൾ ഗർഭിണിയായതോടെ കാര്യങ്ങൾ ആകെ വഷളായി. അതേക്കുറിച്ച് അറിഞ്ഞ രാജാവ് ഉടനടി യുദ്ധസ്ഥലത്തുനിന്ന് ഊരീയാവെ തിരികെ വിളിപ്പിച്ചു. അവൻ ഭാര്യയോടൊപ്പം രാത്രി തങ്ങുമെന്നും അങ്ങനെ ബത്ത്-ശേബയുടെ കുഞ്ഞിന്റെ പിതാവ് ഊരീയാവാണെന്നു കണക്കാക്കപ്പെടുമെന്നുമാണ് ദാവീദ് വിചാരിച്ചത്. പക്ഷേ ഊരീയാവ് തന്റെ വീട്ടിലേക്കു പോയില്ല. തന്റെ പാപം മറച്ചുവെക്കാനുള്ള വ്യഗ്രതയിൽ മുഖ്യസേനാധിപനുള്ള ഒരു കത്തുമായി ദാവീദ് ഊരീയാവിനെ രബ്ബായിലേക്കു മടക്കി അയച്ചു. വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം ഊരീയാവിനെ മുന്നണിയിൽ നിറുത്തുക എന്നതായിരുന്നു കത്തിലെ ഉള്ളടക്കം. അങ്ങനെ, ഊരീയാവിനു ജീവൻ നഷ്ടപ്പെട്ടു. അവന്റെ വിധവ ഗർഭിണിയാണെന്ന വിവരം പരസ്യമാകുന്നതിനു മുമ്പ് ദാവീദ് അവളെ വിവാഹം ചെയ്തു.—2 ശമൂവേൽ 11:1-27.
15. (എ) ദാവീദിന്റെ പാപം തുറന്നുകാട്ടപ്പെട്ടത് എങ്ങനെ? (ബി) നാഥാന്റെ വിദഗ്ധമായ ശാസനയോടു ദാവീദ് പ്രതികരിച്ചത് എങ്ങനെ?
15 പാപം മറെച്ചുവെക്കാനുള്ള ദാവീദിന്റെ ശ്രമം പ്രത്യക്ഷത്തിൽ വിജയിച്ചു. മാസങ്ങൾ കടന്നുപോയി. അവന് ഒരാൺകുട്ടി പിറന്നു. ഈ സംഭവം മനസ്സിൽ പിടിച്ചുകൊണ്ടാണു ദാവീദ് 32-ാം സങ്കീർത്തനം എഴുതിയതെങ്കിൽ അവന്റെ മനസ്സാക്ഷി അവനെ കുറ്റപ്പെടുത്തിയിരുന്നു എന്നതു തീർച്ചയാണ്. (സങ്കീർത്തനം 32:3-5) എന്നിരുന്നാലും, അവന്റെ പാപം ദൈവത്തിന്റെ മുമ്പാകെ മറഞ്ഞിരുന്നില്ല. അതേക്കുറിച്ചു ബൈബിൾ ഇപ്രകാരം പറയുന്നു: “ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.” (2 ശമൂവേൽ 11:27) യഹോവ, പ്രവാചകനായ നാഥാനെ ദാവീദിന്റെ അടുക്കലേക്ക് അയച്ചു. ആ പ്രവാചകൻ വിദഗ്ധമായി ദാവീദിന്റെ പാപം തുറന്നുകാട്ടി. ദാവീദ് ഉടനടി തന്റെ പാപം ഏറ്റുപറഞ്ഞ് യഹോവയുടെ ക്ഷമയ്ക്കായി യാചിച്ചു. ആത്മാർഥമായ അനുതാപം നിമിത്തം ദൈവം അവന്റെ പാപം മോചിച്ചു. (2 ശമൂവേൽ 12:1-13) ദാവീദ് ശിക്ഷണത്തെ മറുത്തില്ല. മറിച്ച്, അവന്റെ മനോഭാവം സങ്കീർത്തനം 141:5-ൽ ഇങ്ങനെ വർണിച്ചിരിക്കുന്നു: “നീതിമാൻ എന്നെ അടിക്കുന്നതു ദയ; അവൻ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ.”
16. ലംഘനങ്ങളോടുള്ള ബന്ധത്തിൽ എന്തു മുന്നറിയിപ്പും ബുദ്ധിയുപദേശവുമാണു ശലോമോൻ നൽകിയത്?
16 ദാവീദിനും ബത്ത്-ശേബയ്ക്കും ഉണ്ടായ രണ്ടാമത്തെ പുത്രനായ ശലോമോൻ തന്റെ പിതാവു ചെയ്ത ഈ പാപത്തെക്കുറിച്ചു ചിന്തിച്ചിരിക്കണം. പിൽക്കാലത്ത് അവൻ ഇങ്ങനെ എഴുതി: “തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏററുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണ ലഭിക്കും.” (സദൃശവാക്യങ്ങൾ 28:13) ഗുരുതരമായ ഒരു പാപത്തിൽ അകപ്പെടുന്നപക്ഷം നാം ഈ നിശ്വസ്ത ബുദ്ധിയുപദേശം പിൻപറ്റേണ്ടതുണ്ട്. അത് ഒരു മുന്നറിയിപ്പും ഉപദേശവും കൂടിയാണ്. നമ്മുടെ പാപം യഹോവയോട് ഏറ്റു പറയുകയും സഹായത്തിനായി സഭാ മൂപ്പന്മാരെ സമീപിക്കുകയും ചെയ്യണം. തെറ്റു ചെയ്ത ഒരു വ്യക്തിയെ യഥാസ്ഥാനപ്പെടുത്തുക എന്നതാണു മൂപ്പന്മാരുടെ ഒരു പ്രധാന ഉത്തരവാദിത്വം.—യാക്കോബ് 5:14, 15.
പാപത്തിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കൽ
17. യഹോവ പാപങ്ങൾ പൊറുക്കുന്നെങ്കിലും എന്തിൽനിന്നു നമ്മെ ഒഴിച്ചുനിറുത്തുന്നില്ല?
17 യഹോവ ദാവീദിനോടു ക്ഷമിച്ചു. എന്തുകൊണ്ട്? അവൻ ദൃഢമായ വിശ്വസ്തത പാലിച്ച ഒരു വ്യക്തിയായിരുന്നു എന്നതിനു പുറമേ, മറ്റുള്ളവരോടു കരുണ കാണിക്കുകയും യഥാർഥ അനുതാപം പ്രകടമാക്കുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാലാണ് അവനു ക്ഷമ ലഭിച്ചത്. എന്നുവരികിലും, ആ തെറ്റായ നടപടിയുടെ പ്രത്യാഘാതങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ദാവീദിനു കഴിഞ്ഞില്ല. (2 ശമൂവേൽ 12:9-14) ഇന്നും അക്കാര്യത്തിനു മാറ്റമില്ല. അനുതാപം പ്രകടിപ്പിക്കുന്നവരുടെമേൽ യഹോവ തിന്മ വരുത്തുന്നില്ലെങ്കിലും അവരുടെ തെറ്റായ നടപടികളുടെ അനന്തരഫലങ്ങളിൽനിന്ന് യഹോവ അവരെ ഒഴിച്ചുനിറുത്തുന്നില്ല. (ഗലാത്യർ 6:7) ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നവർ ഒരുപക്ഷേ വിവാഹമോചനം, ആഗ്രഹിക്കാത്ത ഗർഭധാരണം, ലൈംഗികമായി പകരുന്ന രോഗങ്ങൾ, വിശ്വാസവും ആദരവും നഷ്ടപ്പെടൽ തുടങ്ങിയ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടിവരുന്നു.
18. (എ) ഒരു മനുഷ്യൻ കൊടിയ അധാർമികതയിൽ ഏർപ്പെട്ടതുമായി ബന്ധപ്പെട്ട കേസ് എങ്ങനെ കൈകാര്യം ചെയ്യാനാണു പൗലൊസ് കൊരിന്ത്യ സഭയ്ക്ക് എഴുതിയത്? (ബി) യഹോവ പാപികളോടു സ്നേഹവും കരുണയും പ്രകടമാക്കുന്നത് എങ്ങനെ?
18 നാം ഗുരുതരമായ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ, അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കുമ്പോൾ നമുക്ക് എളുപ്പം നിരാശ തോന്നിയേക്കാം. എന്നുവരികിലും, ദൈവവുമായി അനുരഞ്ജനത്തിൽ ആയിത്തീരുന്നതിൽനിന്ന് നമ്മെ തടയാൻ നാം യാതൊന്നിനെയും അനുവദിക്കരുത്. നിഷിദ്ധ ബന്ധുവേഴ്ചയിൽ ഏർപ്പെട്ടിരുന്ന ഒരു മനുഷ്യനെ സഭയിൽനിന്നു പുറത്താക്കണമെന്ന് ഒന്നാം നൂറ്റാണ്ടിൽ പൗലൊസ് കൊരിന്ത്യർക്ക് എഴുതി. (1 കൊരിന്ത്യർ 5:1, 13) ആ മനുഷ്യൻ യഥാർഥ അനുതാപം പ്രകടമാക്കിയപ്പോൾ പൗലൊസ് സഭയിലുള്ളവർക്ക് ഈ നിർദേശം നൽകി: ‘അവനോടു ക്ഷമിക്കയും അവനെ ആശ്വസിപ്പിക്കയും നിങ്ങളുടെ സ്നേഹം അവന്നു ഉറപ്പിച്ചുകൊടുക്കുകയും ചെയ്യുവിൻ.’ (2 കൊരിന്ത്യർ 2:5-8) ഈ നിശ്വസ്ത ബുദ്ധിയുപദേശത്തിൽ അനുതാപികളായ പാപികളോടുള്ള യഹോവയുടെ സ്നേഹവും കരുണയുമാണു നമുക്കു കാണാൻ സാധിക്കുന്നത്. അനുതപിക്കുന്ന ഒരു പാപിയെ കുറിച്ച് സ്വർഗത്തിൽ ദൂതന്മാർ ആനന്ദിക്കുന്നു.—ലൂക്കൊസ് 15:9, 10.
19. തെറ്റായ ഒരു ഗതിയെക്കുറിച്ച് ഓർത്ത് യഥാർഥ ദുഃഖം പ്രകടമാക്കുന്നത് എന്തെല്ലാം പ്രയോജനങ്ങളിലേക്കു നയിച്ചേക്കാം?
19 തെറ്റായ ഒരു ഗതിയെക്കുറിച്ച് ഓർത്തു നാം ദുഃഖിക്കുന്നുവെന്നു വരാം. എന്നാൽ, ‘നീതികേടിലേക്കു വീണ്ടും തിരിയാതിരിക്കാൻ’ ആ ദുഃഖത്തിനു നമ്മെ സഹായിക്കാനാകും. (ഇയ്യോബ് 36:21) പാപത്തിന്റെ കയ്പേറിയ ഫലങ്ങൾ ഒരു തെറ്റ് ആവർത്തിക്കാതിരിക്കാൻ നമ്മെ സഹായിക്കേണ്ടതാണ്. പാപപൂർണമായ നടത്തയുടെ ദുഃഖകരമായ അനുഭവങ്ങൾ മറ്റുള്ളവരെ ബുദ്ധിയുപദേശിക്കാനായി ദാവീദ് ഉപയോഗിച്ചു. അവൻ പറഞ്ഞു: “അപ്പോൾ ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികൾ നിങ്കലേക്കു മനംതിരിയും.”—സങ്കീർത്തനം 51:13.
യഹോവയെ സേവിക്കുന്നതിന്റെ ഫലമായുള്ള സന്തോഷം
20. ദൈവത്തിന്റെ നീതിനിഷ്ഠമായ നിബന്ധനകൾ പിൻപറ്റുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഏവ?
20 “ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ, [“സന്തുഷ്ടർ,” NW]” എന്ന് യേശു പറഞ്ഞു. (ലൂക്കൊസ് 11:28) ദൈവനീതിക്കു കീഴ്പെട്ടിരിക്കുന്നത് ഇപ്പോൾ മാത്രമല്ല നിത്യഭാവിയിലും സന്തോഷം കൈവരുത്തും. നാം ഇന്നോളം ധാർമിക ശുദ്ധിയുള്ളവരായി നിലകൊണ്ടിരിക്കുന്നെങ്കിൽ നമുക്ക് അതേ ഗതിയിൽ തുടരാം. അതിനു നമ്മെ സഹായിക്കാനായി യഹോവ ലഭ്യമാക്കിയിരിക്കുന്ന എല്ലാ കരുതലുകളും നമുക്കു പരമാവധി പ്രയോജനപ്പെടുത്താം. നാം അധാർമികതയിലേക്കു വഴുതി വീണിരിക്കുന്നെങ്കിൽ യഥാർഥ അനുതാപം പ്രകടമാക്കുന്നവരോട് യഹോവ ക്ഷമിക്കാൻ സന്നദ്ധനാണെന്ന വസ്തുതയിൽനിന്ന് ആശ്വാസം നേടാം. കൂടാതെ അതേ പാപം വീണ്ടുമൊരിക്കലും ആവർത്തിക്കാതിരിക്കാൻ നമുക്കു നിശ്ചയദാർഢ്യമുള്ളവർ ആയിരിക്കുകയും ചെയ്യാം.—യെശയ്യാവു 55:7.
21. ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതിനു പത്രൊസ് അപ്പൊസ്തലൻ നൽകിയ ഏത് അനുശാസനം നമ്മെ സഹായിക്കും?
21 പെട്ടെന്നുതന്നെ ഈ അധാർമിക ലോകം അതിന്റെ അധാർമിക മനോഭാവത്തോടും പ്രവർത്തനങ്ങളോടുമൊപ്പം നീങ്ങിപ്പോകും. എന്നാൽ, ധാർമിക ശുദ്ധി നിലനിറുത്തുന്നതിലൂടെ നാം ഇന്നും എന്നേക്കും പ്രയോജനം നേടും. തന്മൂലം, പത്രൊസ് അപ്പൊസ്തലന്റെ ഈ അനുശാസനം എല്ലായ്പോഴും നമുക്കു ബാധകമാക്കാം: “പ്രിയമുള്ളവരേ, നിങ്ങൾ ഇവെക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായി . . . നിങ്ങൾ മുമ്പുകൂട്ടി അറിഞ്ഞിരിക്കകൊണ്ടു അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരത വിട്ടു വീണുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.”—2 പത്രൊസ് 3:14, 17.
നിങ്ങൾക്കു വിശദീകരിക്കാമോ?
• ധാർമിക ശുദ്ധിയുള്ളവരായി നിലകൊള്ളുന്നതു ദുഷ്കരമായിരുന്നേക്കാവുന്നത് എന്തുകൊണ്ട്?
• ഉന്നത ധാർമിക നിലവാരം പിൻപറ്റാനുള്ള നമ്മുടെ ദൃഢതീരുമാനത്തെ പിന്തുണയ്ക്കുന്നതിനുള്ള ചില വിധങ്ങൾ ഏവ?
• ശലോമോൻ പരാമർശിച്ച യുവാവിന്റെ പാപങ്ങളിൽനിന്നു നമുക്ക് എന്തു പാഠങ്ങൾ പഠിക്കാനാകും?
• ദാവീദിന്റെ ദൃഷ്ടാന്തം അനുതാപത്തെ കുറിച്ച് നമ്മെ എന്താണു പഠിപ്പിക്കുന്നത്?
[13-ാം പേജിലെ ചിത്രം]
നിങ്ങളുടെ ധാർമിക നിലപാട് മറ്റുള്ളവരെ അറിയിക്കുന്നത് ഒരു സംരക്ഷണമാണ്
[17-ാം പേജിലെ ചിത്രങ്ങൾ]
ആത്മാർഥമായി അനുതപിച്ചതുകൊണ്ട് ദാവീദിന് യഹോവയുടെ ക്ഷമ ലഭിച്ചു