നമ്മുടെ നാളുകളെ എണ്ണേണ്ടത് എങ്ങനെയെന്ന് യഹോവ കാണിച്ചുതരുന്നു
“ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.”—സങ്കീർത്തനം 90:12.
1. ‘നമ്മുടെ നാളുകളെ എണ്ണേണ്ടത്’ എങ്ങനെയെന്നു കാണിച്ചുതരാൻ യഹോവയോടു പ്രാർഥിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
യഹോവയാം ദൈവം നമ്മുടെ സ്രഷ്ടാവും ജീവദാതാവുമാണ്. (സങ്കീർത്തനം 36:9; വെളിപ്പാടു 4:11) അതുകൊണ്ട് നമ്മുടെ ജീവിതം ജ്ഞാനപൂർവകമായ ഒരു വിധത്തിൽ എങ്ങനെ ഉപയോഗിക്കാമെന്നു കാണിച്ചുതരാൻ അവനെക്കാൾ മെച്ചപ്പെട്ട സ്ഥാനത്തായിരിക്കുന്ന ആരുമില്ല. ഉചിതമായി സങ്കീർത്തനക്കാരൻ ദൈവത്തോട് ഇങ്ങനെ അപേക്ഷിച്ചു: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ [“കാണിച്ചുതരേണമേ,” NW].” (സങ്കീർത്തനം 90:12) പ്രസ്തുത അപേക്ഷ കാണുന്ന 90-ാം സങ്കീർത്തനം തീർച്ചയായും നമ്മുടെ ശ്രദ്ധാപൂർവകമായ പരിചിന്തനം അർഹിക്കുന്നു. എന്നാൽ നമുക്ക് ആദ്യം ഈ ദിവ്യ നിശ്വസ്ത ഗീതം ഒന്ന് അവലോകനം ചെയ്യാം.
2. (എ) സങ്കീർത്തനം 90-ന്റെ എഴുത്തുകാരനായി ആരുടെ പേര് നൽകിയിരിക്കുന്നു, അത് എഴുതപ്പെട്ടത് എപ്പോൾ ആയിരിക്കാം? (ബി) ജീവിതം സംബന്ധിച്ച നമ്മുടെ വീക്ഷണത്തെ സങ്കീർത്തനം 90 എങ്ങനെ ബാധിക്കണം?
2 സങ്കീർത്തനം 90-ന്റെ മേലെഴുത്ത് “ദൈവപുരുഷനായ മോശെയുടെ ഒരു പ്രാർത്ഥന” എന്നാണ്. ഈ സങ്കീർത്തനം മനുഷ്യജീവിതത്തിന്റെ ക്ഷണികതയെ ഊന്നിപ്പറയുന്നതിനാൽ, ഇസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽനിന്നു വിടുവിക്കപ്പെട്ട് 40 വർഷക്കാലം മരുഭൂമിയിൽ പ്രയാണം ചെയ്തിരുന്ന സമയത്ത്, ആയിരങ്ങളുടെ മരണം ആ വിശ്വാസരഹിത തലമുറയ്ക്ക് അന്ത്യം വരുത്തിയപ്പോൾ രചിക്കപ്പെട്ടത് ആയിരിക്കാനാണു സാധ്യത. (സംഖ്യാപുസ്തകം 32:9-13) എന്തായിരുന്നാലും, അപൂർണ മനുഷ്യരുടെ ജീവിതം ഹ്രസ്വമാണെന്ന് സങ്കീർത്തനം 90 പ്രകടമാക്കുന്നു. അങ്ങനെയെങ്കിൽ വ്യക്തമായും നാം നമ്മുടെ അമൂല്യമായ നാളുകൾ ജ്ഞാനപൂർവം ഉപയോഗിക്കണം.
3. സങ്കീർത്തനം 90-ൽ അടിസ്ഥാനപരമായി എന്തെല്ലാം അടങ്ങിയിരിക്കുന്നു?
3 യഹോവ നമ്മുടെ നിത്യനിവാസ സ്ഥാനം ആയിരിക്കുന്നതായി സങ്കീർത്തനം 90-ന്റെ 1 മുതൽ 6 വരെയുള്ള വാക്യങ്ങൾ തിരിച്ചറിയിക്കുന്നു. നമ്മുടെ ക്ഷണികമായ വർഷങ്ങൾ അവനു സ്വീകാര്യമായ വിധത്തിൽ ഉപയോഗിക്കുന്നതിന് നാം എന്തു ചെയ്യേണ്ടതുണ്ടെന്ന് അതിന്റെ 7 മുതൽ 12 വരെയുള്ള വാക്യങ്ങൾ പ്രകടമാക്കുന്നു. 13 മുതൽ 17 വരെയുള്ള വാക്യങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നതു പോലെ, യഹോവയുടെ സ്നേഹദയയ്ക്കും അനുഗ്രഹത്തിനും പാത്രമാകാൻ നാം ആത്മാർഥമായി ആഗ്രഹിക്കുന്നു. തീർച്ചയായും ഈ സങ്കീർത്തനം, യഹോവയുടെ ദാസന്മാർ എന്ന നിലയിൽ നമുക്കു വ്യക്തിപരമായി ഉണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചു മുൻകൂട്ടി പറയുന്നില്ല. എന്നിരുന്നാലും, അതിലെ പ്രാർഥനാപൂർവകമായ വികാരങ്ങൾ നാം കാര്യമായി എടുക്കേണ്ടതുണ്ട്. അതുകൊണ്ട് ദൈവത്തിനു സമർപ്പിക്കപ്പെട്ടിരിക്കുന്നവരുടെ വീക്ഷണത്തോടെ നമുക്ക് സങ്കീർത്തനം 90 അടുത്തു പരിശോധിക്കാം.
യഹോവ നമ്മുടെ ‘സങ്കേതം’
4-6. യഹോവ നമുക്ക് ‘സങ്കേതം’ ആയിരിക്കുന്നത് എങ്ങനെ?
4 സങ്കീർത്തനക്കാരൻ ഈ വാക്കുകളോടെ തുടങ്ങുന്നു: “കർത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു; പർവ്വതങ്ങൾ ഉണ്ടായതിന്നും [‘ജനിച്ചതിനും,’ NW] നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിർമ്മിച്ചതിന്നും [‘പ്രസവവേദനയോടെ ഉളവാക്കിയതിനും,’ NW] മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.”—സങ്കീർത്തനം 90:1, 2.
5 നമ്മെ സംബന്ധിച്ചിടത്തോളം, ‘നിത്യദൈവ’മായ യഹോവ ഒരു ആത്മീയ “സങ്കേത”മാണ്. (റോമർ 16:26, ഓശാന ബൈബിൾ) ‘പ്രാർത്ഥന കേൾക്കുന്നവൻ’ എന്ന നിലയിൽ നമ്മെ സഹായിക്കാൻ അവൻ എപ്പോഴും ഉള്ളതുകൊണ്ട് നമുക്കു സുരക്ഷിതത്വം തോന്നുന്നു. (സങ്കീർത്തനം 65:2) നമ്മുടെ ഉത്കണ്ഠകൾ ദൈവത്തിന്റെ പ്രിയ പുത്രൻ മുഖാന്തരം സ്വർഗീയ പിതാവിൽ ഇടുന്നതിനാൽ, ‘സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നമ്മുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.’—ഫിലിപ്പിയർ 4:6, 7; മത്തായി 6:9; യോഹന്നാൻ 14:6, 14.
6 ആലങ്കാരികമായി പറഞ്ഞാൽ, യഹോവ നമ്മുടെ ‘സങ്കേതം’ ആയതിനാൽ നാം ആത്മീയ സുരക്ഷിതത്വം ആസ്വദിക്കുന്നു. അവൻ ആത്മീയ സങ്കേതങ്ങൾ എന്ന നിലയിൽ, ‘അറകളും’ പ്രദാനം ചെയ്യുന്നു—ഇവ അവന്റെ ജനത്തിന്റെ സഭകളോടു വളരെ അടുത്തു ബന്ധപ്പെട്ടിരിക്കുന്നവ ആകാം. ഇവിടെ സ്നേഹസമ്പന്നരായ ഇടയന്മാർ നമ്മുടെ സുരക്ഷിതത്വബോധം വളരെയധികമായി വർധിപ്പിക്കുന്നു. (യെശയ്യാവു 26:20; 32:1, 2; പ്രവൃത്തികൾ 20:28, 29) മാത്രമല്ല, നമ്മിൽ ചിലർ ദൈവസേവനത്തിൽ ദീർഘകാല ചരിത്രം ഉള്ള കുടുംബങ്ങളിൽ നിന്നുള്ളവരും യഹോവ ‘തലമുറതലമുറയായി ഒരു സങ്കേതം’ ആണെന്നു വ്യക്തിപരമായി അനുഭവിച്ചറിഞ്ഞിട്ടുള്ളവരുമാണ്.
7. പർവതങ്ങൾ ‘ജനിച്ച’തും ഭൂമി ‘പ്രസവവേദനയോടെ’ ഉളവാക്കപ്പെട്ടതും ഏത് അർഥത്തിൽ?
7 പർവതങ്ങൾ ‘ജനിക്കു’ന്നതിനും ഭൂമിയെ ‘പ്രസവവേദനയോടെ’ ഉളവാക്കുന്നതിനും മുമ്പ് യഹോവ അസ്തിത്വത്തിൽ ഉണ്ടായിരുന്നു. മനുഷ്യ നിലപാടിൽനിന്നു നോക്കുമ്പോൾ, ഭൂമി സകല പ്രത്യേകതകളോടും അതിന്റെ രാസഘടനയോടും സങ്കീർണമായ സംവിധാനങ്ങളോടും കൂടെ സൃഷ്ടിക്കുന്നതിനു വളരെയധികം ശ്രമം ആവശ്യമായിരുന്നു. പർവതങ്ങൾ ‘ജനിച്ചു’ എന്നും ഭൂമിയെ ‘പ്രസവവേദനയോടെ’ ഉളവാക്കി എന്നും പറയുമ്പോൾ, യഹോവ ഇവയെ സൃഷ്ടിച്ചപ്പോൾ ഉൾപ്പെട്ടിരുന്ന വേലയുടെ അളവിനോട് സങ്കീർത്തനക്കാരൻ വളരെയധികം ആദരവു പ്രകടമാക്കുകയാണ്. സ്രഷ്ടാവിന്റെ കരവേലയോട് നമുക്കു സമാനമായ ആദരവും വിലമതിപ്പും ഉണ്ടായിരിക്കേണ്ടതല്ലേ?
യഹോവ—നമ്മെ സഹായിക്കാൻ സദാ സന്നദ്ധൻ
8. യഹോവ “അനാദിയായും ശാശ്വതമായും” ദൈവമായിരിക്കുന്നു എന്ന പ്രസ്താവനയുടെ അർഥമെന്ത്?
8 “നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു” എന്ന് സങ്കീർത്തനക്കാരൻ പാടി. ‘ശാശ്വതമായ’ അഥവാ ‘നിത്യമായ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂല പദത്തിന് ഒരു അവസാനം ഉള്ളതും എന്നാൽ എത്രകാലം നിലനിൽക്കുമെന്നു പ്രത്യേകമായി പ്രതിപാദിച്ചിട്ടില്ലാത്തതുമായ കാര്യങ്ങളെ സൂചിപ്പിക്കാൻ കഴിയും. (പുറപ്പാടു 31:16, 17; എബ്രായർ 9:15) എന്നാൽ, സങ്കീർത്തനം 90:2-ലും എബ്രായ തിരുവെഴുത്തുകളിൽ മറ്റു ചില ഭാഗങ്ങളിലും ആ പദം ‘നിത്യത’യെത്തന്നെ സൂചിപ്പിക്കുന്നു. (സഭാപ്രസംഗി 1:4) ദൈവം എക്കാലവും അസ്തിത്വത്തിൽ ഉണ്ടായിരുന്നിട്ടുള്ളത് എങ്ങനെയെന്ന് നമ്മുടെ മനസ്സിന് ഉൾക്കൊള്ളാനാവില്ല. എങ്കിലും, യഹോവയ്ക്ക് ആരംഭം ഇല്ലായിരുന്നു, അവന് അവസാനം ഉണ്ടായിരിക്കുകയുമില്ല. (ഹബക്കൂക് 1:12, NW) അവൻ എന്നെന്നും ജീവിച്ചിരിക്കും, നമ്മെ സഹായിക്കാൻ സന്നദ്ധനും ആയിരിക്കും.
9. മനുഷ്യ അസ്തിത്വത്തിന്റെ ആയിരം വർഷത്തെ സങ്കീർത്തനക്കാരൻ എന്തിനോട് തുലനം ചെയ്യുന്നു?
9 മനുഷ്യരുടെ ആയിരം വർഷത്തെ, നിത്യനായ സ്രഷ്ടാവിന്റെ വീക്ഷണത്തിലുള്ള വളരെ ഹ്രസ്വമായ സമയത്തോടു തുലനം ചെയ്യാൻ സങ്കീർത്തനക്കാരൻ നിശ്വസ്തനാക്കപ്പെട്ടു. ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവൻ ഇങ്ങനെ എഴുതി: “നീ മർത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരേ, തിരികെ വരുവിൻ [“തിരികെ പോകുവിൻ,” NW] എന്നും അരുളിച്ചെയ്യുന്നു. ആയിരം സംവത്സരം നിന്റെ ദൃഷ്ടിയിൽ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.”—സങ്കീർത്തനം 90:3, 4.
10. ദൈവം മനുഷ്യനെ ‘പൊടിയിലേക്കു മടങ്ങുമാറാക്കുന്നത്’ എങ്ങനെ?
10 മനുഷ്യൻ മരണമുള്ളവനാണ്, ദൈവം അവനെ ‘പൊടിയിലേക്കു മടങ്ങുമാറാക്കുന്നു.’ അതായത് അവൻ പൊടിയായ മണ്ണിലേക്കു തിരികെ പോകുന്നു. ഫലത്തിൽ, ‘നിന്നെ നിർമിച്ചിരിക്കുന്ന പൊടിയിലേക്കു തിരികെ പോകുവിൻ’ എന്ന് യഹോവ പറയുന്നു. (ഉല്പത്തി 2:7; 3:19) ഇത് എല്ലാവർക്കും ബാധകമാണ്—ബലവാന്മാർക്കും ബലഹീനർക്കും, സമ്പന്നർക്കും ദരിദ്രർക്കും ഒരുപോലെ. കാരണം, ‘സഹോദരൻ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്ന് അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും’—അപൂർണ മനുഷ്യരിൽ ആർക്കും—‘കഴികയില്ല.’ (സങ്കീർത്തനം 49:6-9) ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കി’യതിൽ നാം എത്ര നന്ദിയുള്ളവരാണ്!—യോഹന്നാൻ 3:16; റോമർ 6:23.
11. നമ്മെ സംബന്ധിച്ചിടത്തോളം ദീർഘമായ ഒരു കാലഘട്ടം ദൈവത്തിനു ഹ്രസ്വമാണെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
11 യഹോവയുടെ വീക്ഷണത്തിൽ, 969 വയസ്സുണ്ടായിരുന്ന മെഥൂശലഹ് പോലും ഒരു ദിവസത്തിൽ താഴെ മാത്രമാണ് ജീവിച്ചത്. (ഉല്പത്തി 5:27) ദൈവത്തെ സംബന്ധിച്ചിടത്തോളം, ആയിരം സംവത്സരം ഇന്നലെ കഴിഞ്ഞുപോയ ദിവസം—24 മണിക്കൂർ അടങ്ങുന്ന ഒരു കാലയളവ്—പോലെയാണ്. ദൈവത്തെ സംബന്ധിച്ചിടത്തോളം ആയിരം സംവത്സരം രാത്രിയിലെ ഒരു കാവൽക്കാരന്റെ നാലു മണിക്കൂർ അടങ്ങുന്ന ഒരു യാമം പോലെയും ആണെന്ന് സങ്കീർത്തനക്കാരൻ പറയുന്നു. (ന്യായാധിപന്മാർ 7:19) അപ്പോൾ, നമ്മുടെ ദീർഘകാലം നിത്യദൈവമായ യഹോവയെ സംബന്ധിച്ചിടത്തോളം വളരെ ഹ്രസ്വമാണെന്നു വ്യക്തം.
12. ദൈവം മനുഷ്യരെ ‘ഒഴുക്കിക്കളയുന്നത്’ എങ്ങനെ?
12 ദൈവത്തിന്റെ നിത്യമായ അസ്തിത്വത്തോടുള്ള താരതമ്യത്തിൽ ഇപ്പോഴത്തെ മനുഷ്യജീവിതം തീർച്ചയായും ഹ്രസ്വമാണ്. സങ്കീർത്തനക്കാരൻ ഇപ്രകാരം പറയുന്നു: “നീ അവരെ ഒഴുക്കിക്കളയുന്നു; അവർ ഉറക്കംപോലെ അത്രേ; അവർ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു. അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.” (സങ്കീർത്തനം 90:5, 6) മരുഭൂമിയിൽ ആയിരക്കണക്കിന് ഇസ്രായേല്യർ മരിച്ചുവീഴുന്നത് മോശെ കണ്ടു, ഒരു പ്രളയത്തിൽ എന്നപോലെ ദൈവം അവരെ ‘ഒഴുക്കിക്കളഞ്ഞു.’ പ്രസ്തുത വാക്യത്തിന്റെ ഈ ഭാഗം “മരണനിദ്രയിൽ നീ അവരെ ഒഴുക്കിക്കളയുന്നു” എന്നും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. (പുതിയ അന്താരാഷ്ട്ര പരിഭാഷ) അപൂർണ മനുഷ്യരുടെ ആയുഷ്കാലം ഹ്രസ്വ നേരത്തെ “ഉറക്കംപോലെ” ആണ്—ഒരു രാത്രിയിലെ ഉറക്കത്തോട് അതിനെ താരതമ്യം ചെയ്യാവുന്നതാണ്.
13. നാം “പുല്ലുപോലെ” ആയിരിക്കുന്നത് എങ്ങനെ, അത് നമ്മുടെ ചിന്തയെ എങ്ങനെ ബാധിക്കണം?
13 നാം ‘രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെയാണ്.’ സൂര്യന്റെ ഉഗ്രമായ ചൂടിൽ അതു വൈകുന്നേരം ആകുമ്പോഴേക്കും വാടിപ്പോകുന്നു. അതേ, നമ്മുടെ ജീവിതം ഒറ്റ ദിവസംകൊണ്ടു വാടിപ്പോകുന്ന പുല്ലുപോലെ ക്ഷണികമാണ്. അതുകൊണ്ട്, നമുക്ക് അമൂല്യമായ നമ്മുടെ ജീവിതം പാഴാക്കാതിരിക്കാം. ആയതിനാൽ ഈ വ്യവസ്ഥിതിയിൽ ശേഷിക്കുന്ന ജീവകാലം എങ്ങനെ ഉപയോഗിക്കണം എന്നതു സംബന്ധിച്ച് നാം ദൈവത്തിന്റെ മാർഗനിർദേശം തേടേണ്ടതുണ്ട്.
‘നമ്മുടെ നാളുകളെ എണ്ണാൻ’ യഹോവ സഹായിക്കുന്നു
14, 15. സങ്കീർത്തനം 90:7-9-ന് ഇസ്രായേല്യരുടെമേൽ എന്തു നിവൃത്തി ഉണ്ടായിരുന്നു?
14 ദൈവത്തെ സംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഞങ്ങൾ നിന്റെ കോപത്താൽ ക്ഷയിച്ചും നിന്റെ ക്രോധത്താൽ ഭ്രമിച്ചും പോകുന്നു. നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു. ഞങ്ങളുടെ നാളുകളൊക്കെയും നിന്റെ ക്രോധത്തിൽ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങൾ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നു.”—സങ്കീർത്തനം 90:7-9.
15 വിശ്വാസരഹിതരായിരുന്ന ഇസ്രായേല്യർ ‘ദൈവത്തിന്റെ കോപത്തിൽ ക്ഷയിച്ചു.’ അവർ അവന്റെ ‘ക്രോധത്തിൽ ഭ്രമിച്ചു’ അഥവാ ‘അമർഷത്തിൽ ഭയപ്പെട്ടു.’ (പുതിയ അന്താരാഷ്ട്ര പരിഭാഷ) ദിവ്യ ന്യായവിധികളുടെ ഫലമായി ചിലർ ‘മരുഭൂമിയിൽ തള്ളിയിടപ്പെട്ടു.’ (1 കൊരിന്ത്യർ 10:5) യഹോവ ‘അവരുടെ അകൃത്യങ്ങളെ തന്റെ മുമ്പിൽ വെച്ചു.’ അവരുടെ പരസ്യമായ ദുഷ്പ്രവൃത്തിക്ക് അവൻ കണക്കു ചോദിച്ചു. എന്നാൽ അവരുടെ ‘രഹസ്യപാപങ്ങൾ അവന്റെ മുഖപ്രകാശത്തിൽ’ ആയിരുന്നു. (സദൃശവാക്യങ്ങൾ 15:3) ദൈവക്രോധത്തിന്റെ പാത്രങ്ങൾ എന്ന നിലയിൽ, അനുതാപമില്ലാഞ്ഞ ഇസ്രായേല്യർ ‘തങ്ങളുടെ സംവത്സരങ്ങളെ ഒരു നെടുവീർപ്പുപോലെ കഴിച്ചു.’ അക്കാരണത്താൽ, നമ്മുടെതന്നെ ആയുഷ്കാലം വെറുമൊരു നെടുവീർപ്പു പോലെയാണ്.
16. ആരെങ്കിലും രഹസ്യമായി പാപം ചെയ്യുന്നെങ്കിൽ, അവർ എന്തു ചെയ്യണം?
16 നമ്മിൽ ആരെങ്കിലും രഹസ്യമായി പാപം ചെയ്യുന്നുണ്ടെങ്കിൽ, കുറെ കാലത്തേക്കു സഹമനുഷ്യരിൽനിന്ന് അതു മറച്ചുവെക്കാൻ നമുക്കു കഴിഞ്ഞേക്കാം. എന്നാൽ, നമ്മുടെ രഹസ്യ പാപങ്ങൾ ‘യഹോവയുടെ മുഖപ്രകാശത്തിൽ’ ആണ്. നമ്മുടെ പ്രവൃത്തികൾ അവനുമായുള്ള നമ്മുടെ ബന്ധത്തെ തകരാറിലാക്കും. യഹോവയുമായുള്ള അടുപ്പം നിലനിറുത്താൻ നാം അവന്റെ ക്ഷമയ്ക്കായി അപേക്ഷിക്കുകയും നമ്മുടെ ലംഘനങ്ങൾ ഉപേക്ഷിക്കുകയും ക്രിസ്തീയ മൂപ്പന്മാർ നൽകുന്ന ആത്മീയ സഹായം നന്ദിപൂർവം സ്വീകരിക്കുകയും വേണം. (സദൃശവാക്യങ്ങൾ 28:13; യാക്കോബ് 5:14, 15) നിത്യജീവന്റെ പ്രത്യാശയെ അപകടത്തിലാക്കിക്കൊണ്ട് ‘നമ്മുടെ സംവത്സരങ്ങളെ ഒരു നെടുവീർപ്പുപോലെ കഴിക്കുന്നതി’നെക്കാൾ എത്രയോ നല്ലതായിരിക്കും അത്!
17. ആളുകളുടെ ശരാശരി ആയുഷ്കാലം എത്രയാണ്, നമ്മുടെ വർഷങ്ങൾ എന്തുകൊണ്ട് നിറഞ്ഞിരിക്കുന്നു?
17 അപൂർണ മനുഷ്യരുടെ ആയുഷ്കാലത്തെ കുറിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാൽ എൺപതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങൾ പറന്നു പോകയും ചെയ്യുന്നു.” (സങ്കീർത്തനം 90:10) ഇന്നു ആളുകളുടെ ശരാശരി ആയുസ്സ് 70 വർഷമാണ്. 85-ാമത്തെ വയസ്സിൽ, തനിക്ക് അസാധാരണ ശക്തി ഉള്ളതായി കാലേബ് പറഞ്ഞു. ഇതിൽനിന്നു ഭിന്നമായി കൂടുതൽ കാലം ജീവിച്ചിരുന്നവർ ഉണ്ടായിരുന്നു, അഹരോൻ (123), മോശെ (120), യോശുവ (110) എന്നിവർ അതിന് ഉദാഹരണമാണ്. (സംഖ്യാപുസ്തകം 33:39; ആവർത്തനപുസ്തകം 34:7; യോശുവ 14:6, 10, 11; 24:29) എന്നാൽ ഈജിപ്തിൽനിന്ന് പുറത്തുവന്ന വിശ്വാസരഹിതരായിരുന്ന ആ തലമുറയിൽ, 20 വയസ്സു മുതൽ മേലോട്ട് എണ്ണപ്പെട്ടവരായി ഉണ്ടായിരുന്നവർ 40 വർഷത്തിനുള്ളിൽ മരിച്ചു. (സംഖ്യാപുസ്തകം 14:29-34) ഇന്നു പല രാജ്യങ്ങളിലും മനുഷ്യന്റെ ശരാശരി ആയുസ്സ് സങ്കീർത്തനക്കാരൻ നൽകിയതു തന്നെയാണ്. നമ്മുടെ വർഷങ്ങൾ ‘പ്രയാസവും ദുഃഖവും’കൊണ്ടു നിറഞ്ഞിരിക്കുന്നു. അവ പെട്ടെന്നു കടന്നുപോകുന്നു. അതേ, ‘നാം പറന്നുപോകുന്നു.’—ഇയ്യോബ് 14:1, 2.
18, 19. (എ) ‘ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം നമ്മുടെ നാളുകളെ എണ്ണുക’ എന്നതിന്റെ അർഥമെന്ത്? (ബി) നാം ജ്ഞാനം പ്രയോഗിക്കുന്നത് നമ്മെ എന്തിനു പ്രേരിപ്പിക്കും?
18 തുടർന്ന് സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവൻ ആർ? ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” (സങ്കീർത്തനം 90:11, 12) ദൈവത്തിന്റെ കോപത്തിന്റെ ശക്തിയോ അവന്റെ ക്രോധത്തിന്റെ വ്യാപ്തിയോ നമ്മിലാർക്കും പൂർണമായി അറിയില്ല. യഹോവയോട് കൂടുതലായി ഭക്ത്യാദരപൂർവകമായ ഭയം പ്രകടമാക്കാൻ അത് ഇടയാക്കണം. ‘ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം നമ്മുടെ നാളുകളെ [എങ്ങനെ] എണ്ണാൻ’ കഴിയുമെന്ന് യഹോവയോടു ചോദിക്കാൻ ഇതു നമ്മെ പ്രേരിപ്പിക്കണം.
19 ശേഷിക്കുന്ന ദിനങ്ങളെ വിലമതിക്കുന്നതിലും ദൈവം അംഗീകരിക്കുന്ന വിധത്തിൽ ഉപയോഗിക്കുന്നതിലും ജ്ഞാനം എങ്ങനെ ഉപയോഗിക്കണമെന്ന് തന്റെ ജനത്തെ പഠിപ്പിക്കാനുള്ള ഒരു പ്രാർഥനയാണ് സങ്കീർത്തനക്കാരന്റെ വാക്കുകളിൽ ഉള്ളത്. 70 വർഷത്തെ ഒരു ആയുഷ്കാലത്ത് 25,500 ദിവസങ്ങളാണ് ഉള്ളത്. നമ്മുടെ പ്രായം എന്തായിരുന്നാലും, ‘നാളെത്തേതു നമ്മൾ അറിയുന്നില്ലല്ലോ; നമ്മുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.’ (യാക്കോബ് 4:13-15) ‘കാലവും മുൻകൂട്ടി കാണാത്ത സംഗതികളും സകലർക്കും സംഭവിക്കുന്ന’തിനാൽ നാം എത്ര കാലം കൂടി ജീവിച്ചിരിക്കുമെന്ന് നമുക്കു പറയാനാവില്ല. അതുകൊണ്ട്, പരിശോധനകളെ കൈകാര്യം ചെയ്യാനും മറ്റുള്ളവരോട് ഉചിതമായി ഇടപെടാനും ഇപ്പോൾ—ഇന്ന്—യഹോവയുടെ സേവനത്തിൽ പരമാവധി ചെയ്യാനുമുള്ള ജ്ഞാനത്തിനായി നമുക്കു പ്രാർഥിക്കാം! (സഭാപ്രസംഗി 9:11; യാക്കോബ് 1:5-8) യഹോവ തന്റെ വചനവും ആത്മാവും സംഘടനയും മുഖാന്തരം നമ്മെ വഴിനയിക്കുന്നു. (മത്തായി 24:45-47; 1 കൊരിന്ത്യർ 2:10; 2 തിമൊഥെയൊസ് 3:16, 17) ‘മുമ്പെ അവന്റെ രാജ്യം അന്വേഷിക്കാ’നും യഹോവയ്ക്കു മഹത്ത്വം കരേറ്റുകയും അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന വിധത്തിൽ നമ്മുടെ നാളുകളെ ഉപയോഗിക്കാനും ജ്ഞാനം പ്രയോഗിക്കുമ്പോൾ നമുക്കു സാധിക്കും. (മത്തായി 6:25-33; സദൃശവാക്യങ്ങൾ 27:11) മുഴുഹൃദയത്തോടെ അവനെ ആരാധിക്കുന്നത് നമ്മുടെ സകല പ്രശ്നങ്ങളെയും നീക്കം ചെയ്യുകയില്ല. എന്നാൽ അതു തീർച്ചയായും വലിയ സന്തോഷത്തിൽ കലാശിക്കുന്നു.
യഹോവയുടെ അനുഗ്രഹം നമ്മെ സന്തുഷ്ടരാക്കുന്നു
20. (എ) ദൈവത്തിന് ‘സഹതാപം തോന്നുന്നത്’ ഏതു വിധത്തിൽ? (ബി) നാം ഗുരുതരമായ പാപം ചെയ്താലും യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ, യഹോവ നമ്മോട് എങ്ങനെ ഇടപെടും?
20 നമ്മുടെ ശിഷ്ട ജീവിതത്തിലുടനീളം സന്തോഷിക്കാൻ കഴിഞ്ഞാൽ അത് എത്ര നന്നായിരിക്കും! ഇക്കാര്യത്തിൽ മോശെ ഇങ്ങനെ അപേക്ഷിക്കുന്നു: ‘യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ. കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു [അഥവാ “വിശ്വസ്ത സ്നേഹം,” NW, അടിക്കുറിപ്പ്] തൃപ്തരാക്കേണമേ; എന്നാൽ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങൾ ഘോഷിച്ചാനന്ദിക്കും.’ (സങ്കീർത്തനം 90:13, 14) ദൈവം തെറ്റുകൾ വരുത്തുന്നില്ല. എങ്കിലും, ശിക്ഷയെ കുറിച്ചുള്ള യഹോവയുടെ മുന്നറിയിപ്പ് അനുതാപമുള്ള പാപികളുടെ മനോഭാവത്തിലും നടത്തയിലും മാറ്റം വരുത്തുമ്പോൾ അവനു ‘സഹതാപം തോന്നി’ തന്റെ കോപത്തിൽനിന്നു ‘വിട്ടുതിരി’യുകതന്നെ ചെയ്യുന്നു. (ആവർത്തനപുസ്തകം 13:18) അതുകൊണ്ട് നാം ഗുരുതരമായ പാപം ചെയ്താൽ പോലും, യഥാർഥ അനുതാപം പ്രകടമാക്കുന്നെങ്കിൽ, യഹോവ ‘തന്റെ ദയകൊണ്ടു നമ്മെ തൃപ്തരാക്കും.’ അപ്പോൾ നമുക്ക് ‘ഘോഷിച്ചാനന്ദിക്കാൻ’ കാരണമുണ്ടായിരിക്കും. (സങ്കീർത്തനം 32:1-5) നീതിനിഷ്ഠമായ ഒരു ഗതി പിന്തുടരുകവഴി, നമ്മോടുള്ള യഹോവയുടെ വിശ്വസ്ത സ്നേഹം നാം മനസ്സിലാക്കും. ശേഷിച്ച ‘നമ്മുടെ ആയുഷ്കാലമൊക്കെയും ഘോഷിച്ചാനന്ദിക്കാനും’ നമുക്കു കഴിയും.
21. സങ്കീർത്തനം 90:15, 16-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകളിൽ, മോശെ എന്തിനു വേണ്ടി അപേക്ഷിക്കുകയായിരുന്നിരിക്കാം?
21 സങ്കീർത്തനക്കാരൻ ആത്മാർഥമായി ഇങ്ങനെ പ്രാർഥിക്കുന്നു: “നീ ഞങ്ങളെ ക്ലേശിപ്പിച്ച ദിവസങ്ങൾക്കും ഞങ്ങൾ അനർത്ഥം അനുഭവിച്ച സംവത്സരങ്ങൾക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ. നിന്റെ ദാസന്മാർക്കു നിന്റെ പ്രവൃത്തിയും അവരുടെ മക്കൾക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.” (സങ്കീർത്തനം 90:15, 16) ഇസ്രായേല്യർ ക്ലേശം അനുഭവിച്ച ദിവസങ്ങൾക്കും അവർക്ക് അനർഥം സംഭവിച്ച വർഷങ്ങൾക്കും ആനുപാതികമായ ഒരു കാലത്തേക്ക് സന്തോഷം നൽകി ഇസ്രായേലിനെ അനുഗ്രഹിക്കാൻ മോശെ ദൈവത്തോട് അപേക്ഷിക്കുക ആയിരുന്നിരിക്കാം. ഇസ്രായേല്യരെ ദൈവം അനുഗ്രഹിക്കുന്ന “പ്രവൃത്തി” അവന്റെ ദാസന്മാർക്കു വ്യക്തമാകട്ടെയെന്നും അവന്റെ മഹത്ത്വം അവരുടെ മക്കൾക്കു വെളിപ്പെടട്ടെയെന്നും മോശെ അപേക്ഷിച്ചു. ദൈവത്തിന്റെ പുതിയ ലോകത്തിൽ അനുസരണമുള്ള മനുഷ്യവർഗത്തിന്മേൽ അനുഗ്രഹങ്ങൾ ചൊരിയപ്പെടുമാറാകട്ടെ എന്ന് നമുക്ക് ഉചിതമായി പ്രാർഥിക്കാൻ കഴിയും.—2 പത്രൊസ് 3:13.
22. സങ്കീർത്തനം 90:17 അനുസരിച്ച് എന്തിനു വേണ്ടി നമുക്ക് ഉചിതമായി പ്രാർഥിക്കാൻ കഴിയും?
22 പിൻവരുന്ന യാചനയോടെ 90-ാം സങ്കീർത്തനം അവസാനിക്കുന്നു: “ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേൽ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.” (സങ്കീർത്തനം 90:17) യഹോവയെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ അനുഗ്രഹിക്കാൻ ഉചിതമായും നമുക്ക് അവനോട് പ്രാർഥിക്കാൻ കഴിയുമെന്ന് ഈ വാക്കുകൾ പ്രകടമാക്കുന്നു. നാം അഭിഷിക്ത ക്രിസ്ത്യാനികളോ അവരുടെ സഹകാരികളായ വേറെ ആടുകളോ ആയിരുന്നാലും, “യഹോവയുടെ പ്രസാദം” നമ്മുടെമേൽ ഉള്ളതിൽ നാം സന്തോഷിക്കുന്നു. (യോഹന്നാൻ 10:16) രാജ്യപ്രസാധകർ എന്ന നിലയിലും മറ്റു വിധങ്ങളിലും ദൈവം നമ്മുടെ ‘കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തന്നിരിക്കുന്നതിൽ’ നാം എത്ര ധന്യരാണ്!
നമുക്ക് നമ്മുടെ നാളുകളെ എണ്ണുന്നതിൽ തുടരാം
23, 24. തൊണ്ണൂറാം സങ്കീർത്തനത്തെ കുറിച്ചു ധ്യാനിക്കുന്നതിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
23 തൊണ്ണൂറാം സങ്കീർത്തനത്തെ കുറിച്ചുള്ള ധ്യാനം, നമ്മുടെ “സങ്കേതമായ” യഹോവയിലുള്ള ആശ്രയത്വം തീർച്ചയായും വർധിപ്പിക്കേണ്ടതാണ്. ജീവിതത്തിന്റെ ഹ്രസ്വത സംബന്ധിച്ച അതിലെ വാക്കുകളെ കുറിച്ചു ധ്യാനിക്കുകവഴി, നമ്മുടെ നാളുകളെ എണ്ണുന്നതിൽ ദിവ്യ മാർഗനിർദേശം ഉണ്ടായിരിക്കേണ്ട ആവശ്യം സംബന്ധിച്ച് നാം കൂടുതൽ ബോധവാന്മാർ ആയിരിക്കേണ്ടതാണ്. നാം ദൈവിക ജ്ഞാനം അന്വേഷിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിൽ ഉറ്റിരിക്കുന്നെങ്കിൽ, യഹോവയുടെ ദയയും അനുഗ്രഹവും നമുക്കു തീർച്ചയായും ലഭിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാൻ കഴിയും.
24 നമ്മുടെ നാളുകളെ എണ്ണേണ്ടത് എങ്ങനെയെന്ന് യഹോവ തുടർന്നും നമുക്കു കാണിച്ചുതരും. നാം അവന്റെ പ്രബോധനം സ്വീകരിക്കുന്നെങ്കിൽ, സകല നിത്യതയിലും നമ്മുടെ നാളുകളെ എണ്ണുന്നതിൽ നമുക്കു തുടരാൻ കഴിയും. (യോഹന്നാൻ 17:3) നിത്യജീവനെ നമ്മുടെ കാഴ്ചപ്പാടിൽ നിലനിറുത്തണമെങ്കിൽ, യഹോവ നമ്മുടെ സങ്കേതം ആയിരിക്കണം. (യൂദാ 20, 21) അടുത്ത ലേഖനത്തിൽ നാം കാണാൻ പോകുന്നതുപോലെ, 91-ാം സങ്കീർത്തനത്തിലെ പ്രോത്സാഹജനകമായ വാക്കുകളിൽ ഈ ആശയം സുവ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• യഹോവ നമുക്ക് ‘സങ്കേതം’ ആയിരിക്കുന്നത് എങ്ങനെ?
• നമ്മെ സഹായിക്കാൻ യഹോവ സദാ സന്നദ്ധനാണെന്നു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
• യഹോവ ‘നമ്മുടെ നാളുകളെ എണ്ണാൻ’ സഹായിക്കുന്നത് എങ്ങനെ?
• ‘നമ്മുടെ ആയുഷ്കാലമൊക്കെയും ഘോഷിച്ചാനന്ദിക്കാൻ’ നമ്മെ പ്രാപ്തമാക്കുന്നത് എന്ത്?
[11-ാം പേജിലെ ചിത്രം]
‘പർവതങ്ങൾ ജനിക്കുന്നതിനു മുമ്പേ’ യഹോവ ദൈവമായിരുന്നു
[12-ാം പേജിലെ ചിത്രം]
യഹോവയുടെ വീക്ഷണത്തിൽ, 969 വയസ്സുള്ള മെഥൂശലഹ് ഒരു ദിവസത്തിൽ താഴെ മാത്രമാണ് ജീവിച്ചത്
[14-ാം പേജിലെ ചിത്രങ്ങൾ]
യഹോവ ‘നമ്മുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തന്നിരിക്കുന്നു’