സമാനുഭാവം കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്നു
“മറ്റൊരാളുടെ നൊമ്പരത്തെ മധുരതരമാക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ ജീവിതം ധന്യമായി.” ഹെലൻ കെല്ലർ എഴുതിയതാണ് ആ വാക്കുകൾ. വൈകാരിക വേദന അനുഭവിച്ചറിഞ്ഞ ഒരു വ്യക്തിയായിരുന്നു കെല്ലർ. 19 മാസം പ്രായമുള്ളപ്പോൾ പിടിപെട്ട ഒരു രോഗം അവരെ അന്ധയും ബധിരയുമാക്കി. എന്നാൽ മനസ്സലിവുള്ള ഒരു അധ്യാപിക അന്ധലിപി (ബ്രെയ്ൽ) ഉപയോഗിച്ച് ഹെലനെ എഴുതാനും വായിക്കാനും പിന്നീട് സംസാരിക്കാനും പഠിപ്പിച്ചു.
ശാരീരിക വൈകല്യവുമായി മല്ലിടേണ്ടിവരുമ്പോൾ ഉണ്ടാകുന്ന നിരാശാബോധം കെല്ലറുടെ അധ്യാപികയായ ആൻ സളിവന് നന്നായി അറിയാമായിരുന്നു. കാഴ്ചശക്തി ഏതാണ്ടു പാടേ നഷ്ടപ്പെട്ട ഒരു സ്ത്രീ ആയിരുന്നു അവർ. എന്നാൽ ഹെലനുമായി ആശയവിനിമയം നടത്താൻ വളരെ ക്ഷമയോടെ അവർ ഒരു മാർഗം ആവിഷ്കരിച്ചു. ഹെലന്റെ കൈവെള്ളയിൽ അവർ ഓരോ അക്ഷരങ്ങൾ എഴുതിക്കൊടുക്കുമായിരുന്നു. തന്റെ അധ്യാപികയുടെ സമാനുഭാവത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വന്തം ജീവിതം അന്ധർക്കും ബധിരർക്കുമായി ഉഴിഞ്ഞുവെക്കാൻ ഹെലൻ തീരുമാനിച്ചു. കഠിന പ്രയത്നത്താൽ സ്വന്തം വൈകല്യത്തെ തരണം ചെയ്ത ഹെലന് സമാനമായ സാഹചര്യത്തിൽ ഉള്ളവരോടു സമാനുഭാവവും മനസ്സലിവും തോന്നി. അങ്ങനെയുള്ളവരെ സഹായിക്കാൻ ഹെലൻ ആഗ്രഹിച്ചു.
സ്വാർഥത നിറഞ്ഞ ഈ ലോകത്തിൽ ‘മനസ്സലിവു കാണിക്കാതിരിക്കാനും’ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു നേരെ കണ്ണടയ്ക്കാനും എളുപ്പമാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. (1 യോഹന്നാൻ 3:17) എന്നാൽ, അയൽക്കാരനെ സ്നേഹിക്കാനും തമ്മിൽ ഉറ്റ സ്നേഹം ഉണ്ടായിരിക്കാനും ക്രിസ്ത്യാനികളോടു ദൈവം ആവശ്യപ്പെടുന്നു. (മത്തായി 22:39; 1 പത്രൊസ് 4:8) എങ്കിലും ഈ വസ്തുത നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടാകും: അന്യോന്യം സ്നേഹിക്കാൻ നാം പൂർണമായും മനസ്സൊരുക്കം ഉള്ളവർ ആയിരിക്കാമെങ്കിലും, മറ്റുള്ളവരുടെ വേദനയെ ശമിപ്പിക്കാനുള്ള അവസരങ്ങൾ പലപ്പോഴും നാം അവഗണിക്കുന്നു. അവരുടെ ആവശ്യങ്ങളെ കുറിച്ചു നാം ബോധവാന്മാർ അല്ലാത്തതായിരിക്കാം അതിനുള്ള കാരണം. എന്നാൽ കരുണയും അനുകമ്പയും പ്രകടമാക്കാൻ സഹായിക്കുന്ന ഒരു സുപ്രധാന ഘടകമാണു സമാനുഭാവം.
എന്താണു സമാനുഭാവം?
സമാനുഭാവം എന്നതിന്റെ നിർവചനം ‘മറ്റൊരാളുടെ സാഹചര്യവും വികാരങ്ങളും ആന്തരവുമായി താദാത്മ്യം പ്രാപിക്കൽ അല്ലെങ്കിൽ അവ മനസ്സിലാക്കൽ’ ആണെന്ന് ഒരു നിഘണ്ടു പറയുന്നു. മറ്റൊരാളുടെ സ്ഥാനത്തുനിന്നുകൊണ്ട് കാര്യങ്ങൾ വീക്ഷിക്കാനുള്ള കഴിവ് എന്നും അതിനെ വർണിച്ചിരിക്കുന്നു. അതുകൊണ്ട്, ആദ്യം മറ്റൊരാളുടെ സാഹചര്യങ്ങളെ ഉൾക്കൊള്ളാനും തുടർന്ന് ആ സാഹചര്യങ്ങൾ അയാളിൽ ഉളവാക്കുന്ന വികാരങ്ങൾ നമുക്കുതന്നെ തോന്നാനും സമാനുഭാവം നമ്മോട് ആവശ്യപ്പെടുന്നു. അതേ, മറ്റൊരാളുടെ വേദന സ്വന്തം ഹൃദയത്തിൽ നമുക്ക് അനുഭവപ്പെടുന്നതാണ് സമാനുഭാവം.
“സമാനുഭാവം” എന്ന പദം ബൈബിളിൽ കാണപ്പെടുന്നില്ലെങ്കിലും, ഈ ഗുണത്തെ കുറിച്ച് തിരുവെഴുത്തുകൾ പരോക്ഷമായി പരാമർശിക്കുന്നുണ്ട്. “സഹതാപവും സഹോദരപ്രീതിയും മനസ്സലിവും” പ്രകടമാക്കാൻ പത്രൊസ് അപ്പൊസ്തലൻ ക്രിസ്ത്യാനികളെ ബുദ്ധിയുപദേശിച്ചു. (1 പത്രൊസ് 3:8) ‘സഹതാപം’ എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദത്തിന്റെ അക്ഷരീയ അർഥം “മറ്റൊരാളോടൊപ്പം ദുരിതമനുഭവിക്കുക” അല്ലെങ്കിൽ “അനുകമ്പ ഉണ്ടായിരിക്കുക” എന്നാണ്. “സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കയും കരയുന്നവരോടുകൂടെ കരകയും ചെയ്വിൻ” എന്നു പറഞ്ഞപ്പോൾ സമാനമായ വികാരം പ്രകടമാക്കാൻ പൗലൊസ് അപ്പൊസ്തലൻ സഹക്രിസ്ത്യാനികളെ ഉദ്ബോധിപ്പിച്ചു. പൗലൊസ് ഇങ്ങനെയും കൂട്ടിച്ചേർത്തു: “നിങ്ങളെയെന്ന പോലെതന്നെ മറ്റുള്ളവരെയും കാണുവിൻ.” (റോമർ 12:14-16, NW ) നാം സഹമനുഷ്യരുടെ സ്ഥാനത്തു നമ്മെത്തന്നെ ആക്കിവെക്കുന്നില്ലെങ്കിൽ അവരെ നമ്മെപ്പോലെതന്നെ സ്നേഹിക്കാൻ അസാധ്യമായിരിക്കും എന്നതിനോടു നിങ്ങൾ യോജിക്കുകയില്ലേ?
മിക്കവർക്കും ഒരളവുവരെ സമാനുഭാവം എന്ന ഗുണം സ്വതസിദ്ധമായി ഉണ്ട്. വിശന്നുപൊരിയുന്ന കുഞ്ഞുങ്ങളുടെയോ വിഷണ്ണരായ അഭയാർഥികളുടെയോ ചിത്രങ്ങൾ കാണുമ്പോൾ മനസ്സലിയാത്തവരായി ആരുണ്ട്? തന്റെ കുഞ്ഞ് കരയുമ്പോൾ അതു കണ്ടില്ലെന്നു നടിക്കാൻ ഏത് അമ്മയ്ക്കാണു കഴിയുക? എന്നാൽ എല്ലാ ദുരിതങ്ങളും നമുക്ക് പെട്ടെന്നു തിരിച്ചറിയാൻ കഴിയണമെന്നില്ല. വിഷാദത്തോടു മല്ലിടുന്ന, പുറമേ കാണാൻ കഴിയാത്ത ഒരു ആരോഗ്യപ്രശ്നമുള്ള, അല്ലെങ്കിൽ ആഹാരശീല വൈകല്യമുള്ള ഒരു വ്യക്തിയുടെ വികാരങ്ങൾ മനസ്സിലാക്കാൻ തികച്ചും ബുദ്ധിമുട്ടായിരിക്കും, വിശേഷിച്ചും നാം അത്തരത്തിലുള്ള പ്രശ്നങ്ങൾ അനുഭവിച്ചിട്ടില്ലെങ്കിൽ! എന്നിരുന്നാലും, നമ്മുടേതിനു സമാനമല്ലാത്ത സാഹചര്യങ്ങളിൽ ഉള്ളവരോടു നാം സഹാനുഭൂതി പ്രകടമാക്കണമെന്നും നമുക്ക് അതിനു കഴിയുമെന്നും തിരുവെഴുത്തുകൾ പ്രകടമാക്കുന്നു.
സമാനുഭാവം പ്രകടമാക്കിയവരുടെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ
സമാനുഭാവം പ്രകടമാക്കുന്നതിൽ യഹോവയാണ് ഉത്തമ മാതൃക. അവൻ പരിപൂർണനാണെങ്കിലും നമ്മിൽനിന്നു പൂർണത പ്രതീക്ഷിക്കുന്നില്ല. കാരണം, ‘അവൻ നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടി എന്ന് അവൻ ഓർക്കുന്നു.’ (സങ്കീർത്തനം 103:14; റോമർ 5:12) സർവോപരി, അവൻ നമ്മുടെ പരിമിതികളെ കുറിച്ചു ബോധവാൻ ആയതിനാൽ ‘നമുക്കു കഴിയുന്നതിന്നുമീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കുകയില്ല.’ (1 കൊരിന്ത്യർ 10:13) തന്റെ ദാസന്മാരും പരിശുദ്ധാത്മാവും മുഖാന്തരം, ഒരു പോംവഴി കണ്ടെത്താൻ അവൻ നമ്മെ സഹായിക്കുന്നു.—യിരെമ്യാവു 25:4, 5; പ്രവൃത്തികൾ 5:32.
തന്റെ ജനം അനുഭവിക്കുന്ന വേദന യഹോവയ്ക്കു വ്യക്തിപരമായി അനുഭവപ്പെടുന്നു. ബാബിലോനിൽനിന്നു മടങ്ങിയെത്തിയ യഹൂദരോട് അവൻ ഇപ്രകാരം അരുളിച്ചെയ്തു: ‘നിങ്ങളെ തൊടുന്നവൻ എന്റെ കണ്മണിയെ തൊടുന്നു.’ (സെഖര്യാവു 2:8) ദൈവത്തിന്റെ സമാനുഭാവത്തെ കുറിച്ചു നന്നായി അറിയാമായിരുന്ന ബൈബിൾ എഴുത്തുകാരനായ ദാവീദ് ഇങ്ങനെ അപേക്ഷിച്ചു: “എന്റെ കണ്ണുനീർ നിന്റെ തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തിൽ ഇല്ലയോ?” (സങ്കീർത്തനം 56:8) നിർമലത പാലിക്കാൻ യത്നിക്കവേ തന്റെ വിശ്വസ്ത ദാസർ പൊഴിച്ച കണ്ണുനീർ—ഒരു പുസ്തകത്തിൽ എഴുതി വെച്ചിരിക്കുന്നതുപോലെ—യഹോവ ഓർമിക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്!
തന്റെ സ്വർഗീയ പിതാവിനെപ്പോലെ യേശുക്രിസ്തുവും മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നവനാണ്. ബധിരനായ ഒരു മനുഷ്യനെ സുഖപ്പെടുത്തവേ, യേശു അവനെ ആൾക്കൂട്ടത്തിൽനിന്നു മാറ്റിനിറുത്തി. അത്ഭുതകരമായ ഈ സുഖപ്പെടൽ അവനിൽ ജാള്യം ഉളവാക്കാതിരിക്കാനോ അവനെ അമ്പരപ്പിക്കാതിരിക്കാനോ ആയിരുന്നിക്കാം അത്. (മർക്കൊസ് 7:32-35) മറ്റൊരവസരത്തിൽ തന്റെ മകന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഒരു വിധവയെ അവൻ കണ്ടു. അവൾ അനുഭവിച്ചിരുന്ന വേദന ഉടൻതന്നെ അവൻ മനസ്സിലാക്കി. യേശു ആ വിലാപയാത്രയെ സമീപിച്ച് പ്രസ്തുത യുവാവിനെ ഉയിർപ്പിച്ചു.—ലൂക്കൊസ് 7:11-16.
തന്റെ പുനരുത്ഥാനശേഷം ദമസ്കൊസിലേക്കുള്ള വഴിയിൽവെച്ച് ശൗലിനു പ്രത്യക്ഷനായ യേശു, തന്റെ ശിഷ്യന്മാർക്കെതിരെ ശൗൽ നടത്തുന്ന ക്രൂരമായ പീഡനം തന്നെ എത്രമാത്രം ബാധിക്കുന്നുണ്ടെന്ന് അവനെ അറിയിച്ചു. “നീ ഉപദ്രവിക്കുന്ന യേശു ആകുന്നു ഞാൻ” എന്ന് അവൻ ശൗലിനോടു പറഞ്ഞു. (പ്രവൃത്തികൾ 9:3-5) രോഗത്താൽ കഷ്ടപ്പെടുന്ന കുഞ്ഞിന്റെ വേദന അമ്മയ്ക്ക് അനുഭവപ്പെടുന്നതുപോലെ, തന്റെ ശിഷ്യന്മാർ അനുഭവിക്കുന്ന വേദന യേശുവിനു വ്യക്തിപരമായി അനുഭവപ്പെട്ടു. അതുപോലെ, നമ്മുടെ സ്വർഗീയ മഹാപുരോഹിതൻ എന്ന നിലയിൽ യേശു ‘നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കുന്നു.’—എബ്രായർ 4:15.
മറ്റുള്ളവരുടെ കഷ്ടപ്പാടുകളും വികാരങ്ങളും മനസ്സിലാക്കാൻ അപ്പൊസ്തലനായ പൗലൊസ് പഠിച്ചു. “ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?” എന്ന് അവൻ ചോദിച്ചു. (2 കൊരിന്ത്യർ 11:29) ഫിലിപ്പിയിലെ ജയിലിൽ വെച്ച് ഒരു ദൂതൻ പൗലൊസിനെയും ശീലാസിനെയും അത്ഭുതകരമായി ബന്ധനത്തിൽനിന്നു മോചിപ്പിച്ചപ്പോൾ ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് കാരാഗൃഹപ്രമാണിയെ അറിയിക്കണമെന്നതായിരുന്നു പൗലൊസിന്റെ ആദ്യ ചിന്ത. കാരാഗൃഹപ്രമാണി ആത്മഹത്യ ചെയ്തേക്കുമെന്ന് സമാനുഭാവമുണ്ടായിരുന്ന പൗലൊസ് മനസ്സിലാക്കി. റോമൻ സമ്പ്രദായമനുസരിച്ച്, തടവുകാരിൽ ആരെങ്കിലും രക്ഷപ്പെട്ടാൽ—തടവുപുള്ളിയെ പ്രത്യേകം സൂക്ഷിക്കാൻ കൽപ്പന ലഭിച്ചിട്ടുണ്ടെങ്കിൽ വിശേഷിച്ചും—കാരാഗൃഹപ്രമാണി കടുത്ത ശിക്ഷയ്ക്കു പാത്രമാകുമെന്ന് പൗലൊസിന് അറിയാമായിരുന്നു. (പ്രവൃത്തികൾ 16:24-28) പൗലൊസിന്റെ ജീവരക്ഷാകരമായ ദയാനടപടി ജയിലറുടെ ഹൃദയത്തെ സ്പർശിച്ചു. അയാളും വീട്ടുകാരും ക്രിസ്ത്യാനികൾ ആയിത്തീരുന്നതിനു വേണ്ട പടികൾ സ്വീകരിച്ചു.—പ്രവൃത്തികൾ 16:30-34.
സമാനുഭാവം നട്ടുവളർത്തുന്നത് എങ്ങനെ?
നമ്മുടെ സ്വർഗീയ പിതാവിനെയും അവന്റെ പുത്രനായ യേശുക്രിസ്തുവിനെയും അനുകരിക്കാൻ തിരുവെഴുത്തുകൾ കൂടെക്കൂടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് നാം വികസിപ്പിച്ചെടുക്കേണ്ട ഒരു ഗുണമാണ് സമാനുഭാവം. നമുക്ക് എങ്ങനെ അതു ചെയ്യാൻ കഴിയും? മറ്റുള്ളവരുടെ വികാരങ്ങളും ആവശ്യങ്ങളും തിരിച്ചറിയാനുള്ള നമ്മുടെ പ്രാപ്തിക്കു മൂർച്ച വരുത്താൻ കഴിയുന്ന മൂന്നു പ്രധാന വഴികൾ ഉണ്ട്. ശ്രദ്ധിച്ചു കേൾക്കുക, നിരീക്ഷിക്കുക, ഭാവനയിൽ കാണുക എന്നിവയാണ് അവ.
ശ്രദ്ധിച്ചു കേൾക്കുക. ശ്രദ്ധിച്ചു കേൾക്കുന്നതിലൂടെ മറ്റുള്ളവർ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണെന്നു നമുക്കു മനസ്സിലാക്കാൻ കഴിയും. നാം എത്ര നന്നായി ശ്രദ്ധിക്കുന്നുവോ തങ്ങളുടെ ഹൃദയം തുറന്ന് വികാരങ്ങൾ വെളിപ്പെടുത്താൻ അവർ അത്രയധികം ചായ്വുള്ളവർ ആയിരിക്കും. “ഒരു മൂപ്പൻ ശ്രദ്ധിച്ചു കേൾക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെങ്കിൽ അദ്ദേഹത്തോടു സംസാരിക്കാൻ എനിക്കു സാധിക്കും,” മിരിയം പറയുന്നു. “എന്റെ പ്രശ്നം അദ്ദേഹം ശരിക്കും മനസ്സിലാക്കുന്നുണ്ടോ എന്ന് അറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം എന്നോടു ചോദ്യങ്ങൾ ചോദിക്കുമ്പോൾ എല്ലാം ശ്രദ്ധിച്ചു കേട്ടിട്ടുണ്ടെന്ന് എനിക്കു ബോധ്യമാകുന്നു. അദ്ദേഹത്തിലുള്ള വിശ്വാസം വളരാൻ അതു സഹായിക്കുന്നു.”
നിരീക്ഷിക്കുക. തങ്ങളുടെ മനസ്സിലുള്ളത് എന്താണെന്നോ തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്താണെന്നോ എല്ലാവരും നമ്മോടു തുറന്നുപറഞ്ഞെന്നു വരില്ല. എന്നാൽ, ഒരു സഹക്രിസ്ത്യാനി വിഷാദിച്ചിരിക്കുന്നതോ ഒരു കൗമാരപ്രായക്കാരൻ ആരോടും സംസാരിക്കാതിരിക്കുന്നതോ തീക്ഷ്ണതയുള്ള ഒരു ശുശ്രൂഷകന്റെ ഉത്സാഹം കെട്ടടങ്ങിയിരിക്കുന്നതോ ഒക്കെ ഒരു സൂക്ഷ്മ നിരീക്ഷകൻ ശ്രദ്ധിക്കും. പ്രശ്നത്തിന്റെ തുടക്കത്തിൽത്തന്നെ അതു മനസ്സിലാക്കാനുള്ള ഈ പ്രാപ്തി മാതാപിതാക്കൾക്ക് അവശ്യം ഉണ്ടായിരിക്കേണ്ട ഒരു സംഗതിയാണ്. “ഉള്ളിലുള്ള പ്രശ്നം അമ്മയോടു പറയുന്നതിനു മുമ്പേതന്നെ എങ്ങനെയോ അമ്മ അതു മനസ്സിലാക്കിയിരിക്കും,” മേരി പറയുന്നു. “അതുകൊണ്ട് എന്തു കാര്യവും എനിക്ക് അമ്മയോടു തുറന്നുപറയാം.”
ഭാവനയിൽ കാണുക. സമാനുഭാവം തോന്നാൻ സഹായിക്കുന്ന ഏറ്റവും ശക്തമായ മാർഗം നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതാണ്: ‘ഞാനായിരുന്നു ഈ സാഹചര്യത്തിൽ എങ്കിൽ എനിക്ക് എന്തു തോന്നുമായിരുന്നു? ഞാൻ എങ്ങനെ പ്രതികരിക്കുമായിരുന്നു? എനിക്ക് എന്ത് ആവശ്യമായിരിക്കുമായിരുന്നു?’ ഇയ്യോബിന്റെ മൂന്ന് വ്യാജ ആശ്വാസകർ അവന്റെ സാഹചര്യത്തിൽ തങ്ങളെത്തന്നെ ആക്കിവെക്കാൻ പരാജയപ്പെട്ടു. അതുകൊണ്ട്, ഇയ്യോബ് ചെയ്തിരിക്കാമെന്നു തങ്ങൾ വിചാരിച്ച സാങ്കൽപ്പിക പാപങ്ങൾ നിമിത്തം അവർ അവനെ കുറ്റപ്പെടുത്തി.
മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിനു പകരം, പിഴവുകളെ വിമർശിക്കുന്നതാണ് എളുപ്പമെന്ന് അപൂർണ മനുഷ്യർ മിക്കപ്പോഴും കണ്ടെത്തുന്നു. എന്നാൽ, ദുരിതം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥ മനസ്സിൽ കാണാൻ ശ്രമിക്കുന്നത്, അയാളെ കുറ്റപ്പെടുത്തുന്നതിനു പകരം സഹാനുഭൂതി പ്രകടമാക്കാൻ നമ്മെ സഹായിക്കും. “നിർദേശങ്ങൾ നൽകാൻ തുടങ്ങുന്നതിനു മുമ്പ് മറ്റേ ആൾ പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു കേൾക്കുകയും അയാളുടെ അവസ്ഥ പൂർണമായി മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കൂടുതൽ മെച്ചപ്പെട്ട ബുദ്ധിയുപദേശം നൽകാൻ എനിക്കു കഴിയുന്നു” എന്ന് അനുഭവപരിചയമുള്ള ഒരു മൂപ്പനായ ഹ്വാൻ പറയുന്നു.
യഹോവയുടെ സാക്ഷികൾ വിതരണം ചെയ്യുന്ന പ്രസിദ്ധീകരണങ്ങൾ ഇക്കാര്യത്തിൽ പലരെയും സഹായിച്ചിട്ടുണ്ട്. വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വിഷാദരോഗം, കുട്ടികളോടുള്ള ദുഷ്പെരുമാറ്റം തുടങ്ങിയ സങ്കീർണമായ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരുടെ വികാരങ്ങളോടു കൂടുതൽ മനസ്സലിവോടെ പ്രതികരിക്കാൻ കാലോചിതമായ ഈ വിവരങ്ങൾ വായനക്കാരെ സഹായിക്കുന്നു. അതുപോലെ, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം മക്കളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ പല മാതാപിതാക്കളെയും സഹായിച്ചിട്ടുണ്ട്.
സമാനുഭാവം ക്രിസ്തീയ പ്രവർത്തനങ്ങളിൽ സഹായിക്കുന്നു
പങ്കുവെക്കുന്നതിനു വേണ്ടത്ര ആഹാരം ഉണ്ടെങ്കിൽ, വിശന്നുപൊരിയുന്ന ഒരു കുഞ്ഞിനെ കാണുമ്പോൾ അതിന്റെ അവസ്ഥ കണ്ടില്ലെന്നു നടിക്കാൻ നമ്മിലാർക്കുംതന്നെ കഴിയുകയില്ല. നമുക്കു സമാനുഭാവം ഉണ്ടെങ്കിൽ ഒരു വ്യക്തിയുടെ ആത്മീയ അവസ്ഥയും നാം തിരിച്ചറിയും. യേശുവിനെ കുറിച്ച് ബൈബിൾ ഇപ്രകാരം പറയുന്നു: “അവൻ പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെ കുഴഞ്ഞവരും ചിന്നിയവരുമായി കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു.” (മത്തായി 9:36) ആത്മീയമായി ദശലക്ഷങ്ങൾ ഇന്ന് സമാനമായ ഒരു അവസ്ഥയിലാണ്, അവർക്കു സഹായം ആവശ്യമാണ്.
യേശുവിന്റെ കാലത്തെന്നപോലെതന്നെ, ചിലരുടെ ഹൃദയങ്ങളിൽ എത്തിച്ചേരാൻ നമുക്കു മുൻവിധിയെയോ ആഴത്തിൽ വേരുറച്ച പാരമ്പര്യങ്ങളെയോ മറികടക്കേണ്ടതുണ്ടായിരിക്കാം. സമാനുഭാവമുള്ള ഒരു ശുശ്രൂഷകൻ, തന്റെ സന്ദേശം ആകർഷകമാക്കുന്നതിന് ഇരുവർക്കും യോജിക്കാൻ കഴിയുന്ന ഏതെങ്കിലും കാര്യം കണ്ടെത്താൻ ശ്രമിക്കും അല്ലെങ്കിൽ ആളുകളുടെ മനസ്സിലുള്ള ഏതെങ്കിലും വിഷയങ്ങളെ കുറിച്ചു സംസാരിക്കും. (പ്രവൃത്തികൾ 17:22, 23; 1 കൊരിന്ത്യർ 9:20-23) സമാനുഭാവത്താൽ പ്രചോദിതമായ ദയാപ്രവൃത്തികൾ, ഫിലിപ്പിയിലെ കാരാഗൃഹപ്രമാണിയുടെ കാര്യത്തിലെന്നപോലെ രാജ്യസന്ദേശത്തോടു കൂടുതൽ അനുകൂലമായി പ്രതികരിക്കാൻ നമ്മുടെ ശ്രോതാക്കളെ പ്രേരിപ്പിച്ചേക്കാം.
സഭയിലുള്ളവരുടെ വീഴ്ചകൾ ക്ഷമിക്കുന്നതിന് അനുപേക്ഷണീയമായ ഒരു ഗുണമാണു സമാനുഭാവം. നമ്മെ വ്രണപ്പെടുത്തിയ ഒരു സഹോദരന്റെ വികാരങ്ങൾ മനസ്സിലാക്കാൻ നാം ശ്രമിക്കുന്നെങ്കിൽ, ആ വ്യക്തിയോടു ക്ഷമിക്കാൻ വളരെ എളുപ്പമാണെന്നു തീർച്ചയായും നാം കണ്ടെത്തും. നാം അദ്ദേഹത്തിന്റെ അതേ സാഹചര്യത്തിൽ ആയിരുന്നെങ്കിൽ, അതേ പശ്ചാത്തലത്തിൽനിന്നു വന്നതായിരുന്നെങ്കിൽ ഒരുപക്ഷേ നമ്മളും അതേ വിധത്തിലായിരിക്കാം പ്രവർത്തിക്കുമായിരുന്നത്. ‘നാം പൊടി ആണെന്ന് ഓർക്കാൻ’ യഹോവയുടെ സമാനുഭാവം അവനെ പ്രേരിപ്പിക്കുന്നു. അങ്ങനെയെങ്കിൽ മറ്റുള്ളവരുടെ അപൂർണതകൾ കണക്കിലെടുത്തുകൊണ്ട് അവരോട് ‘സൗജന്യമായി ക്ഷമിക്കാൻ’ സമാനുഭാവം നമ്മെയും പ്രേരിപ്പിക്കേണ്ടതല്ലേ?—സങ്കീർത്തനം 103:14; കൊലൊസ്സ്യർ 3:13, NW.
ബുദ്ധിയുപദേശം നൽകേണ്ടതുള്ളപ്പോൾ, തെറ്റു ചെയ്ത വ്യക്തിയുടെ വികാരങ്ങളും സാഹചര്യവും നാം ഉൾക്കൊള്ളുന്നെങ്കിൽ കൂടുതൽ ദയയോടെ അതു നൽകാൻ നമുക്കു കഴിയും. സമാനുഭാവമുള്ള ക്രിസ്തീയ മൂപ്പൻ തന്നെത്തന്നെ ഇങ്ങനെ ഓർമപ്പെടുത്തും: ‘ഞാൻ അദ്ദേഹത്തിന്റെ സ്ഥാനത്തായിരുന്നെങ്കിൽ ഒരുപക്ഷേ ഈ തെറ്റ് എനിക്കും പറ്റുമായിരുന്നു.’ പൗലൊസ് ഈ നിർദേശം നൽകുന്നു: “അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ; നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.”—ഗലാത്യർ 6:1.
സഹായം ആവശ്യപ്പെടാൻ സഹക്രിസ്ത്യാനി മടിച്ചേക്കാമെങ്കിലും, നമ്മെക്കൊണ്ടു സാധിക്കുമെങ്കിൽ പ്രായോഗിക സഹായം നൽകാനും സമാനുഭാവം നമ്മെ പ്രേരിപ്പിക്കും. അപ്പൊസ്തലനായ യോഹന്നാൻ എഴുതുന്നു: “എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും? . . . നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.”—1 യോഹന്നാൻ 3:17, 18.
“പ്രവൃത്തിയിലും സത്യത്തിലും” സ്നേഹിക്കാൻ ആദ്യംതന്നെ സഹോദരന്റെ പ്രത്യേക ആവശ്യങ്ങൾ നാം മനസ്സിലാക്കണം. മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണെന്ന് നാം ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നുണ്ടോ? സമാനുഭാവം പ്രകടമാക്കുന്നതിന്റെ അർഥം അതാണ്.
സഹാനുഭൂതി നട്ടുവളർത്തുക
ഒരുപക്ഷേ, നാം പ്രകൃത്യാ സമാനുഭാവം ഉള്ളവരായിരിക്കുകയില്ല. എങ്കിലും സഹാനുഭൂതിയുടെ ഈ ഗുണം നട്ടുവളർത്താൻ നമുക്കു സാധിക്കും. മറ്റുള്ളവരുടെ പ്രശ്നങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും കൂടുതൽ നിരീക്ഷണ സ്വഭാവം ഉള്ളവരായിരിക്കുകയും കൂടെക്കൂടെ മറ്റുള്ളവരുടെ സ്ഥാനത്തു നമ്മെത്തന്നെ ആക്കിവെക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ സമാനുഭാവം വളരും. തത്ഫലമായി, നമ്മുടെ കുട്ടികളോടും സഹക്രിസ്ത്യാനികളോടും അയൽക്കാരോടുമൊക്കെ കൂടുതൽ സ്നേഹവും ദയയും അനുകമ്പയും പ്രകടമാക്കാൻ നാം പ്രേരിതരായിത്തീരും.
സമാനുഭാവത്തെ കെടുത്തിക്കളയാൻ സ്വാർഥതയെ നാം ഒരിക്കലും അനുവദിക്കരുത്. “നിങ്ങളിൽ ഓരോരുത്തരും സ്വന്തം കാര്യങ്ങളെ കുറിച്ചു മാത്രം ചിന്തിക്കരുത്, പിന്നെയോ മറ്റുള്ളവരുടെ താത്പര്യം കൂടെ കണക്കിലെടുക്കണം” എന്ന് പൗലൊസ് എഴുതി. (ഫിലിപ്പിയർ 2:4, ഫിലിപ്പ്സ് ) നമ്മുടെ നിത്യഭാവി യഹോവയുടെയും അവൻ നിയമിച്ചിരിക്കുന്ന മഹാപുരോഹിതനായ യേശുക്രിസ്തുവിന്റെയും സമാനുഭാവത്തെ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ഈ ഗുണം നട്ടുവളർത്താനുള്ള ഒരു ധാർമിക കടപ്പാട് നമുക്കുണ്ട്. മെച്ചപ്പെട്ട ശുശ്രൂഷകരും മാതാപിതാക്കളും ആയിത്തീരാൻ സമാനുഭാവം നമ്മെ സഹായിക്കും. സർവോപരി, “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്” എന്ന സത്യം അനുഭവിച്ചറിയാൻ സമാനുഭാവം ഇടയാക്കും.—പ്രവൃത്തികൾ 20:35, NW.
[25-ാം പേജിലെ ചിത്രം]
മറ്റുള്ളവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ ആവശ്യങ്ങൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നതു സമാനുഭാവത്തിൽ ഉൾപ്പെട്ടിരിക്കുന്നു
[26-ാം പേജിലെ ചിത്രം]
സ്നേഹമയിയായ ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടു സ്വാഭാവികമായി തോന്നുന്ന സമാനുഭാവം പ്രകടമാക്കാൻ നാം പഠിക്കുമോ?