ദൈവിക അധികാരത്തിനു വിശ്വസ്തതയോടെ കീഴ്പെടുക
“യഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു [“നിയമദാതാവ്,” NW]; യഹോവ നമ്മുടെ രാജാവു.”—യെശയ്യാവു 33:22.
1. പുരാതന ഇസ്രായേലിനെ മറ്റു ജനതകളുടെ ഇടയിൽ സവിശേഷമാക്കിത്തീർത്തത് എന്ത്?
ഇസ്രായേൽ ജനത അസ്തിത്വത്തിൽ വന്നത് പൊ.യു.മു. 1513-ൽ ആണ്. അക്കാലത്ത് അതിന് ഒരു തലസ്ഥാനനഗരിയോ മാതൃദേശമോ ദൃശ്യരാജാവോ ഉണ്ടായിരുന്നില്ല. അതിന്റെ പ്രജകൾ മുൻ അടിമകൾ ആയിരുന്നു. എന്നിരുന്നാലും, ആ പുതിയ ജനതയ്ക്കു മറ്റൊരു പ്രത്യേകത കൂടെ ഉണ്ടായിരുന്നു. യഹോവയാം ദൈവമായിരുന്നു അവരുടെ അദൃശ്യ ന്യായാധിപനും നിയമദാതാവും രാജാവും. (പുറപ്പാടു 19:5, 6; യെശയ്യാവു 33:22) മറ്റൊരു ജനതയ്ക്കും അങ്ങനെ അവകാശപ്പെടാൻ കഴിയുമായിരുന്നില്ല!
2. ഇസ്രായേൽ സംഘടിതമായിരുന്ന വിധം സംബന്ധിച്ച് എന്തു ചോദ്യം ഉദിക്കുന്നു, അതിനുള്ള ഉത്തരം നമ്മെ സംബന്ധിച്ചു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 യഹോവ ക്രമത്തിന്റെയും സമാധാനത്തിന്റെയും ദൈവം ആയതിനാൽ, അവന്റെ ഭരണാധിപത്യത്തിൻ കീഴിലുള്ള ഏതു ജനതയും സുസംഘടിതമായിരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും. (1 കൊരിന്ത്യർ 14:33) ഇസ്രായേലിന്റെ കാര്യത്തിൽ അതു തീർച്ചയായും സത്യമായിരുന്നു. എന്നാൽ, ഭൂമിയിലെ ഒരു ദൃശ്യ സംഘടന ഒരു അദൃശ്യ ദൈവത്താൽ എങ്ങനെയാണു നയിക്കപ്പെടുക? ആ പുരാതന ജനതയെ യഹോവ ഭരിച്ച വിധം നാം പരിചിന്തിക്കുന്നതു പ്രയോജനകരമാണ്. അങ്ങനെ ചെയ്യവേ, ഇസ്രായേലുമായുള്ള അവന്റെ ഇടപെടലുകൾ ദൈവിക അധികാരത്തിനു വിശ്വസ്തതയോടെ കീഴ്പെടേണ്ടതിന്റെ പ്രാധാന്യം എങ്ങനെ എടുത്തുകാട്ടുന്നുവെന്നു പ്രത്യേകാൽ ശ്രദ്ധിക്കാം.
പുരാതന ഇസ്രായേൽ ഭരിക്കപ്പെട്ട വിധം
3. തന്റെ ജനത്തിന്റെ മാർഗനിർദേശത്തിനായി യഹോവ എന്തു പ്രായോഗിക ക്രമീകരണങ്ങൾ ചെയ്തു?
3 ഇസ്രായേലിന്റെ അദൃശ്യ രാജാവ് യഹോവ ആയിരുന്നെങ്കിലും, തന്റെ ദൃശ്യ പ്രതിനിധികൾ എന്ന നിലയിൽ അവൻ വിശ്വസ്ത പുരുഷന്മാരെ നിയമിക്കുകയുണ്ടായി. ഉപദേശകന്മാരും ന്യായാധിപന്മാരും എന്ന നിലയിൽ ജനത്തെ സേവിക്കേണ്ടതിന് അധിപതിമാരും ഗോത്രത്തലവന്മാരും പ്രായമേറിയ പുരുഷന്മാരും ഉണ്ടായിരുന്നു. (പുറപ്പാടു 18:25, 26; ആവർത്തനപുസ്തകം 1:15) എന്നാൽ, ആ ഉത്തരവാദിത്വമുള്ള പുരുഷന്മാർക്കു ദൈവിക മാർഗനിർദേശം കൂടാതെ പിഴവറ്റ വിവേകത്തോടും ഗ്രാഹ്യത്തോടും കൂടെ കാര്യങ്ങളെ ഏതെങ്കിലും വിധത്തിൽ ന്യായം വിധിക്കാൻ കഴിയുമായിരുന്നു എന്നു നാം നിഗമനം ചെയ്യരുത്. അവർ പൂർണരായിരുന്നില്ല. സഹാരാധകരുടെ ഹൃദയങ്ങളെ വായിക്കാനും അവർക്കു കഴിയുമായിരുന്നില്ല. എങ്കിൽപ്പോലും, ദൈവഭയമുള്ള ന്യായാധിപന്മാർക്കു തങ്ങളുടെ സഹവിശ്വാസികൾക്കു സഹായകമായ ബുദ്ധിയുപദേശം നൽകാൻ സാധിക്കുമായിരുന്നു. കാരണം, അത് യഹോവയുടെ ന്യായപ്രമാണത്തിൽ അധിഷ്ഠിതമായിരുന്നു.—ആവർത്തനപുസ്തകം 19:15; സങ്കീർത്തനം 119:97-100.
4. ഇസ്രായേലിലെ വിശ്വസ്ത ന്യായാധിപന്മാർ ഏതു പ്രവണതകൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടിയിരുന്നു, എന്തുകൊണ്ട്?
4 എങ്കിലും, ഒരു ന്യായാധിപൻ ആയിരിക്കുന്നതിനു ന്യായപ്രമാണം അറിഞ്ഞാൽ മാത്രം പോരായിരുന്നു. അപൂർണർ ആയതിനാൽ, ഈ പ്രായമേറിയ പുരുഷന്മാർ തങ്ങളുടെ ന്യായനിർണയത്തെ വികലമാക്കിയേക്കാവുന്ന സ്വാർഥത, മുഖപക്ഷം, അത്യാഗ്രഹം തുടങ്ങിയ തെറ്റായ പ്രവണതകൾ ഒഴിവാക്കാൻ ജാഗ്രത പുലർത്തുകയും വേണമായിരുന്നു. മോശെ അവരോട് ഇങ്ങനെ പറഞ്ഞു: “ന്യായവിസ്താരത്തിൽ മുഖം നോക്കാതെ ചെറിയവന്റെ കാര്യവും വലിയവന്റെ കാര്യവും ഒരുപോലെ കേൾക്കേണം; മനുഷ്യനെ ഭയപ്പെടരുതു; ന്യായവിധി ദൈവത്തിന്നുള്ളതല്ലോ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അതേ, ഇസ്രായേലിലെ ന്യായാധിപന്മാർ ദൈവത്തിനു വേണ്ടി ന്യായവിധി നടത്തുകയായിരുന്നു. എത്ര ഗംഭീര പദവി ആയിരുന്നു അത്!—ആവർത്തനപുസ്തകം 1:16, 17.
5. ന്യായാധിപന്മാരെ നിയമിച്ചതിനു പുറമേ, തന്റെ ജനത്തിനായി വേറെ ഏതു കരുതലുകളാണ് യഹോവ ചെയ്തത്?
5 തന്റെ ജനത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നതിന് യഹോവ മറ്റു ചില കരുതലുകൾ കൂടെ ചെയ്തു. വാഗ്ദത്ത ദേശത്ത് എത്തുന്നതിനു മുമ്പുതന്നെ, സത്യാരാധനയുടെ കേന്ദ്രമായ സമാഗമന കൂടാരം നിർമിക്കാൻ അവൻ കൽപ്പിച്ചു. ന്യായപ്രമാണം പഠിപ്പിക്കാനും മൃഗബലികൾ അർപ്പിക്കാനും രാവിലെയും വൈകുന്നേരവും സുഗന്ധവർഗം കത്തിക്കാനും ഒരു പുരോഹിതവർഗത്തെയും അവൻ ആക്കിവെച്ചു. ദൈവം മോശെയുടെ ജ്യേഷ്ഠനായ അഹരോനെ ഇസ്രായേലിലെ ആദ്യത്തെ മഹാപുരോഹിതനായും അഹരോന്റെ പുത്രന്മാരെ അവന്റെ ജോലികളിൽ സഹായിക്കുന്നവരായും നിയമിച്ചു.—പുറപ്പാടു 28:1; സംഖ്യാപുസ്തകം 3:10; 2 ദിനവൃത്താന്തം 13:10, 11.
6, 7. (എ) പുരോഹിതന്മാരും പുരോഹിതന്മാരല്ലാഞ്ഞ ലേവ്യരും തമ്മിലുള്ള ബന്ധം എന്തായിരുന്നു? (ബി) ലേവ്യർ നിരവധി ജോലികൾ ചെയ്തുവെന്ന വസ്തുതയിൽനിന്നു നാം എന്തു പഠിക്കുന്നു? (കൊലൊസ്സ്യർ 3:23)
6 ദശലക്ഷക്കണക്കിനു വരുന്ന ജനങ്ങളുടെ ആത്മീയ ആവശ്യങ്ങൾ നിവർത്തിക്കുന്നത് ഒരു ഭാരിച്ച ജോലി ആയിരുന്നു, പുരോഹിതന്മാരാണെങ്കിൽ എണ്ണത്തിൽ താരതമ്യേന കുറവും. അതുകൊണ്ട്, അവരെ സഹായിക്കാനായി ലേവി ഗോത്രത്തിലെ മറ്റ് അംഗങ്ങളെ നിയമിച്ചു. യഹോവ മോശെയോടു പറഞ്ഞു: “നീ ലേവ്യരെ അഹരോന്നും അവന്റെ പുത്രന്മാർക്കും കൊടുക്കേണം; യിസ്രായേൽമക്കളിൽനിന്നു അവർ അവന്നു സാക്ഷാൽ ദാനമായുള്ളവർ ആകുന്നു.”—സംഖ്യാപുസ്തകം 3:9, 39.
7 ലേവ്യർ സുസംഘടിതർ ആയിരുന്നു. അവർ ഗേർശോന്യർ, കെഹാത്യർ, മെരാര്യർ എന്നിങ്ങനെ മൂന്നു കുടുംബങ്ങളായി വിഭജിക്കപ്പെട്ടു, ഓരോ കുടുംബത്തിനും പ്രത്യേക വേല നിയമിച്ചു കൊടുത്തിരുന്നു. (സംഖ്യാപുസ്തകം 3:14-17, 23-37) ചില നിയമനങ്ങൾ മറ്റുള്ളവയെക്കാൾ പ്രാധാന്യമുള്ളതെന്നു തോന്നിച്ചിരിക്കാമെങ്കിലും, ഓരോ നിയമനവും വളരെ അനിവാര്യമായിരുന്നു. കെഹാത്യ ലേവ്യരുടെ ജോലി സാക്ഷ്യപെട്ടകത്തിന്റെയും സമാഗമന കൂടാരത്തിലെ വസ്തുക്കളുടെയും അടുത്ത് ആയിരുന്നു. എന്നാൽ, കെഹാത്യനായാലും അല്ലെങ്കിലും ഓരോ ലേവ്യനും മഹത്തായ പദവികൾ ആസ്വദിച്ചിരുന്നു. (സംഖ്യാപുസ്തകം 1:51, 53) ദുഃഖകരമെന്നു പറയട്ടെ, ചിലർ തങ്ങളുടെ പദവികളെ വിലമതിച്ചില്ല. ദൈവിക അധികാരത്തിനു വിശ്വസ്തമായി കീഴ്പെടുന്നതിനു പകരം, അതൃപ്തരായിത്തീർന്ന അവർ അഹങ്കാരത്തിനും അധികാരമോഹത്തിനും അസൂയയ്ക്കും വഴിപ്പെട്ടു. കോരഹ് എന്നു പേരുള്ള ഒരു ലേവ്യൻ അത്തരക്കാരനായിരുന്നു.
‘നിങ്ങൾ പൗരോഹിത്യം കൂടെ കാംക്ഷിക്കുന്നുവോ?’
8. (എ) കോരഹ് ആരായിരുന്നു? (ബി) കോരഹ് തികച്ചും ഒരു മാനുഷിക തലത്തിൽനിന്ന് പുരോഹിതന്മാരെ വീക്ഷിക്കാൻ ഇടയാക്കിയിരിക്കാവുന്നത് എന്ത്?
8 ലേവിയുടെ പിതൃഭവനത്തിന്റെ തലവനായിരുന്നില്ല കോരഹ്, കെഹാത്യ കുടുംബങ്ങളുടെ തലവനുമായിരുന്നില്ല അവൻ. (സംഖ്യാപുസ്തകം 3:30, 32) എങ്കിലും, അവൻ ഇസ്രായേലിലെ ആദരണീയനായ ഒരു പ്രഭു ആയിരുന്നു. കോരഹിന്റെ ചുമതലകൾ അവനെ അഹരോനുമായും അവന്റെ പുത്രന്മാരുമായും അടുത്ത സമ്പർക്കത്തിൽ വരുത്തിയിരിക്കാം. (സംഖ്യാപുസ്തകം 4:18, 19) ഈ പുരുഷന്മാരുടെ അപൂർണതകൾ നേരിൽ കണ്ട കോരഹ് ഇങ്ങനെ ചിന്തിച്ചിരിക്കാം: ‘ഈ പുരോഹിതന്മാർ തീർച്ചയായും അപൂർണരാണ്, എന്നിട്ടും ഞാൻ അവർക്കു കീഴ്പെട്ടിരിക്കണമത്രേ! അഹരോൻ സ്വർണ കാളക്കുട്ടിയെ ഉണ്ടാക്കിയത് അധികകാലം മുമ്പൊന്നുമല്ല. ആ കാളക്കുട്ടിയെ ആരാധിച്ചത് നമ്മുടെ ജനം വിഗ്രഹാരാധനയിലേക്കു വീണുപോകാൻ ഇടയാക്കി. മോശെയുടെ സഹോദരനായ ആ അഹരോനാണ് ഇപ്പോൾ മഹാപുരോഹിതൻ! എന്തൊരു പക്ഷപാതം! അഹരോന്റെ പുത്രന്മാരായ നാദാബിന്റെയും അബീഹൂവിന്റെയും കാര്യമോ? തങ്ങളുടെ സേവനപദവികളോടു കടുത്ത അനാദരവു പ്രകടമാക്കിയതുകൊണ്ട് യഹോവ അവരെ കൊന്നുകളഞ്ഞില്ലേ!’a (പുറപ്പാടു 32:1-5; ലേവ്യപുസ്തകം 10:1, 2) കോരഹിന്റെ ചിന്ത എന്തുതന്നെ ആയിരുന്നാലും, അവൻ പൗരോഹിത്യത്തെ മാനുഷിക തലത്തിൽനിന്ന് വീക്ഷിക്കാൻ തുടങ്ങി എന്നതു വ്യക്തമാണ്. ഇതു മോശെക്കും അഹരോനും എതിരെയും ഒടുവിൽ യഹോവയ്ക്കെതിരെയും മത്സരിക്കുന്നതിലേക്ക് അവനെ നയിച്ചു.—1 ശമൂവേൽ 15:23; യാക്കോബ് 1:14, 15.
9, 10. മോശെയ്ക്കെതിരെ കോരഹും സഹമത്സരികളും എന്ത് ആരോപണം ഉന്നയിച്ചു, അവർ മെച്ചമായി മനസ്സിലാക്കേണ്ടിയിരുന്നത് എന്തുകൊണ്ട്?
9 സ്വാധീനമുള്ള ഒരാളായിരുന്നതിനാൽ, സമാന ചിന്താഗതിക്കാരെ തന്റെ പക്ഷം ചേർക്കാൻ കോരഹിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ദാഥാനോടും അബീരാമിനോടുമൊപ്പം അവൻ അതേ അഭിപ്രായമുള്ള 250 പേരെ കണ്ടെത്തി. എല്ലാവരും ജനത്തിനിടയിലെ പ്രഭുക്കന്മാർ ആയിരുന്നു. അവരെല്ലാം ചേർന്ന് മോശെയെയും അഹരോനെയും സമീപിച്ച് പറഞ്ഞു: “സഭ ഒട്ടൊഴിയാതെ എല്ലാവരും വിശുദ്ധരാകുന്നു; യഹോവ അവരുടെ മദ്ധ്യേ ഉണ്ടു; പിന്നെ നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു?”—സംഖ്യാപുസ്തകം 16:1-3.
10 അവർ മനസ്സിലാക്കിയിരുന്ന കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ ആ മത്സരികൾ മോശെയുടെ അധികാരത്തെ വെല്ലുവിളിക്കരുതായിരുന്നു. അഹരോനും മിര്യാമും അങ്ങനെ ചെയ്തിട്ട് അധികനാൾ ആയിരുന്നില്ല. അവരും കോരഹിനെപ്പോലെ തന്നെയായിരുന്നു ചിന്തിച്ചത്! “യഹോവ മോശെ മുഖാന്തരം മാത്രമേ അരുളിച്ചെയ്തിട്ടുള്ളുവോ? ഞങ്ങൾമുഖാന്തരവും അരുളിച്ചെയ്തിട്ടില്ലയോ” എന്ന് അവർ ചോദിച്ചതായി സംഖ്യാപുസ്തകം 12:1, 2 പറയുന്നു. യഹോവ അതു കേൾക്കുന്നുണ്ടായിരുന്നു. തന്റെ ജനത്തിന്റെ നേതാവായി താൻ ആരെ തിരഞ്ഞെടുക്കുമെന്നു കാണാൻ സാക്ഷ്യകൂടാരത്തിന്റെ മുമ്പാകെ കൂടിവരാൻ യഹോവ മോശെയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു. എന്നിട്ട് വ്യക്തമായ ഭാഷയിൽത്തന്നെ ഇങ്ങനെ പറഞ്ഞു: ‘നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ യഹോവയായ ഞാൻ അവന്നു ദർശനത്തിൽ എന്നെ വെളിപ്പെടുത്തുകയും സ്വപ്നത്തിൽ അവനോടു അരുളിച്ചെയ്കയും ചെയ്യും. എന്റെ ദാസനായ മോശെയോ അങ്ങനെയല്ല; അവൻ എന്റെ ഗൃഹത്തിൽ ഒക്കെയും വിശ്വസ്തൻ ആകുന്നു [“എന്റെ ഭവനം മുഴുവൻ അയാളെ ഭരമേല്പിച്ചിരിക്കുന്നു,” ഓശാന ബൈബിൾ].’ അതേത്തുടർന്ന്, യഹോവ മിര്യാമിനു താത്കാലികമായി കുഷ്ഠരോഗം ബാധിക്കാൻ ഇടവരുത്തി.—സംഖ്യാപുസ്തകം 12:4-7, 10.
11. കോരഹ് ഉൾപ്പെട്ട സാഹചര്യത്തെ മോശെ എങ്ങനെ കൈകാര്യം ചെയ്തു?
11 കോരഹിനും അവന്റെ പക്ഷം ചേർന്നവർക്കും പ്രസ്തുത സംഭവത്തെ കുറിച്ച് അറിയാമായിരുന്നിരിക്കണം. അവരുടെ മത്സരം ന്യായീകരിക്കത്തക്ക ഒന്നായിരുന്നില്ല. എന്നിട്ടും ക്ഷമയോടെ അവരുമായി ന്യായവാദം ചെയ്യാൻ മോശെ ശ്രമിച്ചു. തങ്ങളുടെ പദവികളെ കൂടുതലായി വിലമതിക്കാൻ പിൻവരുന്നപ്രകാരം പറഞ്ഞുകൊണ്ട് അവൻ പ്രോത്സാഹിപ്പിച്ചു: ‘തന്റെയടുക്കൽ വരുത്താൻ ഇസ്രായേലിന്റെ ദൈവം ഇസ്രായേൽ സമൂഹത്തിൽനിന്നു നിങ്ങളെ വേർതിരിച്ചത് ഒരു നിസ്സാരകാര്യമായി നിങ്ങൾ വിചാരിക്കുന്നോ?’ തീർച്ചയായും, അത് ‘നിസ്സാര കാര്യം’ അല്ലായിരുന്നു! ലേവ്യർക്ക് അപ്പോൾത്തന്നെ വളരെയധികം പദവികൾ ഉണ്ടായിരുന്നു. അതിൽ കൂടുതലായി അവർക്ക് എന്താണു വേണ്ടിയിരുന്നത്? മോശെയുടെ തുടർന്നുള്ള വാക്കുകൾ അവരുടെ ഹൃദയത്തിലെ വിചാരങ്ങളെ വെളിപ്പെടുത്തി: ‘നിങ്ങൾ പൗരോഹിത്യം കൂടെ കാംക്ഷിക്കുന്നുവോ?’b (സംഖ്യാപുസ്തകം 12:3; 16:9, 10) എന്നാൽ, ദൈവിക അധികാരത്തിന് എതിരെയുള്ള ഈ മത്സരത്തോട് യഹോവ എങ്ങനെയാണു പ്രതികരിച്ചത്?
ഇസ്രായേലിന്റെ ന്യായാധിപൻ ഇടപെടുന്നു
12. ദൈവവുമായുള്ള ഇസ്രായേലിന്റെ തുടർന്നുള്ള ബന്ധം എന്തിനെ ആശ്രയിച്ചിരുന്നു?
12 യഹോവ ഇസ്രായേലിനു ന്യായപ്രമാണം കൊടുത്തപ്പോൾ, അനുസരണമുള്ളവർ ആയിരിക്കുന്നപക്ഷം അവർ ഒരു ‘വിശുദ്ധ ജനം’ ആയിത്തീരുമെന്നും തന്റെ ക്രമീകരണം അംഗീകരിക്കുന്നിടത്തോളം കാലം അവർ വിശുദ്ധരായി തുടരുമെന്നും അവരോടു പറഞ്ഞു. (പുറപ്പാടു 19:5, 6) ഇപ്പോൾ ഒരു തുറന്ന മത്സരം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇസ്രായേലിന്റെ ന്യായാധിപനും നിയമദാതാവുമായവൻ ഇടപെടേണ്ടിയിരിക്കുന്നു! മോശെ കോരഹിനോടു പറഞ്ഞു: ‘നീയും നിന്റെ എല്ലാകൂട്ടവും നാളെ യഹോവയുടെ സന്നിധിയിൽ വരേണം; നീയും അവരും അഹരോനും കൂടെ തന്നേ. നിങ്ങൾ ഓരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു അവയിൽ ധൂപവർഗ്ഗം ഇട്ടു ഓരോരുത്തൻ ഓരോ ധൂപകലശമായി ഇരുനൂററമ്പതു കലശവും യഹോവയുടെ സന്നിധിയിൽ കൊണ്ടുവരുവിൻ; നീയും അഹരോനും കൂടെ താന്താന്റെ ധൂപകലശവുമായി വരേണം.’—സംഖ്യാപുസ്തകം 16:16, 17.
13. (എ) യഹോവയുടെ മുമ്പാകെ ധൂപം കാട്ടിയത് മത്സരികളുടെ പക്ഷത്തെ ധിക്കാരം ആയിരുന്നത് എന്തുകൊണ്ട്? (ബി) ആ മത്സരികളോട് യഹോവ എങ്ങനെ ഇടപെട്ടു?
13 ദൈവത്തിന്റെ ന്യായപ്രമാണം അനുസരിച്ച്, പുരോഹിതന്മാർ മാത്രമേ സുഗന്ധധൂപവർഗം അർപ്പിക്കാമായിരുന്നുള്ളൂ. പുരോഹിതനല്ലാത്ത ഒരു ലേവ്യൻ യഹോവയുടെ മുമ്പാകെ ധൂപവർഗം കാട്ടുക എന്ന ആശയം പോലും സുബോധത്തോടെ ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കേണ്ടതായിരുന്നു. (പുറപ്പാടു 30:7; സംഖ്യാപുസ്തകം 4:16) എന്നാൽ കോരഹിന്റെയും പിന്തുണക്കാരുടെയും കാര്യത്തിൽ അതുണ്ടായില്ല! പിറ്റേന്ന് അവൻ മോശെക്കും അഹരോനും “വിരോധമായി സർവ്വസഭയെയും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കൂട്ടിവരുത്തി.” ബൈബിൾ രേഖ നമ്മോട് ഇങ്ങനെ പറയുന്നു: “യഹോവ മോശെയോടും അഹരോനോടും: ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.” എന്നാൽ ജനത്തെ സംഹരിക്കരുതേ എന്ന് മോശെയും അഹരോനും അപേക്ഷിച്ചു. യഹോവ അവരുടെ അപേക്ഷ കേട്ടു. കോരഹിനെയും അവന്റെ കൂട്ടത്തെയും സംബന്ധിച്ചാണെങ്കിൽ, “യഹോവയിങ്കൽനിന്നു തീ പുറപ്പെട്ടു ധൂപംകാട്ടിയ ഇരുനൂററമ്പതുപേരെയും ദഹിപ്പിച്ചു.”—സംഖ്യാപുസ്തകം 16:19-22, 35.c
14. ഇസ്രായേൽ സഭയ്ക്കെതിരെ യഹോവ ശക്തമായ നടപടി എടുത്തത് എന്തുകൊണ്ട്?
14 വിചിത്രമെന്നു പറയട്ടെ, ആ മത്സരികളെ യഹോവ കൈകാര്യം ചെയ്യുന്നതു കണ്ട ഇസ്രായേല്യർ അതിൽനിന്നു പാഠം പഠിച്ചില്ല. “പിറെറന്നാൾ യിസ്രായേൽമക്കളുടെ സഭയെല്ലാം മോശെക്കും അഹരോന്നും വിരോധമായി പിറുപിറുത്തു: നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നുകളഞ്ഞു.” ഇസ്രായേല്യർ ആ ഗൂഢാലോചകരുടെ പക്ഷം പിടിക്കുകയായിരുന്നു! ഒടുവിൽ, യഹോവയുടെ ക്ഷമ നശിച്ചു. ആർക്കും, മോശെക്കോ അഹരോനോ പോലും, ഇപ്പോൾ ജനത്തിനു വേണ്ടി ദൈവത്തോട് അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. ആ അനുസരണം കെട്ടവരെ ശിക്ഷിക്കാൻ യഹോവ അവരുടെ ഇടയിലേക്ക് ഒരു ബാധ അയച്ചു. അങ്ങനെ “കോരഹിന്റെ സംഗതിവശാൽ മരിച്ചവരെ കൂടാതെ ബാധയാൽ മരിച്ചവർ പതിന്നാലായിരത്തെഴുനൂറു പേർ ആയിരുന്നു.”—സംഖ്യാപുസ്തകം 16:41-49.
15. (എ) ഏതെല്ലാം കാരണങ്ങളാൽ ഇസ്രായേല്യർ മോശെയുടെയും അഹരോന്റെയും നേതൃത്വം മടികൂടാതെ അംഗീകരിക്കേണ്ടതായിരുന്നു? (ബി) ഈ വിവരണം യഹോവയെ കുറിച്ചു നിങ്ങളെ എന്തു പഠിപ്പിച്ചിരിക്കുന്നു?
15 യുക്തിപൂർവം ചിന്തിക്കാനുള്ള തങ്ങളുടെ പ്രാപ്തി ഉപയോഗിച്ചിരുന്നെങ്കിൽ, ആ ജനത്തിന് തങ്ങളുടെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു. പിൻവരുന്നതു പോലുള്ള ചോദ്യങ്ങളും അവർക്കു സ്വയം ചോദിക്കാൻ കഴിയുമായിരുന്നു: ‘തങ്ങളുടെ ജീവൻ അപകടപ്പെടുത്തിക്കൊണ്ട് ഫറവോന്റെ മുമ്പാകെ ചെന്നത് ആരൊക്കെയാണ്? ഇസ്രായേല്യരെ സ്വതന്ത്രരായി വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടത് ആരൊക്കെയാണ്? ഇസ്രായേലിന്റെ വിടുതലിനു ശേഷം, ദൈവത്തിന്റെ ദൂതനുമായി മുഖാമുഖം സംസാരിക്കാൻ ഹോരേബ് പർവതത്തിലേക്കു കയറിച്ചെല്ലാൻ ക്ഷണം ലഭിച്ചത് ആർക്കാണ്?’ മോശെയുടെയും അഹരോന്റെയും ശ്രദ്ധേയമായ ചരിത്രം യഹോവയോടുള്ള അവരുടെ വിശ്വസ്തതയുടെയും ജനത്തോടുള്ള അവരുടെ സ്നേഹത്തിന്റെയും തെളിവായിരുന്നു. (പുറപ്പാടു 10:28; 19:24; 24:12-15) ആ മത്സരികളെ വധിക്കുന്നതിൽ യഹോവയ്ക്കു യാതൊരു സന്തോഷവും ഇല്ലായിരുന്നു. എന്നാൽ, ജനം തങ്ങളുടെ മത്സരഗതിയിൽ തുടരാൻ പോകുന്നുവെന്ന് ഉറപ്പായപ്പോൾ അവൻ നിർണായക നടപടി കൈക്കൊണ്ടു. (യെഹെസ്കേൽ 33:11) ഇക്കാര്യങ്ങൾക്കെല്ലാം നമ്മെ സംബന്ധിച്ചിടത്തോളം വലിയ അർഥമുണ്ട്. എന്തുകൊണ്ട്?
ഇന്നത്തെ സരണി തിരിച്ചറിയൽ
16. (എ) യേശു യഹോവയുടെ പ്രതിനിധി ആണെന്ന് ഏതു തെളിവ് ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാരെ ബോധ്യപ്പെടുത്തേണ്ടതായിരുന്നു? (ബി) യഹോവ ലേവ്യ പൗരോഹിത്യം മാറ്റി തത്സ്ഥാനത്ത് എന്തു സ്ഥാപിച്ചു, എന്തുകൊണ്ട്?
16 യഹോവ അദൃശ്യ ന്യായാധിപനും നിയമദാതാവും രാജാവും ആയിരിക്കുന്ന ഒരു പുതിയ ‘ജനത’ ഇന്നുണ്ട്. (മത്തായി 21:43, NW) പൊ.യു. ഒന്നാം നൂറ്റാണ്ടിലാണ് ആ ‘ജനത’ അസ്തിത്വത്തിൽ വന്നത്. ആ സമയം ആയപ്പോഴേക്കും, മോശെയുടെ കാലത്തെ സമാഗമന കൂടാരത്തിനു പകരം മനോഹരമായ ഒരു ആലയം യെരൂശലേമിൽ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു, അവിടെ ലേവ്യർ ശുശ്രൂഷ ചെയ്യുന്നുമുണ്ടായിരുന്നു. (ലൂക്കൊസ് 1:5, 8, 9) എന്നാൽ, പൊ.യു. 29-ൽ മറ്റൊരു ആലയം, ആത്മീയമായ ഒന്ന്, അസ്തിത്വത്തിൽ വന്നു. അതിലെ മഹാപുരോഹിതൻ യേശുക്രിസ്തു ആയിരുന്നു. (എബ്രായർ 9:9, 11) ദൈവിക അധികാരം സംബന്ധിച്ച ചോദ്യം ഒരിക്കൽക്കൂടി ഉയർന്നുവന്നു. ഈ പുതിയ ‘ജനത’യെ നയിക്കാൻ യഹോവ ആരെ ഉപയോഗിക്കുമായിരുന്നു? താൻ ദൈവത്തോടു നിരുപാധികം വിശ്വസ്തനാണെന്നു യേശുതന്നെ തെളിയിച്ചിരുന്നു. അവൻ ആളുകളെ സ്നേഹിച്ചു. അവൻ അത്ഭുതകരമായ പല അടയാളങ്ങളും പ്രവർത്തിച്ചു. എന്നാൽ, മത്സരികളായ പൂർവികരെപ്പോലെതന്നെ ബഹുഭൂരിപക്ഷം വരുന്ന ലേവ്യർ യേശുവിനെ അംഗീകരിക്കാൻ വിസമ്മതിച്ചു. (മത്തായി 26:63-68; പ്രവൃത്തികൾ 4:5, 6, 18; 5:17, 18) ഒടുവിൽ, യഹോവ ലേവ്യ പൗരോഹിത്യം മാറ്റി തത്സ്ഥാനത്തു മറ്റൊന്ന്, ഒരു രാജകീയ പൗരോഹിത്യം, സ്ഥാപിച്ചു. ആ രാജകീയ പൗരോഹിത്യം ഇന്നും തുടരുന്നു.
17. (എ) ഇന്നു രാജകീയ പുരോഹിതവർഗം ആരാണ്? (ബി) ഈ രാജകീയ പുരോഹിതവർഗത്തെ യഹോവ എങ്ങനെ ഉപയോഗിക്കുന്നു?
17 ഇന്ന് ഈ രാജകീയ പൗരോഹിത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത് ആരാണ്? തന്റെ ഒന്നാമത്തെ നിശ്വസ്ത ലേഖനത്തിൽ പത്രൊസ് അപ്പൊസ്തലൻ ആ ചോദ്യത്തിന് ഉത്തരം നൽകുന്നു. ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായ അഭിഷിക്ത അംഗങ്ങൾക്ക് പത്രൊസ് ഇപ്രകാരം എഴുതി: ‘നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും [“വിശുദ്ധ ജനതയും,” NW] സ്വന്തജനവും ആകുന്നു.’ (1 പത്രൊസ് 2:9) ഒരു കൂട്ടമെന്ന നിലയിൽ, യേശുവിന്റെ അഭിഷിക്ത പാദാനുഗാമികളാണ് പത്രൊസ് “വിശുദ്ധ ജനത” എന്നും വിളിച്ച ഈ ‘രാജകീയ പുരോഹിതവർഗം.’ തന്റെ ജനത്തിന് പ്രബോധനവും ആത്മീയ മാർഗനിർദേശവും നൽകാൻ യഹോവ ഉപയോഗിക്കുന്ന സരണിയാണ് അവർ.—മത്തായി 24:45-47.
18. നിയമിത മൂപ്പന്മാരും രാജകീയ പുരോഹിതവർഗവും തമ്മിൽ എന്തു ബന്ധമുണ്ട്?
18 രാജകീയ പുരോഹിതവർഗത്തെ പ്രതിനിധാനം ചെയ്യുന്നത്, ഭൂമിയിലെമ്പാടും യഹോവയുടെ ജനത്തിന്റെ സഭകളിൽ ഉത്തരവാദിത്വ സ്ഥാനങ്ങളിൽ സേവിക്കുന്ന നിയമിത മൂപ്പന്മാരാണ്. ഈ പുരുഷന്മാർ അഭിഷിക്തർ ആയിരുന്നാലും അല്ലെങ്കിലും നമ്മുടെ ആദരവും മുഴുഹൃദയത്തോടെയുള്ള പിന്തുണയും അർഹിക്കുന്നു. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, യഹോവ പരിശുദ്ധാത്മാവു മുഖാന്തരം പ്രായമേറിയ ഈ പുരുഷന്മാരെ അവരുടെ സ്ഥാനങ്ങളിൽ ആക്കിവെച്ചിരിക്കുന്നു. (എബ്രായർ 13:7, 17) അത് എങ്ങനെ?
19. മൂപ്പന്മാർ എങ്ങനെയാണു പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്നത്?
19 ഈ പ്രായമേറിയ പുരുഷന്മാർ, ദൈവത്തിന്റെ ആത്മാവിന്റെ ഉത്പന്നമായ ദൈവവചനത്തിൽ നൽകിയിരിക്കുന്ന വ്യവസ്ഥകളിൽ എത്തിച്ചേർന്നവരാണ്. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) അതുകൊണ്ട്, അവർ നിയമിക്കപ്പെടുന്നത് പരിശുദ്ധാത്മാവിനാൽ ആണെന്നു പറയാൻ കഴിയും. (പ്രവൃത്തികൾ 20:28) ഈ പ്രായമേറിയ പുരുഷന്മാർക്ക് അഥവാ മൂപ്പന്മാർക്ക് ദൈവവചനത്തിന്റെ നല്ല ഗ്രാഹ്യം ഉണ്ടായിരിക്കണം. തങ്ങളുടെ പരമോന്നത ന്യായാധിപനായ യഹോവയെ പോലെ ഇവരും തങ്ങളുടെ ന്യായവിധിയിൽ മുഖപക്ഷം കാണിക്കുന്നുവെന്ന തോന്നൽ പോലും ഉളവാക്കുന്ന എന്തിനെയും വെറുക്കേണ്ടതുണ്ട്.—ആവർത്തനപുസ്തകം 10:17, 18.
20. ഏതെല്ലാം കാര്യങ്ങളെ പ്രതി കഠിനാധ്വാനികളായ മൂപ്പന്മാരെ നിങ്ങൾ വിലമതിക്കുന്നു?
20 ഈ മൂപ്പന്മാരുടെ അധികാരത്തെ വെല്ലുവിളിക്കാൻ ശ്രമിക്കുന്നതിനു പകരം, ഇവരുടെ കഠിനാധ്വാനത്തെ നാം തീർച്ചയായും വിലമതിക്കുന്നു! പലപ്പോഴും പതിറ്റാണ്ടുകളോളം പോലുമുള്ള അവരുടെ വിശ്വസ്ത സേവനത്തിന്റെ രേഖ അവരിൽ വിശ്വാസം അർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവർ വിശ്വസ്തമായി യോഗങ്ങൾക്കു തയ്യാറാകുകയും അവ നടത്തുകയും ചെയ്യുന്നു. “രാജ്യത്തിന്റെ സുവാർത്ത” ഘോഷിക്കുന്നതിൽ അവർ നമ്മോടു തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു, നമുക്ക് ആവശ്യമുള്ളപ്പോൾ തിരുവെഴുത്തുപരമായ ബുദ്ധിയുപദേശം നൽകുന്നു. (മത്തായി 24:14, NW; എബ്രായർ 10:23, 25; 1 പത്രൊസ് 5:2) നാം രോഗികൾ ആയിരിക്കുമ്പോൾ അവർ നമ്മെ സന്ദർശിക്കുകയും നാം ദുഃഖിക്കുമ്പോൾ നമ്മെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. അവർ വിശ്വസ്തമായും നിസ്വാർഥമായും രാജ്യതാത്പര്യങ്ങൾ ഉന്നമിപ്പിക്കുന്നു. യഹോവയുടെ ആത്മാവ് അവരുടെ മേലുണ്ട്; അവർക്ക് അവന്റെ അംഗീകാരമുണ്ട്.—ഗലാത്യർ 5:22, 23.
21. മൂപ്പന്മാർ എന്തു സംബന്ധിച്ചു ബോധവാന്മാർ ആയിരിക്കണം, എന്തുകൊണ്ട്?
21 തീർച്ചയായും മൂപ്പന്മാർ പൂർണരല്ല. തങ്ങളുടെ പരിമിതികൾ അറിയാവുന്ന അവർ “ദൈവത്തിന്റെ അവകാശ”മായ ആട്ടിൻകൂട്ടത്തിന്മേൽ കർതൃത്വം നടത്തുന്നില്ല. പകരം അവർ ‘തങ്ങളുടെ സഹോദരന്മാരുടെ സന്തോഷത്തിനു വേണ്ടിയുള്ള സഹവേലക്കാർ’ ആയി തങ്ങളെത്തന്നെ കണക്കാക്കുന്നു. (1 പത്രൊസ് 5:3; 2 കൊരിന്ത്യർ 1:24) എളിമയുള്ള, കഠിനാധ്വാനികളായ മൂപ്പന്മാർ യഹോവയെ സ്നേഹിക്കുന്നു. യഹോവയെ തങ്ങൾ എത്ര അടുത്ത് അനുകരിക്കുന്നുവോ, അത്ര മെച്ചമായി സഭയെ സേവിക്കാൻ അവർക്കു സാധിക്കും. ഇതു മനസ്സിൽ പിടിച്ചുകൊണ്ട് സ്നേഹം, അനുകമ്പ, ക്ഷമ എന്നിങ്ങനെയുള്ള ദൈവിക ഗുണങ്ങൾ നട്ടുവളർത്താൻ അവർ നിരന്തരം ശ്രമിക്കുന്നു.
22. കോരഹിനെ കുറിച്ചുള്ള വിവരണം പരിശോധിച്ചത് യഹോവയുടെ ദൃശ്യ സംഘടനയിലുള്ള നിങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തിയിരിക്കുന്നത് എങ്ങനെ?
22 നമ്മുടെ അദൃശ്യ ഭരണാധിപനായി യഹോവയും മഹാപുരോഹിതനായി യേശുക്രിസ്തുവും നമ്മെ പഠിപ്പിക്കുന്നവർ എന്ന നിലയിൽ അഭിഷിക്ത രാജകീയ പുരോഹിത വർഗത്തിലെ അംഗങ്ങളും നമ്മുടെ ഉപദേഷ്ടാക്കന്മാരായി മൂപ്പന്മാരായ വിശ്വസ്ത ക്രിസ്തീയ പുരുഷന്മാരും ഉള്ളതിൽ നാം എത്രയധികം സന്തോഷിക്കുന്നു! മനുഷ്യർ നയിക്കുന്ന ഒരു സംഘടനയും പൂർണതയുള്ളതല്ലെങ്കിൽ പോലും, ദൈവിക അധികാരത്തിനു സസന്തോഷം കീഴ്പെടുന്ന വിശ്വസ്ത സഹവിശ്വാസികളോടു ചേർന്നു ദൈവത്തെ സേവിക്കാൻ കഴിയുന്നതിൽ നാം ആനന്ദിക്കുന്നു!
[അടിക്കുറിപ്പുകൾ]
a അഹരോന്റെ മറ്റു രണ്ടു പുത്രന്മാരായ എലെയാസാരും ഈഥാമാരും യഹോവയ്ക്കുള്ള സേവനത്തിൽ മാതൃകായോഗ്യരായിരുന്നു.—ലേവ്യപുസ്തകം 10:6.
b ഗൂഢാലോചനയിൽ കോരഹിനോടു ചേർന്ന ദാഥാനും അബീരാമും രൂബേന്യരായിരുന്നു. തന്മൂലം, അവർ പൗരോഹിത്യം കാംക്ഷിച്ചിരിക്കാൻ ഇടയില്ലെന്നു തോന്നുന്നു. അവർ മോശെയുടെ നേതൃത്വത്തിലും വാഗ്ദത്ത ദേശത്ത് എത്താമെന്ന പ്രതീക്ഷ അതുവരെ സഫലമായില്ല എന്ന വസ്തുതയിലും നീരസപ്പെട്ടു.—സംഖ്യാപുസ്തകം 16:12-14.
c ഗോത്രപിതാക്കന്മാരുടെ കാലത്ത്, ഓരോ കുടുംബത്തലവനും തന്റെ ഭാര്യയെയും മക്കളെയും ദൈവമുമ്പാകെ പ്രതിനിധാനം ചെയ്തിരുന്നു, അവർക്കുവേണ്ടി യാഗങ്ങൾ അർപ്പിക്കുക പോലും ചെയ്തിരുന്നു. (ഉല്പത്തി 8:20; 46:1; ഇയ്യോബ് 1:5) എന്നിരുന്നാലും, ന്യായപ്രമാണം നൽകിയപ്പോൾ യഹോവ അഹരോന്റെ കുടുംബത്തിലെ പുരുഷപ്രജകളെ പുരോഹിതന്മാരായി നിയമിച്ചു, അവരിലൂടെ വേണമായിരുന്നു യാഗങ്ങൾ അർപ്പിക്കാൻ. ഈ നടപടിക്രമത്തോടു സഹകരിക്കാൻ മത്സരികളായ 250 പേർ പ്രത്യക്ഷത്തിൽ മനസ്സൊരുക്കം കാട്ടിയില്ല.
നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
• ഇസ്രായേല്യർക്കായി യഹോവ സ്നേഹപൂർവം എന്തു കരുതലുകൾ ചെയ്തു?
• മോശെക്കും അഹരോനും എതിരെയുള്ള കോരഹിന്റെ മത്സരം ക്ഷമ അർഹിക്കാത്തത് ആയിരുന്നത് എന്തുകൊണ്ട്?
• യഹോവ മത്സരികളോട് ഇടപെട്ട വിധത്തിൽ നമുക്കായി എന്തു പാഠം അടങ്ങിയിരിക്കുന്നു?
• നാം ഇന്നു യഹോവയുടെ ക്രമീകരണങ്ങളെ വിലമതിക്കുന്നുവെന്ന് എങ്ങനെ പ്രകടമാക്കാൻ കഴിയും?
[9-ാം പേജിലെ ചിത്രം]
യഹോവയുടെ സേവനത്തിലുള്ള ഏതൊരു നിയമനവും ഒരു പദവിയായി നിങ്ങൾ കണക്കാക്കുന്നുവോ?
[10-ാം പേജിലെ ചിത്രം]
“നിങ്ങൾ യഹോവയുടെ സഭെക്കു മീതെ നിങ്ങളെത്തന്നേ ഉയർത്തുന്നതു എന്തു?”
[13-ാം പേജിലെ ചിത്രം]
നിയമിത മൂപ്പന്മാർ രാജകീയ പുരോഹിതവർഗത്തെ പ്രതിനിധാനം ചെയ്യുന്നു