ഗിലെയാദ് സ്കൂൾ—60 വർഷമായുള്ള മിഷനറി പരിശീലനം
“ബൈബിളിന്റെ ആഴമായ പഠനം ഞങ്ങളെ യഹോവയോട് കൂടുതൽ അടുപ്പിക്കുകയും അവന്റെ സംഘടനയെ കുറിച്ച് കൂടുതൽ ഗ്രാഹ്യം നേടാൻ സഹായിക്കുകയും ചെയ്തു. അതുവഴി, ഒരു വിദേശ നിയമനം ഏറ്റെടുക്കാനും അതിൽ തുടരാനും ഞങ്ങൾ സജ്ജരായി.” വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ആദ്യ ക്ലാസ്സിൽനിന്ന് ബിരുദം നേടിയ ഒരു വിദ്യാർഥിനി തന്റെ കോഴ്സിനെ കുറിച്ചു പറഞ്ഞതാണത്. 60 വർഷം മുമ്പാണ് ഗിലെയാദ് സ്കൂൾ നിലവിൽ വന്നത്. അന്നുമുതൽ ഇന്നോളം അത് മിഷനറി സേവനത്തിനായി ആളുകളെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുന്നു. 2003 മാർച്ച് 8-ന്, ന്യൂയോർക്കിലെ പാറ്റേഴ്സണിലുള്ള വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽവെച്ച് 114-ാമത്തെ ക്ലാസ്സിന്റെ ബിരുദദാന ചടങ്ങ് നടന്നു. പരിപാടികൾ നടന്ന ഓഡിറ്റോറിയത്തിലും ഇലക്ട്രോണിക് സംവിധാനംവഴി അവിടവുമായി ബന്ധിപ്പിച്ചിരുന്ന മറ്റ് സ്ഥലങ്ങളിലും കൂടി 6,404 പേർ കൂടിവന്നു. പ്രസംഗങ്ങളും അഭിമുഖങ്ങളും ചർച്ചയും അടങ്ങിയ പരിപാടിക്ക് സദസ്യർ പൂർണ ശ്രദ്ധ നൽകി.
ഭരണസംഘാംഗമായ തിയോഡർ ജാരറ്റ്സ് ആയിരുന്നു അധ്യക്ഷൻ. അദ്ദേഹത്തിന്റെ പ്രാരംഭ പ്രസ്താവനകൾ ഏഷ്യ, കരീബിയൻ ദ്വീപുകൾ, തെക്കേ അമേരിക്ക, മധ്യ അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്നു വന്ന സദസ്യരിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു. 2 തിമൊഥെയൊസ് 4:5-നെ ആധാരമാക്കിക്കൊണ്ട് ജാരറ്റ്സ് സഹോദരൻ, ഗിലെയാദിൽനിന്ന് പരിശീലനം നേടിയ ഒരു മിഷനറിയുടെ പ്രധാന വേല എന്താണെന്ന് എടുത്തുപറഞ്ഞു, “സുവിശേഷകന്റെ പ്രവൃത്തിചെയ്ക” എന്നതാണ് അത്. ആളുകളെ ബൈബിൾ പഠിപ്പിച്ചുകൊണ്ട് മിഷനറിമാർ സത്യത്തിനു സാക്ഷ്യം വഹിക്കുന്നു.
വിദ്യാർഥികൾക്കുള്ള അവസാന പ്രബോധനം
ഹ്രസ്വ പ്രസംഗങ്ങളുടെ പരമ്പരയിൽ ആദ്യത്തേത് നടത്തിയത് ഐക്യനാടുകളിലെ ബ്രാഞ്ച് കമ്മിറ്റിയംഗമായ ജോൺ ലാർസോൻ ആയിരുന്നു. “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” എന്ന, വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന വിഷയമായിരുന്നു അദ്ദേഹം വികസിപ്പിച്ചത്. (റോമർ 8:31) തങ്ങളുടെ നിയമനങ്ങളിൽ നേരിട്ടേക്കാവുന്ന ഏത് പ്രതിബന്ധങ്ങളെയും മറികടക്കുന്നതിൽ സഹായിക്കാനുള്ള യഹോവയുടെ ശക്തിയിൽ വിദ്യാർഥികൾക്ക് പരിപൂർണ വിശ്വാസം ഉണ്ടായിരിക്കാനുള്ള തിരുവെഴുത്ത് അടിസ്ഥാനത്തെ കുറിച്ച് പ്രസംഗകൻ വിശദീകരിച്ചു. റോമർ 8:38, 39 വാക്യങ്ങൾ ഉപയോഗിച്ച് ലാർസോൻ സഹോദരൻ വിദ്യാർഥികളെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “നിങ്ങൾക്കു വേണ്ടി ദൈവം ഉപയോഗിക്കുന്ന ശക്തിയെ കുറിച്ച് ചിന്തിച്ചുനോക്കുക, യഹോവയ്ക്ക് നിങ്ങളിലുള്ള വ്യക്തിപരമായ താത്പര്യത്തെ ഇല്ലായ്മ ചെയ്യാൻ യാതൊന്നിനും കഴിയില്ലെന്ന് ഓർക്കുക.”
അടുത്ത പ്രസംഗം നിർവഹിച്ചത് ഭരണസംഘാംഗമായ ഗൈ പിയേഴ്സ് ആയിരുന്നു. “നിങ്ങളുടെ കണ്ണുകളെ സന്തോഷമുള്ളതാക്കി നിറുത്തുക!” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതിപാദ്യവിഷയം. (ലൂക്കൊസ് 10:23, NW) യഥാർഥ സന്തുഷ്ടിയിൽ യഹോവയെ അറിയുന്നതും അവന്റെ നിത്യോദ്ദേശ്യം മനസ്സിലാക്കുന്നതും ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി കാണുന്നതും ഉൾപ്പെട്ടിരിക്കുന്നു എന്ന് അദ്ദേഹം വിശദമാക്കി. നിയമനം എവിടെയായാലും കണ്ണുകൾ സന്തോഷമുള്ളതാക്കി നിറുത്തുന്നതിലൂടെ വിദ്യാർഥികൾക്ക് യഥാർഥ സന്തുഷ്ടി കാത്തുസൂക്ഷിക്കാൻ കഴിയും. യഹോവയുടെ നന്മയെ കുറിച്ച് ഗഹനമായി ധ്യാനിക്കാനും തങ്ങളുടെ മനസ്സും ഹൃദയവും അവന്റെ ഹിതം ചെയ്യുന്നതിൽ കേന്ദ്രീകരിച്ചു നിറുത്താനും പിയേഴ്സ് സഹോദരൻ ബിരുദധാരികളെ പ്രോത്സാഹിപ്പിച്ചു. (സങ്കീർത്തനം 77:12) ക്രിയാത്മകമായ മനോഭാവം നിലനിറുത്തുകവഴി, അഭിമുഖീകരിച്ചേക്കാവുന്ന ഏതു പ്രശ്നങ്ങളെയും തരണം ചെയ്യാൻ അവർക്കു സാധിക്കും.
തുടർന്ന്, ദിവസവും ക്ലാസ് എടുത്തിരുന്ന രണ്ട് അധ്യാപകരിൽനിന്ന് ബിരുദധാരികൾക്ക് അവരുടെ വിടവാങ്ങലിനോടുള്ള ബന്ധത്തിൽ പ്രോത്സാഹനത്തിന്റേതായ ചില നിർദേശങ്ങൾ ലഭിച്ചു. “നിങ്ങൾ മഹത്ത്വം തേടുന്നുവോ?” എന്നതായിരുന്നു ലോറൻസ് ബോവൻ സഹോദരന്റെ പ്രസംഗ ശീർഷകം. മഹത്ത്വം എന്നാൽ വ്യക്തിമാഹാത്മ്യവും ഒരുവനു ലഭിക്കുന്ന പ്രശംസയും ബഹുമതിയും ഒക്കെയാണെന്ന് മിക്ക ആളുകളും കരുതുന്നു. പക്ഷേ, യഹോവയുമായുള്ള അനുഗൃഹീത ബന്ധം എന്ന വിലതീരാത്ത നിധിയാണ് യഥാർഥ മഹത്ത്വം എന്ന് സങ്കീർത്തനക്കാരനായ ആസാഫ് മനസ്സിലാക്കാൻ ഇടയായി. (സങ്കീർത്തനം 73:24, 25) നിരന്തരവും ഗഹനവുമായ ബൈബിൾ പഠനത്തിലൂടെ യഹോവയുമായി ഒരു ഉറ്റബന്ധം നിലനിറുത്താൻ വിദ്യാർഥികൾക്കു പ്രോത്സാഹനം ലഭിച്ചു. ക്രിസ്തു മുഖാന്തരമുള്ള യഹോവയുടെ ഉദ്ദേശ്യത്തിന്റെ പൂർത്തീകരണം സംബന്ധിച്ച വിശദാംശങ്ങളിലേക്ക് ദൈവദൂതന്മാർ “കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.” (1 പത്രൊസ് 1:12) തങ്ങളുടെ പിതാവിന്റെ മഹത്ത്വം പ്രതിഫലിപ്പിക്കാൻ സാധിക്കത്തക്കവിധം അവനെ സംബന്ധിച്ച് കഴിയുന്നത്ര കാര്യങ്ങൾ മനസ്സിലാക്കാൻ അവർ ആകാംക്ഷയുള്ളവരാണ്. തുടർന്ന് പ്രസംഗകൻ, വിലതീരാത്ത നിധി കണ്ടെത്തുന്നതിൽ മറ്റുള്ളവരെ സഹായിച്ചുകൊണ്ട് തങ്ങളുടെ മിഷനറി നിയമനങ്ങളിൽ യഹോവയെ മഹത്ത്വപ്പെടുത്താൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിച്ചു.
സ്കൂളിന്റെ രജിസ്ട്രാറായ വാലസ് ലിവറൻസ്, “പാവനരഹസ്യത്തിലെ ദൈവജ്ഞാനത്തെ കുറിച്ച് സംസാരിക്കുക” എന്ന പ്രസംഗത്തോടെ ആദ്യത്തെ പ്രസംഗ പരമ്പര ഉപസംഹരിച്ചു. (1 കൊരിന്ത്യർ 2:7, NW) അപ്പൊസ്തലനായ പൗലൊസ് തന്റെ മിഷനറി സേവനത്തിൽ ഉടനീളം പ്രതിപാദിച്ച ഈ ദൈവിക ജ്ഞാനം ഏതായിരുന്നു? സാർവത്രിക സമാധാനവും ഐക്യവും കൊണ്ടുവരുന്നതിനുള്ള, യഹോവയുടെ ശക്തവും ജ്ഞാനപൂർവകവുമായ ഉപാധിയാണ് അത്. ഈ ജ്ഞാനം യേശുവിനെ കേന്ദ്രീകരിച്ചുള്ളതാണ്. ഒരു സാമൂഹിക സുവിശേഷം പ്രസംഗിക്കുന്നതിനു പകരം, ആദാമിന്റെ പാപം വരുത്തിവെച്ചിരിക്കുന്ന ദോഷങ്ങൾ ദൈവം ഇല്ലായ്മ ചെയ്യുന്നത് എങ്ങനെയെന്നു മനസ്സിലാക്കാൻ പൗലൊസ് ആളുകളെ സഹായിച്ചു. (എഫെസ്യർ 3:8, 9) പ്രസംഗകൻ തന്റെ ശ്രോതാക്കളെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “പൗലൊസ് തന്റെ സേവനപദവി ഉപയോഗപ്പെടുത്തിയ അതേ വിധത്തിൽ നിങ്ങളും ചെയ്യുക, യഹോവ തന്റെ ഉദ്ദേശ്യം നിറവേറ്റുന്നത് എങ്ങനെയാണ് എന്നതു മനസ്സിലാക്കാൻ ആളുകളെ സഹായിക്കുന്നതിനുള്ള ഒരു അവസരമായാണ് അവൻ തന്റെ മിഷനറി നിയമനത്തെ കണ്ടത്.”
തുടർന്ന്, മറ്റൊരു ഗിലെയാദ് അധ്യാപകനായ മാർക്ക് നൂമാർ, ക്ലാസ്സിലെ പല വിദ്യാർഥികൾ പങ്കെടുത്ത സജീവമായ ഒരു ചർച്ചയ്ക്ക് ആധ്യക്ഷ്യം വഹിച്ചു. “ദൈവവചനത്തിന്റെ പഠനം തീക്ഷ്ണതയുള്ള ശുശ്രൂഷകരെ ഉളവാക്കുന്നു” എന്ന പ്രതിപാദ്യവിഷയം റോമർ 10:10-ലെ പൗലൊസിന്റെ വാക്കുകളെ വിശേഷവത്കരിക്കുന്നതായിരുന്നു. ഗിലെയാദ് പഠനത്തിനിടയ്ക്ക് തങ്ങൾക്കുണ്ടായ രസകരമായ ഒട്ടനവധി വയൽസേവന അനുഭവങ്ങൾ വിദ്യാർഥികൾ വിവരിച്ചു. നാം ദൈവവചനം പഠിക്കുകയും അതു സംബന്ധിച്ച് ധ്യാനിക്കുകയും ചെയ്യുമ്പോൾ നമ്മുടെ ഹൃദയം യഹോവയാം ദൈവത്തെയും അവന്റെ രാജ്യത്തെയും കുറിച്ചുള്ള വിസ്മയാവഹമായ കാര്യങ്ങൾകൊണ്ടു നിറയുമെന്നും തുടർന്ന് ആളുകളുമായി അവ പങ്കുവെക്കാൻ നാം പ്രേരിതരാകുമെന്നും അവരുടെ അനുഭവങ്ങൾ പ്രകടമാക്കുന്നു. വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചെലവിട്ട അഞ്ചു മാസങ്ങൾകൊണ്ട് വിദ്യാർഥികൾ 30-ലധികം ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങി, അതും കൂടെക്കൂടെ പ്രവർത്തിച്ചിട്ടുള്ള സമീപ സഭകളുടെ പ്രദേശങ്ങളിൽ.
പക്വതയുള്ള വ്യക്തികൾ നൽകിയ ഉപദേശങ്ങൾ
ഗിലെയാദ് പരിശീലന കാലത്ത്, വിദ്യാർഥികൾ ഐക്യനാടുകളിലെ ബെഥേൽ കുടുംബവുമായുള്ള സഹവാസത്തിൽനിന്ന് പ്രയോജനം നേടി. ഐക്യനാടുകളിലെ ബ്രാഞ്ച് അംഗങ്ങളായ റോബർട്ട് സിറാൻകോയും റോബർട്ട് പി. ജോൺസണും വാച്ച്ടവർ വിദ്യാഭ്യാസ കേന്ദ്രത്തിൽ പ്രത്യേക പരിശീലനം നേടിക്കൊണ്ടിരിക്കുന്ന സഞ്ചാരമേൽവിചാരകന്മാർ ഉൾപ്പെടെ കാലങ്ങളായി യഹോവയെ വിശ്വസ്തതയോടെ സേവിച്ചുവരുന്ന ഏതാനും വ്യക്തികളുമായി അഭിമുഖം നടത്തി. ഇവരെല്ലാം ഒരിക്കൽ മിഷനറിമാരായി സേവിച്ചിരുന്ന ഗിലെയാദ് ബിരുദധാരികളാണ്. അനുഭവസമ്പന്നരായ ഈ ആത്മീയ പുരുഷന്മാരിൽനിന്ന് കേട്ട ജ്ഞാനമൊഴികൾ വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുകൾക്കും ധൈര്യവും പ്രോത്സാഹനവും പകർന്നു.
അവർ നൽകിയ ബുദ്ധിയുപദേശങ്ങളിൽ ചിലത് ഇവയായിരുന്നു: “ശുശ്രൂഷയിലും സഭാപ്രവർത്തനങ്ങളിലും കഴിയുന്നത്ര തിരക്കുള്ളവരായിരിക്കുക.” “നിങ്ങൾക്കുതന്നെ അമിതപ്രാധാന്യം കൽപ്പിക്കാതിരിക്കുക. ഒരു മിഷനറി എന്ന നിലയിലുള്ള നിങ്ങളുടെ ഉദ്ദേശ്യത്തിൽ ശ്രദ്ധ പതിപ്പിക്കുക, നിങ്ങളുടെ നിയമനപ്രദേശത്തെ സ്വന്തം ഭവനമായി വീക്ഷിക്കുക.” നിയമനം ലഭിക്കുന്നത് എവിടേക്കായിരുന്നാലും ഗിലെയാദ് പരിശീലനം ഒരു ശുശ്രൂഷകനെ നല്ല വേലയ്ക്കായി എങ്ങനെ സജ്ജനാക്കുന്നു എന്ന് വ്യക്തമാക്കുന്ന സഹായകമായ വേറെ ചില പ്രസ്താവനകളും കേൾക്കാൻ ഇടയായി. അവയിൽ ചിലത് ഇതാ: “ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കാൻ പഠിച്ചു.” “പുതിയ സംസ്കാരങ്ങളെ ഉൾക്കൊള്ളാൻ സ്കൂൾ ഞങ്ങളെ സഹായിച്ചു.” “തിരുവെഴുത്തുകൾ വ്യത്യസ്ത വീക്ഷണകോണിലൂടെ അവതരിപ്പിക്കാൻ ഞങ്ങൾ പഠിപ്പിക്കപ്പെട്ടു.”
ദീർഘനാളായി ഭരണസംഘത്തിലെ ഒരംഗമായി സേവിക്കുന്ന ജോൺ ഇ. ബാർ ആയിരുന്നു പരിപാടിയിലെ മുഖ്യ പ്രസംഗം അവതരിപ്പിച്ചത്. “അവരുടെ നാദം സർവ്വഭൂമിയിലും പരന്നു” എന്നതായിരുന്നു പ്രസംഗത്തിന്റെ തിരുവെഴുത്തുപരമായ പ്രതിപാദ്യവിഷയം. (റോമർ 10:18) അദ്ദേഹം ഇങ്ങനെ ചോദിച്ചു: ഈ വെല്ലുവിളിയെ വിജയകരമായി നേരിടാൻ ദൈവജനത്തിന് ഇന്ന് കഴിഞ്ഞിട്ടുണ്ടോ? തീർച്ചയായും! 1881-ൽ വീക്ഷാഗോപുരം മാസികയിൽ വായനക്കാരോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചിരുന്നു: “നിങ്ങൾ പ്രസംഗിക്കുന്നുണ്ടോ?” തുടർന്ന്, 1922-ൽ യു.എസ്.എ.-യിലെ ഒഹായോയിലുള്ള സീഡാർ പോയിന്റിൽ നടന്ന കൺവെൻഷനിൽ നൽകപ്പെട്ട ചരിത്രപ്രധാനമായ ഈ ആഹ്വാനത്തെ കുറിച്ച് പ്രസംഗകൻ സദസ്യരെ ഓർമിപ്പിച്ചു: “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ!” കാലം കടന്നുപോകവേ, ദൈവത്തിന്റെ വിശ്വസ്ത ദാസരുടെ തീക്ഷ്ണത വിസ്മയാവഹമായ രാജ്യസത്യങ്ങൾ എല്ലാ ജനതകളോടും ഘോഷിക്കാൻ അവരെ പ്രേരിപ്പിച്ചു. അച്ചടിച്ച പ്രസിദ്ധീകരണങ്ങളിലൂടെയും വാമൊഴിയായും സുവാർത്ത നിവസിത ഭൂമിയുടെ അറ്റങ്ങളോളം എത്തിയിരിക്കുന്നു—എല്ലാം യഹോവയുടെ മഹത്ത്വത്തിനും സ്തുതിക്കുമായി. ഉപസംഹാരത്തിൽ ബാർ സഹോദരൻ ബിരുദധാരികളെ അവർക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങൾ വിലമതിക്കാൻ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ ആവേശജനകമായ വാക്കുകൾ ഇതായിരുന്നു: “ദിനംതോറും, വേലയിലായിരിക്കെ നിങ്ങൾ യഹോവയോട് പ്രാർഥിക്കുമ്പോൾ ‘അവരുടെ നാദം സർവ്വഭൂമിയിലും പരന്നു’ എന്ന വാക്കുകളുടെ നിവൃത്തിയിൽ പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ അവന് ഹൃദയംഗമമായി നന്ദി നൽകുക.”
ഈ പ്രസംഗത്തിനു ശേഷം, ആശംസകൾ വായിക്കപ്പെട്ടു. അധ്യക്ഷൻ ഓരോ വിദ്യാർഥിക്കും ബിരുദസർട്ടിഫിക്കറ്റ് നൽകി. തുടർന്ന്, സന്തോഷത്തിന്റെയും പ്രിയപ്പെട്ട സ്കൂൾ വിട്ടുപോകുന്നതിലുള്ള ദുഃഖത്തിന്റെയും അന്തരീക്ഷത്തിൽ ക്ലാസ്സിന്റെ പ്രതിനിധിയെന്ന നിലയിൽ ഒരു സഹോദരൻ ഭരണസംഘത്തെയും ബെഥേൽ കുടുംബത്തെയും സംബോധന ചെയ്തുകൊണ്ട് ആത്മാർഥത തുളുമ്പുന്ന ഒരു പ്രമേയം വായിച്ചു. ‘ഇന്നുമുതൽ എന്നേക്കും യഹോവയെ വാഴ്ത്താനുള്ള’ ബിരുദധാരികളുടെ നിശ്ചയദാർഢ്യം അതിൽ പ്രതിഫലിച്ചിരുന്നു.—സങ്കീർത്തനം 115:18.
ഈ ബിരുദധാരികളും, 60 വർഷമായി തങ്ങൾക്കു മുമ്പുള്ള ഗിലെയാദ് ബിരുദധാരികളെപ്പോലെ തങ്ങളുടെ പുതിയ ഭവനങ്ങളുമായി പൊരുത്തപ്പെടട്ടെയെന്നും ലോകവ്യാപക പ്രസംഗവേലയ്ക്ക് നല്ല പിന്തുണ നൽകട്ടെയെന്നും നമുക്കു പ്രാർഥിക്കാം.
[23 -ാം പേജിലെ ചതുരം]
ക്ലാസ്സിന്റെ സ്ഥിതിവിവര കണക്ക്
പ്രതിനിധാനം ചെയ്ത രാജ്യങ്ങളുടെ എണ്ണം: 12
നിയമിക്കപ്പെട്ട രാജ്യങ്ങളുടെ എണ്ണം: 16
വിദ്യാർഥികളുടെ എണ്ണം: 48
ശരാശരി വയസ്സ്: 34.4
സത്യത്തിലായിരുന്ന ശരാശരി വർഷം: 17.6
മുഴുസമയ ശുശ്രൂഷയിലായിരുന്ന ശരാശരി വർഷം: 13.5
[24 -ാം പേജിലെ ചിത്രം]
വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽനിന്നു ബിരുദം നേടുന്ന 114-ാമത്തെ ക്ലാസ്സ്
ചുവടെ കൊടുത്തിരിക്കുന്ന ലിസ്റ്റിൽ, നിരകൾ മുന്നിൽനിന്നു പിന്നിലേക്ക് എണ്ണുന്നു, പേരുകൾ ഓരോ നിരയിലും ഇടത്തുനിന്നു വലത്തോട്ടു പട്ടികപ്പെടുത്തിയിരിക്കുന്നു.
(1) റോസ, ഡി.; ഗാരിഗോളാസ്, ജെ.; ലിൻഡ്സ്ട്രോം, ആർ.; പാവനെലോ, പി.; റ്റെയ്റ്റ്, എൻ. (2) വാൻ ഹൗട്ട്, എം.; ഡോനാബൗവർ, സി.; മാർട്ടിനെസ്, എൽ.; മില്ലർ, ഡി.; ഫെസ്ട്രേ, വൈ.; നട്ടർ, എസ്. (3) മാർട്ടിനെസ്, പി.; ക്ലാർക്ക്, എൽ.; മോൺ, ബി.; ഫിഷർ, എൽ.; റോമോ, ജി. (4) റോമോ, ആർ.; ഇഡി, എസ്.; ടൈമൻ, സി.; കാംപ്ബെൽ, പി.; മില്ലർ, ഡി.; റോസ, ഡബ്ലിയു. (5) ലിൻഡ്സ്ട്രോം, സി.; ഗാരിഗോളാസ്, ജെ.; മാർക്കെവിച്ച്, എൻ.; ലിൻഡാല, കെ.; വാൻ ഡെൻ ഹ്യൂവെൽ, ജെ.; റ്റെയ്റ്റ്, എസ്.; നട്ടർ, പി. (6) മോൺ, പി.; പാവനെലോ, വി.; ഇഡി, എൻ.; വെസ്റ്റ്, എ.; ക്ലാർക്ക്, ഡി.; മാർക്കെവിച്ച്, ജെ. (7) ഫിഷർ, ഡി.; ഡോനാബൗവർ, ആർ.; കറി, പി.; കറി, വൈ.; കാർഫാനോ, ഡബ്ലിയു.; വെസ്റ്റ്, എം.; ടൈമൻ, എ. (8) വാൻ ഹൗട്ട്, എം.; കാംപ്ബെൽ, സി.; ഫെസ്ട്രേ, വൈ.; കാർഫാനോ, സി.; വാൻ ഡെൻ ഹ്യൂവെൽ, കെ.; ലിൻഡാല, ഡി.