മറ്റുള്ളവരിലുള്ള വിശ്വാസം സന്തുഷ്ടജീവിതത്തിന് അനിവാര്യം
ഭക്ഷ്യവിഷബാധ തീർച്ചയായും നല്ല ഒരനുഭവമല്ല. കൂടെക്കൂടെ അതുണ്ടാകുന്ന വ്യക്തി തന്റെ ഭക്ഷണശീലങ്ങൾ സംബന്ധിച്ച് കൂടുതൽ ശ്രദ്ധാലുവായിരിക്കണം. എന്നാൽ, ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാനായി ഭക്ഷണം തീർത്തും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാവുക. ഭക്ഷണം കൂടാതെ ആർക്കും അധികനാൾ ജീവിക്കാനാവില്ല.
സമാനമായി, വിശ്വാസവഞ്ചനയ്ക്ക് ഇരയാകുന്നത് വളരെ വേദനാജനകമാണ്. കൂടെക്കൂടെ വിശ്വാസവഞ്ചനയ്ക്ക് ഇരയായിട്ടുണ്ടെങ്കിൽ ബന്ധങ്ങളുടെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്താൻ അതു നമ്മെ പ്രേരിപ്പിച്ചേക്കാം. എങ്കിലും, വിശ്വാസവഞ്ചനയ്ക്ക് ഇരയാകാനുള്ള സാധ്യത ഒഴിവാക്കാനായി മറ്റുള്ളവരിൽനിന്നു തീർത്തും അകന്നുമാറുന്നത് ഒരു പരിഹാരമല്ല. എന്തുകൊണ്ട്? ആരെയും വിശ്വസിക്കാതിരിക്കുന്നത് നമ്മുടെതന്നെ സന്തോഷം കവർന്നുകളയും. ഒരു സംതൃപ്ത ജീവിതം നയിക്കുന്നതിന് പരസ്പരവിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ നമുക്ക് ആവശ്യമാണ്.
“ദൈനംദിന ഇടപാടുകൾ സുഗമമാക്കുന്നതിനുവേണ്ട അടിസ്ഥാന ഘടകങ്ങളിൽ ഒന്നാണ് മറ്റുള്ളവരിലുള്ള വിശ്വാസം” എന്ന് യൂഗെന്റ് 2002 എന്ന ഗ്രന്ഥം അഭിപ്രായപ്പെടുന്നു. “ആരിലെങ്കിലും വിശ്വാസമർപ്പിക്കാൻ സകലരും വാഞ്ഛിക്കുന്നു” എന്ന് നൊയ്യെ റ്റ്സ്യൂർക്കെർ വർത്തമാനപത്രം പറയുന്നു. ‘അതിജീവനത്തിന് അത്യന്താപേക്ഷിതമായ’ അളവോളം “വിശ്വാസം ജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുന്നു.” മറ്റുള്ളവരിലുള്ള വിശ്വാസമില്ലാതെ “ഒരു വ്യക്തിക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവില്ല” എന്ന് ആ പത്രം തുടർന്നു പറയുന്നു.
ആരിലെങ്കിലും വിശ്വാസമർപ്പിക്കേണ്ടതിന്റെ അടിസ്ഥാന ആവശ്യം നമുക്കുള്ളതിനാൽ, വഞ്ചിക്കില്ല എന്ന പൂർണ ബോധ്യത്തോടെ നമുക്ക് ആരെ വിശ്വസിക്കാനാകും?
പൂർണഹൃദയത്തോടെ യഹോവയിൽ വിശ്വാസം അർപ്പിക്കുക
“പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക [“വിശ്വാസമർപ്പിക്കുക,” പി.ഒ.സി. ബൈബിൾ]” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 3:5) വാസ്തവത്തിൽ, നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തിൽ വിശ്വാസവും ആശ്രയവുമർപ്പിക്കാൻ ദൈവവചനം കൂടെക്കൂടെ നമ്മെ പ്രോത്സാഹിപ്പിക്കുന്നു.
നമുക്ക് ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? യഹോവയാം ദൈവം വിശുദ്ധനാണ് എന്നതാണ് അതിനുള്ള ഒരു കാരണം. പ്രവാചകനായ യെശയ്യാവ് ഇങ്ങനെ എഴുതി: “യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (യെശയ്യാവു 6:3) പരിശുദ്ധി എന്ന ആശയം നിങ്ങളെ ആകർഷിക്കാതിരിക്കുന്നുണ്ടോ? യഥാർഥത്തിൽ അത് നിങ്ങളെ ആകർഷിക്കേണ്ടതാണ്. എന്തെന്നാൽ, യഹോവയുടെ പരിശുദ്ധി അവൻ കളങ്കമില്ലാത്തവനും സകല ദുഷ്പ്രവൃത്തികളിൽനിന്നും അകന്നവനും പൂർണമായും ആശ്രയയോഗ്യനുമാണ് എന്ന് അർഥമാക്കുന്നു. അവന് ഒരിക്കലും നീതികേട് പ്രവർത്തിക്കാനോ നമ്മെ ദ്രോഹിക്കാനോ വിശ്വാസവഞ്ചന കാണിക്കാനോ സാധ്യമല്ല.
കൂടാതെ തന്നെ സേവിക്കുന്നവരെ സഹായിക്കാനുള്ള പ്രാപ്തിയും അതിനുള്ള ആഗ്രഹവും ദൈവത്തിന് ഉള്ളതിനാലും നമുക്ക് അവനിൽ വിശ്വാസമർപ്പിക്കാനാവും. ഉദാഹരണത്തിന്, അവന്റെ അപരിമേയ ശക്തി പ്രവർത്തിക്കാൻ അവനെ പ്രാപ്തനാക്കുന്നു. അവന്റെ പൂർണമായ നീതിയും ജ്ഞാനവും അവന്റെ പ്രവർത്തന വിധങ്ങളെ നയിക്കുന്നു. അവന്റെ അതുല്യ സ്നേഹം പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിക്കുന്നു. “ദൈവം സ്നേഹം ആകുന്നു” എന്ന് അപ്പൊസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 4:8, NW) ദൈവം ചെയ്യുന്ന സകല കാര്യങ്ങളിന്മേലും പ്രഭാവം ചെലുത്തുന്നത് അവന്റെ സ്നേഹമാണ്. യഹോവയുടെ വിശുദ്ധിയും മറ്റ് മുന്തിയ ഗുണങ്ങളും അവനെ, നമുക്കു പൂർണ വിശ്വാസമർപ്പിക്കാവുന്ന, ഒരു ഉത്തമ പിതാവാക്കിത്തീർക്കുന്നു. യഹോവയെക്കാൾ വിശ്വാസയോഗ്യനായ മറ്റാരുമില്ല.
യഹോവയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് സന്തുഷ്ടി കണ്ടെത്തുക
യഹോവയിൽ വിശ്വാസമർപ്പിക്കുന്നതിനുള്ള ഈടുറ്റ മറ്റൊരു കാരണം, മറ്റാരെക്കാളും മെച്ചമായി യഹോവ നമ്മെ മനസ്സിലാക്കുന്നുവെന്ന വസ്തുതയാണ്. ഓരോ മനുഷ്യർക്കും സ്രഷ്ടാവുമായി വിശ്വാസത്തിൽ അധിഷ്ഠിതവും നിലനിൽക്കുന്നതുമായ ഒരു ദൃഢ ബന്ധം അടിസ്ഥാനപരമായി ആവശ്യമാണെന്ന് അവന് അറിയാം. അത്തരമൊരു ബന്ധമുള്ളവർക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നു. ‘യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുന്ന മനുഷ്യൻ ഭാഗ്യവാൻ [“സന്തുഷ്ടൻ,” NW]’ എന്ന് ദാവീദ് നിഗമനം ചെയ്തു. (സങ്കീർത്തനം 40:4) ഇക്കാലത്ത്, ദശലക്ഷങ്ങൾ ദാവീദിന്റെ വാക്കുകളോട് മുഴുഹൃദയാ യോജിക്കുന്നു.
ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക: ഡോറിസ് എന്ന യുവതി ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ജർമനി, ഗ്രീസ്, ഐക്യനാടുകൾ എന്നിവിടങ്ങളിൽ താമസിച്ചിട്ടുണ്ട്. അവൾ പറയുന്നു: “യഹോവയിൽ ആശ്രയമർപ്പിക്കാൻ കഴിയുന്നതിൽ ഞാൻ അതീവ സന്തുഷ്ടയാണ്. എന്നെ ശാരീരികമായും ആത്മീയമായും വൈകാരികമായും എങ്ങനെ പുലർത്തണമെന്ന് അവന് അറിയാം. ഒരു വ്യക്തിക്ക് ഉണ്ടായിരിക്കാനാകുന്ന ഏറ്റവും മെച്ചപ്പെട്ട സുഹൃത്താണ് അവൻ.” ഒരു നിയമോപദേഷ്ടാവായ വോൾഫാങ് വിശദീകരിക്കുന്നു: “നിങ്ങളുടെ ഉത്തമ താത്പര്യങ്ങളെ കുറിച്ച് ചിന്തയുള്ള, നിങ്ങൾക്കുവേണ്ടി ഏറ്റവും നല്ലത് ചെയ്തുതരാൻ കഴിവുള്ളവനും അങ്ങനെ ചെയ്യുന്നവനുമായ ഒരാളിൽ ആശ്രയിക്കാനാകുന്നത് എത്ര മഹത്തായ ഒരു കാര്യമാണ്!” ഏഷ്യയിൽ ജനിച്ചെങ്കിലും ഇപ്പോൾ യൂറോപ്പിൽ താമസമാക്കിയിരിക്കുന്ന ഹാം ഇങ്ങനെ പറയുന്നു: “സകല കാര്യങ്ങളും യഹോവയുടെ നിയന്ത്രണത്തിലാണെന്ന് എനിക്ക് ഉറച്ച ബോധ്യമുണ്ട്. അവൻ പിശക് വരുത്തുന്നില്ല. അതുകൊണ്ട്, അവനിൽ ആശ്രയിക്കാൻ എനിക്കു സന്തോഷമേയുള്ളൂ.”
തീർച്ചയായും, സ്രഷ്ടാവിൽ മാത്രമല്ല മനുഷ്യരിലും നാം വിശ്വാസമർപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട്, ഏതുതരം വ്യക്തികളെയാണ് വിശ്വസിക്കേണ്ടത് എന്നതു സംബന്ധിച്ച് ജ്ഞാനിയും അനുഭവസമ്പന്നനുമായ ഒരു സുഹൃത്തെന്ന നിലയിൽ യഹോവ നമുക്ക് ബുദ്ധിയുപദേശം നൽകുന്നു. ബൈബിൾ ശ്രദ്ധാപൂർവം വായിച്ചുകൊണ്ട് ഇക്കാര്യം സംബന്ധിച്ച അവന്റെ ബുദ്ധിയുപദേശം നമുക്ക് മനസ്സിലാക്കാവുന്നതാണ്.
നമുക്ക് വിശ്വസിക്കാവുന്നവർ
സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്.” (സങ്കീർത്തനം 146:3) പല മനുഷ്യരിലും നമുക്ക് ആശ്രയമർപ്പിക്കാനാവില്ലെന്ന്, അവർ നമ്മുടെ വിശ്വാസം അർഹിക്കുന്നില്ലെന്ന് മനസ്സിലാക്കാൻ ഈ നിശ്വസ്ത പ്രസ്താവന നമ്മെ സഹായിക്കുന്നു. ഏതെങ്കിലും പ്രത്യേക പ്രവർത്തന മേഖലയുടെയോ അറിവിന്റെയോ കാര്യത്തിൽ വിദഗ്ധരായവരെ പോലുള്ള, ലോകത്തിലെ ‘പ്രഭുക്കന്മാർ’ എന്ന നിലയിൽ സമുന്നതരായവരെ പോലും, കണ്ണുമടച്ച് നമുക്കു വിശ്വസിക്കാനാവില്ല. അവരുടെ മാർഗനിർദേശങ്ങൾ മിക്കപ്പോഴും പിഴവറ്റതല്ല. അത്തരം പ്രഭുക്കന്മാരിൽ അർപ്പിക്കുന്ന വിശ്വാസം നൊടിയിടയിൽ നിരാശയായി പരിണമിക്കാം.
നാം ആരെയും വിശ്വസിക്കരുത് എന്ന് ഇത് അർഥമാക്കുന്നില്ല. എന്നിരുന്നാലും, നാം ആരിൽ വിശ്വാസമർപ്പിക്കുന്നു എന്നതിന് വളരെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതിനായി നാം സ്വീകരിക്കേണ്ട മാനദണ്ഡം ഏതാണ്? പുരാതന ഇസ്രായേൽ ജനതയിൽനിന്നുള്ള ഒരു ദൃഷ്ടാന്തം നമുക്ക് സഹായകമായേക്കാം. ഇസ്രായേലിൽ ഭാരിച്ച ഉത്തരവാദിത്വങ്ങൾ വഹിക്കേണ്ടിയിരുന്ന പുരുഷന്മാരെ നിയമിക്കേണ്ടത് അനിവാര്യമായിത്തീർന്നപ്പോൾ ‘ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തിൽനിന്നു തിരഞ്ഞെടുക്കാൻ’ മോശെയ്ക്ക് നിർദേശം ലഭിച്ചു. (പുറപ്പാടു 18:21) ഇതിൽനിന്നു നമുക്ക് എന്തു പഠിക്കാനാകും?
ഉത്തരവാദിത്വ സ്ഥാനങ്ങളിൽ ആക്കിവെക്കപ്പെടുന്നതിന് മുമ്പ് ചില ദൈവിക ഗുണങ്ങൾ പ്രകടമാക്കിയവരായിരുന്നു ഈ പുരുഷന്മാർ. തങ്ങൾക്ക് ദൈവഭയവും സ്രഷ്ടാവിനോട് ആദരവും ഉണ്ടെന്നും അവനെ അപ്രീതിപ്പെടുത്താൻ ഭയപ്പെട്ടിരുന്നുവെന്നും അവർ അതിനോടകം തെളിയിച്ചിരുന്നു. യഹോവയുടെ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ പുരുഷന്മാർ തങ്ങളുടെ കഴിവിന്റെ പരമാവധി പ്രവർത്തിച്ചെന്ന് സകലർക്കും വ്യക്തമായിരുന്നു. അവർ ദുരാദായം വെറുത്തിരുന്നു. അധികാരം കിട്ടുമ്പോൾ അഴിമതിക്കാർ ആകാതിരിക്കാൻ അവരെ സഹായിക്കുമായിരുന്ന ധാർമിക ബലത്തിന്റെ സൂചനയായിരുന്നു അത്. തങ്ങളുടെതന്നെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ താത്പര്യങ്ങൾ ഉന്നമിപ്പിക്കാനായി അവർ മറ്റുള്ളവരോട് വിശ്വാസവഞ്ചന കാണിക്കുമായിരുന്നില്ല.
ആരെ വിശ്വസിക്കണമെന്നു തീരുമാനിക്കുമ്പോൾ നാം ഇന്ന് സമാനമായ മാനദണ്ഡം പിൻപറ്റുന്നത് ജ്ഞാനമായിരിക്കില്ലേ? ദൈവത്തെ ഭയപ്പെടുന്നുവെന്ന് തങ്ങളുടെ പ്രവർത്തനത്താൽ തെളിയിക്കുന്നവരെ നമുക്ക് അറിയാമോ? നടത്ത സംബന്ധിച്ച ദിവ്യനിലവാരം പാലിക്കാൻ അവർ ദൃഢചിത്തരാണോ? ശരിയല്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞിരിക്കാനുള്ള ധാർമിക കരുത്ത് അവർക്കുണ്ടോ? തങ്ങളുടെതന്നെ പ്രയോജനത്തിനോ കാര്യസാധ്യത്തിനോ വേണ്ടി ഒരു സാഹചര്യത്തെ നിയന്ത്രിക്കാതിരിക്കാനുള്ള സത്യസന്ധത അവർക്കുണ്ടോ? തീർച്ചയായും, അത്തരം ഗുണങ്ങൾ പ്രകടമാക്കുന്ന സ്ത്രീപുരുഷന്മാരെ നമുക്ക് വിശ്വസിക്കാവുന്നതാണ്.
വല്ലപ്പോഴുമുണ്ടാകുന്ന നിരാശ നിങ്ങളെ തളർത്തരുത്
ആരെ വിശ്വസിക്കാം എന്നു തീരുമാനിക്കുന്നതിൽ ക്ഷമ അനിവാര്യമാണ്. കാരണം, കുറെ കാലംകൊണ്ടാണ് വിശ്വാസം വളർത്തിയെടുക്കുന്നത്. ഇക്കാര്യത്തിൽ ജ്ഞാനപൂർവകമായ ഗതി, ആരിലെങ്കിലും ക്രമേണ അൽപ്പാൽപ്പമായി വിശ്വാസമർപ്പിക്കുക എന്നതാണ്. എങ്ങനെ? കുറെ കാലംകൊണ്ട് നമുക്ക് ഒരു വ്യക്തിയുടെ നടത്ത നിരീക്ഷിക്കാനായേക്കാം. അതിനിടെ, ചില സാഹചര്യങ്ങളിൽ അയാൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ശ്രദ്ധിക്കാനും കഴിഞ്ഞേക്കാം. ആ വ്യക്തി ചെറിയ കാര്യങ്ങളിൽ വിശ്വാസയോഗ്യനാണോ? ഉദാഹരണത്തിന്, കടമെടുത്ത വസ്തുക്കൾ പറഞ്ഞതുപോലെ തിരിച്ചുകൊടുക്കുകയോ പറഞ്ഞയിടത്ത് കൃത്യസമയത്ത് ചെല്ലുകയോ ചെയ്യുന്നുണ്ടോ? അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ, കുറച്ചുകൂടെ വലിയ കാര്യങ്ങളിലും അദ്ദേഹത്തെ വിശ്വസിക്കാമെന്ന് നമുക്കു തോന്നിയേക്കാം. ഇത് പിൻവരുന്ന തത്ത്വത്തിനു ചേർച്ചയിലാണ്: “അത്യല്പത്തിൽ വിശ്വസ്തനായവൻ അധികത്തിലും വിശ്വസ്തൻ.” (ലൂക്കൊസ് 16:10) ആളുകളിൽ വിശ്വാസമർപ്പിക്കുന്ന കാര്യത്തിൽ നാം ക്ഷമയും ശ്രദ്ധയും പ്രകടമാക്കുന്നെങ്കിൽ വലിയ നിരാശകൾ ഒഴിവാക്കാൻ നമുക്കു സാധിച്ചേക്കും.
ആരെങ്കിലും നമ്മെ നിരാശപ്പെടുത്തിയാലോ? തന്നെ അറസ്റ്റ് ചെയ്ത രാത്രിയിൽ, അപ്പൊസ്തലന്മാർ യേശുവിനെ വളരെയേറെ നിരാശപ്പെടുത്തിയെന്ന് ബൈബിൾ വിദ്യാർഥികൾക്ക് ഓർമിക്കാനാകും. യൂദാ ഈസ്കര്യോത്താ യേശുവിനെ ഒറ്റിക്കൊടുത്തു, മറ്റുള്ളവർ ഭയന്ന് ഓടിപ്പോയി. പത്രൊസ് യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറയുകപോലും ചെയ്തു. എന്നാൽ മനഃപൂർവം പ്രവർത്തിച്ചത് യൂദാ മാത്രമാണെന്ന് യേശു മനസ്സിലാക്കി. അത്തരമൊരു നിർണായക സമയത്ത് അവർ തന്നെ നിരാശപ്പെടുത്തിയത്, ഏതാനും ആഴ്ച കഴിഞ്ഞ് തന്റെ ശേഷിച്ച 11 അപ്പൊസ്തലന്മാരെ താൻ അപ്പോഴും വിശ്വസിക്കുന്നുണ്ടെന്ന് പ്രകടമാക്കുന്നതിൽനിന്ന് യേശുവിനെ തടഞ്ഞില്ല. (മത്തായി 26:45-47, 56, 69-75; 28:16-20) സമാനമായി, നമ്മോട് ആരെങ്കിലും വിശ്വാസവഞ്ചന കാണിച്ചതായി തോന്നുന്നെങ്കിൽ, അത് ആ വ്യക്തി ആശ്രയയോഗ്യനല്ല എന്നതിന്റെ തെളിവാണോ അതോ അത് നൈമിഷികമായ ഒരു ജഡിക ബലഹീനത ആയിരുന്നോ എന്ന് നാം ചിന്തിക്കേണ്ടതുണ്ട്.
ഞാൻ വിശ്വാസയോഗ്യനാണോ?
താൻ ആരിൽ വിശ്വസിക്കുന്നു എന്ന കാര്യത്തിൽ ശ്രദ്ധ പുലർത്താൻ തീരുമാനിക്കുന്ന ഒരാൾ ന്യായമായി ഇപ്രകാരം ചോദിക്കണം: ‘ഞാൻ വിശ്വാസയോഗ്യനാണോ? വിശ്വാസയോഗ്യത സംബന്ധിച്ച ഏതു ന്യായമായ നിലവാരങ്ങളാണ് ഞാൻ എന്നിൽനിന്നും മറ്റുള്ളവരിൽനിന്നും പ്രതീക്ഷിക്കേണ്ടത്?’
തീർച്ചയായും, വിശ്വാസയോഗ്യനായ ഒരു മനുഷ്യൻ എല്ലായ്പോഴും സത്യം സംസാരിക്കും. (എഫെസ്യർ 4:25) സ്വന്തം നേട്ടത്തിനായി അയാൾ തരംപോലെ വർത്തമാനം പറയില്ല. മാത്രമല്ല, ആരെങ്കിലുമായി ഒരു കരാറിലേർപ്പെട്ടാൽ, ആശ്രയയോഗ്യനായ മനുഷ്യൻ ആ വാക്കുപാലിക്കാനായി തനിക്കാവതെല്ലാം ചെയ്യും. (മത്തായി 5:37) ആശ്രയയോഗ്യനായ ഒരാളോട് ആരെങ്കിലും തന്റെ സ്വകാര്യ കാര്യങ്ങൾ പറഞ്ഞാൽ, അയാൾ അതു രഹസ്യമായിത്തന്നെ സൂക്ഷിക്കുന്നു, മറ്റുള്ളവരുടെ കാതിൽ എത്തിക്കുന്നില്ല. ആശ്രയയോഗ്യനായ ഒരു വ്യക്തി തന്റെ വിവാഹ ഇണയോട് വിശ്വസ്തനാണ്. അയാൾ അശ്ലീലം വീക്ഷിക്കുകയോ കാമകേളികളെ മനസ്സിലിട്ടു താലോലിക്കുകയോ ശൃംഗരിക്കുകയോ ചെയ്യില്ല. (മത്തായി 5:27, 28) നമുക്ക് ആശ്രയിക്കാവുന്ന ഒരു വ്യക്തി കഠിനാധ്വാനം ചെയ്ത് തനിക്കും കുടുംബാംഗങ്ങൾക്കുംവേണ്ടി കരുതുന്നവനായിരിക്കും. മറ്റുള്ളവരെ കരുക്കളാക്കി പെട്ടെന്നു പണമുണ്ടാക്കാനുള്ള മാർഗങ്ങൾ അയാൾ തേടുന്നില്ല. (1 തിമൊഥെയൊസ് 5:8) നമുക്ക് ആശ്രയമർപ്പിക്കാൻ കൊള്ളാവുന്ന വ്യക്തികളെ തിരിച്ചറിയാൻ ന്യായയുക്തവും തിരുവെഴുത്തുപരവുമായ ഇത്തരം മാനദണ്ഡങ്ങൾ നമ്മെ സഹായിക്കും. കൂടാതെ, പെരുമാറ്റം സംബന്ധിച്ച ഇതേ നിലവാരങ്ങളോട് പറ്റിനിൽക്കുന്നത് നമ്മിൽ ഓരോരുത്തരെയും ആശ്രയയോഗ്യരാക്കിത്തീർക്കും.
സകലരെയും വിശ്വസിക്കാനാകുന്ന, വിശ്വാസവഞ്ചന നിമിത്തമുള്ള നിരാശകൾ മേലാൽ ഇല്ലാതിരിക്കുന്ന ഒരു ലോകത്തിൽ ജീവിക്കാൻ കഴിയുന്നത് എത്ര സന്തോഷകരമായിരിക്കും! അത് വെറുമൊരു സ്വപ്നമാണോ? ബൈബിളിന്റെ വാഗ്ദാനങ്ങളെ ഗൗരവമായി കാണുന്നവർക്ക് അതൊരു സ്വപ്നമല്ല. കാരണം, വഞ്ചന, നുണ, ചൂഷണം, ദുഃഖം, രോഗം, എന്തിന്, മരണംപോലും ഇല്ലാത്ത മനോഹരമായ ഒരു പുതിയ ഭൂമിയുടെ ആഗമനത്തെ കുറിച്ച് ദൈവവചനം മുൻകൂട്ടി പറയുന്നു. (2 പത്രൊസ് 3:13; സങ്കീർത്തനം 37:11, 29; വെളിപ്പാടു 21:3-5) ഈ പ്രതീക്ഷയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ കണ്ടെത്തുന്നത് മൂല്യവത്തായിരിക്കില്ലേ? ഈ വിഷയത്തെയും മറ്റ് സുപ്രധാന വിഷയങ്ങളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിങ്ങളുമായി പങ്കുവെക്കാൻ യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്.
[4 -ാം പേജിലെ ചിത്രം]
ആരെയും വിശ്വസിക്കാതിരിക്കുന്നത് നമ്മുടെ സന്തോഷം കവർന്നു കളയുന്നു
[5 -ാം പേജിലെ ചിത്രം]
യഹോവ നമ്മുടെ വിശ്വാസത്തിന് തികച്ചും അർഹനാണ്
[7 -ാം പേജിലെ ചിത്രങ്ങൾ]
നമുക്കെല്ലാം പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ ബന്ധങ്ങൾ ആവശ്യമാണ്