യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ
“നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ.”—മത്തായി 24:44, NW.
1. യഹോവയുടെ ദിവസത്തിന് നാം ശ്രദ്ധ നൽകേണ്ടത് എന്തുകൊണ്ട്?
യുദ്ധത്തിന്റെയും ഉഗ്രകോപത്തിന്റെയും ദിവസം. മനോവേദനയുടെയും ദുരിതത്തിന്റെയും ദിവസം. അന്ധകാരത്തിന്റെയും ശൂന്യമാക്കലിന്റെയും ദിവസം. അതേ, യഹോവയുടെ മഹാദിവസം അങ്ങനെയുള്ള ഒന്നായിരിക്കും. ജലപ്രളയം നോഹയുടെ നാളിലെ ദുഷ്ട ലോകത്തെ വിഴുങ്ങിക്കളഞ്ഞതുപോലെതന്നെ, യഹോവയുടെ “വലുതും ഭയങ്കരവുമായുള്ള ദിവസം” ഈ ദുഷ്ടവ്യവസ്ഥിതിയുടെമേൽ വരുമെന്നതിൽ യാതൊരു സംശയവുമില്ല. അതു നിശ്ചയമായും വന്നിരിക്കും. എന്നാൽ, “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും.” (യോവേൽ 2:30-32; ആമോസ് 5:18-20) ദൈവം ശത്രുക്കളെ നശിപ്പിക്കുകയും സ്വന്ത ജനത്തെ രക്ഷിക്കുകയും ചെയ്യും. അടിയന്തിരതാ ബോധത്തോടെ സെഫന്യാ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു.” (സെഫന്യാവു 1:14) എന്നാൽ എപ്പോഴായിരിക്കും ഈ ദിവ്യന്യായവിധി നിർവഹിക്കപ്പെടുക?
2, 3. യഹോവയുടെ ദിവസത്തിനായി നാം നമ്മെത്തന്നെ ഒരുക്കേണ്ടത് ജീവത്പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
2 യേശു ഇങ്ങനെ പറഞ്ഞു: “ആ നാളും നാഴികയും സംബന്ധിച്ചോ എന്റെ പിതാവു മാത്രമല്ലാതെ ആരും സ്വർഗ്ഗത്തിലെ ദൂതന്മാരും പുത്രനും കൂടെ അറിയുന്നില്ല.” (മത്തായി 24:36) കൃത്യമായ സമയം നമുക്ക് അറിയില്ലാത്തതിനാൽ, 2004-ലെ വാർഷിക വാക്യം മനസ്സിൽപ്പിടിക്കേണ്ടത് അടിയന്തിരമാണ്: “സദാ ജാഗരൂകരായിരിക്കുവിൻ . . . ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ.”—മത്തായി 24:42, 44, NW.
3 ഒരുങ്ങിയിരിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്ക് കൂട്ടിച്ചേർക്കപ്പെടുന്നതും മറ്റുള്ളവർ പുറന്തള്ളപ്പെടുന്നതും എത്ര പെട്ടെന്നായിരിക്കുമെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞു: “അന്നു രണ്ടുപേർ വയലിൽ ഇരിക്കും; ഒരുത്തനെ കൈക്കൊള്ളും, മററവനെ ഉപേക്ഷിക്കും. രണ്ടുപേർ ഒരു തിരിക്കല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരുത്തിയെ കൈക്കൊള്ളും, മററവളെ ഉപേക്ഷിക്കും.” (മത്തായി 24:40, 41) ആ നിർണായക സമയത്ത് നമ്മുടെ വ്യക്തിപരമായ അവസ്ഥ എന്തായിരിക്കും? നാം ഒരുങ്ങിയിരിക്കുന്നവരായിരിക്കുമോ അതോ ആ ദിവസം നമ്മെ അവിചാരിതമായി പിടികൂടുമോ? ഏറെയും നാം ഇപ്പോൾ സ്വീകരിക്കുന്ന പടികളെ ആശ്രയിച്ചിരിക്കുന്നു. യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുന്നതിന് നാം, ഇക്കാലത്തെ ആളുകൾക്ക് പൊതുവേയുള്ള ഒരു മനോഭാവം ഒഴിവാക്കുകയും ഒരു പ്രത്യേക ആത്മീയ അവസ്ഥയിലേക്ക് വഴുതിവീഴുന്നതിനെതിരെ ജാഗ്രത പാലിക്കുകയും ചില ജീവിതശൈലികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയും വേണം.
അലക്ഷ്യ മനോഭാവം ഒഴിവാക്കുക
4. നോഹയുടെ കാലത്തെ ആളുകൾക്ക് ഉണ്ടായിരുന്ന മനോഭാവം എന്ത്?
4 നോഹയുടെ കാലമെടുക്കുക. “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (എബ്രായർ 11:7) ആ പെട്ടകം അസാധാരണവും പെട്ടെന്ന് ശ്രദ്ധയിൽപ്പെടുന്നതും ആയിരുന്നു. നോഹ ഒരു “നീതിപ്രസംഗി”യും ആയിരുന്നു. (2 പത്രൊസ് 2:5) നോഹയുടെ നിർമാണ പദ്ധതിയോ പ്രസംഗ പ്രവർത്തനമോ ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ അക്കാലത്തെ ആളുകളെ പ്രേരിപ്പിച്ചില്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ, “അവർ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും” പോരുകയായിരുന്നു. നോഹ ആരോടു പ്രസംഗിച്ചുവോ ആ ജനം സ്വന്തം കാര്യങ്ങളിലും ഉല്ലാസങ്ങളിലും അത്രയ്ക്കു മുഴുകിയിരുന്നതിനാൽ അവർ ആ സന്ദേശത്തിനു ശ്രദ്ധ നൽകിയതേയില്ല, ഒടുവിൽ ‘ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളഞ്ഞു.’—മത്തായി 24:38, 39.
5. ലോത്തിന്റെ കാലത്തെ സൊദോം നിവാസികളുടെ മനോഭാവം എന്തായിരുന്നു?
5 അതുപോലെതന്നെ ആയിരുന്നു ലോത്തിന്റെ കാലത്തും. തിരുവെഴുത്തുകൾ നമ്മോട് ഇങ്ങനെ പറയുന്നു: “അവർ തിന്നും കുടിച്ചുംകൊണ്ടും വിററും നട്ടും പണിതും പോന്നു. എന്നാൽ ലോത്ത് സൊദോം വിട്ട നാളിൽ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.” (ലൂക്കൊസ് 17:28, 29) വാരാൻപോകുന്ന നാശത്തെക്കുറിച്ച് ദൈവദൂതന്മാരിൽനിന്ന് മുന്നറിയിപ്പ് ലഭിച്ച ലോത്ത് തന്റെ മരുമക്കളോട് അതേക്കുറിച്ചു പറഞ്ഞു. എന്നാൽ അവരാകട്ടെ “അവൻ കളി പറയു”കയാണെന്നു കരുതി.—ഉല്പത്തി 19:14.
6. നാം ഏതു മനോഭാവം ഒഴിവാക്കണം?
6 നോഹയുടെയും ലോത്തിന്റെയും കാലം പോലെതന്നെ ആയിരിക്കും “മനുഷ്യപുത്രന്റെ വരവും” എന്ന് യേശു പറഞ്ഞു. (മത്തായി 24:39; ലൂക്കൊസ് 17:30) ഇക്കാലത്ത് അനേകരും അലക്ഷ്യ മനോഭാവം ഉള്ളവരാണ്. അത്തരമൊരു മനോഭാവത്താൽ സ്വാധീനിക്കപ്പെടാതിരിക്കാൻ നാം ജാഗ്രതയുള്ളവർ ആയിരിക്കണം. രുചികരമായ ഭക്ഷണവും ലഹരിപാനീയങ്ങളും മിതമായി ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ല. അതുപോലെതന്നെ, വിവാഹം എന്നത് ദൈവത്തിന്റെ ഒരു ക്രമീകരണമാണ്. എന്നിരുന്നാലും, അവ ജീവിതത്തിലെ പരമപ്രധാന കാര്യങ്ങളായിത്തീരുകയും ആത്മീയ താത്പര്യങ്ങൾ അവഗണിക്കപ്പെടുകയും ചെയ്യുന്നെങ്കിൽ യഹോവയുടെ ഭയങ്കരമായ ദിവസത്തിനായി നാം വ്യക്തിപരമായി ഒരുങ്ങിയിരിക്കുന്നവർ ആയിരിക്കുമോ?
7. ഏതെങ്കിലുമൊരു ജീവിതവൃത്തി ഏറ്റെടുക്കുന്നതിന് മുമ്പ് നാം മർമപ്രധാനമായ ഏതു ചോദ്യം ചോദിക്കണം, എന്തുകൊണ്ട്?
7 അപ്പൊസ്തലനായ പൗലൊസ് പിൻവരുംവിധം പറഞ്ഞു: “കാലം ചുരുങ്ങിയിരിക്കുന്നു; ഇനി ഭാര്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെ . . . ആയിരിക്കേണം.” (1 കൊരിന്ത്യർ 7:29-31) ദൈവദത്തമായ രാജ്യപ്രസംഗവേല നിർവഹിച്ചുതീർക്കാൻ നമുക്ക് ഇനി പരിമിത സമയമേ ഉള്ളൂ. (മത്തായി 24:14) രാജ്യതാത്പര്യങ്ങളെ രണ്ടാം സ്ഥാനത്തേക്ക് മാറ്റിവെക്കത്തക്കവിധം ദമ്പതികൾ ദാമ്പത്യജീവിതത്തിന്റെ സുഖങ്ങളിൽ മുഴുകിപ്പോകരുതെന്നുപോലും പൗലൊസ് ബുദ്ധിയുപദേശിക്കുന്നു. വ്യക്തമായും, അലക്ഷ്യ മനോഭാവത്തിനു വിരുദ്ധമായ ഒരു മനോഭാവത്തെയാണ് പൗലൊസ് ഇവിടെ പ്രോത്സാഹിപ്പിക്കുന്നത്. ‘മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ’ എന്ന് യേശു പറഞ്ഞു. (മത്തായി 6:33) തീരുമാനങ്ങൾ എടുക്കുമ്പോഴോ ഒരു ജീവിതവൃത്തി ഏറ്റെടുക്കുന്നതിനു മുമ്പോ നാം ചോദിക്കേണ്ട സുപ്രധാന ചോദ്യം ഇതാണ്: ‘എന്റെ ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കുന്നതിനെ ഇത് എങ്ങനെ ബാധിക്കും?’
8. ദൈനംദിന കാര്യങ്ങളിൽ മാത്രമായി നാം മുഴുകിപ്പോയിരിക്കുന്നെങ്കിൽ എന്തു ചെയ്യണം?
8 ആത്മീയ താത്പര്യങ്ങൾ പിന്തള്ളപ്പെടുംവിധമുള്ള ഒരു ജീവിതരീതിയാണ് നാം ഇപ്പോൾ നയിക്കുന്നതെന്ന് തിരിച്ചറിയുന്നെങ്കിലോ? നമ്മുടെയും, സൂക്ഷ്മമായ തിരുവെഴുത്തു പരിജ്ഞാനം ഇല്ലാത്തവരും രാജ്യഘോഷകരല്ലാത്തവരും ആയ അയൽക്കാരുടെയും ജീവിതരീതികൾ തമ്മിൽ വലിയ വ്യത്യാസമൊന്നും ഇല്ലെങ്കിലോ? സാഹചര്യം അതാണെങ്കിൽ, നാം അത് പ്രാർഥനാവിഷയമാക്കേണ്ടതാണ്. ശരിയായ മനോനില ഉണ്ടായിരിക്കാൻ യഹോവയ്ക്ക് നമ്മെ പ്രാപ്തരാക്കാനാകും. (റോമർ 15:5; ഫിലിപ്പിയർ 3:15) രാജ്യതാത്പര്യങ്ങൾ ഒന്നാമത് വെക്കാനും ശരിയായത് ചെയ്യാനും ദൈവത്തോടുള്ള നമ്മുടെ കടമകൾ നിറവേറ്റാനും ഉള്ള സഹായം നൽകാൻ യഹോവയ്ക്കു കഴിയും.—റോമർ 12:2; 2 കൊരിന്ത്യർ 13:7.
ആത്മീയ മയക്കത്തെ ചെറുത്തുനിൽക്കുക
9. വെളിപ്പാടു 16:14-16 പറയുന്നതനുസരിച്ച്, ആത്മീയ മയക്കത്തെ നാം ചെറുത്തുനിൽക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
9 സമീപിച്ചുകൊണ്ടിരിക്കുന്ന അർമഗെദോനിലെ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”ത്തെ കുറിച്ചു പറയുന്ന അതേ പ്രവചനം, ചിലർ ഉണർന്നിരിക്കാതിരുന്നേക്കാം എന്നു മുന്നറിയിപ്പു നൽകുന്നു. “ഞാൻ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാൻ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവൻ ഭാഗ്യവാൻ” എന്ന് യേശു പറയുന്നു. (വെളിപ്പാടു 16:14-16) ഇവിടെ പരാമർശിച്ചിരിക്കുന്ന ഉടുപ്പു സൂചിപ്പിക്കുന്നത്, നമ്മെ യഹോവയുടെ ക്രിസ്തീയ സാക്ഷികളെന്ന നിലയിൽ തിരിച്ചറിയിക്കുന്നത് എന്തോ അതിനെയാണ്. അതിൽ, രാജ്യഘോഷകർ എന്ന നിലയിലുള്ള നമ്മുടെ വേലയും നമ്മുടെ ക്രിസ്തീയ നടത്തയും ഉൾപ്പെട്ടിരിക്കുന്നു. നിദ്രാസമാന നിഷ്ക്രിയത്വത്തിലേക്ക് നാം വഴുതിവീണാൽ, ക്രിസ്ത്യാനികളായി തിരിച്ചറിയിക്കുന്ന ആ പ്രതീകാത്മക വസ്ത്രം ഉരിഞ്ഞുമാറ്റപ്പെട്ടേക്കാം. അത് ലജ്ജാകരവും ആപത്കരവുമാണ്. ആത്മീയ മയക്കമോ മാന്ദ്യമോ ബാധിച്ച ഒരു അവസ്ഥയിലേക്കു വീഴാതിരിക്കാൻ നാം ശ്രദ്ധയുള്ളവർ ആയിരിക്കണം. അത്തരമൊരു ചായ്വിനെ നമുക്ക് എങ്ങനെ ചെറുത്തുനിൽക്കാം?
10. ആത്മീയമായി ജാഗ്രതയോടെ നിലകൊള്ളാൻ ദൈനംദിന ബൈബിൾവായന നമ്മെ സഹായിക്കുന്നത് എന്തുകൊണ്ട്?
10 ഉണർവും സുബോധവും ഉള്ളവരായിരിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ബൈബിൾ കൂടെക്കൂടെ ഊന്നൽ നൽകുന്നുണ്ട്. ഉദാഹരണത്തിന്, തിരുവെഴുത്തു വിവരണങ്ങൾ നമുക്ക് പിൻവരുന്ന ഓർമിപ്പിക്കൽ നൽകുന്നു: “സദാ ജാഗരൂകരായിരിക്കുവിൻ” (മത്തായി 24:42, NW; 25:13; മർക്കൊസ് 13:35, 37), “ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കുവിൻ” (മത്തായി 24:44, NW;), “ശ്രദ്ധാപൂർവം ഉണർന്നിരിക്കുവിൻ” (മർക്കൊസ് 13:33 പി.ഒ.സി. ബൈ.), “ഒരുങ്ങിയിരിപ്പിൻ” (ലൂക്കൊസ് 12:40). യഹോവയുടെ ദിവസം അപ്രതീക്ഷിതമായി ഈ ലോകത്തിന്മേൽ വരുമെന്ന് പ്രസ്താവിച്ചശേഷം അപ്പൊസ്തലനായ പൗലൊസ് സഹവിശ്വാസികൾക്ക് പിൻവരുന്ന പ്രോത്സാഹനം നൽകുന്നു: “ആകയാൽ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണർന്നും സുബോധമായുമിരിക്ക.” (1 തെസ്സലൊനീക്യർ 5:6) മഹത്ത്വീകരിക്കപ്പെട്ട യേശു തന്റെ വരവ് എത്ര പെട്ടെന്നായിരിക്കും എന്നതിന് ഊന്നൽ നൽകിക്കൊണ്ട് ബൈബിളിലെ അവസാന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു: “ഇതാ, ഞാൻ വേഗത്തിൽ വരുന്നു.” (വെളിപ്പാടു 3:11; 22:7, 12, 20) പല എബ്രായ പ്രവാചകന്മാരും യഹോവയുടെ ആ മഹാ ന്യായവിധി ദിവസത്തെ കുറിച്ചു വിവരിക്കുകയും മുന്നറിയിപ്പു നൽകുകയും ചെയ്തിട്ടുണ്ട്. (യെശയ്യാവു 2:12, 17; യിരെമ്യാവു 30:7; യോവേൽ 2:11; സെഫന്യാവു 3:8) ദൈവവചനമായ ബൈബിൾ ദിവസവും വായിക്കുന്നതും വായിച്ച കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുന്നതും ആത്മീയമായി ജാഗ്രതയോടെ നിലകൊള്ളാൻ നമ്മെ വളരെയേറെ സഹായിക്കും.
11. ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ വ്യക്തിപരമായ പഠനം അനിവാര്യമായിരിക്കുന്നത് എന്തുകൊണ്ട്?
11 “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച് തിരുവെഴുത്തുകൾ ശുഷ്കാന്തിയോടെ വ്യക്തിപരമായി പഠിക്കുന്നത് ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ നമ്മെ എത്രയധികം സഹായിക്കും! (മത്തായി 24:45-47, NW) എന്നാൽ, വ്യക്തിപരമായ പഠനംകൊണ്ട് പ്രയോജനമുണ്ടാകണമെങ്കിൽ അത് പുരോഗമനാത്മകവും ക്രമമുള്ളതും ആയിരിക്കണം. (എബ്രായർ 5:14-6:3) കട്ടിയായുള്ള ആഹാരം നാം പതിവായി കഴിക്കേണ്ടതുണ്ട്. പഠനത്തിനായി സമയം കണ്ടെത്തുക ഇക്കാലത്ത് ഒരു വെല്ലുവിളി ആയിരിക്കാം. (എഫെസ്യർ 5:15, 16) എങ്കിലും, സമയവും സൗകര്യവും ഉള്ളപ്പോൾ മാത്രം ബൈബിളും തിരുവെഴുത്തധിഷ്ഠിത പ്രസിദ്ധീകരണങ്ങളും വായിച്ചാൽ പോരാ. “വിശ്വാസത്തിൽ ആരോഗ്യമുള്ള”വർ ആയിരിക്കുന്നതിനും ഉണർന്നിരിക്കുന്നതിനും ക്രമമായ വ്യക്തിഗത പഠനം അനിവാര്യമാണ്.—തീത്തൊസ് 1:13.
12. ആത്മീയ മയക്കത്തോടു പോരാടാൻ ക്രിസ്തീയ യോഗങ്ങളും സമ്മേളനങ്ങളും കൺവെൻഷനുകളും നമ്മെ സഹായിക്കുന്നത് എങ്ങനെ?
12 ക്രിസ്തീയ യോഗങ്ങൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയും ആത്മീയ മയക്കത്തോടു പോരാടാൻ നമ്മെ സഹായിക്കുന്നു. എങ്ങനെ? നമുക്ക് ലഭിക്കുന്ന പ്രബോധനത്തിലൂടെ. ഈ കൂടിവരവുകളിൽ, യഹോവയുടെ ദിവസത്തിന്റെ സാമീപ്യം സംബന്ധിച്ചു നാം നിരന്തരം ഓർമിപ്പിക്കപ്പെടുന്നില്ലേ? പ്രതിവാര യോഗങ്ങൾ, ‘സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാനുള്ള’ അവസരങ്ങളും പ്രദാനം ചെയ്യുന്നു. ഈ വിധത്തിൽ ഉത്സാഹം വർധിപ്പിക്കുന്നത് ആത്മീയമായി ഉണർന്നിരിക്കാൻ നമ്മെ സഹായിക്കുന്നു. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും” ക്രമമായി കൂടിവരാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നതിൽ അതിശയമില്ല.—എബ്രായർ 10:24, 25.
13. ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ ക്രിസ്തീയ ശുശ്രൂഷ നമ്മെ സഹായിക്കുന്നതെങ്ങനെ?
13 ക്രിസ്തീയ ശുശ്രൂഷയിൽ മുഴുഹൃദയത്തോടെ പങ്കുപറ്റുമ്പോഴും ആത്മീയമായി ഉണർവുള്ളവരായിരിക്കാൻ നാം സഹായിക്കപ്പെടുന്നു. കാലത്തിന്റെ അടയാളങ്ങളും അവയുടെ അർഥവും മനസ്സിൽ അടുപ്പിച്ചുനിറുത്താൻ അവയെക്കുറിച്ച് മറ്റുള്ളവരോടു പറയുന്നതിനെക്കാൾ മെച്ചമായ മറ്റെന്തു മാർഗമാണുള്ളത്? നമ്മുടെ ബൈബിൾ വിദ്യാർഥികൾ പുരോഗതി വരുത്തുകയും പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്നതായി കാണുമ്പോൾ നമ്മുടെതന്നെ അടിയന്തിരതാബോധം വർധിക്കുന്നു. “നിങ്ങൾ മാനസികമായി ഒരുങ്ങി സമചിത്തതയുള്ളവരായിരിക്കുവിൻ” എന്ന് അപ്പൊസ്തലനായ പത്രൊസ് പറയുകയുണ്ടായി. (1 പത്രൊസ് 1:13, പി.ഒ.സി. ബൈ.) ‘കർത്താവിന്റെ വേലയിൽ എല്ലായ്പോഴും ധാരാളം ചെയ്യാൻ ഉണ്ടായിരിക്കുന്നത്’ ആത്മീയ മാന്ദ്യത്തിനുള്ള ഒരുത്തമ പ്രതിവിധിയാണ്.—1 കൊരിന്ത്യർ 15:58, NW.
ആത്മീയ ഹാനിക്ക് ഇടവരുത്തുന്ന ജീവിതശൈലികൾ ത്യജിക്കുക
14. ലൂക്കൊസ് 21:34-36-ൽ വിവരിച്ചിരിക്കുന്നപ്രകാരം ഏതു ജീവിതശൈലികൾക്ക് എതിരെ യേശു മുന്നറിയിപ്പു നൽകുന്നു?
14 തന്റെ സാന്നിധ്യത്തെ കുറിച്ചുള്ള ശ്രദ്ധേയമായ പ്രവചനത്തിൽ യേശു മറ്റൊരു മുന്നറിയിപ്പു നൽകി. അവൻ പറഞ്ഞു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പിൽ നില്പാനും നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.” (ലൂക്കൊസ് 21:34-36) പൊതുവിലുള്ള ആളുകളുടെ ജീവിതശൈലി യേശു കൃത്യമായി വിവരിച്ചു: അതിഭക്ഷണം, മദ്യാസക്തി, കൂടാതെ, ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന തരത്തിലുള്ള ജീവിതരീതി.
15. നാം അമിത തീറ്റിയും കുടിയും ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
15 അമിത ഭക്ഷണവും മദ്യാസക്തിയും ബൈബിൾ തത്ത്വങ്ങൾക്ക് വിരുദ്ധമാണ്. നാം അവയിൽനിന്ന് ഒഴിഞ്ഞുനിൽക്കണം. “അമിതമായി വീഞ്ഞു കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽപ്പെടരുത്” എന്നു ബൈബിൾ പ്രസ്താവിക്കുന്നു. (സദൃശവാക്യങ്ങൾ 23:20, പി.ഒ.സി. ബൈ.) എന്നാൽ, തീറ്റിയും കുടിയും അമിതമായാൽ മാത്രമേ അത് അപകടകരമായിത്തീരൂ എന്നില്ല. ആ അളവോളം പോകുന്നതിനു വളരെ മുമ്പുതന്നെ അവയ്ക്ക് നമ്മെ മന്ദീഭവിപ്പിക്കാൻ കഴിയും. ബൈബിളിലെ ഒരു പഴമൊഴി ഇങ്ങനെ പറയുന്നു: “മടിയൻ കൊതിച്ചിട്ടും ഒന്നും കിട്ടുന്നില്ല.” (സദൃശവാക്യങ്ങൾ 13:4) അത്തരമൊരു വ്യക്തി ദൈവഹിതം ചെയ്യാൻ ആഗ്രഹിച്ചേക്കാമെങ്കിലും ഉദാസീനത നിമിത്തം അയാളുടെ ആഗ്രഹം നടക്കുന്നില്ല.
16. കുടുംബവുമായി ബന്ധപ്പെട്ട ഉത്കണ്ഠകളാൽ ഞെരുക്കപ്പെടുന്നത് ഒഴിവാക്കാൻ നമുക്കെങ്ങനെ കഴിയും?
16 യേശു മുന്നറിയിപ്പു നൽകിയ ജീവിതോത്കണ്ഠകൾ എന്തൊക്കെയാണ്? കുടുംബത്തിനുവേണ്ടി കരുതുന്നതു പോലുള്ള വ്യക്തിപരമായ സംഗതികൾ അവയിൽപ്പെടുന്നു. നമ്മെ ഞെരുക്കിക്കളയാൻ ഇക്കാര്യങ്ങളെ അനുവദിക്കുന്നത് എത്ര ബുദ്ധിശൂന്യമായിരിക്കും! “വിചാരപ്പെടുന്നതിനാൽ തന്റെ നീളത്തോടു ഒരു മുഴം കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും?” എന്നു യേശു ചോദിച്ചു. അവൻ തന്റെ ശ്രോതാക്കളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ.’ ജീവിതത്തിൽ രാജ്യതാത്പര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുന്നതും യഹോവ നമുക്കായി കരുതുമെന്ന ബോധ്യം ഉണ്ടായിരിക്കുന്നതും ഉത്കണ്ഠകൾ അകറ്റാനും ഉണർന്നിരിക്കാനും നമ്മെ സഹായിക്കും.—മത്തായി 6:25-34.
17. ഭൗതിക കാര്യങ്ങൾക്കു പുറകേ പായുന്നത് ഉത്കണ്ഠയ്ക്ക് കാരണമാകുന്നത് എങ്ങനെ?
17 ഭൗതിക കാര്യങ്ങൾക്കു പുറകേ പായുന്നതും നമ്മെ ഉത്കണ്ഠാകുലരാക്കിയേക്കാം. ഉദാഹരണത്തിന്, വരുമാനത്തിൽ ഒതുങ്ങാത്ത ജീവിതം നയിച്ചുകൊണ്ട് ചിലർ ജീവിതത്തെ സങ്കീർണമാക്കുന്നു. പെട്ടെന്നു പണമുണ്ടാക്കാനുള്ള പദ്ധതികളോ രണ്ടുംകൽപ്പിച്ചുള്ള പണ നിക്ഷേപങ്ങളോ ചിലരെ വശീകരിച്ചിരിക്കുന്നു. മറ്റു ചിലരുടെ കാര്യത്തിൽ സാമ്പത്തികനേട്ടം കൊയ്യാനുള്ള മാർഗമെന്ന നിലയിൽ ലൗകിക വിദ്യാഭ്യാസം ഒരു കെണി ആയിത്തീർന്നിരിക്കുന്നു. തൊഴിൽ നേടാൻ ഒരളവിലുള്ള വിദ്യാഭ്യാസം സഹായകമായേക്കാം എന്നതു ശരിതന്നെ. എന്നിരുന്നാലും, ധാരാളം സമയം ചെലവിട്ട് ഉന്നതവിദ്യാഭ്യാസം നേടാനുള്ള ശ്രമത്തിനിടയിൽ ചിലർ തങ്ങൾക്കുതന്നെ ആത്മീയ ഹാനി വരുത്തിയിരിക്കുന്നു എന്നതാണ് സങ്കടകരമായ വസ്തുത. യഹോവയുടെ ദിവസം അടുത്തുവരവേ ഇത് എത്ര അപകടകരമായിരിക്കും! ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ധനികരാകാൻ തീരുമാനിച്ചിരിക്കുന്നവർ പരീക്ഷയിലും കെണിയിലും മനുഷ്യരെ നാശത്തിലേക്കും കെടുതിയിലേക്കും ആഴ്ത്തിക്കളയുന്ന നിരർഥകവും ഹാനികരവുമായ അനേകം ആഗ്രഹങ്ങളിലും വീഴുന്നു.”—1 തിമൊഥെയൊസ് 6:9, NW.
18. ഒരു ഭൗതികാസക്ത ജീവിതരീതിയിലേക്ക് വഴുതിവീഴാതിരിക്കാൻ നാം ഏതു പ്രാപ്തി നട്ടുവളർത്തേണ്ടതുണ്ട്?
18 ഭൗതികാസക്ത ജീവിതരീതിയിലേക്ക് വഴുതിവീഴാതിരിക്കാനുള്ള ഒരു സുപ്രധാന ഘടകം, തീരുമാനങ്ങൾ എടുക്കുമ്പോൾ ശരിയും തെറ്റും തിരിച്ചറിയാനുള്ള പ്രാപ്തി വളർത്തിയെടുക്കുക എന്നതാണ്. ‘പ്രായം തികഞ്ഞവർക്കുള്ള കട്ടിയായ ആഹാരം’ ക്രമമായി കഴിക്കുകയും ‘തഴക്കത്താൽ ഇന്ദ്രിയങ്ങളെ അഭ്യസിപ്പിക്കുകയും’ ചെയ്യുന്നതു മുഖാന്തരം ഈ പ്രാപ്തി വികസിപ്പിച്ചെടുക്കാൻ കഴിയും. (എബ്രായർ 5:13, 14) മുൻഗണനകൾ വെക്കുമ്പോൾ “കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ” തിട്ടപ്പെടുത്തുന്നതും തെറ്റായ തീരുമാനങ്ങൾ എടുക്കാതിരിക്കാൻ നമ്മെ സഹായിക്കും.—ഫിലിപ്പിയർ 1:10, NW.
19. ആത്മീയ കാര്യങ്ങൾക്കായി നമുക്ക് വളരെക്കുറച്ച് സമയമേ ഉള്ളുവെന്ന് മനസ്സിലാകുന്നെങ്കിൽ നാം എന്തു ചെയ്യണം?
19 ആത്മീയ കാര്യങ്ങൾക്കായി അൽപ്പംപോലും സമയം ഇല്ലാത്തവിധം നമ്മെ അന്ധരാക്കാൻ ഭൗതികാസക്തമായ ജീവിതശൈലിക്ക് കഴിയും. നമുക്ക് ആത്മപരിശോധന നടത്താനും അത്തരമൊരു ജീവിതശൈലിയിൽ അകപ്പെടാതിരിക്കാനും എങ്ങനെ സാധിക്കും? ജീവിതം എങ്ങനെ, എത്രത്തോളം ലളിതമാക്കാമെന്ന് നാം പ്രാർഥനാപൂർവം പരിചിന്തിക്കേണ്ടതുണ്ട്. പുരാതനകാലത്തെ ശലോമോൻ രാജാവ് ഇപ്രകാരം പറഞ്ഞു: “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.” (സഭാപ്രസംഗി 5:12) ആവശ്യമില്ലാത്ത ഭൗതിക വസ്തുക്കൾ പരിപാലിക്കാനായി നമുക്ക് ധാരാളം സമയവും പണവും ചെലവിടേണ്ടി വരുന്നുണ്ടോ? നമുക്ക് എത്രയധികം വസ്തുവകകളുണ്ടോ അവ സൂക്ഷിക്കാനും ഇൻഷ്വർ ചെയ്യാനും സംരക്ഷിക്കാനുമൊക്കെയായി അത്രയധികം പണവും സമയവും നാം ചെലവഴിക്കേണ്ടിവരും. ചില സംഗതികൾ ഒഴിവാക്കിക്കൊണ്ട് ജീവിതം ലളിതമാക്കുന്നത് നമുക്കു പ്രയോജനകരമായിരിക്കുമോ?
ഒരുങ്ങിയിരിക്കുന്നവരെന്ന് എല്ലാ പ്രകാരത്തിലും തെളിയിക്കുവിൻ
20, 21. (എ) യഹോവയുടെ ദിവസം സംബന്ധിച്ച് അപ്പൊസ്തലനായ പത്രൊസ് എന്ത് ഉറപ്പാണ് നൽകുന്നത്? (ബി) യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു തെളിയിക്കവേ നാം ഏതു പ്രവർത്തനത്തിൽ തുടരണം?
20 നോഹയുടെ നാളിലെ ലോകത്തിന് അനുവദിച്ചിരുന്ന സമയം തീർന്നുപോയി. ഈ വ്യവസ്ഥിതിക്ക് അനുവദിച്ചിരിക്കുന്ന സമയവും തീരും. അപ്പൊസ്തലനായ പത്രൊസ് നമുക്ക് ഈ ഉറപ്പു നൽകുന്നു: “കർത്താവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്നു ആകാശം കൊടുമ്മുഴക്കത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയഴികയും ഭൂമിയും അതിലുള്ള പണികളും വെന്തുപോകയും ചെയ്യും.” ദുഷ്ടഗവൺമെന്റുകളാകുന്ന പ്രതീകാത്മക ആകാശമോ ദൈവത്തിൽനിന്ന് അന്യപ്പെട്ട മനുഷ്യവർഗമാകുന്ന പ്രതീകാത്മക ഭൂമിയോ ജ്വലിക്കുന്ന ദൈവകോപത്തിന്റെ ചൂടിനെ അതിജീവിക്കില്ല. നാം ആ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരാണെന്ന് എങ്ങനെ തെളിയിക്കാമെന്നു സൂചിപ്പിച്ചുകൊണ്ട് പത്രൊസ് പറയുന്നു: “ഇവയെല്ലാം ഇങ്ങനെ വിലയിക്കപ്പെടാനിരിക്കുന്നതിനാൽ, യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരുന്നും അതിനെ മനസ്സിൽ അടുപ്പിച്ചു നിർത്തിയും നിങ്ങൾ നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിലും ദൈവികഭക്തിപ്രവൃത്തികളിലും എങ്ങനെയുള്ള ആളുകളായിരിക്കേണ്ടതാണ്!”—2 പത്രൊസ് 3:10-12, NW.
21 ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നതും സുവാർത്ത പ്രസംഗിക്കുന്നതിൽ പങ്കുപറ്റുന്നതും നടത്തയുടെ വിശുദ്ധപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നു. യഹോവയുടെ മഹാ ദിവസത്തിനായി കാത്തിരിക്കവേ, ഹൃദയംഗമമായ ദൈവികഭക്തിയോടെ നമുക്ക് അവയിൽ ഏർപ്പെടാം. ഒടുവിൽ ദൈവം നമ്മെ, ‘കളങ്കവും കറയും ഇല്ലാതെ, സമാധാനത്തിൽ കഴിയുന്നവരായി കാണാൻവേണ്ടി’ നമുക്ക് കഴിവിന്റെ പരമാവധി ‘ഉത്സാഹിക്കാം.’—2 പത്രൊസ് 3:14, പി.ഒ.സി. ബൈ.
നിങ്ങൾ ഓർമിക്കുന്നുവോ?
• യഹോവയുടെ ദിവസത്തിനായി ഒരുങ്ങിയിരിക്കുന്നവരെന്നു നാം തെളിയിക്കേണ്ടത് എന്തുകൊണ്ട്?
• നാം ജീവിതത്തിലെ ദൈനംദിന കാര്യാദികളിൽ മുഴുകിപ്പോയിരിക്കുന്നെങ്കിൽ എന്തു ചെയ്യണം?
• ആത്മീയ മയക്കത്തെ ചെറുത്തുനിൽക്കാൻ നമ്മെ എന്തു സഹായിക്കും?
• ഹാനികരമായ ഏതു ജീവിതശൈലികൾ നാം ഉപേക്ഷിക്കണം, എന്തുകൊണ്ട്?
[20, 21 പേജുകളിലെ ചിത്രങ്ങൾ]
നോഹയുടെ കാലത്തെ ആളുകൾ ആസന്നമായിരുന്ന ന്യായവിധിയെ ഗൗനിച്ചില്ല—നിങ്ങളോ?
[23 -ാം പേജിലെ ചിത്രം]
ആത്മീയ കാര്യങ്ങൾക്ക് കൂടുതൽ സമയം ലഭിക്കേണ്ടതിന് ജീവിതം ലളിതമാക്കാൻ നിങ്ങൾക്ക് കഴിയുമോ?