‘കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ’
‘ശിഷ്യന്മാരിൽ ഒരുത്തൻ അവനോടു: കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.’—ലൂക്കൊസ് 11:1.
1. പ്രാർഥിക്കാൻ പഠിപ്പിക്കേണമേ എന്ന് ഒരു ശിഷ്യൻ യേശുവിനോട് ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
പൊതുയുഗം 32 ആയിരുന്നു അത്. ഒരു സന്ദർഭത്തിൽ, യേശു പ്രാർഥിക്കുന്നത് അവന്റെ ഒരു ശിഷ്യൻ നിരീക്ഷിക്കുകയുണ്ടായി. യേശു തന്റെ പിതാവിനോട് എന്താണു സംസാരിച്ചുകൊണ്ടിരുന്നത് എന്ന് അവനു കേൾക്കാൻ കഴിഞ്ഞില്ല. കാരണം സാധ്യതയനുസരിച്ച് അത് ഒരു മൗനപ്രാർഥന ആയിരുന്നു. എന്നിരുന്നാലും, യേശു പ്രാർഥിച്ചുകഴിഞ്ഞപ്പോൾ ആ ശിഷ്യൻ അവനോട് അഭ്യർഥിച്ചു: ‘കർത്താവേ, ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ.’ (ലൂക്കൊസ് 11:1) ഈ അഭ്യർഥന നടത്താൻ അവനെ പ്രേരിപ്പിച്ചത് എന്താണ്? യഹൂദന്മാരുടെ ജീവിതത്തിന്റെയും ആരാധനയുടെയും നിരന്തരമായ ഒരു സവിശേഷതയായിരുന്നു പ്രാർഥന. എബ്രായ തിരുവെഴുത്തുകളിലെ സങ്കീർത്തനങ്ങളിലും മറ്റു പുസ്തകങ്ങളിലുമായി നിരവധി പ്രാർഥനകൾ ഉണ്ടായിരുന്നു. അതുകൊണ്ട്, തനിക്ക് ഒട്ടും അറിയാൻ പാടില്ലായിരുന്നതോ അതുവരെ ചെയ്തിട്ടില്ലായിരുന്നതോ ആയ ഒരു കാര്യം പഠിപ്പിക്കാൻ ആ ശിഷ്യൻ ആവശ്യപ്പെടുകയായിരുന്നില്ല. യഹൂദ മതനേതാക്കന്മാരുടെ ആചാരനിഷ്ഠയോടുകൂടിയ പ്രാർഥനകളുമായി അവൻ പരിചിതനായിരുന്നു എന്നതിനു സംശയമില്ല. എന്നാൽ ഇപ്പോൾ, യേശുവിന്റെ പ്രാർഥനയും റബിമാരുടെ കപടഭക്തിപരമായ പ്രാർഥനയും തമ്മിൽ വലിയ അന്തരമുണ്ടെന്ന് യേശുവിനെ നിരീക്ഷിച്ച അവൻ മനസ്സിലാക്കിയിരിക്കാം.—മത്തായി 6:5-8.
2. (എ) മാതൃകാ പ്രാർഥന നാം പദാനുപദം ആവർത്തിക്കാൻ യേശു ഉദ്ദേശിച്ചില്ലെന്ന് എന്തു സൂചിപ്പിക്കുന്നു? (ബി) എങ്ങനെ പ്രാർഥിക്കണമെന്ന് അറിയുന്നതിൽ നാം തത്പരരായിരിക്കുന്നത് എന്തുകൊണ്ട്?
2 ഏതാണ്ട് 18 മാസം മുമ്പ് നടത്തിയ ഗിരിപ്രഭാഷണത്തിൽ, പ്രാർഥനയ്ക്കുള്ള ഒരു അടിസ്ഥാന മാതൃക യേശു തന്റെ ശിഷ്യന്മാർക്കു നൽകിയിരുന്നു. (മത്തായി 6:9-13) സാധ്യതയനുസരിച്ച് ഈ ശിഷ്യൻ അപ്പോൾ സന്നിഹിതനല്ലായിരുന്നു. അതുകൊണ്ട് ആ മാതൃകാ പ്രാർഥനയിലെ പ്രധാന ആശയങ്ങൾ യേശു ദയാപുരസ്സരം ആവർത്തിച്ചു. യേശു അത് പദാനുപദം ആവർത്തിച്ചില്ല എന്നതു ശ്രദ്ധേയമാണ്. മനഃപാഠമാക്കി, യാന്ത്രികമായി ഉരുവിടേണ്ട ഒരു നിർദിഷ്ട പ്രാർഥന അവൻ നൽകുകയായിരുന്നില്ല എന്ന് അതു സൂചിപ്പിക്കുന്നു. (ലൂക്കൊസ് 11:1-4) പേരു വെളിപ്പെടുത്തിയിട്ടില്ലാത്ത ആ ശിഷ്യന്റെ കാര്യത്തിലെന്നപോലെ, എങ്ങനെ പ്രാർഥിക്കണം എന്നു പഠിക്കാൻ നാമും ആഗ്രഹിക്കുന്നു. കാരണം, അപ്പോൾ നമ്മുടെ പ്രാർഥനകൾ നമ്മെ യഹോവയോട് കൂടുതൽ അടുപ്പിക്കും. അതുകൊണ്ട്, അപ്പൊസ്തലനായ മത്തായി രേഖപ്പെടുത്തിയിരിക്കുന്ന മാതൃകാ പ്രാർഥന നമുക്കൊന്നു പരിശോധിക്കാം. ഏഴ് അഭ്യർഥനകളാണ് അതിലുള്ളത്. അവയിൽ മൂന്നെണ്ണം ദൈവോദ്ദേശ്യവുമായും നാലെണ്ണം നമ്മുടെ ആത്മീയവും ഭൗതികവുമായ ആവശ്യങ്ങളുമായും ബന്ധപ്പെട്ടതാണ്. ഈ ലേഖനത്തിൽ ആദ്യത്തെ മൂന്നെണ്ണം പരിചിന്തിക്കുന്നതായിരിക്കും.
സ്നേഹവാനായ ഒരു പിതാവ്
3, 4. “ഞങ്ങളുടെ പിതാവേ” എന്ന് യഹോവയെ അഭിസംബോധന ചെയ്യുന്നതിലൂടെ നാം എന്തു സൂചിപ്പിക്കുന്നു?
3 യഹോവയോടുള്ള ആദരപൂർവമായ ഉറ്റ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതായിരിക്കണം നമ്മുടെ പ്രാർഥനകളെന്ന് തുടക്കത്തിൽത്തന്നെ യേശു പ്രകടമാക്കി. മുഖ്യമായും, ആ കുന്നിൻചെരുവിൽ തന്റെ അടുക്കൽ കൂടിവന്നിരുന്ന ശിഷ്യന്മാരുടെ പ്രയോജനത്തിനു വേണ്ടി സംസാരിക്കവേ യേശു, യഹോവയെ “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന് അഭിസംബോധന ചെയ്യാൻ അവരോടു പറഞ്ഞു. (മത്തായി 6:9) യേശു സംസാരിച്ചത് സാധാരണ എബ്രായയിലോ അരമായയിലോ ആയിരുന്നാലും, ‘പിതാവ്’ എന്നതിന് അവൻ ഉപയോഗിച്ച പദം ഒരു ശിശു അതിന്റെ പിതാവിനെ അതിയായ സ്നേഹത്തോടുകൂടി സംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കുകളുടേതിനോട്, ‘ഒരു കുട്ടിയുടെ വാക്കിനോട്,’ സമാനമാണെന്ന് ഒരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. യഹോവയെ “ഞങ്ങളുടെ പിതാവേ” എന്ന് അഭിസംബോധന ചെയ്യുന്നത് ആശ്രയത്വത്തോടുകൂടിയ ഒരു ഊഷ്മള ബന്ധത്തെയാണു സൂചിപ്പിക്കുന്നത്.
4 കൂടാതെ, ‘ഞങ്ങളുടെ പിതാവേ’ എന്ന അഭിസംബോധനയിലൂടെ നാം യഹോവയെ ജീവദാതാവായി അംഗീകരിക്കുന്ന സ്ത്രീപുരുഷന്മാരുടെ ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്നു പ്രകടമാക്കുകയും ചെയ്യുന്നു. (യെശയ്യാവു 64:8; പ്രവൃത്തികൾ 17:24, 28) ആത്മജനനം പ്രാപിച്ച ക്രിസ്ത്യാനികൾ ‘ദൈവപുത്രന്മാരായി’ ദത്തെടുക്കപ്പെടുന്നതിനാൽ, അവർക്ക് അവനെ “‘അബ്ബാ, പിതാവേ’ എന്നു വിളിക്കാനാകും.” (റോമർ 8:14, 15, NW) ദശലക്ഷങ്ങൾ അവരുടെ വിശ്വസ്ത സഹകാരികൾ ആയിത്തീർന്നിരിക്കുന്നു. അവർ തങ്ങളുടെ ജീവിതം യഹോവയ്ക്കു സമർപ്പിക്കുകയും അതു ജലസ്നാപനത്താൽ പ്രതീകപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ‘വേറെ ആടുകളായ’ ഇവർക്കും യേശുവിന്റെ നാമത്തിൽ യഹോവയെ സമീപിക്കാനും അവനെ “ഞങ്ങളുടെ പിതാവേ” എന്നു വിളിക്കാനും കഴിയും. (യോഹന്നാൻ 10:16; 14:6) നമ്മുടെ സ്വർഗീയ പിതാവിനെ സ്തുതിക്കാനും അവന്റെ സകല നന്മകളോടുമുള്ള നന്ദി പ്രകടിപ്പിക്കാനും അവൻ നമുക്കുവേണ്ടി കരുതുന്നുണ്ടെന്ന ഉറച്ച ബോധ്യത്തോടെ സങ്കടങ്ങൾ ഉണർത്തിക്കാനും ആയി നമുക്കു പ്രാർഥനയിൽ അവനെ നിരന്തരം സമീപിക്കാൻ കഴിയും.—ഫിലിപ്പിയർ 4:6, 7; 1 പത്രൊസ് 5:6, 7.
യഹോവയുടെ നാമത്തോടുള്ള സ്നേഹം
5. മാതൃകാ പ്രാർഥനയിലെ ഒന്നാമത്തെ അഭ്യർഥന എന്ത്, അത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
5 ഒന്നാമത്തെ അഭ്യർഥന ഒന്നാമതു വരേണ്ട സംഗതിക്കുതന്നെ ഊന്നൽ നൽകുന്നു. അത് ഇപ്രകാരമാണ്: “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:9) അതേ, യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം ആയിരിക്കണം നമ്മുടെ മുഖ്യ താത്പര്യം. കാരണം, നാം അവനെ സ്നേഹിക്കുകയും ആ നാമത്തിന്മേൽ കുന്നിച്ചിരിക്കുന്ന സകല നിന്ദയെയും വെറുക്കുകയും ചെയ്യുന്നു. സാത്താൻ മത്സരിക്കുകയും യഹോവയാം ദൈവത്തോട് അനുസരണക്കേടു കാണിക്കാനായി ആദ്യ മനുഷ്യജോഡിയെ വശീകരിക്കുകയും ചെയ്തത്, ദൈവം തന്റെ അഖിലാണ്ഡ പരമാധികാരം ഉപയോഗിക്കുന്ന വിധം സംബന്ധിച്ച് സംശയങ്ങൾ ഉയർത്തിക്കൊണ്ട് അവന്റെ നാമത്തിന്മേൽ നിന്ദ വരുത്തിവെച്ചു. (ഉല്പത്തി 3:1-6) മാത്രമല്ല, യഹോവയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന ആളുകളുടെ ലജ്ജാകരമായ പ്രവർത്തനങ്ങളാലും പഠിപ്പിക്കലുകളാലും തുടർന്നുവന്ന നൂറ്റാണ്ടുകളിൽ ഉടനീളം അവന്റെ നാമം നിന്ദിക്കപ്പെട്ടിരിക്കുന്നു.
6. യഹോവയുടെ നാമ വിശുദ്ധീകരണത്തിനായി പ്രാർഥിക്കുന്നെങ്കിൽ നാം എന്തു ചെയ്യില്ല?
6 യഹോവയുടെ നാമ വിശുദ്ധീകരണത്തിനായുള്ള നമ്മുടെ പ്രാർഥന അഖിലാണ്ഡ പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിൽ നമ്മുടെ നിലപാട് എന്താണെന്നു വ്യക്തമാക്കുന്നു. അഖിലാണ്ഡത്തെ ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെ നാം പൂർണമായും പിന്തുണയ്ക്കുന്നു. യഹോവയോടും അവന്റെ നാമം പ്രതിനിധാനം ചെയ്യുന്ന സകലതിനോടുമുള്ള സ്നേഹം നിമിത്തം അവന്റെ നീതിനിഷ്ഠമായ പരമാധികാരത്തിനു മനസ്സോടെയും സന്തോഷത്തോടെയും കീഴ്പെടുന്ന ബുദ്ധിശക്തിയുള്ള സൃഷ്ടികളെക്കൊണ്ടു പ്രപഞ്ചം നിറയാൻ യഹോവ ആഗ്രഹിക്കുന്നു. (1 ദിനവൃത്താന്തം 29:10-13; സങ്കീർത്തനം 8:1; 148:13) യഹോവയുടെ വിശുദ്ധ നാമത്തിനു നിന്ദ വരുത്തിയേക്കാവുന്ന എന്തും ഒഴിവാക്കാൻ അവന്റെ നാമത്തോടുള്ള സ്നേഹം നമ്മെ സഹായിക്കും. (യെഹെസ്കേൽ 36:20, 21; റോമർ 2:21-24) അഖിലാണ്ഡത്തിന്റെയും അതിലെ നിവാസികളുടെയും സമാധാനം യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തെയും അവന്റെ പരമാധികാരത്തോടുള്ള സ്നേഹപൂർവകമായ കീഴ്പെടലിനെയും ആശ്രയിച്ചിരിക്കുന്നതിനാൽ, യഹോവയ്ക്കു സ്തുതി കരേറ്റുമാറ് അവന്റെ ഉദ്ദേശ്യം നിറവേറുമെന്ന നമ്മുടെ ബോധ്യത്തിന്റെ പ്രകടനമാണ് “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന നമ്മുടെ പ്രാർഥന.—യെഹെസ്കേൽ 38:23.
നാം പ്രാർഥിക്കുന്ന രാജ്യം
7, 8. (എ) ഏതു രാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചത്? (ബി) ദാനീയേൽ, വെളിപ്പാടു എന്നീ പുസ്തകങ്ങളിൽ നാം ഈ രാജ്യത്തെ കുറിച്ച് എന്തു പഠിക്കുന്നു?
7 മാതൃകാ പ്രാർഥനയിലെ രണ്ടാമത്തെ അഭ്യർഥന ഇതാണ്: “നിന്റെ രാജ്യം വരേണമേ.” (മത്തായി 6:10) ഇതിന് ഒന്നാമത്തെ അഭ്യർഥനയുമായി അടുത്ത ബന്ധമുണ്ട്. തന്റെ പവിത്ര നാമം വിശുദ്ധീകരിക്കാനുള്ള യഹോവയുടെ ഉപകരണമാണ് അവന്റെ പുത്രനായ യേശുക്രിസ്തു നിയുക്ത രാജാവായുള്ള അവന്റെ സ്വർഗീയ ഗവൺമെന്റ് അഥവാ മിശിഹൈക രാജ്യം. (സങ്കീർത്തനം 2:1-9) “പർവ്വത”ത്തിൽനിന്നു വെട്ടിയെടുത്ത ‘ഒരു കല്ല്’ ആയി ദാനീയേൽ പ്രവചനം മിശിഹൈക രാജ്യത്തെ ചിത്രീകരിക്കുന്നു. (ദാനീയേൽ 2:34, 35, 44, 45) പർവതം യഹോവയുടെ അഖിലാണ്ഡ പരമാധികാരത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ട് രാജ്യമാകുന്ന കല്ല് യഹോവയുടെ അഖിലാണ്ഡ ഭരണാധിപത്യത്തിന്റെ ഒരു പുതിയ പ്രകടനമാണ്. പ്രവചനത്തിൽ കല്ല് ‘ഒരു മഹാപർവതമായിത്തീർന്നു ഭൂമിയിൽ ഒക്കെയും നിറയുന്നു.’ ഭൂമിയെ ഭരിക്കുന്നതിൽ മിശിഹൈക രാജ്യം ദിവ്യ പരമാധികാരത്തെ പ്രതിനിധാനം ചെയ്യുമെന്ന് അതു സൂചിപ്പിക്കുന്നത്.
8 ഈ രാജ്യ ഗവൺമെന്റിൽ, ക്രിസ്തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി ഭരിക്കാൻ “മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്ന [“വിലയ്ക്കു വാങ്ങിയ,” NW]” 1,44,000 പേരും ഉണ്ട്. (വെളിപ്പാടു 5:9, 10; 14:1-4; 20:6) ഇവരെ ദാനീയേൽ ‘അത്യുന്നതന്റെ വിശുദ്ധന്മാർ’ എന്നു വിളിക്കുന്നു. തങ്ങളുടെ നായകനായ ക്രിസ്തുവിനോടൊപ്പം അവർക്കും “രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും” ലഭിക്കുന്നു. ‘അവരുടെ രാജത്വം നിത്യരാജത്വം ആകുന്നു. സകല ആധിപത്യങ്ങളും അവരെ സേവിച്ചനുസരിക്കും.’ (ദാനീയേൽ 7:13, 14, 18, 27) ക്രിസ്തു തന്റെ അനുഗാമികളെ പ്രാർഥിക്കാൻ പഠിപ്പിച്ച സ്വർഗീയ ഗവൺമെന്റ് ഇത്തരത്തിലുള്ള ഒന്നാണ്.
രാജ്യം വരാൻ നാം ഇപ്പോഴും പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
9. ദൈവരാജ്യം വരാനായി പ്രാർഥിക്കുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
9 ദൈവരാജ്യത്തിന്റെ വരവിനായി പ്രാർഥിക്കാൻ മാതൃകാ പ്രാർഥനയിൽ ക്രിസ്തു നമ്മെ പഠിപ്പിച്ചു. മിശിഹൈക രാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായെന്നു ബൈബിൾ പ്രവചനങ്ങളുടെ നിവൃത്തി സൂചിപ്പിക്കുന്നു.a അക്കാരണത്താൽ, ആ രാജ്യം ‘വരാനായി’ നാം ഇപ്പോഴും പ്രാർഥിക്കുന്നത് ഉചിതമാണോ? തീർച്ചയായും! കാരണം, ഒരു കല്ലിനാൽ പ്രതീകവത്കരിക്കപ്പെടുന്ന മിശിഹൈക രാജ്യം മഹാബിംബത്താൽ പ്രതീകവത്കരിക്കപ്പെടുന്ന മാനുഷിക രാഷ്ട്രീയ ഗവൺമെന്റുകൾക്കു നേരെ പാഞ്ഞടുക്കുന്നതായാണ് ദാനീയേൽ പ്രവചനത്തിൽ നാം കാണുന്നത്. ബിംബത്തെ തരിപ്പണമാക്കുന്ന ഒരു പ്രഹരമേൽപ്പിച്ചുകൊണ്ട് കല്ല് അതിനെതിരെ വരാൻ പോകുകയാണ്. ദാനീയേലിന്റെ പ്രവചനം ഇങ്ങനെ പറയുന്നു: “ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44.
10. ദൈവരാജ്യം വരാനായി നാം വാഞ്ഛിക്കുന്നത് എന്തുകൊണ്ട്?
10 സാത്താന്റെ ദുഷ്ട വ്യവസ്ഥിതിക്കെതിരെ ദൈവരാജ്യം വരുന്നതു കാണാൻ നാം വാഞ്ഛിക്കുന്നു. കാരണം, യഹോവയുടെ പവിത്ര നാമത്തിന്റെ വിശുദ്ധീകരണത്തെയും ദിവ്യ പരമാധികാരത്തെ എതിർക്കുന്ന സകലരുടെയും അന്ത്യത്തെയുമാണ് അത് അർഥമാക്കുന്നത്. “നിന്റെ രാജ്യം വരേണമേ” എന്നു നാം തീക്ഷ്ണമായി പ്രാർഥിക്കുകയും “ആമേൻ, കർത്താവായ യേശുവേ, വരേണമേ” എന്നു പറയുന്നതിൽ അപ്പൊസ്തലനായ യോഹന്നാനോടൊപ്പം ചേരുകയും ചെയ്യുന്നു. (വെളിപ്പാടു 22:20) അതേ, യഹോവയുടെ നാമം വിശുദ്ധീകരിക്കുന്നതിനും അവന്റെ പരമാധികാരം സംസ്ഥാപിക്കുന്നതിനും അതുവഴി “അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ സത്യമായി ഭവിക്കേണ്ടതിനുമായി യേശു വരുമാറാകട്ടെ.—സങ്കീർത്തനം 83:18.
‘നിന്റെ ഇഷ്ടം നിറവേറണമേ’
11, 12. (എ) ദൈവത്തിന്റെ ഇഷ്ടം “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് പ്രാർഥിക്കുമ്പോൾ നാം എന്താണ് ആവശ്യപ്പെടുന്നത്? (ബി) യഹോവയുടെ ഇഷ്ടം നിറവേറാനുള്ള നമ്മുടെ പ്രാർഥന മറ്റെന്തുംകൂടെ അർഥമാക്കുന്നു?
11 അടുത്തതായി, “നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ [“നിറവേറണമേ,” ഓശാന ബൈബിൾ]” എന്നു പ്രാർഥിക്കാൻ യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:10) യഹോവയുടെ ഇഷ്ടം നിമിത്തമാണ് അഖിലാണ്ഡം അസ്തിത്വത്തിൽ വന്നത്. ശക്തരായ സ്വർഗീയ ജീവികൾ ഇപ്രകാരം ഉദ്ഘോഷിക്കുന്നു: “കർത്താവേ [“യഹോവേ,” NW], നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:11) “സ്വർഗത്തിലും ഭൂമിയിലുമുള്ളതു” സംബന്ധിച്ച് യഹോവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ട്. (എഫെസ്യർ 1:8-10) ദൈവേഷ്ടം നിറവേറണമേ എന്നു പ്രാർഥിക്കുന്നതിലൂടെ യഹോവയോട് അവന്റെ ഉദ്ദേശ്യം നടപ്പാക്കാൻ ആവശ്യപ്പെടുകയാണു നാം ചെയ്യുന്നത്. മാത്രമല്ല, മുഴു അഖിലാണ്ഡത്തിലും ദിവ്യേഷ്ടം നിറവേറപ്പെട്ടു കാണാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ പ്രകടനവുമാണ് അത്.
12 ജീവിതത്തെ യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിൽ കൊണ്ടുവരാനുള്ള നമ്മുടെ മനസ്സൊരുക്കവും ഈ പ്രാർഥനയിലൂടെ നാം പ്രകടമാക്കുന്നു. യേശു ഇങ്ങനെ പ്രസ്താവിച്ചു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.” (യോഹന്നാൻ 4:34) യേശുവിനെ പോലെ, സമർപ്പിത ക്രിസ്ത്യാനികളെന്ന നിലയിൽ ദൈവേഷ്ടം ചെയ്യുന്നതിൽ നാം സന്തോഷം കണ്ടെത്തുന്നു. “മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ട”ത്തിനു ചേർച്ചയിൽ ജീവിതം നയിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് യഹോവയോടും അവന്റെ പുത്രനോടുമുള്ള സ്നേഹമാണ്. (1 പത്രൊസ് 4:1, 2; 2 കൊരിന്ത്യർ 5:14, 15) യഹോവയ്ക്ക് ഇഷ്ടമില്ലെന്ന് അറിയാവുന്ന കാര്യങ്ങൾ ഒഴിവാക്കാൻ നാം കഠിനശ്രമം ചെയ്യുന്നു. (1 തെസ്സലൊനീക്യർ 4:3-5) ബൈബിൾ വായനയ്ക്കും പഠനത്തിനുമായി സമയം വിലയ്ക്കു വാങ്ങിക്കൊണ്ട് ‘യഹോവയുടെ ഇഷ്ടം എന്താണെന്നു ഗ്രഹിക്കുന്നതിൽ നാം തുടരുന്നു.’ അതിൽ “രാജ്യത്തിന്റെ ഈ സുവിശേഷം” ഘോഷിക്കുന്നതിൽ ഒരു സജീവ പങ്ക് ഉണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു.—എഫെസ്യർ 5:15-17 NW; മത്തായി 24:14.
യഹോവയുടെ ഇഷ്ടം—സ്വർഗത്തിൽ
13. സാത്താൻ മത്സരിച്ചതിനു വളരെക്കാലം മുമ്പുമുതലേ ദൈവേഷ്ടം നിറവേറിക്കൊണ്ടിരുന്നത് എങ്ങനെ?
13 യഹോവയുടെ ആത്മപുത്രന്മാരിൽ ഒരാൾ മത്സരിച്ച് സാത്താനായിത്തീരുന്നതിനു വളരെക്കാലം മുമ്പുമുതലേ അവന്റെ ഇഷ്ടം സ്വർഗത്തിൽ നിറവേറിക്കൊണ്ടിരുന്നു. സദൃശവാക്യങ്ങൾ എന്ന പുസ്തകം ദൈവത്തിന്റെ ആദ്യജാത പുത്രനെ വ്യക്തിത്വം കൽപ്പിക്കപ്പെട്ടിരിക്കുന്ന ജ്ഞാനമായി ചിത്രീകരിക്കുന്നു. അസംഖ്യം യുഗങ്ങളോളം ദൈവത്തിന്റെ ഏകജാത പുത്രൻ തന്റെ പിതാവിന്റെ ഇഷ്ടം സന്തോഷപൂർവം ചെയ്തുകൊണ്ട് ‘ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടിരുന്നു’ എന്ന് ഇതു പ്രകടമാക്കുന്നു. പിന്നീട് അവൻ “സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും” ആയ സകലതും സൃഷ്ടിക്കുന്നതിൽ യഹോവയുടെ “ശില്പി” ആയിത്തീർന്നു. (സദൃശവാക്യങ്ങൾ 8:22-31; കൊലൊസ്സ്യർ 1:15-17) യഹോവ യേശുവിനെ തന്റെ വചനമായി അഥവാ വക്താവായി ഉപയോഗിച്ചു.—യോഹന്നാൻ 1:1-3.
14. ദൂതന്മാർ സ്വർഗത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യുന്ന വിധം സംബന്ധിച്ച് 103-ാം സങ്കീർത്തനത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
14 യഹോവയുടെ പരമാധികാരം സകലത്തിനും മേലാണെന്നും ദൂതഗണങ്ങൾ അവന്റെ നിർദേശവും ആജ്ഞകളും ശ്രദ്ധിക്കുന്നുവെന്നും സങ്കീർത്തനക്കാരൻ വ്യക്തമാക്കുന്നു. നാം ഇപ്രകാരം വായിക്കുന്നു: “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു. അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരയുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ; അവന്റെ ആധിപത്യത്തിലെ [അഥവാ, ‘പരമാധികാരത്തിലെ’] സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിൻ.”—സങ്കീർത്തനം 103:19-22.
15. യേശു രാജ്യാധികാരമേറ്റത് സ്വർഗത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യപ്പെടുന്നതിനെ സ്വാധീനിച്ചത് എങ്ങനെ?
15 ഇയ്യോബ് എന്ന പുസ്തകം സൂചിപ്പിക്കുന്നതനുസരിച്ച്, മത്സരത്തിനു ശേഷവും സാത്താന് സ്വർഗത്തിൽ പ്രവേശനമുണ്ടായിരുന്നു. (ഇയ്യോബ് 1:6-12; 2:1-7) എന്നിരുന്നാലും, സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗത്തിൽനിന്നു പുറന്തള്ളപ്പെടുന്ന ഒരു സമയം വരുമെന്ന് വെളിപ്പാടു പുസ്തകം പ്രവചിക്കുകയുണ്ടായി. വ്യക്തമായും, 1914-ൽ യേശുക്രിസ്തുവിന് രാജ്യാധികാരം ലഭിച്ചുകഴിഞ്ഞ ഉടനെ ആയിരുന്നു ആ സമയം. അപ്പോൾ മുതൽ ആ മത്സരികൾക്ക് സ്വർഗത്തിൽ സ്ഥാനമില്ലാതായി. അവർ ഭൂമിയുടെ പരിസരത്ത് ഒതുക്കിനിറുത്തപ്പെട്ടിരിക്കുന്നു. (വെളിപ്പാടു 12:7-12) യഹോവയുടെ പരമാധികാരത്തിന് എതിരെയുള്ള ശബ്ദം മേലാൽ സ്വർഗത്തിൽ കേൾക്കാനില്ല. മറിച്ച് ‘കുഞ്ഞാടായ’ ക്രിസ്തുയേശുവിനുള്ള സ്തുതിഘോഷത്തിന്റെയും കീഴ്പെടലോടെ യഹോവയ്ക്ക് അർപ്പിക്കപ്പെടുന്ന സ്തുതിയുടെയും ശബ്ദം മാത്രമേ കേൾക്കാനുള്ളൂ. (വെളിപ്പാടു 4:9-11) തീർച്ചയായും, യഹോവയുടെ ഇഷ്ടം സ്വർഗത്തിൽ നിറവേറിക്കൊണ്ടിരിക്കുകയാണ്.
ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഇഷ്ടം
16. മനുഷ്യവർഗത്തിന്റെ പ്രത്യാശ സംബന്ധിച്ച ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കലിനെ മാതൃകാ പ്രാർഥന ഖണ്ഡിക്കുന്നത് എങ്ങനെ?
16 നല്ലവരെല്ലാം സ്വർഗത്തിൽ പോകുന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ക്രൈസ്തവലോകത്തിലെ സഭകൾ ഭൂമിയെ ദൈവോദ്ദേശ്യങ്ങളിൽനിന്ന് ഒഴിവാക്കിയിരിക്കുന്നു. എന്നാൽ, യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ചത് ഇങ്ങനെയാണ്: “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) അക്രമവും അനീതിയും രോഗവും മരണവും നടമാടുന്ന ഭൂമിയിലാകെ ഇന്ന് യഹോവയുടെ ഇഷ്ടം നിറവേറപ്പെടുന്നുണ്ടെന്ന് ഏതെങ്കിലും വിധത്തിൽ പറയാനാകുമോ? ഒരിക്കലുമില്ല! അതുകൊണ്ട് അപ്പൊസ്തലനായ പത്രൊസ് രേഖപ്പെടുത്തിയ പിൻവരുന്ന വാഗ്ദാനത്തിനു ചേർച്ചയിൽ, ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ ചെയ്യപ്പെടാനായി നാം ആത്മാർഥമായി പ്രാർഥിക്കേണ്ടതാണ്: “നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും [ക്രിസ്തുവിനാലുള്ള മിശിഹൈക രാജ്യ ഗവൺമെന്റ്] പുതിയ ഭൂമിക്കുമായിട്ടു [നീതിയുള്ള മനുഷ്യ സമൂഹം] കാത്തിരിക്കുന്നു.”—2 പത്രൊസ് 3:13.
17. ഭൂമിയെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യമെന്ത്?
17 ഭൂമിയെ സൃഷ്ടിച്ചതിൽ യഹോവയ്ക്ക് ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. പിൻവരുന്ന വിധം എഴുതാൻ അവൻ പ്രവാചകനായ യെശയ്യാവിനെ നിശ്വസ്തനാക്കി: “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:— ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല.” (യെശയ്യാവു 45:18) ദൈവം ആദ്യ മനുഷ്യജോഡിയെ ഒരു പറുദീസയിൽ ആക്കിയിട്ട് അവരോട് ഇങ്ങനെ പറഞ്ഞു: ‘സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി വാഴുക.’ (ഉല്പത്തി 1:27, 28; 2:15) വ്യക്തമായും, യഹോവയുടെ പരമാധികാരത്തിനു സന്തോഷത്തോടെ കീഴ്പെടുകയും ക്രിസ്തു വാഗ്ദാനം ചെയ്ത പറുദീസയിൽ എന്നേക്കും ജീവിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ പൂർണ മനുഷ്യർ ഭൂമിയിൽ വസിക്കണം എന്നുള്ളതാണ് സ്രഷ്ടാവിന്റെ ഉദ്ദേശ്യം.—സങ്കീർത്തനം 37:11, 29; ലൂക്കൊസ് 23:43.
18, 19. (എ) ദൈവത്തിന്റെ ഇഷ്ടം ഭൂമിയിൽ പൂർണമായി ചെയ്യപ്പെടുന്നതിനു മുമ്പായി എന്തു നടക്കണം? (ബി) അടുത്ത ലേഖനം യേശുവിന്റെ മാതൃകാ പ്രാർഥനയുടെ മറ്റ് ഏതു വശങ്ങൾ ചർച്ച ചെയ്യും?
18 യഹോവയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന സ്ത്രീപുരുഷന്മാർ ഭൂമിയിൽ ഉണ്ടായിരിക്കെ ഭൂമിയെ സംബന്ധിച്ച അവന്റെ ഉദ്ദേശ്യം ഒരിക്കലും പൂർണമായി നടപ്പാകുകയില്ല. ക്രിസ്തുവിന്റെ നേതൃത്വത്തിൽ, ശക്തരായ ആത്മസേനകളെ ഉപയോഗിച്ചുകൊണ്ട് ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’ വ്യാജമതവും അഴിമതി രാഷ്ട്രീയവും അത്യാർത്തിപൂണ്ടതും സത്യസന്ധവുമല്ലാത്ത വ്യാപാരലോകവും വിനാശകമായ സൈന്യങ്ങളും സഹിതം സാത്താന്റെ മുഴു ദുഷ്ടവ്യവസ്ഥിതിയും എന്നെന്നേക്കുമായി തുടച്ചുനീക്കപ്പെടും. (വെളിപ്പാടു 11:18; 18:21; 19:1, 2, 11-18) യഹോവയുടെ പരമാധികാരം സംസ്ഥാപിക്കപ്പെടുകയും അവന്റെ നാമം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യും. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്നു പ്രാർഥിക്കുമ്പോൾ ഇതിനെല്ലാം വേണ്ടിയാണ് നാം അപേക്ഷിക്കുന്നത്.—മത്തായി 6:9, 10.
19 എന്നിരുന്നാലും, നമ്മുടെ വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയും പ്രാർഥിക്കാമെന്ന് മാതൃകാ പ്രാർഥനയിൽ യേശു പ്രകടമാക്കുകയുണ്ടായി. മാതൃകാ പ്രാർഥനയുടെ ഈ വശങ്ങളെ കുറിച്ച് അടുത്ത ലേഖനത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകത്തിന്റെ 6-ാം അധ്യായം കാണുക.
പുനരവലോകനം
• യഹോവയെ “ഞങ്ങളുടെ പിതാവേ” എന്ന് നാം അഭിസംബോധന ചെയ്യുന്നത് ഉചിതമായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിന് നമ്മുടെ പ്രാർഥനയിൽ മുഖ്യസ്ഥാനം കൊടുക്കേണ്ടത് എന്തുകൊണ്ട്?
• ദൈവത്തിന്റെ രാജ്യം വരാനായി നാം പ്രാർഥിക്കുന്നത് എന്തുകൊണ്ട്?
• ദൈവത്തിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകാനായി നാം പ്രാർഥിക്കുന്നതിന്റെ അർഥമെന്ത്?
[9-ാം പേജിലെ ചിത്രം]
പരീശന്മാരുടെ കപടഭക്തിപരമായ പ്രാർഥനയും യേശുവിന്റെ പ്രാർഥനയും തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ രാജ്യം വരാനും അവന്റെ നാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ ഇഷ്ടം നിറവേറാനുമായി ക്രിസ്ത്യാനികൾ പ്രാർഥിക്കുന്നു