വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പുറപ്പാടു 4:24-26-ൽ രേഖപ്പെടുത്തിയിരിക്കുന്ന സംഭവത്തിൽ എന്താണു നടന്നത്, ആരുടെ ജീവനായിരുന്നു അപകടത്തിൽ?
മോശെ തന്റെ ഭാര്യയായ സിപ്പോരായോടും പുത്രന്മാരായ ഗേർശോം, എലീയേസെർ എന്നിവരോടുമൊപ്പം ഈജിപ്തിലേക്കു യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ പിൻവരുന്ന സംഭവം ഉണ്ടായി: “വഴിയിൽ സത്രത്തിൽവെച്ചു യഹോവ അവനെ എതിരിട്ടു കൊല്ലുവാൻ ഭാവിച്ചു. അപ്പോൾ സിപ്പോരാ ഒരു കല്ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചർമ്മംഛേദിച്ചു അവന്റെ കാല്ക്കൽ ഇട്ടു [“പാദങ്ങളിൽ തൊടുവിച്ചു,” NW]: നീ എനിക്കു രക്തമണവാളൻ എന്നു പറഞ്ഞു. ഇങ്ങനെ അവൻ അവനെ വിട്ടൊഴിഞ്ഞു; ആ സമയത്താകുന്നു അവൾ പരിച്ഛേദന നിമിത്തം രക്തമണവാളൻ എന്നു പറഞ്ഞത്.” (പുറപ്പാടു 4:20, 24-26) ഈ വിവരണം അവ്യക്തമാണ്, അതിന്റെ അർഥത്തെ കുറിച്ച് തീർത്തു പറയുക സാധ്യവുമല്ല. എന്നിരുന്നാലും ഈ വാക്യങ്ങൾ സംബന്ധിച്ച് തിരുവെഴുത്തുകൾ കുറച്ചു വിശദീകരണം തീർച്ചയായും നൽകുന്നുണ്ട്.
ആരുടെ ജീവനാണ് അപകടത്തിലായിരുന്നത് എന്ന് വിവരണം കൃത്യമായി പ്രസ്താവിക്കുന്നില്ല. എന്നിരുന്നാലും, അതു മോശെയുടെ ജീവനായിരുന്നില്ല എന്ന് ന്യായമായും നമുക്കു നിഗമനം ചെയ്യാൻ കഴിയും. എന്തുകൊണ്ടെന്നാൽ ഇസ്രായേല്യരെ ഈജിപ്തിൽനിന്ന് നയിക്കാനുള്ള ഒരു ദിവ്യനിയോഗം അവന് അപ്പോൾ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. (പുറപ്പാടു 3:10) ആ നിയമനം നിറവേറ്റാനായി പോകുമ്പോൾ മോശെയുടെ ജീവന് ദൈവദൂതൻ ഭീഷണി ഉയർത്തിയിരിക്കാൻ സാധ്യതയുള്ളതായി തോന്നുന്നില്ല. അതുകൊണ്ട് അവന്റെ പുത്രന്മാരിൽ ഒരാളുടെ ജീവനായിരുന്നിരിക്കണം അപകടത്തിലായത്. പരിച്ഛേദന സംബന്ധിച്ച് മുമ്പ് അബ്രാഹാമിനു നൽകപ്പെട്ട നിയമം ഇപ്രകാരം പ്രസ്താവിച്ചു: “അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏല്ക്കാതിരുന്നാൽ ജനത്തിൽനിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.” (ഉല്പത്തി 17:14) മോശെ തന്റെ പുത്രനെ പരിച്ഛേദന കഴിക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണപ്പെടുന്നു. തന്നിമിത്തം കുട്ടിയുടെ ജീവന് യഹോവയുടെ ദൂതൻ ഭീഷണി ഉയർത്തി.
കാര്യങ്ങൾ നേരെയാക്കാനുള്ള ശ്രമത്തിൽ സിപ്പോരാ തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് ആരുടെ പാദങ്ങളിലാണ് തൊടുവിച്ചത്? അവരുടെ അടുക്കൽ പ്രത്യക്ഷനായ യഹോവയുടെ ദൂതൻ, പരിച്ഛേദന ഏൽക്കാത്ത ആൺകുട്ടിയെ കൊന്നുകളയാൻ അധികാരമുള്ളവൻ ആയിരുന്നു. അതുകൊണ്ട് ന്യായയുക്തമായും, താൻ ഉടമ്പടി അനുസരിച്ചു പ്രവർത്തിച്ചിരിക്കുന്നു എന്നതിനുള്ള തെളിവായി തന്റെ പുത്രന്റെ അഗ്രചർമം ദൂതന്റെ മുന്നിൽ വെച്ചുകൊണ്ട് സിപ്പോരാ അത് അവന്റെ പാദങ്ങളിൽ തൊടുവിച്ചിട്ടുണ്ടാകണം.
“നീ എനിക്കു രക്തമണവാളൻ” എന്നുള്ള സിപ്പോരായുടെ പ്രസ്താവന അസാധാരണമായ ഒന്നാണ്. ഇത് അവളെ സംബന്ധിച്ച് എന്തു സൂചിപ്പിക്കുന്നു? പരിച്ഛേദനാ ഉടമ്പടി ആവശ്യപ്പെട്ട പ്രകാരം പ്രവർത്തിച്ചതിലൂടെ യഹോവയുമായുള്ള ഒരു ഉടമ്പടി ബന്ധം സിപ്പോരാ സ്വീകരിച്ചു. ഒരു ഉടമ്പടി ബന്ധത്തിൽ, യഹോവയെ ഭർത്താവും ഉടമ്പടിയിലെ മറ്റേകക്ഷിയെ ഭാര്യയുമായി കരുതാനാകും എന്ന് ഇസ്രായേലുമായി പിന്നീടു ചെയ്യപ്പെട്ട ന്യായപ്രമാണ ഉടമ്പടി പ്രകടമാക്കി. (യിരെമ്യാവു 31:32) തന്മൂലം, യഹോവയെ (അവന്റെ പ്രതിനിധിയായ ദൂതനിലൂടെ) “രക്തമണവാളൻ” എന്നു സംബോധന ചെയ്യുകവഴി ആ ഉടമ്പടിയുടെ വ്യവസ്ഥകളോടുള്ള തന്റെ വിധേയത്വം സിപ്പോരാ ഏറ്റുപറയുന്നതായി കാണപ്പെടുന്നു. യഹോവയാം ദൈവം ഭർത്താവായിട്ടുള്ള പരിച്ഛേദനാ ഉടമ്പടിയിൽ അവൾ ഭാര്യയുടെ സ്ഥാനം സ്വീകരിച്ചതുപോലെയായിരുന്നു അത്. എന്തായാലും, ദൈവം ആവശ്യപ്പെട്ടതിനോട് അനുസരണം പ്രകടമാക്കിക്കൊണ്ടുള്ള അവളുടെ നിർണായകമായ പ്രവൃത്തി മുഖാന്തരം അവളുടെ പുത്രന്റെ ജീവൻ രക്ഷപ്പെട്ടു.