സൃഷ്ടി ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു!
“ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.
1, 2. (എ) യഹോവയുടെ മഹത്ത്വം മനുഷ്യർക്ക് നേരിട്ടു നോക്കിക്കാണുക സാധ്യമല്ലാത്തത് എന്തുകൊണ്ട്? (ബി) ഇരുപത്തിനാലു മൂപ്പന്മാർ ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
“നിനക്കു എന്റെ മുഖം കാണ്മാൻ കഴികയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കയില്ല,” യഹോവ മോശെയോടു പറഞ്ഞു. (പുറപ്പാടു 33:20) ദുർബല ശരീരികളായ മനുഷ്യന് ദൈവത്തിന്റെ മഹത്ത്വം നേരിട്ടു നോക്കിക്കാണാനാവില്ല. എന്നിരുന്നാലും അപ്പൊസ്തലനായ യോഹന്നാന് ഒരു ദർശനത്തിൽ, യഹോവ തന്റെ മഹനീയ സിംഹാസനത്തിൽ ഇരിക്കുന്ന പ്രൗഢോജ്ജ്വലമായ ദൃശ്യം കാണാൻ അവസരം ലഭിക്കുകയുണ്ടായി.—വെളിപ്പാടു 4:1-3.
2 മനുഷ്യരിൽനിന്നു വ്യത്യസ്തമായി വിശ്വസ്ത ആത്മസൃഷ്ടികൾക്ക് യഹോവയുടെ മുഖം നേരിട്ടു കാണാൻ കഴിയും. യോഹന്നാൻ ദർശനത്തിൽ കണ്ട, 1,44,000 പേരെ പ്രതിനിധാനം ചെയ്യുന്ന “ഇരുപത്തുനാലു മൂപ്പന്മാർ” അവരിൽ ഉൾപ്പെടുന്നു. (വെളിപ്പാടു 4:4; 14:1-3) ദൈവത്തിന്റെ മഹത്ത്വം നോക്കിക്കാണുമ്പോൾ അവർ എങ്ങനെയാണു പ്രതികരിക്കുന്നത്? വെളിപ്പാടു 4:11 പറയുന്ന പ്രകാരം അവർ ഇങ്ങനെ ഉദ്ഘോഷിക്കുന്നു: “കർത്താവേ, [യഹോവേ] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”
‘ഒഴികഴിവില്ലാത്തതിന്റെ’ കാരണം
3, 4. (എ) ദൈവത്തിലുള്ള വിശ്വാസം ശാസ്ത്രവിരുദ്ധമല്ലാത്തത് എന്തുകൊണ്ട്? (ബി) ചിലയാളുകൾ ദൈവത്തിലുള്ള വിശ്വാസം തള്ളിക്കളയാനുള്ള കാരണമെന്ത്?
3 ദൈവത്തിനു മഹത്ത്വം കൊടുക്കാൻ നിങ്ങൾ പ്രചോദിതരാകുന്നുണ്ടോ? മനുഷ്യവർഗത്തിലെ ബഹുഭൂരിപക്ഷത്തിനും അങ്ങനെയൊരു ചിന്തയില്ല. എന്തിന്, അവരിൽ ചിലർ ദൈവത്തിന്റെ അസ്തിത്വംതന്നെ നിഷേധിക്കുന്നു. ഉദാഹരണത്തിന് ഒരു ജ്യോതിശ്ശാസ്ത്രജ്ഞൻ ഇപ്രകാരം എഴുതി: “ദൈവമായിരുന്നോ കടന്നുവന്ന് നമ്മുടെ പ്രയോജനത്തിനായി കരുതലോടെ പ്രപഞ്ചത്തെ മെനഞ്ഞത്? . . . അത് ഒന്നാന്തരം ആശയമാണ്. എന്നാൽ എന്റെ വീക്ഷണത്തിൽ അതൊക്കെ വെറും സങ്കൽപ്പനം മാത്രമാണ് എന്നു പറയുന്നതിൽ ഖേദമുണ്ട്. . . . എല്ലാം ദൈവം സൃഷ്ടിച്ചു എന്നത് തൃപ്തികരമായ വിശദീകരണമല്ല.”
4 ശാസ്ത്രീയ ഗവേഷണത്തിനു പരിമിതികളുണ്ട്, മനുഷ്യന് യഥാർഥത്തിൽ നിരീക്ഷിക്കാനോ പഠിക്കാനോ കഴിയുന്ന കാര്യങ്ങളിൽ മാത്രമായി അത് ഒതുങ്ങിനിൽക്കുന്നു. അല്ലാത്തതൊക്കെ വെറും സിദ്ധാന്തങ്ങളോ അനുമാനങ്ങളോ ആയിരിക്കും. ‘ദൈവം ഒരു ആത്മാവ്,’ ആത്മവ്യക്തി ആയതിനാൽ നേരിട്ടുള്ള ശാസ്ത്രീയ നിരീക്ഷണ പരീക്ഷണങ്ങൾക്ക് അവനെ വിധേയനാക്കാൻ കഴിയില്ല. (യോഹന്നാൻ 4:24) അതുകൊണ്ട് ദൈവത്തിലുള്ള വിശ്വാസത്തെ ശാസ്ത്രവിരുദ്ധമെന്നു മുദ്രകുത്തി തള്ളിക്കളയുന്നതു ധിക്കാരമാണ്. ശാസ്ത്രീയ മാർഗം എന്ന സമീപനംതന്നെ “വിശ്വാസത്തിൽ അധിഷ്ഠിതമായ ഒന്നാണ്” എന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞനായ വിൻസെന്റ് വിഗെൽസ്വെർത്ത് അഭിപ്രായപ്പെടുന്നു. അതെങ്ങനെ? “പ്രകൃതിയിലെ ഏതൊരു പ്രതിഭാസവും ‘പ്രകൃതി നിയമങ്ങൾ’ അനുസരിക്കുന്നു എന്ന അടിയുറച്ച വിശ്വാസത്തിൽ അധിഷ്ഠിതമാണ് ശാസ്ത്രീയ മാർഗം.” അതുകൊണ്ട് ദൈവത്തിലുള്ള വിശ്വാസം തള്ളിക്കളയുന്ന ഒരു വ്യക്തി പകരം മറ്റൊരു വിശ്വാസം സ്വീകരിക്കുകയല്ലേ ചെയ്യുന്നത്? ചിലയാളുകളുടെ കാര്യത്തിൽ, ദൈവത്തിലുള്ള അവിശ്വാസം സത്യത്തെ അഭിമുഖീകരിക്കാനുള്ള ഒരുതരം മനഃപൂർവ വിസമ്മതമായി കാണപ്പെടുന്നു. സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “ദുഷ്ടൻ തന്റെ അഹങ്കാരത്തള്ളലാൽ അവിടുത്തെ അന്വേഷിക്കുന്നില്ല; ദൈവമില്ല എന്നാണ് അവന്റെ വിചാരം.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—സങ്കീർത്തനം 10:4, പി.ഒ.സി. ബൈബിൾ.
5. ദൈവത്തിൽ വിശ്വസിക്കാതിരിക്കുന്നതിന് ഒഴികഴിവില്ലാത്തത് എന്തുകൊണ്ട്?
5 എന്നിരുന്നാലും ദൈവവിശ്വാസം വെറും അന്ധവിശ്വാസമല്ല. കാരണം ദൈവം ഉണ്ട് എന്നതിന് ഈടുറ്റ ധാരാളം തെളിവുകൾ നമുക്കുണ്ട്. (എബ്രായർ 11:1) ജ്യോതിശ്ശാസ്ത്രജ്ഞനായ അലൻ സെൻഡേജ് ഇപ്രകാരം പറയുകയുണ്ടായി: “[പ്രപഞ്ചത്തിൽ] ദർശിക്കാനാകുന്ന ക്രമനിബദ്ധത, കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥയിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്നു പറഞ്ഞാൽ അത് തികച്ചും അസംഭവ്യമായിട്ടാണ് എനിക്കു തോന്നുന്നത്. ആ ക്രമനിബദ്ധതയ്ക്ക് ഒരു ഉറവിടം ഉണ്ടായിരിക്കേണ്ടതുണ്ട്. ദൈവം എനിക്കൊരു മർമമാണ്, എന്നുവരികിലും അസ്തിത്വം എന്ന അത്ഭുതത്തിന്റെ, അഥവാ എന്തുകൊണ്ടാണ് ഒന്നുമില്ലാത്ത ഒരവസ്ഥയ്ക്കു പകരം വസ്തുക്കൾ സ്ഥിതിചെയ്യുന്നത് എന്നതിനുള്ള ഏക വിശദീകരണം ദൈവമാണ്.” അപ്പൊസ്തലനായ പൗലൊസ് റോമിലെ ക്രിസ്ത്യാനികളോട് ദൈവത്തിന്റെ ‘നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദം [ഒഴികഴിവ്] ഇല്ലാതിരിക്കേണ്ടതിന്നു തന്നേ’ എന്നു പറഞ്ഞു. (റോമർ 1:20) അപരിമേയ ശക്തിയുള്ളവനും ഭക്തിക്കു യോഗ്യനുമായ ഒരു സ്രഷ്ടാവ് സ്ഥിതിചെയ്യുന്നുണ്ടെന്ന് “ലോകസൃഷ്ടിമുതൽ”—വിശേഷിച്ചും ദൈവത്തിന്റെ അസ്തിത്വത്തെ വിവേചിച്ചറിയാൻ തക്ക ബുദ്ധിശക്തിയുള്ള മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതുമുതൽ—സ്പഷ്ടമായിരുന്നിട്ടുണ്ട്. തന്നിമിത്തം ദൈവത്തിന്റെ മഹത്ത്വത്തെ അംഗീകരിക്കാൻ പരാജയപ്പെടുന്നവർക്ക് ഒഴികഴിവില്ല. എന്നാൽ സൃഷ്ടി എന്തു തെളിവാണ് നൽകുന്നത്?
പ്രപഞ്ചം ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു
6, 7. (എ) ആകാശങ്ങൾ ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നത് എങ്ങനെ? (ബി) ആകാശങ്ങൾ ‘അളവുനൂൽ’ അയച്ചിരിക്കുന്നത് ഏത് ഉദ്ദേശ്യത്തിൽ?
6 സങ്കീർത്തനം 19:1 ഇങ്ങനെ പറഞ്ഞുകൊണ്ട് അതിനുള്ള ഉത്തരം നൽകുന്നു: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.” ‘ആകാശവിതാനത്തിലെ’ ദീപ്തിചൊരിയുന്ന നക്ഷത്രങ്ങളും ഗ്രഹങ്ങളും ഒരു മഹോന്നത ദൈവത്തിന്റെ അസ്തിത്വത്തിന് അനിഷേധ്യമായ തെളിവു നിരത്തുന്നതായി ദാവീദ് തിരിച്ചറിഞ്ഞു. അവൻ ഇങ്ങനെ തുടരുന്നു: “പകലിനു പിറകെ പകൽ വാക്കു പൊഴിക്കുന്നു, രാവിനു പിറകെ രാവു ജ്ഞാനം പ്രദർശിപ്പിക്കുന്നു.” (സങ്കീർത്തനം 19:2, NW) പകൽതോറും രാത്രിതോറും ആകാശങ്ങൾ ദൈവത്തിന്റെ ജ്ഞാനവും സൃഷ്ടിപ്പിൻ ശക്തിയും പ്രദർശിപ്പിക്കുന്നു. ദൈവത്തിനുള്ള സ്തുതിവചനങ്ങൾ ആകാശത്തുനിന്നു ‘പൊഴിയുന്നതുപോലെ’ ആണത്.
7 എന്നിരുന്നാലും ഈ സാക്ഷ്യം കേൾക്കണമെങ്കിൽ വിവേചനാപ്രാപ്തി ആവശ്യമാണ്. “ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേൾപ്പാനുമില്ല.” എങ്കിലും ആകാശങ്ങളുടെ ഈ മൂകസാക്ഷ്യം ശക്തമാണ്. “ഭൂമിയിൽ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അററത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു.” (സങ്കീർത്തനം 19:3, 4) തങ്ങളുടെ നിശ്ശബ്ദ സാക്ഷ്യം ഭൂമിയുടെ സകല കോണിലും നിറയുന്നുവെന്ന് ഉറപ്പാക്കാൻ ആകാശങ്ങൾ ‘അളവുനൂൽ’ അയയ്ക്കുന്നതുപോലെയാണത്.
8, 9. സൂര്യനെ സംബന്ധിച്ച ചില ശ്രദ്ധേയമായ വസ്തുതകൾ ഏവ?
8 അടുത്തതായി ദാവീദ് യഹോവയുടെ സൃഷ്ടിയിലെ മറ്റൊരു വിസ്മയം വർണിക്കുന്നു: “അവിടെ [ദൃശ്യവിഹായസ്സിൽ] അവൻ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു. അതു മണവറയിൽനിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഓട്ടം ഓടുവാൻ സന്തോഷിക്കുന്നു. ആകാശത്തിന്റെ അററത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.”—സങ്കീർത്തനം 19:4-6.
9 മറ്റു നക്ഷത്രങ്ങളുടെ മുന്നിൽ ഒരു ഇടത്തരക്കാരൻ മാത്രമാണെങ്കിലും ശ്രദ്ധേയമായ ഒരു നക്ഷത്രമാണ് സൂര്യൻ. സൗര പരിവാരത്തിലെ ഗ്രഹങ്ങളെല്ലാം അതിനോടുള്ള താരതമ്യത്തിൽ വെറും ഇത്തിരിപ്പോന്നവയാണ്. ഒരു ഉറവിടം പറയുന്ന പ്രകാരം ഇരുന്നൂറു സഹസ്രകോടി സഹസ്രലക്ഷം കോടി ടൺ ആണ് സൂര്യന്റെ ദ്രവ്യമാനം. അതായത്, സൗരയൂഥത്തിന്റെ 99.9 ശതമാനം പിണ്ഡവും സൂര്യനിലാണ്! കൂടുതൽ അകന്നുപോകുകയോ അടുത്തേക്കു നീങ്ങുകയോ ചെയ്യാതെ സൗരകേന്ദ്രത്തിൽനിന്ന് 15 കോടി കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കാൻ സൂര്യന്റെ ഗുരുത്വാകർഷണം ഭൂമിയെ സഹായിക്കുന്നു. സൂര്യൻ ഉത്സർജിക്കുന്ന ഊർജത്തിന്റെ 200 കോടിയിൽ ഒരംശം മാത്രമേ നമ്മുടെ ഗ്രഹത്തിൽ എത്തുന്നുള്ളു, എന്നാൽപ്പോലും ജീവന്റെ നിലനിൽപ്പിന് അതു മതിയായതാണ്.
10. (എ) സൂര്യൻ അതിന്റെ ‘കൂടാരത്തിൽ’ കടക്കുന്നതും പുറത്തിറങ്ങുന്നതും എങ്ങനെ? (ബി) അത് ഒരു ‘വീരനെപ്പോലെ’ ഓടുന്നത് എങ്ങനെ?
10 പകൽസമയത്ത് ചക്രവാളത്തിൽനിന്നു ചക്രവാളത്തിലേക്കു കുതിക്കുകയും രാത്രി ‘ഒരു കൂടാരത്തിൽ’ വിശ്രമിക്കുകയും ചെയ്യുന്ന ഒരു ‘വീരനായി’ സൂര്യനെ ചിത്രീകരിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ ആലങ്കാരികമായി സംസാരിക്കുന്നു. ആ വീരനക്ഷത്രം ചക്രവാളത്തിൽ മറയുന്നത് നോക്കിനിന്നാൽ, വിശ്രമിക്കാനെന്നോണം അതൊരു കൂടാരത്തിലേക്കു കടക്കുകയാണെന്നു തോന്നും. പ്രഭാതത്തിലാകട്ടെ, അതു ‘മണവറയിൽനിന്നു പുറപ്പെടുന്ന മണവാളനെപ്പോലെ’ ഉജ്ജ്വലപ്രഭയോടെ ഉദിച്ചുയരുന്നു. രാത്രികാലങ്ങളിലെ കൊടുംതണുപ്പ് ഒരു ഇടയൻ എന്ന നിലയിൽ ദാവീദ് അനുഭവിച്ചറിഞ്ഞിരുന്നു. (ഉല്പത്തി 31:40) സൂര്യകിരണങ്ങൾ ക്ഷിപ്രനേരംകൊണ്ട് തന്റെയും തനിക്കു ചുറ്റുമുള്ള ഭൂപ്രകൃതിയുടെയും കുളിരകറ്റിയിരുന്നത് അവൻ ഓർത്തു. അതേ, കിഴക്കുനിന്ന് പടിഞ്ഞാറോട്ടുള്ള “പ്രയാണത്തിൽ” സൂര്യൻ തളർന്നുപോകുന്നില്ല, പിന്നെയോ ഒരു ‘വീരനെപ്പോലെ’ അടുത്ത യാത്രയ്ക്ക് അതു തയ്യാറെടുക്കുന്നു.
ഭയാദരവുണർത്തുന്ന നക്ഷത്രങ്ങളും താരാപംക്തികളും
11, 12. (എ) ബൈബിൾ നക്ഷത്രങ്ങളെ മണൽത്തരികളോട് ഉപമിച്ചിരിക്കുന്നതിൽ ശ്രദ്ധേയമായി എന്താണുള്ളത്? (ബി) പ്രപഞ്ചം എത്ര അപാരമാണ്?
11 നഗ്നനേത്രങ്ങൾ കൊണ്ട് ഏതാനും ആയിരം നക്ഷത്രങ്ങൾ മാത്രമേ ദാവീദിനു കാണാൻ കഴിയുമായിരുന്നുള്ളൂ. എന്നാൽ അടുത്തകാലത്തെ ഒരു പഠനം കാണിക്കുന്ന പ്രകാരം, ആധുനിക ദൂരദർശിനികളിലൂടെ പ്രപഞ്ചത്തിലെ 7 കോടി സഹസ്രലക്ഷം കോടി (7-നു ശേഷം 22 പൂജ്യം) നക്ഷത്രങ്ങളെ കാണാനാകും! നക്ഷത്രങ്ങളുടെ എണ്ണത്തെ ‘കടൽക്കരയിലെ മണൽ’ത്തരിയോട് ഉപമിച്ചപ്പോൾ അതിഭീമമായ സംഖ്യകൾ അതിൽ ഉൾപ്പെടുന്നുവെന്ന് യഹോവ സൂചിപ്പിക്കുകയായിരുന്നു.—ഉല്പത്തി 22:17.
12 “വാതകപടലം പോലെ തോന്നിക്കുന്ന, വ്യതിരിക്തമായി കാണാനാവാത്ത, പ്രകാശമാനമായ കൊച്ചു മേഖലകൾ” ജ്യോതിശ്ശാസ്ത്രജ്ഞന്മാർ നഭോമണ്ഡലത്തിൽ വളരെക്കാലത്തോളം നിരീക്ഷിച്ചിരുന്നു. ഈ “സർപ്പിളാകൃതിയിലുള്ള നെബുലകൾ” നമ്മുടെ ക്ഷീരപഥ ഗാലക്സിയിൽതന്നെയുള്ളവ ആയിരിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ ഊഹിച്ചു. എന്നാൽ ഇവയിൽ ഏറ്റവും അടുത്തുള്ള നെബുലയായ ആൻഡ്രോമിഡാ വാസ്തവത്തിൽ, ഏകദേശം 20 ലക്ഷം പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു ഗാലക്സിതന്നെ ആയിരുന്നെന്ന് 1924-ൽ കണ്ടെത്തുകയുണ്ടായി! അത്തരം ശതകോടിക്കണക്കിന് ഗാലക്സികൾ ഉണ്ടെന്ന് ശാസ്ത്രജ്ഞന്മാർ ഇന്ന് കണക്കാക്കുന്നു. അവയിൽ ഓരോന്നിലും ആയിരക്കണക്കിനോ, ചിലതിൽ ശതകോടിക്കണക്കിനോ നക്ഷത്രങ്ങൾ ഉണ്ട്. എങ്കിലും, യഹോവ “നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവെക്കു ഒക്കെയും പേർ വിളിക്കുന്നു.”—സങ്കീർത്തനം 147:4.
13. (എ) നക്ഷത്രവ്യൂഹങ്ങളെ സംബന്ധിച്ച് എന്താണ് ശ്രദ്ധേയമായിട്ടുള്ളത്? (ബി) ശാസ്ത്രജ്ഞന്മാർ ‘ആകാശത്തിലെ നിയമങ്ങൾ’ അറിയുന്നില്ല എന്നു വ്യക്തമായിരിക്കുന്നത് എങ്ങനെ?
13 “കാർത്തികയുടെ ചങ്ങല നിനക്കു ബന്ധിക്കാമോ? മകയിരത്തിന്റെ ബന്ധനങ്ങൾ അഴിക്കാമോ?” യഹോവ ഇയ്യോബിനോടു ചോദിച്ചു. (ഇയ്യോബ് 38:31) കാഴ്ചയ്ക്ക് ഏതെങ്കിലും ഒരു വ്യതിരിക്ത രൂപം കൈക്കൊണ്ടിരിക്കുന്നതായി തോന്നുന്ന ഒരുകൂട്ടം നക്ഷത്രങ്ങളെയാണ് നക്ഷത്രവ്യൂഹം എന്നു വിളിക്കുന്നത്. നക്ഷത്രങ്ങൾ തമ്മിൽ വളരെ അകലമുണ്ടായിരുന്നേക്കാമെങ്കിലും ഭൂമിയിൽ നിന്നു നോക്കുമ്പോൾ അവയുടെ ആപേക്ഷിക സ്ഥാനങ്ങൾക്കു മാറ്റമില്ലാത്തതായി കാണപ്പെടുന്നു. ഈ നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ അങ്ങേയറ്റം കൃത്യമായതിനാൽ അവ “സമുദ്രയാത്രയിൽ ഉത്തമ വഴികാട്ടികളായും ശൂന്യാകാശ പേടകത്തിന്റെ ഗതി നിയന്ത്രിക്കാൻ ബഹിരാകാശ യാത്രികരെ പ്രാപ്തരാക്കുന്ന സഹായികളായും വർത്തിക്കുന്നു.” തന്നെയുമല്ല അത് “അവയെ തിരിച്ചറിയുന്നതും എളുപ്പമാക്കുന്നു.” (ദി എൻസൈക്ലോപീഡിയ അമേരിക്കാനാ) എങ്കിലും ഈ നക്ഷത്രവ്യൂഹങ്ങളെ പരസ്പരം പിടിച്ചുനിറുത്തുന്ന ‘ബന്ധനങ്ങളെ’ മുഴുവനായി മനസ്സിലാക്കാൻ ആർക്കുംതന്നെ സാധിച്ചിട്ടില്ല. അതേ, “ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?” എന്ന ഇയ്യോബ് 38:33-ലെ ചോദ്യത്തിന് ഉത്തരം നൽകാൻ ശാസ്ത്രജ്ഞർക്ക് ഇന്നും കഴിഞ്ഞിട്ടില്ല.
14. പ്രകാശം പരക്കുന്ന വിധം ഒരു നിഗൂഢതയായിരിക്കുന്നത് എങ്ങനെ?
14 യഹോവ ഇയ്യോബിനോടു ചോദിച്ച മറ്റൊരു ചോദ്യത്തിനുള്ള ഉത്തരം നൽകാനും ശാസ്ത്രജ്ഞന്മാർക്കു കഴിയുന്നില്ല: “വെളിച്ചം പിരിഞ്ഞുപോകുന്ന [പരക്കുന്ന] വഴി ഏത്?” (ഇയ്യോബ് 38:24) പ്രകാശത്തെ കുറിച്ചുള്ള ഈ ചോദ്യത്തെ ഒരു എഴുത്തുകാരൻ “ഒരു അത്യന്താധുനിക ശാസ്ത്രസമസ്യ” എന്നു വിളിച്ചു. വൈരുദ്ധ്യമെന്നു പറയട്ടെ, പ്രകാശം മാനുഷ നേത്രങ്ങളിൽനിന്നു നിർഗമിക്കുന്നതായി ചില യവനതത്ത്വചിന്തകർ വിശ്വസിച്ചിരുന്നു. പ്രകാശം സൂക്ഷ്മ കണികകളാൽ നിർമിതമാണെന്ന് കുറച്ചു കാലം മുമ്പുവരെ ചില ശാസ്ത്രജ്ഞന്മാർ കരുതിയിരുന്നു. മറ്റുചിലരാകട്ടെ, അതു തരംഗങ്ങളായാണ് സഞ്ചരിക്കുന്നതെന്നും ചിന്തിച്ചിരുന്നു. എന്നാൽ ഇന്ന് ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നത് പ്രകാശം ഒരേസമയം തരംഗത്തിന്റെയും കണികയുടെയും സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട് എന്നാണ്. എന്തായാലും, പ്രകാശത്തിന്റെ സ്വഭാവവും അതു ‘പരക്കുന്നത്’ എങ്ങനെയെന്നതും ഇന്നും ഒരു നിഗൂഢതയാണ്.
15. ആകാശത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ദാവീദിനെപ്പോലെ നമുക്ക് എങ്ങനെ തോന്നണം?
15 ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുമ്പോൾ ദാവീദിനെപ്പോലെ ഇങ്ങനെ ചോദിക്കാനേ നമുക്കു കഴിയൂ: “നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോൾ, മർത്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?”—സങ്കീർത്തനം 8:3, 4.
ഭൂമിയും അതിലെ ജീവികളും യഹോവയെ മഹത്ത്വപ്പെടുത്തുന്നു
16, 17. ‘ആഴിയിലെ’ ജീവജാലങ്ങൾ യഹോവയ്ക്കു സ്തുതി കരേറ്റുന്നത് എങ്ങനെ?
16 സൃഷ്ടികൾ ദൈവമഹത്ത്വം ഘോഷിക്കുന്ന മറ്റു വിധങ്ങൾ 148-ാം സങ്കീർത്തനം പട്ടികപ്പെടുത്തുന്നു. 7-ാം വാക്യം ഇങ്ങനെ വായിക്കുന്നു: “തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയിൽനിന്നു യഹോവയെ സ്തുതിപ്പിൻ.” അതേ, ദൈവത്തിന്റെ ജ്ഞാനവും ശക്തിയും വിളിച്ചോതുന്ന വിസ്മയങ്ങളുടെ കലവറയാണ് ‘ആഴികൾ.’ നീലത്തിമിംഗിലത്തിന് ശരാശരി 120 ടൺ ഭാരം വരും, അതായത് 30 ആനയുടെ തൂക്കം! അതിന്റെ ഹൃദയത്തിനു മാത്രം 450 കിലോഗ്രാം ഭാരമുണ്ട്, 6,400 കിലോഗ്രാം രക്തം സ്വന്തം ശരീരത്തിലൂടെ പമ്പുചെയ്യാൻ അതിനു കഴിയുന്നു! കടലിലെ അതികായരായ ഈ കൂറ്റൻ ജന്തുക്കൾ ഭാരംമൂലം ഏന്തിവലിഞ്ഞു നീങ്ങുന്നവയാണോ? അല്ലേയല്ല! അമ്പരപ്പിക്കുന്ന വേഗത്തിലാണ് അവ “സമുദ്രത്തിലൂടെ സഞ്ചരിക്കുന്നത്” എന്ന് യൂറോപ്യൻ സിറ്റേഷ്യൻ ബൈക്യാച്ച് കാമ്പെയ്ന്റെ ഒരു റിപ്പോർട്ട് പറയുന്നു. “ഒരു നീലത്തിമിംഗിലം 10 മാസംകൊണ്ട് 16,000-ത്തിലധികം കിലോമീറ്റർ സഞ്ചരിച്ച”തായി കൃത്രിമോപഗ്രഹം ഉപയോഗിച്ചുള്ള പഥനിർണയം വെളിപ്പെടുത്തി.
17 ബോട്ടിൽ-നോസ്ഡ് ഡോൾഫിൻ സാധാരണഗതിയിൽ 45 മീറ്റർ ആഴത്തിലേക്ക് ഊളിയിടാറുണ്ട്. എന്നാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും വലിയ നീർക്കാങ്കുഴി 547 മീറ്റർ താഴ്ചയിലേക്കുള്ളതായിരുന്നു! അഗാധത്തിലേക്കുള്ള അത്തരം കുതിപ്പുകളെ ഈ ജലസസ്തനികൾ അതിജീവിക്കുന്നത് എങ്ങനെയാണ്? മുങ്ങാങ്കുഴിയിടുമ്പോൾ അതിന്റെ ഹൃദയസ്പന്ദനം മന്ദഗതിയിലാകുകയും ഹൃദയം, ശ്വാസകോശം, തലച്ചോറ് എന്നിവയിലേക്ക് രക്തം തിരിച്ചുവിടപ്പെടുകയും ചെയ്യുന്നു. കൂടാതെ ഓക്സിജൻ കരുതിവെക്കുന്ന ഒരുതരം രാസപദാർഥം അതിന്റെ മാംസപേശികളിൽ അടങ്ങിയിട്ടുണ്ട്. എലഫെന്റ് സീലുകൾക്കും സ്പേം തിമിംഗിലങ്ങൾക്കും അതിലും ആഴത്തിലേക്ക് ഊളികുത്താനാകും. “മർദത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനു പകരം തങ്ങളുടെ ശ്വാസകോശങ്ങൾ പൂർണമായും സങ്കോചിക്കാൻ അവ അനുവദിക്കുന്നു” എന്ന് ഡിസ്കവർ മാസിക പറയുന്നു. ആവശ്യമായ ഓക്സിജന്റെ അധികപങ്കും അവ മാംസപേശികളിൽ കരുതിവെക്കുന്നു. വ്യക്തമായും, സർവശക്തനായ ദൈവത്തിന്റെ അതിരറ്റ ജ്ഞാനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് ഈ ജലജീവികൾ!
18. കടൽജലം യഹോവയുടെ ജ്ഞാനത്തെ പ്രദർശിപ്പിക്കുന്നത് എങ്ങനെ?
18 കടൽജലംപോലും യഹോവയുടെ ജ്ഞാനത്തെ പ്രതിഫലിപ്പിക്കുന്നു. സയന്റിഫിക് അമേരിക്കൻ ഇങ്ങനെ പ്രസ്താവിക്കുന്നു: “സമുദ്രോപരിതലം മുതൽ 100 മീറ്റർ താഴെ വരെയുള്ള ഭാഗത്തെ ഓരോ തുള്ളി ജലത്തിലും ആയിരക്കണക്കിന് സൂക്ഷ്മ സസ്യപ്ലവകങ്ങൾ വളരുന്നുണ്ട്.” ഈ “അദൃശ്യ വനം” ശതകോടിക്കണക്കിന് ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിൽനിന്നു വലിച്ചെടുത്ത് നമ്മുടെ വായുവിനെ ശുദ്ധീകരിക്കുന്നു. നാം ശ്വസിക്കുന്ന ഓക്സിജന്റെ പകുതിയിലധികവും ഈ സസ്യപ്ലവകങ്ങൾ ഉത്പാദിപ്പിക്കുന്നതാണ്.
19. തീയും ഹിമവും യഹോവയുടെ ഹിതം അനുഷ്ഠിക്കുന്നത് എങ്ങനെ?
19 “തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാററും” എന്ന് സങ്കീർത്തനം 148:8 പറയുന്നു. അതേ, പ്രകൃതിയിലെ അചേതന ശക്തികളെയും തന്റെ ഹിതം നിവർത്തിക്കാനായി യഹോവ ഉപയോഗിക്കുന്നു. തീയുടെ കാര്യമെടുക്കുക. പതിറ്റാണ്ടുകൾക്കുമുമ്പ് കാട്ടുതീയെ വിനാശകമായ ഒന്നായി മാത്രമാണ് മനുഷ്യർ കണ്ടിരുന്നത്. എന്നാൽ, പഴയതോ ജീർണിച്ചതോ ആയ മരങ്ങളെ നീക്കം ചെയ്യുകയും വിത്തുകൾ പുതുതായി പൊട്ടിമുളയ്ക്കാൻ വഴിയൊരുക്കുകയും പോഷകങ്ങളുടെ പുനഃപര്യയനം സാധ്യമാക്കുകയും വാസ്തവത്തിൽ, കനത്ത നാശം വിതയ്ക്കുന്ന തരത്തിൽ നിയന്ത്രണാതീതമായി അഗ്നിബാധ ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കുകയും ചെയ്തുകൊണ്ട് തീയ് സുപ്രധാനമായ ഒരു പാരിസ്ഥിതിക ധർമം നിറവേറ്റുന്നുണ്ടെന്ന് ഇന്നു ഗവേഷകർ വിശ്വസിക്കുന്നു. ഹിമവും ജീവത്പ്രധാനമായ ഒന്നാണ്. അതു ഭൂമിയെ നനയ്ക്കുകയും വളക്കൂറുള്ളതാക്കുകയും നദികളെ ജലസമ്പുഷ്ടമാക്കുകയും മരംകോച്ചുന്ന തണുപ്പിൽനിന്ന് സസ്യങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കുന്ന ഒരു കവചമായി വർത്തിക്കുകയും ചെയ്യുന്നു.
20. പർവതങ്ങളും വൃക്ഷങ്ങളും മനുഷ്യവർഗത്തിനു പ്രയോജനം കൈവരുത്തുന്നത് എങ്ങനെ?
20 സങ്കീർത്തനം 148:9, ‘പർവ്വതങ്ങളെയും സകലകുന്നുകളെയും, ഫലവൃക്ഷങ്ങളെയും സകലദേവദാരുക്കളെയും’ കുറിച്ചു പരാമർശിക്കുന്നു. പ്രൗഢഗംഭീരമായ പർവതങ്ങൾ യഹോവയുടെ മഹാശക്തിക്കു സാക്ഷ്യംവഹിക്കുന്നു. (സങ്കീർത്തനം 65:6) എന്നാൽ പ്രായോഗികമായ ഒരു ഉദ്ദേശ്യവും അവ നിവർത്തിക്കുന്നുണ്ട്. സ്വിറ്റ്സർലൻഡിലെ ബേണിലുള്ള ഭൂമിശാസ്ത്ര പഠനകേന്ദ്രത്തിന്റെ ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “ലോകത്തിലെ എല്ലാ പ്രമുഖനദികളും ഉത്ഭവിക്കുന്നത് പർവതങ്ങളിൽനിന്നാണ്. മനുഷ്യരാശിയുടെ പകുതിയിലധികവും ഗിരിനിരകളിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ശുദ്ധജലത്തെ ആശ്രയിക്കുന്നു . . . ഈ ‘ജലഗോപുരങ്ങൾ’ മനുഷ്യവർഗത്തിന്റെ ക്ഷേമത്തിനു നിർണായകമാണ്.” ഒരു സാധാരണ മരംപോലും സ്രഷ്ടാവിനു മഹത്ത്വം കൈവരുത്തുന്നു. ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടിയുടെ ഒരു റിപ്പോർട്ട് പറയുന്ന പ്രകാരം വൃക്ഷങ്ങൾ “സകല രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിന് അത്യന്താപേക്ഷിതമാണ്. . . . തടി, കായ്കനികൾ, മരക്കറ, മരപ്പശ എന്നിവയുടെ ഉറവിടമായതുകൊണ്ട് പല വൃക്ഷജാതിയും ഗണ്യമായ സാമ്പത്തിക പ്രാധാന്യമുള്ളവയാണ്. ലോകവ്യാപകമായി 200 കോടി ജനങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിനും ഇന്ധനത്തിനും വിറകിനെ ആശ്രയിക്കുന്നു.”
21. വെറുമൊരു ഇല രൂപകൽപ്പനയുടെ തെളിവു നൽകുന്നത് എങ്ങനെയെന്നു വിശദീകരിക്കുക.
21 ഒരു വൃക്ഷത്തിന്റെ രൂപകൽപ്പനയിൽപ്പോലും ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവിന്റെ കരസ്പർശം ദർശിക്കാൻ കഴിയും. വെറുമൊരു ഇലയുടെ കാര്യമെടുക്കുക. ഇലയിൽനിന്ന് ജലാംശം നഷ്ടപ്പെടാതിരിക്കാൻ അതിന്റെ പ്രതലത്തിൽ മെഴുകുപോലുള്ള ഒരു പദാർഥംകൊണ്ടുള്ള നേർത്ത ഒരു ആവരണമുണ്ട്. ആവരണത്തിനു തൊട്ടുതാഴെ ഇലയുടെ മേൽഭാഗത്തുതന്നെ ഹരിതകണങ്ങൾ അടങ്ങിയിട്ടുള്ള കോശങ്ങളെ അണിനിരത്തിയിരിക്കുന്നു. ഇവയിൽ പ്രകാശോർജം ആഗിരണം ചെയ്യുന്ന ഹരിതകം എന്ന വർണവസ്തുവുണ്ട്. പ്രകാശസംശ്ലേഷണം എന്ന് അറിയപ്പെടുന്ന ഒരു പ്രക്രിയ മുഖാന്തരം ഇലകൾ “ഭക്ഷ്യോത്പാദനശാലകളായി” വർത്തിക്കുന്നു. വൃക്ഷത്തിന്റെ വേരുകൾ വലിച്ചെടുക്കുന്ന ജലം സങ്കീർണമായ ഒരു “ജലവിതരണ സംവിധാനത്തിലൂടെ” ഇലകളിൽ എത്തുന്നു. ഇലയുടെ അടിഭാഗത്തുള്ള ആയിരക്കണക്കിന് സൂക്ഷ്മ “വാൽവുകൾ” (ആസ്യരന്ധ്രങ്ങൾ) കാർബൺ ഡയോക്സൈഡ് വലിച്ചെടുത്തുകൊണ്ട് തുറക്കുകയും അടയുകയും ചെയ്യുന്നു. ജലവും കാർബൺ ഡയോക്സൈഡും സംയോജിപ്പിച്ച് അന്നജം നിർമിക്കാനുള്ള ഊർജം പ്രകാശം പ്രദാനംചെയ്യുന്നു. അങ്ങനെ, സ്വന്തമായി ആഹാരം ഉത്പാദിപ്പിച്ച് ഭക്ഷിക്കാൻ സസ്യത്തിന് കഴിയുന്നു. എന്നുവരികിലും ഈ “ഭക്ഷ്യോത്പാദനശാല” നിശ്ശബ്ദരമണീയമാണ്. മലിനീകരണം ഇല്ലേയില്ല! ഒരു ഉപോത്പന്നമെന്ന നിലയിൽ പുറന്തള്ളുന്നതാകട്ടെ പ്രാണവായുവും!
22, 23. (എ) ചില പക്ഷികൾക്കും കരജന്തുക്കൾക്കും വിസ്മയാവഹമായ ഏതു പ്രാപ്തികൾ ഉണ്ട്? (ബി) ഇനിയും മറ്റ് ഏതു ചോദ്യങ്ങൾ നാം പരിചിന്തിക്കേണ്ടതുണ്ട്?
22 “മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും” സങ്കീർത്തനം 148:10-ൽ പരാമർശിക്കപ്പെടുന്നു. നിരവധി കരജന്തുക്കളും പറവജാതികളും വിസ്മയാവഹമായ പ്രാപ്തികൾ പ്രദർശിപ്പിക്കുന്നു. ലേയ്സാൻ ആൽബട്രോസിന് വളരെ ദൂരം പറക്കാൻ കഴിയും. (ഒരു സന്ദർഭത്തിൽ, 90 ദിവസം കൊണ്ട് അത് 40,000 കിലോമീറ്റർ താണ്ടി.) ബ്ലാക്ക്പോൾ വാർബ്ലർ എന്ന പക്ഷി വടക്കേ അമേരിക്കയിൽനിന്ന് തെക്കേ അമേരിക്കയിലേക്ക് 80-ലധികം മണിക്കൂർ നിറുത്താതെ പറന്നാണ് ദേശാടനയാത്ര നടത്താറ്! ഒട്ടകം വെള്ളം സംഭരിച്ചുവെക്കുന്നത് പണ്ടൊക്കെ ആളുകൾ വിചാരിച്ചിരുന്നതുപോലെ അതിന്റെ മുതുകിലെ മുഴയിലല്ല, പിന്നെയോ അതിന്റെ ദഹനവ്യൂഹത്തിലാണ്. ഇതു മുഖാന്തരം നിർജലീകരണം സംഭവിക്കാതെ നീണ്ടയാത്രകൾ നടത്താൻ അതിനു സാധിക്കുന്നു. അതുകൊണ്ട്, എഞ്ചിനീയർമാർ യന്ത്രങ്ങളും പുതിയ വസ്തുക്കളും രൂപകൽപ്പന ചെയ്യുമ്പോൾ ജന്തുലോകത്തിലേക്ക് ശ്രദ്ധാപൂർവം കണ്ണോടിക്കുന്നതിൽ അതിശയിക്കാനില്ല. “സുഗമമായി പ്രവർത്തിക്കുന്ന . . . പരിസ്ഥിതിയോട് പൂർണമായി ഇണങ്ങുന്ന എന്തെങ്കിലും നിങ്ങൾക്കു നിർമിക്കണമെന്നുണ്ടെങ്കിൽ, സാധ്യതയനുസരിച്ച് ഒരു ഉത്തമ മാതൃക പ്രകൃതിയിൽത്തന്നെ എവിടെയെങ്കിലും നിങ്ങൾക്കു കണ്ടെത്താനാകും,” എഴുത്തുകാരിയായ ഗേൽ ക്ലീർ പറയുന്നു.
23 അതേ, സൃഷ്ടി വാസ്തവമായും ദൈവത്തിന്റെ മഹത്ത്വം ഘോഷിക്കുന്നു! താരനിബിഡമായ ആകാശവും സസ്യ, ജന്തുജാലങ്ങളും എല്ലാമെല്ലാം തങ്ങളുടേതായ വിധങ്ങളിൽ സ്രഷ്ടാവിനു സ്തുതി കരേറ്റുന്നു. മനുഷ്യരായ നമ്മെ സംബന്ധിച്ചോ? ദൈവത്തിനു സ്തുതിപാടുന്നതിൽ പ്രകൃതിയുമായി നമുക്ക് എങ്ങനെ കൈകോർക്കാനാകും?
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവത്തിന്റെ അസ്തിത്വം നിഷേധിക്കുന്നവർക്ക് ഒഴികഴിവില്ലാത്തത് എന്തുകൊണ്ട്?
• നക്ഷത്രങ്ങളും ഗ്രഹങ്ങളും ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?
• കടലും കരജന്തുക്കളും ഒരു സ്നേഹവാനായ ദൈവം സ്ഥിതിചെയ്യുന്നു എന്നതിന് തെളിവു നിരത്തുന്നത് എങ്ങനെ?
• പ്രകൃതിയിലെ അചേതന ശക്തികൾ യഹോവയുടെ ഹിതം അനുഷ്ഠിക്കുന്നത് എങ്ങനെ?
[10-ാം പേജിലെ ചിത്രം]
ദൃശ്യമായ നക്ഷത്രങ്ങളുടെ എണ്ണം 7 കോടി സഹസ്രലക്ഷം കോടി ആണെന്ന് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു!
[കടപ്പാട്]
Frank Zullo
[12-ാം പേജിലെ ചിത്രം]
ബോട്ടിൽ-നോസ്ഡ് ഡോൾഫിൻ
[13-ാം പേജിലെ ചിത്രം]
ഹിമശൽക്കം
[കടപ്പാട്]
snowcrystals.net
[13-ാം പേജിലെ ചിത്രം]
ലേയ്സാൻ ആൽബട്രോസിന്റെ കുഞ്ഞ്