വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ക്രിസ്തുവിന്റെ ആയിര-വർഷ വാഴ്ചക്കാലത്ത് ഭൂതങ്ങൾ എവിടെ ആയിരിക്കും?
ഈ ചോദ്യത്തിന് ബൈബിൾ നേരിട്ടുള്ള ഉത്തരം നൽകുന്നില്ല. എന്നിരുന്നാലും ക്രിസ്തുവിന്റെ സഹസ്രാബ്ദ വാഴ്ചക്കാലത്ത് ഭൂതങ്ങൾ എവിടെ ആയിരിക്കും എന്നതു സംബന്ധിച്ച് നമുക്ക് യുക്തിപൂർവകമായ ഒരു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയും.
സഹസ്രാബ്ദ വാഴ്ചയുടെ ആരംഭത്തിലും അവസാനത്തിലും എന്തു സംഭവിക്കും എന്നതു സംബന്ധിച്ച ഒരു പൂർവ വീക്ഷണം നൽകിക്കൊണ്ട് അപ്പൊസ്തലനായ യോഹന്നാൻ പ്രസ്താവിക്കുന്നു: “ഒരു ദൂതൻ അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്തു. അതിന്റെ ശേഷം അവനെ അല്പകാലത്തേക്കു അഴിച്ചു വിടേണ്ടതാകുന്നു.” (വെളിപ്പാടു 20:1-3) സാത്താനെ അഗാധത്തിൽ അടയ്ക്കുകയും പിന്നീട് അൽപ്പ കാലത്തേക്കു മോചിപ്പിക്കുകയും ചെയ്യുന്നതിനെക്കുറിച്ചു മാത്രമേ ഈ വാക്യങ്ങളിൽ പറയുന്നുള്ളൂ. ഇവിടെ ഭൂതങ്ങളെ പരാമർശിക്കുന്നില്ലെങ്കിലും അഗാധത്തിന്റെ താക്കോൽ കൈവശമുള്ള ദൂതൻ, അതായത് മഹത്ത്വീകരിക്കപ്പെട്ട യേശുക്രിസ്തു സാത്താനെ ബന്ധിച്ച് അഗാധത്തിൽ അടയ്ക്കുമ്പോൾ, ഭൂതങ്ങളോടുള്ള ബന്ധത്തിലും അതുതന്നെ ചെയ്യും എന്നു ചിന്തിക്കുന്നതു ന്യായയുക്തമായി തോന്നുന്നു.—വെളിപ്പാടു 9:11.
1914-ൽ സ്വർഗത്തിൽ രാജാവായിത്തീർന്ന യേശുക്രിസ്തു സാത്താന്റെയും ഭൂതങ്ങളുടെയും മേൽ ഒരു പ്രതികൂല നടപടി സ്വീകരിച്ചു. വെളിപ്പാടു 12:7-9 ഇങ്ങനെ പ്രസ്താവിക്കുന്നു: “സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി [ഭൂതങ്ങളുമായി] മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.” അന്നുമുതൽ സാത്താനും ഭൂതങ്ങളും ഭൂമിയുടെ പരിസരത്തു മാത്രമായി ഒതുക്കിനിറുത്തപ്പെട്ടിരിക്കുകയാണ്. സാത്താന്റെ പ്രവർത്തനസ്വാതന്ത്ര്യത്തെ കൂടുതൽ പരിമിതപ്പെടുത്തിക്കൊണ്ട് അവന്റെ ദുഷ്ട സ്വാധീനത്തിൽനിന്ന് ഭൂമിയെ മോചിപ്പിക്കാൻ യേശുക്രിസ്തു കൂടുതലായ നടപടി സ്വീകരിക്കുമ്പോൾ, ഭൂതങ്ങളുടെ കാര്യത്തിലും അവൻ അതുതന്നെ ചെയ്യും എന്നു നമുക്കു യുക്തിസഹമായി നിഗമനം ചെയ്യാൻ കഴിയും.
കൂടാതെ, ബൈബിളിലെ ആദ്യത്തെ പ്രവചനത്തെക്കുറിച്ചും ചിന്തിക്കുക. അത് ഇങ്ങനെയാണ്: “ഞാൻ [ദൈവം] നിനക്കും [സാത്താനും] സ്ത്രീക്കും [യഹോവയുടെ സ്വർഗീയ സംഘടനയ്ക്കും] നിന്റെ [സാത്താന്റെ] സന്തതിക്കും അവളുടെ സന്തതിക്കും [യേശുക്രിസ്തുവിനും] തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) സർപ്പത്തിന്റെ തല തകർക്കുന്നതിൽ ക്രിസ്തുവിന്റെ ആയിര-വർഷ വാഴ്ചക്കാലത്ത് സാത്താനെ അഗാധത്തിൽ അടയ്ക്കുന്നതും ഉൾപ്പെടുന്നു. സർപ്പത്തിന്റെ തല തകർക്കുന്നവനും സാത്താന്റെ സന്തതിയും തമ്മിൽ ശത്രുത ഉണ്ടായിരിക്കും എന്നുകൂടെ പ്രവചനം പറയുന്നു. ഈ സന്തതിയുടെ അല്ലെങ്കിൽ സംഘടനയുടെ അദൃശ്യ ഭാഗത്തിൽ ദുഷ്ട ദൂതന്മാർ അഥവാ ഭൂതങ്ങൾ ആണ് ഉള്ളത്. അതുകൊണ്ട് സാത്താനെ അഗാധത്തിൽ അടയ്ക്കുമ്പോൾ യേശുക്രിസ്തു, ഭൂതങ്ങളെയും ബന്ധിച്ച് അഗാധത്തിൽ അടയ്ക്കുമെന്നു നിഗമനം ചെയ്യുന്നത് ന്യായയുക്തമാണ്. ദുഷ്ടാത്മാക്കൾ പാതാളത്തെ [“അഗാധത്തെ,” NW] കുറിച്ച് അത്യധികം ഭയം പ്രകടിപ്പിച്ചിട്ടുണ്ട് എന്നതുതന്നെ വരാനിരിക്കുന്ന ബന്ധനത്തെക്കുറിച്ച് അവർ ബോധവാന്മാരാണ് എന്നു സൂചിപ്പിക്കുന്നു.—ലൂക്കൊസ് 8:31.
എന്നാൽ, അർമഗെദോൻ യുദ്ധത്തിൽ സാത്താന്റെ സന്തതിയുടെ ദൃശ്യ ഭാഗത്തോടൊപ്പം ഭൂതങ്ങളും നശിപ്പിക്കപ്പെടുന്നതുകൊണ്ടായിരിക്കുമോ ഒരുപക്ഷേ വെളിപ്പാടു 20:1-3 അവരെക്കുറിച്ചു പരാമർശിക്കാത്തത്? അങ്ങനെ ആയിരിക്കാൻ സാധ്യതയില്ലെന്ന് ബൈബിൾ സൂചിപ്പിക്കുന്നു. സാത്താന്റെ അന്ത്യത്തെക്കുറിച്ച് അത് ഇങ്ങനെ പറയുന്നു: “അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ള പ്രവാചകനും കിടക്കുന്ന ഗന്ധകത്തീപ്പൊയ്കയിലേക്കു തള്ളിയിടും; അവർ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടിവരും.” (വെളിപ്പാടു 20:10) സാത്താന്റെ സംഘടനയുടെ ദൃശ്യ ഭാഗത്ത് ഉൾപ്പെടുന്ന രാഷ്ട്രീയ ഘടകങ്ങളാണ് മൃഗവും കള്ളപ്രവാചകനും. (വെളിപ്പാടു 13:1, 2, 11-14; 16:13, 14) ദൈവരാജ്യം ഭൂമിയിലെ സകല രാഷ്ട്രങ്ങളെയും തകർത്ത് അവയ്ക്ക് അന്ത്യം വരുത്തുന്ന അർമഗെദോനിൽ അവർ നശിപ്പിക്കപ്പെടും. (ദാനീയേൽ 2:44) “പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നി”യെക്കുറിച്ച് ബൈബിൾ പറയുന്നു. (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) (മത്തായി 25:41) സാത്താനും അവന്റെ ഭൂതങ്ങളും നിത്യമായി നശിപ്പിക്കപ്പെടും എന്ന അർഥത്തിലാണ് മൃഗവും കള്ളപ്രവാചകനും കിടക്കുന്ന അതേ ഗന്ധകത്തീപ്പൊയ്കയിലേക്ക് അവർ എറിയപ്പെടുന്നത്. സാത്താന്റെ സന്തതിയുടെ ശക്തിയേറിയ അദൃശ്യ ഘടകമായ ഭൂതങ്ങൾ അർമഗെദോനിൽ നശിപ്പിക്കപ്പെട്ടിരുന്നെങ്കിൽ, മൃഗത്തോടും കള്ളപ്രവാചകനോടും ഒപ്പം അവരും പ്രതീകാത്മക തീപ്പൊയ്കയിൽ കിടക്കുന്നതായി തീർച്ചയായും പരാമർശിക്കപ്പെടുമായിരുന്നു. വെളിപ്പാടു 20:10-ൽ അവരെ ഉൾപ്പെടുത്തിയിട്ടില്ല എന്ന സംഗതി അവർ അർമഗെദോനിൽ നശിപ്പിക്കപ്പെടുന്നില്ല എന്നു സൂചിപ്പിക്കുന്നു.
ഭൂതങ്ങളെ അഗാധത്തിൽ തള്ളുന്നതായി നേരിട്ടു പറയാത്തതുകൊണ്ട് അവരെ അഴിച്ചുവിടുന്നതിനെക്കുറിച്ചും പ്രത്യേകിച്ച് സൂചിപ്പിച്ചിട്ടില്ല. എന്നിരുന്നാലും അവരുടെയും സാത്താന്റെയും ഭാവി ഒന്നുതന്നെയാണ്. ആയിര-വർഷ വാഴ്ചയുടെ അവസാനം സാത്താനോടൊപ്പം അഴിച്ചുവിടപ്പെടുകയും മനുഷ്യരാശിയെ അന്തിമമായി പരിശോധിക്കുന്നതിൽ അവനോടൊപ്പം പ്രവർത്തിക്കുകയും ചെയ്തശേഷം ഭൂതങ്ങളും തീപ്പൊയ്കയിലേക്ക് എറിയപ്പെടും. അങ്ങനെ അവരും നിത്യനാശം അനുഭവിക്കും.—വെളിപ്പാടു 20:7-9.
അതുകൊണ്ട്, വെളിപ്പാടു 20:1-3-ൽ സാത്താനെ ബന്ധിക്കുന്നതിനെയും നിഷ്ക്രിയാവസ്ഥയുടെ അഗാധ ഗർത്തത്തിൽ അടയ്ക്കുന്നതിനെയും കുറിച്ചു മാത്രമേ പറയുന്നുള്ളുവെങ്കിലും അവന്റെ ദൂതന്മാരും ബന്ധിക്കപ്പെടുകയും അഗാധത്തിൽ അടയ്ക്കപ്പെടുകയും ചെയ്യുമെന്ന് നമുക്ക് യുക്ത്യാനുസൃതം നിഗമനം ചെയ്യാവുന്നതാണ്. ക്രിസ്തുവിന്റെ ആയിര-വർഷ വാഴ്ചക്കാലത്ത് ഭൂമിയെ ഒരു പറുദീസ ആക്കിത്തീർക്കുകയും മനുഷ്യവർഗത്തെ പൂർണതയിലേക്കു പുനഃസ്ഥിതീകരിക്കുകയും ചെയ്യുക എന്ന ദൈവോദ്ദേശ്യത്തെ തകിടംമറിക്കാൻ സാത്താനോ അവന്റെ ഭൂതഗണങ്ങളോ അനുവദിക്കപ്പെടുകയില്ല.