ശൗലിന്റെ പ്രസംഗം ശത്രുത ഉണർത്തുന്നു
പാരമ്പര്യത്തിന്റെ ശക്തനായ സംരക്ഷകൻ വിശ്വാസത്യാഗിയാകുക—ദമസ്കൊസിലെ യഹൂദന്മാർക്കു മനസ്സിലാക്കാവുന്നതിലും അധികമായിരുന്നു അത്. യെരൂശലേമിൽ ‘യേശുവിന്റെ നാമം വിളിച്ചപേക്ഷിച്ചിരുന്നവരെ’ ഉപദ്രവിച്ചിരുന്നയാളാണ് ശൗൽ. ദമസ്കൊസിലുണ്ടായിരുന്ന യേശുവിന്റെ ശിഷ്യന്മാരെ പീഡിപ്പിക്കാനാണ് അവൻ അവിടേക്കു യാത്രതിരിച്ചത്. എന്നാൽ ഇപ്പോളിതാ അവൻ, ദൈവദൂഷണക്കുറ്റത്തിനു ക്രൂശിക്കപ്പെട്ട നിന്ദ്യനായ കുറ്റവാളി മിശിഹായാണെന്നു പ്രസംഗിക്കുകയാണ്! ശൗലിനു ഭ്രാന്തുപിടിച്ചോ?—പ്രവൃത്തികൾ 9:1, 2, 20-22.
അതോ ഒരുപക്ഷേ അവന് ഇത്തരമൊരു മാറ്റമുണ്ടാകാൻ തക്കതായ എന്തെങ്കിലും കാരണം ഉണ്ടായിരുന്നിരിക്കുമോ? യെരൂശലേമിൽനിന്നുള്ള യാത്രയിൽ ശൗൽ ഉൾപ്പെട്ട ആ സംഘത്തിലുണ്ടായിരുന്നവർ യാത്രാമധ്യേ സംഭവിച്ചതെന്താണെന്നു മറ്റുള്ളവരോടു പറഞ്ഞിരിക്കണം. ദമസ്കൊസിനെ സമീപിക്കവേ, പെട്ടെന്ന് അവർക്കുചുറ്റും വലിയ ഒരു വെളിച്ചം പ്രസരിച്ചു. അവരെല്ലാം നിലത്തുവീണു. അപ്പോൾ ഒരു ശബ്ദവും ഉണ്ടായി. ശൗൽ ഒഴികെ ആർക്കും പരിക്കുപറ്റിയില്ല. അവൻ വഴിയിൽ കിടക്കുകയായിരുന്നു. ഒടുവിൽ അവൻ എഴുന്നേറ്റെങ്കിലും ഒന്നും കാണാൻ കഴിഞ്ഞില്ല. അവന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുണ്ടായിരുന്ന മറ്റുള്ളവരുടെ സഹായത്താലാണ് അവൻ ദമസ്കൊസിൽ എത്തിച്ചേർന്നത്.—പ്രവൃത്തികൾ 9:3-8; 26:13, 14.
ഒരു വൈരി വക്താവായി മാറുന്നു
ദമസ്കൊസിലേക്കുള്ള പാതയിൽവെച്ച് ശൗലിന് എന്താണു സംഭവിച്ചത്? ദീർഘയാത്രയോ മധ്യാഹ്നസൂര്യന്റെ അതികഠിനമായ ചൂടോ അവന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായിരിക്കുമോ? ഏതുവിധേനയും സ്വാഭാവിക കാരണങ്ങൾ കണ്ടെത്തണമെന്നു നിശ്ചയിച്ചുറപ്പിച്ച ആധുനിക സന്ദേഹവാദികൾ മതിഭ്രമം, ശൗലിന്റെ പീഡിതമായ മനസ്സാക്ഷിയിൽനിന്നുളവായ കുറ്റബോധം നിമിത്തമുണ്ടായ കടുത്ത മാനസിക ആഘാതം, മാനസികമോ വൈകാരികമോ ആയ തകർച്ച എന്നിങ്ങനെ നിരവധി കാരണങ്ങൾ നിരത്തുന്നുണ്ട്. പൗലൊസിന് ഇടയ്ക്കൊക്കെ അപസ്മാരബാധയുണ്ടായിരുന്നതായി പോലും ചിലർ ആരോപിക്കുന്നു.
താൻ മിശിഹായാണെന്നു ബോധ്യപ്പെടുത്തിക്കൊണ്ട് യേശുക്രിസ്തു ആ കണ്ണഞ്ചിക്കുന്ന പ്രകാശത്തിൽ ശൗലിനു പ്രത്യക്ഷപ്പെട്ടുവെന്നതാണു വാസ്തവത്തിൽ സംഭവിച്ചത്. ഈ സംഭവത്തിന്റെ ചില ചിത്രീകരണങ്ങൾ ശൗൽ കുതിരപ്പുറത്തുനിന്നു വീഴുന്നതായി കാണിക്കുന്നു. അങ്ങനെ സംഭവിച്ചിരിക്കാമെങ്കിലും അവൻ “നിലത്തുവീണു” എന്നു മാത്രമേ ബൈബിൾ പറയുന്നുള്ളൂ. (പ്രവൃത്തികൾ 22:6-11) അത് എങ്ങനെയായിരുന്നാലും അവന്റെ ശാരീരിക വീഴ്ചമൂലം ഉണ്ടായ ക്ഷതം അവന്റെ അഭിമാനത്തിനേറ്റ ക്ഷതത്തെക്കാൾ വലുതായിരുന്നില്ല. യേശുവിന്റെ ശിഷ്യന്മാർ പ്രസംഗിച്ചിരുന്നതാണു സത്യം എന്ന് അവൻ ഇപ്പോൾ അംഗീകരിക്കേണ്ടിയിരുന്നു. അവരോടൊപ്പം ചേരാൻ ശൗൽ നിർബന്ധിതനായിത്തീർന്നു. യേശുവിന്റെ സന്ദേശത്തിന്റെ കടുത്ത വൈരിയായിരുന്ന ആ മതമൗലികവാദി ആ സന്ദേശത്തിന്റെ ഏറ്റവും തീക്ഷ്ണ വക്താക്കളിലൊരാളായി മാറി. കാഴ്ചശക്തി തിരിച്ചുകിട്ടുകയും സ്നാപനമേൽക്കുകയും ചെയ്തതിനുശേഷം ശൗൽ “മേല്ക്കുമേൽ ശക്തിപ്രാപിച്ചു, യേശു തന്നേ ക്രിസ്തു എന്നു തെളിയിച്ചു ദമസ്കൊസിൽ പാർക്കുന്ന യെഹൂദന്മാരെ മിണ്ടാതാക്കി.”—പ്രവൃത്തികൾ 9:22.
വധിക്കാനുള്ള ഗൂഢാലോചന പരാജയപ്പെടുന്നു
ഈ പരിവർത്തനത്തിനുശേഷം പിന്നീട് പൗലൊസ് എന്നു വിളിക്കപ്പെട്ട ശൗൽ എവിടേക്കാണു പോയത്? ഗലാത്യർക്ക് എഴുതിയപ്പോൾ അവൻ പറഞ്ഞു: “[ഞാൻ] നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.” (ഗലാത്യർ 1:17) അറബി എന്ന പദത്താൽ അറേബ്യൻ ഉപദ്വീപിന്റെ ഏതു ഭാഗത്തേക്കുമുള്ള യാത്രയെ അർഥമാക്കാൻ കഴിയും. പൗലൊസ് പോയത് സിറിയൻ മരുഭൂമിയിലോ അരേതാ നാലാമൻ രാജാവിന്റെ നബറ്റിയൻ രാജ്യത്ത് എവിടെയെങ്കിലുമോ ആയിരിക്കാം എന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. സ്നാപനത്തിനുശേഷം യേശു മരുഭൂമിയിലേക്കു പോയതുപോലെ, പൗലൊസും സ്നാപനശേഷം ധ്യാനത്തിനായി ഏതെങ്കിലും വിജനപ്രദേശത്തു പോയതായിരിക്കാനാണു സാധ്യത.—ലൂക്കൊസ് 4:1.
ശൗൽ ദമസ്കൊസിലേക്കു തിരികെ വന്നപ്പോൾ “യെഹൂദന്മാർ അവനെ കൊല്ലുവാൻ ആലോചിച്ചു.” (പ്രവൃത്തികൾ 9:23) ദമസ്കൊസിൽ അരേതാ രാജാവിന്റെ പ്രതിനിധിയായിരുന്ന നാടുവാഴി അഥവാ ഗവർണർ ശൗലിനെ പിടികൂടേണ്ടതിനു പട്ടണത്തിൽ കാവൽ ഏർപ്പെടുത്തിയിരുന്നു. (2 കൊരിന്ത്യർ 11:32) എന്നാൽ ശത്രുക്കൾ ശൗലിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയപ്പോൾ യേശുവിന്റെ ശിഷ്യന്മാർ അവനെ രക്ഷിക്കാൻ പദ്ധതിയൊരുക്കി.
രക്ഷപ്പെടാൻ ശൗലിനെ സഹായിച്ചവരിൽ അനന്യാസും മാനസാന്തരത്തിനു തൊട്ടുപിന്നാലെ അപ്പൊസ്തലൻ സഹവസിച്ച ശിഷ്യന്മാരും ഉൾപ്പെടുന്നു.a (പ്രവൃത്തികൾ 9:17-19) ശൗൽ ദമസ്കൊസിൽ പ്രസംഗിച്ചതു നിമിത്തം വിശ്വാസികളായിത്തീർന്ന ചിലരും സഹായിച്ചിരിക്കാം, എന്തുകൊണ്ടെന്നാൽ പ്രവൃത്തികൾ 9:25 പ്രസ്താവിക്കുന്നു: “എന്നാൽ അവന്റെ ശിഷ്യന്മാർ രാത്രിയിൽ അവനെ ഒരു കൊട്ടയിലാക്കി മതിൽവഴിയായി ഇറക്കിവിട്ടു.” “അവന്റെ ശിഷ്യന്മാർ” എന്നത് അവൻ പഠിപ്പിച്ച ആളുകളെ ആയിരിക്കാം അർഥമാക്കുന്നത്. എന്തായാലും അവന്റെ വിജയകരമായ ശുശ്രൂഷയാണെന്നു തോന്നുന്നു അവനോടു നേരത്തേതന്നെ ഉണ്ടായിരുന്ന ശത്രുത ആളിക്കത്താൻ ഇടയാക്കിയത്.
ഉൾക്കൊള്ളേണ്ട ഒരു പാഠം
ശൗലിന്റെ പരിവർത്തനത്തോടും സ്നാപനത്തോടും ബന്ധപ്പെട്ട ചില സംഭവങ്ങൾ പരിശോധിക്കുമ്പോൾ, മറ്റുള്ളവർ തന്നെക്കുറിച്ച് എന്തു വിചാരിക്കും എന്നതു സംബന്ധിച്ച് അവൻ അമിതമായി ഉത്കണ്ഠപ്പെടുകയോ ശക്തമായ എതിർപ്പു നിമിത്തം തന്റെ ഗതി ഉപേക്ഷിക്കുകയോ ചെയ്തില്ലെന്നു നമുക്കു വ്യക്തമായി കാണാൻ കഴിയുന്നു. ശൗലിനെ സംബന്ധിച്ചിടത്തോളം പരമപ്രധാനമായ സംഗതി തനിക്കു ലഭിച്ച പ്രസംഗ നിയമനം ആയിരുന്നു.—പ്രവൃത്തികൾ 22:14, 15.
സുവാർത്ത പ്രസംഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അടുത്തകാലത്ത് ബോധ്യം വന്ന ഒരാളാണോ നിങ്ങൾ? അങ്ങനെയെങ്കിൽ, യഥാർഥ ക്രിസ്ത്യാനികളായ എല്ലാവരും രാജ്യപ്രസംഗകർ ആയിരിക്കണം എന്നു നിങ്ങൾക്കറിയാം. നിങ്ങളുടെ ശുശ്രൂഷ ഇടയ്ക്കിടെ എതിർപ്പ് ഉളവാക്കുന്നെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല. (മത്തായി 24:9; ലൂക്കൊസ് 21:12; 1 പത്രൊസ് 2:20) എതിർപ്പിനോടുള്ള ശൗലിന്റെ പ്രതികരണം അനുകരണീയമാണ്. പരിശോധനകൾക്കു കീഴടങ്ങാതെ സഹിഷ്ണുത പുലർത്തുന്ന ക്രിസ്ത്യാനികൾക്ക് ദൈവപ്രീതി ഉണ്ടായിരിക്കും. യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “എന്റെ നാമംനിമിത്തം സകലജാതികളും നിങ്ങളെ പകെക്കും.” എന്നിരുന്നാലും അവൻ ഈ ഉറപ്പു നൽകി: “നിങ്ങൾ ക്ഷമകൊണ്ടു [അഥവാ സഹിഷ്ണുതകൊണ്ട്] നിങ്ങളുടെ പ്രാണനെ നേടും.”—ലൂക്കൊസ് 21:17-19.
[അടിക്കുറിപ്പ്]
a യേശു ഗലീലയിൽ പ്രസംഗിച്ചതിനെത്തുടർന്നോ പൊ.യു. 33-ലെ പെന്തെക്കൊസ്തിനുശേഷമോ ആയിരിക്കാം ദമസ്കൊസിൽ ക്രിസ്ത്യാനിത്വം എത്തിച്ചേർന്നത്.—മത്തായി 4:24; പ്രവൃത്തികൾ 2:5.
[28-ാം പേജിലെ ചിത്രം]
യേശു ശൗലിനുമുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ അവൻ “നിലത്തുവീണു”
[29-ാം പേജിലെ ചിത്രം]
ദമസ്കൊസിൽവെച്ച് തന്നെ വധിക്കാനുള്ള ശ്രമത്തിൽനിന്നു ശൗൽ രക്ഷപ്പെട്ടു