വിശ്വസ്തരായിരിക്കുന്നതു മൂല്യവത്താണോ?
“നിങ്ങൾ ഹെൽത്ത് ഇൻഷ്വറൻസിന് അടയ്ക്കുന്ന തുക വളരെ കൂടുതലാണ്,” ഇൻഷ്വറൻസ് ഏജന്റായ കാൾa പറഞ്ഞു. “എന്റെ കമ്പനിയിലേക്കു മാറുകയാണെങ്കിൽ മാസംതോറും നിങ്ങൾക്കു വലിയൊരു തുക ലാഭിക്കാനാകും, 900 രൂപ,” കാൾ തുടർന്നു.
“ശരിയായിരിക്കാം,” യെൻസ് മറുപടി പറഞ്ഞു. “പക്ഷേ, വർഷങ്ങളായി എന്റെ ഹെൽത്ത് ഇൻഷ്വറൻസ് ഈ കമ്പനിയിലാണ്. വേണ്ട സഹായങ്ങളെല്ലാം ഇതുവരെ അവർ എനിക്കു ചെയ്തുതന്നിട്ടുണ്ട്, അവരോടു വിശ്വസ്തനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
“വിശ്വസ്തത നല്ലൊരു ഗുണമാണ്,” കാൾ പ്രതിവചിച്ചു. “പക്ഷേ, വിശ്വസ്തത പാലിക്കുന്നതു നിങ്ങൾക്കു സാമ്പത്തിക നഷ്ടം വരുത്തുന്നു!”
കാൾ പറഞ്ഞതു ശരിയായിരുന്നു. ആരോടെങ്കിലും വിശ്വസ്തത കാണിക്കുന്നതു പലപ്പോഴും സാമ്പത്തിക നഷ്ടം വരുത്തിയേക്കാം. കൂടാതെ ഈ ഗുണം പ്രകടിപ്പിക്കുന്നതിന് സമയം, ഊർജം, വൈകാരിക പ്രതിബദ്ധത എന്നിവയും ആവശ്യമായിവരുന്നു. അങ്ങനെയെങ്കിൽ വിശ്വസ്തരായിരിക്കുന്നത് മൂല്യവത്താണോ?
പ്രകടിപ്പിക്കപ്പെടുന്നതിനെക്കാൾ പ്രകീർത്തിക്കപ്പെടുന്ന ഗുണം
അലെൻസ്ബോക്ക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജർമനിയിൽ നടത്തിയ ഒരു സർവേയിൽ പങ്കെടുത്ത 96 ശതമാനം പേർ തങ്ങൾ വിശ്വസ്തതയെ അഭികാമ്യമായ ഒരു ഗുണമായി കരുതുന്നുവെന്ന് അഭിപ്രായപ്പെട്ടു. 18-നും 24-നും ഇടയ്ക്കു പ്രായമുള്ളവരിൽ അലെൻസ്ബോക്ക് നടത്തിയ മറ്റൊരു സർവേയിൽ, വിശ്വസ്തത വളരെ ജനസമ്മിതിയുള്ള ഒന്നായി തങ്ങൾക്കു തോന്നുന്നുവെന്ന് മൂന്നിൽ രണ്ടുപേർ പറയുകയുണ്ടായി. അതേ, അവർ ഈ ഗുണത്തെ ഹൃദ്യമായി കരുതി.
ആളുകൾ വിശ്വസ്തതയെ വ്യാപകമായി പ്രകീർത്തിക്കുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോൾ അഥവാ വിശ്വസ്തത പാലിക്കേണ്ട സന്ദർഭം വരുമ്പോൾ അവരുടെ മട്ടു മാറുന്നു. ഉദാഹരണത്തിന്, പല യൂറോപ്യൻ രാജ്യങ്ങളിലും ദമ്പതികളുടെയോ കുടുംബാംഗങ്ങളുടെയോ ഇടയിലെ വിശ്വസ്തത തീരെ ഇല്ലെന്നുതന്നെ പറയാം. പലപ്പോഴും സുഹൃത്തുക്കൾക്കിടയിലെ അവസ്ഥയും മറിച്ചല്ല. ഒരു കാലത്ത് തൊഴിലാളിയും മുതലാളിയും തമ്മിലോ, കച്ചവടക്കാരും ഉപഭോക്താക്കളും തമ്മിലോ ഉണ്ടായിരുന്ന ആ വിശ്വസ്തബന്ധം നാമാവശേഷമായിക്കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ട്?
ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ, വിശ്വസ്തത ആവശ്യമാക്കിത്തീർക്കുന്ന പ്രതിബദ്ധത ഏറ്റെടുക്കാനുള്ള സമയമോ മനോബലമോ പലർക്കും ഉണ്ടായെന്നുവരില്ല. ഇനി, മറ്റുള്ളവരിൽനിന്ന് അവിശ്വസ്തതയുടെ തിക്തഫലങ്ങൾ അനുഭവിച്ചവർ ഒരുപക്ഷേ ആരോടും വിശ്വസ്തത പാലിക്കാതിരുന്നേക്കാം. മറ്റൊരു കൂട്ടർക്ക് ജീവിതം, ഇന്നു മുളച്ചു നാളെ വാടുന്ന പുല്ലുപോലെയാണ്. അങ്ങനെയുള്ള ഒരു ജീവിതത്തിൽ വിശ്വസ്തതയുടെ ആവശ്യം അവർ കാണുന്നില്ല.
കാരണം എന്തായിരുന്നാലും പലപ്പോഴും, പ്രകടിപ്പിക്കപ്പെടുന്നതിനെക്കാൾ പ്രകീർത്തിക്കപ്പെടുന്ന ഗുണമാണ് വിശ്വസ്തത. അതുകൊണ്ട് പിൻവരുന്ന ചോദ്യങ്ങൾ നാം പരിചിന്തിക്കേണ്ടതുണ്ട്: വിശ്വസ്തരായിരിക്കുന്നത് മൂല്യവത്താണോ? ആണെങ്കിൽ നാം ആരോടെല്ലാം വിശ്വസ്തരായിരിക്കണം, ഏതെല്ലാം വിധങ്ങളിൽ? വിശ്വസ്തരായിരിക്കുന്നതിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
[അടിക്കുറിപ്പ്]
a ഈ രണ്ടു ലേഖനങ്ങളിലും ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[3-ാം പേജിലെ ആകർഷകവാക്യം]
പലപ്പോഴും, പ്രകടിപ്പിക്കപ്പെടുന്നതിനെക്കാൾ പ്രകീർത്തിക്കപ്പെടുന്ന ഗുണമാണ് വിശ്വസ്തത