വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
സ്ത്രീകൾ ‘സഭായോഗങ്ങളിൽ മിണ്ടാതിരിക്കണം’ എന്നു പറഞ്ഞപ്പോൾ അപ്പൊസ്തലനായ പൗലൊസ് എന്താണ് അർഥമാക്കിയത്?
കൊരിന്തിലെ ക്രിസ്തീയ സഭയ്ക്ക് പൗലൊസ് ഇങ്ങനെ എഴുതി: “വിശുദ്ധന്മാരുടെ സർവ്വസഭകളിലും എന്നപോലെ സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; . . . സംസാരിപ്പാൻ അവർക്കു അനുവാദമില്ല.” (1 കൊരിന്ത്യർ 14:34) ഇതു വ്യക്തമായി മനസ്സിലാക്കാൻ പൗലൊസ് ഈ ബുദ്ധിയുപദേശം നൽകിയതിന്റെ സന്ദർഭം നമ്മെ സഹായിക്കും.
ക്രിസ്തീയ സഭയിലെ യോഗങ്ങളോടു ബന്ധപ്പെട്ട കാര്യങ്ങളാണ് 1 കൊരിന്ത്യർ 14-ാം അധ്യായത്തിൽ പൗലൊസ് ചർച്ച ചെയ്തത്. അത്തരം യോഗങ്ങളിൽ എന്താണു ചർച്ച ചെയ്യേണ്ടതെന്ന് അവൻ വ്യക്തമാക്കുകയും അവ എങ്ങനെ നിർവഹിക്കപ്പെടണമെന്നു നിർദേശിക്കുകയും ചെയ്തു. (1 കൊരിന്ത്യർ 14:1-6, 26-34) ‘സഭെക്കു ആത്മികവർദ്ധന വരുത്തുക’ എന്ന ക്രിസ്തീയ യോഗങ്ങളുടെ ഉദ്ദേശ്യവും അവൻ ഊന്നിപ്പറഞ്ഞു.—1 കൊരിന്ത്യർ 14:4, 5, 12, 26.
‘മിണ്ടാതിരിക്കാനുള്ള’ പൗലൊസിന്റെ നിർദേശം 1 കൊരിന്ത്യർ 14-ാം അധ്യായത്തിൽ മൂന്നു പ്രാവശ്യം കാണാം. ഓരോ തവണയും അത് സഭയിലെ വ്യത്യസ്തമായ ഓരോ കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. എന്നിരുന്നാലും ഈ സന്ദർഭങ്ങളിലെല്ലാം അതു നൽകപ്പെട്ടത് “സകലവും ഉചിതമായും ക്രമമായും നടക്ക”ണമെന്ന കാരണത്താലാണ്.—1 കൊരിന്ത്യർ 14:39.
ആദ്യമായി, പൗലൊസ് ഇങ്ങനെ പറഞ്ഞു: “അന്യഭാഷയിൽ സംസാരിക്കുന്നു എങ്കിൽ രണ്ടുപേരോ ഏറിയാൽ മൂന്നുപേരോ ആകട്ടെ; അവർ ഓരോരുത്തനായി സംസാരിക്കയും ഒരുവൻ വ്യാഖ്യാനിക്കയും ചെയ്യട്ടെ. വ്യാഖ്യാനി ഇല്ലാഞ്ഞാൽ അന്യഭാഷക്കാരൻ സഭയിൽ മിണ്ടാതെ തന്നോടും ദൈവത്തോടും സംസാരിക്കട്ടെ.” (1 കൊരിന്ത്യർ 14:27, 28) അത്തരമൊരു വ്യക്തിക്ക് യോഗങ്ങളിൽ സംസാരിക്കാനേ പാടില്ലെന്നല്ല പകരം ചില സന്ദർഭങ്ങളിൽ അയാൾ മിണ്ടാതിരിക്കണമെന്നാണ് അത് അർഥമാക്കിയത്. അയാൾ ആർക്കും മനസ്സിലാകാത്ത ഒരു ഭാഷ സംസാരിച്ചാൽ അന്യോന്യം ആത്മികവർധന വരുത്തുക എന്ന യോഗങ്ങളുടെ ഉദ്ദേശ്യം നടക്കുമായിരുന്നില്ല.
രണ്ടാമതായി, പൗലൊസ് ഇപ്രകാരം പ്രസ്താവിച്ചു: “പ്രവാചകന്മാർ രണ്ടു മൂന്നു പേർ സംസാരിക്കയും മറ്റുള്ളവർ വിവേചിക്കയും ചെയ്യട്ടെ. ഇരിക്കുന്നവനായ മറ്റൊരുവന്നു വെളിപ്പാടുണ്ടായാലോ ഒന്നാമത്തവൻ മിണ്ടാതിരിക്കട്ടെ.” ഒന്നാമത്തെ പ്രവാചകൻ യോഗങ്ങളിൽ സംസാരിക്കരുതെന്നല്ല മറിച്ച് ചില സന്ദർഭങ്ങളിൽ അദ്ദേഹം മിണ്ടാതിരിക്കണമെന്നാണ് അത് അർഥമാക്കിയത്. അപ്പോൾ അത്ഭുതകരമായ വെളിപ്പാടുള്ള വ്യക്തിക്ക് സഭയോടു സംസാരിക്കാൻ കഴിയുമായിരുന്നു. അങ്ങനെ ‘എല്ലാവർക്കും പ്രബോധനം ലഭിപ്പാൻ’ ഇടയാക്കിക്കൊണ്ട് യോഗങ്ങളുടെ ഉദ്ദേശ്യം നിവർത്തിക്കപ്പെടുമായിരുന്നു.—1 കൊരിന്ത്യർ 14:26, 29-31.
മൂന്നാമതായി, ക്രിസ്തീയ സ്ത്രീകളോടു മാത്രമായി പൗലൊസ് ഇങ്ങനെ പ്രസ്താവിച്ചു: “സ്ത്രീകൾ സഭായോഗങ്ങളിൽ മിണ്ടാതിരിക്കട്ടെ; . . . കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാൻ അവർക്കു അനുവാദമില്ല.” (1 കൊരിന്ത്യർ 14:34) എന്തുകൊണ്ടാണ് പൗലൊസ് സഹോദരിമാരോട് ഇങ്ങനെ ആജ്ഞാപിച്ചത്? സഭയിലെ ക്രമം കാത്തുസൂക്ഷിക്കുന്നതിന്. അവൻ ഇങ്ങനെ പറയുന്നു: “അവർ വല്ലതും പഠിപ്പാൻ ഇച്ഛിക്കുന്നു എങ്കിൽ വീട്ടിൽവെച്ചു ഭർത്താക്കന്മാരോടു ചോദിച്ചുകൊള്ളട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നതു അനുചിതമല്ലോ.”—1 കൊരിന്ത്യർ 14:35.
സഭയിൽ പഠിപ്പിച്ചിരുന്ന കാര്യങ്ങളെ ചില സഹോദരിമാർ വെല്ലുവിളിക്കുന്നുണ്ടായിരുന്നിരിക്കാം. കലക്കത്തിന്റേതായ അത്തരമൊരു മനോഭാവം ഒഴിവാക്കാനും യഹോവയുടെ ശിരഃസ്ഥാന ക്രമീകരണത്തിനുള്ളിലെ, പ്രത്യേകിച്ച് ഭർത്താക്കന്മാരോടുള്ള ബന്ധത്തിൽ തങ്ങളുടെ സ്ഥാനം താഴ്മയോടെ സ്വീകരിക്കാനും പൗലൊസിന്റെ ബുദ്ധിയുപദേശം സഹോദരിമാരെ സഹായിച്ചു. (1 കൊരിന്ത്യർ 11:3) മിണ്ടാതിരിക്കുന്നതിലൂടെ തങ്ങൾ സഭയിലെ ഉപദേഷ്ടാക്കളായിത്തീരാൻ ആഗ്രഹിക്കുന്നില്ലെന്നു സഹോദരിമാർ പ്രകടമാക്കുകയുമായിരിക്കും. ഒരു സ്ത്രീ സഭയിൽ പഠിപ്പിക്കുന്നത് അനുചിതമായിരിക്കുമെന്നു തിമൊഥെയൊസിന് എഴുതവേ പൗലൊസ് വ്യക്തമാക്കി: “മൌനമായിരിപ്പാൻ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേൽ അധികാരം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല.”—1 തിമൊഥെയൊസ് 2:12.
സഭായോഗത്തിൽ ക്രിസ്തീയ സ്ത്രീകൾ മിണ്ടുകയേ ചെയ്യരുതെന്നാണോ അതിനർഥം? അല്ല. പൗലൊസിന്റെ നാളിൽ, ഒരുപക്ഷേ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ ക്രിസ്തീയ സ്ത്രീകൾ സഭയിൽവെച്ച് പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്തിരുന്ന സന്ദർഭങ്ങൾ ഉണ്ടായിരുന്നു. അത്തരം അവസരങ്ങളിൽ തങ്ങളുടെ സ്ഥാനം തിരിച്ചറിഞ്ഞുകൊണ്ട് അവർ ശിരോവസ്ത്രം ധരിച്ചിരുന്നു.a (1 കൊരിന്ത്യർ 11:5) കൂടാതെ, പൗലൊസിന്റെ നാളിലും ഇക്കാലത്തും സഹോദരന്മാരോടൊപ്പം സഹോദരിമാരും തങ്ങളുടെ പ്രത്യാശയുടെ പരസ്യപ്രഖ്യാപനം നടത്താൻ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (എബ്രായർ 10:23-25) വയൽശുശ്രൂഷയിൽ അതു ചെയ്യുന്നതു കൂടാതെ, സഭായോഗങ്ങളിൽ ആയിരിക്കെ തങ്ങളോടു ചോദിക്കുമ്പോൾ നന്നായി ചിന്തിച്ചു തയ്യാറായ ഉത്തരങ്ങൾ പറഞ്ഞുകൊണ്ടും പ്രകടനങ്ങൾക്കും വിദ്യാർഥി പ്രസംഗങ്ങൾക്കും ഉള്ള നിയമനങ്ങൾ സ്വീകരിച്ചുകൊണ്ടും സഹോദരിമാർ തങ്ങളുടെ പ്രത്യാശ പ്രഖ്യാപിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
അതിനാൽ പുരുഷന്റെ സ്ഥാനം കൈയേറി സഭയെ പഠിപ്പിക്കാൻ ശ്രമിക്കാതിരുന്നുകൊണ്ട് ക്രിസ്തീയ സ്ത്രീകൾ ‘മിണ്ടാതിരിക്കുന്നു.’ സഭയിൽ പഠിപ്പിക്കുന്നവരുടെ അധികാരത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള വിമർശനാത്മക ചോദ്യങ്ങൾ അവർ ഉന്നയിക്കുന്നില്ല. സഭയിലെ തങ്ങളുടെ ഉചിതമായ പങ്ക് നിറവേറ്റിക്കൊണ്ട് സമാധാനപരമായ ഒരു അന്തരീക്ഷം നിലനിറുത്തുന്നതിൽ അവർ വലിയ പങ്കുവഹിക്കുന്നു. അത്തരമൊരു അന്തരീക്ഷത്തിൽ സഭായോഗങ്ങളിലെ “സകലവും ആത്മികവർദ്ധനെക്കായി” ഉതകും.—1 കൊരിന്ത്യർ 14:26, 33.
[അടിക്കുറിപ്പ്]
a ആധുനികകാലത്ത്, പ്രത്യേക സാഹചര്യങ്ങൾനിമിത്തം ഒരു സഭയിൽ സ്നാപനമേറ്റ ഒരു സഹോദരനു പകരമായി സേവിക്കേണ്ടിവരുന്ന സന്ദർഭങ്ങളിൽ പക്വമതികളായ സഹോദരിമാർ ഈ മാതൃക പിൻപറ്റുന്നു.—2002 ജൂലൈ 15 ലക്കം വീക്ഷാഗോപുരത്തിന്റെ 26-ാം പേജ് കാണുക.