ഒരേയൊരു പോംവഴി!
ലാസർ എന്നു പേരുള്ള ഒരാളും അവന്റെ സഹോദരിമാരായ മാർത്തയും മറിയയും താമസിക്കുന്നത് ബേഥാന്യയിലാണ്, യെരൂശലേമിൽനിന്ന് ഏകദേശം മൂന്നുകിലോമീറ്റർ ദൂരെയുള്ള ഒരു പട്ടണമാണിത്. ഒരു ദിവസം ലാസറിന് ഗുരുതരമായ രോഗം പിടിപെടുന്നു. ആ സമയത്ത് അവരുടെ സുഹൃത്തായ യേശു ദൂരെ ഒരിടത്തു പോയിരിക്കുകയാണ്. ലാസറിന്റെ കാര്യമോർത്ത് ഏറെ ആകുലരായ സഹോദരിമാർ വേഗം ആളയച്ച് യേശുവിനെ വിവരം അറിയിക്കുന്നു. വിവരംകിട്ടി കുറെ കഴിഞ്ഞ് യേശു ലാസറിനെ കാണാൻ തിരിക്കുന്നു, ഒപ്പം ശിഷ്യന്മാരുമുണ്ട്. താൻ പോകുന്നത് ലാസറിനെ ഉറക്കത്തിൽനിന്ന് ഉണർത്താനാണെന്ന് വഴിയിൽവെച്ച് അവൻ തന്റെ ശിഷ്യന്മാരോടു പറയുന്നു. ലാസർ ഉറങ്ങുകയാണെന്നുതന്നെയാണ് ശിഷ്യന്മാർ ആദ്യം കരുതിയത്. എന്നാൽ പിന്നീട് യേശു കാര്യം തെളിച്ചുപറയുന്നു: “ലാസർ മരിച്ചുപോയി.”—യോഹന്നാൻ 11:1-15.
ലാസറിന്റെ കല്ലറയ്ക്കൽ എത്തിയ യേശു ആദ്യംതന്നെ, കല്ലറ മൂടിയിരുന്ന കല്ലു നീക്കാൻ അവിടെ നിന്നവർക്കു നിർദേശം നൽകുന്നു. പിന്നെ ഉറക്കെ പ്രാർഥിച്ചതിനുശേഷം അവൻ അധികാരത്തോടെ പറയുന്നു: “ലാസരേ, പുറത്തുവരിക.” ലാസർ പുറത്തുവരുന്നു. മരിച്ചിട്ട് നാലുദിവസമായിരുന്ന ആ മനുഷ്യൻ ഇതാ പുനരുത്ഥാനം പ്രാപിച്ചിരിക്കുന്നു.—യോഹന്നാൻ 11:38-44.
മരണത്തിനുള്ള ഒരേയൊരു പോംവഴി പുനരുത്ഥാനമാണെന്ന് ലാസറിനെക്കുറിച്ചുള്ള വിവരണം തെളിയിക്കുന്നു. എന്നാൽ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്ന അത്ഭുതം വാസ്തവത്തിൽ സംഭവിച്ചതാണോ? അതിനെ ഒരു വസ്തുതയായിത്തന്നെയാണു ബൈബിൾ അവതരിപ്പിക്കുന്നത്. യോഹന്നാൻ 11:1-44-ലെ വിവരണം വായിക്കുക, അത് എല്ലാ വിശദാംശങ്ങളും സഹിതമാണു നൽകിയിരിക്കുന്നതെന്നു നിങ്ങൾ കണ്ടെത്തും. എന്നാൽ അതിന്റെ സംഭവ്യതയെ നിങ്ങൾക്കു നിരാകരിക്കാനാകുമോ? എങ്കിൽ ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന സകല അത്ഭുതങ്ങളുടെയും സത്യതയെ നിങ്ങൾ ചോദ്യംചെയ്യുകയായിരിക്കും, യേശുക്രിസ്തുവിന്റെ പുനരുത്ഥാനം ഉൾപ്പെടെ. “ക്രിസ്തു ഉയിർത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർത്ഥമത്രേ” എന്നു ബൈബിൾ പറയുന്നു. (1 കൊരിന്ത്യർ 15:17) പുനരുത്ഥാനം ഒരു അടിസ്ഥാന തിരുവെഴുത്തു പഠിപ്പിക്കലാണ്. (എബ്രായർ 6:1, 2) അതിരിക്കട്ടെ, “പുനരുത്ഥാനം” എന്ന പദത്തിന്റെ അർഥമെന്താണ്?
“പുനരുത്ഥാനം” എന്താണ്?
ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ “പുനരുത്ഥാനം” എന്ന പദം 40-ലധികം പ്രാവശ്യം കാണാം. പുനരുത്ഥാനം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “വീണ്ടുമുള്ള ഒരു എഴുന്നേൽക്കൽ” എന്നാണ്. തത്തുല്യമായ എബ്രായപദത്തിന്റെ അർഥം “മരിച്ചവരുടെ പുനരുജ്ജീവനം” എന്നും. എന്നാൽ, പുനരുത്ഥാനത്തിലേക്കു വരുന്നത് എന്താണ്? അതേ ശരീരം ആയിരിക്കാൻ കഴിയില്ല, കാരണം അത് അഴുകി നിലത്തെ പൊടിയിലേക്കു ചേരുന്നു. അതുകൊണ്ട് ആ ശരീരമല്ല, മരിച്ചുപോയ ആ വ്യക്തിയെയാണു പുനരുത്ഥാനപ്പെടുത്തുന്നത്. ആ വ്യക്തിയുടെ മുഴുസവിശേഷതകളും അതായത്, വ്യക്തിത്വ സവിശേഷതകളും വ്യക്തിയുടെ മുഴുചരിത്രവും അയാളെ ഒരു വ്യക്തിയെന്ന നിലയിൽ തിരിച്ചറിയിക്കുന്ന സകലവിധ വിശദാംശങ്ങളും പൂർവസ്ഥിതിയിലാക്കുന്നതാണ് പുനരുത്ഥാനത്തിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഓർമശക്തിയുടെ കാര്യത്തിൽ പിഴവറ്റവനാണ് യഹോവയാം ദൈവം. അതുകൊണ്ട് മരിച്ചുപോയവരുടെ ജീവിതത്തെക്കുറിച്ചുള്ള സകലതും ഓർത്തുവെക്കുന്നത് അവനൊരു പ്രശ്നമേയല്ല. (യെശയ്യാവു 40:26) ജീവന്റെ കാരണഭൂതനായ യഹോവയ്ക്ക് മരിച്ചുപോയ അതേ വ്യക്തിയെ ഒരു പുതിയ ശരീരത്തോടെ ജീവനിലേക്കു തിരിച്ചുകൊണ്ടുവരുന്നതിന് നിഷ്പ്രയാസം കഴിയും. (സങ്കീർത്തനം 36:9) അതിലുപരി, യഹോവയാം ദൈവത്തിന് മരിച്ചുപോയവരെ പുനരുത്ഥാനപ്പെടുത്താൻ “താല്പര്യമു”ണ്ടെന്ന്—ഉത്കടമായ ആഗ്രഹവും അതിയായ വാഞ്ഛയുമുണ്ടെന്ന്—ബൈബിൾ പറയുന്നു. (ഇയ്യോബ് 14:14, 15) യഹോവയ്ക്ക് മരിച്ചുപോയവരെ ജീവനിലേക്കു വരുത്താനുള്ള പ്രാപ്തി മാത്രമല്ല അങ്ങനെ ചെയ്യാനുള്ള അതിയായ ആഗ്രഹവും ഉണ്ടെന്ന് അറിയുന്നത് നമ്മെ എത്രമാത്രം സന്തോഷിപ്പിക്കുന്നു!
മരിച്ചവരെ ഉയിർപ്പിക്കുന്നതിൽ യേശുക്രിസ്തുവും ഒരു കാതലായ പങ്കുവഹിക്കുന്നുണ്ട്. തന്റെ ശുശ്രൂഷ തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.” (യോഹന്നാൻ 5:21) യേശുക്രിസ്തുവിന് മരിച്ചവരെ ഉയിർപ്പിക്കാനുള്ള ശക്തിയും ആഗ്രഹവും ഉണ്ടെന്ന് ലാസറിന്റെ അനുഭവം വ്യക്തമാക്കുന്നില്ലേ?
മരണാനന്തരം നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്ന് തുടർന്നും ജീവിക്കുന്നു എന്ന ആശയം സംബന്ധിച്ചെന്ത്? പുനരുത്ഥാനവും ആത്മാവിന്റെ അമർത്യതയും പരസ്പരവിരുദ്ധങ്ങളായ ആശയങ്ങളാണ്. നമ്മുടെ ഉള്ളിലുള്ള എന്തോ ഒന്ന് മരണത്തെ അതിജീവിക്കുന്നുണ്ടെങ്കിൽപ്പിന്നെ പുനരുത്ഥാനത്തിന്റെ ആവശ്യമെന്താണ്? ലാസർ മരിച്ചപ്പോൾ അവൻ ഒരു ആത്മലോകത്തിൽ പോയി ജീവിക്കുന്നുണ്ടായിരുന്നുവെന്ന് ലാസറിന്റെ സഹോദരി മാർത്ത വിശ്വസിച്ചിരുന്നില്ല. മറിച്ച് അവൾ പുനരുത്ഥാനത്തിലാണു വിശ്വസിച്ചത്. “നിന്റെ സഹോദരൻ ഉയിർത്തെഴുന്നേല്ക്കും” എന്ന് യേശു ഉറപ്പുനൽകിയപ്പോഴുള്ള അവളുടെ മറുപടി ശ്രദ്ധിക്കുക: “ഒടുക്കത്തെ നാളിലെ പുനരുത്ഥാനത്തിൽ അവൻ ഉയിർത്തെഴുന്നേല്ക്കും എന്നു ഞാൻ അറിയുന്നു.” (യോഹന്നാൻ 11:23, 24) ഇനി, ലാസറിനെ തിരികെ ജീവനിലേക്കു വരുത്തിയപ്പോൾ ഒരു മരണാനന്തര ജീവിതത്തെക്കുറിച്ച് അവൻ യാതൊന്നും പറഞ്ഞില്ല. അവൻ മരിച്ചവനായിരുന്നു. “മരിച്ചവരോ ഒന്നും അറിയുന്നില്ല” എന്നു ബൈബിൾ പറയുന്നു. “നീ ചെല്ലുന്ന പാതാളത്തിൽ” അഥവാ ഷീയോളിൽ (മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ കുറിക്കുന്ന എബ്രായപദം) “പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
അതേ, ബൈബിളിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ മരണത്തിനുള്ള ഒരേയൊരു പോംവഴി പുനരുത്ഥാനമാണ്. പക്ഷേ മരിച്ചുമണ്ണടിഞ്ഞ ജനകോടികളിൽ ആരൊക്കെ പുനരുത്ഥാനം പ്രാപിക്കും? അവർ വരുന്നത് എവിടേക്കായിരിക്കും?
പുനരുത്ഥാനം പ്രാപിക്കുന്നത് ആരൊക്കെ?
യേശു പറഞ്ഞു: “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, നന്മ ചെയ്തവർ ജീവന്നായും തിന്മ ചെയ്തവർ ന്യായവിധിക്കായും പുനരുത്ഥാനം ചെയ്വാനുള്ള നാഴിക വരുന്നു.” (യോഹന്നാൻ 5:28, 29) ഈ വാഗ്ദാനപ്രകാരം സ്മാരക കല്ലറകളിൽ ഉള്ളവർ, അതായത് യഹോവയുടെ സ്മരണയിൽ ഉള്ളവർ പുനരുത്ഥാനം പ്രാപിക്കും. അപ്പോൾ ചോദ്യമിതാണ്, മരിച്ചുപോയ ജനകോടികളിൽ പുനരുത്ഥാനവും പ്രതീക്ഷിച്ച് ദൈവത്തിന്റെ സ്മരണയിൽ കഴിയുന്നവർ ആരൊക്കെയാണ്?
എബ്രായർ എന്ന ബൈബിൾ പുസ്തകത്തിന്റെ 11-ാം അധ്യായത്തിൽ ദൈവത്തെ വിശ്വസ്തമായി സേവിച്ച സ്ത്രീപുരുഷന്മാരുടെ ഒരു നാമാവലി കൊടുത്തിട്ടുണ്ട്. ഇവരും ദൈവത്തിന്റെ വിശ്വസ്ത ദാസന്മാരായി അടുത്തകാലത്തു മരിച്ചവരും പുനരുത്ഥാനം പ്രാപിക്കുന്നവരിൽപ്പെടും. എന്നാൽ ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ പിൻപറ്റുന്നതിൽ പരാജയപ്പെട്ടവരുടെ കാര്യമോ, ഒരുപക്ഷേ അത് അജ്ഞതമൂലമാണെങ്കിലോ? അവരും ദൈവത്തിന്റെ സ്മരണയിൽ ഉണ്ടോ? ഉവ്വ്, അവരിൽ പലരും ദൈവത്തിന്റെ സ്മരണയിലുണ്ട്. കാരണം ബൈബിൾ ഈ വാഗ്ദാനം നൽകുന്നു: “നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും.”—പ്രവൃത്തികൾ 24:15.
എന്നാൽ ഈ ഭൂമുഖത്തു ജീവിച്ചു മരിച്ചുപോയ സകലരും പുനരുത്ഥാനം പ്രാപിക്കുകയില്ല. “സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്താൽ പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കാതെ ന്യായവിധിക്കായി ഭയങ്കരമായോരു പ്രതീക്ഷ”യേ അവശേഷിക്കുകയുള്ളുവെന്ന് ബൈബിൾ പറയുന്നു. (എബ്രായർ 10:26, 27) ചിലർ ക്ഷമ ലഭിക്കാത്ത ഗുരുതരമായ പാപങ്ങൾ ചെയ്തിട്ടുണ്ട്. അങ്ങനെയുള്ളവർ ഹേഡീസിലല്ല (മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ കുറിക്കുന്ന ഗ്രീക്ക് പദം) മറിച്ച് ഗീഹെന്നയിലാണ്. നിത്യനാശത്തെക്കുറിക്കുന്ന ഒരു പ്രതീകാത്മക സ്ഥലമാണ് ഗീഹെന്ന (സത്യവേദപുസ്തകത്തിൽ നരകം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു). (മത്തായി 23:33, NW) അതുകൊണ്ട് ഇന്നയാൾ പുനരുത്ഥാനം പ്രാപിക്കുമോ ഇല്ലയോ എന്നതു സംബന്ധിച്ച് ഊഹാപോഹം നടത്താതിരിക്കാൻ നാം ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ ന്യായംവിധിക്കുന്നത് ദൈവമാണ്. ഹേഡീസിലുള്ളത് ആരാണ്, ഗീഹെന്നയിലുള്ളത് ആരാണ് എന്നൊക്കെ അവനറിയാം. നമ്മുടെ കാര്യത്തിൽ, ദൈവേഷ്ടത്തിനു ചേർച്ചയിൽ ജീവിക്കാൻ ശ്രമിക്കുകയാണു നാം ചെയ്യേണ്ടത്.
സ്വർഗീയ ജീവനിലേക്കുള്ള പുനരുത്ഥാനം—ആർക്ക്?
ഏറ്റവും അസാധാരണമായ പുനരുത്ഥാനം യേശുക്രിസ്തുവിന്റേതായിരുന്നു. അവൻ “ജഡത്തിൽ മരണശിക്ഷ ഏല്ക്കയും ആത്മാവിൽ ജീവിപ്പിക്കപ്പെടുകയും ചെയ്തു.” (1 പത്രൊസ് 3:18) അത്തരത്തിലൊരു പുനരുത്ഥാനം ഒരു മനുഷ്യന്റെയും കാര്യത്തിൽ അതുവരെ സംഭവിച്ചിട്ടില്ലായിരുന്നു. യേശുതന്നെ പറഞ്ഞു: “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന . . . മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹന്നാൻ 3:13) അതേ, ആത്മജീവനിലേക്ക് ആദ്യമായി പുനരുത്ഥാനം ചെയ്യപ്പെട്ടത് മനുഷ്യപുത്രനാണ്. (പ്രവൃത്തികൾ 26:23) ഇതേ രീതിയിൽ പുനരുത്ഥാനം പ്രാപിക്കുന്ന വേറെയും ചിലരുണ്ട്. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ.”—1 കൊരിന്ത്യർ 15:23.
ഒരു ചെറിയ കൂട്ടം ആളുകൾ—“ക്രിസ്തുവിന്നുള്ളവർ”—ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്നു. (റോമർ 6:5) അവർ ക്രിസ്തുവിനോടുകൂടെ രാജാക്കന്മാരായി “ഭൂമിയുടെമേൽ ഭരണം നടത്തും.” (വെളിപ്പാടു 5:9, 10, പി.ഒ.സി. ബൈബിൾ) മാത്രമല്ല, ആദ്യമനുഷ്യനായ ആദാമിൽനിന്ന് മനുഷ്യവർഗം അവകാശപ്പെടുത്തിയ പാപത്തിന്റെ ഫലങ്ങൾ നീക്കം ചെയ്യുന്നതിൽ ഒരു പങ്കുവഹിച്ചുകൊണ്ട് അവർ പുരോഹിതന്മാരായും സേവിക്കും. (റോമർ 5:12) രാജാക്കന്മാരും പുരോഹിതന്മാരും എന്നനിലയിൽ ക്രിസ്തുവിനോടുകൂടെ ഭരിക്കുന്നവരുടെ എണ്ണം 1,44,000 ആണ്. (വെളിപ്പാടു 14:1, 3) പുനരുത്ഥാനം പ്രാപിക്കുമ്പോൾ ഏതുതരം ശരീരമാണ് അവർക്കു ലഭിക്കുന്നത്? അത് “ആത്മികശരീരം” ആണെന്നു ബൈബിൾ പറയുന്നു. സ്വർഗത്തിൽ ജീവിക്കുന്നതിന് ഈ ശരീരം അവർക്ക് ഉതകുന്നു.—1 കൊരിന്ത്യർ 15:35, 38, 42-45.
സ്വർഗത്തിലേക്കുള്ള പുനരുത്ഥാനം എപ്പോഴാണ്? 1 കൊരിന്ത്യർ 15:23-ൽ അത് “അവന്റെ [ക്രിസ്തുവിന്റെ] വരവിങ്കൽ” അഥവാ അവന്റെ സാന്നിധ്യകാലത്ത് ആണെന്നു പറയുന്നു. ക്രിസ്തുവിന്റെ സാന്നിധ്യവും “ലോകാവസാന” നാളുകളും 1914-ൽ തുടങ്ങിയെന്ന് ആ വർഷം മുതലുള്ള ലോകസംഭവങ്ങൾ വ്യക്തമാക്കുന്നു. (മത്തായി 24:3-7) തന്മൂലം, മനുഷ്യർക്ക് അദൃശ്യമാണെങ്കിലും സ്വർഗീയ ജീവനിലേക്കുള്ള വിശ്വസ്തക്രിസ്ത്യാനികളുടെ പുനരുത്ഥാനം തുടങ്ങിക്കഴിഞ്ഞുവെന്നു നിഗമനം ചെയ്യുന്നതിന് മതിയായ കാരണമുണ്ട്. അങ്ങനെ നോക്കുമ്പോൾ അപ്പൊസ്തലന്മാരും ആദിമക്രിസ്ത്യാനികളും സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം പ്രാപിച്ചിരിക്കുന്നു എന്നു പറയാൻ കഴിയും. എന്നാൽ ഇന്നു ജീവിച്ചിരിക്കുന്നവരും സ്വർഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴും എന്ന ദൈവദത്തമായ ഉറച്ച പ്രത്യാശയുള്ളവരുമായ ക്രിസ്ത്യാനികളുടെ കാര്യമോ? അവർ മരിക്കുന്നയുടൻതന്നെ, “കണ്ണിമെക്കുന്നിടയിൽ” ഉയിർപ്പിക്കപ്പെടും. (1 കൊരിന്ത്യർ 15:52) സ്വർഗീയ പുനരുത്ഥാനത്തെത്തുടർന്ന്, ഭൂമിയിൽ ജീവിക്കുന്നതിനുള്ള പ്രത്യാശയോടെ ഒരു എണ്ണമറ്റ ജനതതി ഉയിർപ്പിക്കപ്പെടാനിരിക്കുന്നതിനാൽ 1,44,000 എന്ന ഈ ചെറിയ കൂട്ടത്തിന്റെ പുനരുത്ഥാനത്തെ “നേരത്തേയുള്ള പുനരുത്ഥാനം,” “ഒന്നാമത്തെ പുനരുത്ഥാനം” എന്നൊക്കെ വിളിക്കുന്നു.—ഫിലിപ്പിയർ 3:11, NW; വെളിപ്പാടു 20:6.
ഭൂമിയിലെ ജീവനിലേക്കുള്ള പുനരുത്ഥാനം—ആർക്കെല്ലാം?
തിരുവെഴുത്തുകളനുസരിച്ച് മരിച്ചവരിൽ ബഹുഭൂരിപക്ഷവും ഭൂമിയിൽ ജീവനിലേക്കു വരുത്തപ്പെടും. (സങ്കീർത്തനം 37:29; മത്തായി 6:10) പുനരുത്ഥാനത്തിന്റെ രോമാഞ്ചജനകമായ ദർശനം കണ്ട യോഹന്നാൻ അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “സമുദ്രം തന്നിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; മരണവും പാതാളവും തങ്ങളിലുള്ള മരിച്ചവരെ ഏല്പിച്ചുകൊടുത്തു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തികൾക്കടുത്ത വിധി ഉണ്ടായി. മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.” (വെളിപ്പാടു 20:11-15) മനുഷ്യവർഗത്തിന്റെ പൊതുശവക്കുഴിയെ ചിത്രീകരിക്കുന്ന ഷീയോളിൽ അഥവാ ഹേഡീസിൽ ഉള്ളവർ ദൈവത്തിന്റെ സ്മരണയിലുണ്ട്. അതിൽ ഓരോ വ്യക്തിയും മരണത്തിന്റെ പിടിയിൽനിന്നു മോചിപ്പിക്കപ്പെടും. (സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:31) പുനരുത്ഥാന ശേഷമുള്ള പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ഓരോരുത്തരെയും ന്യായംവിധിക്കും. തുടർന്ന് മരണത്തിനും ഹേഡീസിനും എന്തു സംഭവിക്കും? അവയെ “തീപ്പൊയ്കയിൽ” തള്ളിയിടും. ഇതിന്റെ അർഥം ആദാമിൽനിന്ന് മനുഷ്യവർഗം അവകാശപ്പെടുത്തിയ മരണം മേലാൽ അവരുടെ ജീവൻ എടുക്കുകയില്ല എന്നാണ്.
പ്രിയപ്പെട്ടവരെ മരണം വേർപിരിച്ചതിൽ ദുഃഖിതരായി കഴിയുന്നവർക്ക് പുനരുത്ഥാന വാഗ്ദാനം വെച്ചുനീട്ടുന്ന സന്തുഷ്ട പ്രത്യാശയെക്കുറിച്ചൊന്നു ചിന്തിക്കുക! നയീനിലെ വിധവയുടെ ഒരേയൊരു മകനെ യേശു ജീവനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ ആ സ്ത്രീക്ക് എത്രമാത്രം സന്തോഷം തോന്നിയിട്ടുണ്ടാവണം! (ലൂക്കൊസ് 7:11-17) യേശു പുനരുത്ഥാനപ്പെടുത്തിയ 12 വയസ്സുള്ള പെൺകുട്ടിയുടെ മാതാപിതാക്കളുടെ വികാരത്തെക്കുറിച്ച് ബൈബിൾ പറയുന്നു: “അവർ അത്യന്തം വിസ്മയിച്ചു.” (മർക്കൊസ് 5:21-24, 35-42; ലൂക്കൊസ് 8:40-42, 49-56) അതേ, ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിലേക്ക് പുനരുത്ഥാനം പ്രാപിച്ചു വരുന്ന പ്രിയപ്പെട്ടവരെ സ്വാഗതം ചെയ്യുന്നത് അത്യാനന്ദകരമായിരിക്കും.
പുനരുത്ഥാനത്തെക്കുറിച്ചുള്ള സത്യം അറിയുന്നത് ഇന്നു നമ്മിൽ എന്തു പ്രഭാവം ചെലുത്തും? “മിക്കയാളുകൾക്കും മരണത്തെ ഭയമാണ്, അതിനെക്കുറിച്ചു ചിന്തിക്കുന്നതുപോലും അവർ കഴിവതും ഒഴിവാക്കും,” ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. എന്തുകൊണ്ട്? പലർക്കും മരണം ഒരു പ്രഹേളികയാണ്, അജ്ഞാതവും ഭീതിദവുമായ എന്തോ ഒന്ന്. എപ്പോഴെങ്കിലും “ഒടുക്കത്തെ ശത്രുവായ” മരണത്തെ നാം മുഖാമുഖം കാണേണ്ടിവന്നാൽ, മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം അറിയുന്നതും പുനരുത്ഥാന പ്രത്യാശയും നമുക്കു ധൈര്യം പകരും. (1 കൊരിന്ത്യർ 15:26) ഈ അറിവ് പ്രിയപ്പെട്ട സുഹൃത്തിനെയോ ബന്ധുവിനെയോ മരണത്തിൽ നഷ്ടമാകുന്നതിന്റെ വേദന ലഘൂകരിക്കാനും നമ്മെ സഹായിക്കും.
ഭൂമിയിലേക്കുള്ള പുനരുത്ഥാനം തുടങ്ങുന്നത് എപ്പോഴാണ്? ഇന്നു ഭൂമിയിൽ അക്രമവും പോരാട്ടങ്ങളും രക്തച്ചൊരിച്ചിലും മലിനീകരണവും നിറഞ്ഞിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലേക്കാണ് മരിച്ചവർ പുനരുത്ഥാനം പ്രാപിക്കുന്നതെങ്കിൽ ആ സന്തോഷമൊക്കെ അധികനാൾ നീണ്ടുനിൽക്കില്ല. എന്നാൽ സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ ലോകത്തിന് പെട്ടെന്നുതന്നെ ഒരു അന്ത്യം വരുത്തുമെന്ന് സ്രഷ്ടാവ് വാഗ്ദാനം ചെയ്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44; 1 യോഹന്നാൻ 5:19) ഭൂമിയെ സംബന്ധിച്ച ദൈവത്തിന്റെ ഉദ്ദേശ്യം ഉടൻ നിറവേറും. തുടർന്ന് ദൈവം ആനയിക്കുന്ന സമാധാനപൂർണമായ ആ പുതിയലോകത്തിലേക്ക് ഇപ്പോൾ മരണനിദ്രയിലായിരിക്കുന്ന ജനകോടികൾ ഉണർന്നെണീക്കും.
[7-ാം പേജിലെ ചിത്രം]
മരിച്ചവരിൽ ബഹുഭൂരിപക്ഷവും ഭൂമിയിലെ ജീവനിലേക്ക് പുനരുത്ഥാനം ചെയ്യപ്പെടും