വിശുദ്ധ കൂടിവരവുകളോട് ആദരവു പ്രകടമാക്കുക
“ഞാൻ എന്റെ വിശുദ്ധപർവ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും.”—യെശയ്യാവു 56:7.
1. യോഗങ്ങളോട് ഉചിതമായ ആദരവു പ്രകടമാക്കാൻ തിരുവെഴുത്തുപരമായ ഏതെല്ലാം കാരണങ്ങൾ ഉണ്ട്?
യഹോവയുടെ “വിശുദ്ധപർവ്വത”ത്തിൽ അവനെ ആരാധിക്കാൻ അഭിഷിക്ത ക്രിസ്ത്യാനികളും സഹകാരികളും അടങ്ങിയ തന്റെ ജനത്തെ അവൻ കൂട്ടിവരുത്തിയിരിക്കുന്നു. അവർ “സകലജാതികൾക്കും ഉള്ള പ്രാർത്ഥനാലയ”ത്തിൽ, അതായത് അവന്റെ ആത്മീയ ആലയത്തിൽ സന്തോഷിക്കാൻ അവൻ ഇടയാക്കുന്നു. (യെശയ്യാവു 56:7; മർക്കൊസ് 11:17) നമ്മുടെ ആരാധന വിശുദ്ധവും നിർമലവും ഉന്നതവുമായ ഒന്നാണെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. പഠനത്തിനും ആരാധനയ്ക്കുമായുള്ള നമ്മുടെ യോഗങ്ങളോട് ഉചിതമായ ആദരവു പ്രകടിപ്പിക്കുമ്പോൾ വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ച യഹോവയുടെ വീക്ഷണം നമുക്കുണ്ടെന്നു നാം തെളിയിക്കുകയാണു ചെയ്യുന്നത്.
2. ആരാധനയ്ക്കായി യഹോവ തിരഞ്ഞെടുത്ത സ്ഥലത്തെ അവൻ വിശുദ്ധമായി വീക്ഷിച്ചുവെന്ന് എന്തു സൂചിപ്പിക്കുന്നു, തനിക്കും അതേ വീക്ഷണമാണുള്ളതെന്ന് യേശു എങ്ങനെ പ്രകടമാക്കി?
2 പുരാതന ഇസ്രായേലിൽ തന്റെ ആരാധനയ്ക്കായി യഹോവ തിരഞ്ഞെടുത്ത സ്ഥലം വിശുദ്ധമായി വീക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു. സമാഗമനകൂടാരവും അതിലെ സജ്ജീകരണങ്ങളും ഉപകരണങ്ങളുമെല്ലാം “അതിവിശുദ്ധമായിരിക്കേണ്ടതിന്നു” അഭിഷേകം ചെയ്തു ശുദ്ധീകരിക്കണമായിരുന്നു. (പുറപ്പാടു 30:26-29) സമാഗമനകൂടാരത്തിൽ “വിശുദ്ധസ്ഥലം” എന്നും “അതിവിശുദ്ധം” എന്നും വിളിക്കപ്പെട്ട രണ്ടു ഭാഗങ്ങൾ ഉണ്ടായിരുന്നു. (എബ്രായർ 9:2, 3) സമാഗമനകൂടാരത്തിനു പകരം പിന്നീട് യെരൂശലേമിൽ ഒരു ആലയം പണികഴിക്കുകയുണ്ടായി. യഹോവയ്ക്കുള്ള ആരാധനയുടെ കേന്ദ്രമായിരുന്നതിനാൽ യെരൂശലേം “വിശുദ്ധനഗര”മെന്നു വിശേഷിപ്പിക്കപ്പെട്ടു. (നെഹെമ്യാവു 11:1; മത്തായി 27:53) തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത് യേശുവും ആ ആലയത്തോട് ഉചിതമായ ആദരവു പ്രകടമാക്കി. ആലയത്തിൽ കച്ചവടം നടത്തുകയും കുറുക്കുവഴിയെന്ന നിലയിൽ ആലയ മുറ്റത്തുകൂടെ സഞ്ചരിക്കുകയും ചെയ്തുകൊണ്ട് അനാദരവു കാണിച്ചവരോട് അവന് കടുത്ത കോപം തോന്നി.—മർക്കൊസ് 11:15, 16.
3. ഇസ്രായേല്യരുടെ കൂടിവരവുകൾ വിശുദ്ധമായിരുന്നുവെന്ന് എന്തു പ്രകടമാക്കുന്നു?
3 യഹോവയെ ആരാധിക്കാനും ന്യായപ്രമാണം വായിച്ചു കേൾക്കാനുമായി ഇസ്രായേല്യർ ക്രമമായി കൂടിവന്നിരുന്നു. അവരുടെ ചില ഉത്സവദിനങ്ങളെ “വിശുദ്ധ സഭായോഗം” എന്നു വിളിച്ചിരുന്നു എന്ന വസ്തുത അത്തരം കൂടിവരവുകൾ വിശുദ്ധമായിരുന്നുവെന്നു വ്യക്തമാക്കുന്നു. (ലേവ്യപുസ്തകം 23:2, 3, 36) എസ്രായുടെയും നെഹെമ്യാവിന്റെയും നാളിൽ നടന്ന കൂടിവരവുകളിലൊന്നിൽ ലേവ്യർ “ജനത്തിന്നു ന്യായപ്രമാണത്തെ പൊരുൾ തിരിച്ചുകൊടുത്തു.” “ജനമെല്ലാം ന്യായപ്രമാണവാക്യങ്ങളെ കേട്ടപ്പോൾ കരഞ്ഞുപോയ”തിനാൽ “നിങ്ങൾ മിണ്ടാതിരിപ്പിൻ; ഈ ദിവസം വിശുദ്ധമല്ലോ” എന്നു പറഞ്ഞുകൊണ്ട് ലേവ്യർ സർവജനത്തെയും ശാന്തമാക്കി. അതേത്തുടർന്ന് ജനമെല്ലാം “ഏറ്റവും വലിയ സന്തോഷ”ത്തോടെ ഏഴു ദിവസത്തെ കൂടാരപ്പെരുന്നാൾ ആചരിച്ചു. എസ്രാ “ആദ്യദിവസം മുതൽ അവസാനദിവസംവരെ . . . ദിവസേന ദൈവത്തിന്റെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾപ്പിച്ചു; അങ്ങനെ അവർ ഏഴു ദിവസം ഉത്സവം ആചരിച്ചു; എട്ടാം ദിവസം നിയമപ്രകാരം വിശുദ്ധസഭായോഗം കൂടുകയും ചെയ്തു.” (നെഹെമ്യാവു 8:7-11, 17, 18) കൂടിവരുന്ന എല്ലാവരും ആദരവോടെ ശ്രദ്ധകൊടുക്കേണ്ടിയിരുന്ന വിശുദ്ധമായ അവസരങ്ങളായിരുന്നു അവ എന്നതിനു സംശയമില്ല.
നമ്മുടെ യോഗങ്ങൾ —വിശുദ്ധമായ കൂടിവരവുകൾ
4, 5. നമ്മുടെ യോഗങ്ങൾ വിശുദ്ധമായ കൂടിവരവുകളാണെന്ന് അവയുടെ ഏതു സവിശേഷതകൾ തെളിയിക്കുന്നു?
4 യഹോവയുടെ ആരാധനയ്ക്കായി സമർപ്പിക്കപ്പെട്ട ഒരു പ്രത്യേക ആലയം സ്ഥിതിചെയ്യുന്ന, അക്ഷരാർഥത്തിലുള്ള ഒരു വിശുദ്ധ നഗരം ഇന്നു ഭൂമിയിലില്ലെന്നുള്ളതു ശരിതന്നെ. എന്നിരുന്നാലും, യഹോവയുടെ ആരാധനയ്ക്കായുള്ള യോഗങ്ങൾ വിശുദ്ധ കൂടിവരവുകളാണെന്ന കാര്യം നാം ഒരിക്കലും മറന്നുകളയരുത്. തിരുവെഴുത്തുകൾ വായിക്കാനും പഠിക്കാനുമായി ആഴ്ചയിൽ മൂന്നു പ്രാവശ്യം നാം കൂടിവരുന്നു. അത്തരം യോഗങ്ങളിൽ യഹോവയുടെ വചനം “തെളിവായി വായിച്ചുകേൾപ്പിക്കയും” നെഹെമ്യാവിന്റെ കാലത്തെന്നപോലെ “ഗ്രഹിപ്പാൻതക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും” ചെയ്യുന്നു. (നെഹെമ്യാവു 8:8) നമ്മുടെ എല്ലാ യോഗങ്ങളും പ്രാർഥനയോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു, മിക്ക യോഗങ്ങളിലും യഹോവയ്ക്കുള്ള സ്തുതിഗീതങ്ങളും ആലപിക്കുന്നു. (സങ്കീർത്തനം 26:12) തീർച്ചയായും സഭായോഗങ്ങൾ നമ്മുടെ ആരാധനയുടെ ഭാഗമാണ്. പ്രാർഥനാ മനോഭാവത്തോടെ വേണം നാം അവയിൽ സംബന്ധിക്കാൻ, പരിപാടികൾ നാം ആദരവോടെ ശ്രദ്ധിക്കുകയും വേണം.
5 യഹോവയെ ആരാധിക്കാനും അവന്റെ വചനം പഠിക്കാനും ഊഷ്മളമായ ക്രിസ്തീയ സഹവാസം ആസ്വദിക്കാനും ദൈവജനം ഒന്നിച്ചു കൂടുമ്പോൾ അവൻ അവരെ അനുഗ്രഹിക്കുന്നു. ആ യോഗങ്ങളിലാണ് യഹോവ ‘അനുഗ്രഹം പ്രദാനം ചെയ്യുന്നത്’ എന്ന് അവയോരോന്നിലും സംബന്ധിക്കുമ്പോൾ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 133:1, 3, പി.ഒ.സി. ബൈബിൾ) അതിൽ സംബന്ധിക്കുകയും പരിപാടികൾക്കു ശ്രദ്ധകൊടുക്കുകയും ചെയ്യുന്നുവെങ്കിൽ ആ അനുഗ്രഹം നമുക്കും ലഭിക്കും. യേശുവിന്റെ ഈ വാക്കുകളും ഓർക്കുക: “രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ കൂടിവരുന്നേടത്തൊക്കെയും ഞാൻ അവരുടെ നടുവിൽ ഉണ്ട്.” വ്യക്തികൾക്കിടയിലെ ഗുരുതരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കൂടിവരുന്ന മൂപ്പന്മാരോടുള്ള ബന്ധത്തിൽ പറഞ്ഞിരിക്കുന്നതാണെങ്കിലും ഈ പ്രസ്താവന തത്ത്വത്തിൽ നമ്മുടെ യോഗങ്ങൾക്കും ബാധകമാണ്. (മത്തായി 18:20) ക്രിസ്ത്യാനികൾ യേശുവിന്റെ നാമത്തിൽ കൂടിവരുമ്പോൾ അവൻ പരിശുദ്ധാത്മാവിനാൽ അവിടെ സന്നിഹിതനാകുന്നെങ്കിൽ അത്തരം യോഗങ്ങളെ നാം വിശുദ്ധമായി കാണേണ്ടതല്ലേ?
6. ചെറുതും വലുതുമായ നമ്മുടെ യോഗസ്ഥലങ്ങളെക്കുറിച്ച് എന്തു പറയാൻ കഴിയും?
6 യഹോവ മനുഷ്യനിർമിതമായ ആലയങ്ങളിൽ വസിക്കുന്നില്ലെന്നതു ശരിയാണ്. എന്നിരുന്നാലും ആരാധനയ്ക്കായി നാം രാജ്യഹാളുകളിൽ കൂടിവരുന്നു. (പ്രവൃത്തികൾ 7:48; 17:24, 25) അവിടെ നാം അവന്റെ വചനം പഠിക്കുകയും അവനോടു പ്രാർഥിക്കുകയും അവനെ പാടിസ്തുതിക്കുകയും ചെയ്യുന്നു. നമ്മുടെ സമ്മേളന ഹാളുകളുടെ കാര്യത്തിലും ഇതു സത്യമാണ്. വിശുദ്ധ കൂടിവരവുകൾക്കായി ഉപയോഗിക്കുമ്പോൾ വലിയ ഓഡിറ്റോറിയങ്ങളും സ്പോർട്സ് സ്റ്റേഡിയങ്ങളുമെല്ലാം ആരാധനാസ്ഥലങ്ങളായി മാറുന്നു. ആരാധനയ്ക്കായുള്ള ചെറുതും വലുതുമായ അത്തരം കൂടിവരവുകളോടു നമുക്ക് ആദരവ് ഉണ്ടായിരിക്കണം, ആ ആദരവ് നമ്മുടെ മനോഭാവത്തിലും പെരുമാറ്റത്തിലും നിഴലിക്കുകയും വേണം.
കൂടിവരവുകളോട് ആദരവു പ്രകടമാക്കാൻ കഴിയുന്ന വിധങ്ങൾ
7. കൂടിവരവുകളോട് ആദരവു പ്രകടമാക്കാൻ കഴിയുന്ന ഒരു വിധം ഏത്?
7 നമ്മുടെ കൂടിവരവുകളോട് ആദരവു പ്രകടമാക്കാൻ കഴിയുന്ന പ്രകടമായ ചില വഴികളുണ്ട്. രാജ്യഗീതങ്ങളിൽ പങ്കുചേരാൻ തക്കവണ്ണം യോഗസ്ഥലത്ത് ഉണ്ടായിരിക്കുക എന്നതാണ് അതിലൊന്ന്. പല രാജ്യഗീതങ്ങളും പ്രാർഥനയുടെ രൂപത്തിലായതിനാൽ നാം അവ ഭക്തിപൂർവം പാടേണ്ടതുണ്ട്. 22-ാം സങ്കീർത്തനത്തിലെ വാക്കുകൾ യേശുവിനു ബാധകമാക്കിക്കൊണ്ട് പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ എഴുതി: “ഞാൻ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീർത്തിക്കും; സഭാമദ്ധ്യേ ഞാൻ നിന്നെ സ്തുതിക്കും.” (എബ്രായർ 2:12) അതുകൊണ്ട് ഗീതം ആലപിക്കാൻ അധ്യക്ഷൻ സദസ്സിനെ ക്ഷണിക്കുന്നതിനുമുമ്പുതന്നെ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നതും തുടർന്ന് പാട്ടു പാടുമ്പോൾ വരികളുടെ അർഥത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതും നാം ശീലമാക്കണം. “ഞാൻ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂർണ്ണഹൃദയത്തോടെ യഹോവെക്കു സ്തോത്രം ചെയ്യും” എന്ന് എഴുതിയ സങ്കീർത്തനക്കാരന്റെ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു വിധത്തിലായിരിക്കട്ടെ നമ്മുടെ ഗീതാലാപനം. (സങ്കീർത്തനം 111:1) നാം ആലപിക്കുന്ന അത്തരം സ്തുതിഗീതങ്ങൾ, യോഗങ്ങൾക്കു നേരത്തെ എത്തിച്ചേരാനും അവസാനംവരെ അതിൽ സംബന്ധിക്കാനും നമുക്കു തക്ക കാരണം പ്രദാനം ചെയ്യുന്നു.
8. നമ്മുടെ യോഗങ്ങളിൽ നടത്തപ്പെടുന്ന പ്രാർഥനകൾക്കു നാം ആദരവോടെ ശ്രദ്ധകൊടുക്കേണ്ടതുണ്ടെന്ന് ബൈബിളിലെ ഏതു ദൃഷ്ടാന്തം പ്രകടമാക്കുന്നു?
8 നമ്മുടെ എല്ലാ യോഗങ്ങളെയും ആത്മീയമായി സമ്പന്നമാക്കുന്ന മറ്റൊരു സവിശേഷതയാണ്, സന്നിഹിതരാകുന്നവരെ പ്രതിനിധീകരിച്ചു നടത്തപ്പെടുന്ന ഹൃദയംഗമമായ പ്രാർഥനകൾ. ഒരിക്കൽ, ഒന്നാം നൂറ്റാണ്ടിൽ യെരൂശലേമിലുണ്ടായിരുന്ന ക്രിസ്ത്യാനികൾ കൂടിവരുകയും “ഒരുമനപ്പെട്ടു ദൈവത്തോടു നിലവിളിച്ചു” പ്രാർഥിക്കുകയും ചെയ്തു. തത്ഫലമായി പീഡനത്തിന്മധ്യേയും അവർ “ദൈവവചനം ധൈര്യത്തോടെ പ്രസ്താവി”ക്കുന്നതിൽ തുടർന്നു. (പ്രവൃത്തികൾ 4:24-31) ആ പ്രാർഥനയുടെ സമയത്ത് അവിടെയുണ്ടായിരുന്ന ആരെങ്കിലും മറ്റു കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരുന്നതായി സങ്കൽപ്പിക്കാൻ നമുക്കാകുമോ? ഇല്ല, അവരെല്ലാവരും “ഒരുമനപ്പെട്ടു” പ്രാർഥിക്കുകയായിരുന്നു. നമ്മുടെ യോഗങ്ങളിൽ നടത്തപ്പെടുന്ന പ്രാർഥനകൾ സന്നിഹിതരാകുന്ന എല്ലാവരുടെയും വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നവയാണ്. നാം ആദരവോടെ അവയ്ക്കു ശ്രദ്ധകൊടുക്കണം.
9. നമ്മുടെ വസ്ത്രവും പെരുമാറ്റവും വിശുദ്ധമായ കൂടിവരവുകളെ ആദരിക്കുന്ന വിധത്തിലുള്ളതാണെന്ന് നമുക്ക് എങ്ങനെപ്രകടമാക്കാം?
9 നമ്മുടെ കൂടിവരവുകളുടെ വിശുദ്ധിയെ നാം എത്ര ആഴമായി ആദരിക്കുന്നുവെന്ന് വസ്ത്രം ധരിക്കുന്ന രീതിയിലൂടെയും നമുക്കു പ്രകടമാക്കാനാകും. നാം എങ്ങനെ വസ്ത്രം ധരിക്കുന്നു, ഏതു ഹെയർ സ്റ്റൈൽ പിൻപറ്റുന്നു എന്നീ കാര്യങ്ങൾക്ക് നമ്മുടെ യോഗങ്ങളുടെ അന്തസ്സിനു മാറ്റുകൂട്ടാൻ കഴിയും. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “പുരുഷന്മാർ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകന്നു വിശുദ്ധകൈകളെ ഉയർത്തി പ്രാർത്ഥിക്കേണം എന്നു ഞാൻ ആഗ്രഹിക്കുന്നു. അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകൾക്കു ഉചിതമാകുംവണ്ണം സൽപ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്.” (1 തിമൊഥെയൊസ് 2:8-10) മേൽക്കൂരയില്ലാത്ത വലിയ സ്റ്റേഡിയങ്ങളിൽ കൂടിവരുമ്പോൾ ചൂട് അനുഭവപ്പെട്ടേക്കാമെന്നതിനാൽ അതിനു ചേരുന്ന വിധത്തിൽ വസ്ത്രം ധരിക്കാവുന്നതാണ്, എന്നാൽ അപ്പോഴും അതു മാന്യമായിരിക്കണം. പരിപാടികൾ നടക്കുമ്പോൾ ഭക്ഷണം കഴിക്കുകയോ ബബിൾഗം ചവയ്ക്കുകയോ ചെയ്യുന്നത് അത്തരം അവസരങ്ങളോടുള്ള ആദരവില്ലായ്മയായിരിക്കും. കൂടിവരവുകളിൽ നാം യോഗ്യമായി വസ്ത്രം ധരിക്കുന്നതും ഉചിതമായി പെരുമാറുന്നതും യഹോവയാം ദൈവത്തിനും അവന്റെ ആരാധനയ്ക്കും നമ്മുടെ സഹാരാധകർക്കും ബഹുമതി കൈവരുത്തും.
ദൈവത്തിന്റെ ഭവനക്കാർക്കു യോജിച്ച നടത്ത
10. ക്രിസ്തീയ യോഗങ്ങളിൽ ഉയർന്ന നിലവാരമുള്ള പെരുമാറ്റം കാഴ്ചവെക്കേണ്ടതുണ്ടെന്ന് പൗലൊസ് അപ്പൊസ്തലൻ വ്യക്തമാക്കിയത് എങ്ങനെ?
10 ക്രിസ്തീയ യോഗങ്ങൾ നടത്തപ്പെടേണ്ടത് എങ്ങനെയാണ് എന്നതു സംബന്ധിച്ച് 1 കൊരിന്ത്യർ 14-ാം അധ്യായത്തിൽ പൗലൊസ് അപ്പൊസ്തലൻ ജ്ഞാനപൂർവകമായ ബുദ്ധിയുപദേശം നൽകിയിരിക്കുന്നു. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ടാണ് അവൻ അത് ഉപസംഹരിക്കുന്നത്. (1 കൊരിന്ത്യർ 14:40) ക്രിസ്തീയ സഭയുടെ പ്രവർത്തനങ്ങളുടെ ഒരു സുപ്രധാന ഭാഗമായ നമ്മുടെ യോഗങ്ങളിൽ, യഹോവയുടെ ഭവനക്കാരുടെ അന്തസ്സിനു ചേരും വിധത്തിലുള്ള പെരുമാറ്റം കാഴ്ചവെക്കാൻ നാം കടപ്പെട്ടിരിക്കുന്നു.
11, 12. (എ) യോഗങ്ങളോടുള്ള ബന്ധത്തിൽ ഏതെല്ലാം കാര്യങ്ങൾ മാതാപിതാക്കൾ കുട്ടികളുടെ മനസ്സിൽ പതിപ്പിക്കണം? (ബി) ഉചിതമായ ഏതു വിധത്തിൽ കുട്ടികൾക്കു യോഗങ്ങളിൽ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കാൻ കഴിയും?
11 യോഗങ്ങൾക്കു വരുമ്പോൾ എങ്ങനെ പെരുമാറണമെന്നു കുട്ടികളെ പ്രത്യേകം പഠിപ്പിക്കേണ്ടതുണ്ട്. രാജ്യഹാളും പുസ്തകാധ്യയനം നടക്കുന്ന ഇടവും കളിക്കാനുള്ള സ്ഥലങ്ങളല്ലെന്ന് മാതാപിതാക്കൾ അവർക്കു പറഞ്ഞുകൊടുക്കണം. നാം യഹോവയെ ആരാധിക്കുകയും അവന്റെ വചനം പഠിക്കുകയും ചെയ്യുന്ന സ്ഥലങ്ങളാണ് അവ. ജ്ഞാനിയായ ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: ‘ദൈവാലയത്തിലേക്കു പോകുമ്പോൾ [നിന്റെ] കാൽ സൂക്ഷിക്കുക; അടുത്തുചെന്നു കേൾക്കുക.’ (സഭാപ്രസംഗി 5:1) മുതിർന്നവരും “കുട്ടികളും” ഉൾപ്പെടെ എല്ലാവരും കൂടിവരണമെന്നു മോശെ നിർദേശിച്ചു. അവൻ ഇങ്ങനെ പറഞ്ഞു: “കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നും അവയെ അറിഞ്ഞിട്ടില്ലാത്ത അവരുടെ മക്കൾ കേൾക്കേണ്ടതിന്നും . . . യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നും ജനത്തെ വിളിച്ചുകൂട്ടേണം.”—ആവർത്തനപുസ്തകം 31:12, 13.
12 സമാനമായി, ചെറുപ്രായത്തിലുള്ളവർ ഇന്നു മാതാപിതാക്കളോടൊപ്പം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുന്നതു മുഖ്യമായും കേട്ടുപഠിക്കാൻ വേണ്ടിയാണ്. പരിപാടികളിൽ ശ്രദ്ധിക്കാനും അടിസ്ഥാന ബൈബിൾ സത്യങ്ങളെങ്കിലും മനസ്സിലാക്കാനും പ്രാപ്തരായിക്കഴിഞ്ഞാൽ തങ്ങളുടെ വിശ്വാസത്തിന്റെ പരസ്യ പ്രകടനമെന്ന നിലയിൽ ചെറിയ ചെറിയ ഉത്തരങ്ങൾ പറയാൻ അവർക്കു കഴിയും. (റോമർ 10:10) മനസ്സിലാകുന്ന ചോദ്യങ്ങൾക്ക് ഏതാനും വാക്കുകളിൽ ഉത്തരം പറഞ്ഞുകൊണ്ട് തുടക്കമിടാനാകും. ആദ്യമൊക്കെ ഉത്തരം നോക്കിപ്പറയേണ്ടതുണ്ടായിരുന്നേക്കാമെങ്കിലും കുറെ കഴിയുമ്പോഴേക്കും സ്വന്തം വാക്കുകളിൽ ആശയം പറയാൻ അവർക്കു കഴിയും. ഇത് അവർക്കു പ്രയോജനകരവും രസകരവും ആയിരിക്കും എന്നു മാത്രമല്ല വിശ്വാസം പ്രതിഫലിപ്പിക്കുന്ന അത്തരം അഭിപ്രായ പ്രകടനങ്ങൾ സദസ്സിലുള്ള മറ്റുള്ളവർക്കു സന്തോഷം പകരുകയും ചെയ്യും. സ്വാഭാവികമായും, ഉത്തരങ്ങൾ പറഞ്ഞുകൊണ്ട് മാതാപിതാക്കൾതന്നെ മക്കൾക്ക് ഒരു നല്ല മാതൃകവെക്കുന്നു. കുട്ടികൾക്കു ബൈബിളും പാട്ടുപുസ്തകവും പഠിക്കുന്ന പ്രസിദ്ധീകരണത്തിന്റെ ഒരു കോപ്പിയും സ്വന്തമായി ഉണ്ടായിരിക്കുന്നത് അഭികാമ്യമാണ്. അത്തരം പ്രസിദ്ധീകരണങ്ങളോട് ഉചിതമായ ആദരവു പ്രകടമാക്കാനും അവർ പഠിക്കേണ്ടതുണ്ട്. നമ്മുടെ യോഗങ്ങൾ വിശുദ്ധമായ കൂടിവരവുകളാണെന്ന വസ്തുത കുട്ടികളുടെ മനസ്സിൽ പതിയാൻ ഇതെല്ലാം സഹായിക്കും.
13. ആദ്യമായി നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കുന്നവരോടുള്ള ബന്ധത്തിൽ നമ്മുടെ ആഗ്രഹം എന്താണ്?
13 നമ്മുടെ യോഗങ്ങൾ ക്രൈസ്തവ സഭകളുടെ മതശുശ്രൂഷകൾ പോലെ ആയിരിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല. അത്തരം ശുശ്രൂഷകൾ വിശുദ്ധിയുടെ പരിവേഷമണിഞ്ഞതും നിർജീവവുമായിരുന്നേക്കാം, അല്ലെങ്കിൽ റോക്ക് സംഗീതംപോലെ ശബ്ദമുഖരിതമായിരുന്നേക്കാം. നമ്മുടെ രാജ്യഹാളുകളിലെ യോഗങ്ങൾ ഒരു ക്ലബ്ബിന്റെ പ്രതീതി ഉണർത്താനും നാം ആഗ്രഹിക്കുന്നില്ല, മറിച്ച് അവ ഹൃദ്യവും ഊഷ്മളവും ആയിരിക്കണം. നാം യഹോവയെ ആരാധിക്കാനാണു കൂടിവരുന്നത്, അതുകൊണ്ട് നമ്മുടെ യോഗങ്ങൾ എല്ലായ്പോഴും അന്തസ്സുറ്റതായിരിക്കണം. ആദ്യമായി നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കുന്നവർ അവിടെ അവതരിപ്പിക്കപ്പെടുന്ന വിവരങ്ങൾ ശ്രദ്ധിക്കുകയും നമ്മുടെയും കുട്ടികളുടെയും പെരുമാറ്റം നിരീക്ഷിക്കുകയും ചെയ്തശേഷം, “ദൈവം വാസ്തവമായി നിങ്ങളുടെ ഇടയിൽ ഉണ്ട്” എന്നു പറയാൻ പ്രേരിതരാകണമെന്നതാണു നമ്മുടെ ആഗ്രഹം.—1 കൊരിന്ത്യർ 14:25.
നമ്മുടെ ആരാധനയുടെ ഒരു സ്ഥിരം-സവിശേഷത
14, 15. (എ) ‘ദൈവത്തിന്റെ ആലയത്തെ നാം അവഗണിക്കുന്നില്ലെന്ന്’ നമുക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും? (ബി) യെശയ്യാവു 66:23-ലെ വാക്കുകൾ ഇപ്പോൾത്തന്നെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നത് എങ്ങനെ?
14 മുമ്പു പറഞ്ഞതുപോലെ, യഹോവ തന്റെ “പ്രാർത്ഥനാലയത്തിൽ” അതായത് ആത്മീയ ആലയത്തിൽ തന്റെ ജനത്തെ കൂട്ടിവരുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നു. യെരൂശലേമിലെ ആലയത്തിലേക്കു സംഭാവനകൾ നൽകിക്കൊണ്ട് അതിനോട് ഉചിതമായ ആദരവു പ്രകടമാക്കാൻ വിശ്വസ്ത മനുഷ്യനായിരുന്ന നെഹെമ്യാവ് സഹ യെഹൂദന്മാരെ ഓർമിപ്പിച്ചു. “നാം നമ്മുടെ ദൈവത്തിന്റെ ആലയത്തെ അവഗണിക്കരുത്,” അവൻ പറഞ്ഞു. (നെഹെമ്യാവു 10:39, NW) കൂടാതെ, യഹോവയുടെ “പ്രാർത്ഥനാലയത്തിൽ” കൂടിവന്നുകൊണ്ട് അവനെ ആരാധിക്കാൻ അവൻ നമ്മെ ക്ഷണിക്കുമ്പോൾ നാം അതു നിരസ്സിക്കുകയുമരുത്.
15 ആരാധനയ്ക്കായുള്ള കൂടിവരവിൽ ക്രമമായി സംബന്ധിക്കേണ്ടതിന്റെ ആവശ്യം പ്രകടിപ്പിച്ചുകൊണ്ട് യെശയ്യാവ് പിൻവരുന്ന പ്രവചനം രേഖപ്പെടുത്തി: “പിന്നെ അമാവാസിതോറും ശബ്ബത്തുതോറും സകലജഡവും എന്റെ സന്നിധിയിൽ നമസ്കരിപ്പാൻ വരും എന്നു യഹോവ അരുളിച്ചെയ്യുന്നു.” (യെശയ്യാവു 66:23) ഇത് ഇന്നു സംഭവിച്ചുകൊണ്ടാണിരിക്കുന്നത്. സമർപ്പിതരായ ക്രിസ്ത്യാനികൾ എല്ലാ മാസവും ആഴ്ചതോറും ക്രമമായി യഹോവയെ ആരാധിക്കാൻ കൂടിവരുന്നു. മറ്റു കാര്യങ്ങളോടൊപ്പം ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും പരസ്യശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ടുമാണ് അവർ അപ്രകാരം ചെയ്യുന്നത്. പതിവായി ‘യഹോവയുടെ സന്നിധിയിൽ നമസ്കരിക്കാൻ വരുന്ന’വരിൽ ഒരാളാണോ നിങ്ങൾ?
16. ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നത് ഇപ്പോൾത്തന്നെ നമ്മുടെ ജീവിതത്തിന്റെ ഒരു സ്ഥിരം-സവിശേഷത ആയിരിക്കേണ്ടത് എന്തുകൊണ്ട്?
16 യഹോവ വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ യെശയ്യാവു 66:23-ലെ വാക്കുകൾ പൂർണമായി ബാധകമാകും. അന്ന് അക്ഷരാർഥത്തിൽ “സകലജഡവും” നിത്യതയിലുടനീളം എല്ലാ മാസവും ആഴ്ചതോറും യഹോവയുടെ “സന്നിധിയിൽ നമസ്കരിപ്പാൻ വരും.” യഹോവയെ ആരാധിക്കാനായുള്ള കൂടിവരവുകൾ പുതിയ വ്യവസ്ഥിതിയിലെ നമ്മുടെ ജീവിതത്തിന്റെ സ്ഥിരം-സവിശേഷത ആയിരിക്കുമെന്നതിനാൽ വിശുദ്ധ കൂടിവരവുകളിൽ ക്രമമായി സംബന്ധിക്കുന്നത് ഇപ്പോൾത്തന്നെ നമ്മുടെ ജീവിതത്തിന്റെ ഒരു സ്ഥിരം-സവിശേഷത ആയിരിക്കേണ്ടതല്ലേ?
17. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും” നാം നമ്മുടെ യോഗങ്ങളിൽ സംബന്ധിക്കേണ്ടത് മുമ്പെന്നത്തേതിലും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
17 അന്ത്യം അടുത്തുവരവേ, ആരാധനയ്ക്കായുള്ള നമ്മുടെ ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കാൻ നാം മുമ്പെന്നത്തേതിലും ദൃഢനിശ്ചയമുള്ളവർ ആയിരിക്കണം. നമ്മുടെ യോഗങ്ങൾ വിശുദ്ധമായതിനാൽ, തൊഴിലോ ഗൃഹപാഠം ചെയ്യാനുണ്ടെന്നുള്ളതോ ട്യൂഷനോ നിശാപാഠശാലയോ ഒന്നും സഹവിശ്വാസികളോടൊപ്പം ക്രമമായി കൂടിവരുന്നതിന് ഒരു തടസ്സമാകാൻ നാം അനുവദിക്കുകയില്ല. സഹവാസത്തിലൂടെ ലഭിക്കുന്ന ബലം നമുക്കേവർക്കും ആവശ്യമാണ്. പരസ്പരം അടുത്തറിയാനും പ്രോത്സാഹിപ്പിക്കാനും “സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം” വർധിപ്പിക്കാനും നമ്മുടെ സഭായോഗങ്ങൾ അവസരം പ്രദാനം ചെയ്യുന്നു. “നാൾ സമീപിക്കുന്നു എന്നു കാണുംതോറും [നാം] അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) അതുകൊണ്ട് ക്രമമായി കൂടിവരുകയും യോഗ്യമായ രീതിയിൽ വസ്ത്രം ധരിക്കുകയും ഉചിതമായ പെരുമാറ്റം കാഴ്ചവെക്കുകയും ചെയ്തുകൊണ്ട് വിശുദ്ധ കൂടിവരവുകളോടു നമുക്ക് എല്ലായ്പോഴും ഉചിതമായ ആദരവു പ്രകടമാക്കാം. അങ്ങനെ വിശുദ്ധ കാര്യങ്ങൾ സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം നമുക്കുണ്ടെന്നു പ്രകടമാക്കാൻ നമുക്കു കഴിയും.
പുനരവലോകനം
• യഹോവയുടെ ജനത്തിന്റെ കൂടിവരവുകൾ വിശുദ്ധമായി വീക്ഷിക്കപ്പെടേണ്ടവയാണെന്ന് എന്തു പ്രകടമാക്കുന്നു?
• നമ്മുടെ യോഗങ്ങളുടെ ഏതു സവിശേഷതകൾ അവ വിശുദ്ധ കൂടിവരവുകളാണെന്നു തെളിയിക്കുന്നു?
• യോഗങ്ങളുടെ വിശുദ്ധിയെ ആദരിക്കുന്നുവെന്ന് കുട്ടികൾക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?
• ക്രമമായി യോഗങ്ങളിൽ സംബന്ധിക്കുന്നത് നാം ജീവിതത്തിന്റെ ഒരു സ്ഥിരം-സവിശേഷത ആക്കേണ്ടത് എന്തുകൊണ്ട്?
[28-ാം പേജിലെ ചിത്രങ്ങൾ]
യഹോവയെ ആരാധിക്കാനുള്ള യോഗങ്ങൾ—അവ എവിടെവെച്ചു നടന്നാലും—വിശുദ്ധമാണ്
[31-ാം പേജിലെ ചിത്രം]
ശ്രദ്ധിക്കുന്നതിനും പഠിക്കുന്നതിനുമാണ് നമ്മുടെ കുട്ടികൾ യോഗങ്ങളിൽ സംബന്ധിക്കുന്നത്