‘മക്കളേ, അമ്മയപ്പന്മാരെ അനുസരിപ്പിൻ’
“മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ കർത്താവിൽ അനുസരിപ്പിൻ; അതു ന്യായമല്ലോ.”—എഫെസ്യർ 6:1.
1. അനുസരണം നിങ്ങൾക്ക് എങ്ങനെ ഒരു സംരക്ഷണമായിരുന്നേക്കാം?
അനുസരണം—അത് എത്ര പ്രധാനമാണ്! നാം ഇന്നു ജീവിച്ചിരിക്കുന്നതുതന്നെ നമ്മുടെ അനുസരണം നിമിത്തമായിരിക്കാം. അനുസരിക്കാതിരുന്ന ചിലർ മരിച്ചുപോയിരിക്കുന്നു. എന്ത് അനുസരിക്കുന്ന കാര്യമാണ് നാം ഇവിടെ ചർച്ചചെയ്യുന്നത്? മുന്നറിയിപ്പുകൾ. ഉദാഹരണത്തിന്, ‘അതിശയകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന’ നമ്മുടെ ശരീരം നമുക്കു മുന്നറിയിപ്പുകൾ നൽകുന്നു. (സങ്കീർത്തനം 139:14) കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നതും അങ്ങകലെ മിന്നൽപ്പിണരുകൾ പ്രത്യക്ഷപ്പെടുന്നതും നമ്മുടെ കണ്ണുകൾ കാണുമ്പോൾ, ഇടി കുടുങ്ങുന്നത് നമ്മുടെ കാതുകൾ കേൾക്കുമ്പോൾ ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെ ഉടൻ കാറ്റും മഴയും ഉണ്ടാകുമെന്നു നാം മനസ്സിലാക്കുന്നു. ക്ഷണത്തിൽ ഒരു അഭയസ്ഥാനം തേടുന്നതിനുള്ള മുന്നറിയിപ്പാണ് ഇതെല്ലാം.
2. കുട്ടികൾക്കു മുന്നറിയിപ്പുകൾ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്, അവർ മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ കാരണമെന്ത്?
2 സംഭവിക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് കുട്ടികളായ നിങ്ങൾക്കു മുന്നറിയിപ്പുകൾ ആവശ്യമാണ്. അതു നൽകാൻ നിങ്ങളുടെ മാതാപിതാക്കൾക്ക് ഉത്തരവാദിത്വവുമുണ്ട്. “സ്റ്റൗവിൽ തൊടരുത്, കൈ പൊള്ളും;” “വെള്ളത്തിലിറങ്ങരുത്, അപകടമാണ്;” “റോഡ് മുറിച്ചു കടക്കുന്നതിനുമുമ്പായി ഇരുവശവും നോക്കണം” എന്നൊക്കെ പറഞ്ഞുതന്നിട്ടുള്ളതു നിങ്ങൾ ഓർക്കുന്നുണ്ടാകും. സങ്കടകരമെന്നു പറയട്ടെ, അനുസരണക്കേടു കാണിച്ച കുട്ടികൾ അപകടത്തിൽപെടുകയോ മരിച്ചുപോകുകയോപോലും ചെയ്തിട്ടുണ്ട്. കുട്ടികൾ മാതാപിതാക്കളെ അനുസരിക്കുന്നത് “ന്യായ”മാണ്, അഥവാ ശരിയും ഉചിതവുമാണ്. അങ്ങനെ ചെയ്യുന്നതു ബുദ്ധിയുമാണ്. (സദൃശവാക്യങ്ങൾ 8:33) അതു നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ ‘പ്രസാദിപ്പിക്കുന്നു’വെന്ന് മറ്റൊരു തിരുവെഴുത്തു പറയുന്നു. അതേ, മാതാപിതാക്കളെ അനുസരിക്കാൻ ദൈവം നിങ്ങളോടു കൽപ്പിക്കുന്നു.—കൊലൊസ്സ്യർ 3:20; 1 കൊരിന്ത്യർ 8:6.
അനുസരണത്തിന്റെ നിത്യപ്രയോജനങ്ങൾ
3. നമ്മിൽ മിക്കവരുടെയും കാര്യത്തിൽ ‘സാക്ഷാലുള്ള ജീവിതം’ എന്തായിരിക്കും, അത് ലഭിക്കണമെങ്കിൽ കുട്ടികൾ എന്തു ചെയ്യണം?
3 മാതാപിതാക്കളെ അനുസരിക്കുന്നത് നിങ്ങളുടെ ‘ഇപ്പോഴത്തെ ജീവൻ’ സംരക്ഷിക്കുന്നു, എന്നാൽ അത് “വരുവാനിരിക്കുന്ന” ജീവിതം ആസ്വദിക്കാനും നിങ്ങളെ പ്രാപ്തരാക്കും; അതിനെയാണ് ‘സാക്ഷാലുള്ള ജീവിതം’ എന്നു ബൈബിൾ വിളിക്കുന്നത്. (1 തിമൊഥെയൊസ് 4:8; 6:19) നമ്മിൽ മിക്കവരുടെയും കാര്യത്തിൽ, ഭൂമിയിലെ നിത്യജീവനാണു സാക്ഷാലുള്ള ജീവിതം. ദൈവത്തിന്റെ പുതിയ ലോകത്തിലെ ആ ജീവിതം ലഭിക്കുന്നത് അവന്റെ കൽപ്പനകൾ വിശ്വസ്തമായി പിൻപറ്റുന്നവർക്കാണ്. അവയിൽ മുഖ്യമായ ഒരു കൽപ്പന ഇങ്ങനെ പറയുന്നു: ‘“നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക” എന്നതു വാഗ്ദത്തത്തോടുകൂടിയ ആദ്യകല്പന ആകുന്നു.’ അതുകൊണ്ട് മാതാപിതാക്കളെ അനുസരിക്കുന്നപക്ഷം നിങ്ങളുടെ ജീവിതം സന്തോഷമുള്ളതായിത്തീരും. നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും, പറുദീസാ ഭൂമിയിൽ എന്നെന്നും ജീവിക്കാനുള്ള പ്രതീക്ഷയും നിങ്ങൾക്ക് ഉണ്ടായിരിക്കും!—എഫെസ്യർ 6:2, 3.
4. ദൈവത്തോടു ബഹുമാനം പ്രകടമാക്കാനും അതിൽനിന്നു പ്രയോജനം അനുഭവിക്കാനും കുട്ടികൾക്ക് എങ്ങനെ കഴിയും?
4 മാതാപിതാക്കളെ അനുസരിക്കാൻ നിങ്ങളോടു കൽപ്പിക്കുന്നതു ദൈവമാണ്. അതുകൊണ്ട് ആ വിധത്തിൽ അവരെ ബഹുമാനിക്കുമ്പോൾ നിങ്ങൾ ദൈവത്തോടും ബഹുമാനം പ്രകടമാക്കുകയാണു ചെയ്യുന്നത്. അതേസമയം അതു നിങ്ങൾക്കു പ്രയോജനപ്രദവുമാണ്. “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പി”ക്കുന്നവൻ എന്നാണു യഹോവയാം ദൈവത്തെക്കുറിച്ചു ബൈബിൾ പറയുന്നത്. (യെശയ്യാവു 48:17; 1 യോഹന്നാൻ 5:3) അനുസരണം പ്രകടമാക്കുന്നതു നിങ്ങൾക്കു പ്രയോജനം ചെയ്യുന്നത് എങ്ങനെയാണ്? അതു നിങ്ങളുടെ മാതാപിതാക്കളെ ആനന്ദിപ്പിക്കും, അപ്പോൾ അവർ നിങ്ങളെ ഏറെ സന്തോഷിപ്പിക്കുന്ന വിധത്തിൽ കൂടുതൽ വാത്സല്യത്തോടെ നിങ്ങളോടു പെരുമാറും. (സദൃശവാക്യങ്ങൾ 23:22-25) എന്നാൽ അനുസരണം നിങ്ങളുടെ സ്വർഗീയ പിതാവിനെ സന്തോഷിപ്പിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം. അതിന് അവൻ നിങ്ങൾക്ക് അത്യുത്തമമായ വിധത്തിൽ പ്രതിഫലം നൽകുകയും ചെയ്യും! ‘ഞാൻ എല്ലായ്പോഴും [പിതാവിനു] പ്രസാദമുള്ളതു ചെയ്യുന്നു’ എന്നു പറഞ്ഞ യേശുവിനെ യഹോവ അനുഗ്രഹിക്കുകയും കാത്തുരക്ഷിക്കുകയും ചെയ്തത് എങ്ങനെയെന്നു നമുക്കു നോക്കാം.—യോഹന്നാൻ 8:29.
യേശു—മികച്ച ഒരു ജോലിക്കാരൻ
5. യേശു നല്ലൊരു ജോലിക്കാരനായിരുന്നുവെന്നു വിശ്വസിക്കാൻ എന്തു കാരണങ്ങളുണ്ട്?
5 മറിയയുടെ ആദ്യത്തെ കുട്ടിയായിരുന്നു യേശു. അവന്റെ വളർത്തുപിതാവായ യോസേഫ് ആശാരി ആയിരുന്നു. അവനിൽനിന്നു യേശുവും ആ തൊഴിൽ പഠിച്ചെടുത്തു. (മത്തായി 13:55; മർക്കൊസ് 6:3; ലൂക്കൊസ് 1:26-31) യേശു എങ്ങനെയുള്ള ഒരു ജോലിക്കാരനായിരുന്നു എന്നാണു നിങ്ങൾ കരുതുന്നത്? കന്യകയായിരുന്ന മറിയ യേശുവിനെ അത്ഭുതകരമായി ഗർഭംധരിക്കുന്നതിനു മുമ്പ് അവൻ സ്വർഗത്തിൽ ആയിരുന്നു. ജ്ഞാനത്തിന്റെ വ്യക്തിരൂപമായി ചിത്രീകരിക്കപ്പെട്ട അവൻ ‘ഞാൻ ദൈവത്തിന്റെ അടുക്കൽ ശിൽപ്പി ആയിരുന്നു’ എന്നും “ദിനമ്പ്രതി അവന്റെ പ്രമോദമായിരുന്നു” എന്നും പറയുകയുണ്ടായി. സ്വർഗത്തിൽ നന്നായി ജോലി ചെയ്തിരുന്ന യേശുവിനെ ദൈവത്തിനു വളരെ പ്രിയമായിരുന്നു. ഭൂമിയിലായിരിക്കെ ഒരു ആശാരി എന്ന നിലയിലുള്ള തന്റെ ജോലിയിൽ വൈദഗ്ധ്യം നേടാനും യുവപ്രായത്തിൽ യേശു പ്രയത്നിച്ചുവെന്നു നിങ്ങൾക്കു തോന്നുന്നില്ലേ?—സദൃശവാക്യങ്ങൾ 8:30; കൊലൊസ്സ്യർ 1:15, 16.
6. (എ) കുട്ടിയായിരിക്കെ യേശു വീട്ടുജോലികൾ ചെയ്തിരിക്കാമെന്നു നിങ്ങൾ കരുതുന്നത് എന്തുകൊണ്ട്? (ബി) കുട്ടികൾക്ക് ഏതു വിധങ്ങളിൽ യേശുവിനെ അനുകരിക്കാൻ കഴിയും?
6 ഒരു കുട്ടിയായിരുന്നപ്പോൾ യേശു പുരാതന കാലത്തെ മറ്റു കുട്ടികളെപ്പോലെ ചിലപ്പോഴൊക്കെ കളികളിലേർപ്പെട്ടിരുന്നു എന്നതിനു സംശയമില്ല. (സെഖര്യാവു 8:5; മത്തായി 11:16, 17) എന്നാൽ, നിരവധി അംഗങ്ങളുള്ള ഒരു ഇടത്തരം കുടുംബത്തിലെ മൂത്തകുട്ടി എന്ന നിലയിൽ ആശാരിപ്പണി പഠിക്കുന്നതിനു പുറമേ അവനു മറ്റുപല ജോലികളും ചെയ്യാൻ ഉണ്ടായിരുന്നിരിക്കണമെന്ന് ഓർക്കണം. പിന്നീട് യേശു ഒരു സുവിശേഷകനായിത്തീർന്നു. ജീവിത സൗകര്യങ്ങൾ ബലികഴിച്ചുകൊണ്ടുപോലും അവൻ ആ ശുശ്രൂഷയിൽ മുഴുകി. (ലൂക്കൊസ് 9:58; യോഹന്നാൻ 5:17) ഏതെല്ലാം വിധങ്ങളിൽ നിങ്ങൾക്ക് യേശുവിനെ അനുകരിക്കാൻ കഴിയും? മുറി വൃത്തിയാക്കാനോ മറ്റു ജോലികൾ ചെയ്യാനോ മാതാപിതാക്കൾ നിങ്ങളോട് ആവശ്യപ്പെടാറുണ്ടോ? ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിച്ചുകൊണ്ടും നിങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെച്ചുകൊണ്ടും ദൈവത്തെ ആരാധിക്കുന്നതിൽ പങ്കുചേരാൻ അവർ നിങ്ങളെ പ്രോത്സാപ്പിക്കാറുണ്ടോ? അപ്പോഴൊക്കെ നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്? യേശുവായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്നാണു നിങ്ങൾക്കു തോന്നുന്നത്?
സമർഥനായ ഒരു ബൈബിൾ വിദ്യാർഥിയും അധ്യാപകനും
7. (എ) ആരോടെല്ലാം ഒപ്പമായിരുന്നിരിക്കാം യേശു പെസഹാ ആഘോഷിക്കാൻ പോയത്? (ബി) എല്ലാവരും മടക്കയാത്ര നടത്തുമ്പോൾ യേശു എവിടെയായിരുന്നു, അവൻ അവിടെ എന്തു ചെയ്യുകയായിരുന്നു?
7 യെഹൂദന്മാരുടെ മൂന്നു പെരുന്നാളുകളോടുള്ള ബന്ധത്തിൽ ആലയത്തിൽ ചെന്ന് യഹോവയെ ആരാധിക്കാൻ ഇസ്രായേലിലെ എല്ലാ പുരുഷപ്രജകളോടും കൽപ്പിച്ചിരുന്നു. (ആവർത്തനപുസ്തകം 16:16) പന്ത്രണ്ടു വയസ്സുള്ളപ്പോൾ യേശു, സാധ്യതയനുസരിച്ച് തന്റെ മുഴുകുടുംബത്തോടുമൊപ്പം, പെസഹാ ആഘോഷിക്കാൻ യെരൂശലേമിലേക്കു പോയി. അവരോടൊപ്പം ശലോമയും (സാധ്യതയനുസരിച്ച് മറിയയുടെ സഹോദരി) ഭർത്താവായ സെബെദിയും പിന്നീട് അപ്പൊസ്തലന്മാരായിത്തീർന്ന അവരുടെ മക്കളായ യാക്കോബും യോഹന്നാനും മറ്റു പലരും ഉണ്ടായിരുന്നിരിക്കാം.a (മത്തായി 4:20, 21; 13:54-56; 27:56; മർക്കൊസ് 15:40; യോഹന്നാൻ 19:25) മടക്കയാത്രയിൽ യേശു തങ്ങളോടൊപ്പം ഇല്ലെന്ന കാര്യം യോസേഫും മറിയയും ആദ്യം ശ്രദ്ധിച്ചില്ല. അവൻ ബന്ധുക്കളോടൊപ്പം ഉണ്ടായിരിക്കുമെന്ന് അവർ കരുതിയിരിക്കാം. ഒടുവിൽ മൂന്നു ദിവസത്തിനുശേഷം അവർ അവനെ കണ്ടെത്തിയപ്പോൾ അവൻ ആലയത്തിൽ “ഉപദേഷ്ടാക്കന്മാരുടെ നടുവിൽ” ഇരുന്നുകൊണ്ട് “അവരുടെ ഉപദേശം കേൾക്കയും അവരോടു ചോദിക്കയും” ചെയ്യുകയായിരുന്നു.—ലൂക്കൊസ് 2:44-46.
8. യേശു ആലയത്തിൽ എന്താണു ചെയ്തത്, ആളുകൾ വിസ്മയിച്ചുപോയത് എന്തുകൊണ്ട്?
8 യേശു ഉപദേഷ്ടാക്കന്മാരോടു ‘ചോദിക്കുകയായിരുന്നു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? കേവലം ജിജ്ഞാസ തൃപ്തിപ്പെടുത്താനോ കാര്യങ്ങൾ അറിയാനോ വേണ്ടിയുള്ളതായിരുന്നിരിക്കില്ല അവന്റെ ചോദ്യങ്ങൾ. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദത്തിനു ന്യായവിസ്താരത്തിലെ ചോദ്യംചെയ്യലിനെ അർഥമാക്കാൻ കഴിയും, അതുകൊണ്ടുതന്നെ അതിൽ ക്രോസ്വിസ്താരത്തിലേതുപോലെ മറുചോദ്യങ്ങൾ ചോദിക്കുന്നത് ഉൾപ്പെട്ടിരിക്കാം. അതേ, ചെറുപ്രായത്തിൽത്തന്നെ യേശു അഭ്യസ്തവിദ്യരായ മതോപദേഷ്ടാക്കന്മാരെ അതിശയിപ്പിക്കാൻപോന്ന ഒരു ബൈബിൾ വിദ്യാർഥിയായി പുരോഗമിച്ചിരുന്നു! “അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും [“ഗ്രാഹ്യത്തിലും,” NW] ഉത്തരങ്ങളിലും വിസ്മയം തോന്നി,” ബൈബിൾ പറയുന്നു.—ലൂക്കൊസ് 2:47.
9. ബൈബിൾ പഠിക്കുന്നതിൽ നിങ്ങൾക്കു യേശുവിന്റെ മാതൃക എങ്ങനെ അനുകരിക്കാൻ കഴിയും?
9 യേശുവിന് ഇത്ര ചെറുപ്പത്തിൽത്തന്നെ തന്റെ ബൈബിൾ പരിജ്ഞാനത്താൽ മുതിർന്ന ഉപദേഷ്ടാക്കന്മാരെപ്പോലും വിസ്മയിപ്പിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്നാണു നിങ്ങൾ കരുതുന്നത്? ദൈവഭക്തരായ മാതാപിതാക്കൾ അവന് ഒരു അനുഗ്രഹമായിരുന്നുവെന്നതിനു സംശയമില്ല; ശൈശവംമുതലേ അവർ അവനു ദിവ്യപ്രബോധനം നൽകിയിരുന്നു. (പുറപ്പാടു 12:24-27; ആവർത്തനപുസ്തകം 6:6-9; മത്തായി 1:18-20) തിരുവെഴുത്തുകൾ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതു കേൾക്കാൻ യോസേഫ് യേശുവിനെ ബാല്യകാലത്ത് സിനഗോഗിൽ കൊണ്ടുപോയിരുന്നുവെന്നതു വ്യക്തമാണ്. നിങ്ങളോടൊപ്പം ബൈബിൾ പഠിക്കുകയും നിങ്ങളെ ക്രിസ്തീയ യോഗങ്ങൾക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്ന ദൈവഭക്തരായ മാതാപിതാക്കളാണോ നിങ്ങൾക്കുമുള്ളത്? യേശു ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ ശ്രമങ്ങളെ വിലമതിക്കുന്നുണ്ടോ? പഠിക്കുന്ന കാര്യങ്ങൾ നിങ്ങൾ അവനെപ്പോലെ മറ്റുള്ളവരോടു പറയുന്നുണ്ടോ?
യേശു മാതാപിതാക്കൾക്കു കീഴ്പെട്ടിരുന്നു
10. (എ) യേശു എവിടെ ഉണ്ടായിരിക്കുമെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടിയിരുന്നത് എന്തുകൊണ്ട്? (ബി) കുട്ടികൾക്കായി യേശു എന്തു നല്ല മാതൃകവെച്ചു?
10 മൂന്നു ദിവസത്തിനുശേഷം യേശുവിനെ ആലയത്തിൽ കണ്ടെത്തിയപ്പോൾ യോസേഫിനും മറിയയ്ക്കും എന്തു തോന്നിക്കാണും എന്നാണു നിങ്ങൾ വിചാരിക്കുന്നത്? തീർച്ചയായും അവർക്കു വളരെ ആശ്വാസം തോന്നി. എന്നാൽ താൻ എവിടെ ആയിരിക്കുമെന്ന കാര്യം അവർക്ക് അറിയാൻ കഴിയാതെ പോയതിൽ യേശു അത്ഭുതംകൂറി. യേശു ജനിച്ചത് അത്ഭുതകരമായ ഒരു വിധത്തിലായിരുന്നു എന്ന് ഇരുവർക്കും അറിയാമായിരുന്നു. കൂടാതെ, എല്ലാ വിശദാംശങ്ങളും അറിയില്ലായിരുന്നെങ്കിലും രക്ഷകനും ദൈവരാജ്യത്തിന്റെ രാജാവുമെന്ന നിലയിൽ അവൻ വഹിക്കാനിരുന്ന പങ്കിനെക്കുറിച്ച് ചിലതെല്ലാം അവർക്കറിയാമായിരുന്നിരിക്കണം. (മത്തായി 1:21; ലൂക്കൊസ് 1:32-35; 2:11) അതുകൊണ്ട് അവൻ ചോദിക്കുന്നു: “എന്നെ തിരഞ്ഞതു എന്തിന്നു? എന്റെ പിതാവിന്നുള്ളതിൽ ഞാൻ ഇരിക്കേണ്ടതു എന്നു നിങ്ങൾ അറിയുന്നില്ലയോ?” എന്നിരുന്നാലും അനുസരണപൂർവം അവൻ മാതാപിതാക്കളോടൊപ്പം നസറെത്തിലേക്കു മടങ്ങി. അവിടെ “അവൻ . . . അവർക്കു കീഴടങ്ങിയിരുന്നു” എന്നു ബൈബിൾ പറയുന്നു. കൂടാതെ, “ഈ കാര്യങ്ങൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു.”—ലൂക്കൊസ് 2:48-51.
11. യേശുവിൽനിന്ന് അനുസരണം സംബന്ധിച്ച് നിങ്ങൾക്ക് എന്തു പഠിക്കാനാകും?
11 എല്ലായ്പോഴും മാതാപിതാക്കളെ അനുസരിച്ചുകൊണ്ട് യേശുവിനെ അനുകരിക്കുന്നത് എളുപ്പമാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതോ ഇന്നത്തെ ലോകത്തെക്കുറിച്ച് അവർക്കു കാര്യമായി അറിയില്ലെന്നും അവരെക്കാൾ മെച്ചമായി നിങ്ങൾക്ക് അറിയാമെന്നുമാണോ നിങ്ങൾ ചിന്തിക്കുന്നത്? ചില കാര്യങ്ങളെക്കുറിച്ച്, ഉദാഹരണത്തിന് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ മറ്റ് ആധുനിക ഉപകരണങ്ങളോ ഉപയോഗിക്കുന്നതു സംബന്ധിച്ച് നിങ്ങൾക്കു മെച്ചമായ ഗ്രാഹ്യം ഉണ്ടായിരുന്നേക്കാമെന്നതു ശരിതന്നെ. എന്നാൽ ‘തന്റെ ഗ്രാഹ്യത്താലും ഉത്തരങ്ങളാലും’ മുതിർന്ന ഉപദേഷ്ടാക്കന്മാരെപ്പോലും അതിശയിപ്പിച്ച യേശുവിനെക്കുറിച്ച് ഓർക്കുക. അവനോടുള്ള താരതമ്യത്തിൽ നിങ്ങളുടെ അറിവ് വളരെ പരിമിതമാണെന്നു നിങ്ങൾ സമ്മതിച്ചേക്കാം. എന്നിട്ടും യേശു മാതാപിതാക്കൾക്കു കീഴ്പെട്ടിരുന്നു. അവൻ എല്ലായ്പോഴും അവരുടെ തീരുമാനങ്ങളോടു യോജിപ്പിലായിരുന്നു എന്ന് അത് അവശ്യം അർഥമാക്കുന്നില്ല. എന്നിട്ടും കൗമാരത്തിലുടനീളം “അവൻ . . . അവർക്കു കീഴടങ്ങിയിരുന്നു.” അവന്റെ ദൃഷ്ടാന്തത്തിൽനിന്ന് എന്തു പഠിക്കാനാകുമെന്നാണു നിങ്ങൾ കരുതുന്നത്?—ആവർത്തനപുസ്തകം 5:16, 29.
അനുസരണം ഒരു വെല്ലുവിളി
12. അനുസരണം നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാവുന്നത് എങ്ങനെ?
12 അനുസരിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ല. ഏതാനും വർഷംമുമ്പു നടന്ന ഒരു സംഭവം നോക്കുക. രണ്ടു പെൺകുട്ടികൾ തിരക്കേറിയ ഒരു ആറുവരിപ്പാത മുറിച്ചുകടക്കാൻ തുടങ്ങുകയായിരുന്നു. അവരോടൊപ്പം ഉണ്ടായിരുന്ന ജോൺ പക്ഷേ നടപ്പാലത്തിലൂടെ പോകാൻ തീരുമാനിച്ചു. “എന്താ ഇത് ജോൺ, നീ ഞങ്ങളോടൊപ്പം വരുന്നില്ലേ?” അവർ ചോദിച്ചു. അവൻ മടിച്ചുനിന്നപ്പോൾ, “നീ ഒരു പേടിത്തൊണ്ടനാണ്” എന്നു പറഞ്ഞ് ഒരു പെൺകുട്ടി അവനെ കളിയാക്കി. ജോണിനു പേടിയൊന്നുമില്ലായിരുന്നെങ്കിലും “ഞാൻ എന്റെ അമ്മ പറഞ്ഞതേ കേൾക്കൂ” എന്ന് അവൻ പറഞ്ഞു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വണ്ടി ബ്രേക്കിടുന്ന ശബ്ദം കേട്ട് താഴേക്കു നോക്കിയ ജോൺ കണ്ടത് കൂട്ടുകാരികളെ ഒരു കാർ ഇടിച്ചുതെറിപ്പിക്കുന്നതാണ്. അവരിൽ ഒരാൾ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മറ്റേ പെൺകുട്ടിയുടെ കാൽ മുറിച്ചുകളയേണ്ടിയുംവന്നു. നടപ്പാലത്തിലൂടെ പോകണമെന്ന് ആ പെൺകുട്ടികളോടു പറഞ്ഞിരുന്ന അവരുടെ അമ്മ പിന്നീട് ജോണിന്റെ അമ്മയോട് വ്യസനത്തോടെ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ മകനെപ്പോലെ എന്റെ മക്കളും അനുസരണമുള്ളവരായിരുന്നെങ്കിൽ . . .”—എഫെസ്യർ 6:1.
13. (എ) നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടത് എന്തുകൊണ്ട്? (ബി) മാതാവോ പിതാവോ പറയുന്ന ഒരു കാര്യം ചെയ്യാതിരിക്കുന്നത് ഉചിതമായിരിക്കുന്നത് എപ്പോൾ?
13 “മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ . . . അനുസരിപ്പിൻ” എന്നു ദൈവം പറയുന്നത് എന്തുകൊണ്ടാണ്? അവരെ അനുസരിക്കുന്നതിലൂടെ നിങ്ങൾ ദൈവത്തെയാണ് അനുസരിക്കുന്നത്. തന്നെയുമല്ല, മാതാപിതാക്കൾക്കു നിങ്ങളെക്കാൾ അനുഭവ പരിചയവും ഉണ്ട്. ഉദാഹരണത്തിന് മേൽപ്പറഞ്ഞ സംഭവത്തിന് വെറും അഞ്ചു വർഷം മുമ്പ് അതേ റോഡ് കുറുകെ കടക്കവേ തന്റെ സ്നേഹിതയുടെ കുട്ടി കൊല്ലപ്പെട്ട വിവരം ജോണിന്റെ അമ്മയ്ക്ക് അറിയാമായിരുന്നു! മാതാപിതാക്കളെ അനുസരിക്കുന്നത് എല്ലായ്പോഴും എളുപ്പമല്ലായിരിക്കാം എന്നതു ശരിതന്നെ. എങ്കിലും നിങ്ങൾ അങ്ങനെ ചെയ്യണമെന്ന് ദൈവം ആവശ്യപ്പെടുന്നു. എന്നാൽ നുണപറയാനോ മോഷ്ടിക്കാനോ ദൈവത്തിന് ഇഷ്ടമില്ലാത്ത മറ്റെന്തെങ്കിലും ചെയ്യാനോ അവരോ മറ്റുള്ളവരോ നിങ്ങളോടു പറഞ്ഞാൽ അപ്പോൾ നിങ്ങൾ ‘മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കണം.’ അതുകൊണ്ടാണ് അമ്മയപ്പന്മാരെ “കർത്താവിൽ” അനുസരിപ്പിൻ എന്നു ബൈബിൾ പറയുന്നത്. ദൈവനിയമങ്ങൾക്കു ചേർച്ചയിൽ മാതാപിതാക്കൾ പറയുന്നതെല്ലാം നിങ്ങൾ അനുസരിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു.—പ്രവൃത്തികൾ 5:29.
14. പൂർണതയുള്ള ഒരു വ്യക്തിക്ക് അനുസരണം കൂടുതൽ എളുപ്പമായിരിക്കുന്നതിന്റെ കാരണമെന്ത്, എങ്കിലും അതു പഠിച്ചെടുക്കേണ്ടിയിരിക്കുന്നത് എന്തുകൊണ്ട്?
14 ‘നിർമലനും പാപികളോടു വേറുവിട്ടവനുമായിരുന്ന’ യേശുവിനെപ്പോലെ പൂർണനായിരുന്നെങ്കിൽ മാതാപിതാക്കളെ അനുസരിക്കുന്നത് എപ്പോഴും എളുപ്പമായിരുന്നേനെയെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? (എബ്രായർ 7:26) പൂർണനായിരുന്നെങ്കിൽ തെറ്റുചെയ്യാൻ നിങ്ങൾക്ക് ഇപ്പോഴത്തെപ്പോലെ പ്രവണത തോന്നുമായിരുന്നില്ല എന്നതു ശരിതന്നെ. (ഉല്പത്തി 8:21; സങ്കീർത്തനം 51:5) എന്നിരുന്നാലും യേശുവിനുപോലും അനുസരണത്തിന്റെ പാഠങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. “പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ [യേശു] അനുസരണം പഠിച്ചു” എന്ന് ബൈബിൾ പറയുന്നു. (എബ്രായർ 5:8) സ്വർഗത്തിൽ ഒരിക്കലും അവന് കഷ്ടപ്പാടിലൂടെ അനുസരണം പഠിക്കേണ്ടതില്ലായിരുന്നു. അനുസരണം പഠിക്കാൻ കഷ്ടപ്പാടുകൾ യേശുവിനെ സഹായിച്ചത് എങ്ങനെയാണ്?
15, 16. യേശു അനുസരണം പഠിച്ചത് എങ്ങനെ?
15 യേശു ഒരു കുട്ടി ആയിരുന്നപ്പോൾ അവനെ സംരക്ഷിക്കാൻ യോസേഫിനും മറിയയ്ക്കും യഹോവയുടെ പ്രത്യേക സഹായം ഉണ്ടായിരുന്നു. (മത്തായി 2:7-23) എന്നാൽ പിന്നീട് ആ ദിവ്യസംരക്ഷണം പിൻവലിക്കപ്പെട്ടു. “ഉറെച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും” നടത്താൻ ഇടയായ അളവോളം അവന്റെ മാനസികവും ശാരീരികവുമായ പീഡകൾ അതിശക്തമായിത്തീർന്നു. (എബ്രായർ 5:7) എപ്പോഴാണ് ഇതു സംഭവിച്ചത്?
16 യേശുവിന്റെ നിർമലത തകർക്കാൻ ഭൂമിയിലെ അവന്റെ ജീവിതത്തിന്റെ അന്ത്യനാഴികകളിൽ സാത്താൻ കിണഞ്ഞു ശ്രമിച്ചപ്പോഴായിരുന്നു വിശേഷാൽ അതു സംഭവിച്ചത്. ഗെത്ത്ശെമന തോട്ടത്തിൽ പ്രാർഥനയിൽ മുഴുകിയിരിക്കെ കഠിനമായ മനോവ്യഥയാൽ “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.” ഒരു ദുഷ്പ്രവൃത്തിക്കാരനെന്ന പേരോടെയുള്ള തന്റെ മരണം പിതാവിന്റെ സത്പേരിനെ കളങ്കപ്പെടുത്തിയേക്കുമെന്ന ചിന്തയായിരുന്നിരിക്കാം അതിന് ഇടയാക്കിയത്. ഏതാനും മണിക്കൂറുകൾക്കുശേഷം ഒരു ദണ്ഡനസ്തംഭത്തിലെ അതിവേദനാകരമായ മരണത്തിനു വിധേയനായപ്പോൾ അവൻ കണ്ണുനീരോടെ ‘ഉറക്കെ നിലവിളിക്കുകയുണ്ടായി.’ (ലൂക്കൊസ് 22:42-44; മർക്കൊസ് 15:34) അങ്ങനെ അവൻ “താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠി”ക്കുകയും അതുവഴി തന്റെ പിതാവിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. ഇപ്പോൾ സ്വർഗത്തിലായിരിക്കുന്ന യേശുവിന്, അനുസരണമുള്ളവരായിരിക്കാൻ പലപ്പോഴും പ്രയാസപ്പെടുന്ന നമ്മുടെ വേദന അറിയാം.—സദൃശവാക്യങ്ങൾ 27:11; എബ്രായർ 2:18; 4:15.
അനുസരണത്തിന്റെ പാഠം പഠിക്കുന്നു
17. ശിക്ഷണത്തെ നാം എങ്ങനെ വീക്ഷിക്കണം?
17 നിങ്ങളെ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങൾക്കു നന്മവരണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടുമാണ് മാതാപിതാക്കൾ നിങ്ങൾക്കു ശിക്ഷണം നൽകുന്നത്. “അപ്പൻ ശിക്ഷിക്കാത്ത മകൻ എവിടെയുള്ളു?” ബൈബിൾ ചോദിക്കുന്നു. സമയമെടുത്ത് നിങ്ങൾക്കു തിരുത്തൽ നൽകാൻമാത്രം സ്നേഹം മാതാപിതാക്കൾക്ക് ഇല്ലായിരുന്നെങ്കിൽ അതു സങ്കടകരമായിരിക്കുമായിരുന്നില്ലേ? സ്നേഹമുള്ളതുകൊണ്ടാണ് യഹോവയും നിങ്ങളെ തിരുത്തുന്നത്. നിശ്ചയമായും, “ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.”—എബ്രായർ 12:7-11.
18. (എ) ശിക്ഷണം എന്തിന്റെ തെളിവാണ്? (ബി) അത്തരം ശിക്ഷണം ഏതെല്ലാം വിധങ്ങളിൽ ആളുകൾക്കു പ്രയോജനം ചെയ്തിരിക്കുന്നതായി നിങ്ങൾ കണ്ടിരിക്കുന്നു?
18 വലിയ ജ്ഞാനിയെന്നു യേശു വിശേഷിപ്പിച്ച ഇസ്രായേലിലെ ശലോമോൻ രാജാവ് മാതാപിതാക്കൾ സ്നേഹപുരസ്സരമായ തിരുത്തൽ നൽകേണ്ടതിന്റെ ആവശ്യം ചൂണ്ടിക്കാട്ടി. “വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു,” അവൻ എഴുതി. സ്നേഹപുരസ്സരമായ തിരുത്തൽ, അതു ലഭിക്കുന്ന വ്യക്തിയുടെ “പ്രാണനെ പാതാളത്തിൽനിന്ന്” അതായത് മരണത്തിൽനിന്ന് “വിടുവിക്കും” എന്നുപോലും അവൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 13:24; 23:13, 14; മത്തായി 12:42) കുട്ടിയായിരിക്കെ യോഗസമയത്ത് കുസൃതികാട്ടിയ സന്ദർഭങ്ങളിലെല്ലാം, വീട്ടിൽ ചെല്ലുമ്പോൾ നല്ല ശിക്ഷ കിട്ടുമെന്ന് പിതാവ് പറയുമായിരുന്ന കാര്യം ഒരു സഹോദരി അനുസ്മരിക്കുന്നു. സ്നേഹപുരസ്സരമായ ശിക്ഷണം നൽകിക്കൊണ്ട് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാൻ തന്നെ സഹായിച്ച പിതാവിനെ അവർ പ്രിയത്തോടെ ഓർക്കുന്നു.
19. നിങ്ങൾ മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ പ്രധാന കാരണമെന്ത്?
19 സമയമെടുത്ത് സ്നേഹപുരസ്സരം ശിക്ഷണം നൽകാൻമാത്രം വാത്സല്യമുള്ള മാതാപിതാക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ അതിനു നന്ദിയുള്ളവരായിരിക്കണം. നമ്മുടെ കർത്താവായ യേശുക്രിസ്തു അവന്റെ മാതാപിതാക്കളായ യോസേഫിനെയും മറിയയെയും അനുസരിച്ചതുപോലെ അവരെ അനുസരിക്കുക. എന്നാൽ അങ്ങനെ ചെയ്യുന്നതിന്റെ പ്രധാന കാരണം നിങ്ങളുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവം അപ്രകാരം ആവശ്യപ്പെടുന്നു എന്നുള്ളതായിരിക്കണം. മാതാപിതാക്കളെ അനുസരിക്കുന്നതു നിങ്ങളുടെ പ്രയോജനത്തിൽ കലാശിക്കും. നിങ്ങൾക്കു “നന്മ ഉണ്ടാകുവാനും . . . ഭൂമിയിൽ ദീർഘായുസ്സോടിരിപ്പാനും” അത് ഇടയാക്കും.—എഫെസ്യർ 6:2, 3.
[അടിക്കുറിപ്പ്]
a യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) വാല്യം 2, പേജ് 841 കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
• മാതാപിതാക്കളെ അനുസരിക്കുന്നത് കുട്ടികൾക്ക് എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തിയേക്കാം?
• കുട്ടിക്കാലത്ത് യേശു മാതാപിതാക്കളെ അനുസരിക്കുന്നതിൽ മാതൃകവെച്ചത് എങ്ങനെ?
• യേശു അനുസരണം പഠിച്ചത് എങ്ങനെ?
[24-ാം പേജിലെ ചിത്രം]
പന്ത്രണ്ട് വയസ്സ് ഉള്ളപ്പോൾപ്പോലും യേശുവിന് ആഴമായ തിരുവെഴുത്തു പരിജ്ഞാനമുണ്ടായിരുന്നു
[26-ാം പേജിലെ ചിത്രം]
കഷ്ടങ്ങളാൽ യേശു അനുസരണം പഠിച്ചത് എങ്ങനെ?