അവരുടെ വിശ്വാസം അനുകരിക്കുക
കരുണ എന്താണെന്ന് അവൻ പഠിച്ചു
യോനായ്ക്കു ചിന്തിക്കാൻ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. ഒരു മാസമോ അതിലധികമോ വേണ്ടിവരുന്ന യാത്രയാണ്! കരമാർഗം എണ്ണൂറിലധികം കിലോമീറ്റർ സഞ്ചരിക്കണം. ആദ്യംതന്നെ ഏതു വഴി തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു: കുറുക്കുവഴികളിലൂടെ സഞ്ചരിക്കണോ അതോ ദൂരക്കൂടുതലുള്ളതെങ്കിലും സുരക്ഷിതമായ മാർഗം തിരഞ്ഞെടുക്കണോ? ഒട്ടേറെ മലയിടുക്കുകളും താഴ്വാരങ്ങളും താണ്ടിവേണം ലക്ഷ്യസ്ഥാനത്തെത്താൻ. വിസ്തൃതമായ സിറിയൻ മരുഭൂമി ചുറ്റി, യൂഫ്രട്ടീസ് പോലുള്ള വൻനദികൾ കടന്നുള്ള ആ യാത്രയ്ക്കിടയിൽ സിറിയ, മെസൊപ്പൊത്താമ്യ, അസീറിയ എന്നിവിടങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമാണ് അന്തിയുറങ്ങേണ്ടത്. എന്തായാലും, ഒടുവിൽ അവൻ യാത്രയായി. യാത്രയിലുടനീളം അവന്റെ മനസ്സിൽ, അവൻ ഏറ്റവും ഭയക്കുന്ന ആ നഗരമാണ്—നീനെവേ. ഓരോ ചുവട് മുന്നോട്ടു വെക്കുന്തോറും ആ നഗരം അടുത്തടുത്തു വരുകയാണ്!
ഒരു കാര്യം യോനായ്ക്ക് ഉറപ്പാണ്: ഈ നിയമനത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. മുമ്പ് അവൻ അതിനൊന്ന് ശ്രമിച്ചതാണ്. അസീറിയയുടെ ശക്തികേന്ദ്രമായ നീനെവേയിൽ ചെന്ന് ന്യായവിധി സന്ദേശം അറിയിക്കാൻ യഹോവ ആദ്യം അവനെ നിയോഗിച്ചപ്പോൾ അവൻ എതിർദിശയിലേക്കു കപ്പൽ കയറി. അപ്പോൾ ഒരു കൊടുങ്കാറ്റു വീശാൻ യഹോവ ഇടയാക്കി. തന്റെ അനുസരണക്കേട് കപ്പലിലുള്ളവരുടെയെല്ലാം ജീവൻ അപകടത്തിലാക്കിയിരിക്കുന്നുവെന്ന് യോനായ്ക്ക് പെട്ടെന്നുതന്നെ മനസ്സിലായി. അവരെ രക്ഷിക്കുന്നതിനായി യോനാ ഒരു നിർദേശം മുന്നോട്ടുവെച്ചു. തന്നെ കടലിലേക്ക് എറിഞ്ഞുകളയാൻ അവൻ അവരോട് ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെയാണെങ്കിലും അവർ അത് അനുസരിച്ചു. താൻ മരിക്കുമെന്നുതന്നെ യോനാ തീർച്ചയാക്കി. എന്നാൽ യഹോവ അയച്ച ഒരു വലിയ മത്സ്യം യോനായെ വിഴുങ്ങി. മൂന്നുദിവസത്തിനുശേഷം അത് അവനെ കരയിൽ ഛർദിച്ചു. യോനായ്ക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല! ഈ സംഭവം യോനായിൽ ഭയാദരവുണർത്തി; അവൻ കൂടുതൽ അനുസരണമുള്ളവനായിത്തീർന്നു.a—യോനാ 1, 2 അധ്യായങ്ങൾ.
നീനെവേയിലേക്ക് പോകാൻ യഹോവ രണ്ടാമത് യോനായോട് ആവശ്യപ്പെട്ടപ്പോൾ അവൻ അനുസരണയോടെ കിഴക്കോട്ട് യാത്രതിരിച്ചു. (യോനാ 3:1-3) എന്നാൽ യഹോവ നൽകിയ ആ ശിക്ഷണം അവനിൽ സമ്പൂർണമായ പരിവർത്തനം വരുത്തിയോ? അനുസരണക്കേടിനു തക്ക ശിക്ഷ നൽകാതെ ദൈവം അവനെ മരണത്തിന്റെ വായിൽനിന്നു രക്ഷിച്ചിരുന്നു. നിയമനം നിറവേറ്റാൻ രണ്ടാമതൊരു അവസരംകൂടെ യഹോവ അവന് നൽകുകയും ചെയ്തു. ഇങ്ങനെ യഹോവ അവനോട് വളരെ കരുണ കാണിച്ചു. എന്നാൽ മറ്റുള്ളവരോട് കരുണ കാണിക്കാൻ യോനാ പഠിച്ചോ? അപൂർണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. യോനായുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
അനുകൂലമായ പ്രതികരണം
യഹോവ വീക്ഷിച്ചതുപോലെയല്ല യോനാ നീനെവേ പട്ടണത്തെ വീക്ഷിച്ചത്. “നീനെവേ . . . അതിമഹത്തായോരു നഗരമായിരുന്നു” എന്ന് യോനായുടെ പുസ്തകം പറയുന്നു. (യോനാ 3:3) ഇനിയും, യോനായുടെ വിവരണത്തിൽ, യഹോവ മൂന്നുപ്രാവശ്യം നീനെവേയെ “മഹാനഗരം” എന്നു പരാമർശിക്കുന്നതായി നാം കാണുന്നു. (യോനാ 1:2; 3:2; 4:11) എന്തുകൊണ്ടാണത്?
ജലപ്രളയത്തിനുശേഷം നിമ്രോദ് സ്ഥാപിച്ച ആദ്യനഗരങ്ങളിലൊന്നായിരുന്നു നീനെവേ എന്ന നഗരം. ഈ വൻനഗരത്തിനുള്ളിൽ അനേകം പട്ടണങ്ങൾ ഉണ്ടായിരുന്നു. നീനെവേയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ കാൽനടയായി സഞ്ചരിക്കാൻ മൂന്ന് ദിവസമെടുക്കും. (ഉല്പത്തി 10:11, 12; യോനാ 3:3) വലിയ ക്ഷേത്രങ്ങളും വൻമതിലുകളും തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങളുമൊക്കെയുള്ള പ്രൗഢഗംഭീരമായ ഒരു നഗരമായിരുന്നു നീനെവേ. എന്നാൽ യഹോവ ഇതിനെ ഒരു മഹാനഗരമായി കണക്കാക്കാൻ കാരണം ഇതൊന്നുമല്ല. നീനെവേയിൽ ആളുകൾ തിങ്ങിപ്പാർത്തിരുന്നു. അവർ നീചന്മാരായിരുന്നെങ്കിലും അവരെക്കുറിച്ച് യഹോവയ്ക്ക് ചിന്തയുണ്ടായിരുന്നു. മനുഷ്യജീവനെ ആദരിക്കുന്നവനാണ് യഹോവ. ദുഷ്ടന്മാർ അനുതപിച്ച് ശരിയായ പാതയിലേക്കു തിരിഞ്ഞുവരാൻ അവൻ ആഗ്രഹിക്കുന്നു.
യോനാ നീനെവേയിൽ എത്തിയപ്പോൾ അവിടെ ഏതാണ്ട് 1,20,000 നിവാസികളുണ്ടായിരുന്നു.b അത് അവനെ കൂടുതൽ ഭയപ്പെടുത്തിയിരിക്കണം. തന്റെ പക്കലുള്ള സന്ദേശം പ്രചരിപ്പിച്ചുതുടങ്ങാൻ പറ്റിയ ഒരു സ്ഥലം അന്വേഷിച്ചായിരിക്കണം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആ നഗരത്തിലൂടെ ഒരു ദിവസം മുഴുവൻ അവൻ അലഞ്ഞത്. ഈ ആളുകളെ അവൻ എങ്ങനെ തന്റെ സന്ദേശം അറിയിക്കും? അവിടേക്കു പുറപ്പെടുന്നതിനുമുമ്പ് അവൻ അസീറിയൻ ഭാഷ പഠിച്ചിരുന്നോ? അതോ യഹോവ അത്ഭുതകരമായി അവന് ആ പ്രാപ്തി നൽകിയോ? നമുക്കത് അറിയില്ല. ഒരുപക്ഷേ, യോനാ തന്റെ മാതൃഭാഷയായ എബ്രായയിൽ തന്റെ സന്ദേശം ഘോഷിച്ചിട്ട് ഒരു ദ്വിഭാഷിയുടെ സഹായത്താൽ നഗരവാസികൾക്ക് അത് വ്യാഖ്യാനിച്ചുകൊടുത്തിരിക്കാം. “ഇനി നാൽപ്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും.” അതായിരുന്നു അവന്റെ സന്ദേശം. (യോനാ 3:4) ആളുകളെ അങ്ങേയറ്റം പ്രകോപിപ്പിക്കാൻ ഇടയുള്ള ഒരു സന്ദേശമായിരുന്നു അത്. എന്നാലും നിർഭയം അവൻ ആ മുന്നറിയിപ്പ് മുഴക്കിക്കൊണ്ടിരുന്നു. അതുവഴി, അസാധാരണമായ ധൈര്യവും വിശ്വാസവുമാണ് അവൻ പ്രകടിപ്പിച്ചത്. ഇന്ന് ക്രിസ്ത്യാനികൾക്കും അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണിവ.
യോനായുടെ സന്ദേശം ജനശ്രദ്ധ പിടിച്ചുപറ്റി. അവന്റെ സന്ദേശം കാട്ടുതീപോലെ പടർന്നു. യോനായുടെ ന്യായവിധി പ്രഖ്യാപനമായിരുന്നു എവിടെയും സംസാരവിഷയം. ആളുകൾ തന്നെ ആക്രമിക്കുമെന്നുതന്നെ അവൻ പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. നീനെവേക്കാർ അവന്റെ സന്ദേശത്തോട് അനുകൂലമായി പ്രതികരിച്ചു. യോനായുടെ വിവരണം ഇപ്രകാരം പറയുന്നു: “നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു.” (യോനാ 3:5) ധനവാന്മാരും ദരിദ്രരും, ബലവാന്മാരും ദുർബലരും, ചെറുപ്പക്കാരും വൃദ്ധരും—എല്ലാവരും അനുതപിച്ചു. ഈ വാർത്ത താമസിയാതെ രാജാവിന്റെ ചെവിയിലുമെത്തി.
രാജാവിനും ദൈവഭയമുണ്ടായി. അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി തന്റെ പ്രജകളെപ്പോലെ രട്ടുടുത്ത് “വെണ്ണീറിൽ ഇരുന്നു.” ജനങ്ങൾ സ്വമനസ്സാലെ ഉപവസിക്കുന്നുണ്ടായിരുന്നെങ്കിലും രാജാവ് തന്റെ “മഹത്തുക്കളു”മായി അഥവാ രാജധാനിയിലെ പ്രധാനികളുമായി ചേർന്ന് ഒരു ഉപവാസം വിളംബരം ചെയ്തു. മനുഷ്യനും മൃഗവും ഒരുപോലെ രട്ടുടുക്കണമെന്ന് അവൻ കൽപ്പിച്ചു.c തന്റെ പ്രജകൾ ദുർമാർഗികളും അക്രമികളുമാണെന്ന് അവൻ താഴ്മയോടെ ഏറ്റുപറഞ്ഞു. തങ്ങളുടെ അനുതാപം കണ്ട് സത്യദൈവത്തിന്റെ “ഉഗ്രകോപം വിട്ടുമാറു”മെന്നും അങ്ങനെ തങ്ങളെ നശിപ്പിക്കുന്നതിൽനിന്ന് അവൻ പിന്തിരിയുമെന്നും അവൻ പ്രത്യാശിച്ചു.—യോനാ 3:6-9.
നീനെവേക്കാർക്ക് അത്ര പെട്ടെന്ന് മനംമാറ്റം ഉണ്ടായിരിക്കാൻ ഇടയില്ലെന്ന് ചില വിമർശകർ സമർഥിക്കുന്നു. എന്നാൽ, അസീറിയക്കാരെപ്പോലുള്ള പുരാതന സംസ്കാരങ്ങളിലെ ആളുകൾ അന്ധവിശ്വാസികളും എടുത്തുചാട്ടക്കാരും ആയിരുന്നു എന്ന വസ്തുത കണക്കിലെടുക്കുമ്പോൾ ആ സാധ്യത തള്ളിക്കളയാനാവില്ലെന്ന് ബൈബിൾ പണ്ഡിതന്മാർ പറയുന്നു. ഏതായാലും, പിൽക്കാലത്ത് യേശുക്രിസ്തുതന്നെ നീനെവേക്കാരുടെ മാനസാന്തരത്തെക്കുറിച്ച് പറയുകയുണ്ടായി. (മത്തായി 12:41) ആ സംഭവങ്ങളെല്ലാം സ്വർഗത്തിലിരുന്ന് കാണുന്നുണ്ടായിരുന്നതിനാൽ അവന് അത് ആധികാരികമായി പറയാൻ കഴിഞ്ഞു. (യോഹന്നാൻ 8:57, 58) ഇനി, നീനെവേക്കാർ അനുതപിച്ചപ്പോൾ യഹോവ എങ്ങനെയാണ് പ്രതികരിച്ചത് എന്നു നോക്കാം.
ദൈവം കരുണ കാണിക്കുന്നു
“(നീനെവേക്കാർ) ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല” എന്ന് യോനാ പിന്നീട് എഴുതി.—യോനാ 3:10.
നീനെവേയെ നശിപ്പിക്കാനുള്ള തീരുമാനം തെറ്റായിപ്പോയി എന്ന് യഹോവയ്ക്കു തോന്നി എന്നാണോ ഇതിനർഥം? അല്ല. യഹോവയെക്കുറിച്ച് ബൈബിൾ പറയുന്നത് ശ്രദ്ധിക്കുക: “അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ.” (ആവർത്തനപുസ്തകം 32:4) നീനെവേയുടെ ദുഷ്ടതനിമിത്തം യഹോവയ്ക്കുണ്ടായ ഉഗ്രകോപം കെട്ടടങ്ങിയെന്നേ ഇതിനർഥമുള്ളൂ. ജനം അനുതപിച്ച് ദുർമാർഗത്തിൽനിന്നു പിന്തിരിയുന്നത് യഹോവയ്ക്കു കാണാനായി. നേരത്തെ നിശ്ചയിച്ചതുപോലെ ഇനി അവരെ സംഹരിക്കുന്നത് ഉചിതമല്ലെന്ന് യഹോവ കണ്ടു. അങ്ങനെ അവരോടു കരുണകാണിക്കാൻ യഹോവ തീരുമാനിച്ചു!
മതനേതാക്കന്മാർ പലപ്പോഴും വരച്ചുകാട്ടുന്നതുപോലെ, യഹോവ കടുംപിടിത്തക്കാരനും നിർവികാരനും നിർദയനുമായ ഒരു ദൈവമല്ല. മറിച്ച്, അവൻ സാഹചര്യങ്ങൾക്കനുസരിച്ച് ന്യായബോധത്തോടെ പ്രവർത്തിക്കുന്നവനാണ്; അവൻ കരുണാമയനാണ്. ദുഷ്ടന്മാർക്കെതിരെ ശിക്ഷ നടപ്പാക്കാൻ തീരുമാനിക്കുമ്പോൾ ആദ്യം അവൻ ഭൂമിയിലെ തന്റെ ദാസന്മാരെ ഉപയോഗിച്ച് അവർക്ക് മുന്നറിയിപ്പു നൽകുന്നു. നീനെവേക്കാരെപ്പോലെ അവരും അനുതപിച്ച് ദുർമാർഗത്തിൽനിന്നു പിന്തിരിയുന്നതു കാണാൻ അതിയായി ആഗ്രഹിക്കുന്നതുകൊണ്ടാണ് അവൻ അങ്ങനെ ചെയ്യുന്നത്. (യെഹെസ്കേൽ 33:11) യഹോവ യിരെമ്യാവ് എന്ന പ്രവാചകനോട് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ ഒരു ജാതിയെക്കുറിച്ചോ ഒരു രാജ്യത്തെക്കുറിച്ചോ അതിനെ പറിച്ചു ഇടിച്ചു നശിപ്പിച്ചുകളയും എന്നു അരുളിച്ചെയ്തിട്ടു ഞാൻ അങ്ങനെ അരുളിച്ചെയ്ത ജാതി തന്റെ ദുഷ്ടത വിട്ടു തിരിയുന്നുവെങ്കിൽ അതിനോടു ചെയ്യുവാൻ നിരൂപിച്ച ദോഷത്തെക്കുറിച്ചു ഞാൻ അനുതപിക്കും.”—യിരെമ്യാവു 18:7, 8.
അങ്ങനെയെങ്കിൽ യോനായുടേത് ഒരു വ്യാജപ്രവചനം ആയിരുന്നോ? തീർച്ചയായുമല്ല. ജനത്തിനു മുന്നറിയിപ്പു നൽകുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. നീനെവേക്കാരുടെ ദുഷ്ടതയാണ് അങ്ങനെയൊരു മുന്നറിയിപ്പ് ആവശ്യമാക്കിത്തീർത്തത്. ആ മുന്നറിയിപ്പിനു ചെവികൊടുത്ത അവർ ദുഷ്ടത വിട്ടുതിരിഞ്ഞ് അനുതപിക്കുകയും ചെയ്തു. അവർ തങ്ങളുടെ ദുഷ്ടവഴികളിലേക്കു എന്നെങ്കിലും തിരിച്ചുപോയാൽ യഹോവ അവർക്കെതിരെ ന്യായവിധി നടപ്പാക്കുമായിരുന്നു. പിൽക്കാലത്ത് അതുതന്നെയാണ് സംഭവിച്ചതും.—സെഫന്യാവു 2:13-15.
പ്രതീക്ഷിച്ച സമയത്ത് നീനെവേയുടെ നാശം സംഭവിക്കാതെവന്നപ്പോൾ യോനായുടെ പ്രതികരണം എന്തായിരുന്നു? “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു” എന്നു നാം വായിക്കുന്നു. (യോനാ 4:1) സർവശക്തനായ ദൈവത്തെ ശകാരിക്കുകയാണോ എന്നു തോന്നിപ്പോകുന്നവിധത്തിൽ അവൻ ഒരു പ്രാർഥന കഴിക്കുകപോലും ചെയ്തു. സ്വദേശത്തുതന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്നവൻ പരിഭവിച്ചു. യഹോവ നീനെവേയെ നശിപ്പിക്കില്ലെന്ന് തനിക്ക് അറിയാമായിരുന്നെന്നും അതുകൊണ്ടാണ് ആദ്യം തർശീശിലേക്ക് ഓടിപ്പോയതെന്നും അവൻ പറഞ്ഞു. ഇനി ജീവിച്ചിരിക്കുന്നതിൽ അർഥമില്ലെന്നുപോലും അവൻ വിലപിച്ചു.—യോനാ 4:2, 3.
യോനായെ അലട്ടിക്കൊണ്ടിരുന്നത് എന്തായിരുന്നു? അവന്റെ മനസ്സിലൂടെ കടന്നുപോയത് എന്തൊക്കെയാണെന്ന് നമുക്കറിയില്ല. എന്നാൽ ഒരു കാര്യം നമുക്കറിയാം: നീനെവേ നിവാസികളോടെല്ലാം അവൻ ന്യായവിധിദൂത് ഘോഷിച്ചിരുന്നു; അവർ അവനെ വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ നീനെവേ നശിപ്പിക്കപ്പെടുന്നില്ല. അങ്ങനെയൊരു സാഹചര്യത്തിൽ ആളുകൾ തന്നെ പരിഹസിക്കുമെന്നോ ഒരു കള്ളപ്രവാചകനായി മുദ്രകുത്തുമെന്നോ അവൻ ഭയപ്പെട്ടോ? അതെന്തായാലും, ഒരു കാര്യം വ്യക്തമാണ്: ആളുകൾ അനുതപിച്ചതിലും യഹോവ അവരോടു കരുണ കാണിച്ചതിലും അവൻ സന്തുഷ്ടനായിരുന്നില്ല. ആത്മാഭിമാനത്തിനു ക്ഷതമേറ്റതുപോലെ അവനു തോന്നി. തന്നോടുതന്നെ അവന് ‘അയ്യോ പാവം’ തോന്നി. കടുത്ത നീരസം അവന്റെ മനസ്സിൽ നുരഞ്ഞുപൊങ്ങി. എങ്കിലും കരുണാമയനായ ദൈവം അവനിലെ നന്മ കണ്ടു. അതുകൊണ്ട് അനാദരവോടെ സംസാരിച്ചതിന് അവനെ ശിക്ഷിക്കുന്നതിനു പകരം, “നീ കോപിക്കുന്നതു വിഹിതമോ” എന്നു യഹോവ അവനോടു ചോദിച്ചതേയുള്ളൂ. (യോനാ 4:4) യോനാ അതിനു മറുപടി പറഞ്ഞോ? ബൈബിൾ അതേക്കുറിച്ച് ഒന്നും പറയുന്നില്ല.
കരുണയെക്കുറിച്ച് യഹോവ യോനായെ പഠിപ്പിക്കുന്നു
നിരാശിതനായ യോനാ നീനെവേയിൽനിന്ന് കിഴക്കോട്ട് നടന്നു. അവിടെയുള്ള മലനിരകളിൽനിന്നു നോക്കിയാൽ നീനെവേ പട്ടണം നന്നായി കാണാം. അവിടെ അവൻ ഒരു കുടിൽ കെട്ടി നഗരത്തിന് എന്തു സംഭവിക്കുമെന്നു കാണാൻ കാത്തിരുന്നു. ആ നഗരം നശിക്കുമെന്ന പ്രതീക്ഷ അവന് അപ്പോഴും ഉണ്ടായിരുന്നെന്നു തോന്നുന്നു. കഠിനഹൃദയനായ ഈ മനുഷ്യനെ കരുണയുള്ളവനായിരിക്കാൻ യഹോവ എങ്ങനെയാണു പഠിപ്പിച്ചത്?
രാത്രിയിൽ ഒരു ചെടി മുളച്ചുവരാൻ യഹോവ ഇടയാക്കി. ഉറക്കമുണർന്നപ്പോൾ, തന്റെ കുടിലിനുമുകളിൽ ഒരു ചെടി പടർന്നുപന്തലിച്ചു കിടക്കുന്നതാണ് യോനാ കണ്ടത്. അത് അവന് തണലേകി. ചെടിനിമിത്തം യോനാ “അത്യന്തം സന്തോഷിച്ചു.” ആ ചെടി പൊടുന്നനെ മുളച്ചുവന്നതിനെ യഹോവയുടെ അനുഗ്രഹത്തിന്റെയും അംഗീകാരത്തിന്റെയും അടയാളമായി അവൻ വീക്ഷിച്ചിരിക്കാം. പക്ഷേ യോനായ്ക്ക് തണലേകാനും അവന്റെ കോപം ശമിപ്പിക്കാനും മാത്രമായിരുന്നില്ല യഹോവ ആ ചെടി അവിടെ മുളപ്പിച്ചത്. യഹോവയ്ക്ക് മറ്റൊരു ഉദ്ദേശ്യവുമുണ്ടായിരുന്നു: അവന്റെ മനോഭാവത്തെ തിരുത്തുക. അതുകൊണ്ട്, ആ ചെടിയെ നശിപ്പിക്കാൻ ദൈവം ഒരു പുഴുവിനെ ഉപയോഗിച്ചു. എന്നിട്ട് ദൈവം, “അത്യുഷ്ണമുള്ളോരു കിഴക്കൻകാറ്റു കല്പിച്ചുവരുത്തി.” വെയിലുകൊണ്ട് യോനാ വല്ലാതെ ‘ക്ഷീണിച്ചു.’ വീണ്ടും യോനാ നിരാശിതനായി. മരിച്ചാൽ മതി എന്നുപോലും അവൻ ആഗ്രഹിച്ചു.—യോനാ 4:6-8.
ചെടി വാടിപ്പോയതിൽ അവൻ കോപിക്കുന്നത് ഉചിതമാണോ എന്ന് ദൈവം അവനോടു ചോദിച്ചു. പശ്ചാത്തപിക്കുന്നതിനുപകരം, “ഞാൻ മരണപര്യന്തം കോപിക്കുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞുകൊണ്ട് അവൻ സ്വയം ന്യായീകരിക്കുകയാണുണ്ടായത്. അപ്പോൾ, കരുണയെക്കുറിച്ച് യഹോവ അവനെ പഠിപ്പിക്കാൻതുടങ്ങി.—യോനാ 4:9.
യോനാ നടുകയോ അധ്വാനിക്കുകയോ ചെയ്യാതെ ഒറ്റരാത്രികൊണ്ട് വളർന്നുവന്ന ആ ചെടി നശിച്ചതു കണ്ടപ്പോൾ അവന് എത്രമാത്രം സങ്കടം തോന്നി! അങ്ങനെയെങ്കിൽ, “വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തിൽ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോടു എനിക്കു അയ്യോഭാവം തോന്നരുതോ” എന്ന് ദൈവം അവനോട് ചോദിച്ചു.—യോനാ 4:10, 11.d
ഇതിലൂടെ യഹോവ യോനായെ പഠിപ്പിച്ചത് എന്തായിരുന്നു? ആ ചെടി നട്ടതും പരിപാലിച്ചതുമൊന്നും യോനാ ആയിരുന്നില്ല. എന്നാൽ നീനെവേക്കാർക്ക് ജീവൻ നൽകിയത് യഹോവയായിരുന്നു; മറ്റെല്ലാ സൃഷ്ടികളെയുംപോലെ അവൻ അവരെയും പരിപാലിച്ചിരുന്നു. അങ്ങനെയാണെന്നിരിക്കെ, 1,20,000 വരുന്ന മനുഷ്യരുടെയും അവരുടെ കന്നുകാലികളുടെയും ജീവനെക്കാൾ ഒരു ചെടിക്കു പ്രാധാന്യം നൽകാൻ യോനായ്ക്ക് എങ്ങനെ കഴിഞ്ഞു? സ്വന്തം കാര്യംമാത്രം ചിന്തിച്ചതുകൊണ്ടായിരുന്നില്ലേ അത്? ആ ചെടി അവന് തണൽനൽകിയതുകൊണ്ടു മാത്രമല്ലേ അത് നശിച്ചുപോയപ്പോൾ അവന് സങ്കടം തോന്നിയത്? നീനെവേ നശിപ്പിക്കപ്പെടാത്തതിൽ അവന് നീരസം തോന്നിയതിനു കാരണവും സ്വാർഥതതന്നെ ആയിരുന്നില്ലേ? താൻ പറഞ്ഞത് സംഭവിച്ചുകാണാനും അങ്ങനെ തന്റെ മുഖം രക്ഷിക്കാനുമുള്ള ആഗ്രഹമല്ലേ അവിടെ പ്രതിഫലിച്ചുകണ്ടത്?
എത്ര ശക്തമായ പാഠം! എന്നാൽ യോനായുടെ മനോഭാവത്തിനു മാറ്റം വന്നോ? യോനായുടെ പേരിലുള്ള പുസ്തകം പര്യവസാനിക്കുന്നത് യോനായോടുള്ള യഹോവയുടെ ഒരു ചോദ്യത്തോടെയാണ്. യോനാ അതിനു മറുപടി നൽകിയോ? ഇല്ലെന്ന് ചിലർ പറഞ്ഞേക്കാം. പക്ഷേ വാസ്തവത്തിൽ ഈ പുസ്തകംതന്നെയാണ് അവന്റെ മറുപടി. യോനായാണ് തന്റെ പേരിലുള്ള പുസ്തകം എഴുതിയതെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു. സ്വദേശത്ത് മടങ്ങിയെത്തിയ യോനാ ഈ വിവരണം എഴുതുന്നത് നിങ്ങൾക്ക് ഭാവനയിൽ കാണാൻ കഴിയുമോ? ആ പഴയ യോനായെക്കാൾ പ്രായവും അനുഭവപരിചയവും താഴ്മയുമുള്ള ഒരു യോനായായിരിക്കും നിങ്ങളുടെ മനസ്സിൽ തെളിയുന്നത്. സ്വന്തം തെറ്റുകളെയും അനുസരണക്കേടിനെയും ദുശ്ശാഠ്യത്തെക്കുറിച്ചുമെല്ലാം വിവരിക്കവെ, ഉള്ളിലെ ഖേദം അവന്റെ മുഖത്ത് പ്രതിഫലിച്ചു കാണുന്നില്ലേ? യഹോവ നൽകിയ ബുദ്ധിയുപദേശത്തിൽനിന്ന് യോനാ പാഠം ഉൾക്കൊള്ളുകതന്നെ ചെയ്തു. കരുണ പ്രകടിപ്പിക്കാൻ അവൻ പഠിച്ചു. ഇനി നമ്മുടെ മുന്നിലുള്ള ചോദ്യം ഇതാണ്: നാം മറ്റുള്ളവരോടു കരുണ കാണിക്കുമോ?
[അടിക്കുറിപ്പുകൾ]
a 2009 ഏപ്രിൽ-ജൂൺ വീക്ഷാഗോപുരത്തിലെ “അവരുടെ വിശ്വാസം അനുകരിക്കുക—അവൻ സ്വന്തം തെറ്റുകളിൽനിന്നു പഠിച്ചു” എന്ന ലേഖനം കാണുക.
b യോനായുടെ കാലത്ത് ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയിൽ 20,000 മുതൽ 30,000 വരെ നിവാസികൾ ഉണ്ടായിരുന്നിരിക്കാമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ നീനെവേയിലെ ജനസംഖ്യയുടെ നാലിലൊന്നിൽ താഴെ മാത്രമാണിത്! പ്രതാപത്തിന്റെ ഉച്ചകോടിയിലായിരുന്നപ്പോൾ ലോകത്തിലെതന്നെ ഏറ്റവും വലിയ നഗരമായിരുന്നിരിക്കാം നീനെവേ.
c ഈ വിശദാംശത്തിൽ ഒരൽപ്പം അതിശയോക്തിയില്ലേ എന്നു തോന്നിയേക്കാം. പക്ഷേ അക്കാലത്ത് ഇതൊരു അസാധാരണ സംഭവമായിരുന്നില്ല. പണ്ട് പേർഷ്യയിൽ, ആദരണീയനായ ഒരു ജനറലിന്റെ മരണത്തോടനുബന്ധിച്ച് ആളുകൾ വിലാപംകഴിച്ചപ്പോൾ അവരുടെ കന്നുകാലികളെയും അതിൽ ഉൾപ്പെടുത്തിയതായി ഗ്രീക്ക് ചരിത്രകാരനായ ഹിറോഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.
d ‘വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത മനുഷ്യർ’ എന്ന പ്രസ്താവന, അവർ കുട്ടികളെപ്പോലെ ദിവ്യനിലവാരങ്ങളെക്കുറിച്ച് അജ്ഞരാണ് എന്നു സൂചിപ്പിച്ചു.
[16 പേജിൽ ആകർഷക വാക്യം]
ദുഷ്ടത പ്രവർത്തിക്കുന്നവർ നീനെവേക്കാരെപ്പോലെ, അനുതപിച്ച് ദുർമാർഗത്തിൽനിന്നു പിന്തിരിയുന്നതു കാണാൻ ദൈവം അതിയായി ആഗ്രഹിക്കുന്നു
[17 പേജിൽ ആകർഷക വാക്യം]
ഒരു ചെടി ഉപയോഗിച്ച് ദൈവം യോനായെ കരുണയെക്കുറിച്ചു പഠിപ്പിച്ചു