മതം: ഞാൻതന്നെയാണോ അത് തിരഞ്ഞെടുക്കേണ്ടത്?
“ഈമതത്തിലാണ് ഞാൻ ജനിച്ചത്; മരിക്കുവോളം ഇതൊക്കെത്തന്നെ മതി,” പോളണ്ടുകാരായ പലരും യഹോവയുടെ സാക്ഷികളോട് ഇങ്ങനെ പറയാറുണ്ട്. മതം തലമുറകളിലൂടെ കൈമാറിവരുന്നതാണെന്നുള്ള അവരുടെ കാഴ്ചപ്പാടിനെയാണ് ആ പ്രസ്താവന ധ്വനിപ്പിക്കുന്നത്. നിങ്ങളുടെ പ്രദേശത്തുമില്ലേ ഇങ്ങനെയുള്ള ആളുകൾ? ഒരു കുടുംബപാരമ്പര്യമായി മാത്രമേ അവർ മതത്തെ വീക്ഷിക്കുന്നുള്ളൂ. യഹോവയുടെ സാക്ഷികളുടെ കുടുംബങ്ങളിലും അമൂല്യമായ ആത്മീയപൈതൃകം കൈമാറിക്കിട്ടിയിട്ടുള്ളവരുണ്ട്, മാതാപിതാക്കളിൽനിന്നോ വല്യമ്മവല്യപ്പന്മാരിൽനിന്നോ. ഇവരിലും മേൽപ്പറഞ്ഞതുപോലൊരു ഉദാസീനമനോഭാവം വളർന്നുവരാനുള്ള സാധ്യതയുണ്ടോ?
തിമൊഥെയൊസിന്റെ കാര്യത്തിൽ അങ്ങനെയൊന്നും സംഭവിച്ചില്ല. ദൈവഭക്തരായ അവന്റെ അമ്മയും വല്യമ്മയും, സത്യദൈവത്തിൽ വിശ്വസിക്കാനും ദൈവത്തെ സ്നേഹിക്കാനും അവനെ പഠിപ്പിച്ചു. “ശൈശവംമുതൽതന്നെ” അവൻ വിശുദ്ധതിരുവെഴുത്തുകൾ പഠിച്ചുതുടങ്ങി. അവന്റെ അമ്മയ്ക്കും വല്യമ്മയ്ക്കും ക്രിസ്ത്യാനിത്വമാണ് സത്യവിശ്വാസം എന്നതിൽ യാതൊരു സംശയവും ഇല്ലായിരുന്നു. വളർന്നുവന്നപ്പോൾ അവനും സത്യവിശ്വാസം ഏതെന്നതിൽ സംശയം ഉണ്ടായിരുന്നില്ല. ക്രിസ്തുവിനെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നു കേട്ടകാര്യങ്ങൾ അവന് ‘ബോധ്യം’ വന്നിരുന്നു. (2 തിമൊ. 1:5; 3:14, 15) ഇന്ന് ക്രിസ്തീയ മാതാപിതാക്കൾ മക്കളെ യഹോവയുടെ ദാസന്മാരായി വളർത്തിക്കൊണ്ടുവരാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും യഹോവയെ സേവിക്കാനുള്ള ആഗ്രഹം കുട്ടികൾ വളർത്തിയെടുക്കേണ്ടതുണ്ട്, തിമൊഥെയൊസിനെപ്പോലെ.—മർക്കോ. 8:34.
എന്നാൽ യഥാർഥ വിശ്വാസം കൈവരണമെങ്കിൽ കാര്യങ്ങൾ ന്യായവാദംചെയ്ത് അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ സ്നേഹത്താൽ പ്രേരിതരായി യഹോവയെ സേവിക്കാനും എന്തൊക്കെ സംഭവിച്ചാലും ദൈവത്തോടുള്ള വിശ്വസ്തത മുറുകെപ്പിടിക്കാനും അവർക്കു കഴിയൂ. അപ്പോൾ അവന്റെ അല്ലെങ്കിൽ അവളുടെ വിശ്വാസം ഈടുറ്റതും ഇളകാത്തതുമായിരിക്കും.—എഫെ. 3:17; കൊലോ. 2:6, 7.
കുട്ടികൾ ചെയ്യേണ്ടത്
സാക്ഷികളുടെ കുടുംബത്തിൽ വളർന്നുവന്നയാളാണ് ആൽബർട്ട്.a അദ്ദേഹം പറയുന്നു: “യഹോവയുടെ സാക്ഷികളുടേതാണ് സത്യമതം എന്നൊക്കെ എനിക്ക് അറിയാമായിരുന്നു, എന്നാൽ എന്റെ ജീവിതം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച് അവർ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ എനിക്കു കഴിഞ്ഞില്ല.” യുവപ്രായത്തിലുള്ള ഒരു വ്യക്തിയാണ് നിങ്ങളെങ്കിൽ ആൽബർട്ടിന്റെ ഇതേ അഭിപ്രായമായിരിക്കാം ചിലപ്പോൾ നിങ്ങൾക്കും. ദൈവേഷ്ടത്തിനു ചേർച്ചയിലുള്ള ജീവിതത്തിൽ എന്തെല്ലാമാണ് ഉൾപ്പെട്ടിരിക്കുന്നതെന്ന് ഒന്നു പരിശോധിച്ചുനോക്കൂ! അങ്ങനെ ദൈവേഷ്ടം ചെയ്യുന്നതിൽനിന്നുളവാകുന്ന സന്തോഷം ആസ്വദിക്കൂ. (സങ്കീ. 40:8) ആൽബർട്ട് പറയുന്നു: “ഞാൻ പ്രാർഥിക്കാൻ തുടങ്ങി, ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു, മനഃപൂർവം ശ്രമിച്ചാലേ എനിക്ക് അതിനു കഴിയുമായിരുന്നുള്ളൂ. എന്നാൽ ശരിയായതു ചെയ്യാൻ ഞാൻ ശ്രമിക്കുന്നെങ്കിൽ ദൈവപ്രസാദമുള്ള ഒരു വ്യക്തിയായിത്തീരാൻ കഴിയുമെന്ന് വൈകാതെ എനിക്കു മനസ്സിലായി. ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ഇതെനിക്ക് ഉൾക്കരുത്തേകി.” യഹോവയുമായി ഒരു വ്യക്തിഗതബന്ധം വളർത്തിയെടുക്കുന്നെങ്കിൽ അവൻ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കും.—സങ്കീ. 25:14; യാക്കോ. 4:8.
ചെസ്സോ കാരംസോ പോലുള്ള ഏതെങ്കിലും ഒരു കളിയുടെ കാര്യമെടുക്കാം. കളിനിയമങ്ങളും കളിക്കേണ്ടവിധവും അറിയില്ലെങ്കിൽ നിങ്ങൾക്ക് ബോറടിക്കും തീർച്ച. എന്നാൽ അതിന്റെ നിയമങ്ങളൊക്കെ അറിഞ്ഞ് ഒരു നല്ല കളിക്കാരനായിക്കഴിഞ്ഞാൽ കളിക്കാനുള്ള അവസരത്തിനായി നിങ്ങൾ കാത്തിരിക്കില്ലേ? ചിലപ്പോൾ ‘ഇല്ലാത്ത സമയമുണ്ടാക്കി’ നിങ്ങൾ കളിച്ചെന്നുവരും. ക്രിസ്തീയ പ്രവർത്തനങ്ങളും ഏതാണ്ട് ഇങ്ങനെതന്നെയാണ്. അതുകൊണ്ട് ക്രിസ്തീയ യോഗങ്ങൾക്ക് തയ്യാറായി പോകുക, നന്നായി പങ്കെടുക്കുക. ചെറുപ്പമാണെങ്കിലും നിങ്ങളുടെ നല്ല മാതൃക മറ്റുള്ളവർക്കും പ്രോത്സാഹനമാകട്ടെ!—എബ്രാ. 10:24, 25.
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുന്നകാര്യത്തിലും മേൽപ്പറഞ്ഞ കാര്യം സത്യമാണ്. മറ്റുള്ളവരുടെ നിർബന്ധംമൂലം ചെയ്യേണ്ട ഒന്നല്ല അത്. സ്നേഹമാണ് നിങ്ങളെ അതിനു പ്രചോദിപ്പിക്കേണ്ടത്. അതുകൊണ്ട് ഇങ്ങനെ ചോദിക്കുക: ‘യഹോവയെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ എന്നെ പ്രേരിപ്പിക്കേണ്ടത് എന്താണ്? അവനെ സ്നേഹിക്കാൻ എനിക്ക് എന്തെല്ലാം കാരണങ്ങളുണ്ട്?’ സ്നേഹനിധിയായ ഒരു പിതാവായി നിങ്ങൾ യഹോവയെ കാണേണ്ടതുണ്ട്. യിരെമ്യാവിലൂടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.” (യിരെ. 29:13, 14) ഇതിന് നിങ്ങൾ എന്താണ് ചെയ്യേണ്ടത്? യാക്കൂബ് പറയുന്നു: “എന്റെ ചിന്താരീതിക്കായിരുന്നു കുഴപ്പം, മീറ്റിംഗുകൾക്കും വയൽസേവനത്തിനുമൊക്കെ ഞാൻ കുഞ്ഞുന്നാൾമുതലേ പോകുമായിരുന്നു. പക്ഷേ ഒക്കെ ഒരു ചടങ്ങുപോലെ ആയിരുന്നെന്നുമാത്രം. യഹോവയെ അടുത്തറിയുകയും അവനുമായി ഒരു ഉറ്റബന്ധത്തിലേക്കു വരുകയും ചെയ്തപ്പോൾ മാത്രമാണ് സത്യം എന്റെ ഉള്ളിൽത്തട്ടിയത്.”
ശുശ്രൂഷ ആസ്വാദ്യമാക്കുന്നതിൽ നല്ല സുഹൃത്തുക്കളുടെ പങ്ക് ചെറുതല്ല. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും” എന്ന് ഒരു നിശ്വസ്ത സദൃശവാക്യം പറയുന്നു. (സദൃ. 13:20) അതുകൊണ്ട് ആത്മീയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ട് യഹോവയെ സന്തോഷത്തോടെ സേവിക്കുന്നവരെ സുഹൃത്തുക്കളാക്കുക. “യഹോവയെ ശുഷ്കാന്തിയോടെ സേവിക്കുന്ന യുവപ്രായക്കാരുമായുള്ള സഹവാസം ശരിക്കും ഒരു പ്രചോദനമായിരുന്നു. ഞാൻ സന്തോഷത്തോടെ ശുശ്രൂഷയിലേർപ്പെടാൻ തുടങ്ങി,” യോലയുടെ വാക്കുകൾ.
മാതാപിതാക്കൾ ചെയ്യേണ്ടത്
“യഹോവയെക്കുറിച്ച് എന്നെ പഠിപ്പിച്ചതിന് എന്റെ മാതാപിതാക്കളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു,” യോല പറയുന്നു. കുട്ടികൾ മതവിശ്വാസം തിരഞ്ഞെടുക്കുന്ന കാര്യത്തിൽ മാതാപിതാക്കളുടെ പങ്ക് വലുതാണ്. പൗലോസ് അപ്പൊസ്തലൻ എഴുതി: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ . . . യഹോവയുടെ ശിക്ഷണത്തിലും അവന്റെ ചിന്തകൾക്ക് അനുസൃതമായും . . . വളർത്തിക്കൊണ്ടുവരുക.” (എഫെ. 6:4) ഈ തിരുവെഴുത്തു വ്യക്തമാക്കുന്നതുപോലെ, മാതാപിതാക്കൾ മക്കളെ യഹോവയുടെ വഴികളാണ് പഠിപ്പിക്കേണ്ടത് അല്ലാതെ, സ്വന്തം ആശയങ്ങളല്ല. മക്കൾ ആരായിത്തീരണം, ഏതുനിലയിലെത്തണം എന്നിങ്ങനെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ അവരുടെ മനസ്സിൽ നിറയ്ക്കാതെ യഹോവയുടെ ഉദ്ദേശ്യങ്ങൾക്കു ചേർച്ചയിലുള്ള ഒരു ജീവിതം തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുന്നെങ്കിൽ അത് എത്ര നന്നായിരിക്കും!
യഹോവയുടെ വചനങ്ങൾ അവരുടെ ഹൃദയത്തിൽ നടുകയും നിങ്ങൾ “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു” സംസാരിക്കുകയും ചെയ്യേണ്ടതുണ്ട്. (ആവ. 6:6, 7) “മുഴുസമയ ശുശ്രൂഷയുടെ പല മേഖലകളെക്കുറിച്ച് മക്കളോടു ഞങ്ങൾ മിക്കവാറും പറയാറുണ്ട്,” ഈവ-റിഷാർഡ് ദമ്പതികൾ പറയുന്നു. ഇതിന് എന്തെങ്കിലും ഫലമുണ്ടായോ? ആ മാതാപിതാക്കൾ തങ്ങളുടെ മൂന്ന് ആണ്മക്കളെക്കുറിച്ചു പറയുന്നു: “ചെറുതായിരിക്കുമ്പോൾതന്നെ അവർ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പരിപാടി നടത്താൻ തുടങ്ങി, അവർ പ്രസാധകരാകുകയും ചെയ്തു. ഒടുവിൽ സ്നാനമേൽക്കാനും അവർ തീരുമാനിച്ചു. പിന്നീട്, അവർ ബെഥേൽസേവനവും പയനിയർസേവനവും ഏറ്റെടുത്തു.”
കുട്ടികൾക്ക് നല്ല മാതൃക കാണിച്ചുകൊടുക്കേണ്ടതും പ്രധാനമാണ്. “ഞങ്ങൾക്ക് രണ്ടുമുഖമില്ലായിരുന്നു; സഭയിൽ ഒന്നും വീട്ടിൽ മറ്റൊന്നും,” റിഷാർഡിന്റെ വാക്കുകൾ. അതുകൊണ്ട് മാതാപിതാക്കളേ, ഇങ്ങനെ ചോദിക്കുക: ‘എന്റെ ജീവിതം മക്കൾക്ക് നൽകുന്ന സന്ദേശം എന്താണ്? യഹോവയോടുള്ള യഥാർഥ സ്നേഹം അവർക്കതിൽ കാണാൻ കഴിയുന്നുണ്ടോ? എന്റെ പ്രാർഥനകളിലും പഠനശീലങ്ങളിലുമൊക്കെ അത് പ്രതിഫലിക്കുന്നതായി അവർ കാണുന്നുണ്ടോ? വയൽസേവനത്തോടുള്ള എന്റെ മനോഭാവത്തിൽ ഈ സ്നേഹം പ്രകടമാകുന്നുണ്ടോ? വിനോദം, ഭൗതികവസ്തുക്കൾ എന്നിവയോടുള്ള എന്റെ സമീപനത്തിൽ യഹോവയോടുള്ള എന്റെ സ്നേഹം അവർ ദർശിക്കുന്നുണ്ടോ? സഭയിലെ മറ്റു സഹോദരങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കുമ്പോഴും ആ സ്നേഹം അവർക്കു ദൃശ്യമാണോ?’ (ലൂക്കോ. 6:40) നിങ്ങളുടെ ജീവിതചര്യ മക്കൾ നിരീക്ഷിച്ചുകൊണ്ടാണിരിക്കുന്നത്. പറയുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ അവർക്കതു മനസ്സിലാകുകതന്നെചെയ്യും.
മക്കൾക്ക് ശിക്ഷണം അനിവാര്യമാണ്. എന്നാൽ “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക” എന്നാണ് ദൈവവചനം പറയുന്നത്. (സദൃ. 22:6) “ഓരോരുത്തർക്കും പ്രത്യേകം പ്രത്യേകം ബൈബിളധ്യയനം നടത്താൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു” എന്ന് ഈവയും റിഷാർഡും പറയുന്നു. കുട്ടികൾക്ക് വെവ്വേറെ അധ്യയനം നടത്തേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ്. കുട്ടികളാണെങ്കിലും അവർക്ക് സ്വന്തമായൊരു വ്യക്തിത്വമുണ്ടെന്നു മനസ്സിലാക്കിവേണം എല്ലായ്പോഴും അവരോട് ഇടപെടാൻ. ഇതിന്, വഴക്കവും ന്യായബോധവുമൊക്കെ മാതാപിതാക്കളുടെ ഭാഗത്ത് ആവശ്യമാണ്. ഉദാഹരണത്തിന്, ചില പാട്ടിന്റെയും സംഗീതത്തിന്റെയുമൊക്കെ കാര്യംവരുമ്പോൾ ‘അതു വേണ്ട, നമുക്കതൊന്നും പറ്റില്ല’ എന്നങ്ങു പറയുന്നതിനുപകരം ശരിയായ തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും അതിന് ഏതൊക്കെ ബൈബിൾ തത്ത്വങ്ങൾ പരിചിന്തിക്കണമെന്നും കാര്യകാരണസഹിതം പറഞ്ഞുകൊടുക്കുക. അതായിരിക്കില്ലേ നല്ലത്?
മാതാപിതാക്കളായ നിങ്ങൾ അവരിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് അവർക്ക് അറിയാമായിരിക്കാം, അതിനനുസരിച്ച് അവർ പ്രവർത്തിക്കുന്നുമുണ്ടായിരിക്കാം. എന്നിരുന്നാലും അവരുടെ ഉള്ളിലുള്ളത് എന്താണെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. “മനുഷ്യന്റെ ഹൃദയത്തിലെ ആലോചന ആഴമുള്ള വെള്ളം; വിവേകമുള്ള പുരുഷനോ അതു കോരി എടുക്കും.” (സദൃ. 20:5) അതുകൊണ്ട് മാതാപിതാക്കൾക്ക് വിവേചന ആവശ്യമാണ്. എങ്കിലേ, കുട്ടികളുടെ മനസ്സിൽ ഒളിഞ്ഞുകിടക്കുന്ന എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അവ തിരിച്ചറിയാനും വേണ്ട നടപടികൾ സത്വരം കൈക്കൊള്ളാനും കഴിയൂ. അവരെ കുറ്റപ്പെടുത്താതെതന്നെ, നിങ്ങൾക്കുള്ള ആശങ്ക അവരെ അറിയിക്കുക. അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ഉചിതമായ ചോദ്യങ്ങൾ ചോദിക്കുക. പക്ഷേ, ചോദ്യശരങ്ങൾകൊണ്ട് അവരെ വീർപ്പുമുട്ടിക്കരുത്. മാതാപിതാക്കളുടെ നിഷ്കപടമായ സ്നേഹവും താത്പര്യവും കുട്ടികളുടെ ഹൃദയത്തെ സ്പർശിക്കും, അതു ഫലം കാണും.
സഭ ചെയ്യേണ്ടത്
സഭയിലെ ഓരോരുത്തർക്കും ചിലതൊക്കെ ചെയ്യാനാകും. കൈമാറിക്കിട്ടിയ ആത്മീയ പൈതൃകത്തെ വിലമതിക്കാൻ സഭയിലെ യുവപ്രായക്കാരെ നിങ്ങൾക്ക് സഹായിക്കാനാകുമോ? കുട്ടികളെ പരിശീലിപ്പിക്കേണ്ട പ്രാഥമിക ചുമതല മാതാപിതാക്കൾക്കാണെങ്കിലും മറ്റു സഭാംഗങ്ങൾക്കും അവരെ പിന്തുണയ്ക്കാനാകും, വിശേഷിച്ചും മൂപ്പന്മാർക്ക്. മാതാപിതാക്കളിലൊരാൾ സാക്ഷിയല്ലാത്ത സാഹചര്യത്തിൽ ഇത് പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ടതുണ്ട്.
യഹോവയെ സ്നേഹിക്കാനും തങ്ങൾ സഭയ്ക്കു വേണ്ടപ്പെട്ടവരാണെന്ന ചിന്ത കുട്ടികളിൽ സൃഷ്ടിക്കാനും മൂപ്പന്മാർക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്? പോളണ്ടിലെ ഒരു സഭയിൽ മേൽവിചാരകനായി സേവിക്കുന്ന മോറിയുഷ് സഹോദരൻ പറയുന്നത് ഇതാണ്: “സഭയിലെ കുട്ടികളോടും യുവപ്രായക്കാരോടും സംസാരിക്കാൻ മൂപ്പന്മാർ മനസ്സുവെച്ചേതീരൂ, യാതൊരുമടിയും വിചാരിക്കാതെ നിർലോഭം സംസാരിക്കണം. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴല്ല, അല്ലാത്തപ്പോഴും. ശുശ്രൂഷയിലായിരിക്കുമ്പോഴും യോഗങ്ങൾക്കുശേഷവും മറ്റുസന്ദർഭങ്ങളിലുമൊക്കെ അവരോടൊപ്പം സമയം ചെലവഴിക്കണം.” ‘മീറ്റിംഗുകൾ ആസ്വദിക്കുന്നുണ്ടോ? സഭയിൽ വരാനും സഹോദരങ്ങളോടൊക്കെ സംസാരിക്കാനും ഇഷ്ടമാണോ?’ എന്നൊക്കെ മൂപ്പന്മാർക്ക് ചോദിക്കാനാകും. ഇതുപോലെ മനസ്സുതുറന്നുള്ള സംഭാഷണങ്ങൾ യുവപ്രായക്കാരെ സഭയുമായി ഒരു ഉറ്റബന്ധത്തിലേക്കു വരുത്തും, സഭയ്ക്ക് വേണ്ടപ്പെട്ടവരാണെന്ന തോന്നൽ അത് അവരിൽ ഉളവാക്കുകയും ചെയ്യും.
നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ സഭയിലെ ചെറുപ്രായക്കാരെ അടുത്തറിയാൻ ശ്രമിക്കാറുണ്ടോ? തുടക്കത്തിൽ പരാമർശിച്ച ആൽബർട്ട് ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുകയാണ്. എങ്കിലും കൗമാരകാലത്ത് അദ്ദേഹത്തിന് പലവിധ പ്രശ്നങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു: “ചെറുപ്പമായിരുന്നെങ്കിലും അന്ന് എനിക്കുമാത്രമായി ഒരു ഇടയസന്ദർശനം വേണ്ടിയിരുന്നു.” ദൈവസേവനത്തിൽ മുന്നേറാൻ യുവജനങ്ങൾക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടും മൂപ്പന്മാർക്ക് അവരോടുള്ള താത്പര്യവും കരുതലും പ്രകടിപ്പിക്കാനാകും.—2 തിമൊ. 1:3.
സഭാപ്രവർത്തനങ്ങളിൽ തിരക്കോടെ ഏർപ്പെടുന്നത് യുവജനങ്ങൾക്ക് എന്തുകൊണ്ടും നല്ലതാണ്. അല്ലാത്തപക്ഷം അവർ ലൗകിക ലക്ഷ്യങ്ങൾക്കു പിന്നാലെ പോയേക്കാം. ശുശ്രൂഷയിൽ അവരോടൊപ്പം പോകാൻ മുതിർന്നവരായ നിങ്ങൾക്കു കഴിയുമോ? അവരെ സുഹൃത്തുക്കളാക്കാൻ ശ്രമിക്കരുതോ? ചില ഒഴിവുവേളകൾ അവരോടൊപ്പം ചെലവഴിക്കരുതോ? അത് നിങ്ങൾക്കിടയിൽ പരസ്പരവിശ്വാസവും സൗഹൃദവും ഊട്ടിവളർത്തും. യോല പറയുന്നു: “ഒരു പയനിയർ സഹോദരി എന്റെ കാര്യത്തിൽ പ്രത്യേക താത്പര്യമെടുത്തു. ഞാനാദ്യമായി മനസ്സോടെ വയൽസേവനത്തിനുപോകുന്നത് അവരോടൊപ്പമാണ്.”
തീരുമാനം നിങ്ങളുടേതുമാത്രം
യുവപ്രായക്കാരേ, സ്വയംചോദിക്കൂ: ‘എന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമാണ്? ഇതുവരെ സ്നാനമേറ്റിട്ടില്ലെങ്കിൽ, അങ്ങനെയൊരു ലക്ഷ്യം എനിക്കുണ്ടോ?’ യഹോവയോടുള്ള അകമഴിഞ്ഞ സ്നേഹമായിരിക്കണം സ്നാനമേൽക്കാൻ നിങ്ങളെ പ്രേരിപ്പിക്കേണ്ടത്. അല്ലാതെ കുടുംബപാരമ്പര്യത്തോടുള്ള ഒരു കടപ്പാടെന്ന നിലയിലായിരിക്കരുത് അത്.
നിങ്ങളുടെ ആത്മാർഥസുഹൃത്ത് യഹോവയായിരിക്കട്ടെ, സത്യം നിങ്ങൾക്ക് നിധിപോലെയും. പ്രവാചകനായ യെശയ്യാവിലൂടെ യഹോവ ഇങ്ങനെ പറഞ്ഞു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്.” നിങ്ങൾ യഹോവയുടെ സ്നേഹിതനായിരിക്കുന്നിടത്തോളം അവൻ നിങ്ങളോടൊപ്പമുണ്ടായിരിക്കും. അവൻ നിങ്ങളെ ശക്തീകരിക്കുകയും തന്റെ ‘നീതിയുള്ള വലങ്കൈകൊണ്ടു [നിങ്ങളെ] താങ്ങുകയും ചെയ്യും.’—യെശ. 41:10.
[അടിക്കുറിപ്പ്]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[4-ാം പേജിലെ ചിത്രം]
കുട്ടിയുടെ മനസ്സിലുള്ളത് എന്താണെന്ന് അറിയാൻ ശ്രമിക്കുക
[6-ാം പേജിലെ ചിത്രം]
യഹോവയോടുള്ള അകമഴിഞ്ഞ സ്നേഹമായിരിക്കണം സ്നാനമേൽക്കാനുള്ള പ്രേരണ