യഹോവയെ സ്വന്തം പിതാവായി നിങ്ങൾ കാണുന്നുവോ?
‘കർത്താവേ, പ്രാർഥിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ’ എന്നു ശിഷ്യന്മാരിൽ ഒരാൾ ആവശ്യപ്പെട്ടപ്പോൾ യേശു പറഞ്ഞു: “പ്രാർഥിക്കുമ്പോൾ നിങ്ങൾ ഇപ്രകാരം പറയുവിൻ: ‘പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.’” (ലൂക്കോ. 11:1, 2) ‘സർവശക്തൻ,’ ‘ഉപദേഷ്ടാവ്,’ ‘സ്രഷ്ടാവ്,’ ‘വയോധികൻ,’ ‘നിത്യരാജാവ്’ എന്നിങ്ങനെയുള്ള ഏതെങ്കിലും സ്ഥാനപ്പേരുകൾ ഉപയോഗിച്ച് യേശുവിനു വേണമെങ്കിൽ യഹോവയെ സംബോധന ചെയ്യാമായിരുന്നു. (ഉല്പ. 49:25; യെശ. 30:20; 40:28; ദാനീ. 7:9; 1 തിമൊ. 1:17) എന്നാൽ “പിതാവേ” എന്നാണ് അവൻ യഹോവയെ സംബോധന ചെയ്തത്. എന്തുകൊണ്ട്? ഒരു കൊച്ചുകുട്ടി തന്റെ പിതാവിനെ സമീപിക്കുന്ന അതേ മനോഭാവത്തോടെ നാം പ്രപഞ്ചത്തിലെ സർവോന്നതനെ സമീപിക്കണമെന്ന് യേശു ആഗ്രഹിച്ചിരിക്കാം.
എന്നാൽ ചിലർക്ക് ദൈവത്തെ ഒരു പിതാവായി കാണാൻ ബുദ്ധിമുട്ടു തോന്നുന്നു. അനിതa എന്നു പേരുള്ള ഒരു ക്രിസ്ത്യാനി പറയുന്നു: “സ്നാനമേറ്റ് വർഷങ്ങൾ കഴിഞ്ഞിട്ടും യഹോവയോട് അടുക്കാനും സ്വന്തം പിതാവിനോട് എന്നപോലെ അവനോടു സംസാരിക്കാനും എനിക്ക് ബുദ്ധിമുട്ടായിരുന്നു.” അവൾതന്നെ അതിന്റെ ഒരു കാരണം പറയുന്നു: “എന്റെ അച്ഛൻ ഒരിക്കലെങ്കിലും എന്നോട് വാത്സല്യം കാണിച്ചിട്ടുള്ളതായി എനിക്ക് ഓർമയില്ല.”
ദുഷ്കരമായ ഈ അന്ത്യനാളുകളിൽ, ഒരു പിതാവിൽനിന്നു ലഭിക്കേണ്ട വാത്സല്യം പലർക്കും ലഭിക്കാതെ പോകുന്നു എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്. (2 തിമൊ. 3:1, 3) അതുകൊണ്ടുതന്നെ അനിതയെപ്പോലെ ചിന്തിക്കുന്നവർ ഇന്നു വിരളമല്ല. നിങ്ങൾ അങ്ങനെയുള്ള ഒരാളാണോ? ആണെങ്കിൽ നിരാശപ്പെടേണ്ട! സ്നേഹനിധിയായ പിതാവായി യഹോവയെ വീക്ഷിക്കാൻ നമുക്ക് അനവധി കാരണങ്ങളുണ്ട്.
യഹോവ—നമുക്കായി കരുതുന്ന നമ്മുടെ പിതാവ്
യഹോവയെ അടുത്തറിഞ്ഞാൽമാത്രമേ നമുക്ക് അവനെ സ്വന്തം പിതാവായി കാണാനാകൂ. യേശു പറഞ്ഞു: “പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കാൻ മനസ്സാകുന്നുവോ അവനും അല്ലാതെ ആരും പിതാവിനെയും പൂർണമായി അറിയുന്നില്ല.” (മത്താ. 11:27) യഹോവയെക്കുറിച്ച് യേശു വെളിപ്പെടുത്തിയ കാര്യങ്ങൾ ധ്യാനിക്കുന്നതിലൂടെ ഒരു പിതാവെന്നനിലയിൽ യഹോവ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് നമുക്കു മനസ്സിലാക്കാനാകും. അങ്ങനെയെങ്കിൽ പിതാവിനെക്കുറിച്ച് യേശു എന്താണ് വെളിപ്പെടുത്തിയത്?
യഹോവയാണ് ജീവന്റെ ഉറവ്. ‘ഞാൻ പിതാവിനാൽ ജീവിക്കുന്നു’ എന്നു പറഞ്ഞുകൊണ്ട് യേശു അത് വ്യക്തമാക്കി. (യോഹ. 6:57) നാമും നമ്മുടെ ജീവനായി കടപ്പെട്ടിരിക്കുന്നത് യഹോവയോടാണ്. (സങ്കീ. 36:9; പ്രവൃ. 17:28) മറ്റുള്ളവർക്ക് ജീവൻ നൽകാൻ യഹോവയെ പ്രേരിപ്പിച്ചത് എന്താണ്? സ്നേഹം! അപ്പോൾ, ജീവനെന്ന മഹത്തായ ദാനത്തിനായി നാം യഹോവയ്ക്ക് പകരംനൽകേണ്ടത് എന്താണ്? സ്നേഹം!
മനുഷ്യവർഗത്തിനുവേണ്ടി യഹോവ തന്റെ പുത്രനെ മറുവിലയാഗമായി നൽകിയത് നമ്മോടുള്ള അവന്റെ സ്നേഹത്തിന്റെ ഏറ്റവും വലിയ തെളിവാണ്. അങ്ങനെ, പാപികളായ മനുഷ്യർക്ക് യഹോവയുമായി അടുത്ത ബന്ധം സ്ഥാപിക്കാനുള്ള അവസരം തുറന്നുകിട്ടി. (റോമ. 5:12; 1 യോഹ. 4:9, 10) നമ്മുടെ സ്വർഗീയ പിതാവ് വാഗ്ദാനങ്ങൾ നിവർത്തിക്കുന്നവൻ ആയതുകൊണ്ട്, അവനെ സ്നേഹിക്കുകയും അനുസരിക്കുകയും ചെയ്യുന്ന എല്ലാവരും ഒടുവിൽ “ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം” പ്രാപിക്കും.—റോമ. 8:20.
നമ്മുടെ സ്വർഗീയ പിതാവ് നിത്യവും നമ്മുടെമേൽ ‘സൂര്യനെ ഉദിപ്പിക്കുന്നു.’ (മത്താ. 5:45) സൂര്യപ്രകാശം നമുക്ക് എത്ര അനിവാര്യമാണ്! അതിന്റെ ഇളംചൂടേൽക്കാൻ നമുക്ക് എത്ര ഇഷ്ടമാണ്! എങ്കിലും സൂര്യൻ ഉദിക്കാനായി നാം ആരെങ്കിലും പ്രാർഥിക്കാറുണ്ടോ? കരുതലുള്ളവനായ ദൈവം നാം ചോദിക്കാതെതന്നെ നമ്മുടെ ഭൗതിക ആവശ്യങ്ങൾ മനസ്സിലാക്കുകയും അവ നിറവേറ്റിത്തരികയും ചെയ്യുന്നു. ആ സ്ഥിതിക്ക് നമ്മുടെ സ്വർഗീയപിതാവ് തന്റെ സൃഷ്ടികൾക്കായി കരുതുന്ന വിധങ്ങൾ നാം നിരീക്ഷിക്കുകയും വിലമതിപ്പോടെ അവയെക്കുറിച്ച് ചിന്തിക്കുകയും ചെയ്യേണ്ടതല്ലേ?—മത്താ. 6:8, 26.
യഹോവ—നമ്മെ സംരക്ഷിക്കുന്ന നമ്മുടെ പിതാവ്
യെശയ്യാവിന്റെ പ്രവചനം പുരാതനകാലത്തെ ദൈവജനത്തിന് പിൻവരുന്ന ഉറപ്പുകൊടുത്തു: “പർവ്വതങ്ങൾ മാറിപ്പോകും, കുന്നുകൾ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള (കനിവുള്ള സംരക്ഷകനായ, ദ ബൈബിൾ ഇൻ ലിവിങ് ഇംഗ്ലീഷ്) യഹോവ അരുളിച്ചെയ്യുന്നു.” (യെശ. 54:10) യഹോവ കനിവുള്ള സംരക്ഷകനാണെന്ന ആശയം പ്രദീപ്തമാക്കുന്നതായിരുന്നു ഭൂമിയിലെ തന്റെ അവസാന രാത്രിയിൽ യേശു നടത്തിയ പ്രാർഥന. തന്റെ ശിഷ്യന്മാരെക്കുറിച്ച് യേശു ഇങ്ങനെ പ്രാർഥിച്ചു: “ഇനിമേൽ ഞാൻ ലോകത്തിലില്ല. എന്നാൽ അവർ ലോകത്തിലാണ്; ഞാൻ നിന്റെ അടുക്കലേക്കു വരുന്നു. പരിശുദ്ധപിതാവേ, . . . നിന്റെ നാമത്തെക്കരുതി അവരെ കാത്തുകൊള്ളേണമേ.” (യോഹ. 17:11, 14) യഹോവ അവരെ കാത്തുകൊള്ളുകതന്നെ ചെയ്തു.
സാത്താന്റെ തന്ത്രങ്ങളിൽനിന്നു യഹോവ ഇന്ന് നമ്മെ സംരക്ഷിക്കുന്ന ഒരു വിധം ഏതാണ്? ‘വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ’ തക്ക സമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്തുകൊണ്ട് അവൻ നമുക്കു സംരക്ഷണമേകുന്നു. (മത്താ. 24:45) ക്രമമായി ലഭിക്കുന്ന സമ്പുഷ്ടമായ ഈ ആത്മീയ ആഹാരം നാം ഭക്ഷിക്കേണ്ടത് പ്രധാനമാണ്. എങ്കിൽമാത്രമേ, “ദൈവത്തിൽനിന്നുള്ള സർവായുധവർഗം” ധരിച്ചുകൊണ്ട് നമുക്ക് സുരക്ഷിതരായിരിക്കാൻ സാധിക്കൂ. ഉദാഹരണമായി, ‘ദുഷ്ടന്റെ തീയമ്പുകളെയൊക്കെയും കെടുത്തുവാൻ നമ്മെ പ്രാപ്തരാക്കുന്ന വിശ്വാസം എന്ന വലിയ പരിച’യുടെ കാര്യംതന്നെ നോക്കാം. (എഫെ. 6:11, 16) “വിശ്വാസം എന്ന വലിയ പരിച” ആത്മീയ ഹാനിയിൽനിന്ന് നമുക്കു സംരക്ഷണമേകുന്നു. നമ്മെ സംരക്ഷിക്കാനുള്ള നമ്മുടെ സ്വർഗീയ പിതാവിന്റെ പ്രാപ്തിയല്ലേ അതിലൂടെ വെളിവാകുന്നത്?
യേശു ആളുകളോട് എങ്ങനെ ഇടപെട്ടു എന്ന് സൂക്ഷ്മമായി മനസ്സിലാക്കുന്നത് നമ്മുടെ സ്വർഗീയ പിതാവിന്റെ ആർദ്രതയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ച നേടാൻ നമ്മെ സഹായിക്കും. മർക്കോസ് 10:13-16-ലെ വിവരണത്തെക്കുറിച്ചു ചിന്തിക്കുക. “ശിശുക്കൾ എന്റെ അടുക്കൽ വന്നുകൊള്ളട്ടെ” എന്ന് യേശു തന്റെ ശിഷ്യന്മാരോട് പറയുന്നതായി നാം അവിടെ വായിക്കുന്നു. കുട്ടികൾ അവന്റെ ചുറ്റും വന്നുകൂടിയപ്പോൾ അവൻ അവരെ കൈകളിലെടുത്ത് അനുഗ്രഹിച്ചു. അവരുടെ മുഖത്തെ സന്തോഷം നിങ്ങൾക്ക് വിഭാവന ചെയ്യാനാകുമോ? “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്ന യേശുവിന്റെ വാക്കുകൾ ഓർക്കുക. അതിൽനിന്ന് ഒരു കാര്യം വ്യക്തമാണ്: മക്കളായ നാം തന്റെ അടുക്കലേക്കു വരാൻ സ്വർഗീയപിതാവായ യഹോവയും ആഗ്രഹിക്കുന്നു.—യോഹ. 14:9.
യഹോവ അപരിമേയ സ്നേഹത്തിന്റെ ഉറവാണ്. അവൻ നമുക്കായി കരുതുന്നവനാണ്, നമ്മുടെ സംരക്ഷകനാണ്. നാം അവനോട് അടുത്തുചെല്ലാൻ അവൻ ആഗ്രഹിക്കുന്നു. (യാക്കോ. 4:8) അതെ, സങ്കൽപ്പിക്കാവുന്നതിൽവെച്ച് ഏറ്റവും നല്ല പിതാവാണ് യഹോവ!
പ്രയോജനങ്ങൾ എന്തെല്ലാം?
സ്നേഹവാനും കാരുണ്യവാനുമായ സ്വർഗീയപിതാവായി യഹോവയെ കാണുകയും അവനിൽ ആശ്രയിക്കുകയും ചെയ്യുമ്പോൾ നമുക്ക് വലിയ പ്രയോജനങ്ങൾ കൈവരും. (സദൃ. 3:5, 6) തന്റെ പിതാവിൽ സമ്പൂർണ ആശ്രയംവെച്ചതിൽനിന്ന് യേശുവിന് വളരെ പ്രയോജനമുണ്ടായി. “ഞാൻ തനിച്ചല്ല, എന്നെ അയച്ച പിതാവ് എന്നോടൊപ്പമുണ്ട്” എന്ന് യേശു തന്റെ ശിഷ്യന്മാരോട് ഒരിക്കൽ പറഞ്ഞു. (യോഹ. 8:16) യഹോവ തന്നെ പിന്തുണയ്ക്കുമെന്ന ഉറപ്പ് യേശുവിന് എപ്പോഴും ഉണ്ടായിരുന്നു. യേശു സ്നാനമേറ്റ സമയത്ത്, അവന്റെ ആ ബോധ്യം ശക്തമാക്കപ്പെട്ടു. തദവസരത്തിൽ യേശുവിനെക്കുറിച്ച് യഹോവ ഇപ്രകാരം പറഞ്ഞു: “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.” (മത്താ. 3:15-17) മരിക്കുന്നതിന് തൊട്ടുമുമ്പ് അവൻ തന്റെ പിതാവിനോട് ഉച്ചത്തിൽ, “പിതാവേ, ഞാൻ എന്റെ ആത്മാവിനെ തൃക്കയ്യിൽ ഏൽപ്പിക്കുന്നു” എന്നു പറഞ്ഞു. (ലൂക്കോ. 23:46) മരണസമയത്തും തന്റെ പിതാവിലുണ്ടായിരുന്ന യേശുവിന്റെ വിശ്വാസത്തിന് ഇളക്കംതട്ടിയില്ല.
നമ്മുടെ കാര്യത്തിലും അങ്ങനെതന്നെയായിരിക്കണം. യഹോവ നമ്മുടെ പക്ഷത്തുണ്ടെങ്കിൽ നാം എന്തിനെയെങ്കിലും ഭയക്കേണ്ടതുണ്ടോ? (സങ്കീ. 118:6) നേരത്തേ പറഞ്ഞ അനിത, പ്രശ്നങ്ങളുണ്ടാകുമ്പോഴെല്ലാം സ്വന്തം കഴിവിലും ബുദ്ധിയിലുമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ യേശുവിന്റെ ജീവിതത്തെയും ശുശ്രൂഷയെയും കുറിച്ചു പഠിച്ചപ്പോൾ, വിശേഷിച്ചും യേശുവിന് അവന്റെ സ്വർഗീയ പിതാവുമായി ഉണ്ടായിരുന്ന ഉറ്റബന്ധത്തെക്കുറിച്ചു മനസ്സിലാക്കിയപ്പോൾ, അവളുടെ മനോഭാവത്തിനു മാറ്റംവന്നു. “ഒരു പിതാവിന്റെ സ്നേഹം എന്താണെന്ന് ഞാൻ അനുഭവിച്ചറിഞ്ഞു. എന്റെ സ്വർഗീയ പിതാവിൽ ആശ്രയിക്കാൻ ഞാൻ പഠിച്ചു,” അനിത പറയുന്നു. അവൾ ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “യഥാർഥ സമാധാനവും സന്തോഷവും എനിക്കു കൈവന്നു. ഒന്നിനെക്കുറിച്ചും ഓർത്ത് വിഷമിക്കേണ്ടതില്ലെന്ന് എനിക്കു തോന്നിത്തുടങ്ങി.”
യഹോവയെ നമ്മുടെ പിതാവായി കാണുന്നതുകൊണ്ടുള്ള മറ്റൊരു പ്രയോജനം എന്താണ്? മാതാപിതാക്കളെ സ്നേഹിക്കുന്ന കുട്ടികൾ അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യാനായിരിക്കും ആഗ്രഹിക്കുക. തന്റെ പിതാവിനെ സ്നേഹിച്ച യേശു, ‘എപ്പോഴും അവനു പ്രസാദകരമായതു ചെയ്യാൻ’ ശ്രമിച്ചു. (യോഹ. 8:29) സമാനമായി, സ്വർഗീയ പിതാവായ യഹോവയോടുള്ള നമ്മുടെ സ്നേഹം ബുദ്ധിപൂർവം പ്രവർത്തിക്കാനും അവനെ ‘വാഴ്ത്താനും’ നമ്മെ പ്രേരിപ്പിക്കും.—മത്താ. 11:25; യോഹ. 5:19.
നമ്മുടെ പിതാവ് നമ്മുടെ ‘വലങ്കൈ പിടിച്ചിരിക്കുന്നു’
നമ്മുടെ സ്വർഗീയ പിതാവ് നമുക്ക് ഒരു “സഹായകനെ” നൽകിയിട്ടുണ്ട്, അവന്റെ പരിശുദ്ധാത്മാവിനെ. അതു “നിങ്ങളെ സത്യത്തിന്റെ പൂർണതയിലേക്കു നയിക്കും” എന്ന് യേശു പറയുകയുണ്ടായി. (യോഹ. 14:15-17; 16:12, 13) നമ്മുടെ പിതാവിനെ കൂടുതൽ നന്നായി അറിയാൻ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കും. “കോട്ടകളെ”പ്പോലെ ശക്തമായ മുൻവിധികളെയും തെറ്റിദ്ധാരണകളെയും വികലമായ ചിന്താഗതികളെയും തകർക്കാനും അങ്ങനെ, “സകല ചിന്താഗതികളെയും കീഴടക്കി . . . അവയെ ക്രിസ്തുവിനോടുള്ള അനുസരണത്തിന് അടിമപ്പെടു”ത്താനും പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കും. (2 കൊരി. 10:4, 5) അതുകൊണ്ട്, “സ്വർഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ . . . നൽകും” എന്ന ഉത്തമബോധ്യത്തോടെ ആ “സഹായകനെ” നൽകാൻ യഹോവയോടു നമുക്ക് പ്രാർഥിക്കാം. (ലൂക്കോ. 11:13) യഹോവയോട് അടുത്തുചെല്ലുന്നതിനും പരിശുദ്ധാത്മാവിന്റെ സഹായം ഉണ്ടായിരിക്കണമേ എന്ന് നമുക്കു പ്രാർഥിക്കാനാകും.
തന്റെ പിതാവിന്റെ കൈപിടിച്ചു നടക്കുന്ന ഒരു കുട്ടിക്ക് എന്തെന്നില്ലാത്ത സുരക്ഷിതത്വം തോന്നും. അവന് യാതൊരു ഭയാശങ്കകളും ഉണ്ടായിരിക്കില്ല. യഹോവയെ സ്വന്തം പിതാവായി കാണുന്നെങ്കിൽ അവന്റെ പിൻവരുന്ന വാക്കുകളുടെ സത്യത നിങ്ങൾക്ക് അനുഭവിച്ചറിയാനാകും: “നിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.” (യെശ. 41:13) യഹോവയോടൊപ്പം നിത്യം ‘നടക്കാനുള്ള’ മഹത്തായ അവസരവും നിങ്ങൾക്കുണ്ടായിരിക്കും. (മീഖാ 6:8) തുടർന്നും ദൈവത്തിന്റെ ഹിതപ്രകാരം ജീവിക്കുക. അപ്പോൾ യഹോവയെ നിങ്ങളുടെ പിതാവായി കാണുന്നതിന്റെ സന്തോഷവും സുരക്ഷിതത്വവും നിങ്ങൾക്ക് അനുഭവിക്കാനാകും, ഒപ്പം യഹോവയുടെ സ്നേഹവും വാത്സല്യവും.
[അടിക്കുറിപ്പ്]
a പേരു മാറ്റിയിരിക്കുന്നു.