അവരുടെ വിശ്വാസം അനുകരിക്കുക
അവൾ യഹോവയോടു ഹൃദയം തുറന്നു
യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ നടത്തുന്ന തിരക്കിലാണ് ഹന്നാ. മനസ്സിനെ മഥിക്കുന്ന ചിന്തകളെ തത്കാലത്തേക്ക് അകറ്റിനിറുത്തിയിരിക്കുകയാണ് അവൾ. അവളുടെ ഭർത്താവായ എൽക്കാനാ എല്ലാവർഷവും പതിവായി തന്റെ കുടുംബത്തെയുംകൊണ്ട് ശീലോവിലെ സമാഗമനകൂടാരത്തിൽ യഹോവയ്ക്ക് ആരാധന കഴിക്കാനായി പോകാറുണ്ട്. അത്തരം വേളകൾ സന്തോഷനിർഭരമായിരിക്കാൻ യഹോവയാംദൈവം പ്രതീക്ഷിച്ചിരുന്നു. (ആവർത്തനപുസ്തകം 16:15) ചെറുപ്പംമുതലേ ഇത്തരം പെരുന്നാളുകളിൽ ഹന്നാ വളരെ ഉത്സാഹത്തോടെ പങ്കെടുത്തിട്ടുണ്ടാവണം. എന്നാൽ കഴിഞ്ഞ കുറെ വർഷങ്ങളായി അവളുടെ അവസ്ഥ അതല്ല.
ഹന്നായുടെ ഭർത്താവ് അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. എന്നാൽ അവന് മറ്റൊരു ഭാര്യകൂടി ഉണ്ടായിരുന്നു, പെനിന്നാ. ഹന്നായുടെ ജീവിതം എങ്ങനെയും ദുരിതപൂർണമാക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ അവൾക്കുണ്ടായിരുന്നുള്ളൂ. ശീലോവിലേക്കുള്ള ഈ യാത്രകൾക്കിടയിൽപ്പോലും ഹന്നായെ വേദനിപ്പിക്കാനുള്ള മാർഗം അവൾ കണ്ടുവെച്ചിരുന്നു. എന്തായിരുന്നു അത്? ദുഷ്കരമായ ഈ സാഹചര്യങ്ങളിൽ പിടിച്ചുനിൽക്കാൻ യഹോവയിലുള്ള വിശ്വാസം എങ്ങനെയാണ് ഹന്നായെ സഹായിച്ചത്? സർവസന്തോഷങ്ങളും കവർന്നെടുക്കുന്നതരം പ്രശ്നങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ ഹന്നായുടെ കഥ നിങ്ങൾക്ക് ഉൾക്കരുത്തു പകരും.
“നീ വ്യസനിക്കുന്നത് എന്ത്?”
ബൈബിളിൽനിന്നു കാണാൻ കഴിയുന്നതുപോലെ, ഹന്നായുടെ ജീവിതത്തിൽ രണ്ടു വലിയ പ്രശ്നങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ടു പ്രശ്നങ്ങളും അവളുടെ നിയന്ത്രണത്തിലല്ലായിരുന്നുതാനും. ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതായിരുന്നു ഒരു പ്രശ്നം. ആ സ്ത്രീയാകട്ടെ അവളെ ഒരു എതിരാളിയായിട്ടാണ് കണ്ടിരുന്നത്. അവളുടെ വന്ധ്യത ആയിരുന്നു വേറൊരു പ്രശ്നം. കുഞ്ഞുങ്ങളുണ്ടാകാൻ ആഗ്രഹിക്കുന്ന ഏതു സ്ത്രീയെ സംബന്ധിച്ചും വന്ധ്യത വേദനിപ്പിക്കുന്ന ഒരു അനുഭവമാണ്. വിശേഷിച്ചും ഹന്നായുടെ കാലത്ത് അത് തീവ്രമായ മനോവ്യഥയ്ക്ക് ഇടയാക്കിയിരുന്ന ഒരു കാര്യമായിരുന്നു. കുടുംബം നിലനിറുത്തിക്കൊണ്ടുപോകാൻ ഒരു സന്തതി ഉണ്ടാകണമെന്നത് ഒരു അനിവാര്യതയായിരുന്നു. അതുകൊണ്ടുതന്നെ വന്ധ്യത വലിയ അപമാനവും നിന്ദയും വരുത്തിയിരുന്നു.
പെനിന്നാ ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഹന്നായ്ക്ക് ആ ദുഃഖം സഹിക്കാനായേനെ. ബഹുഭാര്യത്വം ഒരുകാലത്തും അഭികാമ്യമായ ഒരു കാര്യമായിരുന്നിട്ടില്ല. അങ്ങനെയുള്ള കുടുംബങ്ങളിൽ വഴക്കും അശാന്തിയും വേദനകളും ഒഴിഞ്ഞ സമയമില്ലായിരുന്നെന്നു പറയാം. വാസ്തവത്തിൽ, ഏകഭാര്യത്വം ആയിരുന്നു ഏദെൻതോട്ടത്തിൽ ദൈവം വെച്ച ക്രമീകരണം.a (ഉല്പത്തി 2:24) ബഹുഭാര്യത്വത്തെ മങ്ങിയ വർണങ്ങളാലാണ് ബൈബിൾ വരച്ചുകാട്ടുന്നത്. അസ്വസ്ഥതകൾ തളംകെട്ടിനിന്നിരുന്ന എൽക്കാനായുടെ കുടുംബാന്തരീക്ഷം അതിന് നല്ലൊരു ഉദാഹരണമാണ്.
രണ്ടുഭാര്യമാരിലുംവെച്ച് എൽക്കാനാ ഹന്നായെയാണ് ഏറ്റവുമധികം സ്നേഹിച്ചത്. യഹൂദ വൃത്താന്തം പറയുന്നതനുസരിച്ച് എൽക്കാനാ ആദ്യം വിവാഹം കഴിച്ചത് ഹന്നായെ ആയിരുന്നു; പിന്നീട് ഏതാനും വർഷങ്ങൾക്കുശേഷം അവൻ പെനിന്നായെ വിവാഹം കഴിച്ചു. എന്തായിരുന്നാലും, ഹന്നായോട് പെനിന്നായ്ക്ക് കടുത്ത അസൂയയായിരുന്നു. ഹന്നായുടെ വന്ധ്യതയെ, അവളെ കുത്തിനോവിക്കാൻ പറ്റിയ ഒരായുധമായി പെനിന്നാ കണ്ടു. പെനിന്നാ പല കുട്ടികൾക്ക് ജന്മം നൽകി; ഓരോ കുഞ്ഞു ജനിക്കുമ്പോഴും അവളുടെ അഹംഭാവം വർധിച്ചുവന്നു. ഹന്നായോട് സഹതപിക്കുകയും അവളെ ആശ്വസിപ്പിക്കുകയും ചെയ്യേണ്ടതിനുപകരം പെനിന്നാ അവളുടെ സങ്കടാവസ്ഥയെ മുതലെടുക്കുകയാണു ചെയ്തത്. ഹന്നായുടെ ഈ “പ്രതിയോഗി അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം വളരെ മുഷിപ്പിച്ചു” എന്ന് ബൈബിൾ പറയുന്നു. (1 ശമൂവേൽ 1:6) പെനിന്നാ കരുതിക്കൂട്ടിത്തന്നെയാണ് എല്ലാം ചെയ്തത്. തന്റെ ശ്രമത്തിൽ അവൾ വിജയിക്കുകയും ചെയ്തു.
ശീലോവിലേക്കുള്ള വാർഷിക തീർഥയാത്രകൾ ഹന്നായെ വേദനിപ്പിക്കാൻ പറ്റിയ അവസരങ്ങളായിരുന്നതിനാൽ പെനിന്നാ അവയ്ക്കായി കാത്തിരുന്നിട്ടുണ്ടാകണം. ഈ പെരുന്നാളുകളിൽ യഹോവയ്ക്ക് യാഗങ്ങൾ അർപ്പിക്കുമ്പോഴെല്ലാം പെനിന്നായുടെ ഓരോ മക്കൾക്കും എൽക്കാനാ ഓഹരി കൊടുക്കുമായിരുന്നു. എന്നാൽ ഹന്നായ്ക്ക് കുട്ടികളില്ലാതിരുന്നതിനാൽ അവൾക്ക് അവളുടെ ഓഹരി മാത്രമേ കിട്ടിയിരുന്നുള്ളൂ. അപ്പോഴെല്ലാം പെനിന്നാ വലിയ തലക്കനത്തോടെ ഹന്നായെ പരിഹസിക്കുകയും കുട്ടികളില്ലാത്തതിന്റെ പേരിൽ ആ സാധുസ്ത്രീയെ അവഹേളിക്കുകയും ചെയ്തു. ഹന്നായ്ക്ക് കരയാനല്ലാതെ മറ്റൊന്നിനും കഴിയുമായിരുന്നില്ല. ആഹാരം കഴിക്കാൻപോലും അവൾക്കു മനസ്സുവരില്ലായിരുന്നു. തന്റെ പ്രിയപത്നി ഇങ്ങനെ വിഷമിക്കുന്നത് എൽക്കാനായ്ക്കും സഹിക്കാനാകുമായിരുന്നില്ല. അവളെ ആശ്വസിപ്പിച്ചുകൊണ്ട് അവൻ ചോദിക്കും: “ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ?”—1 ശമൂവേൽ 1:4-8.
ഭാര്യയുടെ വികാരങ്ങൾ മനസ്സിലാക്കി പെരുമാറിയ ഒരു ഭർത്താവായിരുന്നു എൽക്കാനാ. അതുകൊണ്ടാണ് ആ രീതിയിൽ അവൻ അവളെ ആശ്വസിപ്പിച്ചത്. എൽക്കാനായുടെ ഈ സ്നേഹം ഹന്നാ ഏറെ വിലമതിക്കുകയും ചെയ്തു.b എൽക്കാനാ പെനിന്നായുടെ ദ്രോഹങ്ങളെക്കുറിച്ച് ഹന്നായോട് എന്തെങ്കിലും പരാമർശം നടത്തിയതായി കാണുന്നില്ല. ഹന്നാ അവളെപ്പറ്റി അവനോട് പരാതിപ്പെട്ടതായും തിരുവെഴുത്തുകൾ പറയുന്നില്ല. ഒരുപക്ഷേ, പെനിന്നായുടെ സ്വഭാവം വെളിച്ചത്തുകൊണ്ടുവരുന്നത് തന്റെ അവസ്ഥയെ ഒന്നുകൂടെ മോശമാക്കുകയേ ഉള്ളൂവെന്ന് ഹന്നാ ചിന്തിച്ചിട്ടുണ്ടാകണം. എൽക്കാനായ്ക്ക് ഇക്കാര്യത്തിൽ കൂടുതലായി ഒന്നും ചെയ്യാനാകുമായിരുന്നില്ല. മാത്രമല്ല, അത് പെനിന്നായുടെ ശത്രുത ഒന്നുകൂടെ കൂട്ടാനേ ഉതകുമായിരുന്നുള്ളൂ. പെനിന്നായുടെ മക്കളും ദാസീദാസന്മാരും അവളുടെ പക്ഷം ചേരുകയും ചെയ്യും. അങ്ങനെ സ്വന്തം വീട്ടിൽ താനൊരു അധികപ്പറ്റാണെന്ന ഹന്നായുടെ തോന്നൽ വർധിക്കും.
ഹന്നായോടുള്ള പെനിന്നായുടെ നീചമായ പെരുമാറ്റത്തെക്കുറിച്ച് എൽക്കാനായ്ക്ക് അറിയാമായിരുന്നെങ്കിലും ഇല്ലെങ്കിലും യഹോവയാംദൈവം അതെല്ലാം കാണുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ വചനത്തിൽ ഈ സംഭവം ഇത്ര വ്യക്തമായി രേഖപ്പെടുത്താൻ ദൈവം ഇടയാക്കിയത്. ഇത്തരത്തിൽ അസൂയയോടും ദ്രോഹബുദ്ധിയോടും കൂടെ പെരുമാറുന്നവർക്ക് ഈ വിവരണം ഒരു താക്കീതാണ്. അതേസമയം, ഹന്നായെപ്പോലെ നിഷ്കളങ്കരും സമാധാനപ്രേമികളുമായവർക്ക് അത് സാന്ത്വനം പകരുകയും ചെയ്യുന്നു. അതെ, നീതിയുടെയും ന്യായത്തിന്റെയും ദൈവമായ യഹോവ കാര്യങ്ങളെല്ലാം തക്കസമയത്ത് വേണ്ടവിധം കൈകാര്യം ചെയ്യുമെന്ന ഉറപ്പ് അതു നൽകുന്നു. (ആവർത്തനപുസ്തകം 32:4) ഹന്നായ്ക്കും അക്കാര്യത്തിൽ ഉറപ്പുണ്ടായിരുന്നതായി തോന്നുന്നു. അതുകൊണ്ടായിരിക്കുമല്ലോ സഹായത്തിനായി അവൾ യഹോവയിലേക്കു തിരിഞ്ഞത്!
“അവളുടെ മുഖം പിന്നെ വാടിയതുമില്ല”
അതിരാവിലെയായപ്പോൾ വീടുണർന്നു. കുട്ടികളടക്കം എല്ലാവരും യാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. എഫ്രയീം എന്ന മലനാട്ടിലൂടെ 30 കിലോമീറ്റർ യാത്ര ചെയ്തുവേണം ആ വലിയ കുടുംബത്തിന് ശീലോവിലെത്താൻ.c കാൽനടയായാണ് യാത്രയെങ്കിൽ അവിടെയെത്താൻ ഒന്നോ രണ്ടോ ദിവസം വേണ്ടിവരും. യാത്രയ്ക്കിടയിൽ തന്നെ വ്യസനിപ്പിക്കാൻ പെനിന്നാ എന്തെങ്കിലും വഴികണ്ടിട്ടുണ്ടാകുമെന്ന് ഹന്നായ്ക്ക് അറിയാം. എന്നാലും അവൾ അവരുടെകൂടെ പോകാൻതന്നെ തീരുമാനിച്ചു. ദൈവജനത്തിന് അവൾ എന്നും നല്ലൊരു മാതൃകയായിരിക്കും. മറ്റുള്ളവരുടെ ദുഷ്പെരുമാറ്റം നമ്മുടെ ഭക്തിയെയും ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വങ്ങളെയും ബാധിക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം, പിടിച്ചുനിൽക്കാൻ നമ്മെ സഹായിക്കുന്ന പിടിവള്ളിതന്നെയായിരിക്കും നമുക്കു നഷ്ടമാകുന്നത്.
മലമ്പാതകളിലൂടെയുള്ള ദീർഘമായ യാത്രയ്ക്കുശേഷം ആ കുടുംബം ശീലോവിനടുത്തെത്തി. ഒരു കുന്നിൻമുകളിലായിരുന്നു ശീലോ സ്ഥിതിചെയ്തിരുന്നത്. അതിനു ചുറ്റും വേറെയും കുന്നുകളുണ്ടായിരുന്നു. ശീലോവിനോട് അടുക്കാറായപ്പോൾ യഹോവയോട് എന്താണ് പ്രാർഥിക്കേണ്ടതെന്ന് ഹന്നാ ചിന്തിച്ചിട്ടുണ്ടാകണം. ഒടുവിൽ അവർ സ്ഥലത്തെത്തി. എല്ലാവരും ആഹാരം കഴിച്ചു. ഉടനെതന്നെ ഹന്നാ എല്ലാവരെയും വിട്ട് സമാഗമനകൂടാരത്തിനടുത്തേക്കു നടന്നു. ആലയത്തിന്റെ വാതിൽക്കലായി മഹാപുരോഹിതൻ ഏലി ഇരിപ്പുണ്ടായിരുന്നു. അതൊന്നും പക്ഷേ ഹന്നായുടെ ശ്രദ്ധയിൽപ്പെട്ടില്ല. യഹോവയോട് ഹൃദയം തുറക്കുന്നതിനെക്കുറിച്ചു മാത്രമായിരുന്നു അവളുടെ ചിന്ത. സമാഗമനകൂടാരത്തിന് അടുത്തെത്തിയപ്പോൾ അവൾക്കു ധൈര്യം കൈവന്നു. ആരും തന്റെ വേദന മനസ്സിലാക്കിയില്ലെങ്കിലും സ്വർഗത്തിലുള്ള തന്റെ പിതാവ് അതു മനസ്സിലാക്കുമെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു. അവിടെ അവളുടെ ദുഃഖം അണപൊട്ടിയൊഴുകി.
വാക്കുകൾ പുറത്തുവന്നില്ലെങ്കിലും ഏങ്ങിയേങ്ങിക്കരഞ്ഞുകൊണ്ട് അവൾ ഹൃദയം യഹോവയുടെ മുമ്പാകെ തുറന്നു. ഉള്ളിലെ തീവ്രവേദന വാക്കുകളിലാക്കാൻ ശ്രമിക്കവെ അവളുടെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. ദീർഘനേരം അവൾ തന്റെ പിതാവിനോട് അങ്ങനെ സംസാരിച്ചുകൊണ്ടിരുന്നു. എന്നാൽ സന്താനങ്ങൾ ഉണ്ടാകാനുള്ള തന്റെ ആഗ്രഹം സഫലമാക്കണമേ എന്നു പ്രാർഥിക്കുക മാത്രമല്ല അവൾ ചെയ്തത്. യഹോവയിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കാൻ മാത്രമല്ല, അവയ്ക്കു പകരമായി തന്നെക്കൊണ്ടാകുന്നത് നൽകാനും അവൾക്ക് ഉത്കടമായ ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് അവൾ യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: ഒരു പുത്രൻ ജനിച്ചാൽ അവനെ അവന്റെ ആയുഷ്കാലം മുഴുവൻ യഹോവയുടെ സേവനത്തിനായി വിട്ടുകൊടുത്തുകൊള്ളാം.—1 ശമൂവേൽ 1:9-11.
പ്രാർഥനയുടെ കാര്യത്തിൽ എല്ലാ ദൈവദാസർക്കും ഹന്നാ ഒരു മികച്ച ദൃഷ്ടാന്തം വെച്ചിരിക്കുന്നു. ഒരു കുട്ടി തന്റെ അച്ഛനോട് ഉള്ളുതുറക്കുന്നതുപോലെ, ആകുലതകളും ആശങ്കകളുമെല്ലാം മടികൂടാതെ തന്നോടു തുറന്നുപറയാൻ യഹോവ തന്റെ ഓരോ ദാസനെയും വാത്സല്യപൂർവം ക്ഷണിക്കുന്നു. (സങ്കീർത്തനം 62:8; 1 തെസ്സലോനിക്യർ 5:17) “സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ” എന്ന് പത്രോസ് അപ്പൊസ്തലൻ എഴുതി.—1 പത്രോസ് 5:7.
എന്നാൽ നമ്മെ മനസ്സിലാക്കാനോ നമ്മോട് അനുകമ്പ കാണിക്കാനോ യഹോവയെപ്പോലെ മനുഷ്യർക്കു കഴിയില്ല. ഹന്നാ കരഞ്ഞു പ്രാർഥിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൾ ഞെട്ടി. മഹാപുരോഹിതനായ ഏലിയായിരുന്നു അത്. കുറെ നേരമായി ഏലി അവളെ നിരീക്ഷിക്കുകയായിരുന്നു. ഏലി അവളോട്, “നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ” എന്നു പറഞ്ഞു. ഹന്നായുടെ വൈകാരിക വിക്ഷുബ്ധത—അവൾ ഏങ്ങലടിക്കുന്നതും അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും—കണ്ട് തെറ്റിദ്ധരിച്ചതായിരുന്നു ഏലി. എന്താണ് അവളെ വിഷമിപ്പിക്കുന്നതെന്ന് ചോദിച്ചറിയുന്നതിനുപകരം അവൾക്ക് ലഹരിപിടിച്ചിരിക്കുകയാണെന്ന് അവൻ നിഗമനം ചെയ്തു.—1 ശമൂവേൽ 1:12-14.
അങ്ങനെയൊരു അവസ്ഥയിൽ അടിസ്ഥാനരഹിതമായ ആ ആരോപണം കേട്ട് ഹന്നായുടെ ഹൃദയം എത്ര നുറുങ്ങിയിട്ടുണ്ടാകണം! അതും അത്ര ശ്രേഷ്ഠമായ സ്ഥാനത്തുള്ള ഒരാൾ അങ്ങനെയൊക്കെ പറയുമ്പോൾ! ഇവിടെയും ഹന്നാ നമുക്കെല്ലാം ഒരു ഉത്തമമാതൃകയാകുന്നു. സഹമനുഷ്യരിൽ ഒരാളുടെ അപൂർണത, താനും യഹോവയുമായുള്ള ബന്ധത്തെ ഉലയ്ക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു. വിനയത്തോടും ആദരവോടും കൂടെ അവൾ ഏലിയോട് തന്റെ അവസ്ഥ വിവരിച്ചു. തന്റെ തെറ്റു മനസ്സിലാക്കിയപ്പോൾ ഏലി ഒരുപക്ഷേ ശാന്തനായിട്ടുണ്ടാകണം. അവൻ അവളോടു പറഞ്ഞു: “സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ.”—1 ശമൂവേൽ 1:15-17.
ഹന്നാ സമാഗമനകൂടാരത്തിങ്കൽച്ചെന്ന് തന്റെ ഹൃദയം യഹോവയോട് തുറക്കുകയും അവന് ആരാധന കഴിക്കുകയും ചെയ്തതിന് ഫലമുണ്ടായോ? ബൈബിൾ വിവരണം തുടർന്നു പറയുന്നു: “സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.” (1 ശമൂവേൽ 1:18) ഹന്നായുടെ ദുഃഖത്തിന് ശമനം വന്നു. തന്നെ ഭാരപ്പെടുത്തിയിരുന്ന ആകുലതകളുടെ ചുമട് അവൾ തന്നിലും ഏറെ ബലവാനായ തന്റെ സ്വർഗീയ പിതാവിനെ ഏൽപ്പിച്ചു. (സങ്കീർത്തനം 55:22) യഹോവയ്ക്ക് ചുമക്കാൻ പറ്റാത്തത്ര ഭാരമുള്ള ഏതെങ്കിലും പ്രശ്നമുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
ദുഃഖങ്ങൾ നമ്മെ നിരാശരാക്കുമ്പോൾ അല്ലെങ്കിൽ ഭാരപ്പെടുത്തുമ്പോൾ, ഹന്നായെപ്പോലെ നാമും “പ്രാർത്ഥന കേൾക്കുന്നവനായ” ദൈവത്തോട് ഹൃദയം തുറക്കണം. (സങ്കീർത്തനം 65:2) വിശ്വാസത്തോടെ നാം അതു ചെയ്യുമ്പോൾ, നമ്മുടെ ഹൃദയങ്ങളിൽനിന്ന് ദുഃഖം നീങ്ങിപ്പോകും. പകരം അതിൽ “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” വന്നുനിറയും.—ഫിലിപ്പിയർ 4:6, 7.
“നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല”
പിറ്റേന്നു രാവിലെ ഹന്നാ എൽക്കാനായെയും കൂട്ടി സമാഗമനകൂടാരത്തിങ്കൽ ചെന്നു. യഹോവയോടു കഴിച്ച അപേക്ഷയെയും നേർച്ചയെയും കുറിച്ച് അവൾ അവനോടു പറഞ്ഞിട്ടുണ്ടാകണം. മോശൈകന്യായപ്രമാണപ്രകാരം, ഭർത്താവിന്റെ അനുമതിയില്ലാതെ ഭാര്യ ഒരു നേർച്ച നേർന്നാൽ അത് പിൻവലിക്കാനുള്ള അധികാരം ഭർത്താവിന് ഉണ്ടായിരുന്നു. (സംഖ്യാപുസ്തകം 30:10-15) എന്നാൽ ദൈവഭക്തനായ എൽക്കാനാ അതു ചെയ്തില്ല. പകരം അവർ ഇരുവരും ഒരുമിച്ച് അവിടെ യഹോവയ്ക്ക് ആരാധനകഴിച്ചു. പിന്നെ അവർ വീട്ടിലേക്കു മടങ്ങി.
തന്റെ അടവ് ഇനി ഹന്നായുടെ അടുത്ത് വിലപ്പോകില്ലെന്ന് പെനിന്നായ്ക്ക് എപ്പോഴായിരിക്കാം മനസ്സിലായത്? അതേക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്നാൽ “അവളുടെ മുഖം പിന്നെ വാടിയതുമില്ല” എന്ന പ്രസ്താവന തെളിയിക്കുന്നത് പിന്നീടങ്ങോട്ട് ഹന്നാ ദുഃഖിച്ചുകഴിഞ്ഞില്ല എന്നാണ്. അതെ, തന്റെ ദുഷ്പെരുമാറ്റംകൊണ്ട് ഹന്നായ്ക്ക് ഒരു ദോഷവും വരുത്താൻ കഴിയില്ലെന്ന് പെനിന്നായ്ക്ക് താമസിയാതെ ബോധ്യമായി. ബൈബിളിൽ പിന്നെ അവളുടെ പേര് പരാമർശിച്ചിട്ടേയില്ല.
മാസങ്ങൾ കടന്നുപോയി. ഒരുദിവസം ഹന്നാ ആ സത്യം മനസ്സിലാക്കി. താൻ ഗർഭിണിയായിരിക്കുന്നു! അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു! തന്നെ അനുഗ്രഹിച്ച ദൈവത്തെ ആ സന്തോഷത്തിമിർപ്പിലും അവൾ മറന്നുപോയില്ല. കുട്ടി ജനിച്ചപ്പോൾ അവൾ അവന് ശമൂവേൽ (“ദൈവത്തിന്റെ നാമം” എന്ന് അർഥം) എന്നു പേരിട്ടു. തെളിവനുസരിച്ച് ആ പേര്, ഹന്നാ ചെയ്തതുപോലെ ദൈവനാമം വിളിച്ചപേക്ഷിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ആ വർഷം അവൾ എൽക്കാനായോടും കുടുംബത്തോടുമൊപ്പം ശീലോവിലേക്ക് പോയില്ല. കുട്ടിയുടെ മുലകുടി മാറുന്നതുവരെ, അതായത് അവന് മൂന്നു വയസ്സാകുന്നതുവരെ അവൾ വീട്ടിൽത്തന്നെ കഴിഞ്ഞു. പിന്നെ അവൾ തന്റെ ഓമനപ്പുത്രനെ വിട്ടുപിരിയേണ്ട ആ നാളിനായി മനസ്സുകൊണ്ട് ഒരുങ്ങാൻ തുടങ്ങി.
മകനിൽനിന്ന് അകന്നു ജീവിക്കുക എന്നത് അവളെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള കാര്യമായിരുന്നില്ല. ശീലോവിൽ കൊച്ചുശമൂവേലിന് ഒരു കുറവും വരില്ലെന്ന് ഹന്നായ്ക്ക് അറിയാമായിരുന്നു. കാരണം സമാഗമനകൂടാരത്തിങ്കൽ സേവിച്ചിരുന്ന സ്ത്രീകൾ അവനെ നന്നായി നോക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. പക്ഷേ അപ്പോഴും അവൻ ഒരു കൊച്ചുകുഞ്ഞായിരുന്നുവെന്ന് ഓർക്കണം. മാത്രമല്ല ഏത് അമ്മയ്ക്കാണ് സ്വന്തം മകനെ പിരിയാൻ മനസ്സുവരുക? എന്നാലും, ഹന്നായും എൽക്കാനായും നിറഞ്ഞ മനസ്സോടെതന്നെ തങ്ങളുടെ മകനെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു. അവിടെ അവർ യാഗങ്ങൾ അർപ്പിച്ചു. എന്നിട്ട് അവർ ശമൂവേലിനെ ഏലി പുരോഹിതനെ ഏൽപ്പിച്ചു. മൂന്നു വർഷംമുമ്പ് ഈ ബാലനുവേണ്ടിയാണ് താൻ ഇവിടെ പ്രാർഥിച്ചുകൊണ്ടുനിന്നതെന്ന കാര്യം ഹന്നാ അപ്പോൾ ഏലിയോടു പറഞ്ഞു.
തുടർന്ന് ഹന്നാ ഒരു പ്രാർഥന നടത്തി. തന്റെ നിശ്വസ്ത വചനത്തിൽ ആ പ്രാർഥന രേഖപ്പെടുത്താൻ യഹോവ തീരുമാനിച്ചു. 1 ശമൂവേൽ 2:1-10-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പ്രാർഥനയിലെ ഓരോ വാചകവും ഹന്നായുടെ വിശ്വാസത്തിന്റെ ആഴം നമുക്കു വെളിപ്പെടുത്തിത്തരുന്നു. യഹോവ തന്റെ ശക്തി ഉപയോഗിക്കുന്ന വിധത്തെ അവൾ പ്രകീർത്തിക്കുന്നു: അവൻ അഹങ്കാരികളെ താഴ്ത്തുകയും മർദിതരെ അനുഗ്രഹിക്കുകയും ചെയ്യുന്നു. അവൻ ജീവനെടുക്കുകയും ജീവൻ കൊടുക്കുകയും ചെയ്യുന്നു. തുടർന്ന് അവൾ തന്റെ പിതാവിനെ അവന്റെ പരിശുദ്ധിയെയും നീതിയെയും വിശ്വസ്തതയും പ്രതി വാഴ്ത്തുന്നു. “നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല” എന്ന് സ്വന്തം അനുഭവത്തിൽനിന്ന് ഹന്നായ്ക്ക് പറയാൻ കഴിഞ്ഞു. യഹോവ വിശ്വാസയോഗ്യനും മാറ്റമില്ലാത്തവനുമാണ്. സഹായത്തിനായി തന്നെ സമീപിക്കുന്ന മർദിതർക്കും അഗതികൾക്കും അവൻ ഒരു അഭയസ്ഥാനമാണ്.
യഹോവയിൽ ഇത്ര വിശ്വാസമുള്ള ഒരു അമ്മയെ ലഭിച്ച ശമൂവേൽ തീർച്ചയായും അനുഗൃഹീതനായിരുന്നു. വളർന്നുവരവെ അമ്മ അടുത്തുണ്ടായിരുന്നില്ലെങ്കിലും അമ്മ തന്നെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നതായി അവന് ഒരിക്കലും തോന്നിയില്ല. ഓരോ വർഷവും ഹന്നാ ശീലോവിലേക്കു വരുമായിരുന്നു. അപ്പോഴൊക്കെ അവളുടെ സഞ്ചിയിൽ കയ്യില്ലാത്ത ഒരു കുഞ്ഞിക്കുപ്പായവും ഉണ്ടാകും. അവളുടെ മകന് സമാഗമനകൂടാരത്തിൽ സേവിക്കുമ്പോൾ ഇടാനുള്ളതായിരുന്നു അത്. അതിന്റെ ഓരോ ഇഴയിലും ആ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഉണ്ടായിരുന്നു. (1 ശമൂവേൽ 2:19) അവൾ അത് തന്റെ മകനെ ഇടുവിക്കുന്നതും എന്നിട്ട് പതുക്കെ തട്ടി അതിന്റെ ചുളിവുകൾ തീർക്കുന്നതും പിന്നെ സ്നേഹം വഴിയുന്ന കണ്ണുകളോടെ അവനെ നോക്കിനിൽക്കുന്നതും മനസ്സിൽക്കാണുക. അപ്പോഴൊക്കെ ആ ഇളംമനസ്സിനെ ബലപ്പെടുത്തുന്ന വാക്കുകൾ പറയാനും അവൾ മറന്നുകാണില്ല. അങ്ങനെയൊരു അമ്മയെ കിട്ടിയ ശമൂവേൽ തീർച്ചയായും അനുഗൃഹീതനല്ലേ? തന്റെ മാതാപിതാക്കൾക്കും മുഴു ഇസ്രായേലിനും ഒരു അനുഗ്രഹമായി ശമൂവേൽ വളർന്നുവന്നു.
ഹന്നായ്ക്ക് പിന്നെയും യഹോവയിൽനിന്ന് അനുഗ്രഹങ്ങൾ ലഭിച്ചു. എൽക്കാനായിൽനിന്ന് അവൾക്ക് അഞ്ചുമക്കൾകൂടെ ജനിച്ചു. (1 ശമൂവേൽ 2:21) എന്നാൽ ഹന്നായ്ക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം അതൊന്നുമായിരുന്നില്ല. തന്റെ പിതാവായ യഹോവയുമായി അവൾക്കുണ്ടായിരുന്ന ബന്ധമായിരുന്നു ആ വലിയ അനുഗ്രഹം. വർഷങ്ങൾ കടന്നുപോകവെ അത് ഒന്നിനൊന്ന് ദൃഢമാകുകയും ചെയ്തു. ഹന്നായുടെ വിശ്വാസം അനുകരിക്കവെ നിങ്ങൾക്കും ആ അനുഗ്രഹം ലഭിക്കട്ടെ!
[അടിക്കുറിപ്പുകൾ]
a തന്റെ ജനത്തിനിടയിൽ ദൈവം കുറെക്കാലത്തേക്ക് ബഹുഭാര്യത്വം അനുവദിച്ചത് എന്തുകൊണ്ടാണെന്ന് അറിയാൻ 2009 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ദൈവം ബഹുഭാര്യത്വം അംഗീകരിക്കുന്നുണ്ടോ?” എന്ന ലേഖനം കാണുക.
b യഹോവ ഹന്നായുടെ ‘ഗർഭം അടച്ചിരുന്നു’ എന്ന് ബൈബിൾ പറയുന്നെങ്കിലും വിശ്വസ്തയായ ഈ എളിയ സ്ത്രീയോട് യഹോവയ്ക്ക് എന്തെങ്കിലും അപ്രീതി ഉണ്ടായിരുന്നതായി തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നേയില്ല. (1 ശമൂവേൽ 1:5) ഇങ്ങനെയുള്ള ചില കാര്യങ്ങൾ ദൈവം ചെയ്തിരിക്കുന്നതായി ബൈബിളിൽ പറഞ്ഞിരിക്കുന്നത്, അങ്ങനെ സംഭവിക്കാൻ അവൻ അനുവദിച്ചിരിക്കുന്നു എന്ന അർഥത്തിൽ മാത്രമാണ്.
c എൽക്കാനായുടെ സ്വദേശം റാമ (യേശുവിന്റെ നാളിൽ അരിമഥ്യ എന്ന് അറിയപ്പെടാനിടയായ സ്ഥലം) ആയിരിക്കാം എന്ന നിഗമനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ദൂരക്കണക്ക്.
[27-ാം പേജിലെ ചതുരം]
ശ്രദ്ധേയമായ രണ്ടുപ്രാർഥനകൾ
1 ശമൂവേൽ 1:11-ലും 2:1-10-ലും ആയി രേഖപ്പെടുത്തിയിരിക്കുന്ന ഹന്നായുടെ പ്രാർഥനകളിൽ ശ്രദ്ധേയമായ നിരവധി കാര്യങ്ങളുണ്ട്. അതിൽ ഏതാനും ചിലത് ഇതാണ്:
◼ ആദ്യത്തെ പ്രാർഥനയിൽ അവൾ യഹോവയെ “സൈന്യങ്ങളുടെ യഹോവേ” എന്നു സംബോധന ചെയ്തിരിക്കുന്നു. ആ സ്ഥാനപ്പേര് ഉപയോഗിച്ചിരിക്കുന്നതായി ബൈബിൾ രേഖപ്പെടുത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഹന്നാ. തിരുവെഴുത്തുകളിൽ മൊത്തം 285 പ്രാവശ്യം ദൈവത്തിന്റെ ഈ സ്ഥാനപ്പേര് കാണാം. ആത്മപുത്രന്മാരുടെ മഹാസൈന്യത്തിന്മേൽ യഹോവയ്ക്കുള്ള അധികാരത്തെയാണ് ഇതു കുറിക്കുന്നത്.
◼ ഹന്നാ രണ്ടാമത്തെ പ്രാർഥന നടത്തിയത് അവൾക്കൊരു പുത്രൻ ജനിച്ചപ്പോഴല്ല ശീലോവിൽ ദൈവസേവനത്തിനായി അവനെ അർപ്പിച്ചപ്പോഴായിരുന്നു എന്നതു ശ്രദ്ധേയമാണ്. തന്നെ എതിരാളിയായി കണ്ട പെനിന്നായുടെ വായടപ്പിക്കാൻ കഴിഞ്ഞു എന്നതല്ല ഹന്നായെ സന്തോഷിപ്പിച്ചത്, പകരം യഹോവയാൽ അനുഗ്രഹിക്കപ്പെട്ടു എന്നതാണ്.
◼ “എന്റെ കൊമ്പു യഹോവയാൽ ഉയർന്നിരിക്കുന്നു” എന്നു ഹന്നാ പറഞ്ഞപ്പോൾ, കരുത്തുറ്റ കൊമ്പുകളുള്ള ഒരു കാളക്കൂറ്റന്റെ ചിത്രമായിരിക്കാം അവളുടെ മനസ്സിലുണ്ടായിരുന്നത്. ‘യഹോവ എന്നെ ശക്തയാക്കിയിരിക്കുന്നു’ എന്നാണ് ഫലത്തിൽ അവൾ പറഞ്ഞത്.—1 ശമൂവേൽ 2:1.
◼ ദൈവത്തിന്റെ ‘അഭിഷിക്തനെ’ കുറിച്ചുള്ള ഹന്നായുടെ വാക്കുകൾക്ക് പ്രാവചനിക പ്രാധാന്യമുള്ളതായി കാണാം. “മിശിഹാ” എന്നതിനുള്ള പദംതന്നെയാണ് ഹന്നാ ഇവിടെ ഉപയോഗിച്ചത്. ഭാവിയിൽ അഭിഷിക്തനാകാനിരുന്ന രാജാവിനെക്കുറിച്ചുള്ള ബൈബിളിലെ ആദ്യത്തെ പരാമർശമാണിത്.—1 ശമൂവേൽ 2:10.
◼ ഏതാണ്ട് 1,000 വർഷത്തിനുശേഷം യേശുവിന്റെ അമ്മയായ മറിയ, യഹോവയെ സ്തുതിച്ചുകൊണ്ട് ഹന്നായുടേതുപോലുള്ള ഒരു പ്രാർഥന നടത്തുകയുണ്ടായി.—ലൂക്കോസ് 1:46-55.
[26-ാം പേജിലെ ചിത്രം]
ഹന്നായുടെ വന്ധ്യത അവളെ ഏറെ വേദനിപ്പിച്ചിരുന്നു; പെനിന്നായാകട്ടെ ആ വേദന കൂട്ടാൻ അവളെ സ്ഥിരം ദ്രോഹിച്ചുകൊണ്ടിരുന്നു
[26, 27 പേജുകളിലെ ചിത്രം]
ഏലി തെറ്റിദ്ധരിച്ചെങ്കിലും ഹന്നാ മുഷിഞ്ഞില്ല
[27-ാം പേജിലെ ചിത്രം]
ഉള്ളുതുറന്നു പ്രാർഥിക്കുന്നതിൽ നിങ്ങൾക്ക് ഹന്നായെ അനുകരിക്കാനാകുമോ?