മക്കളെ പഠിപ്പിക്കാൻ
മറ്റുള്ളവരോടു പറയാവുന്ന ഒരു രഹസ്യം!
നിങ്ങളോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞിട്ടുണ്ടോ?—a ഇപ്പോൾ ഞാൻ ഒരു രഹസ്യം പറയാം. “യുഗങ്ങളായി മറഞ്ഞിരുന്നതും ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നതുമായ പാവനരഹസ്യം” എന്നാണ് ബൈബിൾ അതിനെപ്പറ്റി പറയുന്നത്. (റോമർ 16:25) മുമ്പ് ദൈവത്തിനു മാത്രമേ ഈ “പാവനരഹസ്യം” അറിയാമായിരുന്നുള്ളൂ. എന്നാൽ ഈ രഹസ്യം പലരെയും അറിയിക്കാൻ ദൈവം ആഗ്രഹിച്ചു. അതിനുവേണ്ടി ദൈവം എന്താണ് ചെയ്തതെന്ന് നമുക്കു നോക്കാം.
“പാവനം” എന്ന വാക്കിന്റെ അർഥം അറിയാമോ?— വിശുദ്ധമായത് അല്ലെങ്കിൽ വളരെ വിശേഷപ്പെട്ടത് എന്നൊക്കെയാണ് അതിന്റെ അർഥം. വിശുദ്ധനായ ദൈവത്തിൽനിന്നുള്ളത് ആയതുകൊണ്ടാണ് ഈ രഹസ്യത്തെ പാവനരഹസ്യം എന്നു വിളിക്കുന്നത്. ഈ രഹസ്യം അറിയാൻ ആർക്കൊക്കെ താത്പര്യമുണ്ടായിരുന്നു?—സ്വർഗത്തിലെ ദൂതന്മാർക്ക്. ഈ പാവനരഹസ്യം അറിയാൻ അവർ വലിയ താത്പര്യം കാണിച്ചിട്ടുണ്ടെന്ന് ബൈബിൾ പറയുന്നു.—1 പത്രോസ് 1:12.
ഭൂമിയിൽ വന്നപ്പോൾ യേശു ഈ രഹസ്യത്തെക്കുറിച്ചു കുറെ കാര്യങ്ങൾ വെളിപ്പെടുത്തി. ശിഷ്യന്മാരോടായി അവൻ ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള പാവനരഹസ്യം ഗ്രഹിക്കാനുള്ള അനുഗ്രഹം ലഭിച്ചതു നിങ്ങൾക്കത്രേ.” (മർക്കോസ് 4:11) എന്തിനെക്കുറിച്ചുള്ളതാണ് ആ രഹസ്യം എന്നു മനസ്സിലായോ?—ദൈവരാജ്യത്തെക്കുറിച്ച്. ആ രാജ്യത്തിനുവേണ്ടി പ്രാർഥിക്കാനാണ് യേശു നമ്മെ പഠിപ്പിച്ചത്.—മത്തായി 6:9, 10.
യേശു ഭൂമിയിൽ വന്ന് ആ രഹസ്യത്തെപ്പറ്റി സംസാരിക്കുന്നതുവരെ ദൈവരാജ്യം ‘യുഗങ്ങളോളം’ ഒരു രഹസ്യമായിരുന്നു. അത് എങ്ങനെ? നമുക്കു നോക്കാം. ആദാമും ഹവ്വായും അനുസരണക്കേട് കാണിച്ചതുകൊണ്ട് ദൈവം അവരെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കിയെങ്കിലും ദൈവം ഭൂമിയെ ഒരു പറുദീസയാക്കും എന്ന് ദൈവത്തിന്റെ ദാസന്മാർക്ക് അറിയാമായിരുന്നു. (ഉല്പത്തി 1:26-28; 2:8, 9; യെശയ്യാവു 45:18) ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ ലഭിക്കാൻപോകുന്ന അനുഗ്രഹങ്ങളെക്കുറിച്ച് അവർ ബൈബിളിൽ എഴുതിയിട്ടുണ്ട്.—സങ്കീർത്തനം 37:11, 29; യെശയ്യാവു 11:6-9; 25:8; 33:24; 65:21-24.
ഇനി, ദൈവരാജ്യത്തിന്റെ രാജാവായി ദൈവം തിരഞ്ഞെടുത്തിരിക്കുന്നത് ആരെയാണ്?—പുത്രനായ യേശുക്രിസ്തുവിനെ. “സമാധാനപ്രഭു” എന്നാണ് ബൈബിൾ അവനെ വിളിക്കുന്നത്. “ആധിപത്യം അവന്റെ തോളിൽ ഇരിക്കും” എന്നും ബൈബിൾ പറയുന്നു. (യെശയ്യാവു 9:6, 7) ദൈവത്തിന്റെ ‘പാവനരഹസ്യമായ ക്രിസ്തുവിനെക്കുറിച്ചുള്ള’ എല്ലാ കാര്യങ്ങളും നാം നന്നായി മനസ്സിലാക്കണം. (കൊലോസ്യർ 2:2) സ്വർഗത്തിലായിരിക്കെ യേശു ശക്തനായ ഒരു ദൈവദൂതനായിരുന്നു. പിന്നീട് ദൈവം, തന്റെ പുത്രന്റെ ജീവൻ മറിയയുടെ ഉദരത്തിലേക്കു മാറ്റി. നമുക്കുവേണ്ടി മരിക്കാനാണ് ദൈവം അവനെ ഭൂമിയിലേക്ക് അയച്ചത്. യേശുവിന്റെ ആ ബലിമരണം നമുക്ക് നിത്യജീവൻ നൽകിത്തരും.—മത്തായി 20:28; യോഹന്നാൻ 3:16; 17:3.
പാവനരഹസ്യത്തെക്കുറിച്ച് നാം അറിയേണ്ട വേറെയും ചില കാര്യങ്ങളുണ്ട്: പുനരുത്ഥാനം പ്രാപിച്ച് സ്വർഗത്തിലായിരിക്കുന്ന യേശുവിനോടൊപ്പം ഭരിക്കുന്നതിനായി ചില പുരുഷന്മാരും സ്ത്രീകളും കൂടെ സ്വർഗത്തിൽ പോകും.—എഫെസ്യർ 1:8-12.
അവരിൽ ചിലരുടെ പേരുകൾ ബൈബിൾ പറയുന്നുണ്ട്. യേശുവിന്റെ അപ്പൊസ്തലന്മാർ അതിൽപ്പെടും. താൻ അവർക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുകയാണെന്ന് യേശു അവരോടു പറഞ്ഞു. (യോഹന്നാൻ 14:2, 3) താഴെക്കൊടുത്തിരിക്കുന്ന ബൈബിൾ വാക്യങ്ങൾ നോക്കിയാൽ യേശുവിനോടുകൂടെ ദൈവരാജ്യത്തിൽ ഭരിക്കാൻപോകുന്ന ചിലരുടെ പേരുകൾ കാണാം.—മത്തായി 10:2-4; മർക്കോസ് 15:39-41; യോഹന്നാൻ 19:25.
യേശുവിനോടൊപ്പം ഭരിക്കാനിരിക്കുന്നവരുടെ എണ്ണം എത്രയാണെന്ന് കാലങ്ങളോളം ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ നമുക്ക് അത് അറിയാം. നിങ്ങൾക്ക് അത് അറിയാമോ?—അത് 1,44,000 പേരാണ്. ഈ അറിവും ആ പാവനരഹസ്യത്തിൽ ഉൾപ്പെടുന്നു.—വെളിപാട് 14:1, 4.
“ദൈവരാജ്യത്തെക്കുറിച്ചുള്ള പാവനരഹസ്യം” ആണ് നമുക്ക് അറിയാനാകുന്നതിൽവെച്ച് ഏറ്റവും വിശേഷപ്പെട്ട രഹസ്യം, എന്താ ശരിയല്ലേ?—അതുകൊണ്ട് ഈ പാവനരഹസ്യത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം. അപ്പോൾ കഴിയുന്നത്ര ആളുകളോട് ഈ രഹസ്യത്തെക്കുറിച്ചു പറയാൻ നമുക്കു കഴിയും.
a നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനുശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.