ഏദെൻ തോട്ടവും നിങ്ങളും
ഏദെൻ തോട്ടത്തെക്കുറിച്ചുള്ള വിവരണത്തിന് എതിരെ വിചിത്രമായ ചില ആരോപണങ്ങൾ ഉയർന്നുകേൾക്കാറുണ്ട്. അതിൽ ഒന്ന് ഇതാണ്, ആ വിവരണത്തെ ബൈബിളിലെ മറ്റു ഭാഗങ്ങൾ പിന്തുണയ്ക്കുന്നില്ല. ഉദാഹരണത്തിന്, ഒരു മതപഠന പ്രൊഫസറായ പോൾ മോറിസ് എഴുതുന്നു: “ഏദെൻ തോട്ടത്തെക്കുറിച്ച് ബൈബിളിൽ പിന്നീട് ഒരിടത്തും നേരിട്ട് പരാമർശമില്ല.” “വിദഗ്ധർ” എന്ന് അവകാശപ്പെടുന്ന പലരും അതിനോടു യോജിച്ചേക്കാമെങ്കിലും അതു വസ്തുതകളുമായി ഒരുതരത്തിലും ചേരുന്നില്ല എന്നതാണു സത്യം.
കാരണം ഏദെൻ തോട്ടത്തെക്കുറിച്ചും ആദാം, ഹവ്വ എന്നിവരെക്കുറിച്ചും സർപ്പത്തെക്കുറിച്ചുംa ഒക്കെ ബൈബിളിൽ ധാരാളം പരാമർശങ്ങൾ ഉണ്ട്. എന്നാൽ ഉൽപത്തി പുസ്തകത്തിലെ വിവരണത്തിനെതിരെ ചില പണ്ഡിതന്മാർ ഉന്നയിച്ച തെറ്റായ ഈ ആരോപണം മുഴു ബൈബിളിനും എതിരെയുള്ള ഒരു ആരോപണമായിത്തീർന്നിരിക്കുകയാണ്. എങ്ങനെ?
ഏദെൻ തോട്ടത്തിൽവെച്ച് സംഭവിച്ചത് എന്താണെന്നു മനസ്സിലാക്കിയാൽ മാത്രമേ ബൈബിളിന്റെ മറ്റു ഭാഗങ്ങളിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു സാധിക്കുകയുള്ളൂ. ഉദാഹരണത്തിന്, മനുഷ്യകുലത്തിന് മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ പറ്റുന്ന വിധത്തിലാണു ദൈവം തന്റെ വചനമായ ബൈബിൾ തയ്യാറാക്കിയിരിക്കുന്നത്. രസകരമായ കാര്യം, ആ ചോദ്യങ്ങൾക്കെല്ലാം ബൈബിൾ തരുന്ന ഉത്തരങ്ങൾ വീണ്ടുംവീണ്ടും വിരൽചൂണ്ടുന്നത് ഏദെൻ തോട്ടത്തിൽ നടന്ന സംഭവങ്ങളിലേക്കാണ്. അതിനു ചില ഉദാഹരണങ്ങൾ നോക്കാം.
● നമുക്ക് വയസ്സാകുന്നതും മരിക്കുന്നതും എന്തുകൊണ്ട്? യഹോവയെ അനുസരിച്ച് ജീവിക്കുകയായിരുന്നെങ്കിൽ ആദാമിനും ഹവ്വയ്ക്കും എന്നെന്നും ജീവിച്ചിരിക്കാമായിരുന്നു. അനുസരണക്കേടു കാണിച്ചാൽ മാത്രമേ അവർ മരിക്കുമായിരുന്നുള്ളൂ. അനുസരണക്കേടു കാണിച്ച ദിവസം മുതൽ അവർ മരണത്തിലേക്കു നടന്നടുക്കാൻ തുടങ്ങി. (ഉൽപത്തി 2:16, 17; 3:19) പൂർണത നഷ്ടമായതുകൊണ്ട് അവർക്ക് പിന്നെ പാപവും അപൂർണതയും മാത്രമേ തങ്ങളുടെ മക്കൾക്ക് കൈമാറാനാകുമായിരുന്നുള്ളൂ. അതിനെക്കുറിച്ച് ബൈബിൾ പറയുന്നു: “ഒരു മനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ എല്ലാവരും പാപം ചെയ്തതുകൊണ്ട് മരണം എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു.”—റോമർ 5:12.
● ദൈവം ദുഷ്ടത അനുവദിക്കുന്നത് എന്തുകൊണ്ട്? തന്റെ സൃഷ്ടികൾക്ക് അർഹതപ്പെട്ട നല്ല കാര്യങ്ങൾ പിടിച്ചുവെക്കുന്ന ഒരു നുണയനാണു ദൈവമെന്ന് ഏദെൻ തോട്ടത്തിൽവെച്ച് സാത്താൻ ആരോപിച്ചു. (ഉൽപത്തി 3:3-5) യഹോവ ഭരിക്കുന്ന രീതി ശരിയല്ലെന്നാണു സാത്താൻ അതിലൂടെ പറഞ്ഞുവെച്ചത്. ആദാമും ഹവ്വയും സാത്താന്റെ പക്ഷം ചേർന്നു. അതിലൂടെ അവരും യഹോവയുടെ പരമാധികാരത്തിന് കീഴ്പെടാൻ വിസമ്മതിക്കുകയായിരുന്നു. ശരിയും തെറ്റും സ്വയം തീരുമാനിക്കാൻ ഞങ്ങൾക്ക് അറിയാമെന്ന് അവർ പറയുന്നതുപോലെയായിരുന്നു അത്. ഈ വെല്ലുവിളിക്ക് ഉത്തരം കൊടുക്കാൻ ഒറ്റ വഴിയേ ഉള്ളൂ എന്ന് നീതിയിൽ വിട്ടുവീഴ്ച ചെയ്യാത്ത, സർവജ്ഞാനിയായ യഹോവയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് സമയം കടന്നുപോകാൻ യഹോവ അനുവദിച്ചു. മനുഷ്യർക്ക് അവർ ആഗ്രഹിച്ചതുപോലെ അവരെത്തന്നെ ഭരിക്കാനുള്ള അവസരവും കൊടുത്തു. ഫലമോ? എങ്ങും ദുഷ്ടതയാണു നമ്മൾ കാണുന്നത്. സാത്താന്റെ സ്വാധീനത്തിൻ കീഴിൽ മനുഷ്യൻതന്നെ മനുഷ്യനെ ഭരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. ദൈവത്തിന്റെ സഹായമില്ലാതെ മനുഷ്യനു മനുഷ്യനെത്തന്നെ ഭരിക്കാൻ കഴിയില്ല എന്ന്.—യിരെമ്യ 10:23.
● ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം എന്താണ്? മുഴു ഭൂമിയും ഏദെൻ തോട്ടംപോലെ മനോഹരമാകണം എന്നതായിരുന്നു ദൈവത്തിന്റെ ആഗ്രഹം. ആദാമിനും ഹവ്വയ്ക്കും മക്കൾ ഉണ്ടാകണമെന്നും അവർ ഭൂമി മുഴുവൻ നിറഞ്ഞ് അതിനെ ‘അടക്കിഭരിക്കണമെന്നും’ ദൈവം പറഞ്ഞു. അതിലൂടെ ഭൂമി മുഴുവനും ഏദെൻ തോട്ടംപോലെ മനോഹരമാക്കാനുള്ള ഒരു നിയോഗമാണ് ദൈവം അവർക്കു കൊടുത്തത്. (ഉൽപത്തി 1:28) അതുകൊണ്ട് ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം, ഭൂമി മുഴുവൻ ഒരു പറുദീസയായി മാറണമെന്നും അവിടെ ആദാമിന്റെയും ഹവ്വയുടെയും പൂർണതയുള്ള മക്കൾ നല്ല ഐക്യത്തോടെ കഴിയണമെന്നും ആണ്. തുടക്കത്തിൽ ദൈവത്തിന് ഉണ്ടായിരുന്ന ആ ഉദ്ദേശ്യം എങ്ങനെ നടപ്പാകുമെന്നാണു ബൈബിൾ പ്രധാനമായും നമ്മളോടു വിവരിക്കുന്നത്.
● യേശുക്രിസ്തു എന്തിനാണു ഭൂമിയിലേക്കു വന്നത്? ഏദെൻ തോട്ടത്തിൽ വെച്ച് ദൈവത്തോടു കാണിച്ച ധിക്കാരം കാരണം ആദാമിനും ഹവ്വയ്ക്കും അവരുടെ മക്കൾക്കും മരണശിക്ഷ ഏറ്റുവാങ്ങേണ്ടിവന്നു. പക്ഷേ സ്നേഹവാനായ ദൈവം അവർക്കു പ്രതീക്ഷയ്ക്കുള്ള വക നൽകി. ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു. മനുഷ്യരുടെ തെറ്റിന് പരിഹാരമായി യേശു ഒരു വിലയൊടുക്കി. ബൈബിൾ അതിനെ മോചനവില എന്നാണു വിളിക്കുന്നത്. (മത്തായി 20:28) എന്താണ് അതിന്റെ പ്രസക്തി? യേശുവിനെ “അവസാനത്തെ ആദാം” എന്നാണു വിളിച്ചിരിക്കുന്നത്. കാരണം ആദാം പരാജയപ്പെട്ടിടത്ത് യേശു വിജയിച്ചു. യഹോവയോട് എപ്പോഴും അനുസരണമുള്ളവനായിരുന്നുകൊണ്ട് യേശു തന്റെ പൂർണ മനുഷ്യജീവൻ നഷ്ടപ്പെടാതെ കാത്തു. എന്നിട്ട് ഒരു മടിയും കൂടാതെ തന്റെ ജീവൻ ഒരു മോചനവിലയായി ബലി കൊടുത്തു. അതിലൂടെ വിശ്വസ്തരായ എല്ലാ മനുഷ്യർക്കും അവരുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുമായിരുന്നു. പാപം ചെയ്യുന്നതിനു മുമ്പ് ഏദെൻ തോട്ടത്തിൽവെച്ച് ആദാമും ഹവ്വയും ആസ്വദിച്ചിരുന്നതുപോലുള്ള ഒരു ജീവിതം പിന്നീട് അവർക്കും കിട്ടും. (1 കൊരിന്ത്യർ 15:22, 45; യോഹന്നാൻ 3:16) ഭൂമി മുഴുവൻ ഏദെൻ തോട്ടം പോലെയുള്ള ഒരു പറുദീസയായി മാറണമെന്ന യഹോവയുടെ ഉദ്ദേശ്യം അങ്ങനെ നടപ്പാകുമെന്ന് യേശു ഉറപ്പാക്കി.
ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നടപ്പാകുമെന്ന് ഉറപ്പാണ്. അതു യാഥാർഥ്യവുമായി ബന്ധമില്ലാത്ത വെറുമൊരു ദൈവശാസ്ത്ര വിശ്വാസമല്ല. ഏദെൻ തോട്ടം ജീവനുള്ള മനുഷ്യരും മൃഗങ്ങളും ഒക്കെയുള്ള ഭൂമിയിലെ ഒരു യഥാർഥ സ്ഥലമായിരുന്നതുപോലെ ഭൂമിയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനവും ഉറപ്പായും യാഥാർഥ്യമാകും. അതിന് ഇനി അധികം താമസമില്ല. നിങ്ങൾക്കും അവിടെ ആയിരിക്കാൻ ആഗ്രഹമില്ലേ? ആ തീരുമാനം നിങ്ങളുടെയാണ്. എന്തായാലും എല്ലാവരുംതന്നെ അവിടെ ഉണ്ടായിരിക്കാനാണു ദൈവം ആഗ്രഹിക്കുന്നത്. ജീവിതത്തിൽ മോശമായ കാര്യങ്ങൾ ചെയ്തവർപോലും.—1 തിമൊഥെയൊസ് 2:3, 4.
മരണമടുത്ത സമയത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളിയോടു യേശു സംസാരിച്ചു. താൻ മരണശിക്ഷയ്ക്ക് അർഹനാണെന്ന് അറിയാമായിരുന്നെങ്കിലും ഒരൽപ്പം ആശ്വാസത്തിനുവേണ്ടി പ്രതീക്ഷയോടെ അദ്ദേഹം യേശുവിനോടു സംസാരിച്ചു. എന്തായിരുന്നു മറുപടി? “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” (ലൂക്കോസ് 23:43) ഒന്നു ചിന്തിച്ചുനോക്കൂ, അയാൾ ഒരു കുറ്റവാളിയായിരുന്നു. എന്നിട്ടുപോലും അയാൾ പുനരുത്ഥാനപ്പെട്ട് ഏദെൻ തോട്ടം പോലുള്ള ഒരു പറുദീസയിൽ എന്നെന്നും ജീവിച്ചിരിക്കാൻ യേശു ആഗ്രഹിച്ചെങ്കിൽ നിങ്ങൾക്കും അതേ അനുഗ്രഹം കിട്ടാൻ യേശു ആഗ്രഹിക്കില്ലേ? തീർച്ചയായും. യേശുവിന്റെ പിതാവും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. അവിടെ ആയിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഏദെൻ തോട്ടം ഉണ്ടാക്കിയ നമ്മുടെ ദൈവത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കുക.
[അടിക്കുറിപ്പ്]
a ഉദാഹരണത്തിന്, ഉൽപത്തി 13:10; ആവർത്തനം 32:8; 2 ശമുവേൽ 7:14, അടിക്കുറിപ്പ്; 1 ദിനവൃത്താന്തം 1:1; യശയ്യ 51:3; യഹസ്കേൽ 28:13; 31:8, 9; ലൂക്കോസ് 3:38; റോമർ 5:12-14; 1 കൊരിന്ത്യർ 15:22, 45; 2 കൊരിന്ത്യർ 11:3; 1 തിമൊഥെയൊസ് 2:13, 14; യൂദ 14; വെളിപാട് 12:9 എന്നീ ഭാഗങ്ങൾ കാണുക.
[ചതുരം/ചിത്രം]
ബൈബിളിനെ കോർത്തിണക്കുന്ന ഒരു പ്രവചനം
“ഞാൻ നിനക്കും (സർപ്പത്തിനും) സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ ഉപ്പൂറ്റി ചതയ്ക്കും.”—ഉൽപത്തി 3:15
ഏദെൻ തോട്ടത്തിൽവെച്ച് ദൈവം പറഞ്ഞ ഈ വാക്കുകൾ ബൈബിളിലെ ആദ്യപ്രവചനമാണ്. ആരൊക്കെയാണ് അതിലെ നാലു കഥാപാത്രങ്ങൾ? സ്ത്രീ, സ്ത്രീയുടെ സന്തതി, സർപ്പം, സർപ്പത്തിന്റെ സന്തതി. അവിടെ “ശത്രുത” എന്നു പറയുന്നത് എന്തിനെക്കുറിച്ചാണ്?
സർപ്പം
പിശാചായ സാത്താൻ.—വെളിപാട് 12:9.
സ്ത്രീ
സ്വർഗത്തിലെ ആത്മവ്യക്തികൾ അടങ്ങിയ, യഹോവയുടെ സംഘടന. (ഗലാത്യർ 4:26, 27) ഈ “സ്ത്രീ”യെക്കുറിച്ച് യശയ്യയും പറയുന്നുണ്ട്. അവൾ ഭാവിയിൽ ഒരു ആത്മീയജനതയെ പ്രസവിക്കുമെന്നാണ് യശയ്യ പ്രവചിച്ചത്.—യശയ്യ 54:1; 66:8.
സർപ്പത്തിന്റെ സന്തതി
സാത്താന്റെ ഇഷ്ടം ചെയ്യാൻ തീരുമാനിക്കുന്നവർ.—യോഹന്നാൻ 8:44.
സ്ത്രീയുടെ സന്തതി
മുഖ്യമായും യേശുക്രിസ്തു. യഹോവയുടെ സംഘടനയുടെ സ്വർഗീയഭാഗത്തുനിന്ന് വന്നതുകൊണ്ട് യേശു ആ സ്ത്രീയുടെ സന്തതിയാണ്. ക്രിസ്തുവിനോടൊപ്പം സ്വർഗത്തിലിരുന്ന് ഭരിക്കുന്ന ക്രിസ്തുവിന്റെ ആത്മീയസഹോദരന്മാരും ആ “സന്തതി”യുടെ ഭാഗമാണ്. ആത്മാവിനാൽ അഭിഷിക്തരായ ആ ക്രിസ്ത്യാനികളെ മൊത്തത്തിൽ ഒരു ആത്മീയ ജനതയായി കണക്കാക്കാം. “ദൈവത്തിന്റെ ഇസ്രായേൽ” എന്നാണ് അവർ അറിയപ്പെടുന്നത്.—ഗലാത്യർ 3:16, 29; 6:16; ഉൽപത്തി 22:18.
ഉപ്പൂറ്റി ചതയ്ക്കുന്നു
മിശിഹയ്ക്കു വേദനാകരമായ ഒരു പ്രഹരമേൽക്കുന്നു. എന്നാൽ ആ പരിക്ക് താത്കാലികമായിരിക്കുമായിരുന്നു. കാരണം, ഭൂമിയിൽവെച്ച് യേശുവിനെ വധിക്കുന്നതിൽ സാത്താൻ വിജയിച്ചെങ്കിലും യേശു ഉയിർപ്പിക്കപ്പെട്ടു.
തല തകർക്കുന്നു
സാത്താനു മാരകമായ ഒരു പ്രഹരമേൽക്കുന്നു. യേശു സാത്താനെ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. സാത്താൻ ഏദെൻമുതൽ വരുത്തിയ എല്ലാ ദോഷങ്ങളുടെയും ഫലങ്ങൾ ഇല്ലാതാക്കിയതിനു ശേഷമായിരിക്കും യേശു സാത്താനെ വധിക്കുന്നത്.—1 യോഹന്നാൻ 3:8; വെളിപാട് 20:10.
ബൈബിളിന്റെ കേന്ദ്രവിഷയത്തെക്കുറിച്ച് വളരെ ലളിതമായി മനസ്സിലാക്കാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ നൽകുന്ന സന്ദേശം എന്ന ലഘുപത്രിക കാണുക.
[ചിത്രം]
ആദാമിനും ഹവ്വയ്ക്കും പാപത്തിന്റെ ദാരുണഫലങ്ങൾ അനുഭവിക്കേണ്ടിവന്നു