ജീവിതകഥ
യഹൂദന്റെ വസ്ത്രാഗ്രം പിടിച്ച് എഴുപതു വർഷം
ലെനാർഡ് സ്മിത്ത് പറഞ്ഞപ്രകാരം
കൗമാരത്തിന്റെ ആരംഭത്തിൽ എന്നെ സ്വാധീനിച്ച രണ്ട് തിരുവെഴുത്തുഭാഗങ്ങൾ 70-ലേറെ വർഷങ്ങൾക്കിപ്പുറം ഇന്നും ഞാൻ ഓർക്കുന്നു. സെഖര്യാവു 8:23 ആണ് അതിലൊന്ന്. ഒരു യഹൂദന്റെ വസ്ത്രാഗ്രം പിടിച്ചിരിക്കുന്ന പത്തുപേരെക്കുറിച്ചുള്ളതാണ് ആ വാക്യം. “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു” എന്ന് അവർ ആ യഹൂദനോട് പറയുന്നതായി തിരുവെഴുത്ത് രേഖപ്പെടുത്തുന്നു.
‘യഹൂദൻ’ അഭിഷിക്ത ക്രിസ്ത്യാനികളെയും “പത്തുപേർ” ‘വേറെ ആടുകളെയും’ (അന്ന് “യോനാദാബുകൾ” എന്നാണ് അറിയപ്പെട്ടിരുന്നത്) പ്രതീകപ്പെടുത്തുന്നു.a (യോഹ. 10:16) ഈ സത്യം മനസ്സിലാക്കിയത് എന്റെ ജീവിതത്തിലെ വഴിത്തിരിവായി. ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള എന്റെ പ്രത്യാശ, അഭിഷിക്ത വർഗത്തെ ഞാൻ എത്ര വിശ്വസ്തമായി പിന്തുണയ്ക്കുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന വസ്തുത എനിക്കു ബോധ്യമായി.
മത്തായി 25:31-46-ലെ ‘ചെമ്മരിയാടുകളെയും’ ‘കോലാടുകളെയും’ കുറിച്ചുള്ള യേശുവിന്റെ ഉപമയും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ഭൂമിയിൽ ശേഷിച്ചിട്ടുള്ള, യേശുവിന്റെ അഭിഷിക്ത സഹോദരന്മാർക്ക് നന്മ ചെയ്യുന്നതിന്റെ ഫലമായി അന്ത്യകാലത്ത് അനുകൂലവിധിക്ക് അർഹരാകുന്നവരെയാണ് ‘ചെമ്മരിയാടുകൾ’ പ്രതിനിധാനം ചെയ്യുന്നത്. യോനാദാബ് വർഗത്തിൽപ്പെട്ട ഞാൻ എന്നോടുതന്നെ പറയുമായിരുന്നു: ‘ലെൻ, യേശു നിന്നെ ഒരു ചെമ്മരിയാടായി കാണണമെങ്കിൽ നീ അവന്റെ അഭിഷിക്ത സഹോദരന്മാരെ പിന്തുണയ്ക്കുകയും അവരുടെ നേതൃത്വത്തിന് കീഴ്പെടുകയും വേണം; കാരണം, ദൈവം അവരോടുകൂടെയുണ്ട്.’ ഈ തിരിച്ചറിവ്, കഴിഞ്ഞ 70-ലധികം വർഷങ്ങളായി എനിക്ക് ഒരു മാർഗദീപമായിരുന്നിട്ടുണ്ട്.
‘എന്റെ സ്ഥാനം എന്താണ്?’
1925-ലാണ് അമ്മ സ്നാനമേൽക്കുന്നത്, ബെഥേലിലെ മീറ്റിങ് ഹാളിൽവെച്ച്. ‘ലണ്ടൻ ടാബർണാക്ക്ൾ’ എന്ന് അറിയപ്പെട്ടിരുന്ന ആ ഹാളിലാണ് പ്രാദേശിക സഹോദരങ്ങൾ യോഗങ്ങൾക്കു കൂടിവന്നിരുന്നത്. 1926 ഒക്ടോബർ 15-നായിരുന്നു എന്റെ ജനനം. 1940 മാർച്ചിൽ, ഇംഗ്ലണ്ടിലെ ഡോവറിൽവെച്ചു നടന്ന ഒരു സമ്മേളനത്തിൽ ഞാൻ സ്നാനമേറ്റു. അപ്പോഴേക്കും ബൈബിൾസത്യങ്ങളെ ഞാൻ സ്നേഹിച്ചുതുടങ്ങിയിരുന്നു. ഒരു അഭിഷിക്ത ക്രിസ്ത്യാനിയായിരുന്നു എന്റെ അമ്മ. തീക്ഷ്ണതയോടെ പ്രസംഗവേലയിൽ ഏർപ്പെടുന്ന കാര്യത്തിൽ അമ്മ ഒരു നല്ല മാതൃകയായിരുന്നു. അമ്മയോടൊത്ത് ഞാൻ പതിവായി സേവനത്തിൽ ഏർപ്പെട്ടു. ഞാൻ ആദ്യമായി ഒരു ‘യഹൂദന്റെ വസ്ത്രാഗ്രം പിടിക്കുന്നത്’ അങ്ങനെയാണ്. ആ സമയത്ത്, എന്റെ പിതാവും മൂത്ത സഹോദരിയും സാക്ഷികളായിരുന്നില്ല. തെക്കുകിഴക്കൻ ഇംഗ്ലണ്ടിലുള്ള ജില്ലിങ്ങാം സഭയിലെ അംഗങ്ങളായിരുന്നു ഞാനും അമ്മയും. സഭയിലെ മിക്കവരുംതന്നെ അഭിഷിക്തരായിരുന്നു.
1941 സെപ്റ്റംബറിൽ ലെസ്റ്റർ പട്ടണത്തിൽവെച്ചു നടന്ന കൺവെൻഷനിൽ “നിർമലത” എന്ന വിഷയത്തോടുകൂടിയ ഒരു പ്രസംഗം ഉണ്ടായിരുന്നു. യഹോവയുടെ സാർവത്രിക പരമാധികാരത്തെ സംബന്ധിച്ച വിവാദവിഷയമായിരുന്നു പ്രതിപാദ്യം. അന്നാണ്, യഹോവയും സാത്താനും തമ്മിലുള്ള വിവാദവിഷയത്തിൽ നമ്മളും ഉൾപ്പെട്ടിരിക്കുന്നു എന്ന സത്യം ഞാൻ ആദ്യമായി മനസ്സിലാക്കുന്നത്. നമ്മൾ യഹോവയുടെ പക്ഷത്ത് നിൽക്കണമെന്നും സാർവത്രിക പരമാധികാരിയായ അവനോട് വിശ്വസ്തരായി നിലകൊള്ളണമെന്നും ഞാൻ തിരിച്ചറിഞ്ഞു.
പയനിയറിങ്ങിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ ആ കൺവെൻഷൻ, പയനിയറിങ് ജീവിതലക്ഷ്യമാക്കാൻ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. “സംഘടനയിൽ പയനിയർമാരുടെ സ്ഥാനം” എന്ന പ്രസംഗം, ‘എന്റെ സ്ഥാനം എന്താണ്?’ എന്നു ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചു. യോനാദാബ് വർഗത്തിൽപ്പെട്ട ഒരാൾ എന്നനിലയിൽ, അഭിഷിക്ത വർഗത്തെ പ്രസംഗവേലയിൽ പരമാവധി പിന്തുണയ്ക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ആ കൺവെൻഷൻ എന്നെ ബോധ്യപ്പെടുത്തി. കൺവെൻഷൻ സ്ഥലത്തുവെച്ചുതന്നെ പയനിയറിങ്ങിനുള്ള അപേക്ഷാഫാറം ഞാൻ പൂരിപ്പിച്ചു കൊടുത്തു.
യുദ്ധകാലത്തെ പയനിയറിങ്
1941 ഡിസംബർ 1-ന്, എന്റെ 15-ാമത്തെ വയസ്സിൽ ഒരു പ്രത്യേകപയനിയറായി എനിക്ക് നിയമനം ലഭിച്ചു. അമ്മയായിരുന്നു എന്റെ ആദ്യത്തെ പയനിയർ പങ്കാളി. പക്ഷേ ഏതാണ്ട് ഒരു വർഷം കഴിഞ്ഞപ്പോൾ ചില ആരോഗ്യപ്രശ്നങ്ങൾ നിമിത്തം അമ്മയ്ക്ക് പയനിയറിങ് നിറുത്തേണ്ടിവന്നു. അതുകൊണ്ട് ലണ്ടനിലെ ബ്രാഞ്ച് ഓഫീസ്, റാൻ പാർക്കിൻ എന്ന ഒരു സഹോദരനെ എന്റെ പയനിയർ പങ്കാളിയായി നിയമിച്ചു. അദ്ദേഹം ഇപ്പോൾ പോർട്ടോറിക്കോയിൽ ബ്രാഞ്ച് കമ്മിറ്റി അംഗമായി സേവിക്കുന്നു.
തീരപ്രദേശങ്ങളായ ബ്രോഡ്സ്റ്റാർസും കെന്റ് പ്രവിശ്യയിലുള്ള റാംസ്ഗേറ്റുമായിരുന്നു ഞങ്ങളുടെ നിയമനപ്രദേശം. അവിടെ ഞങ്ങൾ ഒരു മുറി വാടകയ്ക്കെടുത്തു. ഞങ്ങളുടെ ചെലവിലേക്കായി ബ്രാഞ്ച് ഓഫീസ് പ്രതിമാസം 40 ഷില്ലിങ് (അന്നത്തെ കണക്കനുസരിച്ച് 8 ഡോളർ) അനുവദിച്ചിരുന്നു. വാടക കൊടുത്തു കഴിഞ്ഞാൽപ്പിന്നെ എന്തെങ്കിലുമൊക്കെ ബാക്കി വന്നാലായി! അടുത്ത നേരത്തെ ആഹാരത്തിന് എന്തു ചെയ്യും എന്ന് ചിന്തിച്ചിട്ടുള്ള അവസരങ്ങൾപോലും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ, യഹോവ ഞങ്ങൾക്കുവേണ്ടി കരുതി.
സൈക്കിളിലായിരുന്നു മിക്കപ്പോഴും ഞങ്ങളുടെ യാത്ര. ഉത്തരസമുദ്രത്തിൽനിന്നുള്ള ശക്തമായ കാറ്റത്ത്, നിറയെ സാധനങ്ങളുമായി സൈക്കിൾ ചവിട്ടിപ്പോകുന്നത് ശരിക്കും ബുദ്ധിമുട്ടായിരുന്നു. ലണ്ടൻനഗരത്തെ ലക്ഷ്യമാക്കി ചീറിപ്പാഞ്ഞിരുന്ന ബോംബുകളിൽനിന്നും മിസൈലുകളിൽനിന്നും തലനാരിഴയ്ക്കാണ് പലപ്പോഴും ഞങ്ങൾ രക്ഷപ്പെട്ടിരുന്നത്. ഒരിക്കൽ, എന്റെ തലയ്ക്കു തൊട്ടുമുകളിലൂടെ പാഞ്ഞുപോയ ബോംബിൽനിന്നു രക്ഷപ്പെടാനായി എനിക്ക് സൈക്കിളിൽനിന്ന് ഒരു കിടങ്ങിലേക്ക് എടുത്തുചാടേണ്ടിവന്നു. ഞാൻ നോക്കിനിൽക്കെ ആ ബോംബ് അടുത്തുള്ള ഒരു വയലിൽ ചെന്നുവീണ് പൊട്ടി! ഇങ്ങനെയൊക്കെയായിരുന്നെങ്കിലും, പയനിയറിങ് ചെയ്തുകൊണ്ട് കെന്റിൽ ചെലവിട്ട ആ വർഷങ്ങൾ സന്തോഷപൂർണമായിരുന്നു.
ഒരു “ബെഥേൽ കുട്ടി”യാകുന്നു
ബെഥേലിനെക്കുറിച്ച് മതിപ്പോടെ മാത്രമേ അമ്മ സംസാരിച്ചിട്ടുള്ളൂ. “നീയൊരു ബെഥേൽ കുട്ടിയായി കാണാനാണ് എനിക്ക് ഇഷ്ടം.” അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ടുതന്നെ, 1946 ജനുവരിയിൽ, ലണ്ടൻ ബെഥേലിൽ മൂന്നാഴ്ച സേവിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ എനിക്കുണ്ടായ സന്തോഷവും അത്ഭുതവും നിങ്ങൾക്ക് ഊഹിക്കാമല്ലോ! മൂന്നാഴ്ചത്തെ സേവനം പൂർത്തിയായപ്പോൾ, ബെഥേലിൽ തുടർന്ന് സേവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ബ്രാഞ്ച് സേവകനായ പ്രൈസ് ഹ്യൂസ് എന്നോട് ആരാഞ്ഞു. അവിടെനിന്നു ലഭിച്ച പരിശീലനം, പിൽക്കാലജീവിതത്തിൽ വലിയൊരു മുതൽക്കൂട്ടായി.
അന്ന് ലണ്ടൻ ബെഥേൽ കുടുംബത്തിൽ 30-ഓളം പേരാണ് ഉണ്ടായിരുന്നത്. മിക്കവരും ഏകാകികളായ യുവസഹോദരന്മാരായിരുന്നു. അതിനുപുറമേ, പ്രൈസ് ഹ്യൂസ്, എഡ്ഗർ ക്ലേ, ജോൺ ബാർ തുടങ്ങി ചില അഭിഷിക്തരും ഉണ്ടായിരുന്നു. ജോൺ ബാർ പിന്നീട് ഭരണസംഘത്തിലെ അംഗമായി. സംഘടനയിലെ നെടുംതൂണുകളായിരുന്ന ഇത്തരം സഹോദരന്മാരുടെ മേൽനോട്ടത്തിൽ, ചെറുപ്രായത്തിൽത്തന്നെ ക്രിസ്തുവിന്റെ സഹോദരന്മാരെ പിന്തുണയ്ക്കാനായത് ഒരു വലിയ പദവിയായി ഞാൻ കരുതുന്നു.—ഗലാ. 2:9.
ഒരു ദിവസം, ആരോ എന്നെ കാണാൻ വന്നിട്ടുണ്ടെന്ന് ഒരു സഹോദരൻ വന്നു പറഞ്ഞു. ഉടനെ ഞാൻ മുൻവശത്തുള്ള വാതിൽക്കൽ ചെന്നു നോക്കി. എന്റെ അമ്മയായിരുന്നു അത്! തികച്ചും അപ്രതീക്ഷിതമായ ഒരു സന്ദർശനം. അമ്മയുടെ കൈയിൽ ഒരു പൊതിയുണ്ടായിരുന്നു. അകത്തു വന്ന് എന്റെ ജോലി തടസ്സപ്പെടുത്തുന്നില്ലെന്നു പറഞ്ഞ് ആ പൊതി എന്നെ ഏൽപ്പിച്ചിട്ട് അമ്മ പോയി. ഞാൻ അത് തുറന്നു നോക്കി. തണുപ്പത്ത് ഇടാൻ പറ്റിയ ഒരു ഓവർക്കോട്ട്! സമാഗമന കൂടാരത്തിൽ സേവിച്ചിരുന്ന കൊച്ചുശമുവേലിനെ കാണാൻ കുപ്പായവുമായി ചെന്നിരുന്ന ഹന്നായെയാണ് എനിക്ക് അപ്പോൾ ഓർമ വന്നത്.—1 ശമൂ. 2:18, 19.
ഗിലെയാദ് അവിസ്മരണീയമായ അനുഭവം
1947-ൽ, ബെഥേലിൽ സേവിക്കുകയായിരുന്ന ഞങ്ങൾ അഞ്ചുപേർക്ക് ഐക്യനാടുകളിലെ വടക്കേ ന്യൂയോർക്കിൽ നടക്കാനിരുന്ന ഗിലെയാദ് സ്കൂളിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. അങ്ങനെ, തൊട്ടടുത്ത വർഷം നടന്ന 11-ാമത്തെ ക്ലാസ്സിൽ ഞങ്ങൾ പങ്കെടുത്തു. ഞങ്ങൾ എത്തുമ്പോൾ അവിടെ കൊടുംശൈത്യമായിരുന്നു. അമ്മ തന്ന ഓവർക്കോട്ട് ശരിക്കും പ്രയോജനപ്പെട്ടു!
ഗിലെയാദിൽ ചെലവഴിച്ച ആ ആറുമാസം എനിക്ക് ഒരിക്കലും മറക്കാനാവില്ല. 16 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ എന്നോടൊപ്പം ക്ലാസ്സിലുണ്ടായിരുന്നു! അവരുമൊത്തുള്ള സഹവാസം എന്റെ ചിന്താഗതിയെ വിശാലമാക്കി. സ്കൂളിലൂടെ എനിക്ക് ആത്മീയ നവോന്മേഷം ലഭിച്ചു; പക്വമതികളായ ക്രിസ്ത്യാനികളുമൊത്തുള്ള സഹവാസവും ഗുണംചെയ്തു. സഹപാഠിയായിരുന്ന ലോയ്ഡ് ബാരിയും അധ്യാപകരിൽ ഒരാളായിരുന്ന ആൽബർട്ട് ഷ്രോഡറും ‘കിങ്ഡം ഫാമിന്റെ’ (അവിടെയായിരുന്നു അന്ന് ഗിലെയാദ് സ്കൂൾ) മേൽവിചാരകനായിരുന്ന ജോൺ ബൂത്തും പിന്നീട് ഭരണസംഘത്തിലെ അംഗങ്ങളായി. അവർ തന്ന സ്നേഹപൂർവമായ ഉപദേശങ്ങളും യഹോവയോടും അവന്റെ സംഘടനയോടുമുള്ള അവരുടെ വിശ്വസ്തതയും ഇന്നും ഞാൻ വിലമതിപ്പോടെ ഓർക്കുന്നു.
സഞ്ചാരവേലയിലേക്ക്, പിന്നെ തിരികെ ബെഥേലിലേക്ക്
ഗിലെയാദ് പരിശീലനത്തിനു ശേഷം എനിക്ക് സഞ്ചാരവേലയ്ക്കുള്ള നിയമനം ലഭിച്ചു, ഐക്യനാടുകളിലെ ഒഹായോയിൽ. അന്ന് എനിക്ക് 21 വയസ്സേ ഉള്ളൂ. എങ്കിലും എന്റെ ചുറുചുറുക്കും ഉത്സാഹവും അവിടത്തെ സഹോദരന്മാർ വിലമതിച്ചു. അവിടെയായിരിക്കെ, പ്രായമേറിയ സഹോദരന്മാരുടെ അനുഭവസമ്പത്തിൽനിന്ന് പ്രയോജനം നേടാൻ എനിക്കു കഴിഞ്ഞു.
ഏതാനും മാസങ്ങൾക്കു ശേഷം, കൂടുതൽ പരിശീലനത്തിനായി എന്നെ ബ്രുക്ലിൻ ബെഥേലിലേക്ക് വിളിപ്പിച്ചു. മിൽട്ടൻ ഹെൻഷൽ, കാൾ ക്ലൈൻ, നേഥൻ നോർ, ടി. ജെ. സള്ളിവൻ (ബഡ് സള്ളിവൻ), ലൈമൻ സ്വിംഗൾ എന്നീ സഹോദരന്മാരെ പരിചയപ്പെടാനുള്ള അവസരവും എനിക്കു ലഭിച്ചു. ഇവരെല്ലാം പിന്നീട് ഭരണസംഘത്തിലെ അംഗങ്ങളായി. അവരുടെ ആത്മാർഥസേവനവും ക്രിസ്തീയജീവിതവും നേരിൽ കാണാനായത് ഒരു അനുഗ്രഹമാണ്. അങ്ങനെ, യഹോവയുടെ സംഘടനയിലുള്ള എന്റെ വിശ്വാസം ശക്തമായി. നാളുകൾക്കു ശേഷം എന്നെ വീണ്ടും യൂറോപ്പിലേക്ക് അയച്ചു. അവിടെ ഞാൻ സേവനം തുടർന്നു.
1950 ഫെബ്രുവരിയിൽ എന്റെ അമ്മ മരിച്ചു. ശവസംസ്കാരത്തിനു ശേഷം, എന്റെ പിതാവിനോടും മൂത്ത സഹോദരിയായ ഡോറയോടും ചില കാര്യങ്ങൾ തുറന്നു സംസാരിക്കാൻ എനിക്കു കഴിഞ്ഞു. ഞാൻ എന്തായാലും വീട്ടിലില്ല, ഇപ്പോൾ അമ്മയും മരിച്ച സ്ഥിതിക്ക് സത്യം സംബന്ധിച്ച് എന്തു നിലപാട് സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഞാൻ അവരോടു ചോദിച്ചു. അവർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന പ്രായമുള്ള ഒരു അഭിഷിക്ത സഹോദരനുണ്ടായിരുന്നു, ഹാരി ബ്രൗണിങ്. അദ്ദേഹത്തോടൊപ്പം ബൈബിൾവിഷയങ്ങൾ ചർച്ചചെയ്യാമെന്ന് അവർ സമ്മതിച്ചു. ഒരു വർഷത്തിനകം എന്റെ പിതാവും സഹോദരിയും സ്നാനമേറ്റു. പിതാവ് പിന്നീട് ജില്ലിങ്ങാം സഭയിലെ ഒരു ദാസനായി നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മരണശേഷം, റോയി മോർട്ടൺ എന്ന വിശ്വസ്തനായ ഒരു മൂപ്പനെ ഡോറ വിവാഹം കഴിച്ചു. 2010-ൽ മരിക്കുന്നതുവരെ അവൾ യഹോവയോട് വിശ്വസ്തയായിരുന്നു.
ഫ്രാൻസിൽ സഹായിക്കുന്നു
സ്കൂളിൽ ഞാൻ ഫ്രഞ്ചും ജർമനും ലാറ്റിനും പഠിച്ചിട്ടുണ്ട്. ഫ്രഞ്ച് പക്ഷേ വലിയ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ടുതന്നെ ഫ്രാൻസിലെ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ സമ്മിശ്രവികാരങ്ങളാണ് എനിക്കുണ്ടായത്. അവിടെ എനിക്ക്, എന്റി ജെജേ എന്ന പ്രായമുള്ള ഒരു അഭിഷിക്ത സഹോദരനുമൊത്ത് പ്രവർത്തിക്കാനുള്ള പദവി ലഭിച്ചു. അദ്ദേഹമായിരുന്നു ബ്രാഞ്ച് ദാസൻ. ലഭിച്ച നിയമനം കൈകാര്യംചെയ്യാൻ എനിക്ക് നന്നേ ബുദ്ധിമുട്ടേണ്ടിവന്നു; അതിനിടെ പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട്. പക്ഷേ മറ്റുള്ളവരുമായി ഒത്തുപോകേണ്ടത് എങ്ങനെയെന്ന് അവിടെയായിരിക്കെ ഞാൻ പഠിച്ചു.
യുദ്ധത്തിനു ശേഷമുള്ള ആദ്യത്തെ അന്താരാഷ്ട്ര കൺവെൻഷൻ 1951-ൽ പാരീസിൽവെച്ചു നടത്തപ്പെട്ടു. അതിന്റെ സംഘാടനത്തിൽ ഞാനും പങ്കാളിയായി. സഞ്ചാരമേൽവിചാരകനായ ലേയോപോൾ ഷോങ്ടാ എന്ന യുവസഹോദരൻ എന്നെ സഹായിക്കാനായി ബെഥേലിൽ എത്തി. അദ്ദേഹം പിന്നീട് ബ്രാഞ്ച് മേൽവിചാരകനായി. ഈഫൽ ഗോപുരത്തിന് അടുത്തുള്ള പാലേ ഡെ സ്പോറിൽവെച്ചായിരുന്നു കൺവെൻഷൻ. 28 രാജ്യങ്ങളിൽനിന്നുള്ളവർ അതിൽ പങ്കെടുത്തു. അവസാനദിവസത്തെ ഹാജർ 10,456! അതിൽ 6,000 പേർ ഒഴികെ ബാക്കി എല്ലാവരും ഫ്രാൻസിനു വെളിയിൽനിന്നുള്ളവരായിരുന്നു!
ഫ്രാൻസിൽ ചെല്ലുമ്പോൾ എനിക്ക് ഫ്രഞ്ച് അത്ര വശമില്ലായിരുന്നു. പറയുന്നത് തെറ്റിപ്പോയാലോ എന്ന പേടികൊണ്ട് ഞാൻ അധികം സംസാരിക്കാനും പോയില്ല. അവിടെയാണ് എനിക്കു തെറ്റിയത്! പിശകുകൾ വരുത്തുമ്പോൾ മറ്റുള്ളവർ നമ്മളെ തിരുത്തും; അങ്ങനെ തിരുത്തിയാലേ നമ്മൾ മെച്ചപ്പെടൂ.
എങ്ങനെയും ഭാഷ പഠിച്ചെടുക്കണമെന്ന് ഞാൻ നിശ്ചയിച്ചു. അതുകൊണ്ട്, വിദേശികളെ ഫ്രഞ്ച് പഠിപ്പിക്കുന്ന ഒരു സ്കൂളിൽ ഞാൻ ചേർന്നു. യോഗങ്ങളില്ലാത്ത വൈകുന്നേരങ്ങളിലെല്ലാം ഞാൻ ക്ലാസ്സുകൾക്കു പോയി. പതിയെപ്പതിയെ ഞാൻ ആ ഭാഷയെ സ്നേഹിക്കാൻ തുടങ്ങി. വർഷങ്ങൾ കടന്നുപോകവെ ആ സ്നേഹം വർധിച്ചുവന്നു. അതുകൊണ്ട് പ്രയോജനമുണ്ടായി. ബ്രാഞ്ചിലെ പരിഭാഷാവിഭാഗത്തിൽ സേവിക്കാൻ എനിക്കായി. അടിമവർഗം നൽകുന്ന പോഷകപ്രദമായ ആത്മീയ ആഹാരം, ലോകമെമ്പൊടുമുള്ള ഫ്രഞ്ച് സഹോദരങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിൽ ഒരു പങ്കുവഹിക്കാൻ കഴിഞ്ഞത് വലിയൊരു പദവിയായി ഞാൻ കാണുന്നു!—മത്താ. 24:45-47.
വിവാഹം, മറ്റ് അനുഗ്രഹങ്ങൾ
അങ്ങനെയിരിക്കെ, ഞാൻ സ്വിറ്റ്സർലൻഡുകാരിയായ എസ്ഥേറിനെ കണ്ടുമുട്ടി. അവൾ ഒരു പയനിയറായിരുന്നു. ഏതാനും വർഷങ്ങൾക്കു ശേഷം 1956-ൽ ഞങ്ങൾ വിവാഹിതരായി. ലണ്ടൻ ബെഥേലിന് അടുത്തുള്ള രാജ്യഹാളിൽവെച്ചായിരുന്നു വിവാഹം, എന്റെ അമ്മ സ്നാനമേറ്റ ആ പഴയ ‘ലണ്ടൻ ടാബർണാക്ക്ളിൽ’വെച്ച്. ഹ്യൂസ് സഹോദരനാണ് വിവാഹപ്രസംഗം നടത്തിയത്. എസ്ഥേറിന്റെ അമ്മ ഒരു അഭിഷിക്ത ക്രിസ്ത്യാനിയായിരുന്നു. ഈ ബന്ധത്തിലൂടെ എനിക്ക് സ്നേഹമുള്ള, വിശ്വസ്തയായ ഒരു ഭാര്യയെ മാത്രമല്ല, ആത്മീയമനസ്കയായ ഒരു അമ്മായിയമ്മയെക്കൂടെ ലഭിച്ചു. എസ്ഥേറിന്റെ അമ്മയുമൊത്ത് ചെലവഴിച്ച ആ മണിക്കൂറുകൾ ഇന്നും ഞാൻ പ്രിയത്തോടെ ഓർക്കുന്നു. 2000-ത്തിൽ അവർ തന്റെ ഭൗമിക ജീവിതം പൂർത്തിയാക്കി.
വിവാഹശേഷം ഞാനും എസ്ഥേറും ബെഥേലിനു വെളിയിലാണ് താമസിച്ചിരുന്നത്. ഞാൻ ബ്രാഞ്ചിനുവേണ്ടി പരിഭാഷ ചെയ്യുന്നതു തുടർന്നു. എസ്ഥേറാകട്ടെ, പ്രത്യേക പയനിയർ സേവനത്തിലായിരുന്നു. പാരീസിന്റെ പ്രാന്തപ്രദേശങ്ങളിലാണ് അവൾ പ്രവർത്തിച്ചിരുന്നത്. യഹോവയുടെ ദാസരാകാൻ അവൾ പലരെയും സഹായിച്ചു. 1964-ൽ ഞങ്ങളെ ബെഥേലിലേക്കു വിളിച്ചു. 1976-ൽ (ബ്രാഞ്ച് കമ്മിറ്റികൾ രൂപീകൃതമായ വർഷം) എന്നെ ബ്രാഞ്ച് കമ്മിറ്റി അംഗമായി നിയമിച്ചു. ഈ വർഷങ്ങളിലത്രയും, എസ്ഥേർ എന്നെ സ്നേഹപൂർവം പിന്തുണച്ചിട്ടുണ്ട്.
‘ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല’
പലപ്പോഴും പല ആവശ്യങ്ങൾക്കായി എനിക്ക് ന്യൂയോർക്കിലെ ലോകാസ്ഥാനത്ത് പോകേണ്ടിവന്നിട്ടുണ്ട്. അങ്ങനെയുള്ള അവസരങ്ങളിൽ, ഭരണസംഘത്തിലെ പല അംഗങ്ങളിൽനിന്നും ഉപദേശം സ്വീകരിക്കാൻ എനിക്കു കഴിഞ്ഞു. ഒരിക്കൽ ഒരു ജോലി, സമയത്തിനു ചെയ്തുതീർക്കാൻ പറ്റുമോയെന്നു സംശയം തോന്നിയപ്പോൾ ഞാൻ പരിഭ്രമത്തിലായി. എന്റെ ആശങ്കയെക്കുറിച്ച് നോർ സഹോദരനോട് പറഞ്ഞപ്പോൾ അദ്ദേഹം ഒരു പുഞ്ചിരിയോടെ പറഞ്ഞു: “പരിഭ്രമിക്കാതെ ചെയ്യാനുള്ളത് ചെയ്യുക!” അതിനുശേഷം ജോലികൾ കുന്നുകൂടുമ്പോഴൊക്കെ, സമചിത്തത കൈവിടാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിക്കും. എന്നിട്ട്, ജോലികൾ ഒന്നൊന്നായി ചെയ്തുതീർക്കാൻ ശ്രമിക്കും. ഒട്ടുമിക്കപ്പോഴും ഉദ്ദേശിച്ച സമയത്തുതന്നെ ജോലികൾ തീർക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.
മരണത്തിനുമുമ്പ് യേശു ശിഷ്യന്മാരോട്, ‘ഞാൻ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല’ എന്നു പറഞ്ഞിരുന്നു. (മത്താ. 26:11) ക്രിസ്തുവിന്റെ അഭിഷിക്ത സഹോദരന്മാർ എല്ലാ കാലത്തും നമ്മളോടുകൂടെ ഉണ്ടായിരിക്കില്ലെന്ന് വേറെ ആടുകളായ നമുക്കും അറിയാം. 70-ലധികം വർഷങ്ങളായി ‘യഹൂദന്റെ വസ്ത്രാഗ്രം പിടിക്കാൻ കഴിഞ്ഞത്’ അതെ, പല അഭിഷിക്ത ക്രിസ്ത്യാനികളോടൊത്ത് സഹവസിക്കാനായത് ഒരു അതുല്യപദവിയായി ഞാൻ കാണുന്നു!
[അടിക്കുറിപ്പ്]
a “യോനാദാബ്” എന്ന പദത്തെക്കുറിച്ച് കൂടുതൽ അറിയാൻ യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 83, 165, 166 പേജുകളും 1998 ജനുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 13-ാം പേജിലെ 5, 6 ഖണ്ഡികകളും കാണുക.
[21-ാം പേജിലെ ആകർഷക വാക്യം]
നോർ സഹോദരൻ പുഞ്ചിരിയോടെ പറഞ്ഞു: “പരിഭ്രമിക്കാതെ ചെയ്യാനുള്ളത് ചെയ്യുക!”
[19-ാം പേജിലെ ചിത്രങ്ങൾ]
(ഇടത്ത്) മാതാപിതാക്കൾ
(വലത്ത്) 1948-ൽ ഗിലെയാദ് ക്യാംപസിൽ; അമ്മ തന്ന ഓവർക്കോട്ട് ധരിച്ചിരിക്കുന്നു
[20-ാം പേജിലെ ചിത്രം]
1997-ൽ ഫ്രാൻസിലെ ബ്രാഞ്ചിന്റെ സമർപ്പണവേളയിൽ ലോയ്ഡ് ബാരി സഹോദരന്റെ പ്രസംഗം തർജമചെയ്യുന്നു
[21-ാം പേജിലെ ചിത്രങ്ങൾ]
(ഇടത്ത്) എസ്ഥേറിനൊപ്പം വിവാഹദിനത്തിൽ
(വലത്ത്) വയൽസേവനത്തിൽ ഒരുമിച്ച്